Powered By Blogger

Wednesday, August 27, 2014

ദൈവത്തിനൊരു കത്ത്

ദൈവത്തിനൊരു കത്ത്

പ്രിയ കര്‍ത്താവേ, അങ്ങേക്ക് ക്ഷേമം എന്ന് കരുതുന്നു

എനിക്കാണെങ്കില്‍ പരമസുഖം.......ഞാന്‍ സ്വന്തംകാര്യം ഭംഗിയായി നോക്കുന്നുണ്ട്...ആരുടെയും കാര്യത്തില്‍ ഞാന്‍ ഇടപെടാറില്ല......പിന്നെ അല്ലറചില്ലറ പൊടിക്കൈകളുമായി അങ്ങിനെയൊക്കെ തട്ടീം മുട്ടീം ജീവിച്ചുപോകുന്നു

കര്‍ത്താവേ, അങ്ങേക്കറിയാമോ........... കാലം ആകെ മാറിപ്പോയി.... ഇപ്പോള്‍ എല്ലാവരും സ്മാര്‍ട്ടാണ്( സ്മാര്‍ട്ട്ഫോണ്‍, സ്മാര്‍ട്ട്സിറ്റി, സ്മാര്‍ട്ടച്ചന്‍, സ്മാര്‍ട്ട് ബിഷപ്പ്, സ്മാര്‍ട്ട് കുര്‍ബാന, സ്മാര്‍ട്ട് പ്രസംഗം.....)....എല്ലാവരും എന്ന് മാത്രം പറഞ്ഞാല്‍പ്പോരാ...എല്ലാം സ്മാര്‍ട്ടാണ്

നാടോടുമ്പോള്‍ നടുവേ ഓടണമെന്നാണല്ലോ........

അങ്ങും ഒരല്‍പം സ്മാര്‍ട്ടാകണം, മോഡേണ്‍ ആകണം........

പണ്ടത്തെപ്പോലെ കണ്ട അലവലാതികളെയൊന്നും സൌഖ്യമാക്കുവാനോ, അവരുടെ കൂടെ നടക്കുവാനോ, ഭക്ഷണം കഴിക്കുവാനോ, അങ്ങ് പോകരുത്......അവരെ അങ്ങ് സ്പര്‍ശിച്ച കാര്യം ഓര്‍ക്കുമ്പോള്‍ ഒരുതരം ഇളിപ്പ് എനിക്ക് തോന്നുന്നു....ഛെ..അത് വേണ്ടായിരുന്നു........

സൌഖ്യമാക്കാനോ, കൂടെ നടക്കുവാനോ, ഒപ്പമിരുന്ന് കഴിക്കുവാനോ, കെട്ടിപ്പിടിക്കുവാനോ ആളെ വേണമെങ്കില്‍ എന്നോട് പറഞ്ഞാല്‍മതി.....ഞാനൊരു കൊച്ച് ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുന്നുണ്ട്.....അവര്‍ സ്മാര്‍ട്ടായ, ഒന്നൊന്നര, ആളുകളെ ഒപ്പിച്ചുതരും..........അല്ല, ഫോട്ടോയൊക്കെ എടുക്കുമ്പോള്‍ കൂടെയുള്ളവരൊക്കെ നല്ല സ്മാര്‍ട്ടായിരിക്കേണ്ടേ?

പിന്നെയൊണ്ടല്ലോ.....പ്രസംഗമൊക്കെ ഒരല്‍പം മയപ്പെടുത്തണം....എല്ലാവരെയും ഒന്ന് സുഖിപ്പിച്ച്, ചിരിപ്പിച്ച്, പതപ്പിച്ച്, കെങ്കേമമാക്കണം......പണ്ടത്തെ ആവേശമോ, വിപ്ലവമോ ഒന്നും ഇപ്പോള്‍ ഇവിടെ ചെലവാകത്തില്ല.......

പിന്നെ മറ്റൊരു പ്രധാനകാര്യം....ആ ചാട്ടവാറൊണ്ടല്ലോ...അതങ്ങ്‌ കളഞ്ഞേക്കണം....ഇപ്പോള്‍ അത് ഔട്ടോഫ് ഫാഷനാണ്..... വേണമെങ്കില്‍ ഒരു എ കെ ഫോര്‍ട്ടിസെവെന്‍ ഗണ്ണോ, ആധുനിക ഗ്രനേഡോ മറ്റോ എടുത്തോ........അതാണിപ്പോള്‍ ഫാഷന്‍.....

പിന്നെ അതൊന്നും ദേവാലയത്തിലൊന്നും പ്രയോഗിക്കരുത്......അത് മോശമാണ്.....കാരണം നമ്മുടെ സ്പോണ്‍സര്‍മാരെല്ലാം അവിടെയുണ്ട്........അവരെയെന്തിനാ വെറുതെ ശല്യം ചെയ്യുന്നത്...... അതിനു പകരമായി കുറച്ചുനാളായി എനിക്കിട്ട് പണിതരുന്ന കുറെയവന്മാരുണ്ട്...... എന്‍റെയയല്‍പ്പക്കത്തും, ഈ തെരുവിലും.........അവര്‍ക്കിട്ട് നാല് പെട പെടക്കണം....

