Powered By Blogger

Saturday, July 19, 2014

സ്ത്രീകള്‍ക്കുള്ള “പുരുഷ(സ്ത്രീ) കേസരികളുടെ പത്ത് കല്‍പനകള്‍”

സ്ത്രീകള്‍ക്കുള്ള പുരുഷ(സ്ത്രീ)കേസരികളുടെ പത്ത് കല്‍പനകള്‍

സ്ത്രീകള്‍ നിരന്തരം ആക്രമിക്കപ്പെടുന്നു.....

പുരുഷമേധാവിത്വ സമൂഹം സ്ത്രീയെ കേവലമൊരു ഉപഭോഗവസ്തു മാത്രമാക്കുന്നു....പുരുഷന്‍റെ ലൈംഗികതൃഷ്ണ തീര്‍ക്കുവാനുള്ള ഒരു ജീവനുള്ള കളിപ്പാട്ടമായിമാത്രം സ്ത്രീശരീരം തീര്‍ക്കപ്പെടുന്നു.......

സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാകുന്നു.........അവരുടെ മുഖം വികൃതമാക്കപ്പെടുന്നു.....

ബാല്യംവിട്ടുമാറാത്ത പെണ്‍ശരീരങ്ങള്‍ പോലും ആക്രമിക്കപ്പെടുന്നു.........
ഇവിടെ സ്ത്രീയുടെ ശരീരവും, മനസ്സും, ആത്മാവും ഒരുപോലെ ആക്രമിക്കപ്പെടുന്നു......

എന്നിട്ടും.....!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ജീവിക്കുവാനുള്ള അവകാശത്തിനുവേണ്ടി നിലവിളിക്കുന്ന സ്ത്രീത്വത്തിന്‍റെ മുന്‍പില്‍ പുരുഷമേധാവിത്വ സമൂഹം(മതത്തിലും,സമൂഹത്തിലും, രാഷ്ട്രീയത്തിലും) വയ്ക്കുന്ന പത്തുകല്‍പനകള്‍......................................

ഒന്ന്: സ്ത്രീകളുടെ വസ്ത്രത്തിന്‍റെ നീളവും വീതിയും ആ പ്രദേശത്തെ പുരുഷന്മാരെ(പ്രമാണിമാരെ പ്രത്യേകിച്ച്) വിളിച്ചുകൂട്ടി തീരുമാനിക്കുക

രണ്ട്: സ്ഥലത്തെ പ്രധാനദിവ്യന്മാരുടെ അടുക്കല്‍ച്ചെന്ന് വീട്ടില്‍നിന്ന് ഇറങ്ങേണ്ടതിന്‍റേയും വരേണ്ടതിന്‍റേയും സമയം സ്ത്രീകള്‍ മുന്‍കൂട്ടി നിശ്ചയിക്കുക( അവരോട് ചോദിച്ചു ഒരു ദിവസത്തെ മൊത്തം സമയക്രമം ഉണ്ടാക്കിയാല്‍ ഏറ്റം നല്ലത്)

മൂന്ന്: പുരുഷന്മാര്‍ നിന്‍റെ ശരീരത്തെക്കുറിച്ച് എന്ത്‌ പറഞ്ഞാലും, നിന്നോട് എന്ത്‌ ചെയ്താലും പ്രതികരിക്കരുത്. അതവരുടെ ഓരോരോ തമാശകള്‍ മാത്രം......(സ്ത്രീകള്‍ മിണ്ടാതിരിക്കട്ടെ....)

നാല്: സ്ത്രീ പുരുഷന്‍റെ അടിമയാണ്. അടിമയോട് യജമാനന് (പുരുഷന്) എന്തുമാവാം. വിധേയപ്പെട്ടു കൊടുത്തേക്കുക.......സഹിക്കുക....സ്ത്രീ സര്‍വംസഹയാണല്ലോ......(സ്ത്രീ യജമാനനോടെന്നപോലെ പുരുഷനോട് പെരുമാറണം)

അഞ്ച്: സ്ത്രീപക്ഷപഠനങ്ങളെയും പ്രവര്‍ത്തനങ്ങളേയും പുച്ഛിച്ച് തള്ളുക.....അവകള്‍ പാശ്ചാത്യസംസ്കാരത്തില്‍  നിന്നുള്ളവയാണ്...ഭാരതീയ പാരമ്പര്യം എപ്പോഴും പിന്തുടരണം( നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി)

