Powered By Blogger

Wednesday, August 31, 2016

ഒരു വിധവയുടെ പ്രാര്‍ത്ഥന........

ഒരു വിധവയുടെ പ്രാര്‍ത്ഥന........

ദൈവത്തോടുള്ള മനുഷ്യന്‍റെ അപേക്ഷകളും,യാചനകളുമായിട്ടാണ് പ്രാര്‍ത്ഥനയെ നിര്‍വ്വചിച്ചിട്ടുള്ളത്............അല്ലെങ്കില്‍ പറഞ്ഞു കേട്ടിട്ടുള്ളത്.................അതിനെ അതിന്‍റെ പൂര്‍ണമായ തലത്തില്‍ അംഗീകരിക്കുന്നു.............................

പ്രാര്‍ത്ഥനയുടെ മറ്റൊരുവശം ലൂക്കോസ് 18:1-8 വരെയുള്ള വേദഭാഗം ഇന്നലെ ഭവനപ്രാര്‍ത്ഥനയില്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നി...അതിങ്ങനെ മനസ്സില്‍കിടന്ന് അലോസരപ്പെടുത്തുന്നത് കൊണ്ട്...അതിവിടെ കുറിക്കട്ടെ............

ഈ വേദഭാഗം ദൈവത്തെഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപന്‍റെ ഒരു വിധവയോടുള്ള നീതിനിഷേധത്തിന്‍റെ വിവരണമാണ്....ആ നീതി നിഷേധത്തോടുള്ള വിധവയുടെ പ്രതികരണമാണ്........വിധവ നിഷേധിക്കപ്പെട്ട നീതി പിടിച്ചുവാങ്ങുന്നതുമാണ്........

നീതി നിഷേധത്തോട് നിരന്തരമായി കലഹിക്കുന്ന, അല്ലെങ്കില്‍ അനീതിയുടെ കാവലാളിനെ നിരന്തരമായി ശല്യപ്പെടുത്തി നീതി പിടിച്ചുവാങ്ങുന്ന വിധവയുടെ വിവരണം വായിച്ചപ്പോള്‍ ഞാന്‍ എന്‍റെ വായന അവിടെനിര്‍ത്തി(സേലാ = pause, and think of that) എന്നിട്ട്.......അതൊരു ഉപമയാണെങ്കില്‍ക്കൂടി വിധവയുടെ ഉള്‍ക്കരുത്തിനെയോര്‍ത്ത് ദൈവത്തെ സ്തുതിച്ചു.............ഇത്തരം പോരാട്ടത്തില്‍ നിരന്തരമായി ഇന്നും ഏര്‍പ്പെടുന്നവരെയോര്‍ത്തും ദൈവത്തിന് മഹത്വം കരേറ്റി.........

ഈ വേദഭാഗം എന്നെ പഠിപ്പിച്ചതിതാണ്..............അനീതിയുള്ള ന്യായാധിപന്‍റെ പക്കല്‍നിന്നും തനിക്കര്‍ഹതപ്പെട്ട നീതി നിരന്തര ഇടപെടലിലൂടെ നേടിയെടുക്കുന്നതിന് പ്രാര്‍ത്ഥന തന്നെയാണ്.....

നീതിക്കുവേണ്ടിയുള്ള കീഴത്തട്ടിലെ മനുഷ്യരുടെ പോരാട്ടങ്ങളും പ്രാര്‍ത്ഥനകളായി വ്യാഖ്യാനിക്കപ്പെടണം...........

നീതി കീഴ്‌ത്തട്ടിലേക്ക് സ്വാഭാവികമായി വിതരണം ചെയ്യപ്പെടുന്നില്ല.......
എന്നാല്‍ വിധവയുടെ നിരന്തരമായ ഇടപെടല്‍ അനീതിയുള്ള ന്യായാധിപനെ മാറിച്ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു( വാക്യം ഏഴ്)

ഈ വേദഭാഗം എന്നെ പഠിപ്പിച്ചതിതാണ്..............അനീതിയുള്ള ന്യായാധിപന്‍റെ പക്കല്‍നിന്നും തനിക്കര്‍ഹതപ്പെട്ട നീതി നിരന്തര ഇടപെടലിലൂടെ നേടിയെടുക്കുന്നതിന് പ്രാര്‍ത്ഥന തന്നെയാണ്.....

ഒന്ന്, നീതിക്കുവേണ്ടിയുള്ള ഓരോ സമരമുഖങ്ങളും, അലങ്കാരങ്ങളും ചുവരുകളുമില്ലാത്ത ദേവാലയങ്ങള്‍ തന്നെയാണ്

രണ്ട്, നീതിക്കുവേണ്ടിയുള്ള ഓരോ വാക്കുകളും അവിടെനിന്നുയരുന്ന പ്രാര്‍ത്ഥനകള്‍ തന്നെയാണ്

മൂന്ന്, ഇത്തരത്തിലുള്ള പോരാട്ടഭൂമികകളില്‍ ദൈവസാന്നിധ്യം തീര്‍ച്ചയായുമുണ്ട്

നാല്, ഒരു കീഴാളയുക്തി വേദപുസ്തകത്തിലുടനീളം പരിലസിക്കുന്നുണ്ട്......അതാണ് ക്രിസ്തുവിനെ കുരിശിലേക്ക് നയിച്ചതും

അഞ്ച്, അബലയെന്ന്, ബഹിഷ്‌കൃതയെന്ന് പ്രബലലോകം പറഞ്ഞ വിധവയില്‍ നിറഞ്ഞുനിന്ന ശക്തി പരിശുദ്ധാത്മശക്തി തന്നെയാണ്......

ആറ്, നീതിക്കുവിശന്നുദാഹിക്കുന്നവരും അതിനുവേണ്ടി നിരന്തരഇടപെടലുകള്‍ നടത്തുന്നവരും ദൈവരാജ്യത്തിന്‍റെ ഭാഗം തന്നെയാണ്...................

ഏഴ്, ബഹിഷ്കൃതരുടെ, നീതിനിഷേധിക്കപ്പെട്ടവരുടെ കണ്ണുനീരുകള്‍ ദൈവം ശേഖരിച്ചു വയ്ക്കുന്നുണ്ട്........അവരുടെ നിലവിളികള്‍ പ്രാര്‍ത്ഥനകളായി പരിണമിക്കുന്നു............അത് പുത്തന്‍ ആരാധനാക്രമങ്ങളായി ദൈവദൂതന്മാര്‍ രൂപപ്പെടുത്തുന്നു..............

ക്രിസ്തുവേ......അങ്ങ് പറഞ്ഞ ആ ദൃഷ്ടാന്തത്തിലെ വിധവയെപ്പോലെ എത്രയോപേര്‍ ഇന്ന് നീതിക്കുവേണ്ടി അലയുന്നു...........കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളെയും ദൈവികനീതിയാല്‍ നിറയ്ക്കേണമേ.....ആമ്മേന്‍
..........................................

സജീവച്ചന്‍

ദൈവത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മനുഷ്യര്‍...........

ദൈവത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മനുഷ്യര്‍...........
പുരുഷാധിപത്യനിയമങ്ങള്‍ നിര്‍മിച്ച മനുഷ്യര്‍ അത് ദൈവം സൃഷ്ടിച്ചതായി പഠിപ്പിച്ചു......................
ജാതിവ്യവസ്ഥയുടെ പഴിയും ദൈവത്തിനുതന്നെ..........
യുദ്ധം സൃഷ്ടിച്ച മനുഷ്യര്‍ അത് ദൈവഹിതമെന്ന് പഠിപ്പിച്ചു......
സാമ്പത്തിക അസമത്വം ഉണ്ടാക്കിയവര്‍ സമ്പത്ത് കുന്നുകൂടുന്നത് ദൈവാനുഗ്രഹമെന്ന് പഠിപ്പിച്ചു.......
കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രശ്നങ്ങള്‍ ലോകാവസാനത്തിന്‍റെ ലക്ഷണങ്ങളാക്കി അതിന്‍റെ ഉത്തരവാദിത്തവും ദൈവത്തിന്‍റെമേല്‍ ചുമത്തി...........
സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ശുദ്ധി-അശുദ്ധി നിയമങ്ങള്‍ സൃഷ്ടിച്ചവര്‍ അത് ദൈവികകല്‍പനകളാണെന്ന് നിഷ്കര്‍ഷിച്ചു...........
എന്തൊരു വിരോധാഭാസം...
സ്ത്രീകളെ അടിച്ചമര്‍ത്താനും, ജാതിവ്യവസ്ഥ നിലനിര്‍ത്തുവാനും, പ്രകൃതിയെ ചൂഷണം ചെയ്യാനും, ദാരിദ്ര്യത്തെ സൃഷ്ടിക്കുവാനും മനുഷ്യര്‍ ദൈവത്തെ കൂട്ടുപിടിച്ചു....ഞാന്‍ വിശുദ്ധനാണെന്നും അവന്‍/അവള്‍ അശുദ്ധ/നാ/യെന്നും അവരുണ്ടാക്കിയ, വ്യാഖ്യാനിച്ച കല്‍പനകള്‍ ഉയര്‍ത്തിക്കാട്ടി മനുഷ്യര്‍ പ്രഖ്യാപിച്ചു.............അതിപ്പോഴും തുടരുന്നു.............
ദൈവം മനസ്സാ-വാചാ അറിയാത്ത കാര്യങ്ങള്‍ മനുഷ്യര്‍ ദൈവത്തിന്‍റെമേല്‍ അടിച്ചേല്‍പ്പിച്ച് അധികാരത്തിന്‍റെ ദണ്ടെടുത്ത് ചിലര്‍ മറ്റുചിലരെ ചൂഷണം ചെയ്യുന്നു........................
ഫറവോനും, ഹെരോദാവും, ഹിറ്റ്ലറും, കൊളോണിയല്‍ പ്രവാചകരും, ഇന്നത്തെ ദൈവസംരക്ഷകരും ഇതൊക്കെ ചെയ്തു അഥവാ ചെയ്യുന്നു..................
മനുഷ്യരിന്നും അടിമകള്‍ തന്നെ..........
മനുഷ്യരുടെ ബോധമണ്ഡലങ്ങള്‍ അഞ്ജതകൊണ്ടു നിറഞ്ഞിരിക്കുന്നു.........
അല്ലെങ്കില്‍പ്പിന്നെ ദൈവത്തെക്കാള്‍ വലിയ ആള്‍ദൈവങ്ങള്‍ ഇവിടെയെങ്ങനെയുണ്ടാകുന്നു?.............അവരെങ്ങനെ ദൈവത്തെക്കാള്‍ സമ്പന്നരാകുന്നു?...............................................................
സുഹൃത്തുക്കളേ.....ദൈവം എന്തു തെറ്റാണ് ചെയ്തത്........ദൈവം നല്ലവരുടെമേലും ദുഷ്ടന്മാരുടെമേലും മഴ പെയ്യിച്ചതോ....അതോ അവര്‍ക്ക് സൂര്യനെ ഉദിപ്പിച്ചതോ?

