Powered By Blogger

Wednesday, April 29, 2015

മകളേ, ദൈവം നിന്നോട് കൂടെ..............

മകളേ...........നീ പാര്‍ക്കുന്ന ഈ ലോകം ദൈവം സൃഷ്ടിച്ചതാണെങ്കിലും, ഇപ്പോഴത്തെ ലോകത്തിന്‍റെ വികൃത്യമായ ഈ കോലം ദൈവസൃഷ്ടിയല്ല..............മറിച്ച് അധികാരികളുടെ, ശക്തിയുള്ളവരുടെ, ഭരിക്കുന്നവരുടെ/ഭരിച്ചവരുടെ നിര്‍മിതിയാണ്....................

ഇന്ന് നീ പാര്‍ക്കുന്ന ഈ ലോകവും അതിന്‍റെ ക്രമവും പുരുഷാധിപത്യ നിര്‍മിതിയുടെ പരിണിതഫലമാണെന്ന് നീ അറിയുക..............
പുരുഷന്‍ തന്‍റെ സ്വന്തം ഛായയില്‍ നിര്‍മിച്ച ലോകം........അതുകൊണ്ടുതന്നെ സ്ത്രീയുടെ  ഛായ ഒട്ടുമില്ലാത്ത ഒരു ലോകം..............

ഇവിടുത്തെ മതനിയമങ്ങള്‍ പുരുഷാധിപത്യവ്യവസ്ഥ നിര്‍മിച്ചതാണ്......മതത്തിലെ ശുദ്ധ-അശുദ്ധ നിയമങ്ങള്‍ ആരുടെ നിര്‍മിതിയാണെന്ന് നിനക്കറിയാമോ?.......അതും ഒരു ആണ്‍മേല്‍ക്കോയ്മ നിലനിന്നിരുന്ന/നിലനില്‍ക്കുന്ന ഒരു ക്രമത്തിന്‍റെ സൃഷ്ടിതന്നെ..............

ഇവിടുത്തെ ഭാഷയും, ചരിത്രവും അവരുടെ സൃഷ്ടിയാണ്......അതു കൊണ്ടാണല്ലോ ചരിത്രം അവന്‍റെ കഥയായത്(ഹിസ്‌ - സ്റ്റോറി: ഹിസ്റ്ററി)
അതുകൊണ്ടുതന്നെ നിന്നെ/നിന്‍റെ ആളത്വത്തെ ഈ ക്രമത്തില്‍ കണ്ടെത്തുക ശ്രമകരമായ ഒരു കാര്യമാണ്......................ഈ  ക്രമവും, അതിന്‍റെ നിയമങ്ങളും നിന്നെ ഒരു പുരുഷാധിപത്യ വ്യവഹാരത്തില്‍ തളച്ചിടുവാന്‍ എപ്പോഴും ശ്രമിക്കും......

മകളേ, ഈ ക്രമം നിന്‍റെ ദൈവികദാനമായ പല സ്വാതന്ത്ര്യങ്ങളേയും നിഷേധിക്കുവാനിടയുണ്ട്.........നീ തളരരുത്.......ദൈവം നിന്നോട് കൂടെയുണ്ട്.........

ഈ ലോകക്രമത്തിന്‍റെ കാഴ്ചയും, സങ്കല്‍പങ്ങളുമെല്ലാം ദൈവം സൃഷ്ടിച്ചതില്‍നിന്ന് എത്രയോ വികലമാക്കിയിരിക്കുന്നു.....ഈ വികലമായ ലോകവും, അതിന്‍റെ ക്രമവും, അതിന്‍റെ ഉപോല്‍പ്പന്നമായ പുരുഷാധിപത്യവ്യവഹാരത്തിന്‍റെ പ്രവാചകന്മാരും നിന്നെക്കാണുന്നതുതന്നെ വൃത്തികെട്ട കാഴ്ചയിലാണ്.......അതുകൊണ്ടാണല്ലോ, നിന്‍റെ ശരീരത്തെ നോട്ടംകൊണ്ടും, കായികബലംകൊണ്ടും പിച്ചിച്ചീന്തുവാന്‍ ഈ ക്രമം സൃഷ്ടിച്ച കുറെ കാപാലികര്‍ തക്കം പാര്‍ത്തിരിക്കുന്നത്.....നീ കരുതിയിരിക്കുക...... ഓര്‍ക്കുക നിന്‍റെ ശരീരം ദൈവസാദൃശ്യത്തില്‍ സൃഷ്ടിച്ചതും അതിനാല്‍ത്തന്നെ പരിപാവനവുമാണ്.........നീ കരുത്താര്‍ജിക്കുക........ ദൈവം നിന്നോട് കൂടെ..............
  
മകളേ, ഈ ക്രമം, നീ എവിടെനില്‍ക്കണം, എന്ത് ധരിക്കണം, എന്ത് പഠിക്കണം, എങ്ങിനെ സംസാരിക്കണം, എന്ത് ജോലി ചെയ്യണം, എപ്പോള്‍ യാത്ര ചെയ്യണം തുടങ്ങിയ നൂറുകണക്കിന് നിബന്ധനകള്‍ നിന്‍റെ മുന്‍പില്‍ വയ്ക്കും........പതറരുത്........ദൈവത്തോട്‌ നീ നിരന്തരം സംസാരിക്കുക......നിന്‍റെ ആളത്വത്തെ ബഹുമാനിക്കുന്ന, അതിനെ കരുപ്പിടിപ്പിക്കുന്ന, സ്ത്രീ-പുരുഷ വേര്‍തിരിവുകള്‍ കൂടാതെ നിന്നെ സ്വീകരിക്കുന്ന വ്യക്തികളോടും, സംഘങ്ങളോടും നിരന്തരം സംവദിക്കുക.......ദൈവം നിന്നോട് കൂടെ..............

ഈ ലോകം ദൈവത്തെപ്പോലും പുരുഷസാദൃശ്യത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്........അതിനാവശ്യമായ ദൈവശാസ്ത്രവും, പ്രാമാണങ്ങളും, തത്വങ്ങളുമൊക്കെ അവര്‍ നിര്‍മിച്ചിട്ടുണ്ട്.....അതില്‍ ജീവിക്കുമ്പോഴും, അവ കേള്‍ക്കുമ്പോഴും നീ എപ്പോഴും നിന്‍റെ കണ്ണും, കാതും, മനസ്സും ദൈവത്തോട് ചേര്‍ത്തുവയ്ക്കുക............ദൈവത്തിന് നിന്നോട് മറ്റ് പലതും പറയാനുണ്ട്......നീ വായിക്കുക.......പഠിക്കുക (ദൈവിക ബോധ്യങ്ങളില്‍ നിന്നുകൊണ്ട്) വേദപുസ്തകത്തേയും, ചരിത്രത്തേയും, മറ്റ് ഗ്രന്ഥങ്ങളേയും, പ്രമാണങ്ങളേയും............. ദൈവം നിന്നോട് കൂടെ..............

നീ ഓര്‍ക്കുക, ഇക്കാണുന്ന നിര്‍മിതികളില്‍ ദൈവം  പരിമിതപ്പെടുന്നില്ല......ദൈവം, വിഭാഗീയവും, സങ്കുചിതവുമായ എല്ലാ വ്യവഹാരങ്ങള്‍ക്കുമപ്പുറത്താണ്...... ദൈവം നിന്നോട് കൂടെ..............

ദൈവാലയത്തിലെ നിന്‍റെ ഇടത്തിനുപോലും അതിരുകള്‍ നിര്‍മിച്ചിട്ടുള്ള ഈ വ്യവഹാരത്തെക്കണ്ട് നീ അധൈര്യപ്പെടരുത്........ദൈവികയിടത്തില്‍ ഇത്തരത്തിരത്തിലുള്ള ഒരു അതിരുകളുമില്ല........ഈ ക്രമം നിന്നെ അതിരുകളില്‍ തളച്ചിടാന്‍ ശ്രമിച്ചാലും നിന്‍റെ ഭാവനയും, സര്‍ഗശക്തിയും നീ ഒരിക്കലും തളച്ചിടരുത്.......അവകളെ ദൈവത്തോടും, നിന്‍റെ സമസൃഷ്ടങ്ങളോടും, പ്രപഞ്ചത്തോടും ചേര്‍ത്തുവച്ച് പറന്നുയരാന്‍ അനുവദിക്കുക........ ദൈവം നിന്നോട് കൂടെ..............

ഒരു പക്ഷേ.......ഈ ക്രമം നിന്നെ അപഹസിച്ചേക്കാം, തളര്‍ത്തിയേക്കാം, നിനക്കെതിരെ സ്ത്രീവിരുദ്ധ തമാശകളും നിന്ദാവചനങ്ങളും ചൊരിഞ്ഞേക്കാം......തളരരുത്.....ജീവിക്കുക, പോരാടുക......ദൈവം നിന്നോട് കൂടെ..............

നിന്‍റെ ശരീരത്തേയും, മനസ്സിനേയും ദൈവിക വിശുദ്ധിയില്‍ കാക്കുക.......പ്രലോഭനങ്ങളില്‍ വീഴരുത്.......ഈ പുരുഷനിര്‍മിത ലോകം അനേകം ചതിക്കുഴികള്‍ ഒരുക്കിക്കാത്തിരിക്കുന്നുണ്ട്........അതില്‍ നീ വീണാല്‍ ചതിക്കുഴികള്‍ ഉണ്ടാക്കിയവരെയല്ല ഈ പുരുഷനിര്‍മിത ലോകം ദുഷിക്കുന്നതും, ശിക്ഷിക്കുന്നതും, പിന്നെയോ അറിയാതെ അതില്‍വീണ നിന്നെയാവും........അതുകൊണ്ട് ജാഗ്രതയുള്ളവളാകുക, സൂക്ഷ്മതയോടെ ഈ ലോകത്തില്‍ നടക്കുക......ദൈവം നിന്നോട് കൂടെ..............

നിനക്കുനേരെയുള്ളയുള്ള എല്ലാ അതിക്രമങ്ങളെയും, പരിഹാസങ്ങളെയും, സംഘമായി ചെറുത്തുതോല്‍പ്പിക്കുക.....അനേകര്‍ നിന്നോടൊപ്പമുണ്ട്.......നിന്‍റെ മാതാപിതാക്കളായ ഞങ്ങളും നിന്നോടൊപ്പമുണ്ട്........ദൈവം നിന്നോട് കൂടെ..............

ബഹുമാനിക്കുവാനറിയാത്ത, കരുതുവാനറിയാത്ത.......ആക്രമിക്കുവാന്‍ മാത്രം അറിയുന്ന പുരുഷനിര്‍മിതലോകക്രമത്തില്‍, നിന്നെ അറിയുന്ന, നിന്നെ കരുതുന്ന, നിന്നെ സ്വന്തം മകളായിക്കരുതി ദൈവികസിംഹാസനത്തില്‍ തന്നോട് ചേര്‍ത്തിരുത്തുന്ന ദൈവം നിന്നോട്കൂടെ........................

പൊന്നുമകളേ, ഈ പുരുഷനിര്‍മിത വ്യവഹാരത്തില്‍ നീ നിന്‍റെ ഇടം ദൈവത്തോടുകൂടെ കണ്ടെത്തുക..........ഒരു പക്ഷേ......നിന്നെ അവര്‍ ഒരുമ്പെട്ടവളെന്നോ, ധിക്കാരിയെന്നോ പറഞ്ഞേക്കാം തളരരുത്, പതറരുത്...................ദൈവം നിന്നോടുകൂടെ....................

മകളേ.....ഷാലോം....ഷാലോം........ദൈവം നിന്നെ പുതിയവര്‍ഷം അനുഗ്രഹിക്കട്ടെ........(ഈ കുറിപ്പ് എന്‍റെ മകളുടെ ജന്മദിനമായ 2015 ഏപ്രില്‍ 29 ന് കുറിച്ചതാണ്.......ഈ കുറിപ്പെഴുതുമ്പോള്‍ പെണ്‍മക്കള്‍ സുരക്ഷിതരല്ലല്ലോ എന്ന ഭയം എന്നെയും അലട്ടുന്നുണ്ട്(അപ്പോള്‍ എന്‍റെ മകളും).......പക്ഷേ എന്‍റെ ചോദ്യം മറ്റൊന്നാണ്....ഈ പുരുഷനിര്‍മിതലോകവും അതിന്‍റെ ആധിപത്യ വ്യവഹാരങ്ങളും എന്തുകൊണ്ട് ഇന്നും ചോദ്യം ചെയ്യപ്പെടാതെ നില്‍ക്കുന്നു?) 

Monday, April 27, 2015

ദയവായി കണ്ണുനീരില്‍ വിഷം കലര്‍ത്തരുത്...........



ഈ കുറിപ്പ്............................നേപ്പാളിലെ ഭൂകമ്പത്തില്‍ (അകാലത്തില്‍) ജീവന്‍ നഷ്ടപ്പെട്ട, പരുക്കേറ്റു ചികിത്സയിലായിരിക്കുന്ന എന്‍റെ സഹോദരങ്ങള്‍ക്കുവേണ്ടി.............

ഏതൊരു ദുരന്തവും തീരാത്ത നഷ്ടവും, വേദനയും, മുറിവുകളും സമ്മാനിച്ചുകൊണ്ടാണ് പോവുക...........നേപ്പാളിലെ ദുരന്തത്തിന്‍റെ അടയാളപ്പെടുത്തലും മറ്റൊന്നല്ല...........

മനുഷ്യര്‍ നിസ്സഹായരായിപ്പോകുന്ന നിമിഷങ്ങള്‍.........മനുഷ്യര്‍, എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നുപോകുന്ന ദിനരാത്രങ്ങള്‍............

ഇതുവരെ പടുത്തുയര്‍ത്തിയത്/സമ്പാദിച്ചത്/നേടിയത് പലതും കൈവിട്ടുപോകുന്നത് നോക്കിനില്‍ക്കേണ്ടിവരുന്ന മനുഷ്യര്‍..................

സ്വന്തം ബന്ധുക്കളുടെ വേര്‍പാട് താങ്ങാനാവാതെ പൊട്ടിക്കരയുന്ന ആയിരങ്ങള്‍........

ഒരു ജനതയാകമാനം വിറങ്ങലിച്ചുനില്‍ക്കുന്ന, പകച്ചുനില്‍ക്കുന്ന, ദിനങ്ങള്‍.......ഇനിയെത്രകാലമെടുക്കും ഈ മുറിവുകളുണങ്ങാന്‍, നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍...........?

ദുരന്തമേഖലയില്‍ അവരെ കൈപിടിച്ചുയര്‍ത്തുന്ന സൈനികര്‍ക്കും, പോലീസിനും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും, സംഘടനകള്‍ക്കും, അവരെ സഹായിക്കുന്നവര്‍ക്കും ദൈവം കരുത്ത് നല്‍കട്ടെ..................................................

പക്ഷേ.........................

ദുരന്തങ്ങളില്‍ മതവും, രാഷ്ട്രീയവും, കലര്‍ത്തുന്ന സുഹൃത്തുക്കളെ......നിങ്ങള്‍ക്കെങ്ങിനെ ഇത്ര ക്രൂരരാകുവാന്‍ കഴിയുന്നു.........?

