Powered By Blogger

Wednesday, November 19, 2014

സുഹൃത്തേ......പ്രണാമം

സുഹൃത്തേ......പ്രണാമം

പനി ബാധിച്ച് തളര്‍ന്ന് കിടന്നപ്പോള്‍ എന്‍റെ മനസ്സില്‍ ഓടിയെത്തിയ (പേരുപോലും മറന്നുപോയ) എന്‍റെ സുഹൃത്തിന് പ്രണാമം.....

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം......

സ്ഥലം: വൈബോണ്‍ പ്രൈമറി സ്കൂള്‍ പരിസരം, ന്യൂ എല്‍ത്തം, ലണ്ടന്‍
സമയം: ഉച്ചകഴിഞ്ഞ് മൂന്ന് മണി

പശ്ചാത്തലം: ഞാനും, ഭാര്യയും, മകനും ഒരുപോലെ ചിക്കന്‍പോക്സ് ബാധിച്ചു വളരെയധികം ബുദ്ധിമുട്ടുന്ന സമയം

മകളെ സ്കൂളില്‍നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ കാറില്‍  എത്തിയതാണ് അവിടെ( യുകെ യില്‍ മാതാപിതാക്കളോ, ഉത്തരവാദപ്പെട്ടവരോ കുട്ടികളെ ആറാം ക്ലാസ്സ്‌ വരെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് പോകണം).

കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടണമെന്ന് കരുതി ഞാനല്‍പം നേരത്തെ സ്കൂളില്‍ എത്തി...........................

എനിക്ക് ചിക്കന്‍പോക്സ് ആണ്....പുറത്തിറങ്ങിയാല്‍ ഒരു ഭീകരജീവി പോലെയാണ് എന്നെക്കണ്ടാല്‍( അതിപ്പോഴും അങ്ങനെയാണെന്നാണ് എന്‍റെ ഭാര്യ ചിലപ്പോള്‍ പറയാറുള്ളത്)..................

മകളോട് പ്രത്യേകം പറഞ്ഞിരുന്നു.......ടീച്ചറോട്‌ പറഞ്ഞ് പുറത്തേക്ക് വരണമെന്ന്........

ഞാന്‍ കാറില്‍നിന്നും പുറത്തിറങ്ങാതെ ഇരിക്കുകയാണ്.......പനിയും ചിക്കന്‍പോക്സും മൂലം വല്ലാതെ വിങ്ങുന്ന ശരീരത്തിന് ഒരല്പം ആശ്വാസമാകട്ടെയെന്നു കരുതി കാറിലെ ശീതീകരണയന്ത്രം പ്രവര്‍ത്തിപ്പിക്കുന്നുണ്ടായിരുന്നു...............

മകളെത്തി....കാറില്‍ കയറി..... സ്റ്റാര്‍ട്ടാക്കാന്‍ കീയിട്ടു തിരിച്ചിട്ടും കാര്‍ സ്റ്റാര്‍ട്ടാവുന്നില്ല......ഞാന്‍ പഠിച്ച പണി പതിനെട്ടും നോക്കി....കാര്‍ പിണങ്ങിയതുപോലെ.....ഞാനാകെ പരിഭ്രമിച്ചു.....ഞാനാണെങ്കില്‍ ഫോണും എടുത്തിട്ടില്ല. അതുകൊണ്ടുതന്നെ എമര്‍ജന്‍സി സര്‍വിസിനെ വിളിക്കാനും വയ്യ....വീട്ടിലേക്കു നടക്കാനാണെങ്കില്‍ പതിനഞ്ചു മിനുട്ടെങ്കിലും ആവും.....അല്ല...എങ്ങിനെ നടക്കും...ആളുകള്‍ പേടിക്കില്ലേ......

ഞാന്‍ ഒരല്പം സങ്കോചത്തോടെ കാറില്‍നിന്നും പുറത്തിറങ്ങി.......ആരെങ്കിലും എന്നെ കണ്ടാല്‍ എന്ത് പറയും എന്ന ചിന്ത എന്നെ വല്ലാതെ ഭയപ്പെടുത്തി.....

ആളുകള്‍ കുട്ടികളെ കൂട്ടിക്കൊണ്ട് എത്രയും വേഗം വീട്ടിലെത്താനുള്ള തത്രപ്പാടിലാണ്.....ചിലരെങ്കിലും എന്നെ വെറുപ്പോടെ, അവജ്ഞയോടെ നോക്കുന്നുണ്ട്( രണ്ട് കാരണങ്ങള്‍....ഒന്നെന്‍റെ നിറം....രണ്ട്, ചിക്കന്‍പോക്സ് ബാധിച്ച് വിരൂപമായ മുഖം)

ഞാനാകെ കുഴങ്ങി...എന്ത് ചെയ്യും........പല വഴികളും മനസ്സിലൂടെ കടന്നുപോയി.....ആകെ പകച്ചുപോയ ചില നിമിഷങ്ങള്‍......പലതിനെയും ശപിച്ച മിനുട്ടുകള്‍......

