Powered By Blogger

Saturday, September 3, 2016

അറിവിന്‍റെ തുറവി ലഭിച്ചവര്‍................

അറിവിന്‍റെ തുറവി ലഭിച്ചവര്‍ .....................

നിശ്ചലമായിപ്പോയ ചരിത്രത്തില്‍ നിശ്ചലമായിപ്പോയ ഒരുകൂട്ടം മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഐക്യദാര്‍ഢ്യവും അവരുടെ സ്വാതന്ത്ര്യപ്രഘോഷണവും നന്നായി പ്രദിപാദിപ്പിക്കുന്ന വേദഭാഗമാണ് ലൂക്കോ 4:16-22 വരെയുള്ള വേദഭാഗങ്ങള്‍

നിശ്ചലമായിപ്പോയ ചരിത്രത്തെയും വിസ്മൃതിയുടെ ആഴങ്ങളിലേക്ക് തള്ളിയിടപ്പെട്ട ഒരു ജനതയുടെയുടെയും സ്വാതന്ത്ര്യത്തിന്‍റെ ശംഖൊലി അറിവിന്‍റെ മകുടമായ ക്രിസ്തുവിലൂടെ ഇവിടെ സാധിതമാവുന്നു...........

നാല്‍പതുദിവസത്തെ നിരന്തരമായ പ്രാര്‍ത്ഥനക്കും അന്വേഷണത്തിനുമൊടുവില്‍ തന്‍റെ ജീവിതനിയോഗം അതിന്‍റെ പൂര്‍ണ്ണമായ അറിവില്‍ മനസ്സിലാക്കിയ  ക്രിസ്തു അത് യെശയ്യാവിന്‍റെ വായനയിലൂടെ അനാവരണം ചെയ്യുന്നു..........

വേദപുസ്ത്കവായന/പഠനം എന്തായിരിക്കണം എന്നതിന്‍റെ കേള്‍വിയാണ്/വിവരണമാണ് യെരുശലേമിലെ പ്രസംഗപീഠത്തില്‍നിന്നും മുഴങ്ങുന്നത്...........ഒന്ന്) അധികാരത്തിന്‍റെ ഉരുക്കുമുഷ്ടിയില്‍ നിശ്ചലമായിപ്പോയ ചരിത്രത്തെ തട്ടിയുണര്‍ത്തുക.........രണ്ട്) പൊതുമണ്ഡലത്തെബാധിച്ച മറവിരോഗത്തിന്‍റെ ഇരകളായ ദരിദ്രര്‍, പീഡിതര്‍, തടവുകാര്‍, ബദ്ധന്മാര്‍ തുടങ്ങിയവരുടെ വിടുതലിനെക്കുറിച്ചുള്ള ദൈവികതാല്പര്യം വിളിച്ചുപറയുക.......മൂന്ന്) ഒപ്പം കര്‍ത്താവിന്‍റെ പ്രസാദവര്‍ഷത്തെ പ്രഖ്യാപിക്കുക(അതെന്നേ മറന്നുപോയി)....................നാല്) വചനത്തിലൂടെ അപരനെ തേടിയെത്തുന്ന ദൈവികപരിജ്ഞാനത്തിന്‍റെ തിരിച്ചറിവിലേക്കുള്ള യാത്ര....

ആരൊക്കെയോചേര്‍ന്ന് അടിച്ചമര്‍ത്തിയ ദൈവികശബ്ദം അറിവിന്‍റെ അല്‍ഫയും ഒമേഗയുമായ ക്രിസ്തുവിലൂടെ ദേവാലത്തില്‍ മുഴങ്ങുന്നു...................അറിവുള്ളവര്‍ക്കു മാത്രം സാധിക്കുന്ന ഒന്നാണിത്. 

അറിവ് നേടുകയെന്നാല്‍ ബോധത്തിന്‍റെ കണ്ണുകള്‍ തുറക്കുകയെന്നാണര്‍ത്ഥം. ബോധത്തിന്‍റെ കണ്ണുകള്‍ തുറക്കപ്പെട്ടവര്‍ ദര്‍ശിക്കുക കീഴ്ത്തട്ടിലെ മനുഷ്യരെയാവും.........

ഒന്ന്) ദരിദ്രരോട് സംവദിക്കുന്ന അറിവ് ദുഷ്ടലോകം, അധാര്‍മികത ഭരിക്കുന്ന ലോകം, ദരിദ്രരെ സൃഷ്ടിക്കുമ്പോള്‍, അവരെ മറന്നുകളയുമ്പോള്‍,  അവരുടെ വിമോചനം ആഗ്രഹിക്കുന്ന ദൈവികഭാവത്തെയാണ് അറിവെന്ന് വിവക്ഷിക്കേണ്ടത്. അത് സുവിശേഷിക്കുന്നവര്‍ അറിവിന്‍റെ അഭിഷേകം ലഭിച്ചവരാണ്. അവരെ ചേര്‍ത്തുനിര്‍ത്തി ദൈവം അവരെ ഓര്‍ക്കുന്നുണ്ടെന്നും, അവരെ കാണുന്നുണ്ടെന്നും, കേള്‍ക്കുന്നുണ്ടെന്നും ഓര്‍മിപ്പിക്കുന്ന സുവിശേഷപ്രഖ്യാപനം അറിവിന്‍റെ തുറവിയുടെ നിയോഗം ലഭിച്ച യഥാര്‍ത്ഥ ഗുരു പറയും. അതാണ്‌ ക്രിസ്തുധര്‍മ്മം, ഇന്ന് നമ്മുടെ ധര്‍മ്മം

