Powered By Blogger

Friday, October 31, 2014

കണ്ടതും.....കേട്ടതും

കണ്ടതും.....കേട്ടതും

അധികാരത്തിന്‍റെ വടംവലി മല്‍സരത്തില്‍ കണ്ടതും കേട്ടതും......

ഒരുവന്‍റെ വിജയം ഉറപ്പാക്കേണ്ടത്/അധികാരക്കസേരകള്‍ പണിയേണ്ടത്, മറ്റുള്ളവരുടെ മേല്‍ ചെളിവാരിയെറിഞ്ഞിട്ടോ, അപഹസിച്ചിട്ടോ, തോളില്‍ ചവുട്ടിത്താഴ്ത്തിയിട്ടോ ആവണം.............പ്രത്യേകിച്ചും മേലധികാരികളുടെ മുന്‍പിലും മറ്റും വച്ച്.......(പൊതുവിലും, അല്ലാതെയും)

ഒരേ വ്യക്തിയെക്കുറിച്ചോ, സംഭവത്തെക്കുറിച്ചോ, ഒരേസമയം പരിഹാസവും, പുകഴ്ത്തലും നടത്തുക (ഉദാ: ഒരാള്‍ പാടിയ പാട്ടിനെക്കുറിച്ച് അയാളോട് ഗംഭീരം, ഇതുപോലൊരു പാട്ട് കേട്ടിട്ട് എത്രനാളായി എന്നു പറയുന്നതോടൊപ്പം.........മാറിനിന്ന് പാട്ട് എന്തിനുകൊള്ളാമെന്നും, അവനെ(ളെ)പ്പിടിച്ച് ആരാണ് സ്റ്റേജില്‍ കയറ്റിയത് എന്ന് പറയുകയും ചെയ്യുക)

അധികാരകേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങി നടക്കുക......എപ്പോഴും സ്വന്തം വീരകൃത്യങ്ങളെക്കുറിച്ച് അധികാരകേന്ദ്രങ്ങളില്‍ സമയാസമയങ്ങളില്‍  പറഞ്ഞുകൊണ്ടേ നടക്കുക.......

പൊതുചര്‍ച്ചകളില്‍ ആരെ പാര പണിയണമോ, അവരുടെ അസാന്നിദ്ധ്യത്തില്‍ അവര്‍ക്ക് പാര പണിയുക.........(പണികിട്ടുന്നവന്‍ പോലും അറിയാതെ.....അതോടൊപ്പം പണിയുന്നവനെ/ളെ അവന്‍റെ/അവളുടെ സാന്നിധ്യത്തില്‍ പ്രകീര്‍ത്തിക്കുക, കെട്ടിപ്പിടിക്കുക, അവന്‍റെ മൃദുമാനസിക മേഖലകളെ ഇക്കിളിപ്പെടുത്തുക.....അവരെ ഒപ്പം നിറുത്തുന്നതായി നടിക്കുക,.......) പണികിട്ടിയവന്‍/ള്‍ നെട്ടോട്ടമോടുമ്പോള്‍ സഹായഹസ്തം നീട്ടുക.

മേലധികാരികളുടെ ബലഹീനതകള്‍ എന്തൊക്കെയെന്ന് ഒരു ചെറിയ ഗവേഷണം നടത്തി കണ്ടുപിടിക്കുക......എന്നതിനുശേഷം ഓരോരുത്തരുടെയും അടുക്കല്‍ പ്രത്യേകം, പ്രത്യേകം അവകളെടുത്ത് പ്രയോഗിക്കുക( ഉദാ: സ്ത്രീകളുടെ തുല്യതയിഷ്ടപ്പെടാത്ത മേലധികാരികളോട് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുക.....സ്ത്രീസമത്വം ആഗ്രഹിക്കുന്നവരുടെയടുക്കല്‍ സ്ത്രീവിമോചനം പറയുക)

ഒരുവനെ/ളെ തമസ്കരിക്കുവാന്‍, ഒഴിവാക്കുവാന്‍....മറ്റൊരുവനെ/ളെ വാനോളം പുകഴ്ത്തുക.............അതും ഒന്നിച്ചു പ്രവര്‍ത്തിച്ച ഒരാളെയാണെങ്കില്‍ വളരെ നല്ലത്.................

ഉന്നതസ്ഥാനീയരുടെ അപധാനങ്ങള്‍ എപ്പോഴും അവരെക്കേള്‍ക്കെ മറ്റുള്ളവരോട് പറയുക........