Friday, August 26, 2016

ദൈവത്തെയും മനുഷ്യരെയും തോല്‍പ്പിച്ച മനുഷ്യര്‍.....

ദൈവത്തെയും മനുഷ്യരെയും തോല്‍പ്പിച്ച മനുഷ്യര്‍.............................

പണ്ടൊരിക്കല്‍ പൂര്‍ണഗര്‍ഭിണിയായ ഭാര്യയെ ചേര്‍ത്തുപിടിച്ച് ഒരു മനുഷ്യന്‍ നിരവധി വാതിലുകളില്‍ മുട്ടിവിളിച്ചു കരഞ്ഞു...............ആരും ഒരിടം നല്‍കിയില്ല.............ഒടുക്കം ആ പെണ്‍കുട്ടി പെരുവഴിയില്‍ കുഞ്ഞിന് ജന്മം നല്‍കി...............

അപ്പോള്‍.............മതവും രാഷ്ട്രീയവും വോട്ടര്‍പട്ടികയില്‍ ആളെ ചേര്‍ക്കുന്ന തിരക്കിലായിരുന്നു............

മറ്റൊരിക്കല്‍ വേറൊരാള്‍ മതവും രാഷ്ട്രീയവും ചേര്‍ന്നൊരുക്കിയ മരക്കുരിശുമായി കുത്തനെയുള്ള മലയിലേക്ക് വേച്ചും വീണും നടന്നു............

അപ്പോള്‍......മതവും രാഷ്ട്രീയവും പൊതുശത്രുവിനെ കഴുവേറ്റി അധികാരക്കസേര നിലനിര്‍ത്തിയതിന്‍റെ ആഘോഷത്തിരക്കിലായിരുന്നു
പിന്നീടൊരിക്കല്‍.... മറ്റൊരാള്‍ സഹധര്‍മ്മിണിയുടെ ജീവനറ്റശരീരവുമായി പരീക്ഷണനായി നിസ്സഹായതയുടെ നേര്‍ച്ചിത്രമായി നടക്കുമ്പോള്‍ തോറ്റുപോയത് മനുഷ്യരും ദൈവമായിരുന്നു...........ജയിച്ചത് മതവും രാഷ്ട്രീയവും

അപ്പോള്‍......മതവും രാഷ്ട്രീയവും ദേശീയതയുടെ സാമ്പത്തികഗ്രാഫ് ഉയര്‍ത്തുവാനുള്ള തത്രപ്പാടിലായിരുന്നു.............
......................................................
ദൈവം ചുറ്റുപാടുകളിലേക്ക് ഒന്നു കണ്ണോടിച്ചു.........

അപ്പോഴേക്കും...............

നീതിയുടെ വറ്റി വരണ്ടിരുന്നു.......

മനുഷ്യത്വം ചത്തുമലച്ചിരുന്നു.......

കരുണയില്‍ ആരോക്കെയോ ചേര്‍ന്ന് വിഷം കലക്കിയിരുന്നു..................

സമാധാനത്തെ നഗ്നമായ ശരീരത്തോടെ കെട്ടിയിട്ട് മര്‍ദ്ദിച്ചുകൊന്നിരുന്നു....
....................................................
ഒടുവില്‍ ....... ദൈവവും മനുഷ്യരും തോറ്റു...........

മതവും രാഷ്ട്രീയവും വിജയഭേരിമുഴക്കി........

ചരിത്രകാരന്മാര്‍ പുതിയ റിസേര്‍വ് ബാങ്ക് ഗവര്‍ണറുടെ വിജയചരിത്രം എഴുതുകയായിരുന്നു...........അതുവായിച്ച് ദേശീയവാദികള്‍ മുദ്രാവാക്യം മുഴക്കി.......

ഭരണവര്‍ഗം മുതലാളിമാരുടെ അടുക്കളയിലിരുന്ന് വികസിതഭാരതത്തിന്‍റെ രൂപരേഖ തയ്യാറാക്കുന്ന തിരക്കിലായിരുന്നു..........കുട്ടിനേതാക്കള്‍ വിശദീകരണയോഗങ്ങളില്‍ വികസനത്തിന്‍റെ മനോഹരചിത്രം ജനങ്ങളുടെമുന്‍പില്‍ വരച്ചു.......അതുകണ്ട് ജനം കോരിത്തരിച്ചുനിന്നു......

മതനേതാക്കള്‍ വിശ്വമാനവികതയില്‍ കുളിരണിയിക്കുന്ന മനുഷ്യബന്ധങ്ങളെ വിവരിക്കുകയാരുന്നു......അതുകേട്ട് മതവിശ്വാസികള്‍ ആവേശഭരിതരായി............

മനുഷ്യരും ദൈവവും തോറ്റ ഈ ലോകത്തില്‍ കുറെ മനുഷ്യക്കഴുകന്മാര്‍ തോറ്റുപോയ മനുഷ്യരുടെ വസ്ത്രം ചീട്ടിട്ടെടുക്കുന്ന തിരക്കിലായിരുന്നു..........................
..................................

സജീവച്ചന്‍

Saturday, August 6, 2016

മത്തായി 22: 1-14 – ഒരു സ്വതന്ത്രവായന

മത്തായി 22: 1-14 – ഒരു സ്വതന്ത്രവായന
===================
ഒഴിഞ്ഞുകിടക്കാത്ത ദൈവരാജ്യവും തിരുവത്താഴമേശകളും
========================
ദൈവം അടിമകളെ സ്വന്തജനമായി തെരഞ്ഞെടുത്തു............അവര്‍ക്ക് സ്വാതന്ത്ര്യവും ജീവിക്കുവാനുള്ള അവകാശവും നല്‍കി.......ഒപ്പം ദൈവരാജ്യത്തിലേക്കുള്ള ക്ഷണവും......................

ഉപഭോഗത്വരയില്‍ തിമിര്‍ത്താടിയ അവര്‍ ദൈവത്തെ മറന്നു......അവരുടെ ചരിത്രം മറന്നു......ഭൂതകാലം മറന്നു.......സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ മേല്‍ക്കൈ അവരെ അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും ഉന്മാദത്തിലാക്കി...........ദൈവിക വീണ്ടെടുപ്പിന്‍റെ മഹിമ അവര്‍ ബോധപൂര്‍വ്വം മറന്നു.............ദൈവവും, വീണ്ടെടുപ്പും, ആരാധനയും, ദൈവികക്ഷണവും അവര്‍ക്ക് അതിപരിചിതങ്ങളായി............അവര്‍ ഇവകളെ മറന്നു....അല്ലെങ്കില്‍ അവഗണിച്ചു....................

ദൈവത്തെയും, മതത്തെയും, ആത്മീയതയെയും അവര്‍ വിറ്റ്‌ കാശാക്കി.....അധികാരത്തിന്‍റെ സുഖം അവരെ വല്ലാതെ ആലസ്യതയിലാക്കി.....അവര്‍ വലിയ മുതലാളിമാരായി.......അവര്‍ ദൈവത്തിനും, ആത്മീയതക്കും ബദലായി ദേവാലയങ്ങളില്‍ ഹുണ്ടികാ വ്യാപാരം തുടങ്ങി..................

അവര്‍ ദൈവികക്ഷണത്തെയും, ദൈവരാജ്യവിരുന്നിനെയും നിസ്സാരവല്‍ക്കരിച്ചു..........

പക്ഷേ....ദൈവം കാലാകാലങ്ങളില്‍ വിളികള്‍ തുടര്‍ന്നു...............പ്രവാചകരിലൂടെ...ഒടുക്കം പുത്രനിലൂടെയും........അവര്‍ അധികാരത്തിന്‍റെ താന്‍പോരിമയില്‍ പുത്രനെ കൊന്നു.....................

അവര്‍ക്കായി ഒരുക്കിയിരുന്ന അത്താഴം അവര്‍ അലക്ഷ്യമാക്കി........കാരണം അവര്‍ക്ക് അതിനേക്കാള്‍ മേല്‍ത്തരമായത് കമ്പോളത്തില്‍ ലഭ്യമായിരുന്നു.................ദൈവത്തിനും, ആരാധനക്കും, വീണ്ടെടുപ്പിനും അപ്പുറത്തായി അവര്‍ കമ്പോളത്തിന്‍റെ രീതിശാസ്ത്രത്തില്‍ നിര്‍മിച്ചെടുത്ത ദൈവത്തെ കണ്ടെത്തി.......അവര്‍ക്ക് പുത്തന്‍ ദേവാലയമുണ്ടായി..............അവര്‍ വാര്‍ത്തുണ്ടുക്കായി/നിര്‍മിച്ച/സൃഷ്ടിച്ച ദൈവങ്ങളെ അവര്‍ എല്ലായിടത്തും കുടിയിരുത്തി.................

വീണ്ടെടുത്ത “പഴഞ്ചന്‍ ദൈവം” പടിക്ക് പുറത്ത്..................

അവര്‍ കൈവരിച്ച ഭൌതിക നേട്ടങ്ങള്‍ക്കുവേണ്ടി ആശ്രിതരെയും, ഇരകളെയും സൃഷ്ടിച്ചു...........................

പക്ഷേ.......ഇവിടെ ചരിത്രം കീഴ്മേല്‍ മറിഞ്ഞു........

ദൈവരാജ്യം ഒഴിഞ്ഞുകിടന്നില്ല.......അതില്‍, അവര്‍ സൃഷ്ടിച്ച ഇരകള്‍ പ്രവേശിച്ചു............അവര്‍ക്ക് ക്ഷണം അവസാനനിമിഷത്തിലാണ് കിട്ടിയതെങ്കിലും അവര്‍ക്ക് അത് സ്വാതന്ത്ര്യത്തിലേക്കുള്ള ക്ഷണമാണെന്ന് മനസ്സിലായി അവര്‍ സ്വാതന്ത്ര്യത്തിന്‍റെ ആര്‍പ്പും വിളിയും തിരിച്ചറിഞ്ഞു...........അവര്‍ അത്താഴത്തിന്‍റെ ഭാഗമായി..........പുതുയുഗത്തിലേക്ക് അവര്‍ നടന്നുകയറി...........നീതിയുടെ, സത്യത്തിന്‍റെ, സമാധാനത്തിന്‍റെ വസ്ത്രമണിഞ്ഞ ഏവരും.......................

ചരിത്രം തീര്‍ന്നില്ല........ക്രിസ്തു ചാട്ടവാറെടുത്ത ദേവാലയവും അതിന്‍റെ യജമാനന്മാരും ജീര്‍ണ്ണതയുടെ പര്യായങ്ങളായി............

ഒന്ന് – ദൈവത്തെയും, ചരിത്രത്തെയും, ദൈവികപൈതൃകങ്ങളെയും മറക്കരുത്.........ഒരിക്കല്‍ ദൈവം നിങ്ങളെ ഞാന്‍ അറിയുന്നില്ല എന്ന് പറയുന്ന കാലമുണ്ട്....അത് വരും, വന്നുമിരിക്കുന്നു

രണ്ട് – ദൈവിക ക്ഷണത്തെ, കമ്പോളതാല്‍പര്യങ്ങള്‍ക്കുവേണ്ടി നിസ്സാരവല്‍ക്കരിക്കരുത്.......നിത്യമായ മരണത്തിലേക്കാണ് ഈ യാത്ര

മൂന്ന് – തങ്ങളുടെ അധീശത്വത്തിനെതിരായ എല്ലാ ശബ്ദങ്ങളെയും അവര്‍ അക്രമത്തിലൂടെ എതിരിട്ടു..........ഓര്‍ക്കുക, ഇത് രണ്ട് ദിവസത്തേക്ക് മാത്രമുള്ള ജയമാണ്

നാല് – ദൈവരാജ്യം ഒരിക്കലും ഒഴിഞ്ഞു കിടക്കില്ല, അതില്‍ പ്രവേശിക്കുന്നത് അതിരുകളില്‍ ഉള്ളവരാവും.......അധികാരത്തിന്‍റെ ആലസ്യതയില്‍ ഉറങ്ങുന്നവര്‍ക്ക് ദൈവികക്ഷണത്തെ കേള്‍ക്കുവാന്‍ കഴിയില്ല......അവരുടെ സ്ഥാനം പുറത്താണ്......ലൂക്ക് പതിനഞ്ചിലെ മൂത്തമകനെപ്പോലെ

അഞ്ച് – ദൈവരാജ്യപ്രവേശനം നീതിയും, സമാധാനവും, രക്ഷയും, സത്യവും ധരിച്ചവര്‍ക്ക് അവകാശപ്പെട്ടതാണ്

ആറ് – എപ്പോള്‍ ക്ഷണിച്ചു എന്നതല്ല പ്രധാനം.....ക്ഷണത്തോട് എങ്ങിനെ പ്രതികരിച്ചു എന്നതാണ് പ്രധാനം......................

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ

Friday, August 5, 2016

ഞാനിന്ന് പ്രാര്‍ത്ഥിച്ചത്...................

ഞാനിന്ന് പ്രാര്‍ത്ഥിച്ചത്...................

ദൈവമേ അങ്ങേക്ക് സ്തുതി..........ഞാനൊരു ചില്ലിക്കാശുപോലും തരാതെ, ഞാന്‍ ചോദിക്കുകപോലും ചെയ്യാതെ ഈ ജീവിതം എനിക്ക് തന്നതിനാല്‍ സ്തുതി..........അതെന്തിന് എന്നുള്ള വലിയ അന്വേഷണത്തിലാണ് ഞാനിപ്പോള്‍...........എനിക്ക് ഉത്തരം നല്‍കുക

ഈ ലോകത്തില്‍ ഞാന്‍ ജീവിക്കുമ്പോള്‍.......എനിക്ക് അര്‍ഹമായത് മാത്രം നല്‍കുക...... അതുപോലും നിന്‍റെയിഷ്ടം............അനര്‍ഹമായത് എന്‍റെ പക്കലുള്ളത് ഉപേക്ഷിപ്പാന്‍ എനിക്ക് കരുത്തുപകരുക...

അധികാരത്തിന്‍റെ ഏണിപ്പടികളില്‍ എപ്പോഴെങ്കിലും ഞാന്‍ കയറിയാല്‍ / കയറുവാന്‍ ശ്രമിച്ചാല്‍ എന്നെ അവിടെനിന്നും വലിച്ചിറക്കുക..............

ഈ മഹാപ്രപഞ്ചത്തിന്‍റെ ഏതോ ഒരു കോണില്‍ ഒരു ചെറിയ മനുഷ്യക്കൂട്ടത്തില്‍ ഞാനാരോ ആണെന്ന് ഞാനെപ്പോഴെങ്കിലും വിചാരിച്ചാല്‍ എന്നെ പരസ്യമായി ശാസിക്കുക...................

ഈ ലോകത്തില്‍ ഞാന്‍ പാര്‍ക്കുമ്പോള്‍ ധ്യാനാത്മകമായ ഒരു അകലം, സമ്പത്തിനോടും, നീതിപൂര്‍വ്വമല്ലാത്ത എല്ലാ വ്യവസ്ഥിതികളോടും പാലിക്കുവാന്‍ എനിക്ക് കൃപ നല്‍കുക...............

എന്‍റെ യാത്രയില്‍ ഞാന്‍ കണ്ടുമുട്ടുന്ന ഓരോ മനുഷ്യനെയും എന്നെക്കാള്‍ വലിയവനെന്ന് കാണുവാനുള്ള ദൈവികബോധം എനിക്ക് നല്‍കുക...............

എന്‍റെ കാലുകള്‍ സൂക്ഷ്മതയോടെ വയ്ക്കുവാനും, എന്‍റെ ശരീരം അവിടുത്തെ മുന്‍പില്‍ കുനിക്കുവാനും, ഗര്‍വ്വിന്‍റെ മുന്‍പില്‍ നട്ടെല്ല് നിവര്‍ത്തി നില്‍പ്പാനും എനിക്ക് ശക്തിനല്‍കുക............................

ആവശ്യത്തിനുള്ളതു മാത്രം എന്‍റെ പൊക്കണത്തില്‍ കരുതുവാനുള്ള വിവേകം എനിക്ക് നല്‍കുക..........അതിലധികമുള്ളത് പുഴുവരിക്കുമെന്നും, എന്നെ മതിലുകള്‍ കെട്ടിപ്പൊക്കുവാന്‍ പ്രേരിപ്പിക്കുന്നതാണെന്നും എന്നെ നിരന്തരം അവിടുത്തെ പ്രവാചകരിലൂടെ ഓര്‍മിപ്പിക്കുക........................

എന്‍റെ ദര്‍ശനത്തിന്‍റെ കാഴ്ച ഉന്നതമായിരിപ്പാനും........... ജീവിതത്തിന്‍റെ കാഴ്ച സമ്പന്നരിലേക്കും പ്രഭുക്കന്മാരിലേക്കും ചെന്നെത്താതിരിക്കുവാനും എന്നെ പഠിപ്പിക്കുക...........

പിശാചിന്‍റെ മോഹനവാഗ്ദാനങ്ങളോട് ഇല്ല,മതി, വേണ്ടാ എന്നിങ്ങനെ പറയുവാന്‍ എന്‍റെ അധരങ്ങള്‍ക്ക് ബലം നല്‍കുക.........................

അസത്യത്തിന്‍റെ, ഭോഷ്കിന്‍റെ, കളവിന്‍റെ ആത്മാവിനെ ചെറുത്തുനില്‍പാനുള്ള ആത്മബലം എനിക്കു നല്‍കുക......................
മുന്‍പില്‍ നില്‍പ്പാന്‍ ഞാന്‍ അയോഗ്യന്‍..........എന്നെ പിന്നില്‍ മാത്രം നിര്‍ത്തുക...............

ജീവിതത്തില്‍ ഞാനാരുമായില്ലെങ്കിലും...........ബലഹീനനായ എന്നെ അവിടുത്തെ ആലയത്തിന്‍റെ വാതില്‍ക്കാവല്‍ക്കാരനെങ്കിലുമാക്കുക................
ആമേന്‍

ഞാനുറക്കെ വേദപുസ്തകം വായിച്ചു............

ഞാനുറക്കെ  വേദപുസ്തകം വായിച്ചു...............

ഞാനിന്നും വേദപുസ്തകം വായിച്ചു.........ഞാനിന്ന് ഉറക്കെയാണ് വായിച്ചത്............കേവലമായ ഒരു വായനയെന്നതിലുപരി ഇന്നത്തെ വായന എന്നെ വല്ലാതെ അസ്വസ്ഥനാക്കി........കാരണം ഞാനാദ്യമായി എന്നോടുതന്നെ ചോദിച്ചു.........എന്തിനാണ് എന്‍റെ വായന.....? ആ ചോദ്യം എന്‍റെയുള്ളില്‍ ദഹിക്കാതെ കിടന്ന്‍ വല്ലാതെ ശല്യപ്പെടുത്തി......

ഒടുക്കം ഞാന്‍ തിരിച്ചറിഞ്ഞു..........................................

അതൊരു പ്രതിഷേധവും നിഷേധവുമാണെന്ന്..........ഇന്നിന്‍റെ ഗോല്ല്യാത്തുമാര്‍ക്കെതിരെയുള്ള എന്‍റെ പ്രതിരോധത്തിന്‍റെ കവചം.....

അതൊരു ഏറ്റുപറച്ചിലും അവകാശപ്രഖ്യാപനവുമാണെന്ന്...........എന്നെ ജീവിക്കുവാന്‍ അനുവദിക്കാത്ത ഹെരോദുമാരുടെ മുന്‍പില്‍ എന്‍റെ ജീവിക്കുവാനുള്ള അവകാശം ഉറക്കെപ്പറയുവാന്‍ എനിക്ക് ശക്തിതരുന്ന ഊര്‍ജ്ജസ്രോതസ്സാണിതെന്ന്.............

വേദപുസ്തകം എന്‍റെ ശബ് ദത്തിന്  മുഴക്കം നല്‍കിയെന്ന്........എന്‍റെ ബലഹീനശരീരത്തിന് കരുത്ത് നല്‍കിയെന്നും...................മേലാളന്‍റെ മുന്‍പില്‍ അടിയാളന് കരുത്തു പകര്‍ന്നത് വേദപുസ്തകം തന്നെ................. എന്നെ ചവിട്ടിയരക്കുന്ന സാമ്രാജ്യത്വശക്തികളോട് എതിരിടുവാന്‍ ആദ്യമായി കെല്‍പ്പ് നല്‍കിയത് വേദപുസ്തകത്തിലെ വരികളായിരുന്നു...............

ഞാനുറക്കെ വേദപുസ്തകം വായിച്ചു...............നീതിനിഷേധത്തിന്‍റെ ഇരയായി തോറ്റുപോയ എനിക്ക് അത് മൃതസഞ്ജീവിനിയായി മാറി...........പാപത്തിന്‍റെ വ്യവസ്ഥകളോട് എതിരിട്ട് തോറ്റുപോയ എനിക്ക് ഉയിര്‍പ്പിന്‍റെ പെരുമ്പറയായി അത് മാറി.........അതെന്‍റെ കവിണയും കല്ലുമായി..................

ഞാനുറക്കെ വേദപുസ്തകം വായിച്ചു........................എന്നെ ശബ്ദത്തെ, വാക്കുകളെ അവജ്ഞയോടെകണ്ട ജന്മികളുടെ മുന്‍പില്‍ ഞാനുറക്കെ വേദപുസ്തകം വായിച്ചു..........അത് യെരീഹോം മതിലുകളെ തകര്‍ത്തു........ഞങ്ങളുടെ ചങ്ങലകള്‍ അഴിഞ്ഞുപോയി...........ഞങ്ങള്‍ സ്വതന്ത്രരായി..............