അപ്പോഴാണ് ഒരു ദൈവദൂതനെപ്പോലെ ഒരാള്‍ വരുന്നത്.... അല്പം വൈകിയാണ് അയാള്‍ സ്കൂളില്‍ കുട്ടികളെ കൂട്ടുവാന്‍ വന്നത്.....അയാള്‍ വരുന്നത് ജോലിസ്ഥലത്തു നിന്നാണെന്ന് അയാളുടെ വേഷം കണ്ടാല്‍ അറിയാം.....കോട്ടും, സൂട്ടും, ടൈയും, പോളിഷ് ചെയ്തുമിനുക്കിയ ഷൂസും എല്ലാം ഉണ്ട്..........

കുട്ടികളെ കാറില്‍ക്കയറ്റി വണ്ടിസ്റ്റാര്‍ട്ടാക്കി നീങ്ങുന്നതിനിടയിലാണ് ആ സായിപ്പ് അന്ധാളിച്ചുനില്‍ക്കുന്ന എന്നെ കണ്ടത്..........എന്തോ പന്തികേട് തോന്നിയിട്ടാകാം......വാട്ട്‌ ഹാപ്പെണ്ട്....ആര്‍ യു ഓള്‍റൈറ്റ്.......അയാള്‍ എന്നോട് ചോദിച്ചു.........ഞാന്‍ വല്ലാതെ പരുങ്ങിയതല്ലാതെ ഒന്നും പറഞ്ഞില്ല..............

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ കാര്‍ പാതയോരത്തേക്ക് മാറ്റിനിര്‍ത്തി കാറില്‍നിന്നും ചാടിയിറങ്ങി......(രണ്ട് കൊച്ചുകുട്ടികള്‍ കാറിന്‍റെ പിന്‍സീറ്റില്‍ ഇരിക്കുന്നുണ്ട്....അവര്‍ അസ്വസ്ഥരാണ്.....കാരണം അവര്‍ ഇപ്പോള്‍ത്തന്നെ വീട്ടിലെത്താന്‍ വൈകി..).

എന്‍റെ അനുവാദംപോലും ചോദിക്കാതെ അയാള്‍ എന്‍റെ കാറിന്‍റെ ബോണെറ്റ് തുറന്നുനോക്കി.....കീ എന്‍റെ കൈയ്യില്‍നിന്നും വാങ്ങി സ്റാര്‍ട്ടാക്കാന്‍ അയാളും നോക്കി...പറ്റുന്നില്ല..............

ഒരല്പനേരത്തെ പരിശോധനക്കിടയില്‍ അയാള്‍ക്ക്‌ കാറിന്‍റെ രോഗകാരണം മനസ്സിലായി....( എനിക്കപ്പോഴും ഒന്നും മനസ്സിലായില്ല).....
തന്‍റെ കാറിന്‍റെ അടുത്തേക്ക്പോയ ആ സുഹൃത്ത്‌ കാറിന്‍റെ ഡിക്കി തുറന്നു...ഞാന്‍ അന്ധാളിച്ചുപോയി....ഒരു വര്‍ക്ക്‌ഷോപ്പ് തന്നെയുണ്ട് അവിടെ( സായിപ്പന്മാര്‍ അങ്ങിനെയാണ്.....അവര്‍ മിക്കവാറും പണികള്‍ സ്വയം ചെയ്യുന്നവരാണ്...എന്തു പണിയും....അതിനാവശ്യമായ എല്ലാ ഉപകരണങ്ങളും അവരുടെ പക്കലുണ്ടാവും...ക്ഷമയോടെ അവര്‍ ചെയ്യുന്നത് നാം കണ്ടു പഠിക്കണം)

