Powered By Blogger

Wednesday, April 8, 2015

പുതുയുഗപ്പിറവി


പുതുയുഗപ്പിറവി

വരണ്ടുണങ്ങുന്ന തോടുകള്‍, പുഴകള്‍, അരുവികള്‍............ജീവജലം വിലയേറിയ ഒരു സ്വകാര്യസ്വത്തായി മാറുന്ന കാലം......ജീവജലം ഊറ്റുന്ന കോര്‍പ്പറേറ്റ്‌ രക്തരക്ഷസുകള്‍ താണ്ടവനൃത്തമാടുന്നു........

ഒരിക്കല്‍ പുല്‍ത്തകിടികളും, നീര്‍ച്ചാലുകളും, നെല്ലും, പച്ചക്കറികളും, ജീവന്‍ നല്‍കിയ പ്രദേശങ്ങള്‍............രക്തം ഊറ്റിയെടുക്കപ്പെട്ട ശരീരംപോലെ, പക്ഷികള്‍ ഉപേക്ഷിച്ചുപോയ കൂടുപോലെ ചലനമറ്റുകിടക്കുന്നു...........

തെരുവില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍, ഒരുതുള്ളി കണ്ണുനീര്‍പോലും പൊഴിക്കാനാളില്ലാതെ (വലിച്ചെറിയപ്പെട്ട കരിമ്പിന്‍ചണ്ടിപോലെ) അനാഥപ്രേതംകണക്കെ ഭൂമി കിടക്കുന്നു............മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ച മാതാവെന്നപോലെ........

ഈ ശ്മശാനഭൂമിയില്‍........പുഴയുടെ മൃതശരീരത്തിലേക്ക് കണ്ണുംനട്ടിരുന്ന ഞാന്‍ തിരിച്ചറിയുന്നു..........എന്നിലെ ജീവനും എന്നേ വരണ്ടുണങ്ങിയെന്ന്‍.....

ഈ ഞാനും, ഞാനുള്‍പ്പെടുന്ന ഈ സമൂഹവും കുറേക്കാലമായി ജീവച്ഛവങ്ങളായെന്ന് നാറാണത്തുഭ്രാന്തന്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന അബ്ദു പറയുന്നത് കേട്ടു..................

സ്നേഹത്തിന്‍റെ, നീതിയുടെ, കരുണയുടെ, ദയയുടെ, ന്യായത്തിന്‍റെ, ഉറവകള്‍ എന്നില്‍നിന്നും, ഈ പരിസരത്തുനിന്നും എന്നേ വറ്റിവരണ്ടുവെന്ന് ചക്കി കണ്ണുനീരോടെ പറയുന്നത് തെളിവെള്ളംപോലെ തെളിമയോടെ എനിക്ക് കേള്‍ക്കാമായിരുന്നു....................

എല്ലായിടത്തു ഞാന്‍ മാത്രം.........ഈ ഞാനെന്ന ഞങ്ങള്‍ കുറേയധികം ഉണ്ടായിരുന്നു....... ഞാനെന്ന ഞങ്ങള്‍ കാരം നഷ്ടപ്പെട്ട ഉപ്പുപോലെ കാണപ്പെട്ടു.........

ഈ സമൂഹത്തിലാവട്ടെ മനുഷ്യരില്ല........മതങ്ങളും, മതനിയമങ്ങളും, ചക്രവര്‍ത്തിമാരും, ഉടമകളും, മുതലാളിമാരും, ആശ്രിതരും, ഉപഭോക്താക്കളും, ഇരകളും, രോഗികളും, ശരീരങ്ങളും മാത്രം.....

ആരൊക്കെയോ ചേര്‍ന്ന് ശരീരങ്ങള്‍ക്ക് വിലപറയുന്നു, അവയെ വെടിവയ്ക്കുന്നു, ബലാല്‍ക്കാരം ചെയ്യുന്നു.........രോഗികളെ വിറ്റ് കാശാക്കുന്നു, ഇരകളെ മതത്തിന് ചൂഷണംചെയ്യാനായി വിട്ടുകൊടുക്കുന്നു.....

ഇവിടെ ദൈവം സൃഷ്ടിച്ച ജീവനില്ല, മനുഷ്യരില്ല........... മാമ്മോന്‍ സൃഷ്ടിച്ച കുറെ ശവങ്ങള്‍ മാത്രം...................