ഞാനുറക്കെ വേദപുസ്തകം വായിച്ചു.................അതെന്‍റെ നിലവിളിയായിരുന്നു........ആ നിലവിളിയില്‍ എന്‍റെ രാഷ്ട്രീയവും,ദൈവശാസ്ത്രവും,വിശ്വാസവും,പ്രത്യാശയുമുണ്ടായിരുന്നു..........ഞാനുറക്കെ വേദപുസ്തകം വായിച്ചുകൊണ്ട് നീതിനിഷേധികളുടെ നടുവിലൂടെ കരുത്തോടെ മുന്‍പോട്ട് നടന്നു..........അത് പ്രാന്തവല്‍ക്കരിക്കപ്പെട്ട എന്‍റെ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയായിരുന്നു.......

ഞാനുറക്കെ വേദപുസ്തകം വായിച്ചു...................................
അതെന്നെ ജീവിക്കുവാന്‍ വല്ലാതെ നിര്‍ബന്ധിച്ചു............അതെന്നെ ഉറക്കെയുറക്കെ വേദപുസ്തകം വായിക്കുവാന്‍ ഹേമിച്ചു.......അതെന്നെ ഉറക്കെ വിശ്വാസപ്രഖ്യാപനങ്ങള്‍ നടത്തുവാന്‍ പ്രേരിപ്പിച്ചു..........

ഞാനുറക്കെ വേദപുസ്തകം വായിച്ചു...................................അതെന്നെ ജീവിക്കുവനനുവദിച്ചു.....ദൈവത്തോടും, പ്രകൃതിയോടും, മനുഷ്യരോടും കൂടെ......ദൈവമടിച്ചകൂടാരത്തില്‍ അന്തിയുറങ്ങാനും................................. 

സഭയെവിടെ ?

സഭയെവിടെയെന്ന് ചോദിച്ചലഞ്ഞ ഒരു യുവാവിനെ ഞാന്‍ ഓര്‍ക്കുന്നു.....

അവന്‍ എല്ലായിടത്തും അലഞ്ഞു..........എല്ലായിടത്തും....എല്ലായിടത്തും.
ഒടുക്കം എന്‍റെയടുത്തും അവന്‍ വന്നു.....എന്‍റെയുത്തരങ്ങളിലും അവന്‍ സംതൃപ്തനായില്ല.............

ഒടുക്കം.....ഞാനും അവനോടൊപ്പം ആ അന്വേഷണത്തില്‍ പങ്കുചേര്‍ന്നു.......
പലരും ചില വാക്യങ്ങള്‍ കുറിച്ചുതന്നു........മറ്റുചിലര്‍ കാണാതെ പഠിച്ച നിര്‍വ്വചനങ്ങള്‍ ചൊല്ലിത്തന്നു..............

പക്ഷേ.....അതെല്ലാം ചില അറിവുകള്‍ മാത്രമായിരുന്നു.............ദര്‍ശനത്തില്‍ക്കണ്ട സഭയെത്തേടി ഞങ്ങള്‍ വീണ്ടുമലഞ്ഞു........................

ഏറ്റവുമവസാനം ഞങ്ങള്‍ ചെന്നെത്തിയത് തകര്‍ന്നടിഞ്ഞ ഒരു കുടിലിലായിരുന്നു.......അവിടെ ഭയംകൊണ്ട്‌ വിറങ്ങലിച്ചുപോയ ചില മനുഷ്യക്കോലങ്ങളെക്കണ്ടു......അവരുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്‍റെ പാടുകള്‍ കാണാമായിരുന്നു.........

അവര്‍ക്ക് അപ്പം മുറിച്ചുകൊടുക്കുന്ന, അവരുടെ മുറിവുകള്‍ വച്ചുകെട്ടുന്ന ആള്‍ അവരോടും ഞങ്ങളോടുമായി പറഞ്ഞു........നിങ്ങള്‍ക്ക് സമാധാനം......
ഞങ്ങളറിയാതെ പറഞ്ഞുപോയി........ക്രിസ്തു.......ക്രിസ്തുസഭ.................

കണ്ടുമുട്ടിയ എല്ലാവരോടും ആ കുടില്‍ ചൂണ്ടിക്കാണിച്ച് ഞങ്ങള്‍ പറഞ്ഞു.......അതാ ക്രിസ്തു അവിടെ..............അവന്‍റെ ശരീരമാകുന്ന സഭ അവിടെ.....

ആരും ഞങ്ങളെ വിശ്വസിച്ചില്ല.............ചിലര്‍ പരിഹസിച്ചു....ചിലര്‍ രൂക്ഷമായി ഞങ്ങളെ നോക്കി.....മറ്റുചിലര്‍ ആക്രോശിച്ചു...

എല്ലാവരും വാനോളംകെട്ടിപ്പൊക്കിയ അലങ്കരിച്ച "എ ക്ലാസ്സ്" കെട്ടിടങ്ങളിലേക്കുള്ള ഓട്ടത്തിലായിരുന്നു................

(ഇത് എഴുതുന്നത്‌ അക്രമം പെരുകുന്ന ഒരു സമൂഹത്തില്‍ ക്രിസ്തു എവിടെ എന്ന ചോദ്യത്തില്‍ നിന്നുമാണ്)

ഓ....പിന്നേ.....!

ഓ....പിന്നേ.....!
==============

അവന്‍റെ/അവളുടെ ഒരു ഗമ! ( ഒരു നല്ല വസ്ത്രം ധരിച്ചാല്‍.....ഒന്ന് നന്നായി ഒരുങ്ങിയാല്‍..........)

അവന്‍റെ/അവളുടെ ഒരു പൊത്തക(പുസ്തക) വായന..........! 
(ഗൌരവമായി എന്തെങ്കിലും വായിച്ചാല്‍.......)

ഓ പിന്നേ......അവന്‍റെയൊരു എഴുത്ത്.........ഇവനെന്നാ എഴുത്തച്ഛനോ? ( എന്തെകിലും ഒന്ന് നന്നായി കുത്തിക്കുറിച്ചാല്‍)

ഓ പിന്നേ.......അവന്‍/അവള്‍ എന്നെ ഞൊട്ടും........( നിലപാടുകളെ വിമര്‍ശിച്ചാല്‍.........)

ഓ പിന്നേ.....അവള്‍/അവനാരാ? ഇവിടുത്തെ പ്രധാനമന്ത്രിയോ? ( ഒരല്‍പം നേതൃത്വപാടവം കാണിച്ചാല്‍)

ഓ പിന്നേ........അവളാരാ ഐശ്വര്യാറോയിയോ......( ഒരല്‍പം അംഗീകാരം/ അഭിനന്ദനം ലഭിച്ചാല്‍.....)

ഓ പിന്നേ.....അവളുടെയൊരു/ അവന്‍റെയൊരു ഉദ്യോഗം....( ഒരു നല്ല ജോലി അയല്‍ക്കാരന്/അയല്‍ക്കാരിക്ക് ലഭിച്ചാല്‍......)

ഓ പിന്നേ .....അവളൊരു ശീലാവതി/ അവനൊരു ഹരിശ്ചന്ദ്രന്‍.! ( ഒരല്‍പം സത്യസന്ധത കാണിച്ചാല്‍.....)

ഓ പിന്നേ.......അവനൊരു നീതിമാന്‍..........( ഒരല്‍പം നീതിബോധം കാണിച്ചാല്‍....)

അങ്ങനെയങ്ങനെ സുറിയാനിക്ക്രിസ്ത്യാനികളുടെ “ഓ....പിന്നേ” തുടരുന്നു..........മറ്റുള്ളവരെ അംഗീകരിക്കാന്‍ വിമുഖത കാട്ടുന്ന നമ്മള്‍..........പുച്ഛമെന്ന ഭാവം വല്ലാതെയുള്ളവര്‍.....!!!!!!!!!!!!!!!!
===========
പ്രേരണ – മാധ്യമത്തിലെ ബെന്യാമീന്‍റെ (madhyamam weekly page 35, 2016 August 1) പത്തനംതിട്ടക്കാരെക്കുറിച്ചുള്ള ഈവാചകം........ “ “ഓ പിന്നേ”.....എന്ന പുച്ഛമാണ് സ്ഥായീഭാവം” 
==============
സജീവച്ചന്‍

ഞാന്‍ എന്നോടുതന്നെ പറഞ്ഞ ചില കാര്യങ്ങള്‍.....................

ഞാന്‍ എന്നോടുതന്നെ പറഞ്ഞ ചില കാര്യങ്ങള്‍.....................

ഒന്ന് – നമുക്കൊന്നും തനിയെ നേടാന്‍ കഴിയില്ലെന്നറിയുക. ജീവിതമൊരു സംഘയാത്രയാണ്. താന്‍ എന്തെങ്കിലും തനിയെ നേടി എന്ന്‍ ആരെങ്കിലും കരുതുന്നുവെങ്കില്‍....... ഓര്‍ക്കുക........... നമ്മള്‍ ദൈവത്തില്‍നിന്നും വളരെ അകലെയാണ്

രണ്ട് – സമൂഹമാധ്യമങ്ങളില്‍ വരുന്ന സുഹൃത്തുക്കളുടെയും, പരിചയക്കാരുടെയും ചിരിക്കുന്ന മുഖങ്ങളും, അലങ്കാരങ്ങളും, ഇടങ്ങളും കണ്ട് നെഞ്ച് പൊട്ടിക്കരുത്. തങ്ങളുടെ നഷ്ടങ്ങള്‍ ആരും കൊട്ടിഘോഷിക്കാറില്ല.

മൂന്ന് – അതിവിനയം, അതിഭാവുകത്വം അതിപ്രകടനപരത തുടങ്ങിയ എല്ലാ “അതി”യിലും എന്തോ കൃത്യമായ അജണ്ടകള്‍ ഉണ്ട്. അല്ലെങ്കില്‍ എന്തൊക്കെയോ മറച്ചു വയ്ക്കാനുള്ള ഭാവമുണ്ട്......ചതിയുടെ ഭാവങ്ങള്‍ ഉണ്ട്.....തിരിച്ചറിയുക......(നമ്മില്‍പ്പോലും)

നാല് – എവിടെയും വലിഞ്ഞുകയറി പോകരുത്. ക്ഷണിക്കപ്പെടുകയോ, ആവശ്യമുള്ളയിടത്തോ, അത്രക്കും സ്വാതന്ത്ര്യമുള്ളയിടത്തോ മാത്രം കയറിച്ചെല്ലുക. ഔപചാരികമായ എല്ലാ വാഗ്ദാനങ്ങളും വിശ്വസിക്കരുത്..... വീട്ടിലേക്ക് എപ്പോള്‍ വേണമെങ്കിലും വരിക........വിളിച്ചാല്‍ മതി, ഞാന്‍ വരാം.........ഞാന്‍ കൊണ്ടുപോകാം..........തുടങ്ങിയവക്ക് ചിരിച്ചുകൊണ്ട് നന്ദി പറയുക...

