Powered By Blogger

Wednesday, April 29, 2015

മകളേ, ദൈവം നിന്നോട് കൂടെ..............

മകളേ...........നീ പാര്‍ക്കുന്ന ഈ ലോകം ദൈവം സൃഷ്ടിച്ചതാണെങ്കിലും, ഇപ്പോഴത്തെ ലോകത്തിന്‍റെ വികൃത്യമായ ഈ കോലം ദൈവസൃഷ്ടിയല്ല..............മറിച്ച് അധികാരികളുടെ, ശക്തിയുള്ളവരുടെ, ഭരിക്കുന്നവരുടെ/ഭരിച്ചവരുടെ നിര്‍മിതിയാണ്....................

ഇന്ന് നീ പാര്‍ക്കുന്ന ഈ ലോകവും അതിന്‍റെ ക്രമവും പുരുഷാധിപത്യ നിര്‍മിതിയുടെ പരിണിതഫലമാണെന്ന് നീ അറിയുക..............
പുരുഷന്‍ തന്‍റെ സ്വന്തം ഛായയില്‍ നിര്‍മിച്ച ലോകം........അതുകൊണ്ടുതന്നെ സ്ത്രീയുടെ  ഛായ ഒട്ടുമില്ലാത്ത ഒരു ലോകം..............

ഇവിടുത്തെ മതനിയമങ്ങള്‍ പുരുഷാധിപത്യവ്യവസ്ഥ നിര്‍മിച്ചതാണ്......മതത്തിലെ ശുദ്ധ-അശുദ്ധ നിയമങ്ങള്‍ ആരുടെ നിര്‍മിതിയാണെന്ന് നിനക്കറിയാമോ?.......അതും ഒരു ആണ്‍മേല്‍ക്കോയ്മ നിലനിന്നിരുന്ന/നിലനില്‍ക്കുന്ന ഒരു ക്രമത്തിന്‍റെ സൃഷ്ടിതന്നെ..............

ഇവിടുത്തെ ഭാഷയും, ചരിത്രവും അവരുടെ സൃഷ്ടിയാണ്......അതു കൊണ്ടാണല്ലോ ചരിത്രം അവന്‍റെ കഥയായത്(ഹിസ്‌ - സ്റ്റോറി: ഹിസ്റ്ററി)
അതുകൊണ്ടുതന്നെ നിന്നെ/നിന്‍റെ ആളത്വത്തെ ഈ ക്രമത്തില്‍ കണ്ടെത്തുക ശ്രമകരമായ ഒരു കാര്യമാണ്......................ഈ  ക്രമവും, അതിന്‍റെ നിയമങ്ങളും നിന്നെ ഒരു പുരുഷാധിപത്യ വ്യവഹാരത്തില്‍ തളച്ചിടുവാന്‍ എപ്പോഴും ശ്രമിക്കും......

മകളേ, ഈ ക്രമം നിന്‍റെ ദൈവികദാനമായ പല സ്വാതന്ത്ര്യങ്ങളേയും നിഷേധിക്കുവാനിടയുണ്ട്.........നീ തളരരുത്.......ദൈവം നിന്നോട് കൂടെയുണ്ട്.........

ഈ ലോകക്രമത്തിന്‍റെ കാഴ്ചയും, സങ്കല്‍പങ്ങളുമെല്ലാം ദൈവം സൃഷ്ടിച്ചതില്‍നിന്ന് എത്രയോ വികലമാക്കിയിരിക്കുന്നു.....ഈ വികലമായ ലോകവും, അതിന്‍റെ ക്രമവും, അതിന്‍റെ ഉപോല്‍പ്പന്നമായ പുരുഷാധിപത്യവ്യവഹാരത്തിന്‍റെ പ്രവാചകന്മാരും നിന്നെക്കാണുന്നതുതന്നെ വൃത്തികെട്ട കാഴ്ചയിലാണ്.......അതുകൊണ്ടാണല്ലോ, നിന്‍റെ ശരീരത്തെ നോട്ടംകൊണ്ടും, കായികബലംകൊണ്ടും പിച്ചിച്ചീന്തുവാന്‍ ഈ ക്രമം സൃഷ്ടിച്ച കുറെ കാപാലികര്‍ തക്കം പാര്‍ത്തിരിക്കുന്നത്.....നീ കരുതിയിരിക്കുക...... ഓര്‍ക്കുക നിന്‍റെ ശരീരം ദൈവസാദൃശ്യത്തില്‍ സൃഷ്ടിച്ചതും അതിനാല്‍ത്തന്നെ പരിപാവനവുമാണ്.........നീ കരുത്താര്‍ജിക്കുക........ ദൈവം നിന്നോട് കൂടെ..............
  