ദുരന്തങ്ങളെ ദൈവന്യായവിധിയായി കാണുന്ന മതമൌലികവാദികളെ ദൈവം നിങ്ങളോട് പൊറുക്കട്ടെ.............ഹിന്ദുമതമൌലികവാദികളും, ക്രിസ്ത്യന്‍ മതമൌലികവാദികളും ഒരേ ഭാഷ സംസാരിക്കുന്നു...............അവര്‍ വിഷമാണ് ചീറ്റുന്നത്......വര്‍ഗീയ വിഷം.......പാപത്തിന്‍റെ പട്ടികയില്‍ വരുന്നില്ലേ  ഇത്?

ഇതില്‍ കക്ഷിരാഷ്ട്രീയം കലര്‍ത്തുകയും, നേതാക്കന്മാര്‍ക്ക് കീ ജയ് പറയുവാന്‍ ദുരന്തത്തില്‍നിന്നും രക്ഷപെട്ടവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരേ.........എന്തിനീ കക്ഷിരാഷ്ട്രീയ മുതലെടുപ്പ്?

മനുഷ്യരുടെ ജീവന് മതത്തിന്‍റെയും, കക്ഷിരാഷ്ട്രീയത്തിന്‍റെയും നിറം കൊടുക്കുന്നവരേ....ചരിത്രം നിങ്ങളോട് പൊറുക്കില്ല....ദയവായി മനുഷ്യന്‍റെ നിസ്സഹായതക്ക് കക്ഷിരാഷ്ട്രീയ നിറം കൊടുക്കരുത്.......അവരുടെ ജീവനെവച്ച് വിലപേശരുത്.........

ജീവന് രാഷ്ട്രീയമുണ്ട്.....അത് പോരാട്ടത്തിന്‍റെയും, സ്വാതന്ത്ര്യത്തിന്‍റെയും, നീതിയുടെയും, സമാധാനത്തിന്‍റെയും, വിമോചനത്തിന്‍റെയും രാഷ്ട്രീയമാണ്..........

ജീവന് മതമുണ്ട്.......അത് സ്നേഹത്തിന്‍റെയും, ഒരുമയുടെയും, വിടുതലിന്‍റെയും മതമാണ്.......

പൈശാചികന്‍, വിദ്വേഷത്തിന്‍റെ, അപരത്വത്തിന്‍റെ വിത്ത്‌ വിതയ്ക്കുന്നു......

ദൈവം, കരുതലിന്‍റെ, നിരപ്പിന്‍റെ, സാഹോദര്യത്തിന്‍റെ വിത്ത് വിതയ്ക്കുന്നു..............

ദുരന്തങ്ങളുടെ ഇരകള്‍ നമ്മുടെ അസ്ഥിയില്‍ നിന്നും അസ്ഥിയും മാംസത്തില്‍നിന്ന് മാംസവുമായി ഇവിടെ പിറന്നവരല്ലേ?

ദയവായി മനുഷ്യന്‍റെ കണ്ണുനീരില്‍, നിലവിളിയില്‍, നിസ്സഹായതയില്‍ നിങ്ങളുണ്ടാക്കിയ മതത്തിന്‍റെയും, കക്ഷിരാഷ്ട്രീയത്തിന്‍റെയും വിഷം കലര്‍ത്തരുത്..........അത് കൊടും പാപമാണ്

നമുക്കൊരുമിക്കാം ഒരു ജനതയെ കൈപിടുച്ചുയര്‍ത്താന്‍.............ദൈവം നമ്മോട് കൂടെ

Friday, April 24, 2015

കര്‍ഷകരുടെ ദൈവം


കര്‍ഷകരുടെ ദൈവമേ.............

ഭാരതത്തിലെ കര്‍ഷകരുടെ നിലവിളിയെ അവിടുന്ന് കേള്‍ക്കേണമേ......
അവരുടെ കഷ്ടതയെ കാണേണമേ..........

ഇന്നിന്‍റെ ഫറോവോന്മാര്‍ തങ്ങളുടെ ഹൃദയം കഠിനമാക്കുന്നു.....അവര്‍ ആഡംബരത്തില്‍ തിമിര്‍ക്കുന്നു.....

അവര്‍ മുതലക്കണ്ണീര്‍ പൊഴിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുന്നു........അടുത്ത വിദേശയാത്രയെക്കുറിച്ച് ചിന്തിക്കുന്നു........

ഇന്നിന്‍റെ ഫറോവോന്മാര്‍ വന്‍കിടക്കാരുടെ കോടിക്കണക്കിന് രൂപയുടെ കടം ഇളച്ചുകൊടുക്കുമ്പോഴും, നികുതിക്ക് അടുത്ത പത്തുവര്‍ഷത്തേക്ക് അവധി പ്രഖ്യാപിക്കുമ്പോഴും, പാവം കര്‍ഷകര്‍ക്ക് അന്‍പതും നൂറും രൂപ നഷ്ടപരിഹാരമായി നല്‍കുന്നു.....അവരുടെ കടങ്ങള്‍ക്ക് ജപ്തി നോട്ടീസ് അയക്കുന്നു............തൊണ്ടക്ക് പിടിച്ച് ഞെക്കുന്നു........................പോരാഞ്ഞ് അവരുടെ ഭൂമിയും അപഹരിക്കുന്നു.........

ദരിദ്രന്‍റെ ചീരത്തോട്ടത്തില്‍ കണ്ണുവയ്ക്കുന്ന പുത്തന്‍ അധിനിവേശ ചക്രവര്‍ത്തിമാര്‍ ഇവിടെ വാഴുന്നു..........

പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഒരു ജനത സഹായത്തിനായി കേഴുമ്പോള്‍ (അവരുടെ കരച്ചില്‍ പ്രതിഷേധമായും, സമരമായും രൂപം കൊള്ളുമ്പോള്‍,  അവരുടെ കൈകളിലേക്ക് പിച്ച എറിഞ്ഞുകൊടുക്കുന്ന, അവരെ പരിഹസിക്കുന്ന ഒരു ഭരണവര്‍ഗം..............അവരുടെ നിലനില്‍പിനായുള്ള പോരാട്ടത്തില്‍ ഒരല്‍പം നിയമം ലംഘിച്ചാല്‍ അവര്‍ക്ക്‌നേരെ വെടിയുതിര്‍ക്കുന്ന ഭരണകൂടഭീകരത............പൊതുഖജനാവിലെ കോടികള്‍ കൊള്ളയടിക്കുന്നവര്‍ക്ക് പരിരക്ഷ, സുഖവാസം, നിയമനിര്‍മാണസഭകളില്‍ അംഗത്വം.........വി ഐ പി പരിഗണന....................

ദൈവമേ, നാഥാന്മാരുടെ ശബ്ദം നിലച്ചുവോ?

ദൈവമേ, ഇന്നിന്‍റെ നാഥാന്മാരാകുവാന്‍ നിയോഗിക്കപ്പെട്ടവര്‍ ഫറവോന്മാരെ നമസ്കരിക്കുന്നു.................അവര്‍ക്ക് സ്തുതിഗീതങ്ങള്‍ പാടുന്നു....................അധികാരത്തിന്‍റെ അപ്പക്കഷണങ്ങള്‍ക്കുവേണ്ടിയും, സ്ഥാനമാനങ്ങളാകുന്ന ശേഷിപ്പുകള്‍ക്കുമായും കടിപിടികൂടുന്നു................

അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പോഷിപ്പിച്ച ദൈവമേ...........അപ്പമുണ്ടാക്കുവാന്‍ ഒരിടങ്ങഴി മാവുപോലും പലരുടെയും കൈകളിലില്ലല്ലോ ദൈവമേ.............

ദൈവമേ...................ഈ പ്രകൃതിയുടെ അസന്തുലിതാവസ്ഥയും, കാലാവസ്ഥാവ്യതിയാനവും, വായുമലിനീകരണവും, വരള്‍ച്ചയും, ഊഷരതയും ഞങ്ങളുടെ പാപത്തിന്‍റെ സൃഷ്ടിയാണെന്ന് ഞങ്ങളെ പഠിപ്പിക്കുക.............അതുകൊണ്ടുതന്നെ
പാപത്തില്‍ നിന്ന് മുളയ്ക്കുന്ന മരണം എല്ലായിടത്തും പതിയിരിക്കുന്നു............യുദ്ധത്തിന്‍റെയും, ഘടനയുടെ ഉല്‍പ്പന്നമായ കര്‍ഷക ആത്മഹത്യയുടെയുമൊക്കെ വിത്ത് അനേകരെ തകര്‍ക്കുന്നു............

ദൈവമേ......എന്‍റെ ഉള്ളില്‍ ദുഃഖം തളംകെട്ടുന്നു.............എന്‍റെ സഹോദരങ്ങള്‍ പിടഞ്ഞുമരിക്കുന്നു..........നിസ്സഹായതയില്‍നിന്നും ഉരുത്തിരിയുന്ന ശബ്ദമില്ലാത്ത ഈ കുറിപ്പെഴുതാനേ എനിക്ക് കഴിയുന്നുള്ളൂ.................

ഇവിടെ ബലഹീനരെ താങ്ങാന്‍ ആരുമില്ലേ ദൈവമേ...........................

ഇവിടെ ആമോസിന്‍റെയും, മീഖായുടേയും കുലങ്ങള്‍ അറ്റുപോയോ ദൈവമേ....?

ദേശത്തെ, വരള്‍ച്ചയില്‍നിന്നും, പ്രകൃതിക്ഷോഭത്തില്‍നിന്നും സംരക്ഷിക്കേണമേ................

ഞങ്ങളുടെ അത്യാഗ്രഹം, ധനത്തോടുള്ള ആര്‍ത്തി, അധിപതികളാകുവാനുള്ള ത്വര, ഇവകള്‍ പ്രകൃതിയില്‍ ഉണ്ടാക്കിയ മുറിവുകളെ സൌഖ്യമാക്കുക...............

ഇന്നിന്‍റെ ഫറവോന്മാരില്‍നിന്നും, ചൂഷകരില്‍നിന്നും,  ഈ പ്രകൃതിയെയും, ജനതയെയും രക്ഷിക്കുക.........

യെരുശലേമിലെ ശിശുക്കളെപ്പോലെ അവിടുത്തെ രാജ്യത്തിന്‌ സ്തുതിയര്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് കരുത്ത്‌ പകരുക.......

ഞങ്ങളുടെ കര്‍ഷകരെ കാക്കുക..........

വാല്‍ക്കഷണം: വിദേശങ്ങളില്‍ച്ചെന്ന്, നമ്മുടെ മണ്ണും, വെള്ളവും, വായുവും, പ്രകൃതിവിഭവങ്ങളും വെറുതെ നല്‍കാനുണ്ടെന്ന ബോര്‍ഡും തൂക്കിനടക്കുന്ന ഭരണാധികാരികളേ.........കണ്ണുതുറക്കാത്ത അധികാരികളേ...............നമുക്ക് അന്നം തരുന്ന ഈ കര്‍ഷകരെ കൈപിടുച്ചുയര്‍ത്തൂ.......അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കൂ...................അല്ലെങ്കില്‍ കുറേക്കഴിയുമ്പോള്‍ വിദേശത്തുനിന്നും ഇറക്കുമതിചെയ്യുന്ന യുറേനിയവും, ന്യൂക്ലിയര്‍ മാലിന്യവും നമ്മള്‍ ഭക്ഷിക്കേണ്ടിവരും...............






Sunday, April 19, 2015

എന്‍റെ ചില തോന്നലുകള്‍..................................

എന്‍റെ ചില തോന്നലുകള്‍..................................

സുന്ദരമായ, കല്ലുവച്ച നുണകള്‍ കേള്‍ക്കുവാനാണ് എല്ലാവര്‍ക്കും ഇഷ്ടം(സത്യത്തേക്കാള്‍, നുണയ്ക്കാണ് ആകര്‍ഷണീയതയും, സൌന്ദര്യവും).......

ഭൂമിയിലെ യാഥാര്‍ത്ഥ്യങ്ങള്‍ ആര്‍ക്ക് കേള്‍ക്കണം......ദൈവിക ചുമതലകള്‍ക്ക്/ഉത്തരവാദിത്തങ്ങള്‍ക്ക് മഹാഭൂരിപക്ഷവും ചെവികൊടുക്കുന്നില്ല........എന്നാല്‍ സ്വര്‍ഗത്തിലെ സ്വര്‍ണത്തെരുവീഥികളെക്കുറിച്ചും, രത്നങ്ങളെക്കുറിച്ചും, നീലത്തടാകത്തെക്കുറിച്ചും വിവരിച്ച്‌ പറഞ്ഞാല്‍........................മറ്റുള്ളവരെ പരിഹസിച്ചും, നിന്ദിച്ചും, ചെറുതാക്കിയും പ്രസംഗിച്ചാല്‍ ഇപ്പറഞ്ഞ മഹാഭൂരിപക്ഷവും കേള്‍ക്കാന്‍ ഇടിച്ചുകയറും..........

പുകഴ്ത്തിപ്പറയല്‍ ഇന്നൊരു അവശ്യവസ്തുവും എല്ലാവരും പ്രതീക്ഷിക്കുന്നതുമാണെന്ന യാഥാര്‍ത്ഥ്യം ചരിത്രം എന്നെ പഠിപ്പിച്ചു........പൊതുജനസമക്ഷം അനര്‍ഹരെപ്പോലും പുകഴ്ത്തിപ്പറയണമെന്ന് എനിക്കറിയില്ലായിരുന്നു..............പുകഴ്ത്തിയാല്‍ നേട്ടം.....പുകഴ്ത്തിയില്ലെങ്കില്‍ അവഗണന.............ഇതും എന്‍റെയൊരു മനസ്സിലാക്കല്‍......(പക്ഷേ എനിക്കാ നേട്ടം വേണ്ട സുഹൃത്തേ..................)

നന്നായി പഠിക്കുവാന്‍ അവസരം ലഭിച്ചിട്ടും അത് ഉപയോഗിക്കാതെ നിരുത്തരവാദപരമായി നടന്ന വിദ്യാര്‍ത്ഥി നൂറില്‍ നൂറ് മാര്‍ക്കിനുവേണ്ടി(അല്ലെങ്കില്‍ ഉന്നതവിജയത്തിനുവേണ്ടി) പ്രാര്‍ത്ഥിക്കുന്നത്( പ്രതീക്ഷിക്കുന്നത്) വിശ്വാസപരമായ ഒരനീതിയാണ് എന്നെനിക്ക് തോന്നുന്നു........ദൈവത്തെ ചെറുതായി കാണുകയല്ലേ ചെയ്യുന്നത്?........

