Powered By Blogger

Tuesday, July 15, 2014

ക്രിസ്തുവിനെ ഉപേക്ഷിച്ചവരോ.....ക്രിസ്തു ഉപേക്ഷിച്ചവരോ?


ക്രിസ്തുവിനെ ഉപേക്ഷിച്ചവരോ.....ക്രിസ്തു ഉപേക്ഷിച്ചവരോ?



ചെറുത്തുനില്‍പിന്‍റെ മധ്യത്തില്‍ സാമ്രാജ്യശക്തികള്‍ക്ക് താല്‍കാലിക വിജയം........അവര്‍ അധികാരത്തിന്‍റെ ദന്തഗോപുരങ്ങളിലിരുന്നു ചെറുത്തുനിന്നവരെ കൊഞ്ഞനംകുത്തി, പരിഹാസത്തോടെ പല്ലിളിച്ചു കാണിച്ചു

അവര്‍ ഘോരഘോരം പുത്തന്‍ക്രമത്തിന്‍റെ രൂപഭംഗി വിവരിച്ചു.........കേട്ടുനിന്നവരുടെ മനസ്സില്‍ ഒരു ലഡു പൊട്ടി......നാവില്‍ കപ്പലോടിക്കാന്‍ പാകത്തില്‍ ഉമിനീര്‍ കവിഞ്ഞൊഴുകി.......ചെറുത്തുനിന്നവരില്‍ മഹാഭൂരിപക്ഷവും ലഡുവിന്‌ പിന്നാലെ പാഞ്ഞു.....ചിലര്‍ ഇതിനോടകം കപ്പലോടിക്കാന്‍ കപ്പിത്താന്മാരെ തേടി നടന്നു

മിടുക്കന്മാരായ മറ്റുചിലരാകട്ടെ സാമ്രാജ്യശക്തികളുടെ മുന്‍പില്‍ ബുദ്ധിപരമായ നിശബ്ദത പാലിച്ചു (ഉച്ഛിഷ്ടങ്ങള്‍ക്കു വേണ്ടി, അവര്‍ വച്ചു നീട്ടുന്ന അധികാരക്കസേരകള്‍ക്കുവേണ്ടി) …….അവരുടെ കൊള്ളരുതായ്മകളെ, കൊലപാതകത്തെ, ഗര്‍വിനെ,  എല്ലാവരും മറക്കുവാന്‍ ശീലിച്ചുകഴിഞ്ഞു

അവര്‍ സത്യത്തെ തമസ്കരിച്ചു, ധര്‍മത്തെ ബോധപൂര്‍വം മറന്നു, നീതിയെ കുരിശേറ്റി.............സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി, അംഗീകാരത്തിന്‍റെ അപ്പക്കഷണങ്ങള്‍ക്കുവേണ്ടി......

ചിലര്‍ അവര്‍ക്ക് പുത്തന്‍കുപ്പായങ്ങള്‍ തയിക്കുന്ന തിരക്കിലായിരുന്നു...

മറ്റുചിലരാകട്ടെ അവര്‍ക്കായി സ്തുതിഗീതങ്ങള്‍ ചിട്ടപ്പെടുത്തുന്ന തിരക്കിലും...

ഒരുകൂട്ടര്‍ യജമാനന്മാരുടെ കാലുകള്‍ നക്കുകയായിരുന്നു......

ചെറുത്തുനിന്നവരില്‍ ഭൂരിപക്ഷവും മധുരത്തിനുചുറ്റും ഉറുമ്പുകളെന്നപോലെ കൂട്ടംകൂടി ഏന്തിനൊക്കെയോവേണ്ടി കലപില കൂട്ടിക്കൊണ്ടിരുന്നു........

ഞാന്‍ ക്രിസ്തുവിനെ അവിടെയെല്ലാം അന്വേഷിച്ചു.........കണ്ടില്ലതാനും
കുറച്ചുമുന്‍പ്‌വരെ ഞങ്ങളോടൊപ്പം സഞ്ചരിച്ച ക്രിസ്തു എങ്ങോട്ടോ ധൃതിയില്‍ നടന്നുപോവുന്നു......

ഞാന്‍ ചോദിച്ചു, കര്‍ത്താവേ ഞങ്ങളെ വിട്ടിട്ട് എവിടേക്ക്?

ഒരു പുഞ്ചിരിയോടെ ക്രിസ്തു എന്‍റെ കണ്ണിലേക്കുപോലും നോക്കാതെ ചോദിച്ചു, എന്നെ ഉപേക്ഷിച്ച് നിങ്ങള്‍ എങ്ങോട്ട്? ചെങ്കോലും കിരീടവും കണ്ടപ്പോള്‍ നിങ്ങള്‍ എന്നെ ബോധപൂര്‍വം ഉപേക്ഷിച്ചുവല്ലേ?"

ക്രിസ്തു തുടര്‍ന്നു, “സാരമില്ല ഒരു പുതിയ ആകാശവും ഭൂമിയും ഞാന്‍ അശക്തരിലൂടെ പണിയും, ശിശുക്കളെയുംയും മുലകുടിക്കുന്നവരെയും ഞാന്‍ അതിന്‍റെ പ്രവാചകരാക്കും...... അവര്‍ സാമ്രാജ്യ ശക്തികളെ (ദാവീദിനെപ്പോലെ) എറിഞ്ഞു വീഴ്ത്തും.....നിങ്ങള്‍ ലജ്ജിച്ചു തല താഴ്ത്തും.........

അവന്‍റെ ശബ്ദത്തിന് ഇരുവായ്ത്തലയുള്ള വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു..........

No comments:

Post a Comment