Powered By Blogger

Tuesday, June 19, 2012

മിഷന്‍ കണ്‍സള്‍ട്ടേഷന്‍



ഒരിടത്ത് ഒരിക്കല്‍ മിഷന്‍ കണ്‍സള്‍ട്ടേഷന്‍ നടക്കുകയാണ്...........

പങ്കെടുക്കുന്നവര്‍ - ‘പണ്ഡിതര്‍’, കാര്യക്ഷമതമാനേജ്മെന്‍റ് വിദഗ്ധര്‍, മിഷന്‍ സ്പോണ്‍സര്‍ ചെയ്യുവാന്‍ കഴിവുള്ള ധനികര്‍, ദൈവശാസ്ത്രജ്ഞര്‍, മിഷന്‍സംഘടന മേലധികാരികള്‍...........

വിഷയം – കാര്യക്ഷമതയോടുകൂടിയ മിഷന്‍ ഇന്ന്

ചൂടേറിയ ചര്‍ച്ചയില്‍ എല്ലാവരും അഗാധപാണ്ഡിത്യം പ്രകടിപ്പിച്ചു എന്നത് പറയാതെ വയ്യ..........

എത്രയും പെട്ടന്ന് കൂടുതല്‍ വളര്‍ച്ചയും നേട്ടവും എങ്ങിനെ കൈവരിക്കാമെന്നതിനെക്കുറിച്ച് കാര്യക്ഷമത മാനേജ്മെന്‍റ് വിദഗ്ധര്‍ വിശദമായി പ്രബന്ധം അവതരിപ്പിച്ചു.........

പണ്ഡിതര്‍ സിദ്ധാന്ത അടിത്തറ വിവരിച്ചു.........

സ്പോണ്‍സര്‍മാര്‍ ദശലക്ഷങ്ങളുടെ ചെക്കുകള്‍ ഉയര്‍ത്തിക്കാട്ടി.......ഏവരുടെയും മുഖം പ്രസന്നമായി............നീണ്ടുനിന്ന കരഘോഷത്തിനിടയില്‍ സ്പോണ്‍സര്‍മാര്‍ ഞെളിഞ്ഞിരുന്നു..........

ദൈവശാസ്ത്രജ്ഞരും മിഷന്‍ സംഘടന മേലധാരികളും വേലസ്ഥലത്തിന്‍റെ സാമൂഹികപശ്ചാത്തലവും മറ്റും വിവരിച്ചു..............

ചര്‍ച്ചയ്ക്കൊടുവില്‍ മിഷന്‍സംഘടന മേലധികാരി ഒരു ചോദ്യം ഉന്നയിച്ചു.........ആരെ അയക്കും?

കാര്യക്ഷമതയോടെ, ഊര്‍ജസ്വലതയോടെ, കാര്യപ്രാപ്തിയോടെ, ഫലപ്രാപ്തിയോടെ മിഷന്‍ പ്രവര്‍ത്തനം നടത്തുവാന്‍ ഒരാളുടെ പേര്‍ നിര്‍ദ്ദേശിക്കുക..........മേലധികാരി അധികാരഭാവത്തോടെ പറഞ്ഞു........സ്പോണ്‍സര്‍മാര്‍ അത് അംഗീകരിച്ചുകൊണ്ട് തലകുലുക്കി.....

പലപേരുകളും ഉയര്‍ന്നുവന്നു.........യോഗ്യരായി ആരെയും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.........!

ഒടുവില്‍ ഒരു സ്പോണ്‍സര്‍ പറഞ്ഞു നമുക്കൊരാളെ സമീപിക്കാം...........അയാള്‍ മിഷന്‍ പ്രവര്‍ത്തനത്തിനു യോജിച്ച ആളാണ്.....

എല്ലാവരും ഒരേശബ്ദത്തില്‍ ചോദിച്ചു ആരാണയാള്‍.......?

സ്പോണ്‍സര്‍ ശബ്ദമുയര്‍ത്തിപ്പറഞ്ഞു.............തച്ചനാണെങ്കിലും യേശുവിനെ ഞാന്‍ സ്പോണ്‍സര്‍ ചെയ്യാം.......അവന്‍ മിടുക്കനാണ്......അവനെ ഒരു ദൌത്യം ഏല്‍പ്പിച്ചാല്‍ മരിക്കേണ്ടി വന്നാലും അവന്‍ അതുചെയ്തിരിക്കും............!