(ഇവകള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ നമ്മള്‍ അധികാരത്തിനായുള്ള വടംവലി മല്‍സരത്തിലെ ഒരംഗമാണ്)


Friday, October 24, 2014

വിവരമില്ലാത്തവന്‍റെ ചില മണ്ടന്‍ ചോദ്യങ്ങള്‍

വിവരമില്ലാത്തവന്‍റെ ചില മണ്ടന്‍ ചോദ്യങ്ങള്‍

രാഷ്ട്രീയമെന്നാല്‍ ജനത്തെ സംബന്ധിക്കുന്നത് എന്നര്‍ത്ഥം........ അപ്പോള്‍പ്പിന്നെ....!!!!!!!!!!!!!!!!!!!!!!!!!!

ദൈവത്തിന് രാഷ്ട്രീയമുണ്ടോ?

ദൈവരാജ്യസംബന്ധിയായചര്‍ച്ചകളില്‍/ഇടപെടലുകളില്‍/ആരാധനയില്‍ രാഷ്ട്രീയമുണ്ടോ?

അന്നന്നത്തെ അപ്പത്തിന്നായി കേഴുന്നവന്‍റെ പ്രാര്‍ത്ഥനയില്‍ ഒരു രാഷ്ട്രീയമില്ലേ? 

ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്ന് തരേണമേയെന്ന പ്രാര്‍ത്ഥനയില്‍ വിഭവനീതിയുടെ ഒരു രാഷ്ട്രീയമില്ലേ?

ഒരല്‍പം കിടപ്പാടത്തിനായി നില്‍പ്പുസമരം നടത്തുന്നവരുടെ നിലവിളിയില്‍ ഒരു പ്രാര്‍ത്ഥനയില്ലേ?മിസ്രയീമ്യരുടെ നിലവിളികേട്ട ദൈവം, ഇവരുടെ നിലവിളിയും കേള്‍ക്കില്ലേ?

അടിമത്തത്തില്‍നിന്നും ജനത്തെ വിടുവിച്ച് പാര്‍ക്കുവാന്‍ ഭൂമി നല്‍കിയ ദൈവത്തിന്‍റെ ഇഷ്ടം രാഷ്ട്രീയഇടപെടലായിരുന്നില്ലേ?

ഹെരോദാവിന്‍റെ കൊട്ടാരത്തെ നിഷേധിച്ച്, തന്‍റെ പുത്രന് പെരുവഴി ഒരുക്കിയ പിതാവായ ദൈവത്തിന്‍റേത് ബോധപൂര്‍വമായ ഒരു ചെയ്തിയല്ലേ? നിലവിലെ ആധിപത്യ രാഷ്ട്രീയത്തിന്‍റെ പൊളിച്ചെഴുത്തല്ലേ ആ പ്രവര്‍ത്തി....?

ഞാന്‍ ജീവന്‍റെ അപ്പമാകുന്നുവെന്ന ക്രിസ്തുവിന്‍റെ വാക്കുകളില്‍............ജീവന്‍ നിഷേധിക്കുന്ന/മരണം വിതയ്ക്കുന്ന വ്യവസ്ഥിതികളുടെ ഒരു നീഷേധമില്ലേ?

നീതിയുടേയും, ന്യായത്തിന്‍റെയും, വിമോചനത്തിന്‍റെയും, തുല്യതയുടെയും,  കരുണയുടെയും, വിഭവനീതിയുടേയും, സ്നേഹത്തിന്‍റെയും, പെരുമ്പറ മുഴക്കിയ പ്രവാചകന്മാരുടെയും, ദൈവപുത്രനായ ക്രിസ്തുവിന്‍റെയും വാക്കുകളിലും, പ്രവൃത്തിയിലും ജനത്തെ സംബന്ധിച്ച വിഷയങ്ങളായിരുന്നില്ലേ നിറഞ്ഞുനിന്നിരുന്നത്?
ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവത്തിന്‍റെ രക്ഷയുടെ/വിമോചനത്തിന്‍റെ/ വെളിപ്പെട്ട ഭാവങ്ങളിലെല്ലാം മനുഷ്യന്‍റെ ജീവനും/ജീവന്‍റെ പോഷണവും പ്രധാനമായിരുന്നല്ലോ?

അപ്പോള്‍പ്പിന്നെ ഇന്ന്, സഭാക്കെങ്ങനെ ജീവന്‍റെ പ്രഘോഷകരാകാതെ/ ജീവന്‍റെ ഇടപെടലുകളും രാഷ്ട്രീയ ഇടപെടലുകളും നടത്താതെ കേവലം ആത്മാവിന്‍റെ രക്ഷയ്ക്കായി മാത്രം നിലനില്‍ക്കാനാവും?