ആറ്: വേദപുസ്തകം എപ്പോഴും പുരുഷകേന്ദ്രീകൃത കാഴ്ചപ്പാടില്‍ വായിക്കുക, വ്യാഖാനിക്കുക.......സ്ത്രീപക്ഷവായന ദൈവനിഷേധമാണ്.....(ദൈവം പുരുഷനാണ്)

ഏഴ്: സ്ത്രീ ബലഹീനപാത്രമാണെന്നും, അബലയാണെന്നും, പുരുഷമേധാവിത്വത്തെ അംഗീകരിക്കുന്നവളാണെന്നും (ഏത് രൂപത്തിലുമുള്ള) രാവിലെ അഞ്ചുപ്രാവശ്യവും വൈകിട്ട് മൂന്ന് പ്രാവശ്യവും സാഷ്ടംഗപ്രണാമം നടത്തിക്കൊണ്ടു, മുകളിലേക്ക്‌ നോക്കാതെ, താഴേക്ക് മാത്രം നോക്കിക്കൊണ്ട് പറയുക.....

എട്ട്: സ്ത്രീസ്വാതന്ത്ര്യം, സ്ത്രീശക്തീരണം, സ്ത്രീവിമോചനം, സ്ത്രീസമത്വം തുടങ്ങിയവകളോട് പുറംതിരിഞ്ഞുനില്‍ക്കുകയും, അവകളെ പുറകില്‍നിന്ന് എപ്പോഴും കുത്തുകയും ചെയ്യുക.........

ഒന്‍പത്: ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്ക് സമൂഹങ്ങളിലെ എല്ലാ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളേയും ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യണം. പ്രത്യേകിച്ചും സ്ത്രീ ദൈവത്തിന്‍റെ മുന്‍പില്‍ രണ്ടാംകിട പൌരയാണെന്ന ധ്വനി വരുന്നതോ, ആ ആശയം അരക്കിട്ടുറപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങളെ.......... ( അത് നിന്‍റെ ധര്‍മ്മമാണ്)........

പത്ത്: എല്ലാം വിധിയാണെന്ന് കരുതുക, സ്വയം സമാധാനിക്കുക.........(നിനക്കെതിരെയുള്ള എല്ലാ പീഡന/അക്രമ/ അപമാന/പരിഹാസ ശ്രമങ്ങളും).......

ഈ കല്‍പനകള്‍ അനുസരിക്കുന്നതോടൊപ്പം എപ്പോഴും പുരുഷന് നാലടി പുറകിലായി നില്‍ക്കുകയോ, നടക്കുകയോ ചെയ്യണം. എല്ലാ തീരുമാനസംഘങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കണം.....എല്ലാം പുരുഷന് മാത്രമേ ചെയ്യുവാന്‍ കഴിയൂ എന്ന് മനസ്സിലും, ഉറക്കെയും പറഞ്ഞുകൊണ്ടേയിരിക്കണം..........

(ഇതൊരു പരിഹാസമാണ്.....സ്ത്രീകള്‍ക്കെതിരെ പീഡനങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും, പുരുഷനെ( അവരെ ആക്രമിക്കുന്ന), പുരുഷമേധാവിത്വത്തെ അനുകൂലിക്കുന്ന, വിമര്‍ശിക്കാത്ത ആശയങ്ങളോട്, തത്വങ്ങളോടുള്ള പരിഹാസം............സ്ത്രീകളെ വീണ്ടും അപമാനിക്കുന്ന പുരുഷകേസരികളുടെ വരട്ടു വാദങ്ങളോടും, പെരുമാറ്റങ്ങളോടുമുള്ള ഒരു കൊഞ്ഞനം കുത്തല്‍ മാത്രമാണിത്)

Thursday, July 17, 2014

ഗാസയിലെ ജനങ്ങളുടെ ദൈവം.....

ഗാസയിലെ ജനങ്ങളുടെ ദൈവം.....

