Powered By Blogger

Wednesday, August 27, 2014

ദൈവത്തിനൊരു കത്ത്

ദൈവത്തിനൊരു കത്ത്

പ്രിയ കര്‍ത്താവേ, അങ്ങേക്ക് ക്ഷേമം എന്ന് കരുതുന്നു

എനിക്കാണെങ്കില്‍ പരമസുഖം.......ഞാന്‍ സ്വന്തംകാര്യം ഭംഗിയായി നോക്കുന്നുണ്ട്...ആരുടെയും കാര്യത്തില്‍ ഞാന്‍ ഇടപെടാറില്ല......പിന്നെ അല്ലറചില്ലറ പൊടിക്കൈകളുമായി അങ്ങിനെയൊക്കെ തട്ടീം മുട്ടീം ജീവിച്ചുപോകുന്നു

കര്‍ത്താവേ, അങ്ങേക്കറിയാമോ........... കാലം ആകെ മാറിപ്പോയി.... ഇപ്പോള്‍ എല്ലാവരും സ്മാര്‍ട്ടാണ്( സ്മാര്‍ട്ട്ഫോണ്‍, സ്മാര്‍ട്ട്സിറ്റി, സ്മാര്‍ട്ടച്ചന്‍, സ്മാര്‍ട്ട് ബിഷപ്പ്, സ്മാര്‍ട്ട് കുര്‍ബാന, സ്മാര്‍ട്ട് പ്രസംഗം.....)....എല്ലാവരും എന്ന് മാത്രം പറഞ്ഞാല്‍പ്പോരാ...എല്ലാം സ്മാര്‍ട്ടാണ്

നാടോടുമ്പോള്‍ നടുവേ ഓടണമെന്നാണല്ലോ........

അങ്ങും ഒരല്‍പം സ്മാര്‍ട്ടാകണം, മോഡേണ്‍ ആകണം........

പണ്ടത്തെപ്പോലെ കണ്ട അലവലാതികളെയൊന്നും സൌഖ്യമാക്കുവാനോ, അവരുടെ കൂടെ നടക്കുവാനോ, ഭക്ഷണം കഴിക്കുവാനോ, അങ്ങ് പോകരുത്......അവരെ അങ്ങ് സ്പര്‍ശിച്ച കാര്യം ഓര്‍ക്കുമ്പോള്‍ ഒരുതരം ഇളിപ്പ് എനിക്ക് തോന്നുന്നു....ഛെ..അത് വേണ്ടായിരുന്നു........

സൌഖ്യമാക്കാനോ, കൂടെ നടക്കുവാനോ, ഒപ്പമിരുന്ന് കഴിക്കുവാനോ, കെട്ടിപ്പിടിക്കുവാനോ ആളെ വേണമെങ്കില്‍ എന്നോട് പറഞ്ഞാല്‍മതി.....ഞാനൊരു കൊച്ച് ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുന്നുണ്ട്.....അവര്‍ സ്മാര്‍ട്ടായ, ഒന്നൊന്നര, ആളുകളെ ഒപ്പിച്ചുതരും..........അല്ല, ഫോട്ടോയൊക്കെ എടുക്കുമ്പോള്‍ കൂടെയുള്ളവരൊക്കെ നല്ല സ്മാര്‍ട്ടായിരിക്കേണ്ടേ?

പിന്നെയൊണ്ടല്ലോ.....പ്രസംഗമൊക്കെ ഒരല്‍പം മയപ്പെടുത്തണം....എല്ലാവരെയും ഒന്ന് സുഖിപ്പിച്ച്, ചിരിപ്പിച്ച്, പതപ്പിച്ച്, കെങ്കേമമാക്കണം......പണ്ടത്തെ ആവേശമോ, വിപ്ലവമോ ഒന്നും ഇപ്പോള്‍ ഇവിടെ ചെലവാകത്തില്ല.......

പിന്നെ മറ്റൊരു പ്രധാനകാര്യം....ആ ചാട്ടവാറൊണ്ടല്ലോ...അതങ്ങ്‌ കളഞ്ഞേക്കണം....ഇപ്പോള്‍ അത് ഔട്ടോഫ് ഫാഷനാണ്..... വേണമെങ്കില്‍ ഒരു എ കെ ഫോര്‍ട്ടിസെവെന്‍ ഗണ്ണോ, ആധുനിക ഗ്രനേഡോ മറ്റോ എടുത്തോ........അതാണിപ്പോള്‍ ഫാഷന്‍.....

