Powered By Blogger

Tuesday, April 29, 2014

എന്‍റെ പ്രിയ സുഹൃത്തിന്.........



എന്‍റെ പ്രിയ സുഹൃത്തിന്.........

എന്‍റെ പ്രിയ സുഹൃത്തേ, നിന്നെക്കുറിച്ചുള്ള വാക്കുകളിലെ കപടതയും, പൊള്ളത്തരവും, കളവും നീ തിരിച്ചറിയുക.....

നിന്നെക്കുറിച്ചുള്ള പുകഴ്ത്തലുകളും, ഗീര്‍വാണങ്ങളും കേവലം നിരര്‍ത്ഥകമായ വാക്കുകള്‍ മാത്രമെന്ന് തിരിച്ചറിയുക..........അതിലൊന്നും നീ പുകഴരുത്.....

ദൈവത്തോടും, ദൈവികനിയോഗങ്ങളോടും, നിന്‍റെ മന:സ്സാക്ഷിയോടും നീതി പുലര്‍ത്തുക....അതില്‍ നിന്‍റെ സ്വാതന്ത്ര്യവും അര്‍ത്ഥവും കണ്ടെത്തുക.......................

നിന്‍റെ നിയോഗയിടങ്ങളില്‍ ഒരു തീര്‍ഥാടകനെപ്പോലെ നടക്കുക.......ഒരു സാധുവായി, ഒന്നും സ്വന്തമല്ലെന്നു ഉച്ചൈസ്തരം പ്രഘോഷിച്ചുകൊണ്ട്.............

നിയോഗങ്ങളില്‍ വലുതെന്നോ, ചെറുതെന്നോയില്ല...നിയോഗങ്ങള്‍ മാത്രമേയുള്ളൂ........

നിയോഗങ്ങളെ നീ ഗൌരവമായി കാണുമ്പോള്‍ അവ നിന്നില്‍ മുറിപ്പാടുകള്‍ സൃഷ്ടിക്കും......അതാണ് നിന്‍റെ ക്രൂശ്.......

സുഹൃത്ബന്ധങ്ങളിലെ കള്ളനാണയങ്ങളെ തിരിച്ചറിയുക പ്രയാസംതന്നെ......അഥവാ തിരിച്ചറിഞ്ഞാല്‍ ക്ഷോഭിക്കരുത്.....അവരുടെ രൂപാന്തരത്തിനായി പ്രാര്‍ഥിക്കുക, കാത്തിരിക്കുക.......അവരെ അവരുടെ വഴിക്കുവിടുക

വഴിയരികില്‍നിന്നും നിന്നെ നോക്കി പരിഹസിക്കുകയും, കല്ലെറിയുകയും ചെയ്യുന്നവരുടെ പിന്നാലെപോയി നിന്‍റെ നിയോഗങ്ങളുടെ നെരിപ്പോടിലെ കനല്‍ കെടുത്തരുത്..............അവരെ അവരുടെ വഴിക്കുവിടുക

വേറിട്ട ശബ്ദങ്ങള്‍ക്കും, പ്രതിഷേധത്തിന്‍റെ സ്വരങ്ങള്‍ക്കും നീ  ചെവികൊടുക്കുക..........അവകള്‍ക്ക് നിന്നോട് എന്തോ പറയുവാനുണ്ട്.........

അംഗീകാരമോ, പ്രശസ്തിയോ, സ്വീകര്യതയോ ആവരുത് നിന്‍റെ നിയോഗങ്ങളെ മുന്‍പോട്ട് നയിക്കേണ്ടത്.............പിന്നെയോ പുതിയ ആകാശത്തെക്കുറിച്ചും, പുതിയ ഭൂമിയെക്കുറിച്ചുമുള്ള നിന്‍റെ സ്വപ്നങ്ങളാകട്ടെ........

നിന്‍റെ ബോധ്യങ്ങളും, നിലപാടുകളും ദൈവനീതിയിലധിഷ്ഠിതമാവട്ടെ.........ചിലപ്പോള്‍ ശക്തരുടെ നീതി താല്‍ക്കാലികമായി ജയിച്ചേക്കാം.......നിരാശപ്പെടരുത്.....ഒരു ഉയര്‍പ്പിനായി കാത്തിരിക്കുക.....