പലരും ജീവിക്കുന്നില്ല, അഭിനയിക്കുകയാണെന്ന് തോന്നുന്നു..........ഇല്ലാത്ത ആര്‍ക്കോവേണ്ടി ജീവിതം പാഴാക്കുകയാണ് ചിലരെങ്കിലും....പൊങ്ങച്ചം കാട്ടുവാന്‍ ജീവിക്കുന്നു ചിലര്‍........അയഥാര്‍ത്ഥമായ എന്തൊക്കെയോ വെട്ടിപ്പിടിക്കുവാന്‍ പലരും ആവേശം കാട്ടുന്നു.....പക്ഷേ ഇതിനിടയില്‍ ജീവിതം, വേനലില്‍ വറ്റിവരണ്ടുണങ്ങിയ/ വിണ്ടുകീറിയ പാടംകണക്കെ ആയിപ്പോകുന്നു............

കപടത ഇന്ന് കമ്പോളത്തിലെ ആവശ്യക്കാര്‍ ഏറെയുള്ള ഒരുല്‍പ്പന്നമാണ്.......നൈര്‍മല്യത്തിന്‍റെ, നീതിയുടെ, ആത്മാര്‍ത്ഥതയുടെ കപടഭാവങ്ങള്‍ അണിഞ്ഞ പലരും അങ്ങനെയല്ലെന്ന് ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിയുന്നു..........കപടതയെ തിരിച്ചറിയാന്‍ പലര്‍ക്കും( തിരിച്ചറിവുണ്ടെന്നു കരുതിയ ഉന്നതര്‍ക്ക് പോലും) കഴിയുന്നുമില്ല......

മഹാഭൂരിപക്ഷത്തിനും ഒന്നും ഒറിജിനല്‍ വേണമെന്നില്ല.....വിലകുറഞ്ഞ ഡൂപ്ലിക്കേറ്റ് മതി...അതിനാണ് ഡിമാണ്ട്..............(സ്നേഹം, കരുണ, ദയ, നീതി, ആത്മാര്‍ത്ഥത.........ഇവകളുടെ ഡൂപ്ലിക്കേറ്റ് പോലും ചെറിയവിലയില്‍ കമ്പോളത്തില്‍ കിട്ടും).......ഭൂരിപക്ഷത്തിനും ബ്രാന്‍ഡ്‌നെയിം മാത്രം മതി.....................................

പലപ്പോഴും ദൈവത്തിന്‍റെപോലും ഡൂപ്ലിക്കേറ്റിനാണ് പ്രിയം..............

സുഹൃത്തുക്കളെ, ഇതൊക്കെ എന്‍റെ കുറെ മണ്ടന്‍ തോന്നലുകള്‍ മാത്രം.....ക്ഷമിക്കുക

സ്നേഹപൂര്‍വ്വം


നിങ്ങളുടെ ഒരു ഡൂപ്ലിക്കേറ്റ് സുഹൃത്ത്‌

Tuesday, April 14, 2015

ഈ നിശബ്ദത എന്നെ ഭയചകിതനാക്കുന്നു...............

ഈ നിശബ്ദത എന്നെ ഭയചകിതനാക്കുന്നു...............

ഇന്ത്യ കരുത്താര്‍ജിക്കുന്നത്രെ.....!!!!!!!!!!!!!

കാരണം ഐ എന്‍ എസ് വിക്രാന്ത് നീറ്റിലിറങ്ങി........റാഫേലെ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങി.............ഭരണാധികാരികാരികള്‍ വിദേശനിക്ഷേപം കൊണ്ടുവരുന്നു......ഓഹരിവിപണിയില്‍ വന്‍കുതിപ്പ്.......സാമ്പത്തിക സൂചിക മുകളിലേക്ക്........

പക്ഷേ യാഥാര്‍ത്ഥ്യങ്ങള്‍ ?????????????

സ്ത്രീപീഡനം, ജാതിയുടെ പേരിലുള്ള വിവേചനം, പട്ടിണിമരണം, ഭരണകൂട ഭീകരത, തൊഴിലില്ലായ്മ, ആഭ്യന്തര വര്‍ണ-വര്‍ഗ-സംസ്ഥാന-ഭാഷാ വിവേചനം, മതവൈരം, അന്ധവിശ്വാസങ്ങള്‍, അറിവിന്‍റെ നിഷേധം(ജാതിയുടെ,ലിംഗത്തിന്‍റെ, സമ്പത്തിന്‍റെ പേരില്‍), കര്‍ഷകആത്മഹത്യകള്‍, ഭരാണിധികാരികളുടെയും അവരുടെ ഏറാന്‍മൂളികളുടെയും അഴിമതി......

മതവും, ആത്മീയതയും..........................

ഇവിടെ എവിടെയാണ് മതവും, ആത്മീയതയും? മനുഷ്യന്‍റെ നിറവും, ജാതിയും, മതവും, ലിംഗവും, രാജ്യവും ചോദിക്കുന്ന തിരക്കിലോ? അതോ മനുഷ്യന്‍റെ നൊമ്പരം അറിയുന്ന/മനസ്സിലാക്കുന്ന വഴിയിലോ?

ഇവിടെ ആരാണ് മത, ദൈവശാസ്ത്ര, ആത്മീയ ചിന്തകളെ രൂപപ്പെടുത്തുന്നത്? ഇരകളുടെ പക്ഷമാണോ....അതോ....ഭരണവര്‍ഗപക്ഷമാണോ?

ഇവിടെ എന്താണ് യഥാര്‍ത്ഥത്തില്‍ മതവും ആത്മീയതയും ചെയ്യുന്നത്? ഈ ലോകത്തിലെ ചരിത്രയാഥാര്‍ത്ഥ്യങ്ങളുടെ തമസ്കരിച്ചുകൊണ്ടുള്ള ദൈവരാജ്യനിര്‍മിതിയോ ? അതോ, ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ ഇന്നിന്‍റെ കത്തുന്ന മുള്‍പ്പടര്‍പ്പുകളെന്ന് തിരിച്ചറിഞ്ഞ്, ദൈവിക നിയോഗങ്ങള്‍ പേറുകയോ?

ഇവിടെ ആര്‍ക്കുവേണ്ടിയാണ് സഭയുടെ ശബ്ദം ഉയരുന്നത്? വ്യവസ്ഥിതികളുടെ സംരക്ഷണത്തിനോ? നമ്മുടെ നിലനില്‍പിനോ? അതോ, ക്രിസ്തുവിന്‍റെ ശബ്ദംപോലെ വ്യവസ്ഥിതിയുടെ ഇരകളുടെ വീണ്ടെടുപ്പിനുവേണ്ടിയോ?

പ്രാര്‍ത്ഥന.....................................

സ്വര്‍ഗത്തില്‍നിന്നും ഇറങ്ങിവന്ന് മണ്ണില്‍ വാസമാക്കിയ ദൈവമേ........
ജീര്‍ണിച്ച, മരവിച്ച, ചത്ത, ഞങ്ങളുടെ മത-ആത്മീയ വ്യവഹാരങ്ങളെയും, അവയുടെ പ്രവാചകരെയും, രാജാക്കന്മാരെയും ചാട്ടവാറെടുത്ത് പുറത്താക്കുക.......അവിടെ ഞാനുണ്ടെങ്കില്‍പ്പോലും...............

ദൈവമേ............ഈ നിശബ്ദത എന്നെ ഭയചകിതനാക്കുന്നു........ഞാന്‍ കാണുന്ന അവസരവാദനയം(നയതന്ത്രജ്ഞത എന്ന ഓമനപ്പേരില്‍) എന്നെ വീര്‍പ്പ്മുട്ടിക്കുന്നു.........ഈ ജീര്‍ണത എന്നെ കൊല്ലുന്നു...............

ക്രിസ്തുവേ......എന്നില്‍ വന്ന് പാര്‍ക്കുക.........എനിക്കുയിര്‍ തിരിച്ചുനല്‍കുക........ആമേന്‍.....................................

നിയോഗം..................

ഇവിടെ കരുത്താര്‍ജിക്കുന്നത് മരണവും......................... ബലഹീനമാക്കപ്പെടുന്നത് ജീവനുമാണെന്ന് ആരോ പറയുന്നത് എനിക്ക് കേള്‍ക്കാം........

ദൈവമേ....അത് അങ്ങയുടെ വാക്കെന്ന് തിരിച്ചറിഞ്ഞ്......ബലഹീനരുടെ പക്ഷം പിടിക്കാന്‍ അങ്ങയോടൊപ്പം എന്നെയും അനുവദിക്കുക..........

കുരിശേറ്റത്തിലൂടെ എന്നെ ഉത്ഥാനത്തിന്‍റെ അനുഭവക്കാരനാക്കുക....................



Monday, April 13, 2015

ഞാനൊരു മഹാസംഭവം തന്നെയാണ് കേട്ടോ....!!!!!!!!!!!!!!!!!

ഞാനൊരു മഹാസംഭവം തന്നെയാണ് കേട്ടോ....!!!!!!!!!!!!!!!!!

ആകര്‍ഷകമായ പരസ്യത്തിന്‍റെ മോഹനവാഗ്ദാനങ്ങളില്‍ വീണ് അധ്വാനിച്ചുണ്ടാക്കിയ പണം ചിലവഴിക്കുന്നവരും.................

രാഷ്ട്രീയനേതാക്കളുടെ വാഗ്ദാനപ്പെരുമഴ കേട്ട് വായില്‍വെള്ളമൂറി അവര്‍ക്ക് വോട്ട് ചെയ്യുന്നവരും............

ഭരണകര്‍ത്താക്കളുടെ വിദേശയാത്രയുടെ വിവരണംകേട്ട് രാജ്യത്തിന്‍റെ വികസനം കിനാവ്‌ കാണുന്നവരും...........

സ്ഥാപനങ്ങളുടേയും, കെട്ടിടങ്ങളുടേയും, വലുപ്പംകണ്ട് സഭ(ക്രിസ്തുശരീരം) വളരുന്നുവെന്ന് വീമ്പിളക്കുന്നവരും............

ക്രിക്കറ്റിന്‍റെ മാസ്മരികതയില്‍ ലയിച്ച് ആവേശഭരിതരായി ക്രിക്കറ്റ്താരങ്ങളെ ആരാധിക്കുകയും  അവരുടെ അന്തപ്പുരവിശേഷങ്ങളെ ആഘോഷിക്കുന്നവരും.......

രാഷ്ട്രീയനേതാക്കളുടെ വിഴുപ്പലക്കലുകള്‍ ഏറ്റുപിടിച്ച് വലിയവായില്‍ ശബ്ദമുണ്ടാക്കുന്ന മാധ്യമസംസ്കാരത്തിന് ഓശാന പാടുന്നവരും...................

ഭരിക്കുന്നവര്‍ ജീവന്‍റെ അടിവേരുകളെ, അവരുടെയും അവരുടെ ശിങ്കിടികളുടെയും ലാഭത്തിനായി അറുക്കുന്നത്കണ്ട് കൈയ്യടിക്കുന്നവരും..............

ആണ്‍ക്കോയ്മയുടെ പ്രവാചകന്മാരുടെ സ്ത്രീവിരുദ്ധപരാമര്‍ശങ്ങളും പ്രവൃത്തികളും കണ്ട് അതിന് തിലകംചാര്‍ത്തി ദൈവസ്വരൂപത്തെ വികലമാക്കുന്നവരും.................................

സമ്പത്തും, അധികാരവും, പ്രശസ്തിയുമാണ് ജീവിതത്തിന്‍റെ എല്ലാമെന്ന് കരുതി സ്വയംനിര്‍മിത സാമ്രാജ്യങ്ങളില്‍ കൊട്ടാരങ്ങള്‍ നിര്‍മ്മിക്കുന്നവരും, വാങ്ങുന്നവരും.............................

ഉടുപ്പും, തൊപ്പിയും, കുപ്പായത്തിന്‍റെ നിറവും, ചൊല്‍ത്തിന്‍റെ ഈണവുമാണ് അടിയന്തിരപ്രാധാന്യമുള്ള സഭാവിഷയങ്ങള്‍ എന്ന് വാദിച്ച് സായൂജ്യം അടയുന്നവരും......................

സ്വന്തം അസ്തിത്വത്തെ മുപ്പത് വെള്ളിക്കാശിനായും, താല്‍ക്കാലികനേട്ടങ്ങള്‍ക്കായും ഇന്നിന്‍റെ ഫറവോന്മാരുടെ കാല്‍പ്പാദങ്ങളില്‍ അര്‍പ്പിക്കുന്നവരും.............

അധികാരത്തിന്‍റെ അകത്തളങ്ങളില്‍ കടന്നുചെന്ന് സ്വന്തം സഹോദരങ്ങളെ കശാപ്പുചെയ്ത് തങ്ങളുടെ കസേരയും മറ്റും ഉറപ്പിക്കുന്നവരും..................

സ്വയപ്രശംസയിലും, പുകഴ്ത്തലിലും, ആനന്ദം കണ്ടെത്തി ജീവിതത്തെ നിസ്സാരവല്‍ക്കരിക്കുന്നുവരും.....................

ഒരുനിമിഷംപോലും ജീവിതത്തെ ഗൌരവമായി മനസ്സിലാക്കാതെ, ഒരിറ്റുസ്നേഹം ആര്‍ക്കുംനല്‍കാതെ, തന്നെമാത്രം സ്നേഹിച്ച് ജീവിക്കുന്നവരും..........

മറ്റും.............. മറ്റും............... മറ്റും.............. മറ്റും.............. മറ്റും..................

കൊതുകിനെ അരിച്ചെടുക്കുന്നവരും ഒട്ടകത്തെ വിഴുങ്ങുന്നവരുമാണെന്ന് ഞാന്‍ പറയുകയില്ല.........???????????????????????????

പക്ഷേ.....................അവരൊക്കെ വലിയ സംഭവങ്ങളാണെന്നുമാത്രം എനിക്കറിയാം........??????????????????????

കാരണം ഞാനൊരു മഹാസംഭവം തന്നെയാണ് കേട്ടോ....!!!!!!!!!!!!!!!!!


നന്ദി പേരിനുപോലും ചേര്‍ക്കാത്ത ഒരു ഒരു മുട്ടന്‍ നന്ദിയും നിങ്ങള്‍ക്ക്‌ ഞാന്‍ നേരുന്നു...................!!!!!!!!!!!!!!!!!!!!!!

Wednesday, April 8, 2015

പുതുയുഗപ്പിറവി


പുതുയുഗപ്പിറവി

വരണ്ടുണങ്ങുന്ന തോടുകള്‍, പുഴകള്‍, അരുവികള്‍............ജീവജലം വിലയേറിയ ഒരു സ്വകാര്യസ്വത്തായി മാറുന്ന കാലം......ജീവജലം ഊറ്റുന്ന കോര്‍പ്പറേറ്റ്‌ രക്തരക്ഷസുകള്‍ താണ്ടവനൃത്തമാടുന്നു........

ഒരിക്കല്‍ പുല്‍ത്തകിടികളും, നീര്‍ച്ചാലുകളും, നെല്ലും, പച്ചക്കറികളും, ജീവന്‍ നല്‍കിയ പ്രദേശങ്ങള്‍............രക്തം ഊറ്റിയെടുക്കപ്പെട്ട ശരീരംപോലെ, പക്ഷികള്‍ ഉപേക്ഷിച്ചുപോയ കൂടുപോലെ ചലനമറ്റുകിടക്കുന്നു...........

തെരുവില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍, ഒരുതുള്ളി കണ്ണുനീര്‍പോലും പൊഴിക്കാനാളില്ലാതെ (വലിച്ചെറിയപ്പെട്ട കരിമ്പിന്‍ചണ്ടിപോലെ) അനാഥപ്രേതംകണക്കെ ഭൂമി കിടക്കുന്നു............മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ച മാതാവെന്നപോലെ........

ഈ ശ്മശാനഭൂമിയില്‍........പുഴയുടെ മൃതശരീരത്തിലേക്ക് കണ്ണുംനട്ടിരുന്ന ഞാന്‍ തിരിച്ചറിയുന്നു..........എന്നിലെ ജീവനും എന്നേ വരണ്ടുണങ്ങിയെന്ന്‍.....

ഈ ഞാനും, ഞാനുള്‍പ്പെടുന്ന ഈ സമൂഹവും കുറേക്കാലമായി ജീവച്ഛവങ്ങളായെന്ന് നാറാണത്തുഭ്രാന്തന്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന അബ്ദു പറയുന്നത് കേട്ടു..................

സ്നേഹത്തിന്‍റെ, നീതിയുടെ, കരുണയുടെ, ദയയുടെ, ന്യായത്തിന്‍റെ, ഉറവകള്‍ എന്നില്‍നിന്നും, ഈ പരിസരത്തുനിന്നും എന്നേ വറ്റിവരണ്ടുവെന്ന് ചക്കി കണ്ണുനീരോടെ പറയുന്നത് തെളിവെള്ളംപോലെ തെളിമയോടെ എനിക്ക് കേള്‍ക്കാമായിരുന്നു....................

എല്ലായിടത്തു ഞാന്‍ മാത്രം.........ഈ ഞാനെന്ന ഞങ്ങള്‍ കുറേയധികം ഉണ്ടായിരുന്നു....... ഞാനെന്ന ഞങ്ങള്‍ കാരം നഷ്ടപ്പെട്ട ഉപ്പുപോലെ കാണപ്പെട്ടു.........

ഈ സമൂഹത്തിലാവട്ടെ മനുഷ്യരില്ല........മതങ്ങളും, മതനിയമങ്ങളും, ചക്രവര്‍ത്തിമാരും, ഉടമകളും, മുതലാളിമാരും, ആശ്രിതരും, ഉപഭോക്താക്കളും, ഇരകളും, രോഗികളും, ശരീരങ്ങളും മാത്രം.....

ആരൊക്കെയോ ചേര്‍ന്ന് ശരീരങ്ങള്‍ക്ക് വിലപറയുന്നു, അവയെ വെടിവയ്ക്കുന്നു, ബലാല്‍ക്കാരം ചെയ്യുന്നു.........രോഗികളെ വിറ്റ് കാശാക്കുന്നു, ഇരകളെ മതത്തിന് ചൂഷണംചെയ്യാനായി വിട്ടുകൊടുക്കുന്നു.....

ഇവിടെ ദൈവം സൃഷ്ടിച്ച ജീവനില്ല, മനുഷ്യരില്ല........... മാമ്മോന്‍ സൃഷ്ടിച്ച കുറെ ശവങ്ങള്‍ മാത്രം...................

ജീവന്‍റെബീജങ്ങള്‍ എന്നേ എല്ലാവരില്‍നിന്നും ചത്തുപോയി........................ഇപ്പോഴുള്ളത് ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്ന/അവകാശപ്പെടുന്ന അലങ്കരിച്ച, ശ്വസിക്കുന്ന, നടക്കുന്ന കുറെ പ്രതിമകള്‍ മാത്രം...........

പൊട്ടിച്ചിരികള്‍ എന്നേ ഈ പരിസരത്തുനിന്നും പടിയിറങ്ങിക്കഴിഞ്ഞു........

സൊറപറച്ചിലുകള്‍ പണ്ടേ ഈ പരിസരത്തുനിന്നും നടന്നകന്നുപോയിരുന്നുവെന്ന് അയല്‍പക്കത്തെ വൃദ്ധന്‍ ആരോടോ പറയുന്നത്കേട്ടു...........

പ്രതിഷേധങ്ങള്‍, വിമര്‍ശങ്ങള്‍, ഇവകളെ ആരൊക്കെയോചേര്‍ന്ന് കുടിയൊഴിപ്പിച്ചുവെന്ന് എന്‍റെ ബാല്യകാലസുഹൃത്തായ വാസുദേവന്‍......

സംഘയാത്രകളില്ല, ചര്‍ച്ചകളില്ല.........കുറേ ആക്രോശങ്ങള്‍ മാത്രം........ശവങ്ങളുടെ കോമ്പല്ലുകള്‍ ദ്രംഷ്ടകളായി വളര്‍ന്നുകഴിഞ്ഞു..........പുഞ്ചിരിയുടെ സ്ഥാനത്ത് കടിച്ചുകീറലുകള്‍മാത്രം........

ദുര്‍ഗന്ധംകൊണ്ട് ആര്‍ക്കും വഴിനടക്കാന്‍ പാടില്ലത്രെ..........(മുല്ലപ്പൂവിന്‍റെ സുഗന്ധമുണ്ടായിരുന്നിടത്താണ് ഈ ദുര്‍ഗന്ധം)..................കാരണം ശവങ്ങള്‍ ജീര്‍ണിച്ചുതുടങ്ങിയിരിക്കുന്നു........(അഴുകിത്തുടങ്ങിയ എനിക്കും ഈ പരിസരത്തിനും സുഗന്ധം പരത്താനാവില്ലല്ലോ.......)

ശ്മശാനഭൂമിയിലേക്ക് കണ്ണുംനട്ടിരുന്ന ഞാന്‍ തിരിച്ചറിയുന്നു.........ഇവിടെ ക്രിസ്തുവില്ലെന്ന്........അല്ലെങ്കില്‍ ആരൊക്കെയോചേര്‍ന്ന് കുരിശേറ്റിയെന്ന്...........

പക്ഷേ......................അങ്ങുദൂരെ.....ജീവനായുള്ള മുറവിളികള്‍ മുഴങ്ങുന്നത് എനിക്ക് കേള്‍ക്കാം.....അതിനാരൊക്കെയോ ചേര്‍ന്ന് ശ്രുതിയും, താളവും, നല്‍കുന്നുണ്ടായിരുന്നു..........

അങ്ങകലെയായി ജീവനായുള്ള പോരാട്ടങ്ങള്‍ക്ക് വിത്ത്പാകുന്ന കുറെ സ്ത്രീകളെയും, കുഞ്ഞുങ്ങളെയും എനിക്ക് കാണാം.................അതിന്‍റെ ഒത്തനടുവിലായി മുറിവേറ്റ ശരീരവുമായി ക്രിസ്തുവുമുണ്ടായിരുന്നു......................അവന്‍റെ വിലാപ്പുറത്തെ മുറിവില്‍ നിന്ന് ഇപ്പോഴും രക്തവും വെള്ളവുമൊഴുകുന്നുണ്ടായിരുന്നു...................
  
ശ്മശാനഭൂമിയിലേക്ക് കണ്ണുംനട്ടിരുന്ന എന്നെ ഒരു പുതുയുഗപ്പിറവിയുടെ, ഉത്ഥാനത്തിന്‍റെ, ജീവന്‍റെ മന്ദമാരുതന്‍ വന്ന്മൂടി..............ഞാന്‍ ഉച്ചത്തില്‍ മൂന്ന്പ്രാവശ്യം വിളിച്ചുപറഞ്ഞു..................ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ.........................

Thursday, April 2, 2015

മുഖംമൂടി സംരക്ഷണകൂട്ടയോട്ടം

മുഖംമൂടി സംരക്ഷണകൂട്ടയോട്ടം

ഇന്ന് ഞായറാഴ്ചയാണ്........

