Powered By Blogger

Monday, October 13, 2014

ദൈവത്തെക്കാള്‍ വലിയ മനുഷ്യരോ?

ദൈവത്തെക്കാള്‍ വലിയ മനുഷ്യരോ?

പുരുഷമേധാവിത്വത്തിന്‍റെ പ്രവാചകരേ......സ്ത്രീ അശുദ്ധയാണെന്നും, ബലഹീനയാണെന്നും, പുരുഷന്‍റെ അടിമയാണെന്നും, മിണ്ടാതിരിക്കേണ്ടവളാണെന്നും, അവള്‍ക്ക് വിശുദ്ധസ്ഥലങ്ങളില്‍ പ്രവേശനമില്ലെന്നും വാദിക്കുന്നവരേ........ദൈവം, മനുഷ്യന്‍ മെനഞ്ഞെടുത്ത, നിര്‍മിച്ച വ്യവഹാരങ്ങളുടെ തടവറയിലോ?

സ്ത്രീയിലും, പുരുഷനിലും( ജാതി, വര്‍ണ, വര്‍ഗ, ലിംഗ ഭേദങ്ങളില്ലാതെ) ദൈവം, കൃപയോടെ പകര്‍ന്ന ദൈവികസാദൃശ്യത്തെ നിരാകരിക്കുന്നതാണിന്നിന്‍റെ പാപം.....ആ ദൈവസാദൃശ്യത്തില്‍ മേല്‍ക്കോയ്മകളും, ശ്രേണീബദ്ധങ്ങളും സൃഷ്ടിക്കുന്നവരേ, അത് നിങ്ങളുടെ നിര്‍മിതിയാണ്.......ദൈവത്തിന്‍റെ സൃഷ്ടിയല്ല........

കൃപലഭിച്ച കന്യകമറിയം, അബ്രഹാമിന്‍റെ പുത്രിയായ കൂനിയായ സ്ത്രീ, പ്രവാചകഗണത്തിലെ മിര്യാം, ദേബോര,എസ്ഥേര്‍..... ഭീരുക്കളായോടിപ്പോകാതെ ക്രൂശിന്‍റെ അടിവാരംവരെ അനുഗമിച്ച സ്ത്രീകള്‍, മരണത്തിന്‍റെ അന്ത്യനിമിഷങ്ങളില്‍ ക്രിസ്തുവിന് ദാഹജലംപകര്‍ന്ന സ്ത്രീകള്‍, ഉയിര്‍പ്പിന്‍റെ പ്രഥമ പ്രഘോഷകരായ സ്ത്രീകള്‍, ദൈവിക പ്രവാചകരെ ആപത്ഘട്ടങ്ങളില്‍ സംരക്ഷിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍( സൂതികര്‍മിണികളായ ശിപ്ര, പൂവ, സാരെഫാപ്തയിലെ വിധവ)......ഇവരൊക്കെ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരല്ലേ?

ക്രിസ്തുവില്‍ ആണെന്നും പെണ്ണെന്നുമില്ലെന്നും, ക്രിസ്തുവിലുള്ള പുതുമനുഷ്യത്വത്തെക്കുറിച്ചും പറഞ്ഞ പൌലോസിന്‍റെ വാക്കുകള്‍ നാം മറന്നുവോ?

പാപിനിയായ സ്ത്രീക്ക് യേശുവിന്‍റെ കാല്‍ തൈലംപൂശി ചുംബിക്കാമെങ്കില്‍, യേശു അതിന് അനുവാദം നല്‍കിയെങ്കില്‍......ഇന്ന് സഭ എന്തുചെയ്യണം? പരീശന്‍ പറയുന്നു....നീ എന്തിന് അനുവാദം നല്‍കുന്നു...അതും പാപിനിയായ ഇവള്‍ക്ക്.......ഇന്നും ഇതേ വാക്കുകള്‍ ഉയര്‍ത്തുന്ന ആധുനിക പരീശരേ....നിങ്ങള്‍ക്ക് ഹാ കഷ്ടം!!!!!!!!!! യേശുവിന്‍റെ സന്നിധിയില്‍നിന്ന് സ്ത്രീകളെ വിലക്കുവാന്‍ നിങ്ങള്‍ക്ക് അധികാരം തന്നത് ആര്‍?

സ്ത്രീയെന്നും, പുരുഷനെന്നും വ്യത്യാസമില്ലാത്ത ദൈവത്തിന്‍റെ മുന്‍പില്‍.......സ്ത്രീ പുരുഷനു കീഴെയാണെന്ന് ശഠിക്കുന്ന നിങ്ങള്‍ക്ക് ഹാ കഷ്ടം.........ആരാണിവിടെ സ്ത്രീയുടെ വിലയും/വിലയില്ലായ്മയും, വിശുദ്ധിയും/അശുദ്ധിയും, സ്ഥാനവും/സ്ഥാനമില്ലായ്മയും കല്‍പിക്കുന്നത്? സ്ത്രീയുടെ സ്ഥാനം ഇതിനപ്പുറത്താണെന്ന്‍ പറയുവാന്‍ നിങ്ങളോട് കല്‍പിച്ചതാരാണ്? പുരുഷമേധാവിത്വമെന്ന പൈശാചിക വ്യവഹാരമോ?
ദൈവത്തെക്കാള്‍ വലിയവരോ നിങ്ങള്‍?

ഞാനൊന്ന് പറയട്ടെ.....ഞാന്‍ വിശ്വസിക്കുന്ന ദൈവം, ആരാധിക്കുന്ന ദൈവം........മനുഷ്യരുണ്ടാക്കിയ പൈശാചിക ഘടനകളായ പുരുഷമേധാവിത്വം, ജാതിവ്യവസ്ഥ, സമ്പന്ന-ദരിദ്ര മുതലാളിത്ത വ്യവസ്ഥ തുടങ്ങിയ വ്യവഹാരങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ദൈവമാണ്.......ഇവകള്‍ക്കൊക്കെ അതീതമായി ഏവരേയും സ്വീകരിക്കുന്ന ദൈവമാണ്....മനുഷ്യന്‍റെ കണക്കുകൂട്ടലുകള്‍ക്ക് അതീതമായി പദവികളും,  സ്ഥാനവും, സ്നേഹവും, അംഗീകാരവും, നല്‍കുന്ന ദൈവമാണ്........

സ്ത്രീയുടെയും, പുരുഷന്‍റെയും ദൈവസന്നിധിയിലെ സ്ഥാനം നിര്‍ണയിക്കേണ്ടത് ദൈവികനിയോഗത്തോടുള്ള അവരുടെ സമര്‍പ്പണത്തിന്‍റെ അടിസ്ഥാനത്തിലാവണം.......അല്ലാതെ കേവലം ലിംഗപരമായി മനുഷ്യന്‍ കല്‍പിച്ചുണ്ടാക്കിയ സ്ഥാനങ്ങളുടെയും, വേര്‍തിരിവുകളുടേയും അടിസ്ഥാനത്തിലാവരുത്........

തിരെഞ്ഞെടുക്കപ്പെട്ട രാജകീയപുരോഹിതവര്‍ഗമേ........ഇവിടെ മതില്‍ക്കെട്ടുകളും, വേലികളും പണിയുന്നത് പാപമാണ്....അത് ദൈവവ്യവസ്ഥിയോടുള്ള നിഷേധമാണ്, ജീവന്‍റെ പൂര്‍ണത ആഗ്രഹിക്കുന്ന ദൈവത്തോടുള്ള മറുതലിപ്പാണ്......ദൈവകൃപയെയും, ദൈവസ്നേഹത്തെയും നിങ്ങള്‍ പരിമിതപ്പെടുത്തുന്നു.....അത് ദൈവികസത്തയുടെ നിഷേധമാണ്.......

ലിംഗ, വര്‍ണ, ജാതി, വര്‍ഗ, വ്യത്യാസങ്ങളില്ലാതെ അവിടുത്തെ സന്നിധിയില്‍ ശുശ്രൂഷചെയ്യുവാന്‍ മനുഷ്യരെ നിയോഗിക്കുന്ന ദൈവമേ..........അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു........അങ്ങയില്‍ ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു..........

ദൈവിക നിയോഗത്തില്‍, ലിംഗപരമായോ, ജാതീയമായോ, മറ്റേതെങ്കിലും തരത്തിലുള്ള വേര്‍തിരിവുകളോ സൃഷ്ടിക്കുന്ന എല്ലാത്തര വ്യവഹാരങ്ങളെയും ഞാന്‍ നിഷേധിക്കുന്നു.....


മനുഷ്യരെ സ്ത്രീ-പുരുഷഭേദം കൂടാതെ സ്നേഹിക്കുകയും, അംഗീകരിക്കുകയും, ശിഷ്യത്വത്തിലേക്ക് വിളിക്കുകയും ചെയ്യുന്ന ദൈവമേ.....പരിശുദ്ധാത്മാവെന്ന അഗ്നി ഞങ്ങളിലേക്കയച്ച്........ഞങ്ങളുണ്ടാക്കുന്ന ബാബേലുകളെ തകര്‍ക്കുക......ഞങ്ങളെ വീണ്ടെടുക്കുക

No comments:

Post a Comment