Powered By Blogger

Friday, October 24, 2014

വിവരമില്ലാത്തവന്‍റെ ചില മണ്ടന്‍ ചോദ്യങ്ങള്‍

വിവരമില്ലാത്തവന്‍റെ ചില മണ്ടന്‍ ചോദ്യങ്ങള്‍

രാഷ്ട്രീയമെന്നാല്‍ ജനത്തെ സംബന്ധിക്കുന്നത് എന്നര്‍ത്ഥം........ അപ്പോള്‍പ്പിന്നെ....!!!!!!!!!!!!!!!!!!!!!!!!!!

ദൈവത്തിന് രാഷ്ട്രീയമുണ്ടോ?

ദൈവരാജ്യസംബന്ധിയായചര്‍ച്ചകളില്‍/ഇടപെടലുകളില്‍/ആരാധനയില്‍ രാഷ്ട്രീയമുണ്ടോ?

അന്നന്നത്തെ അപ്പത്തിന്നായി കേഴുന്നവന്‍റെ പ്രാര്‍ത്ഥനയില്‍ ഒരു രാഷ്ട്രീയമില്ലേ? 

ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്ന് തരേണമേയെന്ന പ്രാര്‍ത്ഥനയില്‍ വിഭവനീതിയുടെ ഒരു രാഷ്ട്രീയമില്ലേ?

ഒരല്‍പം കിടപ്പാടത്തിനായി നില്‍പ്പുസമരം നടത്തുന്നവരുടെ നിലവിളിയില്‍ ഒരു പ്രാര്‍ത്ഥനയില്ലേ?മിസ്രയീമ്യരുടെ നിലവിളികേട്ട ദൈവം, ഇവരുടെ നിലവിളിയും കേള്‍ക്കില്ലേ?

അടിമത്തത്തില്‍നിന്നും ജനത്തെ വിടുവിച്ച് പാര്‍ക്കുവാന്‍ ഭൂമി നല്‍കിയ ദൈവത്തിന്‍റെ ഇഷ്ടം രാഷ്ട്രീയഇടപെടലായിരുന്നില്ലേ?

ഹെരോദാവിന്‍റെ കൊട്ടാരത്തെ നിഷേധിച്ച്, തന്‍റെ പുത്രന് പെരുവഴി ഒരുക്കിയ പിതാവായ ദൈവത്തിന്‍റേത് ബോധപൂര്‍വമായ ഒരു ചെയ്തിയല്ലേ? നിലവിലെ ആധിപത്യ രാഷ്ട്രീയത്തിന്‍റെ പൊളിച്ചെഴുത്തല്ലേ ആ പ്രവര്‍ത്തി....?

ഞാന്‍ ജീവന്‍റെ അപ്പമാകുന്നുവെന്ന ക്രിസ്തുവിന്‍റെ വാക്കുകളില്‍............ജീവന്‍ നിഷേധിക്കുന്ന/മരണം വിതയ്ക്കുന്ന വ്യവസ്ഥിതികളുടെ ഒരു നീഷേധമില്ലേ?

നീതിയുടേയും, ന്യായത്തിന്‍റെയും, വിമോചനത്തിന്‍റെയും, തുല്യതയുടെയും,  കരുണയുടെയും, വിഭവനീതിയുടേയും, സ്നേഹത്തിന്‍റെയും, പെരുമ്പറ മുഴക്കിയ പ്രവാചകന്മാരുടെയും, ദൈവപുത്രനായ ക്രിസ്തുവിന്‍റെയും വാക്കുകളിലും, പ്രവൃത്തിയിലും ജനത്തെ സംബന്ധിച്ച വിഷയങ്ങളായിരുന്നില്ലേ നിറഞ്ഞുനിന്നിരുന്നത്?
ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവത്തിന്‍റെ രക്ഷയുടെ/വിമോചനത്തിന്‍റെ/ വെളിപ്പെട്ട ഭാവങ്ങളിലെല്ലാം മനുഷ്യന്‍റെ ജീവനും/ജീവന്‍റെ പോഷണവും പ്രധാനമായിരുന്നല്ലോ?

അപ്പോള്‍പ്പിന്നെ ഇന്ന്, സഭാക്കെങ്ങനെ ജീവന്‍റെ പ്രഘോഷകരാകാതെ/ ജീവന്‍റെ ഇടപെടലുകളും രാഷ്ട്രീയ ഇടപെടലുകളും നടത്താതെ കേവലം ആത്മാവിന്‍റെ രക്ഷയ്ക്കായി മാത്രം നിലനില്‍ക്കാനാവും?

