Powered By Blogger

Friday, September 30, 2016

എന്‍റെ രണ്ടു “പൊട്ട”ചിന്തകള്‍............

എന്‍റെ രണ്ടു “പൊട്ട”ചിന്തകള്‍............
അ) മനുഷ്യര്‍ വീടെന്ന പേരില്‍ നിര്‍മ്മിക്കുന്ന സൌധങ്ങള്‍ യഥാര്‍ത്ഥത്തില്‍ താമസിക്കുവാന്‍ വേണ്ടിയാണോ’ പണിതുയര്‍ത്തുന്നത്............?
വീടെന്ന പേരില്‍ നിര്‍മിക്കുന്ന സൌധങ്ങളില്‍ പലതും അടഞ്ഞുകിടക്കുന്നു.....അല്ലെങ്കില്‍ മിക്കവയുടേയും പത്തുശതമാനം പോലും ഉപയോഗിക്കാതെ കിടക്കുന്നു......................
ചിലര്‍ മറ്റുള്ളവരെ കാണിക്കാന്‍ വീടുവയ്ക്കുന്നു.....മറ്റുചിലര്‍ തങ്ങളുടെ സാമ്പത്തികഹുങ്ക് കാണിക്കുവാനും........വേറെചിലര്‍ പകപോക്കുവാന്‍....................ചിലര്‍ മല്‍സരബുദ്ധിയില്‍........വേറൊരു കൂട്ടര്‍ മാനസികസംതൃപ്തിക്കുവേണ്ടി.........അതിനിടയില്‍ ചിലര്‍ എന്തൊക്കെയോ നേടിയെന്ന് ലോകരോട് പറയുവാന്‍................
എന്നിട്ട് ഒരു കൂറ്റന്‍മതിലും.......മതിലെന്നാല്‍.....മതി, ഇതിലേ എന്നാണ്....
മിക്കസൌധങ്ങളിലും ആഡംബരമുണ്ട് ഇഴയടുപ്പമില്ല.........വൃത്തിയുണ്ട്(ചിലര്‍ നിര്‍വ്വചിച്ച) പക്ഷേ പാരസ്പര്യതയില്ല.......എല്ലാം അടുക്കിവച്ചിട്ടുണ്ട് എന്നാല്‍ ജീവിതം താറുമാരായിരിക്കുന്നു.........സുന്ദരമാണ്, പക്ഷേ സ്നേഹം തണുത്തുറഞ്ഞുപോയിരിക്കുന്നു..........
കെട്ടിടമുണ്ട്......പക്ഷേ ജീവന്‍റെ ആഘോഷം നമ്മെവിട്ടുപോയിരിക്കുന്നു.........അതില്‍ പാര്‍ക്കുന്നവര്‍ അവരവരുടെ തുരുത്തുകളിലും....എല്ലാമുണ്ട്.... പക്ഷേ ഏകാന്തതയും ഒറ്റപ്പെടലും നമ്മുടെ ജീവിതങ്ങളില്‍ പടര്‍ന്നു പന്തലിക്കുന്നു.........................
മനുഷ്യമുഖം നഷ്ടപ്പെട്ട കുറെ മനുഷ്യരും.............ജീവനില്ലാത്ത കുറെ കെട്ടിടങ്ങളും നമ്മുടെ ജീവിതപരിസരങ്ങളെ വല്ലാതെ ഊഷരമാക്കുന്നു...........
ആ) ദൈവത്തെ ആരാധിക്കാനെന്നപേരില്‍ നിര്‍മിക്കുന്ന കൂറ്റന്‍ കെട്ടിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കുവേണ്ടിയാണ്?
ഈ കെട്ടിടങ്ങളും മാല്‍സര്യത്തിന്‍റേയും, പകപോക്കലുകളുടേയും, സാമ്പത്തികധാര്‍ഷ്ട്യത്തിന്‍റേയും, ഇടങ്ങളാകുന്നുണ്ടോയെന്ന ഒരു സന്ദേഹം എനിക്കുണ്ട്................
ഇന്ന് ദൈവാലയകെട്ടിടങ്ങള്‍ മിഥ്യാബോധത്തിന്‍റേയും, വികലമായ അഭിമാനത്തിന്‍റേയും, കപടഭക്തിയുടേയും വിളനിലമായി വളര്‍ന്നുവോ?
കൂറ്റന്‍ദൈവാലയങ്ങളുണ്ട്..................പക്ഷേ യഥാര്‍ത്ഥ ആരാധനയില്ല....ആള്‍ക്കൂട്ടമുണ്ട് ആത്മാര്‍ത്ഥതയുള്ള ദൈവാന്വേഷകരില്ല.............ഔദ്യോഗികതകളുണ്ട് പക്ഷേ നിരപ്പില്ല....................
മനോഹരമായ സംഗീതമുണ്ട്, സുന്ദരമായ, ആരേയും ഹഠാധാകര്‍ഷിക്കുന്ന സ്വരമാധുര്യമുള്ള ശബ്ദങ്ങള്‍ അലയടിക്കുന്നു................അവയ്ക്കൊക്കെ പ്രൊഫഷണല്‍ സ്പര്‍ശമുണ്ടെങ്കിലും ജീവന്‍റെ സ്പര്‍ശമുണ്ടോ എന്നൊരു സംശയം..................................
.
ദൈവത്തെയിരുത്തുവാന്‍ സ്വര്‍ണനിറമുള്ള, വര്‍ണാഭമായ സിംഹാസനങ്ങളുണ്ട്..........പക്ഷേ...........ദൈവം ഇവിടങ്ങളില്‍ ഉണ്ടോ എന്നൊരു സംശയം......കാരണം നമുക്ക് ദൈവത്തെ പിടിച്ചുകെട്ടിക്കൊണ്ടുവന്ന് കുടിയിരുത്താനാവില്ലല്ലോ..........
മനുഷ്യമുഖങ്ങളില്‍ ഇന്ന് ശത്രുത നുരയുന്നു.........അവരുടെ ഭാഷയില്‍ അക്രമം പെറ്റ് പെരുകുന്നു...........സമ്പത്തിന്‍റെധാര്‍ഷ്ട്യം കുമിഞ്ഞുകൂടുന്നു...............
ദൈവമില്ലാത്ത ദൈവാലയകെട്ടിടങ്ങള്‍ വിഗ്രഹങ്ങള്‍ തന്നെയാണ്.........
ദൈവാശ്രയം നഷ്ടപ്പെട്ട, കൃപ നഷ്ടപ്പെട്ട, അര്‍പ്പണം നഷ്ടപ്പെട്ട കുറേപ്പേര്‍( ഈ ഞാനുമുള്‍പ്പെട്ട) ദൈവികപരിസരങ്ങളെ പൊട്ടക്കിണറുകളാക്കുന്നു..........ജീവന്‍റെ ജലം അന്വേഷിച്ചുവരുന്നവര്‍ നിരാശയോടെ മടങ്ങുന്നു.........................
...................................................
നമുക്ക് വീടുകള്‍ പണിയാം..........കുട്ടികള്‍ കളിവീടുകള്‍ നിര്‍മ്മിക്കുന്നതുപോലെ.........ഒന്നായി.....ഒരുമയോടെ.......
നമുക്ക് ദൈവാലയങ്ങള്‍ പണിയാം.........കിളി കൂട് കൂട്ടുന്നതുപോലെ....ശ്രദ്ധയോടെ, പ്രാര്‍ത്ഥനയോടെ, പരസ്പര ആശ്രയബോധത്തോടെ, സ്നേഹത്തോടെ, പരിശുദ്ധാത്മനിറവില്‍.......
ഇവിടെ, ഈ ഭൂമിയില്‍, നാം നിര്‍മ്മിക്കുന്ന ഈ വീടും, ദൈവാലയങ്ങളും താല്‍ക്കാലികമെന്ന ബോധത്തോടെ............
നമ്മുടെ വീടുകളും ദൈവാലയങ്ങളും നമുക്ക് വാതിലുകളാക്കാം......വാ, ഇതിലേ..........
.............................................................................
നെഹമ്യാവിന്‍റെ ദൈവമേ........ഞങ്ങളില്‍ ജീവനും, സംഘബോധവും നിറക്കുക.....ആമ്മേന്‍
---------------------------------------
സജീവച്ചന്‍