അയാള്‍ തന്‍റെ കാറില്‍നിന്നും എടുത്ത ഒരു നീളമുള്ള വയര്‍(wire…not stomach) എടുത്ത് അതിന്‍റെ ഒരുവശം എന്‍റെ കാറിന്‍റെ ബാറ്ററിയിലും മറുവശം തന്‍റെ കാറിലും ഘടിപ്പിച്ചതിനുശേഷം(ആ സുഹൃത്തിന്‍റെ ക്ഷമ സമ്മതിക്കണം) , തന്‍റെ കാര്‍ സ്റ്റാര്‍ട്ടാക്കി......ഏതാണ്ട് പത്തുമിനുട്ടിനുശേഷം എന്‍റെ കാര്‍ സ്റ്റാര്‍ട്ടാക്കിനോക്കുവാന്‍ എന്നോടാവശ്യപ്പെട്ടു.....ഞാന്‍ പതിയെ സ്റ്റാര്‍ട്ടാക്കി......എന്‍റെ കാര്‍ കിതച്ച്, കിതച്ച് സ്റ്റാര്‍ട്ടായി...............പിന്നെയും അഞ്ചുമിനുട്ടോളമെടുത്തു ബാറ്ററിയിലെ ചോര്‍ന്നുപോയ ഊര്‍ജം എന്‍റെ കാര്‍ വീണ്ടെടുക്കാന്‍......................

എന്‍റെ കാര്‍ യാത്രക്ക് സജ്ജമായി.......ശീതീകരണയന്ത്രം കുറച്ചുസമയം പ്രവര്‍ത്തിപ്പിച്ചതുമൂലമാണ് ബാറ്റെറിയിലെ ഊര്‍ജം ചോര്‍ന്നതും, വണ്ടി സ്റ്റാര്‍ട്ടാവാതിരുന്നതും................

എനിക്ക് വലിയ ആശ്വാസമായി.........പ്രശ്നം പരിഹരിച്ചുവല്ലോ...........
തന്‍റെ മക്കളെ വീട്ടില്‍വിട്ടിട്ട് ജോലിസ്ഥലത്തേക്ക് പോകേണ്ട ആ സുഹൃത്ത് പെട്ടെന്നുതന്നെ എല്ലാം തന്‍റെ കാറിന്‍റെ ഡിക്കിയിലാക്കി പോകാന്‍ തയ്യാറെടുത്തു........

ഞാനൊരല്പം ജാള്യതയോടെ പറഞ്ഞു.....താങ്ക്സ് മൈ ഡിയര്‍ ഫ്രണ്ട്......വെല്‍ക്കം.....അദ്ദേഹം മറുപടിയും പറഞ്ഞു..............................

തന്‍റെ മക്കളെയും കൂട്ടി ധൃതിയില്‍ പോയ ആ മനുഷ്യന്‍റെ മുഖത്ത് ഒരു നിഗൂഡമായ പുഞ്ചിരി എനിക്കു കാണാമായിരുന്നു.......ആ സമയത്ത് എന്‍റെ ചിക്കന്‍പോക്‌സിന്‍റെ കാര്യമേ ഞാന്‍ മറന്നുപോയിരുന്നു

സുഹൃത്തേ എനിക്കൊരു ചോദ്യം ഇന്ന് താങ്കളോട് ചോദിക്കുവാനുണ്ട്.......താങ്കളുടെ തിരക്കിനിടയിലും യാതൊരുവിധ പരിചയവുമില്ലാത്ത, താങ്കളുടെ നിറമില്ലാത്ത, മൂന്നാംലോകരാജ്യത്തിലെ ഒരു ദരിദ്രനുവേണ്ടി, ചിക്കന്‍പോക്സ് ബാധിച്ച് വിരൂപനായ എനിക്കുവേണ്ടി ഇത്രയും സമയവും, അധ്വാനവും മാറ്റിവയ്ക്കുവാന്‍ താങ്കളെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്.............?

കരുണയല്ലേ അത്?

എന്നില്‍നിന്ന് വറ്റിപ്പോയ ഒരു ജീവിതഭാവം.....ഉറവവറ്റിയ ഒരു തോടുപോലെ...........

കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍...........എന്തെന്നാല്‍ അവര്‍ക്ക് കരുണ ലഭിക്കും.................

ക്രിസ്തുവേ......... നഷ്ടപ്പെട്ടുപോയ കരുണയുടെ ഭാവം എന്നില്‍ പകര്‍ന്നുതരൂ.........എന്നെ ദൈവതേജസ്സുള്ള ഒരു മനുഷ്യനാക്കൂ



Sunday, November 16, 2014

ജീവിതത്തിലെ ചില പാഠങ്ങള്‍......

ജീവിതത്തിലെ ചില പാഠങ്ങള്‍......

ഒന്ന്, ഒരു വ്യക്തിയുടെ ആശയങ്ങളോടുള്ള എതിര്‍പ്പ്, ആശയതലത്തില്‍ മാത്രം പ്രകടിപ്പിക്കുക. ആശയത്തെ ആശയം കൊണ്ട് നേരിടുക.....സംവാദത്തിലൂടെ.....വ്യക്തിയെ വെറുക്കുകയോ ശത്രുവായി കാണുകയോ ചെയ്യരുത്

രണ്ട്, മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിക്കരുത്....
മൂന്ന്, ആരുടെയും മുന്‍പില്‍ വലിയവനാണെന്ന്/ളാണെന്ന് കാണിക്കുവാന്‍ ശ്രമിക്കരുത്( ഉദാ: വീട് പണിയുന്നത്. വാഹനം വാങ്ങുന്നത്, ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍  വാങ്ങുന്നത്, ജോലി തെരഞ്ഞെടുക്കുന്നത്......).

