Powered By Blogger

Thursday, June 14, 2012

ജീവിതധര്‍മ്മം



കട്ടിത്തറകളോട് നിരന്തരം കലഹിക്കുക................അതാണ് നിന്‍റെ ജീവിതധര്‍മ്മം

വീടിനു മുന്‍പിലെ കാടുകയറിയ സ്ഥലത്ത് കുറച്ചു ചെടികള്‍ നടുകയെന്ന ചെറിയ ലക്ഷ്യം മുന്നില്‍ നിറുത്തി ഒരു മുറിയന്‍ പാന്‍റ് ധരിച്ചുകൊണ്ട് മുറ്റത്തിറങ്ങിയ എന്നെ വരവേറ്റത് കട്ടിത്തറയും, മുള്ളുകളും, പാറക്കഷണങ്ങളും, പഴയകെട്ടിടത്തിന്‍റെ സിമന്‍റ്പൊടിയും മറ്റുമാണ്.....

തറയില്‍ ആഞ്ഞുവെട്ടിയ എന്നോട് ഒട്ടും ഇളക്കം തട്ടിയിട്ടില്ലാത്ത കട്ടിത്തറ കലഹിച്ചു.......എന്തിനീ കൊലച്ചതി...ഞങ്ങളെ വെറുതേവിടൂ........ വാശിക്ക് എന്‍റെ മുഖത്തേക്ക് കുറെ കല്ലുകള്‍ തെറിപ്പിച്ചു........എങ്കിലും ഞാന്‍ ആഞ്ഞു വെട്ടി. അപ്പോഴും തറ എന്നോട് പറഞ്ഞു......ഞങ്ങള്‍ ഇങ്ങനെത്തന്നെ ഇരിക്കുവാന്‍ ആഗ്രഹിക്കുന്നു....ഞങ്ങള്‍ക്ക് മാറ്റം ഉണ്ടാവില്ല.......ഞങ്ങളെ മാറ്റാന്‍ ഒരുത്തന്‍ വന്നിരിക്കുന്നു....ഹും

മുള്‍ച്ചെടികളും എന്നോട് ചെറുത്തുനിന്നു........അവരും എന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു.....രോഷംപൂണ്ട് എന്‍റെ കൈകളില്‍ മുറിവുകള്‍ ഏല്‍പ്പിച്ചു.....ചോര പൊടിഞ്ഞു......

ഞാന്‍ നിരാശനായി....പിന്തിരിഞ്ഞാലോ എന്നു ചിന്തിച്ചു. പക്ഷേ..........ആത്മാവിന്‍റെ നിര്‍ബന്ധംമൂലം ഞാന്‍ ആഞ്ഞുവെട്ടിക്കോണ്ടേയിരുന്നു.......

പത്തു ദിവസം ഞാനും കട്ടിത്തറയും, മുള്‍ച്ചെടികളും തമ്മില്‍ കലഹിച്ചു.......നിരന്തരമായ കലഹത്തിലൂടെ ഒരു ചെറിയ പൂന്തോട്ടം എന്‍റെ മുറ്റത്ത്‌ വളര്‍ന്നു വന്നു.........

ഒരിക്കല്‍ പൂന്തോട്ടത്തില്‍ നിന്ന എന്നെനോക്കി അപ്പോള്‍ ആ വഴികടന്നുവന്ന വഴിപോക്കന്‍ ഒന്നു പുഞ്ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു ......കുറെ കലഹിച്ചു അല്ലേ...?  

ഞാനെന്‍റെ മറുപടി പുഞ്ചിരിയില്‍ ഒതുക്കി.....

ആ വഴിപോക്കന്‍ തുടര്‍ന്നു...........സുഹൃത്തേ ആരൊക്കെയോ നിരന്തരം ഈ സമൂഹത്തോട് കലഹിച്ചതുകൊണ്ടാണ് നീ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം യാഥാര്‍ത്യമായത്.......

ആരൊക്കെയോ ചില കട്ടിത്തറകളോട് കലഹിച്ചതുകൊണ്ടാണ് ഇന്നു കാണുന്ന പല പൂന്തോട്ടങ്ങളും വളര്‍ന്നത്........അവരെ ഓര്‍ക്കുക...അവരുടെ ചോരയ്ക്കും വിയര്‍പ്പിനും അനേകം കലഹത്തിന്‍റെ കഥ പറയുവാനുണ്ടാകും.........

ഇന്നു നീ അനുഭവിക്കുന്ന സമൃദ്ധിയില്‍ അഹങ്കരിക്കരുത്.....അത് നിന്‍റെ നേട്ടമാണെന്ന് അവകാശപ്പെടരുത്.........

കട്ടിത്തറകളോട് നിരന്തരം കലഹത്തില്‍ ഏര്‍പ്പെടുക......അതാണ് നിന്‍റെ ജീവിതധര്‍മ്മം

ഞാന്‍ ആ വഴിപോക്കന്‍റെ കണ്ണിലേക്ക് നോക്കി......അതില്‍ സൂര്യനെ വെല്ലുന്ന പ്രകാശം ഞാന്‍ കണ്ടു.........അവന്‍റെ കൈകളില്‍ തഴമ്പ് ഞാന്‍ കണ്ടു.....അവന്‍റെ കാലുകള്‍ നഗ്നമായിരുന്നു......ഞാന്‍ അറിയാതെ പറഞ്ഞുപോയി....എന്‍റെ വിമോചകന്‍......

പെട്ടന്നു ഒരുകൂട്ടം ആളുകള്‍ അവനെനോക്കി ആക്രോശിച്ചു.........ഇവനാണ് നമ്മളോട് കലഹിച്ചത്............അവനെ ക്രൂശിക്ക..................

ഒരു വലിയ മരക്കുരിശുമായി അവന്‍ നടന്നുപോകുമ്പോഴും എന്നെ നോക്കിപ്പറഞ്ഞു......കട്ടിത്തറകളോട് നിരന്തരം കലഹിക്കുക........

No comments:

Post a Comment