നീതിയുടെ വഴിയില്‍ നീ എപ്പോഴും തനിച്ചായിരിക്കും........പതറരുത്..........മഹാഭൂരിപക്ഷത്തോട് ചേര്‍ന്ന് അനീതിയെ പുല്‍കുന്നതിനെക്കാള്‍ എത്രയോ ശ്രേഷ്ഠമാണ് തനിയെ ദൈവത്തോടൊപ്പം നടക്കുന്നത്.............

നിന്‍റെ ഇന്നത്തെ മണ്ടത്തരങ്ങള്‍നാളെ സത്യങ്ങളായി പുരമുകളില്‍ ഘോഷിക്കപ്പെടും.........ഇന്നത്തെ അവകാശവാദങ്ങളെയും, വീരവാദങ്ങളെയും ചരിത്രം പുഛിച്ചു തള്ളും.............

നിന്‍റെ നിയോഗവഴികളില്‍ നിന്നോടൊപ്പം യാത്രചെയ്തവരും, നിന്നോടൊപ്പം അത്താഴം കഴിച്ചവരും നിന്നെ വിട്ടുപിരിഞ്ഞേക്കാം.........തീവ്രമായ തിക്താനുഭവങ്ങള്‍ നിന്‍റെ നിയോഗത്തിന്‍റെ അടയാളങ്ങളാണ്............

അസത്യത്തെ ന്യായീകരിക്കുന്ന, നീതിയുടെ കുരിശേറ്റത്തില്‍ തിമിര്‍ക്കുന്നവരെ നീ ഭയപ്പെടരുത്..........അത് എക്കാലത്തും അങ്ങിനെത്തന്നെയാണ്..........അതാണ് ചരിത്രം.....

കല്ലറയില്‍ കുഴിച്ചുമൂടപ്പെട്ട, മുദ്രയിടപ്പെട്ട, രാജകിങ്കരന്മാരാല്‍ കാവലാക്കപ്പെട്ട സത്യങ്ങളെക്കുറിച്ചോര്‍ത്ത് നീ ആകുലചിത്തനാവരുത്‌........അവകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.....സത്യം

നിന്‍റെ നിയോഗവഴികളില്‍ നീ കൊല്ലപ്പെട്ടാല്‍പ്പോലും നീയായിരിക്കും വിജയിക്കുക.........കാരണം, നീ ഉത്ഥാനത്തിന്‍റെ പാതയിലാണ്..........

എന്‍റെ പ്രിയ സുഹൃത്തേ..............നീ തനിച്ചല്ല ഈ നിയോഗവഴിയില്‍........നിനക്കുമുന്‍പായി ആരൊക്കെയോ അങ്ങകലെ നടക്കുന്നത് നീ കാണുന്നില്ലേ............സൂക്ഷിച്ചു നോക്കുക.....അവരില്‍ ക്രിസ്തുവുമുണ്ട്............പതറാതെ, തളരാതെ നീ നടക്കുക....

എന്‍റെ പ്രിയ സുഹൃത്തെ, നിനക്ക് പിന്നിലായി ഞാനുമുണ്ട്.........


Friday, March 7, 2014

തിരിച്ചറിവ്

തിരിച്ചറിവ്

ഞാന്‍ പലവട്ടം പറഞ്ഞത്............

അവരെന്തേ അത് പറഞ്ഞില്ലാ......അവരെന്തേ അത് ചെയ്തില്ലാ.....

അനീതി കണ്ടിട്ടും അയാളെന്തേ മിണ്ടിയില്ലാ.....അനീതി കണ്ടിട്ടും അയാളെന്തേ അത് ചെയ്തില്ലാ.....

അവര്‍ക്കത് പറഞ്ഞുകൂടായിരുന്നോ.........അവര്‍ക്കത് ചെയ്തുകൂടായിരുന്നോ.........

ഞാന്‍ പറയാതെ(അറിയാതെ) പോയത്................