ഗാസയില്‍ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയുംതന്നെ.....അമ്മമാര്‍ മക്കളെച്ചൊല്ലിക്കരയുന്നു......മക്കള്‍ അമ്മമാരെക്കാണാതെ അലറിക്കരയുന്നു

ഗാസയിലെ കുഞ്ഞുങ്ങളുടെയും, സ്ത്രീകളുടെയും, മുറിവേല്‍ക്കപ്പടുന്നവരുടേയും ജീവനായുള്ള നിലവിളി എങ്ങും മുഴങ്ങുന്നുണ്ടായിരുന്നു........

ഗാസയിലെ ജനങ്ങളുടെ ദൈവമേ..........നീ അവരുടെ നിലവിളി കേള്‍ക്കുന്നില്ലേ?

ഭൂമിയുടെ ഉടയവനേ.........ജനം അഭയാര്‍ത്ഥികളായി പാലായനം ചെയ്യുന്നു.....നീ അവര്‍ക്ക് കൊടുത്ത മണ്ണില്‍ നിന്നും അവര്‍ കുടിയിറക്കപ്പെടുന്നു....അവരുടെ പ്രതീക്ഷകളും, ജീവിക്കുവാനുള്ള അവകാശവും എന്തേ അവര്‍ക്ക് നിഷേധിക്കപ്പെടുന്നു?

മനുഷ്യരുടെ രക്തത്തിന്‍റെ നിറവും മണവും ഒന്നല്ലേ?

മനുഷ്യര്‍ ശ്വസിക്കുന്ന വായുവിന് മതമുണ്ടോ, മനുഷ്യനിര്‍മ്മിതമായ വേലിക്കെട്ടുകളുണ്ടോ, വിശ്വാസത്തിന്‍റെ വേര്‍തിരിവുകളുണ്ടോ, വര്‍ണ-വര്‍ഗ വ്യത്യാസങ്ങളുണ്ടോ.....?

ഇവിടെ ഈ മുറിക്കുള്ളില്‍ ഞാന്‍ സുരക്ഷിതന്‍............ഗാസയിലെ എന്‍റെ സഹോദരങ്ങള്‍ തെരുവിലലയുന്നു, മരണത്തെ മുഖാമുഖം കാണുന്നു......ദൈവമേ ഇത് നീതി നിഷേധമല്ലേ? ജീവന്‍റെ മേലുള്ള കടന്നുകയറ്റമല്ലേ?

ദൈവം എന്നെ ദര്‍ശനത്തില്‍ ഗാസയിലേക്ക് കൊണ്ടുപോയി......എന്നിട്ടെന്നോടു പറഞ്ഞു........ആ തെരുവിലേക്ക് നോക്കുക..........കൂടെ ഒരു ചോദ്യവും.....നീ ആരെ കാണുന്നു?

സൂക്ഷിച്ചുനോക്കിയ ഞാന്‍ ആശ്ചര്യഭരിതനായി! ........ പാലായനം ചെയ്യുന്ന, മുറിവേല്‍ക്കുന്ന, കരയുന്ന, വിലപിക്കുന്ന എല്ലാവര്‍ക്കും ക്രിസ്തുവിന്‍റെ മുഖം.....ഒരിക്കല്‍ കുരിശേറ്റം സഹിച്ച ക്രിസ്തു ഇപ്പോളിവിടെ വെടിയേല്‍ക്കുന്നു....ക്രിസ്തുശരീരം തകര്‍ക്കപ്പെടുന്നു

ഞാന്‍ ദൈവത്തോടു ചോദിച്ചു.....യിസ്രായേലിനെ, ഫറവോന്‍റെ അടിമത്വത്തില്‍ നിന്ന് വിടുവിച്ച ദൈവമേ, അങ്ങ് പാലസ്തീന്‍ ജനതയെ യിസ്രായേലിലെ കിരാതരുടെ പക്കല്‍നിന്നും വിടുവിക്കുകയില്ലേ?

കത്തുന്ന മുള്‍പ്പടര്‍പ്പിനെ കാണാന്‍ കഴിയുന്ന ഉള്‍ക്കാഴ്ചയുള്ള മോശമാരെ ഞാനന്വേഷിക്കുകയാണ്.....പക്ഷേ ആരേയും കാണുന്നില്ല..ദൈവം എന്നോട് പറഞ്ഞു..