മൂന്ന്, മറ്റുള്ളവരുടെ നേട്ടങ്ങളില്‍ അസൂയപ്പെടരുത്........അതിനെ വിലകുറച്ചു കാണുകയുമരുത്.....( കാരണം ആ നേട്ടങ്ങള്‍ക്കു കഠികഠിനാധ്വാനത്തിന്‍റെയും ത്യാഗത്തിന്‍റെയും കഥകള്‍ പറയുവാനുണ്ട്) മറിച്ച് മനസ്സുതുറന്ന്‌ അഭിനന്ദിക്കുവാന്‍ ശീലിക്കുക. അതോടൊപ്പം നമ്മുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവ നന്നായി ഉപയോഗിക്കുവാന്‍(കഠിനാധ്വാനത്തിലൂടെ) ശീലിക്കുക

നാല്, മറ്റുള്ളവരുടെ വ്യക്തിപരമായ പരാജയത്തില്‍, രോഗത്തില്‍, തളര്‍ച്ചയില്‍, വീഴ്ചയില്‍, ഒരിക്കലും സന്തോഷിക്കുവാന്‍ ശ്രമിക്കരുത്...അവന്/ അവള്‍ക്ക്‌/അവര്‍ക്ക് അത് വരേണ്ടത് തന്നെ എന്ന് പറയുവാന്‍ ശ്രമിക്കരുത്.........മറിച്ച് അവര്‍ക്ക് കൂട്ടായ്മ കൊടുക്കുന്നതാണ് ആരോഗ്യമനസ്സിന്‍റെ ലക്ഷണം

അഞ്ച്, സത്യത്തെ തമസ്കരിക്കരുത്....സത്യത്തെ സുഹൃത്താക്കുക.......നുണയ്ക്ക് താല്‍ക്കാലിക വിജയം ഉണ്ടായാല്‍ പോലും.....കാരണം ആത്യന്തിക വിജയം സത്യത്തിനാണ്

ആറ്, മറ്റുള്ളവര്‍ക്ക്‌ മാര്‍ക്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക......(ഞാന്‍ മാത്രം ശരി എന്ന കാഴ്ചപ്പാടില്‍നിന്നാണ് അത് വരുന്നത്)

ഏഴ്, അനീതിയോട് ചെറുത്തുനില്‍ക്കുക.........അത് പൈശാചികമാണ്...ദൈവം നീതിയുടെ പക്ഷത്താണെന്ന് തിരിച്ചറിയുക

എട്ട്, വിവേചനത്തിന്‍റെ വേരുകള്‍ മനസ്സില്‍നിന്നും, ഭാഷയില്‍നിന്നും, സ്വപ്നങ്ങളില്‍നിന്നും, ജീവിതരീതികളില്‍നിന്നും, മാറ്റുക

ഒന്‍പത്, എല്ലാം ഞാന്‍ ചെയ്തെങ്കിലേ ശരിയാവൂ എന്ന ചിന്താഗതി ഉപേക്ഷിക്കുക.....മറ്റുള്ളവരെക്കൂടി വിശ്വാസത്തിലെടുക്കുക....അവര്‍ക്കും അവസരങ്ങള്‍ നല്‍കുക

പത്ത്, ജീവിതത്തില്‍ എപ്പോഴും നേര്‍പാതയിലൂടെ സഞ്ചരിക്കുക.........വളഞ്ഞ വഴിയിലൂടെ ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കരുത്......അത് നമ്മെ നിരാശയിലെത്തിക്കും.....മറ്റുള്ളവരെ കരിവാരിത്തേയ്ച്ച് മിടുക്കനാകുവാന്‍ ശ്രമിക്കരുത്....... മറ്റൊരാളുടെ അവകാശം/അവസരം/ അര്‍ഹതപ്പെട്ടത്/ നിഷേധിക്കുകയോ, തട്ടിപ്പറിക്കുകയോ ചെയ്യരുത്


ജീവിതം ഒന്നേയുള്ളൂ......അത് ദൈവത്തോടും, സഹജീവികളോടും, പ്രപഞ്ചത്തോടും നിരന്ന് ഒരു ആഘോഷമാക്കുക.........ജീവിതം ഒരു ഉത്സവമാക്കുക( നമുക്കും മറ്റുള്ളവര്‍ക്കും)