Powered By Blogger

Thursday, May 31, 2012

ഒരു പരാജിതന്‍ ഏഴുതിയ പാഠങ്ങള്‍..............................









വിജയ തന്ത്രങ്ങളും മന്ത്രങ്ങളും ആവിഷ്കരിക്കുന്നവര്‍ക്കായി ഒരു പരാജിതന്‍റെ ഉപദേശങ്ങള്‍........(എഴുതി സൂക്ഷിക്കുക)

ആത്മാര്‍ഥത, വിശ്വസ്ഥത, ദൈവഭയം.....ഇവകളെ പാടെ ഉപേക്ഷിക്കുക...

ആരുടെയും വിമോചനം സ്വപ്നം കാണുകപോലും അരുത്......

വ്യക്തിതാല്‍പര്യങ്ങള്‍ക്ക് മാത്രം വില കല്‍പിക്കുക....(പ്രത്യേകിച്ചും വലിയവരുടെ)............

നീതിയും അനീതിയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ വെള്ളം കുടിക്കാന്‍ പോകുക...

സത്യവും അസത്യവും തമ്മിലുള്ള ചര്‍ച്ചയ്ക്കിടയില്‍ ഒരത്യാവശ്യകാര്യം പറഞ്ഞ് പുറത്തേക്കിറങ്ങുക......

കേള്‍പ്പാന്‍ ചെവി ഉണ്ടെങ്കിലും കേള്‍ക്കാതിരിക്കുക......

കാണ്മാന്‍ കണ്ണുണ്ടെങ്കിലും കാണാതിരിക്കുക......

ഹൃദയത്തില്‍ യുദ്ധമെങ്കിലും.........വാക്കുകളില്‍ വെണ്ണമയം....

വിചാരങ്ങളില്‍ വാളുകള്‍.....പുഞ്ചിരിയില്‍ മധുരത....

ഉന്നതരുടെയും ശക്തരുടെയും മുന്‍പില്‍ കൈ കൂപ്പുക......
വരേണ്യവര്‍ഗത്തിന്‍റെ പക്ഷത്ത് നില്‍ക്കുക.....എപ്പോഴും അവരുടെ വാക്കുകള്‍ക്കു ആമേന്‍ പറയുക.........(ഒരല്‍പം ഭവ്യത ആവാം......സാഷ്ടാംഗപ്രണാമത്തിന് തയ്യാറായി നില്‍ക്കുക)

ദരിദ്രനും പാവപ്പെട്ടവനും ഇടക്കൊക്കെ ചില അപ്പനുറുക്കുകള്‍ എറിഞ്ഞു കൊടുക്കുക.........അവരുടെ രക്ഷകനായി വേഷം കെട്ടുക......(ഒരല്‍പം അധികാര ഭാവം ആവാം......

ദൈവമല്ല വലിയവന്‍ എന്ന പ്രത്യയശാസ്ത്രം വാക്കിലും നടപ്പിലും ആരുമറിയാതെ കാത്തുസൂക്ഷിക്കുക..........പണം, അധികാരം, പ്രശസ്തി മുതലായവയെ നെഞ്ചിലേറ്റുക.....

ദൈവത്തെ മറന്നാലും ചില വ്യക്തികളെ പൂജിക്കുവാന്‍ മറക്കരുത് (ദൈവം എപ്പോഴും കൂടെയുണ്ടല്ലോ......അവരെ എപ്പോഴും കിട്ടില്ല)

ഭക്തിയുടെ വേഷം വാക്കിലും പ്രവര്‍ത്തിയിലും ഒരു അലങ്കാരമായി കൊണ്ടു നടക്കുക....

പ്രശംസയില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ നയം അവലംബിക്കുക........
സ്തുതിപാഠകരെ സൃഷ്ടിക്കുക..........

ഒരു വിധേയസംഘത്തെ എപ്പോഴും കൊണ്ടുനടക്കുക......(കാര്യങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ അനിവാര്യമാണ്).....

താഴെപ്പറയുന്നവ ഒരു സഞ്ചിയില്‍ എപ്പോഴും കരുതുക(ആവശ്യത്തിനു മാത്രം ഉപയോഗിക്കുക)

കപടവിനയം, വലിച്ചു നീട്ടിയചിരി, വിധേയഭാവം, സ്വയാര്‍ജിത ഉന്നതഭാവം, ആത്മാര്‍ഥതയില്ലാത്ത കുറെ വാക്കുകള്‍, പട്ടില്‍ പൊതിഞ്ഞ ഒരു പാര.....

