Powered By Blogger

Tuesday, March 24, 2015

ഓര്‍മ..........

ഓര്‍മ..........

ഒരു അമ്മയെപ്പോലെ ഞങ്ങളെ, എന്നും എപ്പോഴും ഓര്‍ക്കുന്ന ദൈവമേ........അങ്ങേക്ക് സ്തുതി.................

സൃഷ്ടാവേ.......ഞങ്ങള്‍ക്ക് ചരിത്രാവബോധം(ഓര്‍മ) നല്‍കുക.........ചെറുതും വലുതുമായ ഇടപെടലുകള്‍ നടത്തി ഈ ചരിത്രത്തിന് തേജസ്സും, ഓജസ്സും നല്‍കിയവരെ ഓര്‍ക്കുവാന്‍ ഞങ്ങളുടെ ബോധമണ്ഡലത്തിന് എപ്പോഴും ഓര്‍മ നല്‍കുക.............

ഞങ്ങള്‍ക്ക് പുത്തന്‍ അറിവ് നല്‍കിയവരെ, നീതിപാതകളില്‍ കൈപിടിച്ച്‌ നടത്തിയവരെ, ജീവിതത്തിന്‍റെ ഗതിതിരിച്ചുവിട്ടവരെ, ഊര്‍ജം പകര്‍ന്നുനല്‍കിയവരെ, എന്നും ഓര്‍ക്കാന്‍ ഞങ്ങള്‍ക്ക് വരം നല്‍കുക.......

പുതുയുഗത്തിന്‍റെ കാലൊച്ചമുഴങ്ങുമ്പോള്‍........അതിന്‍റെ പിറവിക്കായി ഈറ്റുനോവ്‌ അനുഭവിച്ച, എന്നാല്‍ ഇന്ന് മറവിയുടെ ചിതല്‍പ്പുറ്റില്‍ അടക്കം ചെയ്യപ്പെട്ട എല്ലാവരെയും ഓര്‍മിച്ചെടുക്കുവാന്‍.....ഞങ്ങള്‍ക്ക് ദൈവകൃപ നല്‍കുക...............

കടന്നുവന്നവഴികള്‍ മറക്കാതെ, അവിടെ പാഥേയവുമായി കാത്തിരുന്നവരെ, വിസ്മൃതിയിലേക്ക് തള്ളിവിടാതെ.....ഓര്‍മകളുടെ സജീവതയില്‍ മുങ്ങിക്കുളിക്കുവാന്‍ ഞങ്ങള്‍ക്ക് ഓര്‍മയെന്ന സമ്പത്ത് നല്‍കുക...........

സമൃദ്ധിയുടെ നിറവില്‍ ഞങ്ങള്‍ നില്‍ക്കുമ്പോള്‍...........വറുതിയുടെ കാലത്തിന്‍റെ ഫ്ലാഷ്ബാക്ക് ഞങ്ങളുടെ നെറ്റിയിലേക്ക് പതിക്കുക......ബോധപൂര്‍വമായ വിസ്മൃതിയിലേക്ക്‌ വീഴാതെ ഓര്‍മയുടെ ചെമ്മണ്‍പാതയിലൂടെ ഞങ്ങളെ നടത്തുക.........

ഞങ്ങളിന്ന്‍ ഞങ്ങളായത്......മറ്റാരൊക്കെയോ വിയര്‍പ്പും രക്തവും നല്‍കിയതുകൊണ്ടാണെന്ന് ഞങ്ങളെ ഓര്‍മിപ്പിക്കുക..............................

ഞങ്ങളുടെ വഴിയാത്രക്ക് സൌഹൃദത്തിന്‍റെ അത്തര്‍ പകര്‍ന്ന കളിക്കൂട്ടുകാര്‍ക്കും, പരാജയത്തിന്‍റെ കണ്ണീര്‍നിറഞ്ഞ കണ്ണിലേക്ക് നോക്കി പോരാട്ടത്തിന്‍റെ സൂക്തം ഓതിത്തന്ന ചങ്ങാതിയ്ക്കും, ഞങ്ങളുടെ ഓര്‍മയുടെ കൂട്ടില്‍ ഇടംനല്‍കുക...........

അങ്ങിനെ ഞങ്ങളിലെ മറവിയുടെ മാറാല അടിച്ചുവാരുവാന്‍ ഓര്‍മയുടെ തിരകള്‍ സൃഷ്ടിക്കുക...........

