Powered By Blogger

Tuesday, April 29, 2014

എന്‍റെ പ്രിയ സുഹൃത്തിന്.........



എന്‍റെ പ്രിയ സുഹൃത്തിന്.........

എന്‍റെ പ്രിയ സുഹൃത്തേ, നിന്നെക്കുറിച്ചുള്ള വാക്കുകളിലെ കപടതയും, പൊള്ളത്തരവും, കളവും നീ തിരിച്ചറിയുക.....

നിന്നെക്കുറിച്ചുള്ള പുകഴ്ത്തലുകളും, ഗീര്‍വാണങ്ങളും കേവലം നിരര്‍ത്ഥകമായ വാക്കുകള്‍ മാത്രമെന്ന് തിരിച്ചറിയുക..........അതിലൊന്നും നീ പുകഴരുത്.....

ദൈവത്തോടും, ദൈവികനിയോഗങ്ങളോടും, നിന്‍റെ മന:സ്സാക്ഷിയോടും നീതി പുലര്‍ത്തുക....അതില്‍ നിന്‍റെ സ്വാതന്ത്ര്യവും അര്‍ത്ഥവും കണ്ടെത്തുക.......................

നിന്‍റെ നിയോഗയിടങ്ങളില്‍ ഒരു തീര്‍ഥാടകനെപ്പോലെ നടക്കുക.......ഒരു സാധുവായി, ഒന്നും സ്വന്തമല്ലെന്നു ഉച്ചൈസ്തരം പ്രഘോഷിച്ചുകൊണ്ട്.............

നിയോഗങ്ങളില്‍ വലുതെന്നോ, ചെറുതെന്നോയില്ല...നിയോഗങ്ങള്‍ മാത്രമേയുള്ളൂ........

നിയോഗങ്ങളെ നീ ഗൌരവമായി കാണുമ്പോള്‍ അവ നിന്നില്‍ മുറിപ്പാടുകള്‍ സൃഷ്ടിക്കും......അതാണ് നിന്‍റെ ക്രൂശ്.......

സുഹൃത്ബന്ധങ്ങളിലെ കള്ളനാണയങ്ങളെ തിരിച്ചറിയുക പ്രയാസംതന്നെ......അഥവാ തിരിച്ചറിഞ്ഞാല്‍ ക്ഷോഭിക്കരുത്.....അവരുടെ രൂപാന്തരത്തിനായി പ്രാര്‍ഥിക്കുക, കാത്തിരിക്കുക.......അവരെ അവരുടെ വഴിക്കുവിടുക

വഴിയരികില്‍നിന്നും നിന്നെ നോക്കി പരിഹസിക്കുകയും, കല്ലെറിയുകയും ചെയ്യുന്നവരുടെ പിന്നാലെപോയി നിന്‍റെ നിയോഗങ്ങളുടെ നെരിപ്പോടിലെ കനല്‍ കെടുത്തരുത്..............അവരെ അവരുടെ വഴിക്കുവിടുക

വേറിട്ട ശബ്ദങ്ങള്‍ക്കും, പ്രതിഷേധത്തിന്‍റെ സ്വരങ്ങള്‍ക്കും നീ  ചെവികൊടുക്കുക..........അവകള്‍ക്ക് നിന്നോട് എന്തോ പറയുവാനുണ്ട്.........

അംഗീകാരമോ, പ്രശസ്തിയോ, സ്വീകര്യതയോ ആവരുത് നിന്‍റെ നിയോഗങ്ങളെ മുന്‍പോട്ട് നയിക്കേണ്ടത്.............പിന്നെയോ പുതിയ ആകാശത്തെക്കുറിച്ചും, പുതിയ ഭൂമിയെക്കുറിച്ചുമുള്ള നിന്‍റെ സ്വപ്നങ്ങളാകട്ടെ........

നിന്‍റെ ബോധ്യങ്ങളും, നിലപാടുകളും ദൈവനീതിയിലധിഷ്ഠിതമാവട്ടെ.........ചിലപ്പോള്‍ ശക്തരുടെ നീതി താല്‍ക്കാലികമായി ജയിച്ചേക്കാം.......നിരാശപ്പെടരുത്.....ഒരു ഉയര്‍പ്പിനായി കാത്തിരിക്കുക.....

നീതിയുടെ വഴിയില്‍ നീ എപ്പോഴും തനിച്ചായിരിക്കും........പതറരുത്..........മഹാഭൂരിപക്ഷത്തോട് ചേര്‍ന്ന് അനീതിയെ പുല്‍കുന്നതിനെക്കാള്‍ എത്രയോ ശ്രേഷ്ഠമാണ് തനിയെ ദൈവത്തോടൊപ്പം നടക്കുന്നത്.............

നിന്‍റെ ഇന്നത്തെ മണ്ടത്തരങ്ങള്‍നാളെ സത്യങ്ങളായി പുരമുകളില്‍ ഘോഷിക്കപ്പെടും.........ഇന്നത്തെ അവകാശവാദങ്ങളെയും, വീരവാദങ്ങളെയും ചരിത്രം പുഛിച്ചു തള്ളും.............

നിന്‍റെ നിയോഗവഴികളില്‍ നിന്നോടൊപ്പം യാത്രചെയ്തവരും, നിന്നോടൊപ്പം അത്താഴം കഴിച്ചവരും നിന്നെ വിട്ടുപിരിഞ്ഞേക്കാം.........തീവ്രമായ തിക്താനുഭവങ്ങള്‍ നിന്‍റെ നിയോഗത്തിന്‍റെ അടയാളങ്ങളാണ്............

അസത്യത്തെ ന്യായീകരിക്കുന്ന, നീതിയുടെ കുരിശേറ്റത്തില്‍ തിമിര്‍ക്കുന്നവരെ നീ ഭയപ്പെടരുത്..........അത് എക്കാലത്തും അങ്ങിനെത്തന്നെയാണ്..........അതാണ് ചരിത്രം.....

കല്ലറയില്‍ കുഴിച്ചുമൂടപ്പെട്ട, മുദ്രയിടപ്പെട്ട, രാജകിങ്കരന്മാരാല്‍ കാവലാക്കപ്പെട്ട സത്യങ്ങളെക്കുറിച്ചോര്‍ത്ത് നീ ആകുലചിത്തനാവരുത്‌........അവകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.....സത്യം

നിന്‍റെ നിയോഗവഴികളില്‍ നീ കൊല്ലപ്പെട്ടാല്‍പ്പോലും നീയായിരിക്കും വിജയിക്കുക.........കാരണം, നീ ഉത്ഥാനത്തിന്‍റെ പാതയിലാണ്..........

എന്‍റെ പ്രിയ സുഹൃത്തേ..............നീ തനിച്ചല്ല ഈ നിയോഗവഴിയില്‍........നിനക്കുമുന്‍പായി ആരൊക്കെയോ അങ്ങകലെ നടക്കുന്നത് നീ കാണുന്നില്ലേ............സൂക്ഷിച്ചു നോക്കുക.....അവരില്‍ ക്രിസ്തുവുമുണ്ട്............പതറാതെ, തളരാതെ നീ നടക്കുക....

എന്‍റെ പ്രിയ സുഹൃത്തെ, നിനക്ക് പിന്നിലായി ഞാനുമുണ്ട്.........