ഇനിയുമുണ്ടെങ്ങിലും ഇപ്പോള്‍ ഇത്രയും മതി............

ഏഴുതിയെടുത്തുവോ ? ഇനി മനപ്പാഠമാക്കുക! സമയാസമയങ്ങളില്‍ ഉപയോഗിക്കുക..........വിജയം ഉറപ്പ്‌

(ഇത് ഒരു സ്വയം പരിഹസിക്കലാണ്......സ്വയം വിമര്‍ശനം.......ക്രിസ്തുവിനെ മറന്നു പോയ ഒരുവന്‍റെ സ്വയം വിലാപം.....ഇത് കുറിക്കുന്നത് എന്‍റെ പിറന്നാള്‍ ദിനത്തിലും)

Tuesday, May 22, 2012

എന്നെ അനുസരിക്കുന്ന ദൈവമേ നിനക്കു സ്തുതി......

 എന്നെ അനുസരിക്കുന്ന ദൈവമേ നിനക്കു സ്തുതി....!

ദൈവമേ .......ഞാന്‍ പറയും അവിടുന്ന് അനുസരിക്കുക!
ദൈവമേ....ഞാന്‍ തീരുമാനിക്കും അവിടുന്ന് നടപ്പിലാക്കുക!
 ദൈവമേ....ഞാന്‍ സംസാരിക്കും അവിടുന്ന് കേള്‍ക്കുക!

എന്‍റെ വഴികളിലെ കാവല്‍ക്കാരനേ......നിനക്കു സ്തുതി....
ദൈവമേ.....എന്‍റെ പുറകില്‍മാത്രം നടക്കുക......നിനക്കു വഴിയറിയില്ലല്ലോ......!


ദൈവമേ...ഞാനല്പം തിരക്കിലാണ്....എന്‍റെ വിലപിടിപ്പുള്ള വസ്തുവകകളില്‍ ഒരു കണ്ണു വച്ചേക്കണേ...!
ദൈവമേ.......ഞാന്‍ ഒരു ക്വട്ടേഷന്‍ സംഘവുമായുള്ള തിരക്കിട്ട ചര്‍ച്ചയിലാണ്.....ദയവായി എന്നെ ശല്യപ്പെടുത്തരുത്....!

ഞാന്‍ നല്‍കിയ മെഴുകുതിരികള്‍ കത്തുന്നുണ്ടല്ലോ...അല്ലേ..!
ഞാന്‍ നല്‍കിയ ചെക്ക് ബാങ്കില്‍ നിക്ഷേപിച്ചുവോ?.....കളയരുത്
ഞാന്‍ കൊടുത്തയച്ച കസേരയിലാണല്ലോ അവിടുന്ന് ഇരിക്കുന്നത്? അത് സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണ്.......!

പിന്നെ...... ഞാന്‍ കൊടുത്തയച്ച കത്തൊന്നു പരിഗണിക്കണേ....!
മനുഷ്യത്വമില്ലെങ്കിലും  അവനൊരു പാവമാണ്......
നിന്നെ അനുസരിച്ചില്ലെങ്കിലും അവനെന്നും പള്ളിയില്‍ പോവാറുണ്ട്......നീ കണ്ടുകാണും തീര്‍ച്ച....കാണാതിരിക്കാന്‍ വഴിയില്ല.....അവനുവേണ്ടി ഒരു പ്രത്യേകം കസേരതന്നെ അവിടെയുണ്ട്..........അതും ഏറ്റവും മുന്‍പില്‍......
അവന്‍റെ കാര്യം മറക്കരുത്..................

പിന്നെ ..........ഞാനൊരു പുതിയ മാഫിയ സംഘം രൂപീകരിച്ചിട്ടുണ്ട്.....നിന്‍റെ അനുഗ്രഹം ഉണ്ടാവുമല്ലോ..?

പിന്നെ........എന്‍റെ വീട്ടില്‍ ഇടക്കൊക്കെ വരണം കേട്ടോ....മറക്കരുത്......ഞാന്‍ നിന്നെക്കൂടാതെ...ഒന്നും ചെയ്യാറില്ല കേട്ടോ.........!

പക്ഷേ.....ദൈവം നിശബ്ദനായിരുന്നു.....
അവന്‍റെ കേള്‍വി അകലെനിന്നുയരുന്ന പ്രാര്‍ത്ഥനയില്‍ കുതിര്‍ന്ന നിലവിളിയിലായിരുന്നു.................

