Powered By Blogger

Wednesday, December 4, 2013

അവര്‍ പറയുന്നു അവന് “വട്ടാണെന്ന്”....................

അവര്‍ പറയുന്നു അവന് വട്ടാണെന്ന്....................

അവര്‍ അവനെ കല്ലെറിയാന്‍ പലവട്ടം ആളേക്കൂട്ടി........
ചങ്ങലക്കിടാന്‍ ഗൂഢാലോചനകള്‍ നടത്തി........

അവന്‍റെ ബന്ധുക്കളും ചാര്‍ച്ചക്കാരും അവരും പറഞ്ഞു അവനു ബുദ്ധിഭ്രമമാണെന്ന്.........

അപ്പോഴും അവന്‍ കടല്‍ക്കരയിലും, തെരുവുകളിലും, മലയോരങ്ങളിലും, ചുവന്നതെരുവുകളിലും, തെമ്മാടിപ്പുരയിടങ്ങളിലും, ആരെയൊക്കെയോ തേടിനടന്നു.......അവനെ നോക്കി അപ്പോഴും അവര്‍ പറഞ്ഞു അവന് വട്ടു തന്നെ....

അവന് വട്ടില്ലെങ്കില്‍പ്പിന്നെ ഈ സമൂഹത്തിന്‍റെ “ചുമടുതാങ്ങികളെ സുഖിപ്പിച്ചു, പുതപ്പിച്ചു, പതപ്പിച്ച് കിടത്തേണ്ടതിനുപകരം വെള്ളതേച്ചശവക്കല്ലറകളേയെന്നു വിളിക്കുമോ? ( ബുദ്ധിയുള്ള ആരെങ്കിലും ഇന്നത്തെക്കാലത്ത് അത് ചെയ്യുമോ?)

അവന് വട്ടില്ലെങ്കില്‍പ്പിന്നെ സ്പോണ്‍സര്‍ഷിപ്പിലൂടെ നാല്കാശുണ്ടാക്കി തന്‍റെ സാമ്രാജ്യം പടുത്തുയര്‍ത്തേണ്ടതിനുപകരം സ്പോണ്‍സര്‍മാരെ നോക്കി നിങ്ങള്‍ക്ക് ഹാ....കഷ്ടം എന്നുപറയുമോ?( ഇന്നത്തെക്കാലത്ത് ബുദ്ധിയുള്ള ആരെങ്കിലും സ്പോണ്‍സര്‍മാരെ പിണക്കുമോ?)

അവന് വട്ടില്ലെങ്കില്‍പ്പിന്നെ ഭക്തിസാന്ദ്രമായ ആരാധനാമധ്യത്തില്‍ കണ്ടാലും കേട്ടാലും അറയ്ക്കുന്ന രോഗികളെ സുഖപ്പെടുത്തി ദേവലയത്തിന്‍റെ ചിട്ടവട്ടങ്ങള്‍ തെറ്റിക്കുമോ? ( ഇനി മേലാല്‍ ആരെങ്കിലും അവനെ പള്ളിയില്‍ കയറ്റുമോ? അവന് എന്തോത്തിന്‍റെ ഏനക്കേടാ...? എല്ലാവരും ചോദിക്കുന്നു)

അവന് വട്ടില്ലെങ്കില്‍പ്പിന്നെ ദേവാലയത്തിന് (നല്ലനിലയില്‍) പത്ത്കാശ് കിട്ടിക്കൊണ്ടിരുന്ന വരുമാനമാര്‍ഗങ്ങളെ ചാട്ടവാറുകൊണ്ടു തട്ടിത്തെറിപ്പിക്കുമോ? ( അല്ല ഒന്ന് ചോദിക്കട്ടെ.......... ഇതിന്‍റെ പത്തിലൊന്നു കാശുണ്ടാക്കുവാനിവന് കഴിയുമോ? എന്നിട്ടവന്‍റെയൊരു ചാട്ടവാറും ഒരു പള്ളിപ്രസംഗവും.....വട്ട് തന്നെ......വല്ല സംശയവുമുണ്ടോ?)

അല്ല നിങ്ങളൊന്നുപറ........അവന് വട്ടില്ലെങ്കില്‍പ്പിന്നെ കണ്ട ....................യുടേയും.......................യുടേയും കൂടെ അവന്‍ തിന്നുകയും കുടിക്കുകയും ചെയ്യുമോ? മാന്യന്മാര്‍ കയറാന്‍ അറയ്ക്കുന്ന വീടുകളില്‍ അവന്‍ അന്തിയുറങ്ങുമോ? ( ഇവിടെ അവര്‍ പറഞ്ഞ ചില ജാതീയ-വര്‍ണ-വര്‍ഗ പരാമര്‍ശങ്ങളുള്ളത് വെട്ടിനിരത്തിയിട്ടാണ് ഞാന്‍................ആന്‍ഡ്‌..............ചേര്‍ത്തിരിക്കുന്നത്)

ഇത് കേട്ടുകൊണ്ടിരുന്ന അവന്‍റെ ചില സുഹൃത്തുക്കള്‍ അവരുടെ ചുറ്റുംകൂടി..........(അവര്‍ മുകളില്‍ പറഞ്ഞകാര്യങ്ങളെ അനുകൂലിച്ചില്ലെങ്കിലും പ്രതികൂലിച്ചില്ല.....) അവരും അവരോടൊപ്പം കൂടി( അവരും അവരും ചേര്‍ന്നപ്പോള്‍ അവരിപ്പോള്‍ അവരുംഞങ്ങളും ആയി)