മകളേ, ഈ ക്രമം, നീ എവിടെനില്‍ക്കണം, എന്ത് ധരിക്കണം, എന്ത് പഠിക്കണം, എങ്ങിനെ സംസാരിക്കണം, എന്ത് ജോലി ചെയ്യണം, എപ്പോള്‍ യാത്ര ചെയ്യണം തുടങ്ങിയ നൂറുകണക്കിന് നിബന്ധനകള്‍ നിന്‍റെ മുന്‍പില്‍ വയ്ക്കും........പതറരുത്........ദൈവത്തോട്‌ നീ നിരന്തരം സംസാരിക്കുക......നിന്‍റെ ആളത്വത്തെ ബഹുമാനിക്കുന്ന, അതിനെ കരുപ്പിടിപ്പിക്കുന്ന, സ്ത്രീ-പുരുഷ വേര്‍തിരിവുകള്‍ കൂടാതെ നിന്നെ സ്വീകരിക്കുന്ന വ്യക്തികളോടും, സംഘങ്ങളോടും നിരന്തരം സംവദിക്കുക.......ദൈവം നിന്നോട് കൂടെ..............

ഈ ലോകം ദൈവത്തെപ്പോലും പുരുഷസാദൃശ്യത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്........അതിനാവശ്യമായ ദൈവശാസ്ത്രവും, പ്രാമാണങ്ങളും, തത്വങ്ങളുമൊക്കെ അവര്‍ നിര്‍മിച്ചിട്ടുണ്ട്.....അതില്‍ ജീവിക്കുമ്പോഴും, അവ കേള്‍ക്കുമ്പോഴും നീ എപ്പോഴും നിന്‍റെ കണ്ണും, കാതും, മനസ്സും ദൈവത്തോട് ചേര്‍ത്തുവയ്ക്കുക............ദൈവത്തിന് നിന്നോട് മറ്റ് പലതും പറയാനുണ്ട്......നീ വായിക്കുക.......പഠിക്കുക (ദൈവിക ബോധ്യങ്ങളില്‍ നിന്നുകൊണ്ട്) വേദപുസ്തകത്തേയും, ചരിത്രത്തേയും, മറ്റ് ഗ്രന്ഥങ്ങളേയും, പ്രമാണങ്ങളേയും............. ദൈവം നിന്നോട് കൂടെ..............

നീ ഓര്‍ക്കുക, ഇക്കാണുന്ന നിര്‍മിതികളില്‍ ദൈവം  പരിമിതപ്പെടുന്നില്ല......ദൈവം, വിഭാഗീയവും, സങ്കുചിതവുമായ എല്ലാ വ്യവഹാരങ്ങള്‍ക്കുമപ്പുറത്താണ്...... ദൈവം നിന്നോട് കൂടെ..............

ദൈവാലയത്തിലെ നിന്‍റെ ഇടത്തിനുപോലും അതിരുകള്‍ നിര്‍മിച്ചിട്ടുള്ള ഈ വ്യവഹാരത്തെക്കണ്ട് നീ അധൈര്യപ്പെടരുത്........ദൈവികയിടത്തില്‍ ഇത്തരത്തിരത്തിലുള്ള ഒരു അതിരുകളുമില്ല........ഈ ക്രമം നിന്നെ അതിരുകളില്‍ തളച്ചിടാന്‍ ശ്രമിച്ചാലും നിന്‍റെ ഭാവനയും, സര്‍ഗശക്തിയും നീ ഒരിക്കലും തളച്ചിടരുത്.......അവകളെ ദൈവത്തോടും, നിന്‍റെ സമസൃഷ്ടങ്ങളോടും, പ്രപഞ്ചത്തോടും ചേര്‍ത്തുവച്ച് പറന്നുയരാന്‍ അനുവദിക്കുക........ ദൈവം നിന്നോട് കൂടെ..............