എല്ലാവരും എഴുന്നേറ്റ്നിന്ന് കരഘോഷത്തോടെ ആ പേര് അംഗീകരിച്ചുകൊണ്ട് പറഞ്ഞു............വെല്‍ ഡണ്‍ മിസ്റ്റര്‍....വാട്ട്‌ എ വണ്ടര്‍ഫുള്‍ സജഷെന്‍.............

അദൃനായ ദൈവം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.......മനുഷ്യര്‍ ദൈവത്തെപ്പോലും സ്പോണ്‍സര്‍ ചെയ്യാന്‍ വളര്‍ന്നിരിക്കുന്നു.......

പുറത്തിറങ്ങിയ ദൈവം കടല്‍ക്കരയിലേക്ക് നടന്നു..............തന്‍റെ സഹപ്രവര്‍ത്തകരെ തേടിക്കൊണ്ട്..............

കൊയ്ത്തുവളരെയുണ്ട് വേലക്കാരോ ചുരുക്കം..........
‘പണ്ഡിതരും’, കാര്യക്ഷമത മാനേജ്മെന്‍റ് വിദഗ്ധരും, മിഷന്‍ സ്പോണ്‍സര്‍മാരും , ദൈവശാസ്ത്രജ്ഞരും, മിഷന്‍സംഘടന മേലധികാരികളും വളരെയുണ്ട്.............ദൈവരാജ്യപ്രവര്‍ത്തകരോ ചുരുക്കം.........

ഇതൊരു സ്വയം വിമര്‍ശനമാണ്........ഞാന്‍ ആരെ അയക്കേണ്ടു...ആര്‍ എനിക്കുവേണ്ടി പോകും എന്ന ദൈവത്തിന്‍റെ ചോദ്യത്തിനുമുന്‍പില്‍......അടിയങ്ങള്‍ ഇതാ അടിയങ്ങളെ അയക്കേണമേ........എന്നു പറഞ്ഞവരുടെ ചരിത്രമാണ് വേദപുസ്തകത്തിലും, സഭാചരിത്രത്തിലും ഉള്ളത്
എന്നാല്‍ ഇന്ന് അതേ ചോദ്യത്തിനുമുന്‍പില്‍  നല്‍കുന്ന മറുപടികള്‍ പലതാണ്........
എനിക്ക് അല്പം ബുദ്ധിമുട്ടുണ്ട്......
ഞാന്‍ ആരെ വേണമെങ്കിലും അയക്കാം......സ്പോണ്‍സര്‍ ചെയ്യാം......
ഞാന്‍ കാര്യങ്ങള്‍ നിയന്ത്രിക്കം....നീ പോയി വേലചെയ്യൂ........
വന്നുവന്ന് ദൈവത്തെപ്പോലും സ്പോണ്‍സര്‍ ചെയ്യുവാന്‍തക്കവണ്ണം നാം ധനികരായിരിക്കുന്നു........മിടുക്കരായിരിക്കുന്നു.....
സ്വയം വിമര്‍ശനമാണിത്, സ്വയം പരിഹാസമാണിത്......എന്നോട്തന്നെയുള്ള ഒരു സംവാദമാണിത്

Thursday, June 14, 2012

ജീവിതധര്‍മ്മം



കട്ടിത്തറകളോട് നിരന്തരം കലഹിക്കുക................അതാണ് നിന്‍റെ ജീവിതധര്‍മ്മം

വീടിനു മുന്‍പിലെ കാടുകയറിയ സ്ഥലത്ത് കുറച്ചു ചെടികള്‍ നടുകയെന്ന ചെറിയ ലക്ഷ്യം മുന്നില്‍ നിറുത്തി ഒരു മുറിയന്‍ പാന്‍റ് ധരിച്ചുകൊണ്ട് മുറ്റത്തിറങ്ങിയ എന്നെ വരവേറ്റത് കട്ടിത്തറയും, മുള്ളുകളും, പാറക്കഷണങ്ങളും, പഴയകെട്ടിടത്തിന്‍റെ സിമന്‍റ്പൊടിയും മറ്റുമാണ്.....