ഞാനെന്തേ അത് പറഞ്ഞില്ലാ.......ഞാനെന്തേ അത് ചെയ്തില്ലാ.....

അനീതി കണ്ടിട്ടും ഞാനെന്തേ മിണ്ടിയില്ലാ.....അനീതി കണ്ടിട്ടും ഞാനെന്തേ അത് ചെയ്തില്ലാ.....

എനിക്കത് പറഞ്ഞുകൂടായിരുന്നോ.........എനിക്കത് ചെയ്തുകൂടായിരുന്നോ.........

തിരിച്ചറിവ്..........

ഞാനും, അവരും ചേരുമ്പോള്‍ നമ്മളാവുന്നു..............

ഞാനും അവരും ചേരുന്ന നമ്മള്‍ അനങ്ങാക്കിടപ്പില്‍നിന്ന് എന്നുണരും....?

പുലരാന്‍ വൈകുന്ന നീതിയ്ക്കുവേണ്ടി നമുക്കെന്ന്‍ ആത്മീയാകുലത പേറുവാന്‍ കഴിയും?

ആത്മാവിനെ വലയം ചെയ്തിരിക്കുന്ന അഗാധമായ നിശബ്ദത നമുക്കെന്ന്‍ ഭഞ്ജിക്കുവാനാകും....?

പരമ നിസ്സഹായതയുടെയും നിസ്സംഗതയുടെയും മാളങ്ങളില്‍നിന്ന് നമുക്കെന്ന്‍ പുറത്ത് കടക്കാനാവും?

അശാന്തമായ, വക്രീകരിക്കപ്പെട്ട, അക്രമവും അനീതിയും നിറഞ്ഞ, ഉച്ചനീചത്വങ്ങള്‍കൊണ്ട് അലങ്കോലപ്പെട്ട, ഗര്‍വും ക്രൌര്യവും നിറഞ്ഞ ഈ സാമൂഹിക പരിസരത്തില്‍ നീതിയുടെ പ്രഭാതകിരണങ്ങള്‍ വിളംബരപ്പെടുത്തുവാന്‍ നമുക്കെപ്പോള്‍ കഴിയും?

എന്‍റെ( അല്ല നമ്മുടെ) പ്രാര്‍ത്ഥന...............

നീതിയുടെയും സ്നേഹത്തിന്‍റെയും കന്മദം ഈ ഭൂവില്‍വിരിയിച്ച ക്രിസ്തുവേ......ഉള്ളിലുരുള്‍പ്പൊട്ടുന്ന ആത്മവേദനയോടും കരച്ചിലോടും കൂടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു

കരിമ്പാറക്കടുപ്പമുള്ള ഞങ്ങളുടെ ഹൃദയങ്ങളില്‍ നീതിബോധത്തിന്‍റെ ഒരു മുളപ്പ് നല്‍കുക

ചത്തുമരവിച്ച ഞങ്ങളുടെ ചിന്തകളെ പ്രവാചകശബ്ദത്താല്‍ തട്ടിയുണര്‍ത്തുക

ഭീകരമായി നിരുല്‍സാഹപ്പെട്ടുപോയ ഞങ്ങളെ കത്തുന്ന മുള്‍പ്പടര്‍പ്പിന്‍റെ ദര്‍ശനത്തിലൂടെ അതിജീവനത്തിന്‍റെ പുത്തന്‍പാഠങ്ങളിലേക്ക് നയിക്കുക

ഞങ്ങളുടെ അധരങ്ങളെ സ്വര്‍ഗീയതീക്കനല്‍കൊണ്ട് സ്പര്‍ശിക്കുക...അവകളെ വിശുദ്ധിയുടെ തീനാമ്പുകളാക്കുക...

മ്ലാനവും മങ്ങിയതുമായ ഞങ്ങളുടെ ഉള്‍ക്കാഴ്ചകളെ അങ്ങയുടെ ഉത്ഥാനത്തിന്‍റെ പ്രകാശത്താല്‍ പ്രസന്നവും സൂക്ഷ്മവുമാക്കുക
സ്മൃതിപേടകങ്ങളിലിരുന്ന്‍, രാജകീയപ്രതാപത്തോടെ അവകാശവാദങ്ങള്‍ മുഴക്കുന്ന ഞങ്ങളെ ചാട്ടവാറുകള്‍ കൊണ്ടടിക്കുക....