ന്യൂനപക്ഷത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ട് രൂപീകരിക്കുന്ന സാമ്പത്തിക/രാഷ്ട്രീയ/മത/പരിസ്ഥിതി നയങ്ങളെ സഭക്കെങ്ങനെ നിശ്ശബ്ദം വീക്ഷിക്കാനാവും?

തെരുവില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുമ്പോള്‍ കസേരകളില്‍ അലസതയോടെയിരിന്ന്‍ തമാശ(വെടി) പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന നിയമപാലകരെപ്പോലെ......സഭയും, ജീവല്‍ പ്രശ്നങ്ങളോടുള്ള ദൈവിക നിയോഗങ്ങളെളെക്കുറിച്ച് പറയേണ്ടതിനുപകരം അര്‍ത്ഥരഹിതമായ വാഗ്വാദങ്ങളിലും, ചര്‍ച്ചകളിലും ആണോ ഏര്‍പ്പെടുന്നത്? 

ദൈവം ക്രിസ്തുവിലൂടെ പറഞ്ഞതിലും പ്രവര്‍ത്തിച്ചത്തിലും ജീവല്‍പ്രശ്നങ്ങളല്ലേ നിറഞ്ഞുനിന്നത്? അപ്പോള്‍പ്പിന്നെ നീതി, കരുണ, തുല്യത, പങ്കിടീല്‍, പാരസ്പര്യത, ഒരുമ, താഴ്മ, എളിമ, വിശക്കുന്നവന്‍റെ അപ്പം, സമാധാനം, വിമോചനം, ജീവന്‍റെ സംരക്ഷണം, ജീവിക്കുവാനുള്ള അവകാശം, മനുഷ്യനെ രോഗിയാക്കുന്ന/നശിപ്പിക്കുന്ന/ആക്രമിക്കുന്ന സംവിധാനങ്ങള്‍, ഇവകളെക്കുറിച്ചുമല്ലേ നാം പറയേണ്ടത്? അതിലപ്പോള്‍ രാഷ്ട്രീയം വരില്ലേ? കാരണം ഇവകളൊക്കെ ജനത്തെയും, ജീവനേയും സംബന്ധിച്ച വിഷയങ്ങളല്ലേ?

(ഈ ചോദ്യങ്ങളെല്ലാം ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന ചില പൊട്ടുചോദ്യങ്ങള്‍ മാത്രം.....നിങ്ങളെന്നോട് പൊറുക്കുക.....ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ)

ദൈവമേ.....അങ്ങയോട്‌ ഈ വിവരമില്ലാത്തവന്‍റെ ചില മണ്ടന്‍ ചോദ്യങ്ങള്‍

ഒന്ന് - അങ്ങ് ദേവാലയത്തില്‍ മാത്രം അന്തിയുറങ്ങുന്ന ദൈവമോ? അതോ തെരുവിലും അന്തിയുറങ്ങാറുണ്ടോ?

രണ്ട് – ദൈവരാജ്യം, നീതിയും സമാധാനവും സന്തോഷവുമല്ലേ? അതില്‍ രാഷ്ട്രീയമില്ലേ?

മൂന്ന് – ദൈവാലയത്തില്‍കൂടിവന്ന് ആരാധകര്‍ ഉയര്‍പ്പിന്‍റെ കരുത്ത്‌ പ്രാപിച്ച് ജനങ്ങളിലല്ലേ ജീവിക്കേണ്ടത്? അപ്പോള്‍ സഭ തെരുവിലല്ലേ യാഥാര്‍ത്ഥ്യമാകുന്നത്?

നാല് – തെരുവിലെ സഭ ജനത്തെ സംബന്ധിച്ച കാര്യങ്ങളല്ലേ പറയേണ്ടത്? അപ്പോള്‍ അതില്‍ രാഷ്ട്രീയം വരില്ലേ?

ദൈവമേ.......എനിക്ക് ഉത്തരം തരിക.......അങ്ങയുടെ പരിജ്ഞാനത്താല്‍ നിറക്കുക....വിവരക്കേടുണ്ടെങ്കില്‍ പൊറുക്കുക!!!!!!!!!!!!!!!!!!


No comments:

Post a Comment