ക്രിസ്തുവിശ്വാസികള്‍ ദൈവാലയത്തിലേക്കും......മറ്റുള്ളവര്‍ ജീവിതത്തിന്‍റെ തിരക്കുകളിലേക്കും പോകുന്ന  ദിവസം..............

വര്‍ക്കിച്ചന്‍ രാവിലെ പള്ളിയില്‍ വന്നു......

വര്‍ക്കിച്ചനില്ലാത്ത ആരാധനയെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാനേ പറ്റില്ല..........

പള്ളിയിലെത്തിയ വര്‍ക്കിച്ചന്‍, സ്ഥിരം ഇരിപ്പിടത്തില്‍(മുന്‍നിര ബെഞ്ചിലെ ആദ്യ സ്ഥാനം) കാലേക്കൂട്ടി ആസനസ്ഥനായി......
എല്ലാവരും വര്‍ക്കിച്ചനെ പുഞ്ചിരിയോടെ നോക്കി.........വര്‍ക്കിച്ചന്‍റെ മനസ്സില്‍ ലഡു പൊട്ടി.........

വര്‍ക്കിച്ചന്‍ ഗമയില്‍ ഇരുന്നു( അതിന് പല കാരണങ്ങളുണ്ട്... അതിപ്പോള്‍ എഴുതാന്‍ സമയമില്ല).......

ആരാധന തുടങ്ങി.......പെട്ടന്നാണത് സംഭവിച്ചത്‌.......

ക്രിസ്തു പ്രസംഗപീഠത്തില്‍............

വര്‍ക്കിച്ചനും മറ്റു കൂട്ടുവിശ്വാസികളും രോമാഞ്ചകഞ്ചിതകുഞ്ചിതരായി..................

പട്ടക്കാരനും, ആത്മായശുശ്രൂഷകരും, വിശ്വാസികളും സ്തോത്രം പറഞ്ഞു.....ഹല്ലേലുയ്യാ വിളികള്‍കൊണ്ട് ദൈവാലയം ശബ്ദമുഖരിതമായി.......

ചിലര്‍ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു......

നിമിഷങ്ങള്‍ക്കുള്ളില്‍ ക്രിസ്തുവിന്‍റെ വാക്കുകള്‍ ദൈവാലയത്തില്‍ അലയടിച്ചു........

ഞാനിന്ന് വന്നത് നിങ്ങളുടെ/നിങ്ങള്‍ അണിഞ്ഞിരിക്കുന്ന മുഖംമൂടികള്‍ വലിച്ചുകീറുവാനാണ്.........

പട്ടക്കാരനടക്കം എല്ലാവരുടെയും നെഞ്ചില്‍ ഇടിവെട്ടി............എല്ലാവരും പ്രാര്‍ത്ഥിച്ചു....എന്നെ ഒഴിവാക്കണമേയെന്ന്

ക്രിസ്തുവിന്‍റെ ചൂണ്ടുവിരല്‍ വര്‍ക്കിച്ചനിലേക്ക് നീണ്ടു......
(എല്ലാവര്‍ക്കും ആശ്വാസമായി........വിശുദ്ധിയുടെ പര്യായമായ അവനെയാണല്ലോ ആദ്യം തിരഞ്ഞെടുത്തത്.........)
  
ക്രിസ്തുവിന്‍റെ വാക്കുകള്‍ ചാട്ടുളിപോലെ അവനിലേക്ക് നീണ്ടു..........അവനിലെ കപടതയുടെ മുഖംമൂടികണ്ട് എല്ലാവരും വിറങ്ങലിച്ചുപോയി.....

വര്‍ക്കിച്ചന്‍റെ മുഖം, വന്യമൃഗത്തിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ ഒരുവന്‍റെ മുഖം പോലെയായി........(അവന്‍റെ മനസ്സില്‍ ഇപ്പോള്‍ ബോംബുപൊട്ടിയോ എന്നൊരു സംശയം)

എല്ലാവരും ഇലക്ട്രിക്‌പോസ്റ്റ്‌പോലെ ചലനമറ്റുനില്‍ക്കുമ്പോള്‍......ക്രിസ്തുവിന്‍റെ ചൂണ്ടുവിരല്‍, സുവിശേഷവായനയ്ക്കായി തയ്യാറായിനില്‍ക്കുന്ന പുരോഹിതനിലേക്ക് നീണ്ടു......

രക്തംവാര്‍ന്നുപോയ പട്ടക്കാരന്‍റെ കണ്ണുകള്‍ വാതില്‍ തെരയുകയായിരുന്നു............(ഒരുനിമിഷത്തിന്‍റെ ആയിരത്തിലൊരംശം പോലും അദ്ദേഹം എടുത്തില്ല)......

വാതില്‍ കണ്ടെത്തിയ പട്ടക്കാരന്‍ വേദപുസ്തകവും വലിച്ചെറിഞ്ഞ് വാതിലിലൂടെ പുറത്തേക്ക് ഒളിമ്പ്യന്‍ കണക്കെ ഒറ്റച്ചാട്ടം.......മുഖംമൂടി സംരക്ഷിക്കാനുള്ള ഒരോട്ടത്തിന് ഇത്രയും വേഗമുണ്ടെന്ന് ആദ്യമായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്........

പുറകെ വിശ്വാസികളും.............മുഖംമൂടി സംരക്ഷിക്കുവാനുള്ള ഒരു കൂട്ടയോട്ടം..............ഒരുപക്ഷേ ചരിത്രത്തിലെ ആദ്യ മുഖംമൂടി സംരക്ഷണകൂട്ടയോട്ടമാവും ഇത്...........

പട്ടക്കാരന്‍ ഭരണഘടന അനുശാസിക്കുന്ന തന്‍റെ  അധികാരമുപയോഗിച്ച് ഉടനടി പൊതുയോഗം വിളിച്ചുകൂട്ടി പ്രമേയം പാസാക്കി.....

പ്രമേയത്തിന്‍റെ ഉള്ളടക്കം ഇങ്ങനെ.........ക്രിസ്തുപങ്കെടുക്കുന്ന ആരാധന ബഹിഷ്കരിക്കുക.......മിനിറ്റ്സ് വായിച്ചു പാസ്സാക്കാന്‍ ഒരു സെക്കണ്ടുപോലും വേണ്ടിവന്നില്ല............

പക്ഷേ.....ക്രിസ്തുവിന്‍റെ വാക്കുകള്‍..എല്ലാ മതില്‍ക്കെട്ടുകളേയും കടന്ന് പുറത്തേക്ക് പരന്നൊഴുകി............

മുഖംമൂടിധരിച്ച പതിനായിരം വിശ്വാസികളുടെ ആരാധനെയെക്കാള്‍..........അനുതാപത്തോടെ എന്നെ ആരാധിക്കുന്ന പത്തുപേരിലാണ് ഞാന്‍ പ്രസാദിക്കുന്നത്.......മുഖംമൂടികള്‍ അഴിച്ചുവെച്ച് പച്ചയായ മനുഷ്യരായി ദൈവമുഖത്ത് വന്നുചേരുക........പാപബോധത്തില്‍നിന്നുളവാകുന്ന നിലവിളി, നിങ്ങളെ ദൈവത്തിലേക്കും, മനുഷ്യരിലേക്കും, പ്രകൃതിയിലേക്കും കൊണ്ടെത്തിക്കട്ടെ..............

(ഈ കുറിപ്പിലെ, വര്‍ക്കിച്ചനും, പട്ടക്കാരനും, കുറിപ്പെഴുതുന്ന ഞാന്‍ തന്നെയാണ്)