ഞങ്ങളുടെ ദൈവമേ.......ജാതിപ്പിശാച് ബാധിച്ച, അനീതിനിറഞ്ഞ, ജീവിതക്രമങ്ങളില്‍നിന്നും ഞങ്ങളെ പുതിയ ആകാശത്തിന്‍റെയും ഭൂമിയുടെയും ദൈവരാജ്യ കലവറയുടെ ഇടവഴികളിലേക്ക് നടത്തിയാലും.......

എല്ലാവരും ചേര്‍ന്ന് പറഞ്ഞു....


അതെ....അപ്രകാരംതന്നെ

Tuesday, February 18, 2014

മൃതിയുടെ ആരവം

മൃതിയുടെ ആരവം

ഹേ മനുഷ്യാ........നീ മൃതിയുടെ അട്ടഹാസങ്ങള്‍ കേള്‍ക്കുന്നുവോ?

അപ്പോള്‍ ഞാന്‍ പറഞ്ഞു......കേള്‍ക്കാം...പക്ഷേ ദൈവമേ എന്തുകൊണ്ട്?

ഹേ മനുഷ്യാ നീ അന്ധനും ബധിരനുമായോ?
നോക്കൂ....കേള്‍ക്കൂ...........

ക്രിസ്തുശിഷ്യര്‍ കുറയുന്നു, ക്രിസ്തുവിന്‍റെ പേരിലുള്ള രസിക സംഘങ്ങള്‍ വ്യാപിക്കുന്നു.....ചിലര്‍ ക്രിസ്തുവിന്‍റെ പേരില്‍ കുത്തകവ്യാപാരികളാകുന്നു....

പ്രതിഷേധങ്ങള്‍ നിശബ്ദമാക്കപ്പെടുന്നു, അവഗണിക്കപ്പെടുന്നു.....പകരം പ്രശംസയുടെ ഗീര്‍വാണങ്ങള്‍ മുഴങ്ങുന്നു....

വിയോജിപ്പുകളെ തീവ്രവാദമായോ ദേശ/മത/വിശ്വാസ വിരുദ്ധമായോ ചിത്രീകരിക്കുന്നു........
അക്ഷരങ്ങളുടെ മൂര്‍ച്ചയും കാര്‍ക്കശ്യവും കരുത്തും നഷ്ടപ്പെടുന്നു....

വാക്കുകളിലെ പ്രവാചകപാരമ്പര്യവും വിമോചന സന്ദേശവും നഷ്ടപ്പെട്ടിരിക്കുന്നു....

ദൈവിക നിലപാടുകളും, അതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ഗത്സമനയും എന്നേ കൈമോശം വന്നുകഴിഞ്ഞു....

ശിഷ്യത്വത്തിന്‍റെ പാഥേയമാകേണ്ട ഗൌരവമായ ചര്‍ച്ചകള്‍ അപ്രത്യക്ഷമാവുന്നു.....

സംഘയാത്രകളും അന്വേഷണങ്ങളും പൊയ്‌പ്പോകുന്നു, ഇവിടെ സാമ്രാജ്യങ്ങള്‍ കെട്ടുപണിചെയ്യപ്പെടുന്നു.....

ദൈവരാജ്യദര്‍ശനം, താല്‍ക്കാലിക നേട്ടങ്ങള്‍ക്കും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും വഴിമാറുന്നു....

പോരാട്ടത്തിന്‍റെ കരുത്താര്‍ജിക്കേണ്ട സഭ കീഴടങ്ങലിന്‍റെ സ്വഭാവം പ്രകടിപ്പിക്കുന്നു....

ഭൂമിയുടെ ഉടയോനായ ദൈവത്തെ ഈ ഭൂമിയില്‍നിന്നും പുറത്താക്കി കുടിയാന്മാര്‍ ഭൂമിയുടെ മുതലാളിമാരാകുന്നു
ദൈവികഇടങ്ങള്‍ കച്ചവടവല്‍ക്കരിക്കപ്പെടുന്നു, പണയം വയ്ക്കപ്പെടുന്നു

ഹേ..മനുഷ്യാ.......നിന്നില്‍ എന്ന് തുറവിയുണ്ടാകും? നിന്നില്‍നിന്ന് എന്ന് ജീവന്‍റെ ശബ്ദം പുറപ്പെടും?


Wednesday, December 4, 2013

അവര്‍ പറയുന്നു അവന് “വട്ടാണെന്ന്”....................

അവര്‍ പറയുന്നു അവന് വട്ടാണെന്ന്....................

അവര്‍ അവനെ കല്ലെറിയാന്‍ പലവട്ടം ആളേക്കൂട്ടി........
ചങ്ങലക്കിടാന്‍ ഗൂഢാലോചനകള്‍ നടത്തി........

അവന്‍റെ ബന്ധുക്കളും ചാര്‍ച്ചക്കാരും അവരും പറഞ്ഞു അവനു ബുദ്ധിഭ്രമമാണെന്ന്.........

അപ്പോഴും അവന്‍ കടല്‍ക്കരയിലും, തെരുവുകളിലും, മലയോരങ്ങളിലും, ചുവന്നതെരുവുകളിലും, തെമ്മാടിപ്പുരയിടങ്ങളിലും, ആരെയൊക്കെയോ തേടിനടന്നു.......അവനെ നോക്കി അപ്പോഴും അവര്‍ പറഞ്ഞു അവന് വട്ടു തന്നെ....

അവന് വട്ടില്ലെങ്കില്‍പ്പിന്നെ ഈ സമൂഹത്തിന്‍റെ “ചുമടുതാങ്ങികളെ സുഖിപ്പിച്ചു, പുതപ്പിച്ചു, പതപ്പിച്ച് കിടത്തേണ്ടതിനുപകരം വെള്ളതേച്ചശവക്കല്ലറകളേയെന്നു വിളിക്കുമോ? ( ബുദ്ധിയുള്ള ആരെങ്കിലും ഇന്നത്തെക്കാലത്ത് അത് ചെയ്യുമോ?)

അവന് വട്ടില്ലെങ്കില്‍പ്പിന്നെ സ്പോണ്‍സര്‍ഷിപ്പിലൂടെ നാല്കാശുണ്ടാക്കി തന്‍റെ സാമ്രാജ്യം പടുത്തുയര്‍ത്തേണ്ടതിനുപകരം സ്പോണ്‍സര്‍മാരെ നോക്കി നിങ്ങള്‍ക്ക് ഹാ....കഷ്ടം എന്നുപറയുമോ?( ഇന്നത്തെക്കാലത്ത് ബുദ്ധിയുള്ള ആരെങ്കിലും സ്പോണ്‍സര്‍മാരെ പിണക്കുമോ?)

അവന് വട്ടില്ലെങ്കില്‍പ്പിന്നെ ഭക്തിസാന്ദ്രമായ ആരാധനാമധ്യത്തില്‍ കണ്ടാലും കേട്ടാലും അറയ്ക്കുന്ന രോഗികളെ സുഖപ്പെടുത്തി ദേവലയത്തിന്‍റെ ചിട്ടവട്ടങ്ങള്‍ തെറ്റിക്കുമോ? ( ഇനി മേലാല്‍ ആരെങ്കിലും അവനെ പള്ളിയില്‍ കയറ്റുമോ? അവന് എന്തോത്തിന്‍റെ ഏനക്കേടാ...? എല്ലാവരും ചോദിക്കുന്നു)

അവന് വട്ടില്ലെങ്കില്‍പ്പിന്നെ ദേവാലയത്തിന് (നല്ലനിലയില്‍) പത്ത്കാശ് കിട്ടിക്കൊണ്ടിരുന്ന വരുമാനമാര്‍ഗങ്ങളെ ചാട്ടവാറുകൊണ്ടു തട്ടിത്തെറിപ്പിക്കുമോ? ( അല്ല ഒന്ന് ചോദിക്കട്ടെ.......... ഇതിന്‍റെ പത്തിലൊന്നു കാശുണ്ടാക്കുവാനിവന് കഴിയുമോ? എന്നിട്ടവന്‍റെയൊരു ചാട്ടവാറും ഒരു പള്ളിപ്രസംഗവും.....വട്ട് തന്നെ......വല്ല സംശയവുമുണ്ടോ?)

അല്ല നിങ്ങളൊന്നുപറ........അവന് വട്ടില്ലെങ്കില്‍പ്പിന്നെ കണ്ട ....................യുടേയും.......................യുടേയും കൂടെ അവന്‍ തിന്നുകയും കുടിക്കുകയും ചെയ്യുമോ? മാന്യന്മാര്‍ കയറാന്‍ അറയ്ക്കുന്ന വീടുകളില്‍ അവന്‍ അന്തിയുറങ്ങുമോ? ( ഇവിടെ അവര്‍ പറഞ്ഞ ചില ജാതീയ-വര്‍ണ-വര്‍ഗ പരാമര്‍ശങ്ങളുള്ളത് വെട്ടിനിരത്തിയിട്ടാണ് ഞാന്‍................ആന്‍ഡ്‌..............ചേര്‍ത്തിരിക്കുന്നത്)

ഇത് കേട്ടുകൊണ്ടിരുന്ന അവന്‍റെ ചില സുഹൃത്തുക്കള്‍ അവരുടെ ചുറ്റുംകൂടി..........(അവര്‍ മുകളില്‍ പറഞ്ഞകാര്യങ്ങളെ അനുകൂലിച്ചില്ലെങ്കിലും പ്രതികൂലിച്ചില്ല.....) അവരും അവരോടൊപ്പം കൂടി( അവരും അവരും ചേര്‍ന്നപ്പോള്‍ അവരിപ്പോള്‍ അവരുംഞങ്ങളും ആയി)

ശരിയാണ് ഞങ്ങളിലെ ചിലര്‍ പറഞ്ഞു.............വട്ടില്ലെങ്കില്‍പ്പിന്നെ രാജവാക്കുവാന്‍ എല്ലാവരും ശ്രമിച്ചപ്പോളും അവന്‍ വേണ്ടെന്ന് പറഞ്ഞിട്ടുപോയിട്ട്  കണ്ട പീടികത്തിണ്ണയിലിരുന്ന് കഥപറയുമായിരുന്നോ? ( അവനൊന്നും അറിയണ്ടായിരുന്നു................എല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളുമായിരുന്നല്ലോ......വട്ട് തന്നെ....നിങ്ങള്‍ പറഞ്ഞത് നൂറുശതമാനം ശരിതന്നെ......ഇന്നത്തെക്കാലത്ത് ആരെങ്കിലും അധികാരവും ആഡംബരവും സുഖജീവിതവും വേണ്ടെന്ന് വയ്ക്കുമോ?)

ഞങ്ങളിലെ മറ്റുചിലര്‍ തലചൊറിഞ്ഞുകൊണ്ടു തെല്ലരിശത്തോടെ പറഞ്ഞു......അവന് വട്ട് തന്നെ........അല്ലെങ്കില്‍പ്പിന്നെ എത്ര മില്യണ്‍സിന്‍റെ റിയല്‍എസ്റ്റേറ്റ്‌ ബിസിനസ്സാ അവന്‍ കളഞ്ഞു കുളിച്ചത്.......ഈക്കാണുന്ന ഭൂമിമുഴുവന്‍ കൊടുക്കാമെന്ന് ആ തങ്കപ്പെട്ട ഡോ. സാത്താന്‍ മൊതലാളി പറഞ്ഞപ്പോ.....അവന്‍റെയൊരു ഗമ.....അവനൊന്നു തലകുനിച്ചു കൊടുത്താല്‍ പോരായിരുന്നോ........? അവന് വട്ട് തന്നെ