തറയില്‍ ആഞ്ഞുവെട്ടിയ എന്നോട് ഒട്ടും ഇളക്കം തട്ടിയിട്ടില്ലാത്ത കട്ടിത്തറ കലഹിച്ചു.......എന്തിനീ കൊലച്ചതി...ഞങ്ങളെ വെറുതേവിടൂ........ വാശിക്ക് എന്‍റെ മുഖത്തേക്ക് കുറെ കല്ലുകള്‍ തെറിപ്പിച്ചു........എങ്കിലും ഞാന്‍ ആഞ്ഞു വെട്ടി. അപ്പോഴും തറ എന്നോട് പറഞ്ഞു......ഞങ്ങള്‍ ഇങ്ങനെത്തന്നെ ഇരിക്കുവാന്‍ ആഗ്രഹിക്കുന്നു....ഞങ്ങള്‍ക്ക് മാറ്റം ഉണ്ടാവില്ല.......ഞങ്ങളെ മാറ്റാന്‍ ഒരുത്തന്‍ വന്നിരിക്കുന്നു....ഹും

മുള്‍ച്ചെടികളും എന്നോട് ചെറുത്തുനിന്നു........അവരും എന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു.....രോഷംപൂണ്ട് എന്‍റെ കൈകളില്‍ മുറിവുകള്‍ ഏല്‍പ്പിച്ചു.....ചോര പൊടിഞ്ഞു......

ഞാന്‍ നിരാശനായി....പിന്തിരിഞ്ഞാലോ എന്നു ചിന്തിച്ചു. പക്ഷേ..........ആത്മാവിന്‍റെ നിര്‍ബന്ധംമൂലം ഞാന്‍ ആഞ്ഞുവെട്ടിക്കോണ്ടേയിരുന്നു.......

പത്തു ദിവസം ഞാനും കട്ടിത്തറയും, മുള്‍ച്ചെടികളും തമ്മില്‍ കലഹിച്ചു.......നിരന്തരമായ കലഹത്തിലൂടെ ഒരു ചെറിയ പൂന്തോട്ടം എന്‍റെ മുറ്റത്ത്‌ വളര്‍ന്നു വന്നു.........

ഒരിക്കല്‍ പൂന്തോട്ടത്തില്‍ നിന്ന എന്നെനോക്കി അപ്പോള്‍ ആ വഴികടന്നുവന്ന വഴിപോക്കന്‍ ഒന്നു പുഞ്ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു ......കുറെ കലഹിച്ചു അല്ലേ...?  

ഞാനെന്‍റെ മറുപടി പുഞ്ചിരിയില്‍ ഒതുക്കി.....

ആ വഴിപോക്കന്‍ തുടര്‍ന്നു...........സുഹൃത്തേ ആരൊക്കെയോ നിരന്തരം ഈ സമൂഹത്തോട് കലഹിച്ചതുകൊണ്ടാണ് നീ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം യാഥാര്‍ത്യമായത്.......

ആരൊക്കെയോ ചില കട്ടിത്തറകളോട് കലഹിച്ചതുകൊണ്ടാണ് ഇന്നു കാണുന്ന പല പൂന്തോട്ടങ്ങളും വളര്‍ന്നത്........അവരെ ഓര്‍ക്കുക...അവരുടെ ചോരയ്ക്കും വിയര്‍പ്പിനും അനേകം കലഹത്തിന്‍റെ കഥ പറയുവാനുണ്ടാകും.........

ഇന്നു നീ അനുഭവിക്കുന്ന സമൃദ്ധിയില്‍ അഹങ്കരിക്കരുത്.....അത് നിന്‍റെ നേട്ടമാണെന്ന് അവകാശപ്പെടരുത്.........

കട്ടിത്തറകളോട് നിരന്തരം കലഹത്തില്‍ ഏര്‍പ്പെടുക......അതാണ് നിന്‍റെ ജീവിതധര്‍മ്മം

ഞാന്‍ ആ വഴിപോക്കന്‍റെ കണ്ണിലേക്ക് നോക്കി......അതില്‍ സൂര്യനെ വെല്ലുന്ന പ്രകാശം ഞാന്‍ കണ്ടു.........അവന്‍റെ കൈകളില്‍ തഴമ്പ് ഞാന്‍ കണ്ടു.....അവന്‍റെ കാലുകള്‍ നഗ്നമായിരുന്നു......ഞാന്‍ അറിയാതെ പറഞ്ഞുപോയി....എന്‍റെ വിമോചകന്‍......

പെട്ടന്നു ഒരുകൂട്ടം ആളുകള്‍ അവനെനോക്കി ആക്രോശിച്ചു.........ഇവനാണ് നമ്മളോട് കലഹിച്ചത്............അവനെ ക്രൂശിക്ക..................

ഒരു വലിയ മരക്കുരിശുമായി അവന്‍ നടന്നുപോകുമ്പോഴും എന്നെ നോക്കിപ്പറഞ്ഞു......കട്ടിത്തറകളോട് നിരന്തരം കലഹിക്കുക........