Friday, May 11, 2012

അസ്വസ്ഥത സൃഷ്ടിച്ച വൃദ്ധന്‍



ദൈവിക ഇടപെടലും അസ്വസ്ഥതയും.........

സ്വസ്ഥമെന്ന് ഞാന്‍ കരുതിയിരുന്ന എന്‍റെ വീട്ടിലേക്കു (ജീവിതത്തിലേക്ക്) ഒരിക്കല്‍ ഒരു പടുവൃദ്ധന്‍ അനുവാദം പോലും ചോദിക്കാതെ പടികയറി വന്നു.........

ആ വൃദ്ധന്‍ എന്നോട് ഒരല്‍പം സമയം മാത്രം ചോദിച്ചു......

എന്‍റെ സ്വസ്ഥതയ്ക്ക് ഭംഗം വരുത്തിയ ആ മനുഷ്യനോട് എനിക്ക് കലശലായ ദേഷ്യം തോന്നിയെങ്കിലും (ഒരു ബഹുരാഷ്ട്രകുത്തക പുഞ്ചിരി എന്‍റെ മുഖത്ത് പ്രദര്‍ശിപ്പിച്ചുകൊണ്ട്) ആ മനുഷ്യന്‍റെ മുന്‍പില്‍ (ഒരു കൊളോണിയല്‍ വിനയത്തോടെ) ഞാന്‍ നിന്നു........

ആ മനുഷ്യന്‍ വളരെനേരം എന്നോട് സംസാരിച്ചു.............

എപ്പോഴോ എന്‍റെ അനുവാദമില്ലാതെ ആ മനുഷ്യന്‍ എന്‍റെ വീടിന്‍റെ പടിയിറങ്ങി........

പക്ഷേ......അന്നുമുതല്‍ ആ മനുഷ്യന്‍ എന്‍റെ ജീവിതത്തില്‍ വാസം തുടങ്ങി.........

ആ മനുഷ്യന്‍റെ വാക്കുകളില്‍ ജീവന്‍റെ തുടിപ്പുണ്ടായിരുന്നു........

ആ മനുഷ്യന്‍റെ മുഖത്ത് സ്നേഹത്തിലും നീതിയിലും കരുണയിലും പൊതിഞ്ഞ ഒരുതരം രോഷം നിറഞ്ഞിരുന്നു...........

ആ മനുഷ്യന്‍റെ മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ ഉയിര്‍പ്പിന്‍റെ ശക്തിയുണ്ടായിരുന്നു.........

ആരൊക്കെയോ ചേര്‍ന്ന് മുറിപ്പെടുത്തിയ ശോഷിച്ച കൈകളില്‍ ഞാന്‍ പോരാട്ടത്തിന്‍റെ അണയാത്ത അഗ്നി ഞാന്‍ കണ്ടു...........

ആ മനുഷ്യന്‍റെ കണ്ണിലെ തീവ്രത എന്നില്‍ അസ്വസ്ഥത സൃഷ്ടിച്ചു........

രാത്രിയുടെ നിശബ്ദതയില്‍ ഞാന്‍ തിരിച്ചറിഞ്ഞു.........ആ മനുഷ്യന്‍ എന്നില്‍ ജീവിക്കുന്നുവെന്ന്........

പകലിന്‍റെ വെളിച്ചത്തില്‍ ഞാന്‍ ജീവന്‍റെ നിഷേധം തിരിച്ചറിഞ്ഞു.......

രാത്രിയുടെ മറവില്‍ തേര്‍വാഴ്ച നടത്തുന്ന ശക്തികളെ ഞാന്‍ കണ്ടു.......

ജീവനായുള്ള നിലവിളികള്‍ എനിക്കിപ്പോള്‍ കേള്‍ക്കാം.........

ശക്തിയുള്ളവന്‍ ശക്തികുറഞ്ഞവനെ ആക്രമിച്ചു കീഴടക്കുന്നത് കണ്ടപ്പോള്‍ എനിക്കോര്‍മ വന്നത് ആ മനുഷ്യന്‍റെ വാക്കുകളായിരുന്നു........

ഞാന്‍ അസ്വസ്ഥനായിത്തുടങ്ങി.........

ആ മനുഷ്യനെ പിന്നീടെപ്പോഴൊക്കെയോ ഞാന്‍ പലയിടങ്ങളില്‍ കണ്ടു...........അപ്പോഴൊക്കെ ആ മനുഷ്യന്‍ നിരന്തരം ഇടപെടലുകള്‍ നടത്തുകയായിരുന്നു.......

