Powered By Blogger

Tuesday, May 21, 2013

കറുത്ത്മെലിഞ്ഞ മാലാഖ



കറുത്ത്മെലിഞ്ഞ മാലാഖ

ഞാന്‍ തളര്‍ന്ന്‌ ഉറങ്ങുകയായിരുന്നു..............

ഉറക്കത്തില്‍നിന്നും എന്നെ വിളിച്ചുണര്‍ത്തിയത് ഒരു മാലാഖയായിരുന്നു
കറുത്ത്, മെലിഞ്ഞ്‌, മുഷിഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞ ഒരു മാലാഖ.........
(അവള്‍ക്ക്‌ ഞാനിന്നലെ പാതയോരത്ത്‌ കണ്ട ഒരു ദരിദ്രബാലികയുടെ മുഖസാദൃശ്യമായിരുന്നു....... കടുത്ത വേനല്‍ച്ചൂടില്‍ അവള്‍ വലിച്ചുകെട്ടിയ ഒരു കീറത്തുണിയുടെ തണലില്‍ പാറപൊട്ടിക്കുകയായിരുന്നു.............)

പോഷകാഹാരക്കുറവ് തളര്‍ത്തിയ ആ മാലാഖയുടെ മുഖം പക്ഷേ തേജസ്സുറ്റതായിരുന്നു...........

മുറിപ്പാടുകളുള്ള, വേദനിക്കുന്ന എന്‍റെ ശരീരത്തെ ആ മാലാഖ അനുകമ്പയോടെ നോക്കിപ്പറഞ്ഞു....... അവര്‍ നിന്നെ വല്ലാതെ ഉപദ്രവിച്ചു അല്ലേ...... ...........ഞാന്‍ ഒന്ന് മൂളുകമാത്രം ചെയ്തു............എനിക്കൊന്ന്‍ ചിരിക്കുവാന്‍പോലും കഴിയാതെവണ്ണം എന്‍റെ ശരീരവും ഹൃദയവും ആഴത്തില്‍ മുറിപ്പെട്ടിരുന്നു............പക്ഷേ മാലാഖ തുടര്‍ന്നു.........

മുറിവുകള്‍ പോരാളിയുടെ അടയാളം........
മുറിവുകള്‍ അധിനിവേശത്തിന്‍റെ ശേഷിപ്പ്......
പക്ഷേ തളരരുത്......മുറിവുകള്‍ പെട്ടന്ന് സുഖപ്പെടും.....നീ കഴുകനെപ്പോലെ ചിറകടിച്ചുയരും.........ദൈവരാജ്യം നിന്നിലൂടെ പണിയപ്പെടുകയാണ്.......നീതി നിമിത്തം ഉപദ്രവിക്കപ്പെടുമ്പോള്‍ ഓര്‍ക്കുക.....നീ ഭാഗ്യവാനാണ്.....

പോരാളികളെന്നും സാത്താന്‍റെ സേനക്ക് ഒരു ഭീഷണി തന്നെ......നീയും........സന്ധിസംഭാഷണങ്ങള്‍ക്കിടയില്‍ അവര്‍ വച്ചുനീട്ടിയ ചില അപ്പക്കഷണങ്ങളെ ഭൂരിപക്ഷവും സ്വീകരിച്ചപ്പോള്‍ അവയെ നീ എത്ര ലാഘവത്തോടെയാണ് നീ തിരസ്കരിച്ചത്..........അന്ന് നിന്നില്‍ ഞാന്‍ കണ്ട ആ പോരാട്ടവീര്യം നിന്നില്ലെന്നും കത്തിജ്വലിക്കട്ടെ........അത് നിന്നില്‍ ദൈവം നിക്ഷേപിച്ച നെരിപ്പോടാണ്.......അത് പ്രാര്‍ത്ഥനയിലൂടെയും, ഇടപെടലുകളിലൂടെയും, അക്ഷരങ്ങളിലൂടെയും ജ്വലിപ്പിക്കുക.......ദൈവത്തിന്‍റെ ആത്മാവ് നിന്നില്‍ ആവസിച്ചിരിക്കുന്നു...........ദൈവം നിന്നോടുകൂടെ

ഏതൊരു മുറിപ്പാടിലും പരിഹാസത്തിന്‍റെയും അപവാദത്തിന്‍റെയും അടയാളങ്ങള്‍ അവശേഷിപ്പിക്കാറുണ്ട്.....അത് നിന്നിലും എനിക്ക് കാണാം....ഓര്‍ക്കുക നീ ഭാഗ്യവാനാണ്........അതുകൊണ്ടുതന്നെ അവകളെ പുച്ഛിച്ച് തള്ളുക.........ദൈവിക നീതിപ്രക്രിയയില്‍ അവര്‍ അതിന് കനത്ത വിലകൊടുക്കേണ്ടിവരും.......