സംവാദത്തിനായി പങ്കുവയ്ക്കുന്ന ചില പാഠങ്ങള്‍.........................

സംവാദത്തിനായി പങ്കുവയ്ക്കുന്ന ചില പാഠങ്ങള്‍.........................
======================================
ഒന്ന്- ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് നീതിയേയും, കരുണയേയും, സമാധാനത്തേയും, സര്‍വ്വോപരി ജീവന്‍ കുടികൊള്ളുന്ന ആശയങ്ങളേയും പ്രണയിക്കുന്ന ഒരുപറ്റം നല്ല സുഹൃത്തുക്കള്‍ ഉണ്ടാവുകയെന്നതാണ്..............
രണ്ട്- ഒരു മനുഷ്യന്‍റെ ക്രിയാത്മകതയെന്നു പറയുന്നത് താനുള്‍പ്പെടുന്ന ഇടങ്ങള്‍, ഒരു പുതിയലോകമെന്ന സ്വപ്നത്തെക്കുറിച്ചുള്ള ആശയങ്ങളും, സ്വപ്നങ്ങളും, അടയാളപ്പെടുത്തലുകള്‍കൊണ്ടും നിറക്കുമ്പോഴാണ്................
മൂന്ന്- ഒരിക്കലും ആരുടേയും നേതാവാകരുത്, ചിലരുടെ സഹയാത്രികരെങ്കിലുമാവുക (ക്രിസ്തു നമ്മെ എപ്പോഴും ഓര്‍മിപ്പിക്കുന്നതതാണ്)........അവരോടൊപ്പം പാഥേയം പങ്കുവയ്ക്കുക, തുറന്നു സംസാരിക്കുക..........അപ്പോഴറിയുന്ന ഒരു സത്യമുണ്ട്.........ഞാനും നീയുമെല്ലാം അസ്ഥിയില്‍ നിന്ന് അസ്ഥിയും, മാംസത്തില്‍ നിന്ന് മാംസവുമാണെന്ന്............നമുക്കൊരിക്കലും ശത്രുക്കളാകാന്‍ കഴിയില്ലെന്ന്............
നാല്- അഹങ്കാരികള്‍ ഫണം വിടര്‍ത്തിയാടി വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ മറുവാദം ഉന്നയിക്കരുത്, കാരണം അഹങ്കാരി മുങ്ങിക്കുളിച്ചിരിക്കുന്ന ചെളിവെള്ളത്തിലേക്ക് നമ്മേയും വലിച്ചിടും.......(വേറെ വഴിയായി സാവധാനം നടന്നുപോവുക).......അഹങ്കാരികളുടെ മുന്‍പില്‍ ആയിരം വാക്കുകളേക്കാള്‍ കരുത്തുള്ള നിശബ്ദതയും, മൂര്‍ച്ചയുള്ള വാളിനേക്കാള്‍ ശക്തിയുള്ള ബദല്‍ജീവിതവും പിന്തുടരുക.......അവരുടെ നിലപാടുകളോട് ആശയപരമായും, ദൈവശാസ്ത്രപരമായ നിലപാടുകള്‍കൊണ്ടും, സംവാദങ്ങള്‍കൊണ്ടും നേരിടുക.......അതിനുള്ള ഇടങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുക..................അഹങ്കാരികള്‍ സ്വയം ഒറ്റപ്പെടും.....ഒരുപക്ഷേ നീ കുരിശുവഹിച്ചെങ്കില്‍ കൂടി.........
അഞ്ച്- ജീവിതത്തിന്‍റെ ഒരുഘട്ടത്തിലും എവിടേയും(അത് വീട്ടിലും, പൊതു ഇടങ്ങളിലും) സ്വാര്‍ത്ഥതാല്‍പര്യങ്ങളില്‍ അടിസ്ഥാനമിട്ട നിര്‍മിതികളോ, തീരുമാനങ്ങളോ എടുക്കരുത്........ അല്ലെങ്കില്‍ മറ്റുള്ളവരെ ഉപയോഗിച്ചുകൊണ്ട്(അതാണ്‌ ഇന്നത്തെ ഒരു ശൈലി- ബിനാമികളുടെ ലോകം) എടുപ്പിക്കരുത്...........അതുപോലെ വ്യക്തിവിരോധങ്ങള്‍ തീര്‍ക്കുവാന്‍ പൊതുസമൂഹങ്ങളെ ബലിയാടാക്കരുത്.........അത് തലമുറകളോട് ചെയ്യുന്ന കൊലപാതകം തന്നെയാണ്................എന്നാല്‍ പുതിയൊരു ലോകക്രമത്തിനായി വാ തോരാതെ സംസാരിക്കുക, മടുത്തുപോകാതെ ജീവിക്കുക, തളര്‍ന്നു പോകാതെ അധ്വാനിക്കുക................
ആറ്- സത്യത്തെ കുഴിച്ചുമൂടാന്‍ ആര്‍ക്കും കഴിയില്ല........സത്യം കരുത്തോടെ ഉയിര്‍ക്കും...........ഉയിര്‍പ്പിന്‍റെ വഴി സത്യത്തിന്‍റെ വഴിയാണ്...........
ഏഴ് – ധാരാളം പൊയ്മുഖങ്ങള്‍ കമ്പോളത്തില്‍ ലഭ്യമാണ്.........അത് ധരിക്കുന്നവരാണ് ഏറെയും........പൊയ്മുഖങ്ങള്‍ നമ്മെ സുന്ദരന്മാരും സുന്ദരികളുമാക്കുമെങ്കിലും നാം ഒടുക്കം ചെന്നുചേരുക കപടതയുടെ മൊത്തവ്യാപാരക്കമ്പോളത്തിലും...........ഇവിടെയും ലാഭമുണ്ടാകും. പക്ഷേ ഒന്നോര്‍ക്കുക, ആത്യന്തിക ജീവിതത്തില്‍ ജീര്‍ണതയുടെ അവശേഷിപ്പുകള്‍ പേറുന്നവരായി നാം മാറും..........ഒടുക്കം, വിലയില്ലാത്ത കുറെ മഞ്ഞലോഹത്തിന്‍റെയും ആരൊക്കെയോ വീതംവച്ച് തിന്നുതീര്‍ക്കാനിരിക്കുന്ന സ്വത്തുക്കളുടെയും കൂട്ടിരിപ്പുകാരുമായിത്തീരുന്ന കാലം അധികം ദൂരത്തല്ല............കൂട്ടുകാരായി ഏകാന്തതയും, നിരാശാബോധവും............
പ്രാര്‍ത്ഥന - ക്രിസ്തുവേ, ജീവന്‍റെ വഴിയേ............എന്നേയും ചേര്‍ക്കൂ നിന്‍റെ സൌഹൃദവലയത്തില്‍......ആമേന്‍
-----------------------------------------------------------
സജീവച്ചന്‍

Saturday, September 3, 2016

അറിവിന്‍റെ തുറവി ലഭിച്ചവര്‍................

അറിവിന്‍റെ തുറവി ലഭിച്ചവര്‍ .....................

നിശ്ചലമായിപ്പോയ ചരിത്രത്തില്‍ നിശ്ചലമായിപ്പോയ ഒരുകൂട്ടം മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഐക്യദാര്‍ഢ്യവും അവരുടെ സ്വാതന്ത്ര്യപ്രഘോഷണവും നന്നായി പ്രദിപാദിപ്പിക്കുന്ന വേദഭാഗമാണ് ലൂക്കോ 4:16-22 വരെയുള്ള വേദഭാഗങ്ങള്‍

നിശ്ചലമായിപ്പോയ ചരിത്രത്തെയും വിസ്മൃതിയുടെ ആഴങ്ങളിലേക്ക് തള്ളിയിടപ്പെട്ട ഒരു ജനതയുടെയുടെയും സ്വാതന്ത്ര്യത്തിന്‍റെ ശംഖൊലി അറിവിന്‍റെ മകുടമായ ക്രിസ്തുവിലൂടെ ഇവിടെ സാധിതമാവുന്നു...........

നാല്‍പതുദിവസത്തെ നിരന്തരമായ പ്രാര്‍ത്ഥനക്കും അന്വേഷണത്തിനുമൊടുവില്‍ തന്‍റെ ജീവിതനിയോഗം അതിന്‍റെ പൂര്‍ണ്ണമായ അറിവില്‍ മനസ്സിലാക്കിയ  ക്രിസ്തു അത് യെശയ്യാവിന്‍റെ വായനയിലൂടെ അനാവരണം ചെയ്യുന്നു..........

വേദപുസ്ത്കവായന/പഠനം എന്തായിരിക്കണം എന്നതിന്‍റെ കേള്‍വിയാണ്/വിവരണമാണ് യെരുശലേമിലെ പ്രസംഗപീഠത്തില്‍നിന്നും മുഴങ്ങുന്നത്...........ഒന്ന്) അധികാരത്തിന്‍റെ ഉരുക്കുമുഷ്ടിയില്‍ നിശ്ചലമായിപ്പോയ ചരിത്രത്തെ തട്ടിയുണര്‍ത്തുക.........രണ്ട്) പൊതുമണ്ഡലത്തെബാധിച്ച മറവിരോഗത്തിന്‍റെ ഇരകളായ ദരിദ്രര്‍, പീഡിതര്‍, തടവുകാര്‍, ബദ്ധന്മാര്‍ തുടങ്ങിയവരുടെ വിടുതലിനെക്കുറിച്ചുള്ള ദൈവികതാല്പര്യം വിളിച്ചുപറയുക.......മൂന്ന്) ഒപ്പം കര്‍ത്താവിന്‍റെ പ്രസാദവര്‍ഷത്തെ പ്രഖ്യാപിക്കുക(അതെന്നേ മറന്നുപോയി)....................നാല്) വചനത്തിലൂടെ അപരനെ തേടിയെത്തുന്ന ദൈവികപരിജ്ഞാനത്തിന്‍റെ തിരിച്ചറിവിലേക്കുള്ള യാത്ര....

ആരൊക്കെയോചേര്‍ന്ന് അടിച്ചമര്‍ത്തിയ ദൈവികശബ്ദം അറിവിന്‍റെ അല്‍ഫയും ഒമേഗയുമായ ക്രിസ്തുവിലൂടെ ദേവാലത്തില്‍ മുഴങ്ങുന്നു...................അറിവുള്ളവര്‍ക്കു മാത്രം സാധിക്കുന്ന ഒന്നാണിത്. 

അറിവ് നേടുകയെന്നാല്‍ ബോധത്തിന്‍റെ കണ്ണുകള്‍ തുറക്കുകയെന്നാണര്‍ത്ഥം. ബോധത്തിന്‍റെ കണ്ണുകള്‍ തുറക്കപ്പെട്ടവര്‍ ദര്‍ശിക്കുക കീഴ്ത്തട്ടിലെ മനുഷ്യരെയാവും.........

ഒന്ന്) ദരിദ്രരോട് സംവദിക്കുന്ന അറിവ് ദുഷ്ടലോകം, അധാര്‍മികത ഭരിക്കുന്ന ലോകം, ദരിദ്രരെ സൃഷ്ടിക്കുമ്പോള്‍, അവരെ മറന്നുകളയുമ്പോള്‍,  അവരുടെ വിമോചനം ആഗ്രഹിക്കുന്ന ദൈവികഭാവത്തെയാണ് അറിവെന്ന് വിവക്ഷിക്കേണ്ടത്. അത് സുവിശേഷിക്കുന്നവര്‍ അറിവിന്‍റെ അഭിഷേകം ലഭിച്ചവരാണ്. അവരെ ചേര്‍ത്തുനിര്‍ത്തി ദൈവം അവരെ ഓര്‍ക്കുന്നുണ്ടെന്നും, അവരെ കാണുന്നുണ്ടെന്നും, കേള്‍ക്കുന്നുണ്ടെന്നും ഓര്‍മിപ്പിക്കുന്ന സുവിശേഷപ്രഖ്യാപനം അറിവിന്‍റെ തുറവിയുടെ നിയോഗം ലഭിച്ച യഥാര്‍ത്ഥ ഗുരു പറയും. അതാണ്‌ ക്രിസ്തുധര്‍മ്മം, ഇന്ന് നമ്മുടെ ധര്‍മ്മം

രണ്ട്) ബദ്ധന്മാരും,  കുരുടരും, പീഡിതരും ഇവിടെയുണ്ടെന്നുള്ള അറിവ് പലപ്പോഴും ചരിത്രത്തില്‍ ഇവരില്ല. നമ്മുടെ വൈകാരിക-വൈചാരികലോകത്തില്‍ ഇവരില്ല. അവരെ ചവിട്ടിത്താഴ്ത്തി നമ്മുടെ അറിവിന്‍റെ ബോധ്യങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ലോകത്തില്‍, ദൈവികഭരണം അവരില്‍നിന്നാണ്, അവരുടെ വിടുതലില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് തിരിച്ചറിയുന്നവരാണ് അറിവിന്‍റെ തുറവി ലഭിച്ചവര്‍. അതുകൊണ്ടുതന്നെ അറിവിന്‍റെ തുറവി ലഭിച്ചവര്‍ സഞ്ചരിക്കുക അതിരുകളിലൂടെയാവും, കാരണം ബദ്ധന്മാരും,  കുരുടരും, പീഡിതരും അതിരുകളിലേക്ക് തള്ളപ്പെട്ടവരാണ്. ജനമല്ലാത്തവരെ ജനമെന്നെണ്ണുന്ന, കാണുന്ന ഒരു യുക്തിയാണ് അറിവിന്‍റെ തുറവി ലഭിച്ചവര്‍ വച്ചുപുലര്‍ത്തുക.

മൂന്ന്) അറിവിന്‍റെ മറ്റൊരു മുഖമാണ് സ്വാതന്ത്ര്യം പാരതന്ത്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം. അറിവിന്‍റെ തുറവി ലഭിച്ചവര്‍ വെളിച്ചത്തില്‍ സഞ്ചരിക്കുന്നവരും മറ്റുള്ളവരെ വെളിച്ചത്തിലേക്ക് നയിക്കുന്നവരുമാണ്. അറിവിന്‍റെ തുറവി ലഭിച്ചവര്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നവരും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനായി കാംക്ഷിക്കുന്നവരും അതിനായി ഉത്തരവാദിത്തപൂര്‍ണ്ണമായി നിലകൊള്ളുന്നവരുമാണ്. സ്വാതന്ത്ര്യം സമ്മാനമായി ലഭിക്കുന്നതല്ല, മറിച്ച് അത് പോരാടി നേടേണ്ട ഒന്നാണ്. അറിവും സ്വാതന്ത്ര്യവും ആത്യന്തികമായി പറയുന്ന കഥ വിമോചനത്തിന്‍റേതാണ്. വെളിച്ചവും, സ്വാതന്ത്ര്യവും പ്രഘോഷിക്കുന്നവരാണ് യഥാര്‍ത്ഥ ക്രിസ്തുശിഷ്യര്‍. അവരുടെ കാഴ്ചയിലും, കേള്‍വിയിലും, സംവേദനത്തിലും പരിലസിക്കുന്നത് സ്വാതന്ത്ര്യവും, വെളിച്ചവുമാണ്.

നാല്) അറിവിന്‍റെ ലോകം ബന്ധങ്ങളുടെയും കൊടുക്കല്‍വാങ്ങലുകളുടെയും പുനഃനിര്‍വ്വചനത്തിന്‍റെ ലോകമാണ് യോവേല്‍ സംവത്സരം ബന്ധങ്ങളുടെ പുനക്രമീകരണമാണ് വിവക്ഷിക്കുന്നത്. ഇളച്ചുകൊടുക്കലിന്‍റെ ലോകം. വിട്ടയക്കലിന്‍റെ ലോകം. വിശ്രമം അനുവദിക്കുന്ന ലോകം. ഇവിടെ ഒരുനവലോകക്രമം പുഷ്കലമാവുകയാണ്. അറിവിന്‍റെ തുറവി ലഭിച്ചവര്‍ അഭിരമിക്കുന്നതും, സംവദിക്കുന്നതും, ദര്‍ശനങ്ങള്‍ കാണുന്നതും ഈ ലോകത്തിലാണ്. ഇവര്‍ എപ്പോഴും ദൈവികഭരണത്തിന്‍റെ ബദല്‍തേടുന്നവരാകും.

ഓര്‍ക്കുക........അറിവിന്‍റെ തുറവി ലഭിച്ചവര്‍ എന്നും നിലവിലുള്ള വ്യവസ്ഥിതിയുടെ ഗുണഭോക്താക്കള്‍ക്ക് ഭീഷണിയാവും(വാക്യം ഇരുപത്തിയെട്ട്).........എന്നാല്‍....അറിവിന്‍റെ തുറവി ലഭിച്ചവര്‍, നിലച്ചുപോയ ചരിത്രത്തെയും, വിസ്മൃതിയിലാണ്ടുപോയ ജനതയെയും സ്വാതന്ത്ര്യത്തിന്‍റെ ഒരു നവയുഗത്തിലേക്ക് നയിക്കുവാന്‍ പരിശുദ്ധാത്മനിയോഗത്തോടെ ഉറച്ചകാല്‍വെയ്പ്പുകളോടെ അധിനിവേശത്തിന്‍റെ ക്രമത്തിലൂടെ നടന്നുപോകും........പിന്നീട്( വളരെപ്പിന്നീട്) ചരിത്രവും ലോകവും അവരുടെ പിന്നാലെയും...................................
----------------------------------

സജീവച്ചന്‍

Wednesday, August 31, 2016

ഒരു വിധവയുടെ പ്രാര്‍ത്ഥന........

ഒരു വിധവയുടെ പ്രാര്‍ത്ഥന........

ദൈവത്തോടുള്ള മനുഷ്യന്‍റെ അപേക്ഷകളും,യാചനകളുമായിട്ടാണ് പ്രാര്‍ത്ഥനയെ നിര്‍വ്വചിച്ചിട്ടുള്ളത്............അല്ലെങ്കില്‍ പറഞ്ഞു കേട്ടിട്ടുള്ളത്.................അതിനെ അതിന്‍റെ പൂര്‍ണമായ തലത്തില്‍ അംഗീകരിക്കുന്നു.............................

പ്രാര്‍ത്ഥനയുടെ മറ്റൊരുവശം ലൂക്കോസ് 18:1-8 വരെയുള്ള വേദഭാഗം ഇന്നലെ ഭവനപ്രാര്‍ത്ഥനയില്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നി...അതിങ്ങനെ മനസ്സില്‍കിടന്ന് അലോസരപ്പെടുത്തുന്നത് കൊണ്ട്...അതിവിടെ കുറിക്കട്ടെ............

ഈ വേദഭാഗം ദൈവത്തെഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപന്‍റെ ഒരു വിധവയോടുള്ള നീതിനിഷേധത്തിന്‍റെ വിവരണമാണ്....ആ നീതി നിഷേധത്തോടുള്ള വിധവയുടെ പ്രതികരണമാണ്........വിധവ നിഷേധിക്കപ്പെട്ട നീതി പിടിച്ചുവാങ്ങുന്നതുമാണ്........

നീതി നിഷേധത്തോട് നിരന്തരമായി കലഹിക്കുന്ന, അല്ലെങ്കില്‍ അനീതിയുടെ കാവലാളിനെ നിരന്തരമായി ശല്യപ്പെടുത്തി നീതി പിടിച്ചുവാങ്ങുന്ന വിധവയുടെ വിവരണം വായിച്ചപ്പോള്‍ ഞാന്‍ എന്‍റെ വായന അവിടെനിര്‍ത്തി(സേലാ = pause, and think of that) എന്നിട്ട്.......അതൊരു ഉപമയാണെങ്കില്‍ക്കൂടി വിധവയുടെ ഉള്‍ക്കരുത്തിനെയോര്‍ത്ത് ദൈവത്തെ സ്തുതിച്ചു.............ഇത്തരം പോരാട്ടത്തില്‍ നിരന്തരമായി ഇന്നും ഏര്‍പ്പെടുന്നവരെയോര്‍ത്തും ദൈവത്തിന് മഹത്വം കരേറ്റി.........

ഈ വേദഭാഗം എന്നെ പഠിപ്പിച്ചതിതാണ്..............അനീതിയുള്ള ന്യായാധിപന്‍റെ പക്കല്‍നിന്നും തനിക്കര്‍ഹതപ്പെട്ട നീതി നിരന്തര ഇടപെടലിലൂടെ നേടിയെടുക്കുന്നതിന് പ്രാര്‍ത്ഥന തന്നെയാണ്.....

നീതിക്കുവേണ്ടിയുള്ള കീഴത്തട്ടിലെ മനുഷ്യരുടെ പോരാട്ടങ്ങളും പ്രാര്‍ത്ഥനകളായി വ്യാഖ്യാനിക്കപ്പെടണം...........

നീതി കീഴ്‌ത്തട്ടിലേക്ക് സ്വാഭാവികമായി വിതരണം ചെയ്യപ്പെടുന്നില്ല.......
എന്നാല്‍ വിധവയുടെ നിരന്തരമായ ഇടപെടല്‍ അനീതിയുള്ള ന്യായാധിപനെ മാറിച്ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു( വാക്യം ഏഴ്)

ഈ വേദഭാഗം എന്നെ പഠിപ്പിച്ചതിതാണ്..............അനീതിയുള്ള ന്യായാധിപന്‍റെ പക്കല്‍നിന്നും തനിക്കര്‍ഹതപ്പെട്ട നീതി നിരന്തര ഇടപെടലിലൂടെ നേടിയെടുക്കുന്നതിന് പ്രാര്‍ത്ഥന തന്നെയാണ്.....

ഒന്ന്, നീതിക്കുവേണ്ടിയുള്ള ഓരോ സമരമുഖങ്ങളും, അലങ്കാരങ്ങളും ചുവരുകളുമില്ലാത്ത ദേവാലയങ്ങള്‍ തന്നെയാണ്

രണ്ട്, നീതിക്കുവേണ്ടിയുള്ള ഓരോ വാക്കുകളും അവിടെനിന്നുയരുന്ന പ്രാര്‍ത്ഥനകള്‍ തന്നെയാണ്

മൂന്ന്, ഇത്തരത്തിലുള്ള പോരാട്ടഭൂമികകളില്‍ ദൈവസാന്നിധ്യം തീര്‍ച്ചയായുമുണ്ട്

നാല്, ഒരു കീഴാളയുക്തി വേദപുസ്തകത്തിലുടനീളം പരിലസിക്കുന്നുണ്ട്......അതാണ് ക്രിസ്തുവിനെ കുരിശിലേക്ക് നയിച്ചതും

അഞ്ച്, അബലയെന്ന്, ബഹിഷ്‌കൃതയെന്ന് പ്രബലലോകം പറഞ്ഞ വിധവയില്‍ നിറഞ്ഞുനിന്ന ശക്തി പരിശുദ്ധാത്മശക്തി തന്നെയാണ്......

ആറ്, നീതിക്കുവിശന്നുദാഹിക്കുന്നവരും അതിനുവേണ്ടി നിരന്തരഇടപെടലുകള്‍ നടത്തുന്നവരും ദൈവരാജ്യത്തിന്‍റെ ഭാഗം തന്നെയാണ്...................

ഏഴ്, ബഹിഷ്കൃതരുടെ, നീതിനിഷേധിക്കപ്പെട്ടവരുടെ കണ്ണുനീരുകള്‍ ദൈവം ശേഖരിച്ചു വയ്ക്കുന്നുണ്ട്........അവരുടെ നിലവിളികള്‍ പ്രാര്‍ത്ഥനകളായി പരിണമിക്കുന്നു............അത് പുത്തന്‍ ആരാധനാക്രമങ്ങളായി ദൈവദൂതന്മാര്‍ രൂപപ്പെടുത്തുന്നു..............

ക്രിസ്തുവേ......അങ്ങ് പറഞ്ഞ ആ ദൃഷ്ടാന്തത്തിലെ വിധവയെപ്പോലെ എത്രയോപേര്‍ ഇന്ന് നീതിക്കുവേണ്ടി അലയുന്നു...........കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളെയും ദൈവികനീതിയാല്‍ നിറയ്ക്കേണമേ.....ആമ്മേന്‍
..........................................

സജീവച്ചന്‍

ദൈവത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മനുഷ്യര്‍...........

ദൈവത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മനുഷ്യര്‍...........
പുരുഷാധിപത്യനിയമങ്ങള്‍ നിര്‍മിച്ച മനുഷ്യര്‍ അത് ദൈവം സൃഷ്ടിച്ചതായി പഠിപ്പിച്ചു......................
ജാതിവ്യവസ്ഥയുടെ പഴിയും ദൈവത്തിനുതന്നെ..........
യുദ്ധം സൃഷ്ടിച്ച മനുഷ്യര്‍ അത് ദൈവഹിതമെന്ന് പഠിപ്പിച്ചു......
സാമ്പത്തിക അസമത്വം ഉണ്ടാക്കിയവര്‍ സമ്പത്ത് കുന്നുകൂടുന്നത് ദൈവാനുഗ്രഹമെന്ന് പഠിപ്പിച്ചു.......
കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രശ്നങ്ങള്‍ ലോകാവസാനത്തിന്‍റെ ലക്ഷണങ്ങളാക്കി അതിന്‍റെ ഉത്തരവാദിത്തവും ദൈവത്തിന്‍റെമേല്‍ ചുമത്തി...........
സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ശുദ്ധി-അശുദ്ധി നിയമങ്ങള്‍ സൃഷ്ടിച്ചവര്‍ അത് ദൈവികകല്‍പനകളാണെന്ന് നിഷ്കര്‍ഷിച്ചു...........
എന്തൊരു വിരോധാഭാസം...
സ്ത്രീകളെ അടിച്ചമര്‍ത്താനും, ജാതിവ്യവസ്ഥ നിലനിര്‍ത്തുവാനും, പ്രകൃതിയെ ചൂഷണം ചെയ്യാനും, ദാരിദ്ര്യത്തെ സൃഷ്ടിക്കുവാനും മനുഷ്യര്‍ ദൈവത്തെ കൂട്ടുപിടിച്ചു....ഞാന്‍ വിശുദ്ധനാണെന്നും അവന്‍/അവള്‍ അശുദ്ധ/നാ/യെന്നും അവരുണ്ടാക്കിയ, വ്യാഖ്യാനിച്ച കല്‍പനകള്‍ ഉയര്‍ത്തിക്കാട്ടി മനുഷ്യര്‍ പ്രഖ്യാപിച്ചു.............അതിപ്പോഴും തുടരുന്നു.............
ദൈവം മനസ്സാ-വാചാ അറിയാത്ത കാര്യങ്ങള്‍ മനുഷ്യര്‍ ദൈവത്തിന്‍റെമേല്‍ അടിച്ചേല്‍പ്പിച്ച് അധികാരത്തിന്‍റെ ദണ്ടെടുത്ത് ചിലര്‍ മറ്റുചിലരെ ചൂഷണം ചെയ്യുന്നു........................
ഫറവോനും, ഹെരോദാവും, ഹിറ്റ്ലറും, കൊളോണിയല്‍ പ്രവാചകരും, ഇന്നത്തെ ദൈവസംരക്ഷകരും ഇതൊക്കെ ചെയ്തു അഥവാ ചെയ്യുന്നു..................
മനുഷ്യരിന്നും അടിമകള്‍ തന്നെ..........
മനുഷ്യരുടെ ബോധമണ്ഡലങ്ങള്‍ അഞ്ജതകൊണ്ടു നിറഞ്ഞിരിക്കുന്നു.........
അല്ലെങ്കില്‍പ്പിന്നെ ദൈവത്തെക്കാള്‍ വലിയ ആള്‍ദൈവങ്ങള്‍ ഇവിടെയെങ്ങനെയുണ്ടാകുന്നു?.............അവരെങ്ങനെ ദൈവത്തെക്കാള്‍ സമ്പന്നരാകുന്നു?...............................................................
സുഹൃത്തുക്കളേ.....ദൈവം എന്തു തെറ്റാണ് ചെയ്തത്........ദൈവം നല്ലവരുടെമേലും ദുഷ്ടന്മാരുടെമേലും മഴ പെയ്യിച്ചതോ....അതോ അവര്‍ക്ക് സൂര്യനെ ഉദിപ്പിച്ചതോ?

Friday, August 26, 2016

ദൈവത്തെയും മനുഷ്യരെയും തോല്‍പ്പിച്ച മനുഷ്യര്‍.....

ദൈവത്തെയും മനുഷ്യരെയും തോല്‍പ്പിച്ച മനുഷ്യര്‍.............................

പണ്ടൊരിക്കല്‍ പൂര്‍ണഗര്‍ഭിണിയായ ഭാര്യയെ ചേര്‍ത്തുപിടിച്ച് ഒരു മനുഷ്യന്‍ നിരവധി വാതിലുകളില്‍ മുട്ടിവിളിച്ചു കരഞ്ഞു...............ആരും ഒരിടം നല്‍കിയില്ല.............ഒടുക്കം ആ പെണ്‍കുട്ടി പെരുവഴിയില്‍ കുഞ്ഞിന് ജന്മം നല്‍കി...............

അപ്പോള്‍.............മതവും രാഷ്ട്രീയവും വോട്ടര്‍പട്ടികയില്‍ ആളെ ചേര്‍ക്കുന്ന തിരക്കിലായിരുന്നു............

മറ്റൊരിക്കല്‍ വേറൊരാള്‍ മതവും രാഷ്ട്രീയവും ചേര്‍ന്നൊരുക്കിയ മരക്കുരിശുമായി കുത്തനെയുള്ള മലയിലേക്ക് വേച്ചും വീണും നടന്നു............

അപ്പോള്‍......മതവും രാഷ്ട്രീയവും പൊതുശത്രുവിനെ കഴുവേറ്റി അധികാരക്കസേര നിലനിര്‍ത്തിയതിന്‍റെ ആഘോഷത്തിരക്കിലായിരുന്നു
പിന്നീടൊരിക്കല്‍.... മറ്റൊരാള്‍ സഹധര്‍മ്മിണിയുടെ ജീവനറ്റശരീരവുമായി പരീക്ഷണനായി നിസ്സഹായതയുടെ നേര്‍ച്ചിത്രമായി നടക്കുമ്പോള്‍ തോറ്റുപോയത് മനുഷ്യരും ദൈവമായിരുന്നു...........ജയിച്ചത് മതവും രാഷ്ട്രീയവും

അപ്പോള്‍......മതവും രാഷ്ട്രീയവും ദേശീയതയുടെ സാമ്പത്തികഗ്രാഫ് ഉയര്‍ത്തുവാനുള്ള തത്രപ്പാടിലായിരുന്നു.............
......................................................
ദൈവം ചുറ്റുപാടുകളിലേക്ക് ഒന്നു കണ്ണോടിച്ചു.........

അപ്പോഴേക്കും...............

നീതിയുടെ വറ്റി വരണ്ടിരുന്നു.......

മനുഷ്യത്വം ചത്തുമലച്ചിരുന്നു.......

കരുണയില്‍ ആരോക്കെയോ ചേര്‍ന്ന് വിഷം കലക്കിയിരുന്നു..................

സമാധാനത്തെ നഗ്നമായ ശരീരത്തോടെ കെട്ടിയിട്ട് മര്‍ദ്ദിച്ചുകൊന്നിരുന്നു....
....................................................
ഒടുവില്‍ ....... ദൈവവും മനുഷ്യരും തോറ്റു...........

മതവും രാഷ്ട്രീയവും വിജയഭേരിമുഴക്കി........

ചരിത്രകാരന്മാര്‍ പുതിയ റിസേര്‍വ് ബാങ്ക് ഗവര്‍ണറുടെ വിജയചരിത്രം എഴുതുകയായിരുന്നു...........അതുവായിച്ച് ദേശീയവാദികള്‍ മുദ്രാവാക്യം മുഴക്കി.......

ഭരണവര്‍ഗം മുതലാളിമാരുടെ അടുക്കളയിലിരുന്ന് വികസിതഭാരതത്തിന്‍റെ രൂപരേഖ തയ്യാറാക്കുന്ന തിരക്കിലായിരുന്നു..........കുട്ടിനേതാക്കള്‍ വിശദീകരണയോഗങ്ങളില്‍ വികസനത്തിന്‍റെ മനോഹരചിത്രം ജനങ്ങളുടെമുന്‍പില്‍ വരച്ചു.......അതുകണ്ട് ജനം കോരിത്തരിച്ചുനിന്നു......

മതനേതാക്കള്‍ വിശ്വമാനവികതയില്‍ കുളിരണിയിക്കുന്ന മനുഷ്യബന്ധങ്ങളെ വിവരിക്കുകയാരുന്നു......അതുകേട്ട് മതവിശ്വാസികള്‍ ആവേശഭരിതരായി............

മനുഷ്യരും ദൈവവും തോറ്റ ഈ ലോകത്തില്‍ കുറെ മനുഷ്യക്കഴുകന്മാര്‍ തോറ്റുപോയ മനുഷ്യരുടെ വസ്ത്രം ചീട്ടിട്ടെടുക്കുന്ന തിരക്കിലായിരുന്നു..........................
..................................

സജീവച്ചന്‍

Saturday, August 6, 2016

മത്തായി 22: 1-14 – ഒരു സ്വതന്ത്രവായന

മത്തായി 22: 1-14 – ഒരു സ്വതന്ത്രവായന
===================
ഒഴിഞ്ഞുകിടക്കാത്ത ദൈവരാജ്യവും തിരുവത്താഴമേശകളും
========================
ദൈവം അടിമകളെ സ്വന്തജനമായി തെരഞ്ഞെടുത്തു............അവര്‍ക്ക് സ്വാതന്ത്ര്യവും ജീവിക്കുവാനുള്ള അവകാശവും നല്‍കി.......ഒപ്പം ദൈവരാജ്യത്തിലേക്കുള്ള ക്ഷണവും......................

ഉപഭോഗത്വരയില്‍ തിമിര്‍ത്താടിയ അവര്‍ ദൈവത്തെ മറന്നു......അവരുടെ ചരിത്രം മറന്നു......ഭൂതകാലം മറന്നു.......സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ മേല്‍ക്കൈ അവരെ അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും ഉന്മാദത്തിലാക്കി...........ദൈവിക വീണ്ടെടുപ്പിന്‍റെ മഹിമ അവര്‍ ബോധപൂര്‍വ്വം മറന്നു.............ദൈവവും, വീണ്ടെടുപ്പും, ആരാധനയും, ദൈവികക്ഷണവും അവര്‍ക്ക് അതിപരിചിതങ്ങളായി............അവര്‍ ഇവകളെ മറന്നു....അല്ലെങ്കില്‍ അവഗണിച്ചു....................

ദൈവത്തെയും, മതത്തെയും, ആത്മീയതയെയും അവര്‍ വിറ്റ്‌ കാശാക്കി.....അധികാരത്തിന്‍റെ സുഖം അവരെ വല്ലാതെ ആലസ്യതയിലാക്കി.....അവര്‍ വലിയ മുതലാളിമാരായി.......അവര്‍ ദൈവത്തിനും, ആത്മീയതക്കും ബദലായി ദേവാലയങ്ങളില്‍ ഹുണ്ടികാ വ്യാപാരം തുടങ്ങി..................

അവര്‍ ദൈവികക്ഷണത്തെയും, ദൈവരാജ്യവിരുന്നിനെയും നിസ്സാരവല്‍ക്കരിച്ചു..........

പക്ഷേ....ദൈവം കാലാകാലങ്ങളില്‍ വിളികള്‍ തുടര്‍ന്നു...............പ്രവാചകരിലൂടെ...ഒടുക്കം പുത്രനിലൂടെയും........അവര്‍ അധികാരത്തിന്‍റെ താന്‍പോരിമയില്‍ പുത്രനെ കൊന്നു.....................

അവര്‍ക്കായി ഒരുക്കിയിരുന്ന അത്താഴം അവര്‍ അലക്ഷ്യമാക്കി........കാരണം അവര്‍ക്ക് അതിനേക്കാള്‍ മേല്‍ത്തരമായത് കമ്പോളത്തില്‍ ലഭ്യമായിരുന്നു.................ദൈവത്തിനും, ആരാധനക്കും, വീണ്ടെടുപ്പിനും അപ്പുറത്തായി അവര്‍ കമ്പോളത്തിന്‍റെ രീതിശാസ്ത്രത്തില്‍ നിര്‍മിച്ചെടുത്ത ദൈവത്തെ കണ്ടെത്തി.......അവര്‍ക്ക് പുത്തന്‍ ദേവാലയമുണ്ടായി..............അവര്‍ വാര്‍ത്തുണ്ടുക്കായി/നിര്‍മിച്ച/സൃഷ്ടിച്ച ദൈവങ്ങളെ അവര്‍ എല്ലായിടത്തും കുടിയിരുത്തി.................

വീണ്ടെടുത്ത “പഴഞ്ചന്‍ ദൈവം” പടിക്ക് പുറത്ത്..................

അവര്‍ കൈവരിച്ച ഭൌതിക നേട്ടങ്ങള്‍ക്കുവേണ്ടി ആശ്രിതരെയും, ഇരകളെയും സൃഷ്ടിച്ചു...........................

പക്ഷേ.......ഇവിടെ ചരിത്രം കീഴ്മേല്‍ മറിഞ്ഞു........

ദൈവരാജ്യം ഒഴിഞ്ഞുകിടന്നില്ല.......അതില്‍, അവര്‍ സൃഷ്ടിച്ച ഇരകള്‍ പ്രവേശിച്ചു............അവര്‍ക്ക് ക്ഷണം അവസാനനിമിഷത്തിലാണ് കിട്ടിയതെങ്കിലും അവര്‍ക്ക് അത് സ്വാതന്ത്ര്യത്തിലേക്കുള്ള ക്ഷണമാണെന്ന് മനസ്സിലായി അവര്‍ സ്വാതന്ത്ര്യത്തിന്‍റെ ആര്‍പ്പും വിളിയും തിരിച്ചറിഞ്ഞു...........അവര്‍ അത്താഴത്തിന്‍റെ ഭാഗമായി..........പുതുയുഗത്തിലേക്ക് അവര്‍ നടന്നുകയറി...........നീതിയുടെ, സത്യത്തിന്‍റെ, സമാധാനത്തിന്‍റെ വസ്ത്രമണിഞ്ഞ ഏവരും.......................

ചരിത്രം തീര്‍ന്നില്ല........ക്രിസ്തു ചാട്ടവാറെടുത്ത ദേവാലയവും അതിന്‍റെ യജമാനന്മാരും ജീര്‍ണ്ണതയുടെ പര്യായങ്ങളായി............

ഒന്ന് – ദൈവത്തെയും, ചരിത്രത്തെയും, ദൈവികപൈതൃകങ്ങളെയും മറക്കരുത്.........ഒരിക്കല്‍ ദൈവം നിങ്ങളെ ഞാന്‍ അറിയുന്നില്ല എന്ന് പറയുന്ന കാലമുണ്ട്....അത് വരും, വന്നുമിരിക്കുന്നു

രണ്ട് – ദൈവിക ക്ഷണത്തെ, കമ്പോളതാല്‍പര്യങ്ങള്‍ക്കുവേണ്ടി നിസ്സാരവല്‍ക്കരിക്കരുത്.......നിത്യമായ മരണത്തിലേക്കാണ് ഈ യാത്ര

മൂന്ന് – തങ്ങളുടെ അധീശത്വത്തിനെതിരായ എല്ലാ ശബ്ദങ്ങളെയും അവര്‍ അക്രമത്തിലൂടെ എതിരിട്ടു..........ഓര്‍ക്കുക, ഇത് രണ്ട് ദിവസത്തേക്ക് മാത്രമുള്ള ജയമാണ്

നാല് – ദൈവരാജ്യം ഒരിക്കലും ഒഴിഞ്ഞു കിടക്കില്ല, അതില്‍ പ്രവേശിക്കുന്നത് അതിരുകളില്‍ ഉള്ളവരാവും.......അധികാരത്തിന്‍റെ ആലസ്യതയില്‍ ഉറങ്ങുന്നവര്‍ക്ക് ദൈവികക്ഷണത്തെ കേള്‍ക്കുവാന്‍ കഴിയില്ല......അവരുടെ സ്ഥാനം പുറത്താണ്......ലൂക്ക് പതിനഞ്ചിലെ മൂത്തമകനെപ്പോലെ

അഞ്ച് – ദൈവരാജ്യപ്രവേശനം നീതിയും, സമാധാനവും, രക്ഷയും, സത്യവും ധരിച്ചവര്‍ക്ക് അവകാശപ്പെട്ടതാണ്

ആറ് – എപ്പോള്‍ ക്ഷണിച്ചു എന്നതല്ല പ്രധാനം.....ക്ഷണത്തോട് എങ്ങിനെ പ്രതികരിച്ചു എന്നതാണ് പ്രധാനം......................

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