ദൈവമേ....അങ്ങയെ മറന്ന ഞങ്ങളെ ഓര്‍മപൂക്കും കാടായി രൂപാന്തരപ്പെടുത്തുക.................

ദൈവമേ....ചരിത്രം മറന്ന ഞങ്ങളെ ഓര്‍മയുടെ(ചരിത്രത്തിന്‍റെ) അന്വേഷികളാക്കുക...............

ഓര്‍മയെന്ന കൃപാവരം ഞങ്ങളില്‍ നിറക്കുക......ആമേന്‍






Sunday, March 22, 2015

കളപ്പുരകള്‍ പണിയാതെയിരുന്നവര്‍..............................

കളപ്പുരകള്‍ പണിയാതെയിരുന്നവര്‍..............................

നവലോകനിര്‍മിതിയില്‍ സ്വാര്‍ത്ഥരഹിതമായി ചിന്തിക്കുകയും, എഴുതുകയും, പ്രവര്‍ത്തിക്കുകയും, ചെയ്തവരുടെ ജീവിതം എപ്പോഴും ദുരിതപൂര്‍ണമായിരുന്നു എന്നത് ചരിത്രം.........

അവരുടെ ജീവിതം ഒരു പോരാട്ടമായിരുന്നു എന്ന് പറയുന്നതാവും ശരി.........

നവലോകപോരാട്ടത്തില്‍ അവര്‍ അവരെപ്പോലും മറന്നു.....അവര്‍ ജീവിച്ചതും, എഴുതിയതും, പ്രവര്‍ത്തിച്ചതുമെല്ലാം പുതുയുഗപ്പിറവിയുടെ ആവേശത്തിലായിരുന്നു........അവര്‍ക്കുവേണ്ടി ജീവിക്കുവാന്‍ അവര്‍ വല്ലാതെ മറന്നുപോയി..................

അവര്‍ അവര്‍ക്കുവേണ്ടി ജീവിക്കുവാന്‍ മറന്നുപോയി എന്ന് പറയുന്നതാവും ശരി......

ആത്മാര്‍ത്ഥതയും, അര്‍പ്പണവും, ഉള്ളവര്‍ നവലോകനിര്‍മിതിയുടെ ഭാഗമാകുമ്പോള്‍ ലാഭം അളക്കാറില്ല.........അവര്‍ക്ക് ലാഭം ഉണ്ടാക്കുവാനുമാവില്ല........അവര്‍ ജീവിച്ചത്/ജീവിക്കുന്നത് മറ്റാര്‍ക്കോവേണ്ടിയാണ്.....അവര്‍ ജീവിച്ചത്/ജീവിക്കുന്നത് പുതുക്രമത്തിനുവേണ്ടിയാണ്........അതുകൊണ്ടുതന്നെ അവരൊന്നും നേടിയില്ല........എന്നുമാത്രമല്ല നേട്ടങ്ങളെ അവര്‍ ചപ്പെന്നും, ചവറെന്നും കണ്ടു............ഒടുക്കം അവരെത്തിയതോ...........പാളയത്തിനുപുറത്തും

ആത്മാര്‍ത്ഥതയും, അര്‍പ്പണവും, അവരെ കുരിശിലേക്ക് നയിച്ചു എന്ന് പറയുന്നതാവും ശരി....

ഞാന്‍ തിരിച്ചറിയുന്നു.......................

ഇന്നെനിക്ക് സുരക്ഷിതത്വമുണ്ടെങ്കില്‍ അതിനര്‍ത്ഥം ഞാന്‍ എനിക്കുവേണ്ടി ജീവിക്കുന്നുവെന്നാണ്........

ഇന്നെനിക്ക് വലിയ കളപ്പുരകള്‍ പണിത് കൂട്ടിവയ്ക്കുവാന്‍ സമ്പത്തുണ്ടെങ്കില്‍ ഞാന്‍ എന്‍റെസാമ്രാജ്യം പടുത്തുയര്‍ത്തുന്ന തിരക്കിലാണ്.....

ക്രിസ്തുവേ.....പൊറുക്കുക..........

ഞാന്‍ നേടിയതെല്ലാം പൊള്ളയായ എന്തൊക്കെയോ ആണ്........എന്‍റെ നേട്ടങ്ങള്‍ വെറും ചമയങ്ങള്‍ മാത്രമെന്ന് ഞാന്‍ തിരിച്ചറിയുന്നു..........
ഈ ചമയങ്ങള്‍ക്കുവേണ്ടി ഞാന്‍ അങ്ങയുടെ രാജ്യത്തെ ഒറ്റുകൊടുത്തു........

ഈ മുക്കുപണ്ടങ്ങള്‍ക്കുവേണ്ടി ഞാന്‍ ഒരു ജനതയെ ആകമാനം വഞ്ചിച്ചു...........അവരുടെ സ്വപ്നങ്ങളെ ഞാന്‍ തല്ലിക്കെടുത്തി........

എന്നോട് പൊറുക്കുക........................

ഞാന്‍ പണിയുന്ന സൗധങ്ങള്‍ക്ക് വഞ്ചനയുടെ കഥകള്‍ പറയുവാന്‍ കാണും.......

ഞാന്‍ വാരിക്കൂട്ടുന്ന പ്രശംസക്ക് ദൈവരാജ്യനിഷേധത്തിന്‍റെ ചരിത്രം പങ്കുവയ്ക്കുവാനുണ്ട്............

എന്‍റെ സ്വാര്‍ത്ഥതക്കുവേണ്ടി ഒരു ജനതയുടെ വിമോചനം ഞാന്‍ വിറ്റുകാശാക്കി..........

ക്രിസ്തുവേ പൊറുക്കുക.....ഞാന്‍ വെറും ചമയം മാത്രമാണ്........

എന്‍റെ സഹോദരിമാര്‍ പിടഞ്ഞുമരിക്കുമ്പോഴും, എന്‍റെ സഹോദരന്മാര്‍ പീഡനം അനുഭവിക്കുമ്പോഴും ഞാന്‍ എന്‍റെ സാമ്രാജ്യനിര്‍മിതിയിലായിരുന്നു.......എന്‍റെ സിംഹാസനം അലങ്കരിക്കുന്ന തിരക്കിലായിരുന്നു.....എന്‍റെ തീന്‍മേശകളിലെ വിഭവങ്ങളുടെ കണക്കെടുക്കുകയായിരുന്നു.....

ക്രിസ്തുവേ പൊറുക്കുക.....എന്‍റെ ചമയങ്ങളെ ഉടയ്ക്കുക........... 

ക്രിസ്തുവേ.............എന്‍റെ സിംഹാസനങ്ങളെ തകര്‍ക്കുക............

ക്രിസ്തുവേ ഒരു അസ്വസ്ഥതനിറഞ്ഞ ഒരു മനസ്സെനിക്ക് നല്‍കുക....................

എന്നില്‍ കരുണ നിറക്കുക......കരുണ വറ്റിയ ഈ ലോകത്തില്‍

എന്നെ കുപിതനാക്കുക...........അനീതി നിറഞ്ഞ ലോകക്രമത്തില്‍

എന്നെ ഒരു പോരാളിയാക്കുക..........ജീവന്‍റെ നിഷേധം നിറഞ്ഞയിടങ്ങളില്‍

എന്നെ ഒരു ധിക്കാരിയാക്കുക..........ദൈവസാദൃശ്യത്തിന് ജാതിയുടെയും, ലിംഗഭേദത്തിന്‍റെയും, വിവേചനത്തിന്‍റെയും നിറം കൊടുക്കുന്നയിടങ്ങളില്‍.................

ക്രിസ്തുവേ ........... എനിക്ക് കരുത്ത് നല്‍കുക...............സുരക്ഷിതമാളങ്ങിളില്‍നിന്നിറങ്ങുവാന്‍.......ഈ അപകടം നിറഞ്ഞ ലോകത്തില്‍ ദൈവരാജ്യദര്‍ശനത്തോടെ മശിഹായുഗത്തിന്‍റെ പ്രവാചകനാകുവാന്‍........

ക്രിസ്തുവേ.......തെരുവില്‍ നീ വിരിയിക്കുന്ന മശിഹായുഗം കാണുവാന്‍ എനിക്ക് കണ്ണുകളെ നല്‍കുക.......

ക്രിസ്തുവേ തെരുവില്‍ മുഴങ്ങുന്ന മശിഹായുഗത്തിന്‍റെ പുത്തന്‍ സംഗീതം കേള്‍ക്കുവാന്‍ എനിക്ക് കേള്‍വി തരിക..........

എവിടെയൊക്കെയോ മുഴങ്ങുന്ന ദൈവരാജ്യത്തിന്‍റെ (പുത്തന്‍) ആരാധനകള്‍ ഏറ്റുപാടുവാന്‍ എന്‍റെ കണ്ഠങ്ങളില്‍ ഊര്‍ജം പകരുക........ഒരുപക്ഷേ............അത് എന്നെ പാളയത്തിന് പുറത്തുള്ള കുരിശിലേക്കാണ് നയിക്കുന്നതെങ്കില്‍പ്പോലും................


Friday, March 20, 2015

വിചിത്രം

ദൈവത്തെ, ജാതിയുടെയും, മതത്തിന്‍റെയും, സ്ത്രീ/പുരുഷ വ്യത്യാസത്തിന്‍റെയും, സാമ്പത്തിന്‍റെയും പേരില്‍ പുറത്താക്കിയ മതം.....

ക്രിസ്തുപടിയിറങ്ങിയ/പടിയിറക്കിയ സമൂഹം........

മനുഷ്യരെ കൊല്ലുന്ന/മനുഷ്യരോട് വിവേചനം കാട്ടുന്ന മനുഷ്യര്‍...........

പ്രകൃതിയെ ക്രൂരമായി പീഡിപ്പിക്കുന്നവര്‍.........


ഇവരെല്ലാവരും ഇന്ന് സംസാരിക്കുന്നത് ദൈവത്തിനുവേണ്ടിയും, ക്രിസ്തുവിനുവേണ്ടിയും, മനുഷ്യര്‍ക്കുവേണ്ടിയും, പ്രകൃതിക്കുവേണ്ടിയുമാണെന്നത് വളരെ വിചിത്രം തന്നെ.........

Tuesday, March 17, 2015

ഇ ജെ ജോര്‍ജ് അച്ചനെന്ന സാധുവിന്.....എന്‍റെ നല്ല നമസ്കാരം

ഇ ജെ ജോര്‍ജ് അച്ചന്‍

ഒരു യഥാര്‍ത്ഥ സാധു, പുരോഹിതന്‍, മഹാജ്ഞാനി, തീര്‍ത്ഥാടകന്‍, സഹയാത്രികന്‍, വിശുദ്ധന്‍......

ജീവിതത്തെ ഇത്ര ലളിതമായും അതേസമയം ഗൌരവമായും കാണാന്‍ അച്ചനെപ്പോലെ ആര്‍ക്കു കഴിയും?

കൃത്യതയും, സമയക്ലിപ്തതയും, കാര്യക്ഷമതയുമാണ് മഹത്കാര്യങ്ങളെന്ന് വലിയവായില്‍ വിളിച്ചുപറയുന്നവര്‍ക്ക് ജീവിക്കുന്ന മറുപടിയാണ് ഈ സാധുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്........ കൃത്യത, സമയക്ലിപ്തത, കാര്യക്ഷമത ഇവകളില്‍ കുടുങ്ങിക്കിടന്ന് ആക്രോശിക്കുകയും ജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്യുന്നവര്‍ക്കൊരു ബദലാണ് അച്ചന്‍........ഇവകള്‍ക്കപ്പുറത്താണ് യഥാര്‍ത്ഥ ജീവിതമെന്ന് നിഷ്കളങ്കതമുറ്റിനില്‍ക്കുന്ന പുഞ്ചിരിയിലൂടെ അച്ചന്‍ പറയാതെ പറയുന്നു.........

(കൃത്യത, സമയക്ലിപ്തത, കാര്യക്ഷമത – ഇവകള്‍ ഒരു കൊളോണിയല്‍ നിര്‍മിതിയെന്ന് വിമര്‍ശിച്ചാല്‍ ആരും എന്നോട് ദേഷ്യപ്പെടരുത്)

ബന്ധങ്ങളെ, കാര്യസാധ്യത്തിനായും, നേട്ടങ്ങള്‍ക്കായും മാത്രം കാണുന്ന ഈ ലോകത്തില്‍......ബന്ധങ്ങളെ, അതിന്‍റെ പരിശുദ്ധിയിലും, നൈര്‍മല്യത്തിലും മാത്രം കാണുന്ന പുരോഹിതന്‍......