ആ കറുത്ത്മെലിഞ്ഞ ആ മാലാഖയുടെ വാക്കുകള്‍ എന്‍റെ ഉണങ്ങിയ അസ്ഥികള്‍ക്ക് ജീവന്‍ പകര്‍ന്നു.......ഉണങ്ങിവരണ്ട എന്‍റെ നാവിന് ജീവജലമായി, ഉറവ വറ്റിയ എന്‍റെ സ്വപ്നങ്ങള്‍ക്ക് കരുത്തിന്‍റെ പുത്തന്‍കാറ്റായി, കാഴ്ചമങ്ങിയ എന്‍റെ കണ്ണുകളില്‍ ഒരു ദീപനാളമായി, വേച്ചുപോയ എന്‍റെ കാലടികള്‍ക്ക് ചടുലതാളമായി, മരിച്ചുപോയ എന്‍റെ മനസ്സിന് ഉയിര്‍പ്പിന്‍റെ പുത്തന്‍പാട്ടുമായി അവയെത്തി...........

എനിക്കിപ്പോള്‍ ആ കറുത്ത്മെലിഞ്ഞ മാലാഖയെ തെളിമയോടെ കാണാം......കാരണം എന്‍റെ കണ്ണില്‍നിന്നും കണ്ണുനീര്‍ ആ കൊച്ചുമാലാഖ ഒപ്പിയെടുത്തിരുന്നു.........എന്‍റെ അടുക്കല്‍നിന്നും പോകാനൊരുങ്ങിയ ആ മാലാഖയോട് ഞാന്‍ പറഞ്ഞു......നില്‍ക്കൂ......ഞാനും വരുന്നു.........ഒരു മന്ദസ്മിതം മാത്രം മറുപടി.......എങ്കിലും ഞാന്‍ പിന്തുടര്‍ന്നു.......
തെരുവോരത്തെ ഒരു കൊച്ചുകുടിലിലേക്ക് മാലാഖയുടെ പിന്നാലെ അനുവാദം പോലും ചോദിക്കാതെ ഞാനും അകത്തുകയറി...........

മണ്ണെണ്ണവിളക്കിന്‍റെ അരണ്ടവെളിച്ചത്തില്‍ എനിക്കിപ്പോള്‍ ക്രിസ്തുവിനെ കാണാം........കറുത്ത്മെലിഞ്ഞ അവന്‍റെ ഉടലില്‍ (കീറിയ കുപ്പായത്തിനുള്ളിലൂടെ) ഞാന്‍ പുത്തന്‍ അധിനിവേശത്തിന്‍റെ മുറിപ്പാടുകള്‍ കണ്ടു......

ഞാനറിയാതെ ചോദിച്ചുപോയി........ക്രിസ്തുനാഥാ.....നീ ഇവിടെ............? മറുപടിയായി ഒരു പൊട്ടിച്ചിരി.....അതില്‍ ഞാന്‍ എല്ലാം വായിച്ചു..........എന്നിട്ടെന്നോട് പറഞ്ഞു...............എന്‍റെ ശരീരം ഇന്നും ഈ തെരുവുകളില്‍ പിച്ചിച്ചീന്തപ്പെടുന്നു, പീഢിപ്പിക്കപ്പെടുന്നു.......

ഞാനറിയാതെ പറഞ്ഞു......എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ.........!...

ആ കറുത്ത്മെലിഞ്ഞ ആ മാലാഖ ഇപ്പോള്‍ ക്രിസ്തുവിനോടൊപ്പമുണ്ട്.....

അവര്‍ ഒരു യാത്രക്കൊരുങ്ങുകയാണ്........ആ തെരുവോരത്ത് മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്.........ഞാനും അവരോടൊപ്പം ചേര്‍ന്നു..........അപ്പോള്‍ ആ കറുത്ത്മെലിഞ്ഞ മാലാഖ എന്നോട് പറഞ്ഞു........മുറിവേല്‍ക്കപ്പെടുവാന്‍ തയ്യാറുണ്ടെങ്കില്‍മാത്രം യാത്രയില്‍ പങ്കുചേരുക....... മുറിവുകള്‍ പോരാളിയുടെ അടയാളം........മുറിവുകള്‍ അധിനിവേശത്തിന്‍റെ ശേഷിപ്പ്......പാപത്തിന്‍റെ എല്ലാ അധിനിവേശശക്തികളും നിനക്കെതിരാവും.............

യാത്രതുടങ്ങിക്കഴിഞ്ഞ ക്രിസ്തു എന്നോട് പറഞ്ഞു........എന്നെ അനുഗമിക്കുക.....ഞാന്‍ നിന്നോട്കൂടെ.......ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക......ഭയപ്പെടരുത്......ഭ്രമിക്കയുമരുത്........

തിരക്കേറിയ തെരുവില്‍ ഞാനും കറുത്ത്മെലിഞ്ഞ മാലാഖയും ക്രിസ്തുവും യാത്രതുടര്‍ന്നു.....