പിന്നെ അതൊന്നും ദേവാലയത്തിലൊന്നും പ്രയോഗിക്കരുത്......അത് മോശമാണ്.....കാരണം നമ്മുടെ സ്പോണ്‍സര്‍മാരെല്ലാം അവിടെയുണ്ട്........അവരെയെന്തിനാ വെറുതെ ശല്യം ചെയ്യുന്നത്...... അതിനു പകരമായി കുറച്ചുനാളായി എനിക്കിട്ട് പണിതരുന്ന കുറെയവന്മാരുണ്ട്...... എന്‍റെയയല്‍പ്പക്കത്തും, ഈ തെരുവിലും.........അവര്‍ക്കിട്ട് നാല് പെട പെടക്കണം....

ഒരു കാര്യം പറയുവാന്‍ വിട്ടുപോയി.....എന്‍റെ പള്ളിയിലെ ആ ചാക്കൊച്ചനെപ്പോലെ അങ്ങ് സ്മാര്‍ട്ടാകണം........ഫേഷ്യലൊക്കെ ചെയ്തിട്ട് വേണം നടക്കാന്‍.......പിന്നെ ക്രീമൊക്കെ ക്രമമായി പുരട്ടണം(ഒന്ന് വെളുക്കട്ടെ...)....അങ്ങയുടെ കൈയ്യിലേയും, കാലിലേയും, വികൃതമായ ആ മുറിവുകളുണ്ടല്ലോ, അതൊന്ന് പ്ലാസ്റ്റിക്‌ സര്‍ജറിനടത്തി  മിനുക്കിയെടുക്കണം.....അത് മഹാവൃത്തികേടാണ്.....ഞാന്‍ സ്പോണ്‍സര്‍മാരെയെല്ലാം കണ്ടെത്തിയിട്ടുണ്ട്

പിന്നെ ആ കുരിശുണ്ടല്ലോ.......അത് പരമബോറാണ്......ഇനി ആ വഴിക്ക്‌ പോയേക്കരുത്........ഞങ്ങള്‍ നിനക്കായി ഒരു ചന്ദനക്കസേര (സ്വര്‍ണത്തില്‍പ്പൊതിഞ്ഞ) ഒരുക്കിയിട്ടുണ്ട്......പിന്നെ വേണമെങ്കില്‍ (ഫാഷനുവേണ്ടി) ഒരു തടിക്കുരിശ് ഞങ്ങള്‍ പണിത്‌ വച്ചേക്കാം....

പണ്ടൊരിക്കല്‍ അങ്ങ് പറഞ്ഞില്ലേ....മനുഷ്യപുത്രന് തലചായ്ക്കാന്‍ ഭൂമിയില്‍ ഇടമില്ലന്ന്.....ആ പ്രശ്നം ഞങ്ങള്‍ പരിഹരിച്ചു......ഏഴേക്കറിനകത്ത് ഒരു സ്മാര്‍ട്ട് വീട് ഞങ്ങള്‍ പണിതുകഴിഞ്ഞു.....ഇനി വരുമ്പോള്‍ ആ കാലിക്കൂട്ടിലൊന്നും പോകേണ്ട കാര്യമില്ല......വെറുതെയെന്തിനാ കൊതുക് കടി കൊള്ളുന്നത്....? നമ്മുടെയാ.....ചെറിയാച്ചനാണ് കാര്യമായ സംഭാവന നല്‍കിയത്........അവന്‍റെ കാര്യം ഒന്ന് നോക്കിക്കോണേ........മാന്യന്മാര്‍ മാത്രം വരുന്ന അവന്‍റെ സ്ഥാപനത്തിന് ഒരു കുഴപ്പവും വരാതെ.......

അല്ലപിന്നെ.......ഈ റോഡരികില്‍കിടന്ന് നിലവിളിക്കുന്നവന്‍റെ കാര്യത്തില്‍ ഇടപെടുന്നതിനെക്കാള്‍ എത്രയോ നല്ലതാ ഈ ചെറിയാച്ചനെപ്പോലെയുള്ളവരുടെ കാര്യം നോക്കുന്നത്.........പത്ത്കാശെങ്കിലും കയ്യിലിരിക്കും......

