Powered By Blogger

Tuesday, March 17, 2015

ഇ ജെ ജോര്‍ജ് അച്ചനെന്ന സാധുവിന്.....എന്‍റെ നല്ല നമസ്കാരം

ഇ ജെ ജോര്‍ജ് അച്ചന്‍

ഒരു യഥാര്‍ത്ഥ സാധു, പുരോഹിതന്‍, മഹാജ്ഞാനി, തീര്‍ത്ഥാടകന്‍, സഹയാത്രികന്‍, വിശുദ്ധന്‍......

ജീവിതത്തെ ഇത്ര ലളിതമായും അതേസമയം ഗൌരവമായും കാണാന്‍ അച്ചനെപ്പോലെ ആര്‍ക്കു കഴിയും?

കൃത്യതയും, സമയക്ലിപ്തതയും, കാര്യക്ഷമതയുമാണ് മഹത്കാര്യങ്ങളെന്ന് വലിയവായില്‍ വിളിച്ചുപറയുന്നവര്‍ക്ക് ജീവിക്കുന്ന മറുപടിയാണ് ഈ സാധുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്........ കൃത്യത, സമയക്ലിപ്തത, കാര്യക്ഷമത ഇവകളില്‍ കുടുങ്ങിക്കിടന്ന് ആക്രോശിക്കുകയും ജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്യുന്നവര്‍ക്കൊരു ബദലാണ് അച്ചന്‍........ഇവകള്‍ക്കപ്പുറത്താണ് യഥാര്‍ത്ഥ ജീവിതമെന്ന് നിഷ്കളങ്കതമുറ്റിനില്‍ക്കുന്ന പുഞ്ചിരിയിലൂടെ അച്ചന്‍ പറയാതെ പറയുന്നു.........

(കൃത്യത, സമയക്ലിപ്തത, കാര്യക്ഷമത – ഇവകള്‍ ഒരു കൊളോണിയല്‍ നിര്‍മിതിയെന്ന് വിമര്‍ശിച്ചാല്‍ ആരും എന്നോട് ദേഷ്യപ്പെടരുത്)

ബന്ധങ്ങളെ, കാര്യസാധ്യത്തിനായും, നേട്ടങ്ങള്‍ക്കായും മാത്രം കാണുന്ന ഈ ലോകത്തില്‍......ബന്ധങ്ങളെ, അതിന്‍റെ പരിശുദ്ധിയിലും, നൈര്‍മല്യത്തിലും മാത്രം കാണുന്ന പുരോഹിതന്‍......

ഇന്ന് ബന്ധങ്ങള്‍ക്ക് കോര്‍പ്പറേറ്റ്‌ ഭാവം കൈവരിക്കുമ്പോള്‍ ബന്ധങ്ങളെ ജീവശ്വാസംപോലെ അനിവാര്യമായിക്കാണുവാന്‍ അച്ചനെപ്പോലെ ഒരു ന്യൂനപക്ഷത്തിനുമാത്രമേ കഴിയൂ..........

സ്വന്തം കസേരയുമായി വേദിയിലേക്ക് നടക്കുന്ന നേതാക്കളുടെ ലോകത്തില്‍,കസേരയും, സ്ഥാനവും, വേദിയുമല്ല തന്‍റെ ഇടം നിര്‍ണയിക്കുന്നതെന്ന് തിരിച്ചറിഞ്ഞ മഹാജ്ഞാനി............

ഒന്നും പ്രതീക്ഷിക്കാതെ, നേട്ടങ്ങള്‍ക്ക് പിന്നാലെ പായാതെ ഉഷ്ണത്തിനറുതിവരുത്തി വീശുന്ന കുളിര്‍ക്കാറ്റുപോലെ സഞ്ചരിക്കുന്ന ഒരു തീര്‍ത്ഥാടകന്‍........

കണ്ടുമുട്ടുന്ന ഓരോരുത്തര്‍ക്കും ആരൊക്കെയോ ആയി മാറുന്ന ഒരു സഹയാത്രികന്‍.........

എവിടേക്കും ചാടിക്കയറാതെ, ഒന്നും കീഴടക്കാതെ, ആരോടും അപരത്വഭാവമില്ലാതെ, തന്‍റെ സ്വത്വത്തെ മറ്റുള്ളവരില്‍ കണ്ടെത്തി, ആ സ്വത്വത്തെ ആദരിക്കുന്ന, ബഹുമാനിക്കുന്ന വിശുദ്ധന്‍.......
പ്രിയ അച്ചന് ദീര്‍ക്കായുസ്സുണ്ടാകട്ടെ.........

അനേകര്‍ക്ക് കുളിര്‍ പകരാന്‍, ഒരു സാധുവായി (ഇന്നിന്‍റെ സാമ്രാജ്യത്വ ശക്തികള്‍ക്ക് ഒരു ബദലായി) അച്ചന്‍റെ ജീവിതം അനേകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തട്ടെ......


( ഇത് ഞാന്‍ കുറിച്ചത് ഫെബ്രുവരി 15ന് മാരാമണ്‍ പന്തലില്‍ വച്ചാണ്......ഒരല്‍പം വൈകി വന്ന അച്ചനെ മുന്‍നിരയിലേക്ക് ക്ഷണിച്ചപ്പോള്‍.. അത് നിഷേധിച്ച്..... ഒരുപുഞ്ചിരിയോടെ എന്‍റെ പിന്നിലായി (വെയിലത്ത്‌) വന്നിരുന്ന അച്ചനെക്കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ വന്ന ചില വാക്കുകള്‍)

No comments:

Post a Comment