ഒരു കാര്യം പറയുവാന്‍ വിട്ടുപോയി.....എന്‍റെ പള്ളിയിലെ ആ ചാക്കൊച്ചനെപ്പോലെ അങ്ങ് സ്മാര്‍ട്ടാകണം........ഫേഷ്യലൊക്കെ ചെയ്തിട്ട് വേണം നടക്കാന്‍.......പിന്നെ ക്രീമൊക്കെ ക്രമമായി പുരട്ടണം(ഒന്ന് വെളുക്കട്ടെ...)....അങ്ങയുടെ കൈയ്യിലേയും, കാലിലേയും, വികൃതമായ ആ മുറിവുകളുണ്ടല്ലോ, അതൊന്ന് പ്ലാസ്റ്റിക്‌ സര്‍ജറിനടത്തി  മിനുക്കിയെടുക്കണം.....അത് മഹാവൃത്തികേടാണ്.....ഞാന്‍ സ്പോണ്‍സര്‍മാരെയെല്ലാം കണ്ടെത്തിയിട്ടുണ്ട്

പിന്നെ ആ കുരിശുണ്ടല്ലോ.......അത് പരമബോറാണ്......ഇനി ആ വഴിക്ക്‌ പോയേക്കരുത്........ഞങ്ങള്‍ നിനക്കായി ഒരു ചന്ദനക്കസേര (സ്വര്‍ണത്തില്‍പ്പൊതിഞ്ഞ) ഒരുക്കിയിട്ടുണ്ട്......പിന്നെ വേണമെങ്കില്‍ (ഫാഷനുവേണ്ടി) ഒരു തടിക്കുരിശ് ഞങ്ങള്‍ പണിത്‌ വച്ചേക്കാം....

പണ്ടൊരിക്കല്‍ അങ്ങ് പറഞ്ഞില്ലേ....മനുഷ്യപുത്രന് തലചായ്ക്കാന്‍ ഭൂമിയില്‍ ഇടമില്ലന്ന്.....ആ പ്രശ്നം ഞങ്ങള്‍ പരിഹരിച്ചു......ഏഴേക്കറിനകത്ത് ഒരു സ്മാര്‍ട്ട് വീട് ഞങ്ങള്‍ പണിതുകഴിഞ്ഞു.....ഇനി വരുമ്പോള്‍ ആ കാലിക്കൂട്ടിലൊന്നും പോകേണ്ട കാര്യമില്ല......വെറുതെയെന്തിനാ കൊതുക് കടി കൊള്ളുന്നത്....? നമ്മുടെയാ.....ചെറിയാച്ചനാണ് കാര്യമായ സംഭാവന നല്‍കിയത്........അവന്‍റെ കാര്യം ഒന്ന് നോക്കിക്കോണേ........മാന്യന്മാര്‍ മാത്രം വരുന്ന അവന്‍റെ സ്ഥാപനത്തിന് ഒരു കുഴപ്പവും വരാതെ.......

അല്ലപിന്നെ.......ഈ റോഡരികില്‍കിടന്ന് നിലവിളിക്കുന്നവന്‍റെ കാര്യത്തില്‍ ഇടപെടുന്നതിനെക്കാള്‍ എത്രയോ നല്ലതാ ഈ ചെറിയാച്ചനെപ്പോലെയുള്ളവരുടെ കാര്യം നോക്കുന്നത്.........പത്ത്കാശെങ്കിലും കയ്യിലിരിക്കും......

ഞാന്‍ നിര്‍ത്തട്ടെ.....എനിക്കൊരു വല്ലാത്ത സംശയം.......

അങ്ങ് സത്യമായിട്ടും എന്‍റെ പക്ഷക്കാരന്‍ തന്നെയല്ലേ? അല്ലാ....... അപ്പുറത്തെ ആ ദളിതനുണ്ടല്ലോ അവന്‍ പറയുകയാ....ദൈവം നീതിമാനാണെന്നും...ആ ദൈവം സമ്പന്നരെ വെറുതെയയക്കുമെന്നും, അനീതിപ്രവര്‍ത്തിക്കുന്നവരെ ന്യായം വിധിക്കുമെന്നും.........അത് ശരിയാവാന്‍ തരമില്ല അല്ലേ,,,,!!!!!!!!!!!!!!

എനിക്കറിയാം നീ എന്‍റെ പക്ഷക്കാരന്‍ തന്നെയാണെന്ന്...എനിക്കിട്ട് പണിതരല്ലേ ദൈവമേ.....നീ എന്‍റെ ചക്കരയാണ്, തേനാണ്, പാലാണ്........

പിന്നെ അങ്ങയുടെ മറുപടി എനിക്ക് വേണ്ടാ......വെറുതെ അങ്ങെന്തിനാ ബുദ്ധിമുട്ടുന്നത്..........അങ്ങ് ഞാന്‍ പറയുന്നത് പോലെയങ്ങ് ചെയ്‌താല്‍മതി....

നിര്‍ത്തട്ടെ........

വിനയപൂര്‍വം

അങ്ങയുടെ വിനീതദാസന്‍

കൊച്ചുകുഞ്ഞുമൊതലാളി

(ഇന്നത്തെ ലോകക്രമം പറയാതെ പറയുന്ന ചിലതൊക്കെ ഒരല്‍പം പരിഹാസത്തോടെ പറയുകയാണിവിടെ)

No comments:

Post a Comment