ഞാന്‍ നിര്‍ത്തട്ടെ.....എനിക്കൊരു വല്ലാത്ത സംശയം.......

അങ്ങ് സത്യമായിട്ടും എന്‍റെ പക്ഷക്കാരന്‍ തന്നെയല്ലേ? അല്ലാ....... അപ്പുറത്തെ ആ ദളിതനുണ്ടല്ലോ അവന്‍ പറയുകയാ....ദൈവം നീതിമാനാണെന്നും...ആ ദൈവം സമ്പന്നരെ വെറുതെയയക്കുമെന്നും, അനീതിപ്രവര്‍ത്തിക്കുന്നവരെ ന്യായം വിധിക്കുമെന്നും.........അത് ശരിയാവാന്‍ തരമില്ല അല്ലേ,,,,!!!!!!!!!!!!!!

എനിക്കറിയാം നീ എന്‍റെ പക്ഷക്കാരന്‍ തന്നെയാണെന്ന്...എനിക്കിട്ട് പണിതരല്ലേ ദൈവമേ.....നീ എന്‍റെ ചക്കരയാണ്, തേനാണ്, പാലാണ്........

പിന്നെ അങ്ങയുടെ മറുപടി എനിക്ക് വേണ്ടാ......വെറുതെ അങ്ങെന്തിനാ ബുദ്ധിമുട്ടുന്നത്..........അങ്ങ് ഞാന്‍ പറയുന്നത് പോലെയങ്ങ് ചെയ്‌താല്‍മതി....

നിര്‍ത്തട്ടെ........

വിനയപൂര്‍വം

അങ്ങയുടെ വിനീതദാസന്‍

കൊച്ചുകുഞ്ഞുമൊതലാളി

(ഇന്നത്തെ ലോകക്രമം പറയാതെ പറയുന്ന ചിലതൊക്കെ ഒരല്‍പം പരിഹാസത്തോടെ പറയുകയാണിവിടെ)

Wednesday, August 13, 2014

സ്വാതന്ത്ര്യത്തിന്‍റെ കുരിശേറ്റം...........


സ്വാതന്ത്ര്യത്തിന്‍റെ കുരിശേറ്റം...........

ഞാന്‍ തെരുവിലൂടെ നടക്കുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ ഒരാള്‍ നാളത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ സമയക്രമവും, പതാകയുയര്‍ത്തലില്‍ പാലിക്കേണ്ട സാമാന്യനിയമങ്ങളും വിളിച്ചുപറയുന്നുണ്ടായിരുന്നു.....

പക്ഷേ ഇതൊന്നും ശ്രദ്ധിക്കാതെ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ അന്നം തേടുകയായിരുന്നു ചില ബാല്യങ്ങള്‍......

സ്വാതന്ത്ര്യദിനാഘോഷത്തില്‍ ലഡുവിതരണമുണ്ടാകുമോയെന്നു വളരെ പ്രതീക്ഷയോടെ അമ്മയോട്ചോദിക്കുന്ന (കുട്ടിയോട് കൂട്ടുകാരാരോ പറഞ്ഞതാകാം) ഒരു കൊച്ചുപെണ്‍കുട്ടിയുടെ നേര്‍ത്തശബ്ദം എനിക്കുകേള്‍ക്കാം....സ്വാതന്ത്ര്യദിനാഘോഷം , വാങ്ങുവാന്‍ ശേഷിയുള്ള/ശക്തിയുള്ള/കുലീന/അധികാരമുള്ള/ ചിലരുടെ ആഘോഷം എന്ന് കരുതിയിട്ടാകണം ദുര്‍ഗന്ധം അതിന്‍റെ വിതരണനീതി ഒട്ടും നഷ്ടപ്പെടുത്താത്ത തെരുവിലെ മൂലയില്‍ ഇരിക്കുന്ന അമ്മയുടെ മുഖത്ത് ഒരുതരം മരവിപ്പ് മാത്രം........