നീതിബോധമുള്ള, ഇച്ഛാശക്തിയുള്ള, വിവേകമുള്ള, പരിജ്ഞാനമുള്ള, ദൈവബോധമുള്ള, മനുഷ്യദര്‍ശനമുള്ള, ജീവന്‍റെ സംരക്ഷണം സ്വപ്നംകാണുന്ന, മോശമാര്‍ എവിടെപ്പോയി ഒളിക്കുന്നു....ഞാന്‍ ചോദിച്ചു

ദര്‍ശനമുള്ള ഒരു ജനതക്കു മാത്രമേ ഇന്നിന്‍റെ മോശമാരെ സംരക്ഷിക്കുവാന്‍ കഴിയൂ............സാമ്രാജ്യത്വത്തിന്‍റെ വക്താക്കളായ ഫറവോമാരുടെ കല്പനകള്‍ക്കപ്പുറത്തേക്ക്പോയി മോശമാരെ സംരക്ഷിക്കുവാന്‍ തക്ക ആര്‍ജവത്വമുള്ള സൂതികര്‍മിണികളെ ഞാനെല്ലായിടത്തും അന്വേഷിച്ചു കണ്ടില്ലതാനും.......ദൈവം തുടര്‍ന്നു

ഗാസയിലെ ജനങ്ങളുടെ കഷ്ടത ഞാന്‍ കണ്ടു..കണ്ടു....അവരുടെ നിലവിളി ഞാന്‍ കേട്ടു...കേട്ടു.......അവരെന്‍റെ ജനം.....അവരെ ഞാന്‍ സ്വാതന്ത്ര്യത്തിലേക്ക് നയിക്കും..............നിങ്ങള്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ഈ കല്ലുകള്‍ അവരുടെ വിടുതലിനായ് ആര്‍ത്തുവിളിക്കും............ദൈവം തെരുവിലേക്ക്/പീഡിതരുടെ അടുക്കലേക്ക് ധൃതിയില്‍ നടക്കുന്നതിനിടയില്‍ ഉറക്കെ(ദിക്കുകളെ പിളര്‍ക്കുമാറ്) വിളിച്ചു പറയുന്നുണ്ടായിരുന്നു

ദര്‍ശനത്തില്‍ നിന്നുണര്‍ന്ന ഞാന്‍ തിരിച്ചറിഞ്ഞു ഗാസയിലെ ജനതയുടെ നിലവിളി കേള്‍ക്കാന്‍ കഴിയാത്ത ഞാന്‍ ബധിരനും, അവരെ കൊലചെയ്യുന്നവര്‍ക്കും പീഡിപ്പിക്കുന്നവര്‍ക്കുമെതിരെ ശബ്ദമുയര്‍ത്താത്ത ഞാന്‍ മൂകനും അവരുടെ കണ്ണുനീര്‍ കാണാത്ത ഞാന്‍ അന്ധനുമാണെന്ന്.......ഞാന്‍ ആത്മാവില്ലാത്ത വെറും ജഡമാണെന്ന്




Tuesday, July 15, 2014

ക്രിസ്തുവിനെ ഉപേക്ഷിച്ചവരോ.....ക്രിസ്തു ഉപേക്ഷിച്ചവരോ?


ക്രിസ്തുവിനെ ഉപേക്ഷിച്ചവരോ.....ക്രിസ്തു ഉപേക്ഷിച്ചവരോ?



ചെറുത്തുനില്‍പിന്‍റെ മധ്യത്തില്‍ സാമ്രാജ്യശക്തികള്‍ക്ക് താല്‍കാലിക വിജയം........അവര്‍ അധികാരത്തിന്‍റെ ദന്തഗോപുരങ്ങളിലിരുന്നു ചെറുത്തുനിന്നവരെ കൊഞ്ഞനംകുത്തി, പരിഹാസത്തോടെ പല്ലിളിച്ചു കാണിച്ചു

അവര്‍ ഘോരഘോരം പുത്തന്‍ക്രമത്തിന്‍റെ രൂപഭംഗി വിവരിച്ചു.........കേട്ടുനിന്നവരുടെ മനസ്സില്‍ ഒരു ലഡു പൊട്ടി......നാവില്‍ കപ്പലോടിക്കാന്‍ പാകത്തില്‍ ഉമിനീര്‍ കവിഞ്ഞൊഴുകി.......ചെറുത്തുനിന്നവരില്‍ മഹാഭൂരിപക്ഷവും ലഡുവിന്‌ പിന്നാലെ പാഞ്ഞു.....ചിലര്‍ ഇതിനോടകം കപ്പലോടിക്കാന്‍ കപ്പിത്താന്മാരെ തേടി നടന്നു