ന്യൂനപക്ഷത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ട് രൂപീകരിക്കുന്ന സാമ്പത്തിക/രാഷ്ട്രീയ/മത/പരിസ്ഥിതി നയങ്ങളെ സഭക്കെങ്ങനെ നിശ്ശബ്ദം വീക്ഷിക്കാനാവും?

തെരുവില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുമ്പോള്‍ കസേരകളില്‍ അലസതയോടെയിരിന്ന്‍ തമാശ(വെടി) പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന നിയമപാലകരെപ്പോലെ......സഭയും, ജീവല്‍ പ്രശ്നങ്ങളോടുള്ള ദൈവിക നിയോഗങ്ങളെളെക്കുറിച്ച് പറയേണ്ടതിനുപകരം അര്‍ത്ഥരഹിതമായ വാഗ്വാദങ്ങളിലും, ചര്‍ച്ചകളിലും ആണോ ഏര്‍പ്പെടുന്നത്? 

ദൈവം ക്രിസ്തുവിലൂടെ പറഞ്ഞതിലും പ്രവര്‍ത്തിച്ചത്തിലും ജീവല്‍പ്രശ്നങ്ങളല്ലേ നിറഞ്ഞുനിന്നത്? അപ്പോള്‍പ്പിന്നെ നീതി, കരുണ, തുല്യത, പങ്കിടീല്‍, പാരസ്പര്യത, ഒരുമ, താഴ്മ, എളിമ, വിശക്കുന്നവന്‍റെ അപ്പം, സമാധാനം, വിമോചനം, ജീവന്‍റെ സംരക്ഷണം, ജീവിക്കുവാനുള്ള അവകാശം, മനുഷ്യനെ രോഗിയാക്കുന്ന/നശിപ്പിക്കുന്ന/ആക്രമിക്കുന്ന സംവിധാനങ്ങള്‍, ഇവകളെക്കുറിച്ചുമല്ലേ നാം പറയേണ്ടത്? അതിലപ്പോള്‍ രാഷ്ട്രീയം വരില്ലേ? കാരണം ഇവകളൊക്കെ ജനത്തെയും, ജീവനേയും സംബന്ധിച്ച വിഷയങ്ങളല്ലേ?

(ഈ ചോദ്യങ്ങളെല്ലാം ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന ചില പൊട്ടുചോദ്യങ്ങള്‍ മാത്രം.....നിങ്ങളെന്നോട് പൊറുക്കുക.....ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ)

ദൈവമേ.....അങ്ങയോട്‌ ഈ വിവരമില്ലാത്തവന്‍റെ ചില മണ്ടന്‍ ചോദ്യങ്ങള്‍

ഒന്ന് - അങ്ങ് ദേവാലയത്തില്‍ മാത്രം അന്തിയുറങ്ങുന്ന ദൈവമോ? അതോ തെരുവിലും അന്തിയുറങ്ങാറുണ്ടോ?

രണ്ട് – ദൈവരാജ്യം, നീതിയും സമാധാനവും സന്തോഷവുമല്ലേ? അതില്‍ രാഷ്ട്രീയമില്ലേ?

മൂന്ന് – ദൈവാലയത്തില്‍കൂടിവന്ന് ആരാധകര്‍ ഉയര്‍പ്പിന്‍റെ കരുത്ത്‌ പ്രാപിച്ച് ജനങ്ങളിലല്ലേ ജീവിക്കേണ്ടത്? അപ്പോള്‍ സഭ തെരുവിലല്ലേ യാഥാര്‍ത്ഥ്യമാകുന്നത്?

നാല് – തെരുവിലെ സഭ ജനത്തെ സംബന്ധിച്ച കാര്യങ്ങളല്ലേ പറയേണ്ടത്? അപ്പോള്‍ അതില്‍ രാഷ്ട്രീയം വരില്ലേ?

ദൈവമേ.......എനിക്ക് ഉത്തരം തരിക.......അങ്ങയുടെ പരിജ്ഞാനത്താല്‍ നിറക്കുക....വിവരക്കേടുണ്ടെങ്കില്‍ പൊറുക്കുക!!!!!!!!!!!!!!!!!!


Monday, October 13, 2014

ദൈവത്തെക്കാള്‍ വലിയ മനുഷ്യരോ?

ദൈവത്തെക്കാള്‍ വലിയ മനുഷ്യരോ?