തെരുവിന്‍റെ മറ്റൊരു വശത്തേക്ക് നടന്നെത്തിയ എന്നെ എതിരേറ്റത് മുഷിഞ്ഞജുബ്ബാക്കാരന്‍റെ ഒച്ചയടച്ച ശബ്ദത്തിലുള്ള ആവേശത്തോടെയുള്ള, മുറവിളിയെന്നു പറയാവുന്ന പ്രസംഗമായിരുന്നു.

മെലിഞ്ഞുണങ്ങിയ ആ ശരീരത്തില്‍നിന്നും പുറപ്പെടുന്ന ആ വാക്കുകളില്‍ അഗ്നിജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ പ്രത്യക്ഷമായി.......ആ മുഖം ഒരു ദൈവദൂതന്‍റെ മുഖംപോലെ പ്രകാശിച്ചിരുന്നു......

ബലഹീനന്‍റെ സ്വാതന്ത്ര്യ നിഷേധവും, ദളിത്‌സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചും, ദരിദ്രന്‍റെ ഭക്ഷണവും, തെരുവുബാല്യങ്ങളുടെ വിദ്യാഭ്യാസവും, അനാഥന്‍റെ പാര്‍പ്പിടവും, വിഭവങ്ങളുടെ നീതിപൂര്‍ണമായ വിതരണവും, അടിസ്ഥാനവകാശളുടെ നിഷേധത്തെക്കുറിച്ചുമെല്ലാം തൊണ്ടപൊട്ടി രക്തം വരുമാറ് ഉച്ചത്തില്‍ അയാള്‍ പറയുന്നുണ്ടായിരുന്നു.

അയാളുടെ വാക്കുകളില്‍ ജീവന്‍റെ തുടിപ്പിണ്ടായിരുന്നു, പ്രതിഷേധത്തിന്‍റെ പെരുമ്പറയുണ്ടായിരുന്നു, സൃഷ്ടിയുടെ ഞരക്കമുണ്ടായിരുന്നു.....

അയാളിപ്പോള്‍ പറയുന്നത് എനിക്ക് നന്നായി കേള്‍ക്കാം.....ജീവിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന സര്‍പ്പസന്തതികളേ, പാമ്പുകളേ, നിങ്ങള്‍ നരകവിധി എങ്ങിനെ ഒഴിഞ്ഞുപോകും?

നീതിയുടെ പ്രവാചകരെ കൊന്നവരേ, മോടിയുള്ള വസ്ത്രം അണിയുന്ന (വെള്ളതേച്ച)ശവക്കല്ലറകളേ, ന്യായവും, നീതിയും, കരുണയും, വിശ്വസ്ഥതയും, ത്യജിച്ചു കളയുന്നവരേ നിങ്ങള്‍ ശിക്ഷാവിധിയില്‍നിന്ന് എങ്ങിനെ ഒഴിഞ്ഞുപോകും?

ആ മനുഷ്യന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്ത്‌, ഒരല്‍പം കുറ്റബോധത്തോടെ തലകുനിച്ചിരുന്ന ഞാന്‍ പിന്നീട് കേട്ടത്‌ ഒരലര്‍ച്ചയായിരുന്നു.....

ചാടിയെഴുന്നേറ്റ ഞാന്‍ കണ്ടത് തോക്കുകളും ലാത്തികളുമായി മെലിഞ്ഞുണങ്ങിയ ആ മനുഷ്യനെ മര്‍ദ്ദിക്കുന്ന കാക്കിധാരികളെയാണ്.......

കോട്ടും, സൂട്ടും, ടൈയും, വിലകൂടിയഷൂസും ധരിച്ച കുറേപ്പേര്‍ അവര്‍ക്ക് പിന്നിലായി കൊടിവച്ച ബി എം ഡബ്ലിയു കാറില്‍ വന്നിറങ്ങുന്നു.......അവര്‍ക്ക് എമ്പയറിന്‍റെ നിറവും മണവും ഉണ്ടായിരുന്നു

( വിദേശികളായ സ്വദേശികള്‍ അടിച്ചമര്‍ത്തി ഭരിക്കുന്നതിലും, ചൂഷണം ചെയ്യുന്നതിലും, സ്വാതന്ത്ര്യം നിഷേധിക്കുന്നതിലും ഒട്ടും മോശമല്ലെന്നും, ഭാരതത്തിലെ ഭൂരിപക്ഷത്തിനും സ്വാതന്ത്ര്യം ഒരു വിലകൂടിയ ഉല്‍പ്പന്നമാണെന്നും ഒരിക്കല്‍ക്കൂടി എനിക്ക്‌ മനസ്സിലായി)