ഇന്ന് ബന്ധങ്ങള്‍ക്ക് കോര്‍പ്പറേറ്റ്‌ ഭാവം കൈവരിക്കുമ്പോള്‍ ബന്ധങ്ങളെ ജീവശ്വാസംപോലെ അനിവാര്യമായിക്കാണുവാന്‍ അച്ചനെപ്പോലെ ഒരു ന്യൂനപക്ഷത്തിനുമാത്രമേ കഴിയൂ..........

സ്വന്തം കസേരയുമായി വേദിയിലേക്ക് നടക്കുന്ന നേതാക്കളുടെ ലോകത്തില്‍,കസേരയും, സ്ഥാനവും, വേദിയുമല്ല തന്‍റെ ഇടം നിര്‍ണയിക്കുന്നതെന്ന് തിരിച്ചറിഞ്ഞ മഹാജ്ഞാനി............

ഒന്നും പ്രതീക്ഷിക്കാതെ, നേട്ടങ്ങള്‍ക്ക് പിന്നാലെ പായാതെ ഉഷ്ണത്തിനറുതിവരുത്തി വീശുന്ന കുളിര്‍ക്കാറ്റുപോലെ സഞ്ചരിക്കുന്ന ഒരു തീര്‍ത്ഥാടകന്‍........

കണ്ടുമുട്ടുന്ന ഓരോരുത്തര്‍ക്കും ആരൊക്കെയോ ആയി മാറുന്ന ഒരു സഹയാത്രികന്‍.........

എവിടേക്കും ചാടിക്കയറാതെ, ഒന്നും കീഴടക്കാതെ, ആരോടും അപരത്വഭാവമില്ലാതെ, തന്‍റെ സ്വത്വത്തെ മറ്റുള്ളവരില്‍ കണ്ടെത്തി, ആ സ്വത്വത്തെ ആദരിക്കുന്ന, ബഹുമാനിക്കുന്ന വിശുദ്ധന്‍.......
പ്രിയ അച്ചന് ദീര്‍ക്കായുസ്സുണ്ടാകട്ടെ.........

അനേകര്‍ക്ക് കുളിര്‍ പകരാന്‍, ഒരു സാധുവായി (ഇന്നിന്‍റെ സാമ്രാജ്യത്വ ശക്തികള്‍ക്ക് ഒരു ബദലായി) അച്ചന്‍റെ ജീവിതം അനേകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തട്ടെ......


( ഇത് ഞാന്‍ കുറിച്ചത് ഫെബ്രുവരി 15ന് മാരാമണ്‍ പന്തലില്‍ വച്ചാണ്......ഒരല്‍പം വൈകി വന്ന അച്ചനെ മുന്‍നിരയിലേക്ക് ക്ഷണിച്ചപ്പോള്‍.. അത് നിഷേധിച്ച്..... ഒരുപുഞ്ചിരിയോടെ എന്‍റെ പിന്നിലായി (വെയിലത്ത്‌) വന്നിരുന്ന അച്ചനെക്കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ വന്ന ചില വാക്കുകള്‍)

Monday, March 16, 2015

ഒരു വിലാപം

ഒരു വിലാപം

നീതിയുടെ, ജീവന്‍റെ, ദൈവരാജ്യത്തിന്‍റെ വാക്കുകളെ കായികബലംകൊണ്ട് നേരിടുന്നവരേ.....നിങ്ങള്‍ക്ക് ഹാ കഷ്ടം!

ജീവന്‍റെ വാക്കുകള്‍ക്ക് കുരിശേറ്റം, വെടിയുണ്ട, അധിക്ഷേപം, കാര്‍ക്കിച്ചുതുപ്പല്‍.......................അധീശത്വത്തിന്‍റെ വാക്കുകള്‍ക്ക് പ്രശംസയും, പൂമാലകളും, അംഗീകാരത്തിന്‍റെ വര്‍ണക്കടലാസുകളും.....!!!!!!!!!!!!!

ജീവന്‍റെ ഉറവകളെ തല്ലിക്കെടുത്തി, വിഷലിപ്തമായ ലോകം നിര്‍മ്മിക്കുന്നവരേ നിങ്ങള്‍ ജനിക്കാതിരുന്നുവെങ്കില്‍ കൊളളാമായിരുന്നു.........

