Powered By Blogger

Thursday, July 17, 2014

ഗാസയിലെ ജനങ്ങളുടെ ദൈവം.....

ഗാസയിലെ ജനങ്ങളുടെ ദൈവം.....

ഗാസയില്‍ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയുംതന്നെ.....അമ്മമാര്‍ മക്കളെച്ചൊല്ലിക്കരയുന്നു......മക്കള്‍ അമ്മമാരെക്കാണാതെ അലറിക്കരയുന്നു

ഗാസയിലെ കുഞ്ഞുങ്ങളുടെയും, സ്ത്രീകളുടെയും, മുറിവേല്‍ക്കപ്പടുന്നവരുടേയും ജീവനായുള്ള നിലവിളി എങ്ങും മുഴങ്ങുന്നുണ്ടായിരുന്നു........

ഗാസയിലെ ജനങ്ങളുടെ ദൈവമേ..........നീ അവരുടെ നിലവിളി കേള്‍ക്കുന്നില്ലേ?

ഭൂമിയുടെ ഉടയവനേ.........ജനം അഭയാര്‍ത്ഥികളായി പാലായനം ചെയ്യുന്നു.....നീ അവര്‍ക്ക് കൊടുത്ത മണ്ണില്‍ നിന്നും അവര്‍ കുടിയിറക്കപ്പെടുന്നു....അവരുടെ പ്രതീക്ഷകളും, ജീവിക്കുവാനുള്ള അവകാശവും എന്തേ അവര്‍ക്ക് നിഷേധിക്കപ്പെടുന്നു?

മനുഷ്യരുടെ രക്തത്തിന്‍റെ നിറവും മണവും ഒന്നല്ലേ?

മനുഷ്യര്‍ ശ്വസിക്കുന്ന വായുവിന് മതമുണ്ടോ, മനുഷ്യനിര്‍മ്മിതമായ വേലിക്കെട്ടുകളുണ്ടോ, വിശ്വാസത്തിന്‍റെ വേര്‍തിരിവുകളുണ്ടോ, വര്‍ണ-വര്‍ഗ വ്യത്യാസങ്ങളുണ്ടോ.....?

ഇവിടെ ഈ മുറിക്കുള്ളില്‍ ഞാന്‍ സുരക്ഷിതന്‍............ഗാസയിലെ എന്‍റെ സഹോദരങ്ങള്‍ തെരുവിലലയുന്നു, മരണത്തെ മുഖാമുഖം കാണുന്നു......ദൈവമേ ഇത് നീതി നിഷേധമല്ലേ? ജീവന്‍റെ മേലുള്ള കടന്നുകയറ്റമല്ലേ?

ദൈവം എന്നെ ദര്‍ശനത്തില്‍ ഗാസയിലേക്ക് കൊണ്ടുപോയി......എന്നിട്ടെന്നോടു പറഞ്ഞു........ആ തെരുവിലേക്ക് നോക്കുക..........കൂടെ ഒരു ചോദ്യവും.....നീ ആരെ കാണുന്നു?

സൂക്ഷിച്ചുനോക്കിയ ഞാന്‍ ആശ്ചര്യഭരിതനായി! ........ പാലായനം ചെയ്യുന്ന, മുറിവേല്‍ക്കുന്ന, കരയുന്ന, വിലപിക്കുന്ന എല്ലാവര്‍ക്കും ക്രിസ്തുവിന്‍റെ മുഖം.....ഒരിക്കല്‍ കുരിശേറ്റം സഹിച്ച ക്രിസ്തു ഇപ്പോളിവിടെ വെടിയേല്‍ക്കുന്നു....ക്രിസ്തുശരീരം തകര്‍ക്കപ്പെടുന്നു

ഞാന്‍ ദൈവത്തോടു ചോദിച്ചു.....യിസ്രായേലിനെ, ഫറവോന്‍റെ അടിമത്വത്തില്‍ നിന്ന് വിടുവിച്ച ദൈവമേ, അങ്ങ് പാലസ്തീന്‍ ജനതയെ യിസ്രായേലിലെ കിരാതരുടെ പക്കല്‍നിന്നും വിടുവിക്കുകയില്ലേ?

കത്തുന്ന മുള്‍പ്പടര്‍പ്പിനെ കാണാന്‍ കഴിയുന്ന ഉള്‍ക്കാഴ്ചയുള്ള മോശമാരെ ഞാനന്വേഷിക്കുകയാണ്.....പക്ഷേ ആരേയും കാണുന്നില്ല..ദൈവം എന്നോട് പറഞ്ഞു..

നീതിബോധമുള്ള, ഇച്ഛാശക്തിയുള്ള, വിവേകമുള്ള, പരിജ്ഞാനമുള്ള, ദൈവബോധമുള്ള, മനുഷ്യദര്‍ശനമുള്ള, ജീവന്‍റെ സംരക്ഷണം സ്വപ്നംകാണുന്ന, മോശമാര്‍ എവിടെപ്പോയി ഒളിക്കുന്നു....ഞാന്‍ ചോദിച്ചു

ദര്‍ശനമുള്ള ഒരു ജനതക്കു മാത്രമേ ഇന്നിന്‍റെ മോശമാരെ സംരക്ഷിക്കുവാന്‍ കഴിയൂ............സാമ്രാജ്യത്വത്തിന്‍റെ വക്താക്കളായ ഫറവോമാരുടെ കല്പനകള്‍ക്കപ്പുറത്തേക്ക്പോയി മോശമാരെ സംരക്ഷിക്കുവാന്‍ തക്ക ആര്‍ജവത്വമുള്ള സൂതികര്‍മിണികളെ ഞാനെല്ലായിടത്തും അന്വേഷിച്ചു കണ്ടില്ലതാനും.......ദൈവം തുടര്‍ന്നു

ഗാസയിലെ ജനങ്ങളുടെ കഷ്ടത ഞാന്‍ കണ്ടു..കണ്ടു....അവരുടെ നിലവിളി ഞാന്‍ കേട്ടു...കേട്ടു.......അവരെന്‍റെ ജനം.....അവരെ ഞാന്‍ സ്വാതന്ത്ര്യത്തിലേക്ക് നയിക്കും..............നിങ്ങള്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ഈ കല്ലുകള്‍ അവരുടെ വിടുതലിനായ് ആര്‍ത്തുവിളിക്കും............ദൈവം തെരുവിലേക്ക്/പീഡിതരുടെ അടുക്കലേക്ക് ധൃതിയില്‍ നടക്കുന്നതിനിടയില്‍ ഉറക്കെ(ദിക്കുകളെ പിളര്‍ക്കുമാറ്) വിളിച്ചു പറയുന്നുണ്ടായിരുന്നു

ദര്‍ശനത്തില്‍ നിന്നുണര്‍ന്ന ഞാന്‍ തിരിച്ചറിഞ്ഞു ഗാസയിലെ ജനതയുടെ നിലവിളി കേള്‍ക്കാന്‍ കഴിയാത്ത ഞാന്‍ ബധിരനും, അവരെ കൊലചെയ്യുന്നവര്‍ക്കും പീഡിപ്പിക്കുന്നവര്‍ക്കുമെതിരെ ശബ്ദമുയര്‍ത്താത്ത ഞാന്‍ മൂകനും അവരുടെ കണ്ണുനീര്‍ കാണാത്ത ഞാന്‍ അന്ധനുമാണെന്ന്.......ഞാന്‍ ആത്മാവില്ലാത്ത വെറും ജഡമാണെന്ന്




No comments:

Post a Comment