അവര്‍ അധികാര ഭാവത്തോടെ ചുറ്റുംനോക്കി ഇനി ആരെങ്കിലുമുണ്ടോയെന്നു നോക്കുന്നു....ഞാനാകട്ടെ ആ മൂലക്കുള്ള കെട്ടിടത്തിന്‍റെ പുറകിലേക്ക് ആരും കാണാതെ ഒളിച്ചുനിന്നു....അവിടെയും ഒരു പെണ്‍കുട്ടിയുടെ നിലവിളി എനിക്കുകേള്‍ക്കാം....സ്വന്തംമാനം കാക്കുവാനുള്ള ഒരു സ്ത്രീയുടെ നിലവിളി.....

നക്ഷത്രങ്ങള്‍ പലതുള്ള, അശോകസ്തംഭം ചാര്‍ത്തിയ യജമാനന്‍ കുറ്റപത്രം വായിക്കുന്നത് എനിക്കിപ്പോള്‍ കേള്‍ക്കാം..........

ഇവന്‍ നിയമലംഘകന്‍, രാജ്യദ്രോഹി, ജനത്തെ വഴിതെറ്റിക്കുന്ന വിപ്ലവകാരി....അതിനാല്‍ ഇവന്‍ മരണയോഗ്യന്‍......

അപ്പോള്‍ വിദേശികളായ സ്വദേശികള്‍ ആക്രോശിക്കുന്നുണ്ടായിരുന്നു അവനെ ക്രൂശിക്ക, ക്രൂശിക്ക....ഞാനും അവരോടൊപ്പം അതേറ്റുപറഞ്ഞു അവനെ ക്രൂശിക്ക, ക്രൂശിക്ക........

അവര്‍ അവന്‍റെ കന്നതടിച്ചു, മുഷ്ടിചുരുട്ടി കുത്തി.....വേച്ചുവീണ ആ മനുഷ്യനെ അവര്‍ തെരുവിലൂടെവലിച്ചിഴച്ചു........

ബലിഷ്ഠമായ കരങ്ങള്‍ അവന്‍റെ വാപൊത്തിയിട്ടും അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു.....നീതിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും, ജീവിക്കുവാനുള്ള അവകാശത്തിന്‍റെയും നിഷേധം ദൈവ-മനുഷ്യ-ജീവ നിഷേധമാണെന്നും അവ അവസാനിപ്പിക്കണമെന്നും...............

ഞാനുള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം രണ്ടുകൈയ്യും പാന്‍റ്സിന്‍റെ പോക്കെറ്റിലിട്ടുകൊണ്ട് (പാന്‍റ്സില്ലാത്തവര്‍ മുണ്ടും മടക്കിക്കുത്തി, കൈ പിന്നിലായി കെട്ടി) ശബ്ദമുയര്‍ത്തി വിദേശികളായ സ്വദേശികള്‍ക്ക് കീ ജയ് വിളിച്ചുകൊണ്ടിരുന്നു.........

അപ്പോള്‍ തെരുവിന്‍റെ അങ്ങേമൂലയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ കൊടിതോരണങ്ങള്‍ ( അര്‍ത്ഥമറിയാതെ) കെട്ടുന്ന തിരക്കിലായിരുന്നു ജനം.....

ഒരിടത്ത് സ്വാതന്ത്ര്യത്തിന്‍റെ കുരിശേറ്റം.....മറ്റൊരിടത്ത് സ്വാതന്ത്ര്യത്തിന്‍റെ ആഘോഷം........

എങ്ങുനിന്നോ ജീവന്‍റെ തുടിപ്പും, പ്രതിഷേധത്തിന്‍റെ പെരുമ്പറയും, സൃഷ്ടിയുടെ ഞരക്കവും നിറഞ്ഞ (മെലിഞ്ഞുണങ്ങിയ മനുഷ്യന്‍റെ) വാക്കുകള്‍ ഒരശരീരിപോലെ എന്‍റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു