ക്രിസ്തുവേ, എന്നോട്
പൊറുക്കുക.....
ഞാന്‍ നിന്നെ
ശീതീകരിച്ച, അലങ്കരിച്ച, ആര്‍ഭാടത്തോടെ ഒരുക്കിയ ഇടങ്ങളിലന്വേഷിച്ചതിന്...
നീ അപ്പോള്‍
തെരുവിലുറങ്ങുന്ന പച്ചയായ മനുഷ്യരോടൊപ്പമായിരുന്നുവെന്ന്, നുറുക്കപ്പെട്ട, അനാഥമാക്കപ്പെട്ട
ബാല്യങ്ങളോടൊപ്പമായിരുന്നുവെന്ന് ഒരു തെരുവുബാലന്‍ എങ്ങോ വിളിച്ചുപറഞ്ഞപ്പോഴാണ്
ഞാനത് തിരച്ചറിഞ്ഞത്....
ഞങ്ങളുടെ ശ്രുതിമധുരമായ
പാട്ടുകളെക്കാളും, ഇമ്പമേറിയ വായനകളെക്കാളും, തെറ്റുകളൊന്നും വരുത്താത്ത ആരാധനാക്രമത്തെക്കാളും
അവിടുന്നിഷ്ടപ്പെടുന്നത് പ്രതീക്ഷിക്കുവാനും, പുകഴുവാനും, അവകാശപ്പെടുവാനും, അഹങ്കരിക്കുവാനുമൊന്നുമില്ലാത്ത
ചേരിനിവാസികളുടെയും, വഴിയരികിലെ നിരാലംബരുടെയും നെടുവീര്‍പ്പുകളും, ആവലാതികളും,
നിശബ്ദരോദനങ്ങളുമാണെന്നറിയുവാന്‍ വൈകിയതില്‍ എന്നോട് പൊറുക്കുക..........
ജന്മം, പാരമ്പര്യം,
അനുഷ്ഠാനങ്ങള്‍ ഇവകള്‍ കൊണ്ട് ഞാന്‍ ക്രിസ്തുശിഷ്യനാകില്ലെന്ന് എന്നെ പഠിപ്പിച്ച
ക്രിസ്തുവേ എന്നോട് പൊറുക്കുക............അവകളില്‍ ഞാന്‍ അഹങ്കരിച്ചു പോയതിനും,
അതിന്‍റെ പേരില്‍ മറ്റുള്ളവരെ അപരരായി കണ്ട്, സ്വയനീതീകരണത്തിന്‍റെയും, ജാതീയതയുടേയും,
വേര്‍തിരിവിന്‍റെയും, ഉന്നത ഭാവത്തിന്‍റെയും മതില്‍ക്കെട്ടുകള്‍ പണിതതിനും, അതില്‍
ഊറ്റം കൊണ്ടതിനും...................
ക്രിസ്തുവേ.....നീ
പൊറുക്കുക...അനീതിയും, അസമാധാനവും, അക്രമവും കണ്ടിട്ടും ഞാന്‍ എന്‍റെ ആത്മീയഗോപുരങ്ങളില്‍
സ്വയംചക്രവര്‍ത്തിയായി ചമഞ്ഞ് അഭിരമിച്ചതിന്.......
നീതിക്കുവേണ്ടി
വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ക്ക് നീ തൃപ്തി വരുത്തുക......
വിശക്കുന്നവര്‍ക്ക്
ജീവന്‍റെ അപ്പമായും, ദാഹിക്കുന്നവര്‍ക്ക് ജീവജലമായും, ബന്ധനസ്ഥര്‍ക്ക്
സ്വാതന്ത്ര്യമായും, ജീവന്‍നിഷേധിക്കപ്പെട്ടവര്‍ക്ക് ജീവനായും, അസ്പര്‍ശ്യര്‍ക്ക്
സ്പര്‍ശനസൌഖ്യമായും, മരിച്ചവര്‍ക്ക് ഉയിര്‍പ്പായും, കുരുടര്‍ക്ക് കാഴ്ചയായും,
കുഴഞ്ഞുവീണവര്‍ക്ക് ഊര്‍ജമായും, അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും
ആശ്വാസമായും തീര്‍ന്ന ക്രിസ്തുവേ.........നീ എന്നോട് പൊറുക്കുക......... എന്‍റെ
ആരാധന എന്‍റെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മാത്രം നേടിയെടുക്കാനുള്ളതും എന്‍റെ
മാനസികസംതൃപ്തിക്കുവേണ്ടി മാത്രമാക്കിയതും, ആരാധനയുടെ വിമോചനഭാവം നിസ്സാരവല്‍ക്കരിച്ചുപോയതും,
ആരാധനയുടെ വിശാലത നഷ്ടപ്പെടുത്തി എന്‍റെയും, മധ്യ-ഉപരിവര്‍ഗത്തിന്‍റെ ലോകമായി
മാത്രം പരിമിതപ്പെടുത്തിയതും....എന്നോട് പൊറുക്കുക ക്രിസ്തുവേ......
ക്രിസ്തുവേ...എന്നോട്
പൊറുക്കുക.........ഞാനൊരു കാപടസദാചാരവാദിയായി മറ്റുള്ളവരെ വിധിക്കുന്നതിലും,
നിയന്ത്രിക്കുന്നതിലും ഉല്‍സാഹം കാണിക്കുകയും, എനിക്കുനേരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ
അസഹിഷ്ണുതയോടെ കണ്ടതും ഞാനിന്ന് തിരിച്ചറിയുന്നു.......
ക്രിസ്തുവേ എന്നോട്
പൊറുക്കുക..........തെരുവിലെ ജനതയുടെ പരമനിസ്സഹായതയില്‍നിന്നുമുള്ള നിലവിളികളെ
പ്രാര്‍ത്ഥനകളായി, ആരാധനയായി എനിക്ക് മനസ്സിലാക്കാന്‍ കഴിയാതെ
പോയത്.......തെരുവില്‍ അങ്ങ് ദുര്‍ഗന്ധപൂരിതമായ പരിസരത്ത് അവരുടെ പോരാട്ടങ്ങളുടെ
മധ്യത്തില്‍ അവിടുത്തെ ആരാധനക്കാരുമായി പന്തിഭോജനം നടത്തുന്നത് കാണുവാന്‍ കഴിയാതവണ്ണം
എന്‍റെ കണ്ണുകള്‍ക്ക് സാമ്രാജ്യത്വത്തിന്‍റെ തിമിരം ബാധിച്ചതറിയാതെ സ്വയനീതീകരണത്തിന്‍റെയും,
കപടധാര്‍മികതയുടെയും, അത്മീയാഹന്തതയുടെയും, ലോകത്ത് രാജകീയ പ്രതാപത്തോടെ
വിരാജിക്കുകയും ചെയ്തത് എന്നോട് പൊറുക്കുക.............
ഒന്ന് പുഞ്ചിരിക്കുവാന്‍പോലും
കഴിയാതെവണ്ണം, പാപത്തിന്‍റെ ഘടനകള്‍ അടിച്ചേല്‍പ്പിച്ച ഭാരവും പേറി പകലന്തിയോളവും
അലയുകയും വിശ്രമം മറ്റൊരു ആകുലചിന്തയായി എപ്പോഴും അവശേഷിക്കുകയും ചെയ്യുന്ന
ജനത്തോട് സമാധാനം, സമാധാനം എന്നുപറയുന്നതിലെ കാപട്യം എനിക്കു കാട്ടിത്തന്ന
ക്രിസ്തുവേ....എന്നോട് പൊറുക്കുക
അലങ്കരിക്കപ്പെട്ട
അള്‍ത്താരയില്ലാതെ, വര്‍ണാഭമായ ബലിപീഠമില്ലാതെ, ചുറ്റുമതിലില്ലാത്ത കെട്ടിടമില്ലാതെ,
മാലിന്യകൂമ്പാരത്തിനരികിലായി ഒരു പുരോഹിതന്‍ അവിടെയതാ ആരാധനയണയ്ക്കുന്നു.......ദൈന്യത
തളംകെട്ടിനില്‍ക്കുന്ന മുഖവുമായി കുറെ ആരാധനക്കാരും......
ദേവാലയം തെരുവില്‍........ആരാധന
പുറമ്പോക്കില്‍.......നെടുവീര്‍പ്പുകള്‍ പ്രാര്‍ത്ഥന......അവരുടെ കണ്ണുനീരില്‍
സ്തോത്രവും, അനുതാപവും, കുമ്പസാരവും എല്ലാമുണ്ടായിരുന്നു.........ക്രിസ്തുവേ
പൊറുക്കുക....അവരിരൊരാളായി മാറാന്‍ എനിക്കു കഴിയാത്തതില്‍.......
ക്രിസ്തുവേ
പൊറുക്കുക......തെരുവില്‍ ആരാധകരോടൊപ്പം അപ്പം മുറിക്കുന്ന അങ്ങയെ കാണുവാന്‍
കണ്ണുകളില്ലാതെ പോയ ഈ അന്ധനോട്.......
ക്രിസ്തുവേ
പൊറുക്കുക.......ഞാന്‍ അങ്ങയെ ശീതീകരിച്ച, അലങ്കരിച്ച, ആര്‍ഭാടത്തോടെ ഒരുക്കിയ
ഇടങ്ങളിലന്വേഷിച്ചതിന്...