ജീവന്‍റെബീജങ്ങള്‍ എന്നേ എല്ലാവരില്‍നിന്നും ചത്തുപോയി........................ഇപ്പോഴുള്ളത് ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്ന/അവകാശപ്പെടുന്ന അലങ്കരിച്ച, ശ്വസിക്കുന്ന, നടക്കുന്ന കുറെ പ്രതിമകള്‍ മാത്രം...........

പൊട്ടിച്ചിരികള്‍ എന്നേ ഈ പരിസരത്തുനിന്നും പടിയിറങ്ങിക്കഴിഞ്ഞു........

സൊറപറച്ചിലുകള്‍ പണ്ടേ ഈ പരിസരത്തുനിന്നും നടന്നകന്നുപോയിരുന്നുവെന്ന് അയല്‍പക്കത്തെ വൃദ്ധന്‍ ആരോടോ പറയുന്നത്കേട്ടു...........

പ്രതിഷേധങ്ങള്‍, വിമര്‍ശങ്ങള്‍, ഇവകളെ ആരൊക്കെയോചേര്‍ന്ന് കുടിയൊഴിപ്പിച്ചുവെന്ന് എന്‍റെ ബാല്യകാലസുഹൃത്തായ വാസുദേവന്‍......

സംഘയാത്രകളില്ല, ചര്‍ച്ചകളില്ല.........കുറേ ആക്രോശങ്ങള്‍ മാത്രം........ശവങ്ങളുടെ കോമ്പല്ലുകള്‍ ദ്രംഷ്ടകളായി വളര്‍ന്നുകഴിഞ്ഞു..........പുഞ്ചിരിയുടെ സ്ഥാനത്ത് കടിച്ചുകീറലുകള്‍മാത്രം........

ദുര്‍ഗന്ധംകൊണ്ട് ആര്‍ക്കും വഴിനടക്കാന്‍ പാടില്ലത്രെ..........(മുല്ലപ്പൂവിന്‍റെ സുഗന്ധമുണ്ടായിരുന്നിടത്താണ് ഈ ദുര്‍ഗന്ധം)..................കാരണം ശവങ്ങള്‍ ജീര്‍ണിച്ചുതുടങ്ങിയിരിക്കുന്നു........(അഴുകിത്തുടങ്ങിയ എനിക്കും ഈ പരിസരത്തിനും സുഗന്ധം പരത്താനാവില്ലല്ലോ.......)

ശ്മശാനഭൂമിയിലേക്ക് കണ്ണുംനട്ടിരുന്ന ഞാന്‍ തിരിച്ചറിയുന്നു.........ഇവിടെ ക്രിസ്തുവില്ലെന്ന്........അല്ലെങ്കില്‍ ആരൊക്കെയോചേര്‍ന്ന് കുരിശേറ്റിയെന്ന്...........

പക്ഷേ......................അങ്ങുദൂരെ.....ജീവനായുള്ള മുറവിളികള്‍ മുഴങ്ങുന്നത് എനിക്ക് കേള്‍ക്കാം.....അതിനാരൊക്കെയോ ചേര്‍ന്ന് ശ്രുതിയും, താളവും, നല്‍കുന്നുണ്ടായിരുന്നു..........

അങ്ങകലെയായി ജീവനായുള്ള പോരാട്ടങ്ങള്‍ക്ക് വിത്ത്പാകുന്ന കുറെ സ്ത്രീകളെയും, കുഞ്ഞുങ്ങളെയും എനിക്ക് കാണാം.................അതിന്‍റെ ഒത്തനടുവിലായി മുറിവേറ്റ ശരീരവുമായി ക്രിസ്തുവുമുണ്ടായിരുന്നു......................അവന്‍റെ വിലാപ്പുറത്തെ മുറിവില്‍ നിന്ന് ഇപ്പോഴും രക്തവും വെള്ളവുമൊഴുകുന്നുണ്ടായിരുന്നു...................
  
ശ്മശാനഭൂമിയിലേക്ക് കണ്ണുംനട്ടിരുന്ന എന്നെ ഒരു പുതുയുഗപ്പിറവിയുടെ, ഉത്ഥാനത്തിന്‍റെ, ജീവന്‍റെ മന്ദമാരുതന്‍ വന്ന്മൂടി..............ഞാന്‍ ഉച്ചത്തില്‍ മൂന്ന്പ്രാവശ്യം വിളിച്ചുപറഞ്ഞു..................ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ.........................

No comments:

Post a Comment