രണ്ട്) ബദ്ധന്മാരും,  കുരുടരും, പീഡിതരും ഇവിടെയുണ്ടെന്നുള്ള അറിവ് പലപ്പോഴും ചരിത്രത്തില്‍ ഇവരില്ല. നമ്മുടെ വൈകാരിക-വൈചാരികലോകത്തില്‍ ഇവരില്ല. അവരെ ചവിട്ടിത്താഴ്ത്തി നമ്മുടെ അറിവിന്‍റെ ബോധ്യങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ലോകത്തില്‍, ദൈവികഭരണം അവരില്‍നിന്നാണ്, അവരുടെ വിടുതലില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് തിരിച്ചറിയുന്നവരാണ് അറിവിന്‍റെ തുറവി ലഭിച്ചവര്‍. അതുകൊണ്ടുതന്നെ അറിവിന്‍റെ തുറവി ലഭിച്ചവര്‍ സഞ്ചരിക്കുക അതിരുകളിലൂടെയാവും, കാരണം ബദ്ധന്മാരും,  കുരുടരും, പീഡിതരും അതിരുകളിലേക്ക് തള്ളപ്പെട്ടവരാണ്. ജനമല്ലാത്തവരെ ജനമെന്നെണ്ണുന്ന, കാണുന്ന ഒരു യുക്തിയാണ് അറിവിന്‍റെ തുറവി ലഭിച്ചവര്‍ വച്ചുപുലര്‍ത്തുക.

മൂന്ന്) അറിവിന്‍റെ മറ്റൊരു മുഖമാണ് സ്വാതന്ത്ര്യം പാരതന്ത്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം. അറിവിന്‍റെ തുറവി ലഭിച്ചവര്‍ വെളിച്ചത്തില്‍ സഞ്ചരിക്കുന്നവരും മറ്റുള്ളവരെ വെളിച്ചത്തിലേക്ക് നയിക്കുന്നവരുമാണ്. അറിവിന്‍റെ തുറവി ലഭിച്ചവര്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നവരും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനായി കാംക്ഷിക്കുന്നവരും അതിനായി ഉത്തരവാദിത്തപൂര്‍ണ്ണമായി നിലകൊള്ളുന്നവരുമാണ്. സ്വാതന്ത്ര്യം സമ്മാനമായി ലഭിക്കുന്നതല്ല, മറിച്ച് അത് പോരാടി നേടേണ്ട ഒന്നാണ്. അറിവും സ്വാതന്ത്ര്യവും ആത്യന്തികമായി പറയുന്ന കഥ വിമോചനത്തിന്‍റേതാണ്. വെളിച്ചവും, സ്വാതന്ത്ര്യവും പ്രഘോഷിക്കുന്നവരാണ് യഥാര്‍ത്ഥ ക്രിസ്തുശിഷ്യര്‍. അവരുടെ കാഴ്ചയിലും, കേള്‍വിയിലും, സംവേദനത്തിലും പരിലസിക്കുന്നത് സ്വാതന്ത്ര്യവും, വെളിച്ചവുമാണ്.

നാല്) അറിവിന്‍റെ ലോകം ബന്ധങ്ങളുടെയും കൊടുക്കല്‍വാങ്ങലുകളുടെയും പുനഃനിര്‍വ്വചനത്തിന്‍റെ ലോകമാണ് യോവേല്‍ സംവത്സരം ബന്ധങ്ങളുടെ പുനക്രമീകരണമാണ് വിവക്ഷിക്കുന്നത്. ഇളച്ചുകൊടുക്കലിന്‍റെ ലോകം. വിട്ടയക്കലിന്‍റെ ലോകം. വിശ്രമം അനുവദിക്കുന്ന ലോകം. ഇവിടെ ഒരുനവലോകക്രമം പുഷ്കലമാവുകയാണ്. അറിവിന്‍റെ തുറവി ലഭിച്ചവര്‍ അഭിരമിക്കുന്നതും, സംവദിക്കുന്നതും, ദര്‍ശനങ്ങള്‍ കാണുന്നതും ഈ ലോകത്തിലാണ്. ഇവര്‍ എപ്പോഴും ദൈവികഭരണത്തിന്‍റെ ബദല്‍തേടുന്നവരാകും.

ഓര്‍ക്കുക........അറിവിന്‍റെ തുറവി ലഭിച്ചവര്‍ എന്നും നിലവിലുള്ള വ്യവസ്ഥിതിയുടെ ഗുണഭോക്താക്കള്‍ക്ക് ഭീഷണിയാവും(വാക്യം ഇരുപത്തിയെട്ട്).........എന്നാല്‍....അറിവിന്‍റെ തുറവി ലഭിച്ചവര്‍, നിലച്ചുപോയ ചരിത്രത്തെയും, വിസ്മൃതിയിലാണ്ടുപോയ ജനതയെയും സ്വാതന്ത്ര്യത്തിന്‍റെ ഒരു നവയുഗത്തിലേക്ക് നയിക്കുവാന്‍ പരിശുദ്ധാത്മനിയോഗത്തോടെ ഉറച്ചകാല്‍വെയ്പ്പുകളോടെ അധിനിവേശത്തിന്‍റെ ക്രമത്തിലൂടെ നടന്നുപോകും........പിന്നീട്( വളരെപ്പിന്നീട്) ചരിത്രവും ലോകവും അവരുടെ പിന്നാലെയും...................................
----------------------------------

സജീവച്ചന്‍

No comments:

Post a Comment