Powered By Blogger

Friday, August 17, 2012

എന്‍റെ ഇന്നത്തെ പ്രാര്‍ത്ഥന.........



ദേവാലയം...........

ദൈവമേ ഞങ്ങളെ അവിടുത്തെ ആലയമാക്കുക........
കപടതയുടെ മുഖംമൂടികളെ പരസ്യമായി ഞങ്ങളില്‍നിന്നും വലിച്ചു കീറി ഞങ്ങളുടെ യഥാര്‍ത്ഥമുഖത്തെ ലോകത്തിനുമുന്‍പില്‍ പ്രദര്‍ശിപ്പിക്കേണമേ.......

ആരാധനയിലെ ഞങ്ങളുടെ കള്ളത്തരവും പൊള്ളത്തരവും പരിശുദ്ധാത്മാവിനെ അയച്ച് തകര്‍ക്കേണമേ...........

ഞങ്ങളെ അര്‍ത്ഥരഹിതവും അപ്രസക്തവുമായ അധരവ്യായാമങ്ങളില്‍നിന്നും, ചര്‍ച്ചകളില്‍നിന്നും, തീരുമാനങ്ങളില്‍നിന്നും  രക്ഷിക്കേണമേ...............

ഞങ്ങളുടെ തീരുമാനസംഘങ്ങള്‍ക്ക് വിവേകവും, ദൈവഭയവും, നീതിബോധവും, മനുഷ്യസ്നേഹവും, ദൈവവചനമനനത്തില്‍നിന്നുളവാകുന്ന പക്വതയും നല്‍കേണമേ.........

ഞങ്ങളുടെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ധാര്‍ഷ്ട്യവും, അഹങ്കാരവും, അക്രമവും ഇല്ലാതെയാക്കേണമേ...........

ന്യായംവിധിക്കുന്ന, മറ്റുള്ളവരെ പലകാരണങ്ങളാല്‍ ദേവാലയത്തിന്‍റെ പരിസരങ്ങളില്‍നിന്നും അകറ്റിനിര്‍ത്തുന്ന പൈശാചികസ്വഭാവത്തില്‍നിന്നും ഞങ്ങളെ രക്ഷിക്കേണമേ.........

ഞങ്ങളുടെ തിരിച്ചറിവില്ലായ്മയില്‍നിന്നും ചെയ്തുപോയ പ്രവൃത്തികള്‍, വാക്കുകള്‍, തീരുമാനങ്ങള്‍, ഇവകള്‍മൂലം ഈ ദേവാലയത്തെ ഉപേക്ഷിച്ചുപോയ ജനത്തെ തിരിച്ചു വരുത്തേണമേ.........

ഞങ്ങള്‍ക്ക് നിരപ്പിന്‍റെയും സമാധാനത്തിന്‍റെയും ബോധത്തെ നല്‍കേണമേ..........

ഞങ്ങളെ ജീവന്‍റെ സംരക്ഷകരാക്കുക...........മരണത്തിന്‍റെ ക്വട്ടേഷന്‍ സംഘങ്ങളില്‍നിന്നും അതിന്‍റെ പ്രലോഭനങ്ങളില്‍നിന്നും രക്ഷിക്കേണമേ....

സ്വയനീതീകരണത്തില്‍നിന്നും, സ്വയപ്രശംസയില്‍നിന്നും ഞങ്ങളെ വിടുവിക്കേണമേ................

കഴിഞ്ഞകാലത്തിന്‍റെ മഹത്വത്തെയും നിലപാടുകളെയും തീരുമാനങ്ങളെയും പുകഴ്ത്തുന്നതില്‍ ഞങ്ങള്‍ സംതൃപ്തി കണ്ടെത്തുന്നു......അതില്‍ ഞങ്ങള്‍ സായൂജ്യമടയുന്നു..........അതിന്‍റെ പ്രവാചകരായി ഞങ്ങള്‍ വേഷം കെട്ടുന്നു...........അതിലൂടെ ഞങ്ങളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു........ദൈവമേ ഞങ്ങളോട് പൊറുക്കുക....

ചരിത്രത്തില്‍ ഞങ്ങള്‍ക്ക്മുന്‍പേ സഞ്ചരിച്ച പലരിലും വ്യാപരിച്ച ദൈവികതയും മാനവികതയും അതിനെ പ്രോജ്വലിപ്പിച്ച പരിശുദ്ധാത്മാവിനെയും ഞങ്ങള്‍ക്ക് ഇന്ന് നല്‍കേണമേ........

മറ്റാരൊക്കെയോ ജീവനും, സാധ്യതകളും ബലികഴിച്ചു പടുത്തുയര്‍ത്തിയ സംഘങ്ങളെ, കൂട്ടായ്മകളെ ഞങ്ങളുടെ സാമ്രാജ്യങ്ങളാക്കി അതിന്‍റെ അധികാരത്തിമിര്‍പ്പില്‍ ലാഭംകൊയ്യുകയും,  അട്ടഹസിക്കുകയും, മറ്റുള്ളവരെ കൊഞ്ഞനം കുത്തുകയും ചെയ്യുന്ന അദൈവികഭാവത്തില്‍നിന്നും ഇന്ന് ഞങ്ങളെ രക്ഷിക്കേണമേ.......

ദൈവമേ എന്നില്‍വന്നു പാര്‍ക്കുക.......

ദൈവമേ ഞങ്ങളില്‍ വന്നു പാര്‍ക്കുക..........ഞങ്ങളെ നവീകരിക്കുക...രൂപാന്തരപ്പെടുത്തുക.......അവിടുത്തെ ആലയമാക്കുക

ദൈവമേ ഞങ്ങളെ അവിടുത്തെ ആലയമാക്കുക........

Wednesday, August 15, 2012

കുരുടന്മാരായ വഴികാട്ടികള്‍........



ദൈവമേ ..........കാലത്തിനു മുന്‍പേ പറക്കേണ്ട പക്ഷികള്‍ക്ക് തിമിരം ബാധിച്ചുവോ....?

വഴികാട്ടികള്‍ കുരുടന്മാരായാല്‍............?

ജനത്തെ അറിയാത്ത കുരുടന്മാരായ വഴികാട്ടികള്‍......ദൈവമേ  അവരാണല്ലോ എവിടെയും വഴി കാണിക്കുന്നത്....!

ജനങ്ങളുടെ ആവശ്യങ്ങളറിയാത്ത വഴികാട്ടികള്‍......കമ്പോള സംസ്കാരത്തിന്‍റെ പിടിയിലമര്‍ന്നവര്‍................വ്യക്തിതാല്‍പര്യങ്ങളുടെ അന്ധത ബാധിച്ചവര്‍.........ദൈവമേ  അവരാണല്ലോ എവിടെയും വഴി കാണിക്കുന്നത്....!

ദൈവമേ കുരുടന്മാരായ വഴികാട്ടികളില്‍നിന്നും ജനത്തെ രക്ഷിക്കേണമേ......
അവര്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു........അവര്‍ സത്യത്തെ വളച്ചൊടിക്കുന്നു...
അവര്‍ എങ്ങോട്ടെന്നറിയാതെ ജനത്തെ നയിക്കുന്നു..........

ദൈവമേ കുരുടന്മാരായ വഴികാട്ടികള്‍ ഒരു ജനതയെ ആകമാനം നാശത്തിലേക്ക്‌ തള്ളിവിടുന്നു............നിശബ്ദത തളംകെട്ടി നില്‍ക്കുന്ന സാമൂഹിക പരിസരം അവര്‍ക്ക് കൂടുതല്‍ കരുത്ത്‌ പകരുന്നു........ദൈവമേ ജനത്തിന് തിരിച്ചറിവ് നല്‍കേണമേ.........

ദൈവമേ കുരുടന്മാരായ വഴികാട്ടികള്‍ വാചാലതയോടെ സംസാരിക്കുന്നു .....പക്ഷേ അവരില്‍ വിവേകം കുറഞ്ഞിരിക്കുന്നു....അവരില്‍ നീതിബോധം ഇല്ലാതെയായി

ദൈവമേ കുരുടന്മാരായ വഴികാട്ടികള്‍ അവരില്‍ ബാധിച്ച അന്ധത മറ്റുള്ളവരിലേക്കും പകരുന്നു...............ജനം അതറിയുന്നതുമില്ല.......വെളിച്ചത്തിന്‍റെ ഉറവയായ ദൈവമേ, വെളിച്ചത്തിന്‍റെ വാതായനങ്ങള്‍ ജനത്തിലേക്ക് തുറക്കേണമേ........വെളിച്ചം ഇടിമിന്നലായി കടന്നുവന്ന് അന്ധതയെയും അന്ധകാരത്തെയും  തകര്‍ക്കേണമേ.....

അവര്‍ ഇരുട്ടിന്‍റെ വഴിയിലൂടെ സഞ്ചരിച്ച് മരണത്തെ പുല്‍കുന്നു......ദൈവമേ അവര്‍ അതറിയുന്നില്ല........അവര്‍ വെളിച്ചത്തിന്‍റെ വഴി ബോധപൂര്‍വം വിട്ടുകളയുകയും ചെയ്യുന്നു..........ജീവന്‍റെ ഉറവയായ ദൈവമേ ജീവന്‍റെ കിരണങ്ങള്‍ അവരിലേക്ക്‌ കൊടുങ്കാറ്റായി അയയ്ക്കേണമേ..........

അവരുടെ വാക്കുകളില്‍ അവിവേകവും, ഭോഷ്കും, കപടതയും, അനീതിയും, മനപൂര്‍വമായ അറിവില്ലായ്മയും നിറഞ്ഞിരിക്കുന്നു...........ജനം അത് മനസ്സിലാക്കുന്നതുമില്ല

സത്യത്തിന്‍റെ ഉറവയായ ദൈവമേ..........സത്യത്തിന്‍റെ മുഖത്തെ  അവര്‍ അസത്യത്തിന്‍റെ സൌന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച് മിനുക്കിയെടുക്കുവാന്‍ ശ്രമിക്കുന്നു...

ചിതറിപ്പാര്‍ക്കുന്നവരുടെ ദൈവമേ............കുരുടന്മാരായ വഴികാട്ടികള്‍ ചിതറിപ്പാര്‍ക്കുന്നവരെയും, വേദനിക്കുന്നവരെയും കാണുന്നില്ലല്ലോ............അവര്‍ അവരെ അന്വേഷിക്കുന്നതുമില്ല......മറ്റുള്ളവരെ അന്വേഷിക്കുവാന്‍ സമ്മതിക്കുന്നതുമില്ല

മറ്റുള്ളവര്‍ നിശബ്ദരായിരിക്കുന്നതാണ് അവര്‍ക്കിഷ്ടം.........
മറ്റുള്ളവരെ നിശബ്ദരാക്കുമ്പോഴും അവര്‍ വാചാലതയോടെ സംസാരിക്കുന്നു............

ബലഹീനരെ ശക്തീകരിക്കുന്ന ദൈവമേ..............കുരുടന്മാരായ വഴികാട്ടികളെ തിരിച്ചറിയുവാനുള്ള വിവേകം ജനത്തിനു നല്‍കേണമേ........

മനുഷ്യരെ മരങ്ങളായി കാണുന്ന കുരുടന്മാരായ വഴികാട്ടികളില്‍ നിന്നും ജനത്തെ രക്ഷിക്കേണമേ.......

ദൈവമേ.......കുരുടന്മാരായ വഴികാട്ടികളില്‍ ഞാന്‍ ഒന്നാമന്‍.........എന്നോട് പൊറുക്കുക.......എനിക്ക് വെളിച്ചം പകരുക.....എന്നെ അസത്യത്തില്‍നിന്നും സത്യത്തിലേക്ക് നടത്തുക......അന്ധതയുടെ അടിമത്തത്തില്‍നിന്നും എന്നെ സ്വതന്ത്രനാക്കുക........