ശരിയാണ് ഞങ്ങളിലെ ചിലര്‍ പറഞ്ഞു.............വട്ടില്ലെങ്കില്‍പ്പിന്നെ രാജവാക്കുവാന്‍ എല്ലാവരും ശ്രമിച്ചപ്പോളും അവന്‍ വേണ്ടെന്ന് പറഞ്ഞിട്ടുപോയിട്ട്  കണ്ട പീടികത്തിണ്ണയിലിരുന്ന് കഥപറയുമായിരുന്നോ? ( അവനൊന്നും അറിയണ്ടായിരുന്നു................എല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളുമായിരുന്നല്ലോ......വട്ട് തന്നെ....നിങ്ങള്‍ പറഞ്ഞത് നൂറുശതമാനം ശരിതന്നെ......ഇന്നത്തെക്കാലത്ത് ആരെങ്കിലും അധികാരവും ആഡംബരവും സുഖജീവിതവും വേണ്ടെന്ന് വയ്ക്കുമോ?)

ഞങ്ങളിലെ മറ്റുചിലര്‍ തലചൊറിഞ്ഞുകൊണ്ടു തെല്ലരിശത്തോടെ പറഞ്ഞു......അവന് വട്ട് തന്നെ........അല്ലെങ്കില്‍പ്പിന്നെ എത്ര മില്യണ്‍സിന്‍റെ റിയല്‍എസ്റ്റേറ്റ്‌ ബിസിനസ്സാ അവന്‍ കളഞ്ഞു കുളിച്ചത്.......ഈക്കാണുന്ന ഭൂമിമുഴുവന്‍ കൊടുക്കാമെന്ന് ആ തങ്കപ്പെട്ട ഡോ. സാത്താന്‍ മൊതലാളി പറഞ്ഞപ്പോ.....അവന്‍റെയൊരു ഗമ.....അവനൊന്നു തലകുനിച്ചു കൊടുത്താല്‍ പോരായിരുന്നോ........? അവന് വട്ട് തന്നെ

ഈ സംഭാഷണങ്ങള്‍ തികച്ചും പ്രൊഫഷണലായി എഴുതിക്കൊണ്ടിരുന്ന ഈ മിടുക്കനായ എന്നോട് വട്ടാണെന്ന് അവരും ഞങ്ങളും പറയുന്ന കഥാപാത്രം എന്‍റെ അടുക്കല്‍ വന്നു എന്‍റെ ചെവിയില്‍ മന്ത്രിച്ചു.......മകനേ......എന്‍റെ പൊന്നുമകനേ........ഇന്ന് ഭൂമിയില്‍ മിടുക്കന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.....അവര്‍ സാമര്‍ഥ്യത്തോടെ സംസാരിക്കുന്നു.................അവര്‍ കരുതലോടെ കരുക്കള്‍ നീക്കുന്നു.....അവര്‍ ലോബികള്‍ രൂപീകരിക്കുന്നു......ഫാന്‍സ്‌ അസോസിയേഷനുകളുണ്ടാക്കുന്നു........അവര്‍ പ്രാഗല്‍ഭ്യത്തോടെ (എന്തിനെന്നറിയാതെ) പ്രഗല്‍ഭരാകുന്നു...........ഹോ.......മിടുക്കരുടെ ഒരു കണ്ണഞ്ചിപ്പിക്കുന്ന ഒരു ലോകം......ഹോ...ആരാണിത് സൃഷ്ടിച്ചത്?

വട്ടാണെന്ന് എല്ലാവരും പറഞ്ഞ ആ മനുഷ്യന്‍ എന്നോട് മന്ത്രിച്ചു മകനേ.........ഇത് മിടുമിടുക്കരുടെ ലോകം......എനിക്ക് വട്ടാണെന്ന് അവര്‍ പറയുന്നു.............അവരില്‍ ദൈവം ഇല്ലാതെയായി.........ദൈവം അവരിലുമില്ലാതെയായി............

വട്ടാണെന്ന് അവര്‍ പറഞ്ഞ മനുഷ്യന്‍ എന്നില്‍നിന്നും നടന്നകലുമ്പോള്‍ പറയുന്നത് എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു......ആ വാക്കുകള്‍ എന്നെ വല്ലാതെ ഉലച്ചു.......തകര്‍ത്തു....ഉടച്ചു............

........മനുഷ്യപുത്രന്‍നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേര്‍ വിടക്ക് എന്ന് തള്ളുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍..........കപട ഭക്തിക്കാരായവരേ നിങ്ങള്‍ക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോട് നിങ്ങള്‍ ഒത്തിരിക്കുന്നു; അവ പുറമേ അഴകായി ശോഭിക്കുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെതന്നെ പുറമേ നിങ്ങള്‍ നീതിമാന്‍മാര്‍ എന്ന് മനുഷ്യര്‍ക്ക് തോന്നുന്നു; അകമെയോ കപടഭക്തിയും അധര്‍മവും നിറഞ്ഞവരത്രേ.............