ഒരു പക്ഷേ.......ഈ ക്രമം നിന്നെ അപഹസിച്ചേക്കാം, തളര്‍ത്തിയേക്കാം, നിനക്കെതിരെ സ്ത്രീവിരുദ്ധ തമാശകളും നിന്ദാവചനങ്ങളും ചൊരിഞ്ഞേക്കാം......തളരരുത്.....ജീവിക്കുക, പോരാടുക......ദൈവം നിന്നോട് കൂടെ..............

നിന്‍റെ ശരീരത്തേയും, മനസ്സിനേയും ദൈവിക വിശുദ്ധിയില്‍ കാക്കുക.......പ്രലോഭനങ്ങളില്‍ വീഴരുത്.......ഈ പുരുഷനിര്‍മിത ലോകം അനേകം ചതിക്കുഴികള്‍ ഒരുക്കിക്കാത്തിരിക്കുന്നുണ്ട്........അതില്‍ നീ വീണാല്‍ ചതിക്കുഴികള്‍ ഉണ്ടാക്കിയവരെയല്ല ഈ പുരുഷനിര്‍മിത ലോകം ദുഷിക്കുന്നതും, ശിക്ഷിക്കുന്നതും, പിന്നെയോ അറിയാതെ അതില്‍വീണ നിന്നെയാവും........അതുകൊണ്ട് ജാഗ്രതയുള്ളവളാകുക, സൂക്ഷ്മതയോടെ ഈ ലോകത്തില്‍ നടക്കുക......ദൈവം നിന്നോട് കൂടെ..............

നിനക്കുനേരെയുള്ളയുള്ള എല്ലാ അതിക്രമങ്ങളെയും, പരിഹാസങ്ങളെയും, സംഘമായി ചെറുത്തുതോല്‍പ്പിക്കുക.....അനേകര്‍ നിന്നോടൊപ്പമുണ്ട്.......നിന്‍റെ മാതാപിതാക്കളായ ഞങ്ങളും നിന്നോടൊപ്പമുണ്ട്........ദൈവം നിന്നോട് കൂടെ..............

ബഹുമാനിക്കുവാനറിയാത്ത, കരുതുവാനറിയാത്ത.......ആക്രമിക്കുവാന്‍ മാത്രം അറിയുന്ന പുരുഷനിര്‍മിതലോകക്രമത്തില്‍, നിന്നെ അറിയുന്ന, നിന്നെ കരുതുന്ന, നിന്നെ സ്വന്തം മകളായിക്കരുതി ദൈവികസിംഹാസനത്തില്‍ തന്നോട് ചേര്‍ത്തിരുത്തുന്ന ദൈവം നിന്നോട്കൂടെ........................

പൊന്നുമകളേ, ഈ പുരുഷനിര്‍മിത വ്യവഹാരത്തില്‍ നീ നിന്‍റെ ഇടം ദൈവത്തോടുകൂടെ കണ്ടെത്തുക..........ഒരു പക്ഷേ......നിന്നെ അവര്‍ ഒരുമ്പെട്ടവളെന്നോ, ധിക്കാരിയെന്നോ പറഞ്ഞേക്കാം തളരരുത്, പതറരുത്...................ദൈവം നിന്നോടുകൂടെ....................

മകളേ.....ഷാലോം....ഷാലോം........ദൈവം നിന്നെ പുതിയവര്‍ഷം അനുഗ്രഹിക്കട്ടെ........(ഈ കുറിപ്പ് എന്‍റെ മകളുടെ ജന്മദിനമായ 2015 ഏപ്രില്‍ 29 ന് കുറിച്ചതാണ്.......ഈ കുറിപ്പെഴുതുമ്പോള്‍ പെണ്‍മക്കള്‍ സുരക്ഷിതരല്ലല്ലോ എന്ന ഭയം എന്നെയും അലട്ടുന്നുണ്ട്(അപ്പോള്‍ എന്‍റെ മകളും).......പക്ഷേ എന്‍റെ ചോദ്യം മറ്റൊന്നാണ്....ഈ പുരുഷനിര്‍മിതലോകവും അതിന്‍റെ ആധിപത്യ വ്യവഹാരങ്ങളും എന്തുകൊണ്ട് ഇന്നും ചോദ്യം ചെയ്യപ്പെടാതെ നില്‍ക്കുന്നു?) 

No comments:

Post a Comment