പിന്നീടുള്ള എന്‍റെ യാത്ര ആ വൃദ്ധനോടൊപ്പമായിരുന്നു........

അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു എന്‍റെ യാത്ര ക്രിസ്തുവിനോടൊപ്പമാണെന്ന്........ഞാന്‍ തനിയെ അല്ലെന്നും.......

Wednesday, May 9, 2012

പ്രവാചകന്‍റെ മടക്കം......



ദൈവമേ.......
അവിടുത്തെ ഇടപെടല്‍ തിരിച്ചറിയാതെ പോകുന്ന എന്നോട് ക്ഷമിക്കുക......


ലോകത്തിന്‍റെ വെളിച്ചമായ ദൈവമേ......
അങ്ങയുടെ വെളിച്ചത്തിലൂടെ എന്‍റെ മാലിന്യങ്ങള്‍ വെളിവാക്കപ്പെട്ടിട്ടും .....!


ഞാനാണ്‌ ശരി...........വെളിച്ചം കപടമാണ്.........ദൈവം വെളിച്ചമല്ല.....ഇതാണെന്‍റെ ന്യായം........


(എവിടെ നിന്നോ ഒരു പ്രവാചകന്‍ പ്രത്യക്ഷപ്പെട്ടു.....എന്നോട് സംസാരിച്ചു)


കുറവുകള്‍ കാണിച്ചുതരാന്‍ നീ ആരാണ് ?.....ഞാന്‍ പ്രവാചകനോട് ചോദിച്ചു


അഹങ്കാരി........! പ്രവാചകന്‍ ശബ്ദമുയര്‍ത്തി


കണ്ണുതുറന്നു നോക്കുക ..........നീ മാലിന്യങ്ങള്‍ക്ക് നടുവിലാണ്....പ്രവാചകന്‍ പറഞ്ഞു


അല്ല....ഞാന്‍ പറഞ്ഞു


നോക്കൂ.....നിന്‍റെ വഴി നാശത്തിലേക്ക്‌.....
നീ ചരിത്രത്തെ ശരിയായ വഴിയിലേക്ക് നയിക്കുവാന്‍ നിയോഗിക്കപ്പെട്ടവന്‍.....പ്രവാചകന്‍ പറഞ്ഞു


അല്ല.....ഞാനാണ് ശരി


നീ നിന്‍റെ ജനത്തെ തെറ്റായ ലക്ഷ്യങ്ങളും, മൂല്യങ്ങളും, ശീലങ്ങളും പഠിപ്പിക്കുന്നു....പ്രവാചകന്‍ പറഞ്ഞു


അല്ല....ഞാനാണ് ശരി


നോക്കൂ...... നിന്‍റെ തലമുറയ്ക്ക് നീ നല്ല പാഠങ്ങള്‍ പഠിപ്പിക്കുക.....പ്രവാചകന്‍ പറഞ്ഞു


എനിക്കിഷ്ടമുള്ളത് ഞാന്‍ പഠിപ്പിക്കും........


നോക്കൂ........നീ നിന്നെയും മറ്റുള്ളവരേയും അഹങ്കാരികളാക്കുന്നു.....ദൈവഭയവും മനുഷ്യസ്നേഹവും നീ ഇല്ലാതെയാക്കുന്നു........പ്രവാചകന്‍ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.....


അല്ല....ഞാനാണ് ശരി


കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കുക....കാണ്മാന്‍ കണ്ണുള്ളവന്‍ കാണട്ടെ.....പ്രവാചകന്‍ ഒരല്‍പം വിഷമത്തോടെ, രോഷത്തോടെ പ്രവചിച്ചു..


പ്രവാചകന്‍ തന്‍റെ കാലിലെ പൊടി തട്ടിക്കളഞ്ഞുകൊണ്ട് മടക്കയാത്ര തുടങ്ങി...
ഞാനാണ് ശരി.......ഞാന്‍ എന്‍റെ യാത്ര എനിക്കിഷ്ടമുള്ള വഴിയിലൂടെ തുടരും......ധിക്കാരത്തോടെ ഞാന്‍ തുടര്‍ന്നു............


നിന്‍റെ വഴി നാശത്തിലേക്കാണ്......പ്രവാചകന്‍റെ ശബ്ദം ദൂരെനിന്നെങ്കിലും ശക്തമായിരുന്നു