പുരുഷമേധാവിത്വത്തിന്‍റെ പ്രവാചകരേ......സ്ത്രീ അശുദ്ധയാണെന്നും, ബലഹീനയാണെന്നും, പുരുഷന്‍റെ അടിമയാണെന്നും, മിണ്ടാതിരിക്കേണ്ടവളാണെന്നും, അവള്‍ക്ക് വിശുദ്ധസ്ഥലങ്ങളില്‍ പ്രവേശനമില്ലെന്നും വാദിക്കുന്നവരേ........ദൈവം, മനുഷ്യന്‍ മെനഞ്ഞെടുത്ത, നിര്‍മിച്ച വ്യവഹാരങ്ങളുടെ തടവറയിലോ?

സ്ത്രീയിലും, പുരുഷനിലും( ജാതി, വര്‍ണ, വര്‍ഗ, ലിംഗ ഭേദങ്ങളില്ലാതെ) ദൈവം, കൃപയോടെ പകര്‍ന്ന ദൈവികസാദൃശ്യത്തെ നിരാകരിക്കുന്നതാണിന്നിന്‍റെ പാപം.....ആ ദൈവസാദൃശ്യത്തില്‍ മേല്‍ക്കോയ്മകളും, ശ്രേണീബദ്ധങ്ങളും സൃഷ്ടിക്കുന്നവരേ, അത് നിങ്ങളുടെ നിര്‍മിതിയാണ്.......ദൈവത്തിന്‍റെ സൃഷ്ടിയല്ല........

കൃപലഭിച്ച കന്യകമറിയം, അബ്രഹാമിന്‍റെ പുത്രിയായ കൂനിയായ സ്ത്രീ, പ്രവാചകഗണത്തിലെ മിര്യാം, ദേബോര,എസ്ഥേര്‍..... ഭീരുക്കളായോടിപ്പോകാതെ ക്രൂശിന്‍റെ അടിവാരംവരെ അനുഗമിച്ച സ്ത്രീകള്‍, മരണത്തിന്‍റെ അന്ത്യനിമിഷങ്ങളില്‍ ക്രിസ്തുവിന് ദാഹജലംപകര്‍ന്ന സ്ത്രീകള്‍, ഉയിര്‍പ്പിന്‍റെ പ്രഥമ പ്രഘോഷകരായ സ്ത്രീകള്‍, ദൈവിക പ്രവാചകരെ ആപത്ഘട്ടങ്ങളില്‍ സംരക്ഷിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍( സൂതികര്‍മിണികളായ ശിപ്ര, പൂവ, സാരെഫാപ്തയിലെ വിധവ)......ഇവരൊക്കെ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരല്ലേ?

ക്രിസ്തുവില്‍ ആണെന്നും പെണ്ണെന്നുമില്ലെന്നും, ക്രിസ്തുവിലുള്ള പുതുമനുഷ്യത്വത്തെക്കുറിച്ചും പറഞ്ഞ പൌലോസിന്‍റെ വാക്കുകള്‍ നാം മറന്നുവോ?

പാപിനിയായ സ്ത്രീക്ക് യേശുവിന്‍റെ കാല്‍ തൈലംപൂശി ചുംബിക്കാമെങ്കില്‍, യേശു അതിന് അനുവാദം നല്‍കിയെങ്കില്‍......ഇന്ന് സഭ എന്തുചെയ്യണം? പരീശന്‍ പറയുന്നു....നീ എന്തിന് അനുവാദം നല്‍കുന്നു...അതും പാപിനിയായ ഇവള്‍ക്ക്.......ഇന്നും ഇതേ വാക്കുകള്‍ ഉയര്‍ത്തുന്ന ആധുനിക പരീശരേ....നിങ്ങള്‍ക്ക് ഹാ കഷ്ടം!!!!!!!!!! യേശുവിന്‍റെ സന്നിധിയില്‍നിന്ന് സ്ത്രീകളെ വിലക്കുവാന്‍ നിങ്ങള്‍ക്ക് അധികാരം തന്നത് ആര്‍?

സ്ത്രീയെന്നും, പുരുഷനെന്നും വ്യത്യാസമില്ലാത്ത ദൈവത്തിന്‍റെ മുന്‍പില്‍.......സ്ത്രീ പുരുഷനു കീഴെയാണെന്ന് ശഠിക്കുന്ന നിങ്ങള്‍ക്ക് ഹാ കഷ്ടം.........ആരാണിവിടെ സ്ത്രീയുടെ വിലയും/വിലയില്ലായ്മയും, വിശുദ്ധിയും/അശുദ്ധിയും, സ്ഥാനവും/സ്ഥാനമില്ലായ്മയും കല്‍പിക്കുന്നത്? സ്ത്രീയുടെ സ്ഥാനം ഇതിനപ്പുറത്താണെന്ന്‍ പറയുവാന്‍ നിങ്ങളോട് കല്‍പിച്ചതാരാണ്? പുരുഷമേധാവിത്വമെന്ന പൈശാചിക വ്യവഹാരമോ?
ദൈവത്തെക്കാള്‍ വലിയവരോ നിങ്ങള്‍?

ഞാനൊന്ന് പറയട്ടെ.....ഞാന്‍ വിശ്വസിക്കുന്ന ദൈവം, ആരാധിക്കുന്ന ദൈവം........മനുഷ്യരുണ്ടാക്കിയ പൈശാചിക ഘടനകളായ പുരുഷമേധാവിത്വം, ജാതിവ്യവസ്ഥ, സമ്പന്ന-ദരിദ്ര മുതലാളിത്ത വ്യവസ്ഥ തുടങ്ങിയ വ്യവഹാരങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ദൈവമാണ്.......ഇവകള്‍ക്കൊക്കെ അതീതമായി ഏവരേയും സ്വീകരിക്കുന്ന ദൈവമാണ്....മനുഷ്യന്‍റെ കണക്കുകൂട്ടലുകള്‍ക്ക് അതീതമായി പദവികളും,  സ്ഥാനവും, സ്നേഹവും, അംഗീകാരവും, നല്‍കുന്ന ദൈവമാണ്........

സ്ത്രീയുടെയും, പുരുഷന്‍റെയും ദൈവസന്നിധിയിലെ സ്ഥാനം നിര്‍ണയിക്കേണ്ടത് ദൈവികനിയോഗത്തോടുള്ള അവരുടെ സമര്‍പ്പണത്തിന്‍റെ അടിസ്ഥാനത്തിലാവണം.......അല്ലാതെ കേവലം ലിംഗപരമായി മനുഷ്യന്‍ കല്‍പിച്ചുണ്ടാക്കിയ സ്ഥാനങ്ങളുടെയും, വേര്‍തിരിവുകളുടേയും അടിസ്ഥാനത്തിലാവരുത്........

തിരെഞ്ഞെടുക്കപ്പെട്ട രാജകീയപുരോഹിതവര്‍ഗമേ........ഇവിടെ മതില്‍ക്കെട്ടുകളും, വേലികളും പണിയുന്നത് പാപമാണ്....അത് ദൈവവ്യവസ്ഥിയോടുള്ള നിഷേധമാണ്, ജീവന്‍റെ പൂര്‍ണത ആഗ്രഹിക്കുന്ന ദൈവത്തോടുള്ള മറുതലിപ്പാണ്......ദൈവകൃപയെയും, ദൈവസ്നേഹത്തെയും നിങ്ങള്‍ പരിമിതപ്പെടുത്തുന്നു.....അത് ദൈവികസത്തയുടെ നിഷേധമാണ്.......

ലിംഗ, വര്‍ണ, ജാതി, വര്‍ഗ, വ്യത്യാസങ്ങളില്ലാതെ അവിടുത്തെ സന്നിധിയില്‍ ശുശ്രൂഷചെയ്യുവാന്‍ മനുഷ്യരെ നിയോഗിക്കുന്ന ദൈവമേ..........അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു........അങ്ങയില്‍ ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു..........

ദൈവിക നിയോഗത്തില്‍, ലിംഗപരമായോ, ജാതീയമായോ, മറ്റേതെങ്കിലും തരത്തിലുള്ള വേര്‍തിരിവുകളോ സൃഷ്ടിക്കുന്ന എല്ലാത്തര വ്യവഹാരങ്ങളെയും ഞാന്‍ നിഷേധിക്കുന്നു.....


മനുഷ്യരെ സ്ത്രീ-പുരുഷഭേദം കൂടാതെ സ്നേഹിക്കുകയും, അംഗീകരിക്കുകയും, ശിഷ്യത്വത്തിലേക്ക് വിളിക്കുകയും ചെയ്യുന്ന ദൈവമേ.....പരിശുദ്ധാത്മാവെന്ന അഗ്നി ഞങ്ങളിലേക്കയച്ച്........ഞങ്ങളുണ്ടാക്കുന്ന ബാബേലുകളെ തകര്‍ക്കുക......ഞങ്ങളെ വീണ്ടെടുക്കുക