മിടുക്കന്മാരായ മറ്റുചിലരാകട്ടെ സാമ്രാജ്യശക്തികളുടെ മുന്‍പില്‍ ബുദ്ധിപരമായ നിശബ്ദത പാലിച്ചു (ഉച്ഛിഷ്ടങ്ങള്‍ക്കു വേണ്ടി, അവര്‍ വച്ചു നീട്ടുന്ന അധികാരക്കസേരകള്‍ക്കുവേണ്ടി) …….അവരുടെ കൊള്ളരുതായ്മകളെ, കൊലപാതകത്തെ, ഗര്‍വിനെ,  എല്ലാവരും മറക്കുവാന്‍ ശീലിച്ചുകഴിഞ്ഞു

അവര്‍ സത്യത്തെ തമസ്കരിച്ചു, ധര്‍മത്തെ ബോധപൂര്‍വം മറന്നു, നീതിയെ കുരിശേറ്റി.............സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി, അംഗീകാരത്തിന്‍റെ അപ്പക്കഷണങ്ങള്‍ക്കുവേണ്ടി......

ചിലര്‍ അവര്‍ക്ക് പുത്തന്‍കുപ്പായങ്ങള്‍ തയിക്കുന്ന തിരക്കിലായിരുന്നു...

മറ്റുചിലരാകട്ടെ അവര്‍ക്കായി സ്തുതിഗീതങ്ങള്‍ ചിട്ടപ്പെടുത്തുന്ന തിരക്കിലും...

ഒരുകൂട്ടര്‍ യജമാനന്മാരുടെ കാലുകള്‍ നക്കുകയായിരുന്നു......

ചെറുത്തുനിന്നവരില്‍ ഭൂരിപക്ഷവും മധുരത്തിനുചുറ്റും ഉറുമ്പുകളെന്നപോലെ കൂട്ടംകൂടി ഏന്തിനൊക്കെയോവേണ്ടി കലപില കൂട്ടിക്കൊണ്ടിരുന്നു........

ഞാന്‍ ക്രിസ്തുവിനെ അവിടെയെല്ലാം അന്വേഷിച്ചു.........കണ്ടില്ലതാനും
കുറച്ചുമുന്‍പ്‌വരെ ഞങ്ങളോടൊപ്പം സഞ്ചരിച്ച ക്രിസ്തു എങ്ങോട്ടോ ധൃതിയില്‍ നടന്നുപോവുന്നു......

ഞാന്‍ ചോദിച്ചു, കര്‍ത്താവേ ഞങ്ങളെ വിട്ടിട്ട് എവിടേക്ക്?

ഒരു പുഞ്ചിരിയോടെ ക്രിസ്തു എന്‍റെ കണ്ണിലേക്കുപോലും നോക്കാതെ ചോദിച്ചു, എന്നെ ഉപേക്ഷിച്ച് നിങ്ങള്‍ എങ്ങോട്ട്? ചെങ്കോലും കിരീടവും കണ്ടപ്പോള്‍ നിങ്ങള്‍ എന്നെ ബോധപൂര്‍വം ഉപേക്ഷിച്ചുവല്ലേ?"

ക്രിസ്തു തുടര്‍ന്നു, “സാരമില്ല ഒരു പുതിയ ആകാശവും ഭൂമിയും ഞാന്‍ അശക്തരിലൂടെ പണിയും, ശിശുക്കളെയുംയും മുലകുടിക്കുന്നവരെയും ഞാന്‍ അതിന്‍റെ പ്രവാചകരാക്കും...... അവര്‍ സാമ്രാജ്യ ശക്തികളെ (ദാവീദിനെപ്പോലെ) എറിഞ്ഞു വീഴ്ത്തും.....നിങ്ങള്‍ ലജ്ജിച്ചു തല താഴ്ത്തും.........

അവന്‍റെ ശബ്ദത്തിന് ഇരുവായ്ത്തലയുള്ള വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു..........