Thursday, May 16, 2013

ഒരു അപ്പന്‍റെ പിറന്നാള്‍ സമ്മാനം


എന്‍റെ പൊന്നുമകനേ........

ഇന്ന് നിന്‍റെ പിറന്നാള്‍ദിനം....നല്‍കുവാനെന്‍റെ പക്കല്‍ ഒരിറ്റുകണ്ണീര്‍ക്കണം മാത്രം....അത് ഞാന്‍ നിന്‍റെ കാല്‍ക്കല്‍ അര്‍പ്പിക്കട്ടെ.....അതിലെന്‍റെ പ്രാര്‍ത്ഥനയും, പ്രതീക്ഷയും, സ്നേഹവും, സമ്മാനവുമെല്ലാമുണ്ട്........

മകനേ.........

ഈ കപടലോകത്തില്‍ മുഖംമൂടിയില്ലാതെ ജീവിക്കുക ദുഷ്കരമാണ്....പക്ഷേ തിരിച്ചറിയുക ജീവിതമൊരു സമരമാണ്.......ഈ സമരമുഖത്ത് ക്രിസ്തു നിന്‍റെ മുന്‍പിലുണ്ടെന്ന് കാണുക....
ശക്തരുടെ ഈ ലോകത്തില്‍ ബലഹീനനായി ജീവിക്കുക അസാധ്യമെന്നു തോന്നിയേക്കാം......ജീവിതമൊരു പോരാട്ടമാണെന്ന് തിരിച്ചറിയുക......ഈ പോരാട്ടത്തില്‍ ദൈവം നിന്നോടുകൂടെ.....പോരാടുക....തളരരുത്

മകനേ......

നിന്‍റെ സ്വപ്നങ്ങളില്‍ ദൈവവും, മനുഷ്യരും, ജീവനും നിറയട്ടെ......
നിന്‍റെ വാക്കുകളില്‍ ക്രിസ്തുമാത്രം ജീവിക്കട്ടെ........
നിന്‍റെ കണ്ണുകളില്‍ കരുണനിറയട്ടെ.........
നിന്‍റെ കരങ്ങള്‍ക്ക് ദൈവകൃപയുടെ ആവാസമുണ്ടാകട്ടെ........

മകനേ.......

കരുത്തുള്ളവനാകുക........വേദപ്രമാണങ്ങളിലൂടെ സമ്പന്നനാകുക......നീതിയില്‍
ജീവിക്കുക.......പ്രാര്‍ത്ഥനയോടെ

പൊന്നുമകനേ.....

മനുഷ്യാധിപത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത്........ദൈവാധിപത്യത്തിനു കീഴടങ്ങുക
പ്രലോഭനങ്ങള്‍ നിറഞ്ഞ ഈ ലോകത്തില്‍ ദൈവികപരിജ്ഞാനമുള്ളവനാകുക..........
സാത്താന്‍റെ മുന്‍പില്‍ നിഷേധിയും ദൈവത്തിന്‍റെ മുന്‍പില്‍ വിവേകിയുമാവുക........
നിന്നില്‍ അറിവും, തിരിച്ചറിവും, നെറിവും നിറയട്ടെ........
സത്യത്തിന്‍റെയും നീതിയുടെയും ധര്‍മത്തിന്‍റെയും സ്നേഹത്തിന്‍റെയും പാതയിലൂടെ മാത്രം നീ യാത്രചെയ്യുക.........അതാണ് ജീവനിലേക്കുള്ള വഴി
നീ ദൈവത്തില്‍നിന്നും വന്നു........ജീവന്‍റെ സംരക്ഷകനാകുവാന്‍
നീ ദൈവത്തിനായിമാത്രം (ക്രിസ്തുവിനോടൊപ്പം) ജീവിക്കുക........ജീവന്‍റെ പ്രതിരോധസംഘങ്ങളിലൂടെ............അതാണ് നിന്‍റെ നിയോഗമെന്ന് തിരിച്ചറിയുമ്പോള്‍ നീ ഓര്‍ക്കുക........നീ ജീവിക്കുകയാണെന്ന്...

മകനേ.........നീ തിരിച്ചറിയുക നീ ജീവിക്കുന്നത് നിനക്ക് വേണ്ടിയല്ലെന്ന്‌.........

മകനേ....നീ ക്ഷമിക്കുക.......എന്‍റെ പക്കല്‍ ആര്‍ക്കും വേണ്ടാത്ത ഈ പ്രാര്‍ത്ഥന മാത്രമേ സമ്മാനമായി നല്കുവാനുള്ളൂ..........പക്ഷേ എനിക്കുറപ്പുണ്ട്........ഈ പ്രാര്‍ത്ഥന നിനക്ക് അന്ധകാരം നിറഞ്ഞ ഈ ലോകത്തില്‍ വഴിവിളക്കാകുമെന്ന്.............