അഞ്ച് – ഇന്ന് വാക്കുകളില്‍ ആത്മാര്‍ത്ഥത കുറയുന്നു .....പക്ഷേ, സുഖിപ്പിക്കല്‍, അവതരണമികവ്, ഭാവാഭിനയം തുടങ്ങിയവകളാണ് കൂടുതല്‍.....“ആത്മീയഗോളത്തിലും”, “ഭൌതികഗോളത്തിലും” എല്ലായിടത്തും ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നു........ചെറുപ്പക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക.......എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന പലരുടെ പ്രയോഗങ്ങളിലും മുകളില്‍ ഞാന്‍ പറഞ്ഞവകള്‍ അടങ്ങിയിട്ടുണ്ട്......ജാഗ്രതൈ

ആറ്- പൊതുമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ജാഗ്രതയുള്ളവരാകണം............എല്ലാവരും എല്ലാവരെയും അവനവന്‍ പക്ഷത്താക്കുവാനുള്ള ശ്രമം അധികമായുണ്ട്................ആരുടേയും വാക്കുകള്‍ അന്ധമായി വിശ്വസിക്കരുത്........പ്രത്യേകിച്ചും മറ്റുള്ളവരുടെ കുറവുകള്‍ നമ്മെ പഠിപ്പിക്കുന്നവരെ...............പൊതുവായും, വ്യക്തിപരമായും ക്രിയാത്മക വിമര്‍ശനങ്ങള്‍ നടത്തുന്നവരെ കൂടുതല്‍ കേള്‍ക്കുവാന്‍ തയ്യാറാവുക.....പല ശബ്ദങ്ങളും നാഥാന്‍റെ ശബ്ദങ്ങളാവും

ഏഴ്- പച്ചയായ മനുഷ്യരാവുക.........ഇരട്ടമുഖം, പിശാച് വസിക്കുന്നതിന്‍റെ ലക്ഷണമാണ്.......വാക്കിലും, പ്രവര്‍ത്തിയിലും.......കാണുമ്പോള്‍ പഞ്ചാരവര്‍ത്ത‍മാനം പറയുകയും അവര്‍ പോകുമ്പോള്‍ പരിഹസിക്കുകയും ചെയ്യുന്ന പ്രവണത ക്രിസ്തീയശുശ്രൂഷകരുടെ ഇടയില്‍ വര്‍ധിക്കുന്നുണ്ട്.

എട്ട് – ജീവിതബോധ്യങ്ങളും, വിശ്വസിക്കുന്ന കാര്യങ്ങളും മാത്രം പറയുക, പ്രവര്‍ത്തിക്കുക............ആരെയും പ്രസാദിപ്പിക്കുവാന്‍ ഒന്നും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യരുത്.......താല്‍ക്കാലിക മുന്നേറ്റം നമുക്കുണ്ടായേക്കാം......പക്ഷേ........അവസാനലാപ്പില്‍ നാം തോറ്റുപോകും

ഒന്‍പത് – നമ്മിലെ വിശ്വാസം അപരനിലേക്ക് സൌരഭ്യവാസനകണക്കെ ഒഴുകുമ്പോഴാണ് അത് യഥാര്‍ത്ഥ വിശ്വാസമാകുന്നത്.....നമ്മില്‍ കെട്ടിക്കിടക്കുന്ന വിശ്വാസം ചത്തവിശ്വാസമാണ്............

പത്ത്‌ - ജീവിക്കുന്ന പത്രങ്ങളാകുക...............കമ്പോളത്തിലെ പരസ്യം കണക്കെ ജീവിതത്തെ തീര്‍ക്കരുത്........അധികകാലം പരസ്യത്തിലൂടെ നിലനില്‍ക്കാനാവില്ല.......മറ്റുള്ളവര്‍ നമ്മെ അല്‍പന്മാരായിക്കാണുന്ന കാലം ഒരിക്കല്‍ വരും......ദൈവം നമ്മെ ഉമിണ്ണുകളയുന്ന കാലവും.............
=========================================
സജീവച്ചന്‍
=============

ഒരല്‍പം തളര്‍ന്നുപോയ എന്‍റെ പ്രിയസുഹൃത്തിന്

ഒരല്‍പം തളര്‍ന്നുപോയ എന്‍റെ പ്രിയ സുഹൃത്തിന്
================================================
പ്രിയ സുഹൃത്തേ.........................
ജീവിതം തല്ലിത്തോല്‍പ്പിക്കാനുള്ളതല്ല, കരഞ്ഞുതീര്‍ക്കാനുമുള്ളതല്ല....... നല്ല സഖാവായിരിക്കുവാനും, പ്രവാചകനായിരിക്കുവാനുമാണ്................

നിന്‍റെ കരച്ചിലുകള്‍ ദൈവസന്നിധിയിലെത്തുന്ന പ്രാര്‍ത്ഥനകളാണ്.......നിന്‍റെ കണ്ണുനീര്‍ ദൈവസന്നിധിയിലെ വഴിപാടുകളായി രൂപാന്തരപ്പെടുന്നു.........

നിന്‍റെ ഇല്ലായ്മകള്‍ ദൈവികകരുതലിന്‍റെ അടയാളപ്പെടുത്തലുകളായി മാറുന്ന കാലം വരുന്നു........തളരരുത്........ജീവിക്കുക..........

നിന്‍റെ നിലപാടുകള്‍, ആദര്‍ശങ്ങള്‍, കാഴ്ചപ്പാടുകള്‍ നിന്നെ ഒന്നുമില്ലാത്തവനാക്കിയിരിക്കാം.....പക്ഷേ, പതറരുത്.........നീ ദൈവത്തിന്‍റെ മകനാണ്......നിന്നിലാണ് ദൈവരാജ്യത്തിന്‍റെ ഉദയം...........വിശ്വാസത്തില്‍ കരുത്തുള്ളവനാകുക.......

ഒരുപക്ഷേ...........നിന്‍റെ സഹയാത്രികര്‍പോലും, ഒരുമിച്ച് സ്വപ്നം പങ്കിട്ടവര്‍പോലും, ജീവിതദര്‍ശനം രൂപപ്പെടുത്തിയവര്‍പോലും...........കോലവും, ദര്‍ശനവുമൊക്കെ കേവലനേട്ടങ്ങള്‍ക്കായി പണയപ്പെടുത്തിക്കാണും...........പക്ഷേ, തളരരുത്...........ക്രിസ്തുവിനുപോലും അതനുഭവിക്കേണ്ടിവന്നിട്ടുണ്ട്........നിന്‍റെ വഴിതന്നെയാണ് നേരിന്‍റെ, സത്യത്തിന്‍റെ, നീതിയുടെ വഴി.............കുഴഞ്ഞുപോയ നിന്‍റെ കാലുകളെ സര്‍വ്വശക്തിയുമെടുത്ത് മുന്‍പോട്ട് വയ്ക്കുക..............

നീ നിന്നിലേക്ക് നോക്കുക.......നിന്‍റെ മണ്ണിലേക്ക് നോക്കുക......നിന്‍റെ ജീവിതപരിസരങ്ങളിലേക്ക് നോക്കുക............നിക്ഷേപം അവിടെത്തന്നെയുണ്ട്...........അത് കണ്ടെത്തുക.........
ഓടിത്തളര്‍ന്ന നീയെന്തിന് വിഴുപ്പുഭാണ്ഡങ്ങളും, നാളെയുടെ ഭാണ്ഡങ്ങളും ഇന്ന് ചുമക്കുന്നു? ഒരു പോരാളി ജീവിക്കുന്നത് ഇന്നാണ്.....ഇന്നലെകളിലും, നാളെകളിലുമല്ല...........

എല്ലാവരും നിന്ദിച്ചപ്പോഴും ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികള്‍ തെരഞ്ഞെടുത്തവനാണ് നീ.............പരിഹാസങ്ങള്‍ക്ക്മുന്‍പില്‍ ബധിരനാവുക...........നിനക്കുമുന്‍പില്‍ നീ ഇതുവരെയും സഞ്ചരിച്ചിട്ടില്ലാത്ത വഴികളുണ്ട്........ക്രിസ്തു സഞ്ചരിച്ച വഴികള്‍........പ്രത്യാശയുള്ളവനാകുക........
പ്രിയ സുഹൃത്തേ.........മാമ്മോന്‍റെ ക്രമത്തില്‍ നിനക്ക് പൊരുത്തപ്പെടുവാന്‍ കഴിയില്ലായിരിക്കാം......അതാണ്‌ നിന്‍റെ സ്വത്വം.......പൊരുത്തപ്പെടരുത്.........മാമ്മോന്‍റെ ക്രമത്തെനോക്കി രൂക്ഷപരിഹാസം നടത്തിത്തന്നെ മുന്നോട്ടു പോകുക.................

ദൈവം നിന്നോടുകൂടെത്തന്നെയാണ്..........ദൈവരാജ്യം നിന്നോടൊപ്പം.........
നിന്‍റെ ദാരിദ്ര്യവും, സംഘര്‍ഷങ്ങളും, നീതിയുടെ പോരാട്ടവും നിന്നോടൊപ്പം പങ്കിടുന്ന ക്രിസ്തു നിന്നോടുകൂടെ............

ഭീരുവാകാതെ ഉറപ്പുള്ളവനാകുക.......ദൈവികസമാധാനം നിന്നോടുകൂടെ........

ജീവന്‍ ജീവിച്ചുതന്നെ ജീവിതമാക്കുക...............ജീവിക്കാതെ ജീവിച്ചിട്ടെന്തുകാര്യം.......

ക്രിസ്തുവിനെ നോക്കുക........ക്രിസ്തുവിനെമാത്രം......