മല്ലന്മാര്‍)നീതിയെ ഭയപ്പെടുവാന്‍തക്കവണ്ണം നീതിക്ക് ഇത്രമാത്രം കരുത്തുനല്‍കിയ ദൈവമേ അങ്ങേക്ക് സ്തുതി

കരുത്തുള്ള നിങ്ങള്‍ ജീവന്‍റെ അക്ഷരങ്ങളെ എന്തിന് ഇത്രമാത്രം ഭയക്കുന്നു?

അധികാരത്തിന്‍റെ സോപാനങ്ങളിലിരിക്കുന്ന നിങ്ങള്‍ സമാധാനത്തെ ഭയക്കുന്നതെന്തിന്? നിങ്ങളെന്തിന് യുദ്ധങ്ങള്‍ സൃഷ്ടിക്കുന്നു?

നീതിയുടെയും സമാധാനത്തിന്‍റെയും ദൈവമേ......ഞങ്ങളോട് കരുണചെയ്യേണമേ.........

ജീവന്‍റെ മുകുളങ്ങളെ ശവപ്പെട്ടിയിലാക്കുന്ന/അതിന്‌ കോപ്പുകൂട്ടുന്ന സുഹൃത്തേ......നിന്നോടൊന്നു ഞാന്‍ ചോദിക്കട്ടെ........നിനക്കെത്ര പണം കിട്ടി....? മുപ്പത് വെള്ളിക്കാശോ?

നീതിയുടെ വാക്കുകളെ കുഴിച്ചുമൂടി വലിയകല്ലുരുട്ടി വയ്ക്കുന്ന സുഹൃത്തേ......നീ എന്തിനെയാണ് ഭയക്കുന്നത്?

സുഹൃത്തേ...ഞാനൊന്നു പറയട്ടെ

ജീവന്‍ എന്നും നിലനില്‍ക്കുന്നത് ഒരു പോരാട്ടത്തിലാണ്‌...(അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പോലും).....ആ പോരാട്ടത്തെ നിന്‍റെ കായിക/ധന/ ബലംകൊണ്ട് പരാജയപ്പെടുത്താന്‍ നിനക്കാവില്ല........ആത്യന്തിക വിജയം ജീവന് തന്നെ..........ഇന്ന് അട്ടഹസിക്കുന്ന നീ ലജ്ജിച്ചു തല താഴ്ത്തും......

നീതി ഒരിക്കലും മരിക്കുന്നില്ല........അല്ലെങ്കില്‍ നീതിയെ നിന്‍റെ ഭീമാകാരമായ സമുച്ചയത്തില്‍ തളച്ചിടാനാവില്ല.......ചങ്ങലകളെ തകര്‍ക്കുവാനുള്ള കരുത്ത് നീതിക്കുണ്ട്...........ഉത്ഥാനത്തിന്‍റെ സംഗീതം നിന്നെ ഭയചകിതനാക്കുന്നില്ലേ?

നീ അണിഞ്ഞിരിക്കുന്ന കപടവേഷം ഒരുനാള്‍ അഴിഞ്ഞു വീഴും........
ജീവന്‍ (എന്നേക്കും) പോരാട്ടത്തിലൂടെ നിലനില്‍ക്കും.......നീതി ഉയര്‍പ്പിന്‍റെ പെരുമ്പറ മുഴക്കും.........

ഒരു പുതുയുഗം പുലരും.....നീതിയുടെ അക്ഷരങ്ങള്‍ ഉയിര്‍ക്കും.....ജീവന്‍ പൂത്തുലയും.....സമാധാനം സ്വച്ഛന്ദം സൌരഭ്യം പരത്തും.............

കപടതയുടെ തല ഒരു കൊച്ചുകുഞ്ഞ് തകര്‍ക്കും.......അനീതിയുടെ ആള്‍രൂപങ്ങള്‍ തെരുവില്‍ അപഹസിക്കപ്പെടും......സമാധാനത്തിന്‍റെ പേരില്‍ മരണംവിതക്കുന്ന ശക്തികള്‍ ചരിത്രത്തിലെ പേക്കോലങ്ങളാകും...............

നീതിയുടെ ചരിത്രം സുവിശേഷങ്ങളായി ജനം വായിക്കും.........

ആമേന്‍