Powered By Blogger

Tuesday, March 24, 2015

ഓര്‍മ..........

ഓര്‍മ..........

ഒരു അമ്മയെപ്പോലെ ഞങ്ങളെ, എന്നും എപ്പോഴും ഓര്‍ക്കുന്ന ദൈവമേ........അങ്ങേക്ക് സ്തുതി.................

സൃഷ്ടാവേ.......ഞങ്ങള്‍ക്ക് ചരിത്രാവബോധം(ഓര്‍മ) നല്‍കുക.........ചെറുതും വലുതുമായ ഇടപെടലുകള്‍ നടത്തി ഈ ചരിത്രത്തിന് തേജസ്സും, ഓജസ്സും നല്‍കിയവരെ ഓര്‍ക്കുവാന്‍ ഞങ്ങളുടെ ബോധമണ്ഡലത്തിന് എപ്പോഴും ഓര്‍മ നല്‍കുക.............

ഞങ്ങള്‍ക്ക് പുത്തന്‍ അറിവ് നല്‍കിയവരെ, നീതിപാതകളില്‍ കൈപിടിച്ച്‌ നടത്തിയവരെ, ജീവിതത്തിന്‍റെ ഗതിതിരിച്ചുവിട്ടവരെ, ഊര്‍ജം പകര്‍ന്നുനല്‍കിയവരെ, എന്നും ഓര്‍ക്കാന്‍ ഞങ്ങള്‍ക്ക് വരം നല്‍കുക.......

പുതുയുഗത്തിന്‍റെ കാലൊച്ചമുഴങ്ങുമ്പോള്‍........അതിന്‍റെ പിറവിക്കായി ഈറ്റുനോവ്‌ അനുഭവിച്ച, എന്നാല്‍ ഇന്ന് മറവിയുടെ ചിതല്‍പ്പുറ്റില്‍ അടക്കം ചെയ്യപ്പെട്ട എല്ലാവരെയും ഓര്‍മിച്ചെടുക്കുവാന്‍.....ഞങ്ങള്‍ക്ക് ദൈവകൃപ നല്‍കുക...............

കടന്നുവന്നവഴികള്‍ മറക്കാതെ, അവിടെ പാഥേയവുമായി കാത്തിരുന്നവരെ, വിസ്മൃതിയിലേക്ക് തള്ളിവിടാതെ.....ഓര്‍മകളുടെ സജീവതയില്‍ മുങ്ങിക്കുളിക്കുവാന്‍ ഞങ്ങള്‍ക്ക് ഓര്‍മയെന്ന സമ്പത്ത് നല്‍കുക...........

സമൃദ്ധിയുടെ നിറവില്‍ ഞങ്ങള്‍ നില്‍ക്കുമ്പോള്‍...........വറുതിയുടെ കാലത്തിന്‍റെ ഫ്ലാഷ്ബാക്ക് ഞങ്ങളുടെ നെറ്റിയിലേക്ക് പതിക്കുക......ബോധപൂര്‍വമായ വിസ്മൃതിയിലേക്ക്‌ വീഴാതെ ഓര്‍മയുടെ ചെമ്മണ്‍പാതയിലൂടെ ഞങ്ങളെ നടത്തുക.........

ഞങ്ങളിന്ന്‍ ഞങ്ങളായത്......മറ്റാരൊക്കെയോ വിയര്‍പ്പും രക്തവും നല്‍കിയതുകൊണ്ടാണെന്ന് ഞങ്ങളെ ഓര്‍മിപ്പിക്കുക..............................

ഞങ്ങളുടെ വഴിയാത്രക്ക് സൌഹൃദത്തിന്‍റെ അത്തര്‍ പകര്‍ന്ന കളിക്കൂട്ടുകാര്‍ക്കും, പരാജയത്തിന്‍റെ കണ്ണീര്‍നിറഞ്ഞ കണ്ണിലേക്ക് നോക്കി പോരാട്ടത്തിന്‍റെ സൂക്തം ഓതിത്തന്ന ചങ്ങാതിയ്ക്കും, ഞങ്ങളുടെ ഓര്‍മയുടെ കൂട്ടില്‍ ഇടംനല്‍കുക...........

അങ്ങിനെ ഞങ്ങളിലെ മറവിയുടെ മാറാല അടിച്ചുവാരുവാന്‍ ഓര്‍മയുടെ തിരകള്‍ സൃഷ്ടിക്കുക...........

ദൈവമേ....അങ്ങയെ മറന്ന ഞങ്ങളെ ഓര്‍മപൂക്കും കാടായി രൂപാന്തരപ്പെടുത്തുക.................

ദൈവമേ....ചരിത്രം മറന്ന ഞങ്ങളെ ഓര്‍മയുടെ(ചരിത്രത്തിന്‍റെ) അന്വേഷികളാക്കുക...............

ഓര്‍മയെന്ന കൃപാവരം ഞങ്ങളില്‍ നിറക്കുക......ആമേന്‍






No comments:

Post a Comment