ഉപ്പുതൂണായിപ്പോയ ഈ ഞാന്‍

ഉപ്പുതൂണായിപ്പോയ ഈ ഞാന്‍
===============================
ദൈവമേ.............................
ചത്തപശുവിന്‍റെ തോലുരിഞ്ഞതിന്‍റെ പേരില്‍ ദളിതര്‍ക്ക് മര്‍ദ്ദനം...........
ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെ വ്യാപകമായ അക്രമങ്ങള്‍........
സ്വന്തംമണ്ണില്‍ വലിച്ചുകീറപ്പെടുന്ന ഒരു ജനത..........
ഇവര്‍ക്ക് വിമോചനമില്ലേ?
====================================================
ഇവിടെ ദളിത് -സ്വത്വം ഒരു ഉല്‍പ്പന്നം മാത്രമാകുന്നുവോ ദൈവമേ.....
രാഷ്ട്രീയക്കാര്‍ക്ക് വോട്ടെന്ന ഉല്‍പ്പന്നം......
ദൈവശാസ്ത്രജ്ഞര്‍ക്ക് ഒരു പഠനവിഷയം.......പ്രബന്ധവിഷയം..........
മറ്റുകുറേപ്പേര്‍ക്ക് സാമ്പത്തികതിരിമറി നടത്താനുള്ള ഒരു മേഖല................................
എക്യുമെനിക്കല്‍ മുതലാളിമാര്‍ക്ക് ദളിത്-സ്വത്വം ഒരു കോണ്‍ഫറന്‍സ് വിഷയം....................................
സുവിശേഷക്കച്ചവടക്കാര്‍ക്ക് ദളിത്-സ്വത്വം വെറുമൊരു തമാശ..............
====================================================
ക്രിസ്തുവേ.....................
ഞങ്ങളുടെ വായ്കളില്‍ മക്‌ചിക്കന്‍...........
ഞങ്ങളുടെ കരങ്ങളില്‍ അധികാരചിഹ്നങ്ങള്‍..........
ഞങ്ങളുടെ ശരീരങ്ങളില്‍ മാമ്മോന്‍റെ കൊഴുപ്പ്...................
ഞങ്ങളുടെ സങ്കല്‍പങ്ങളില്‍ വന്നുചേരാനിരിക്കുന്ന സ്ഥാനമാനങ്ങള്‍..............
ഞങ്ങളുടെ ഹൃദയങ്ങളില്‍ യജമാനന്മാര്‍ക്കുവേണ്ടി/ലാഭത്തിനുവേണ്ടി നുരഞ്ഞുപൊന്തുന്ന സംഗീതം...........................
====================================================
പരിശുദ്ധാത്മാവേ.......................
ഞങ്ങളുടെ ശ്വാസത്തില്‍ ജാതീയത................ഞങ്ങളുടെ ഭാഷയില്‍ അവജ്ഞ..................ഞങ്ങളുടെ മനസ്സില്‍ അന്ധകാരം..............
===================================================
യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പണ്ടൊരിക്കല്‍ പറഞ്ഞു.......മനുഷ്യജീവന്‍റെ താല്‍പര്യങ്ങളാവണം സഭയുടെ താല്‍പര്യങ്ങളെന്ന്.................
പക്ഷേ.....ഞങ്ങളിന്ന്..............മധുരത്തിന് ചുറ്റും വട്ടം കറങ്ങുന്ന ഉറുമ്പുകളെപ്പോലെ അധികാരത്തിന്‍റെ, സമ്പത്തിന്‍റെ, പ്രശസ്തിയുടെ, സ്വീകാര്യതയുടെ ചുറ്റും വട്ടം കറങ്ങുന്നു...............
ഇവിടെ ഞാന്‍ ആര്‍ക്കോവേണ്ടി അലമുറയിടുന്നു.........
അപ്പോഴും ദളിതര്‍ ജീവനായി അലമുറയിടുകയായിരുന്നു..............ഞാനാകട്ടെ ശീതീകരിച്ച മുറിയിലിരുന്ന് എനിക്ക് ലഭിക്കുവാന്‍ പോകുന്ന കസേരകണ്ട് ആനന്ദിക്കുകയായിരുന്നു.........
===============================================
ത്രിയേകദൈവമേ...................സഭയിന്ന് വഴിപോകുന്നവര്‍ ചവിട്ടുന്ന കാരമില്ലാത്ത ഉപ്പായിപ്പോയോ? ഈ ഞാന്‍ ഉപ്പുതൂണുമായിപ്പോയോ?

ഗുരുവേ നമോവാകം................






ഗുരുവേ നമോവാകം................
============================

വിപ്ലവത്തിന് പലമുഖങ്ങള്‍ ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്......................

കാര്‍ക്കശ്യത്തിന്‍റെ, വീര്യത്തിന്‍റെ, കരുത്തിന്‍റെ, ആത്മവിശ്വാസത്തിന്‍റെ, ശാന്തതയുടെ അങ്ങിനെ പലതും.................................................

അതില്‍ ശാന്തതയുടെ മുഖമാണ് സാം ഫിലിപ്പ് എന്ന തിരുവല്ലാക്കാരന്‍ അധ്യാപകനില്‍ ഞാന്‍ കണ്ടിട്ടുള്ളത്......അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു........അദ്ദേഹത്തിന്‍റെ ഓര്‍മകള്‍ക്കുമുന്‍പില്‍ ശിരസ്സുനമിക്കുന്നു............

കലാപം ഉള്ളില്‍ തിളച്ചുമറിയുമ്പോഴും ശാന്തത തളംകെട്ടിയ ഭാവം............പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളുടെ തീച്ചൂളയിലും മായാത്ത പുഞ്ചിരി വിടരുന്ന മുഖം............

സത്യങ്ങള്‍ മുഖത്തുനോക്കി പറയുമ്പോഴും ഒട്ടും വികാരത്തള്ളിച്ചയില്ലാത്ത ഭാവം........

പ്രക്ഷുബ്ധതയുടെ മധ്യത്തിലും സാവധാനത കാത്തുസൂക്ഷിച്ചിരുന്ന ശരീരഭാഷ.................

പ്രതിഷേധിക്കുമ്പോഴും പരസ്പരബഹുമാനം നിറഞ്ഞുതുളുമ്പിയ വാക്കുകള്‍..............

ബദല്‍ജീവിതമാര്‍ഗം അവലംബിക്കുമ്പോഴും ഒട്ടും കൊട്ടിഘോഷങ്ങളില്ലാത്ത പ്രകൃതം..........................

ഒട്ടും ആടയാഭരണങ്ങളില്ലാതെ ജീവിച്ച പച്ചയായ മനുഷ്യന്‍........ജീവിതം വെട്ടിപ്പിടിക്കലല്ലെന്ന് പറയാതെ പറഞ്ഞ സുവിശേഷകന്‍

ഹൃദയത്തിലും, ജീവിത ദര്‍ശനത്തിലും, വാക്കിലും, പ്രവൃത്തിയിലും വേദപുസ്തകദര്‍ശനം കവിഞ്ഞൊഴുകിയ ഒരു ക്രിസ്തുശിഷ്യന്‍.........

സഭയുടെ ചില നിലപാടുകളോട് കലഹിക്കുമ്പോഴും, ഭൂരിപക്ഷത്തോടൊപ്പം നടക്കാതിരിക്കുമ്പോഴും, പുതുയുഗപ്പിറവിക്കായി കാത്തിരിക്കുന്ന ഒരു യഥാര്‍ത്ഥ ആരാധകന്‍.........

പലപ്പോഴും ദൂരെനിന്ന് സാറിനെ കാണുമ്പോഴും വളരെ അടുത്ത് നില്‍ക്കുന്ന ഒരു സഹോദരന്‍റെ സാമീപ്യം ഞാന്‍ അദ്ദേഹത്തില്‍ അനുഭവിച്ചിട്ടുണ്ട്............

എന്നെക്കാളും എത്രയോ ഉയരത്തില്‍ (ദര്‍ശനത്തിലും, പ്രവൃത്തിയിലും, മൂല്യങ്ങളുടെ സംവേദനത്തിലും)സാം സാര്‍ നില്‍ക്കുമ്പോഴും എന്നെ സ്നേഹാദരവുകളോടെ സ്വീകരിപ്പാന്‍ സാറിന് കഴിഞ്ഞത് എന്നെ എന്നും അമ്പരപ്പിച്ചിട്ടുണ്ട്................

തിരികെ ഒന്നും വാങ്ങാതെ/പ്രതീക്ഷിക്കാതെ പലതും അകമഴിഞ്ഞ് നല്‍കിയ ഒരു ക്രിസ്തുവിശ്വാസി.............

സാറിന്‍റെ ജീവിതത്തിനുമുന്‍പില്‍ ഈ സഹയാത്രികന്‍റെ ഒരിറ്റു കണ്ണീര്‍........ജീവിക്കണമെങ്കില്‍ സാറിനെപ്പോലെ ജീവിക്കണമെന്ന് കൊതിച്ചുപോകുന്നു......കഴിയാതെ ഞാന്‍ പകച്ചുനില്‍ക്കുന്നു

ഗുരുവേ അങ്ങേക്ക് പ്രണാമം...........................

വഴിവിളക്ക്.............................


വഴിവിളക്ക്.............................

പട്ടത്വശുശ്രൂഷയില്‍ പതിനെട്ട് വര്‍ഷം ഞാനിന്ന് (13-7-16) പൂര്‍ത്തിയാക്കുന്നു......എന്‍റെ വഴിവിളക്കായ ക്രിസ്തുവിന് സ്തുതി...........

ക്രിസ്തുവേ.......അങ്ങയോടൊപ്പം എന്നേയും കൂട്ടുക.........

അങ്ങയുടെ മൊഴികളെ ഞാന്‍ ഒരു വഴിവിളക്കായി കരുതിക്കൊള്ളട്ടെ........
ഒരു ഏറ്റുപദേശിയായി എന്നെ നിയോഗിക്കുക.......ജീവനുള്ള അങ്ങയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ട് പറയുവാന്‍ തെളിമയുള്ള ഒരു മനസ്സും, വ്യക്തതയുള്ള കാതും, സൂക്ഷ്മതയുള്ള അധരവും, തീക്ഷ്ണമായ ദൈവികബോധ്യവും തന്നെന്നെ അനുഗ്രഹിക്കുക............................

ഒരു വിളമ്പുകാരനായി എന്നെ അഭിഷേകം ചെയ്യുക........അങ്ങയില്‍നിന്ന് പുറപ്പെടുന്ന ജീവന്‍റെ അപ്പം വിളമ്പുവാന്‍ കളങ്കിതമായ എന്‍റെ കരങ്ങളെ വിശുദ്ധീകരിക്കുക.....

ഒരു പരിചാരകനായിപ്പാന്‍ എന്നെ അനുവദിക്കുക............അങ്ങയുടെ തീന്‍മേശതുടപ്പാനും, അങ്ങ് കഴിച്ച പാത്രം കഴുകുവാനും എന്നെ നിയോഗിക്കുക.......................

ക്രിസ്തുവേ......ബലഹീനനായ എന്നെ അങ്ങയുടെ ഒരു പകര്‍പ്പെഴുത്തുകാരനാക്കുക..........അങ്ങ് ചൊല്ലിത്തരുന്ന പ്രാര്‍ത്ഥനാഗീതം കേട്ട് പഠിച്ച് ചൊല്ലുവാനെന്നെ അങ്ങയുടെ ഉപാസകനായി എന്നെ രൂപപ്പെടുത്തുക............ആരാധനാഗീതം ഏറ്റുവാങ്ങുന്ന ഒരു മുളംതണ്ടായി എന്നെ മെനയുക...........................

ദൈവകൃപയൊഴുകുന്ന ഒരു നീര്‍ച്ചാലായി എന്നെ പണിയുക........ വീണ്ടെടുപ്പിന്‍റെ സംഗീതം എന്നിലൂടെ പകരുക............ക്രിസ്തുവേ.........കുന്തിരിക്കത്തിന്‍റെ ഗന്ധം എന്നില്‍ തളിക്കുക......

ക്രിസ്തുവേ......ധൂപം വഹിക്കുന്ന പാത്രമായി എന്നെ ഉപയോഗിക്കുക........എന്‍റെ സ്വത്വം, ധൂപവുമായി ലയിപ്പിക്കുവാന്‍ എന്നെ അനുവദിക്കുക...............ഞാന്‍ എരിഞ്ഞില്ലാതെയാകട്ടെ......................

അനുതാപത്തിന്‍റെ സങ്കീര്‍ത്തനം എന്നില്‍ നിറക്കുക..........അര്‍പ്പണത്തിന്‍റെ സംഗീതം എന്നില്‍ പകരുക.........എന്നെ ഒരു സുഗന്ധവസ്തുവാക്കുക..........
ക്രിസ്തുവേ.............കെട്ടുപോയ എന്നിലെ അഗ്നി അവിടുത്തെ ആത്മാവിനാല്‍ ജ്വലിപ്പിക്കുക....

ക്രിസ്തുവേ................ഞാന്‍ പടിയിറങ്ങുകയാണ്.......ഞാന്‍ ചാടിക്കയറിയ ഉന്നതിയുടെ പടവുകള്‍......

ക്രിസ്തുവേ........ഞാന്‍ യാത്രതിരിക്കുകയാണ്.........

ഞാന്‍ തിരിച്ചറിയുന്നു.........എന്‍റെ സഹയാത്രികനും, എന്‍റെ ലക്ഷ്യവും, എന്‍റെ വഴിവിളക്കും, പാഥേയവും ഒന്നാണെന്ന്.....................ആമേന്‍

സജീവച്ചന്‍

12-07-16 ലെ ചില ധ്യാനങ്ങള്‍.................

12-07-16 ലെ ചില ധ്യാനങ്ങള്‍.................

ഒന്ന്, ജീവിതസമരത്തിന്‍റെ ബാക്കി പത്രം നഷ്ടങ്ങള്‍ മാത്രം...നഷ്ടങ്ങള്‍ ബാക്കിപത്രമായവരുടെ ഗണത്തിലാണ് ക്രിസ്തുവും..........

രണ്ട്, നിലപാടുകള്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളോര്‍ത്ത് 
ദുഃഖിക്കരുത്.........അത് സൂചിപ്പിക്കുന്നത് നാം പുതിയ ആകാശത്തിന്‍റെയും, പുതിയ ഭൂമിയുടേയും ദിശയിലാണ്‌ യാത്ര ചെയ്യുന്നതെന്നാണ്.......

മൂന്ന്, നമ്മെ അവഗണിക്കുന്നവരെ അവരുടെ വഴിക്ക് വിടുക......അവരോട് ശത്രുത പുലര്‍ത്തരുത്.............ജീവിതയാത്രയില്‍ എന്നെങ്കിലും അവരെ കണ്ടുമുട്ടിയാല്‍ ഒരു പുഞ്ചിരി സമ്മാനിക്കുക........

നാല്, ആരേയും പ്രീതിപ്പെടുത്താനുള്ളതല്ല ഈ ജീവിതം.......കാരണം ഒരിക്കലും ആരേയും എല്ലാക്കാലത്തും പ്രീതിപ്പെടുത്താന്‍ കഴിയില്ല എന്നതുതന്നെ.......ഒന്നുകില്‍ നാം ആരുടെയെങ്കിലും ആശ്രിതനാവണം(ദൈവം തന്ന സ്വത്വം ചിലര്‍ക്ക് പണയം വയ്ക്കണം) അല്ലെങ്കില്‍ നാം യജമാനര്‍ ആകണം(ചിലരെ കീഴ്പ്പെടുത്താന്‍ ദൈവം തന്ന സ്വത്വം നാം ഉപയോഗിക്കണം)......ഇത് രണ്ടും നമ്മെ നാമല്ലാതാക്കും..........

അഞ്ച്, ആരെല്ലാം കൂടെയുണ്ടെങ്കിലും....ഓര്‍ക്കുക........ജീവിതയാത്ര തനിച്ചാണ്..........അതുകൊണ്ട് ധാര്‍മികമായ കരുത്ത് നഷ്ടപ്പെടുത്തരുത്........അതാണ്‌ ജീവിതയാത്രയിലെ പാഥേയം

ആറ്, നമ്മുടെ സ്വത്വം ഒരു വലിയ ഖനിയാണ്.....ആഴത്തിലേക്ക് പോയി നമ്മിലെ നിക്ഷേപങ്ങളെ കണ്ടെത്തുക......യാത്ര, വായന, നിരന്തരമായ ഇടപെടലുകള്‍, പ്രകൃതിയുമായി ഇണങ്ങിയുള്ള ജീവിതം, ദൈവത്തോടുള്ള നിരന്തര സംവാദം, സുഹൃത്തുക്കള്‍.....തുടങ്ങിയവ നമ്മിലെ ദൈവിക നിക്ഷേപങ്ങളെ കണ്ടെത്തുവാന്‍ സഹായിക്കും.......

ഏഴ്, ജീവിതം ഒരു സമരമാണ്.........ദൈവവും ഒരു സമരത്തിലാണ്.........നമ്മിലെ അഗ്നി ഊതിക്കെടുത്തുവാന്‍ പിശാച് എപ്പോഴും ശ്രമിക്കും............വീണുപോകരുത്.........ചെറിയ ഇരയെ കാണിച്ച് പിശാച് നമ്മെ കുടുക്കുവാന്‍ ശ്രമിക്കും....ജാഗ്രതയുള്ളവരാകുക

എട്ട്, പുകഴ്ത്തലുകളില്‍ മതിഭ്രമം പിടിക്കുകയോ, ഇകഴ്ത്തലുകളില്‍ തളര്‍ന്നുപോകുകയോ ചെയ്യരുത്..........പല പുകഴ്ത്തലുകളും ആതമാര്‍ത്ഥത ലവലേശം ഇല്ലാത്തതും പല ഇകഴ്ത്തലുകളും ശത്രുതയില്‍ നിന്നുമാണെന്നറിയുക..............

ഒന്‍പത്, ജീവിതം സാധാരണമാക്കുക........ആഡംബരജീവിതം നമ്മെ ദൈവത്തില്‍നിന്നും, മനുഷ്യനില്‍നിന്നും, പ്രകൃതിയില്‍നിന്നും അകറ്റും.........നമ്മുടെ നൈസര്‍ഗ്ഗികകമായ ജീവിതാനുഭവങ്ങളെ നശിപ്പിക്കുന്ന തരത്തില്‍ ജീവിതത്തെ സങ്കീര്‍ണ്ണമാക്കുവാന്‍ കമ്പോളത്തെ അനുവദിക്കയുമരുത്.......

പത്ത്‌, നമ്മള്‍ പേറുന്ന പല ഭാണ്ഡങ്ങളും വിഴുപ്പ്ഭാണ്ഡങ്ങളാണ്.........അര്‍ത്ഥമില്ലാത്തതാണ്.......വിലയുണ്ടെന്ന് കമ്പോളം പറയുന്ന മുക്കുപണ്ടങ്ങള്‍ മാത്രമാണ്.......വിഴുപ്പുഭാണ്ഡങ്ങളുടെ പിന്നാലെ പോയി ദൈവത്തെയും, ദൈവരാജ്യത്തെയും, മനുഷ്യരെയും, പ്രകൃതിയെയും മറക്കരുത്...... കാരണം ഇവകളില്ലെങ്കില്‍ നാം ജീവിച്ചിരിക്കുന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം............

ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ......നമുക്ക് ജീവിക്കാം......മരിച്ച് ജീവിക്കാതെ............ജീവിച്ചാലും മരിച്ചാലും ക്രിസ്തുവിനോടൊപ്പം ജീവിക്കാം.......ജീവന്‍റെ നിറവുള്ളവരായി......ആമേന്‍ 

സജീവച്ചന്‍...........

Wednesday, August 3, 2016

O God....

Dear Jesus, Our nation is weeping with the people of Kashmir..................

Lead us to repentance...
Guide us to Peace.........
Heal us....O God.....
Forgive us ....O Liberator......
Renew us .......O Christos.....

Reconcile us with you and the rest of the creation....
Incarnate into our hearts, minds, imaginations, perception, language and body................
Help us to come out of hatred, violence, discrimination and injustice...............
Let our nation enjoy peace..........let our people celebrate justice.....let our civil society uphold the ethos of life..............

May we be the community of repentance......
May we be the community of healing....
May we be the community of forgiveness....
May we be the community of reconciliation........
May be the community of justice........

Hep us to speak justice.....
Help us to use the language of life.....
Help to be the signs of Your Reign............
May the Parent God recreate us....
May the Christ, the redeemer redeem us
May the Holy Spirit brood over in our spaces
Amen........

പുത്തന്‍ വഴികളിലേക്ക് നയിക്കുന്ന ഉയിര്‍പ്പ്...................

പുത്തന്‍ വഴികളിലേക്ക് നയിക്കുന്ന ഉയിര്‍പ്പ്...................

ഉയിര്‍പ്പിലൂടെ ഞങ്ങളെ പ്രത്യാശയുടെ അനിര്‍വചനീയമായ വഴികളിലൂടെ വഴിനടത്തുന്ന ക്രിസ്തുവേ.....ദൈവമേ....
നിരാശയുടെ പടുകുഴിയിലായിരിക്കുന്ന എന്നെ ഉയിര്‍പ്പിക്കുക.......സാധ്യതകളുടെ തീരത്തേക്ക് എന്നെ വഴിനടത്തുക......

തളര്‍ന്നുപോയ എന്‍റെ ശരീരത്തിന് ഉയിര്‍പ്പിന്‍റെ കരുത്തുപകരുക........

രോഗാതുരമായ എന്‍റെ മനസ്സിന് ഉയിര്‍പ്പിന്‍റെ സൌഖ്യം നല്‍കുക.....

ഭയത്തിന്‍റെ തടവറയിലകപ്പെട്ടിരിക്കുന്ന എനിക്ക്, പ്രതീക്ഷയുടെ തിരിനാളം എന്‍റെ ബോധമണ്ഡലത്തിലേക്ക് അയച്ച് ഉയിര്‍പ്പിന്‍റെ ഗാനം ആലപിക്കുവാന്‍ എന്നെ പ്രാപ്തനാക്കുക........

കുഴഞ്ഞുപോയ എന്‍റെ കരങ്ങള്‍ക്ക്‌ ഉയിര്‍പ്പിന്‍റെ അദൃശ്യമായ സ്പര്‍ശം നല്‍കി ബലപ്പെടുത്തുക..........

ഉയിര്‍പ്പിന്‍റെ ശക്തി എന്നിലേക്ക് അയക്കുക.......എന്‍റെ നെടുവീര്‍പ്പുകളിലിഞ്ഞിരിക്കുന്ന ഞരക്കം അവിടുത്തെ സന്നിധിയിലെ ഒരു പ്രാര്‍ത്ഥനയായിത്തീരട്ടെ.......ബലഹീനന്‍റെ ഞരക്കത്തെ സ്വീകരിക്കുക..............

വരണ്ടുണങ്ങിപ്പോയ എന്‍റെ തൊണ്ടയിലേക്ക് ഉയിര്‍പ്പിന്‍റെ തെളിനീര്‍ പകരുക.......അങ്ങയോട് ഒന്നുരിയാടുവാന്‍ എന്നെ അനുവദിക്കുക........
ഉയിര്‍പ്പിന്‍റെ സംഗീതം മുഴക്കുവാന്‍, അസ്പഷ്ടമായ എന്‍റെ ശബ്ദത്തിന് ഉയിര്‍പ്പിന്‍റെ തെളിമ നല്‍കുക........................

ക്രിസ്തുവേ...........എന്‍റെ നിലവിളികള്‍ക്ക് (പുനരുത്ഥാനത്തിന്‍റെ മൂശയിലൂടെ കടത്തിവിട്ട്) പ്രാര്‍ത്ഥനയുടെ ഭാവം നല്‍കുക.......

മരണത്തിന്‍റെ ആഴങ്ങളിലേക്ക് കടന്നുപോയ എന്‍റെ ഓര്‍മകള്‍ക്ക് ഉയിര്‍പ്പിന്‍റെ പുതുജീവന്‍ പകരുക............മരുഭൂമിയായിപ്പോയ എന്‍റെ മനോധര്‍മ്മത്തിലേക്ക് ഉയിര്‍പ്പിന്‍റെ നീരുറവ അയക്കുക.......

ഉറങ്ങിപ്പോയ എന്‍റെ സര്‍ഗ്ഗശക്തിയെ ഉയിര്‍പ്പിന്‍റെ കരചലനത്താല്‍ തൊട്ടുണര്‍ത്തുക............

ഉയിര്‍പ്പിന്‍റെ നാഥനേ...............എന്‍റെ എമ്മവുസ്‌ വഴികളില്‍ എന്നോടൊപ്പം നടക്കുക.......ഉയിര്‍പ്പ് എന്നെ നിര്‍ബന്ധിക്കുന്ന യാത്രക്ക് ഒരുങ്ങുവാന്‍ എന്നെ പ്രാപ്തനാക്കുക..........

എനിക്കായി അപ്പം നുറുക്കുന്നവനേ......എന്നെ ഉയിര്‍പ്പിന്‍റെ സാക്ഷിയാക്കുക.........ആമേന്‍........

ദൈവാലയങ്ങളെ ബാധിച്ചിരിക്കുന്ന ചില ദുഷ്ടാത്മാക്കള്‍..........

ദൈവാലയങ്ങളെ ബാധിച്ചിരിക്കുന്ന ചില ദുഷ്ടാത്മാക്കള്‍..........

ഒന്ന്, കെട്ടിടത്തിന്‍റെ പ്രൌഡി, അലങ്കാരങ്ങള്‍, രൂപഭംഗി എന്നിവ സൃഷ്ടിക്കുന്ന ഒരുതരം മാനസിക വിഭൂതിയിലും, ആനന്ദത്തിലും, ദൈവത്തെ കുടിയിരുത്താമെന്ന ധാരണ......ക്രിസ്തുവും, കുരിശുമെല്ലാം അലങ്കാരവസ്തുക്കള്‍ മാത്രമായിത്തീര്‍ന്നത്..........

രണ്ട്, കൂദാശകളും, ആരാധനകളും, പ്രാര്‍ത്ഥനകളും, പരിപാടികളോ, സാങ്കേതികത്വങ്ങളോ ആയിത്തീര്‍ന്നു....അതോടൊപ്പം തന്നെ ഇവകളുടെ അവതരണമികവിന് അമിതപ്രാധാന്യവും കൈവന്നിരിക്കുന്നത്......

മൂന്ന്, അധികാരവടം വലികളും, അതില്‍ നിന്ന് രൂപപ്പെടുന്ന അധികാരകേന്ദ്രങ്ങളും, ആശ്രിതസംഘങ്ങളും.....ഇവകള്‍ പെറുന്ന മല്‍സരങ്ങളും, ആക്രോശങ്ങളും, വിഭജനങ്ങളും.........

നാല്, ഔപചാരികതകളായിത്തീര്‍ന്ന/ചടങ്ങുകളായിത്തീരുന്ന ബന്ധങ്ങള്‍, സംഭാഷണങ്ങള്‍, ഇടപെടലുകള്‍, പ്രാര്‍ത്ഥനകള്‍, സന്ദര്‍ശനങ്ങള്‍............

അഞ്ച്, പങ്കാളിത്ത-സഹകരണ-കൂട്ടയ്മാ-പങ്കിടല്‍ പ്രവര്‍ത്തനങ്ങള്‍ക്കു പകരമായി രൂപം കൊണ്ട സ്പോണ്‍സേര്‍ഡ്- വ്യക്തികേന്ദ്രീകൃത- താന്‍പ്രമാണിത്ത പ്രവര്‍ത്തനശൈലി.....................

ആറ്, ദൈവഭയം, മനുഷ്യബഹുമാനം, ജനാധിപത്യമനോഭാവം, വിശാലദര്‍ശനം, ഒത്തൊരുമ.............നഷ്ടപ്പെട്ട/നഷ്ടപ്പെടുന്ന തീരുമാനസംഘങ്ങള്‍

ഏഴ്, സമ്പത്ത്, മദ്യം, അധികാരം, വ്യക്തികളെ ഉപാസിക്കുന്ന രീതികള്‍, അഹന്ത, അതിരുകടന്ന/ ദുരഭിമാനമെന്ന് തിരിച്ചറിയാത്ത-അഭിമാനമെന്ന് തെറ്റിദ്ധരിച്ച ദുരഭിമാനത്തില്‍ ജഡമെടുത്ത സമുദായബോധം ....തുടങ്ങിയവകള്‍ നിയന്ത്രിക്കുന്ന ദൈവാലയ പരിസരങ്ങള്‍...................

എട്ട്, വേദപുസ്തകവും, പ്രാര്‍ത്ഥനാപുസ്തകവും, ചരിത്രകഥളും.......എവിടെയോ വച്ച് മറന്നുപോയ, മനനം ചെയ്യാന്‍ മറന്നുപോയ, നെഞ്ചിലേറ്റുവാന്‍ ലജ്ജകാണിക്കുന്ന, സഭാമക്കള്‍........ശുശ്രൂഷകര്‍

ഒന്‍പത്, അ‍വിവേകികളും, സ്വാര്‍ത്ഥതാല്‍പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നവരും, പ്രമാണിത്വഭാവമുള്ളവരും, ദൈവത്തെക്കാള്‍ മറ്റുപലതിനേയും ഭയക്കുന്നവരുമായ ദൈവാലയനടത്തിപ്പുകാര്‍......................(അതില്‍ ഈ ഞാനുമുണ്ടെന്ന് സമ്മതിക്കുന്നു)

പത്ത്, ക്രിസ്തുവിനെ കേവലമായി അറിയുന്നവരെങ്കിലും, ക്രിസ്തുവിനെ അറിയാത്ത, ക്രിസ്തുവില്‍ മുഴുകാത്ത, ക്രിസ്തുവിന്‍റെ ഭാവമില്ലാത്ത, ക്രിസ്തുവിന്‍റെ നീതിബോധമില്ലാത്ത, ക്രിസ്തുവിന്‍റെ ചരിത്രബോധമില്ലാത്ത, ക്രിസ്തുവിന്‍റെ വീണ്ടെടുപ്പിനെക്കുറിച്ച് ചര്‍ച്ചചെയ്യാത്ത, സാക്ഷ്യമില്ലാത്ത ആരാധനാനന്തരജീവിതത്തിന്‍റെ ഉടമകള്‍...............

ക്രിസ്തുവേ....ഞങ്ങളില്‍ വന്ന് നിറയുക, പാര്‍ക്കുക......ഞങ്ങളിലെ ദുഷ്ടാത്മാക്കളെ പുറത്താക്കുക........ഞങ്ങളെ വീണ്ടെടുക്കുക....ആമേന്‍

പെരുമാള്‍ മുരുകന്‍

പെരുമാള്‍ മുരുകനെന്ന എഴുത്തുകാരന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണമായിത്തീര്‍ന്ന കോടതിവിധിയില്‍ സന്തോഷിക്കുന്നു.......
ജീവനുള്ള അക്ഷരങ്ങളെ അലസിപ്പിക്കുവാന്‍ ശ്രമിക്കുന്ന പീഡകര്‍ക്ക് ഇതൊരു താക്കീതാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു...............
അക്ഷരങ്ങളെ ഭയക്കുന്നവര്‍ ആത്യന്തികമായി അധികാരപ്രമത്തതയുള്ളവരാണ്..........അക്ഷരങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ജനകീയ ഇടപെടലുകളെയാണ് അവര്‍ ഭയക്കുന്നത്.........
അക്ഷരങ്ങള്‍ തിരമാലപോലെ ആര്‍ത്തലക്കും........അത് കൊടുങ്കാറ്റുപോലെ അധികാരത്തിന്‍റെ കോട്ടകളെ ചുഴറ്റിയടിക്കും.......
ദൈവങ്ങളെ സൃഷ്ടിക്കുകയും അതിനെ വിപണിയില്‍ അതിസമര്‍ത്ഥമായി വില്‍ക്കുകയും ചെയ്യുന്നവര്‍ക്കും, മതവ്യഭിചാരക്കച്ചവടം നടത്തുന്നവര്‍ക്കും, അധികാരത്തിന്‍റെ സുഖം തലക്ക് പിടിച്ച കുറെ ഫാസിസ്റ്റ് ഗുണ്ടകളുമാണ് അക്ഷരങ്ങളെ ഭയക്കുന്നത്.........ഇവര്‍ ജീവന്‍റെ നാമ്പുകളെ തകര്‍ത്തെറിയുന്ന അര്‍ബുദം പോലെയാണ്.......മാരകമായ ഇത്തരം അര്‍ബുദകോശങ്ങളെ ചുട്ടെരിക്കുവാന്‍ അക്ഷരങ്ങള്‍ക്ക് കഴിയുമെന്ന് അവര്‍ തിരിച്ചറിയുന്നു..............
രാഷ്ട്രീയദല്ലാളരും, ജനാധിപത്യനിഷേധികളും, മതവ്യാപാരികളും എക്കാലവും അക്ഷരവൈരികളാണ്.............
അക്ഷരങ്ങള്‍ക്ക് ഇടുങ്ങിയ മതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും, മൂക്കുകയര്‍ ഇടുന്നവര്‍ക്കും ഒരു വെല്ലുവിളിയാകട്ടെ പെരുമാളിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.................