ഈ സംഭാഷണങ്ങള്‍ തികച്ചും പ്രൊഫഷണലായി എഴുതിക്കൊണ്ടിരുന്ന ഈ മിടുക്കനായ എന്നോട് വട്ടാണെന്ന് അവരും ഞങ്ങളും പറയുന്ന കഥാപാത്രം എന്‍റെ അടുക്കല്‍ വന്നു എന്‍റെ ചെവിയില്‍ മന്ത്രിച്ചു.......മകനേ......എന്‍റെ പൊന്നുമകനേ........ഇന്ന് ഭൂമിയില്‍ മിടുക്കന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.....അവര്‍ സാമര്‍ഥ്യത്തോടെ സംസാരിക്കുന്നു.................അവര്‍ കരുതലോടെ കരുക്കള്‍ നീക്കുന്നു.....അവര്‍ ലോബികള്‍ രൂപീകരിക്കുന്നു......ഫാന്‍സ്‌ അസോസിയേഷനുകളുണ്ടാക്കുന്നു........അവര്‍ പ്രാഗല്‍ഭ്യത്തോടെ (എന്തിനെന്നറിയാതെ) പ്രഗല്‍ഭരാകുന്നു...........ഹോ.......മിടുക്കരുടെ ഒരു കണ്ണഞ്ചിപ്പിക്കുന്ന ഒരു ലോകം......ഹോ...ആരാണിത് സൃഷ്ടിച്ചത്?

വട്ടാണെന്ന് എല്ലാവരും പറഞ്ഞ ആ മനുഷ്യന്‍ എന്നോട് മന്ത്രിച്ചു മകനേ.........ഇത് മിടുമിടുക്കരുടെ ലോകം......എനിക്ക് വട്ടാണെന്ന് അവര്‍ പറയുന്നു.............അവരില്‍ ദൈവം ഇല്ലാതെയായി.........ദൈവം അവരിലുമില്ലാതെയായി............

വട്ടാണെന്ന് അവര്‍ പറഞ്ഞ മനുഷ്യന്‍ എന്നില്‍നിന്നും നടന്നകലുമ്പോള്‍ പറയുന്നത് എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു......ആ വാക്കുകള്‍ എന്നെ വല്ലാതെ ഉലച്ചു.......തകര്‍ത്തു....ഉടച്ചു............

........മനുഷ്യപുത്രന്‍നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേര്‍ വിടക്ക് എന്ന് തള്ളുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍..........കപട ഭക്തിക്കാരായവരേ നിങ്ങള്‍ക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോട് നിങ്ങള്‍ ഒത്തിരിക്കുന്നു; അവ പുറമേ അഴകായി ശോഭിക്കുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെതന്നെ പുറമേ നിങ്ങള്‍ നീതിമാന്‍മാര്‍ എന്ന് മനുഷ്യര്‍ക്ക് തോന്നുന്നു; അകമെയോ കപടഭക്തിയും അധര്‍മവും നിറഞ്ഞവരത്രേ.............


Wednesday, November 20, 2013

ഒരു പേജില്‍ കവിയാതെ ഉത്തരം എഴുതുക

ഒരു പേജില്‍ കവിയാതെ ഉത്തരം എഴുതുക

..............................
അതിരാവിലെ എന്‍റെ അടുക്കല്‍ വന്ന ദൈവം എന്നെ ഒന്നടിമുടിനോക്കി....ഞാന്‍ കുന്തം വിഴുങ്ങിയവനെപ്പോലെ നിന്നുപോയി. ദൈവം വിടുന്ന ലക്ഷണമില്ല......ഇത്തവണ കുറെ ചോദ്യങ്ങളുമായിട്ടാണ് വരവെന്നു തോന്നുന്നു...തോന്നലല്ല....യാഥാര്‍ഥ്യം തന്നെ!!!!!!!!!!!!!!!!!!!

എന്നിട്ടെന്നോടുപറഞ്ഞു....ഒരു കടലാസും പേനയുമെടുത്തു ഒരു പേജില്‍ കവിയാതെ ഉത്തരം എഴുതുക
ചോദ്യങ്ങള്‍ ചുവടെ......!!!!!!!!!!!!!!!!!!!
..............................................................................................................................................
വിമര്‍ശനങ്ങളെ ഭയക്കാറുണ്ട് അല്ലേ.....?

എവിടെയോ ഒരു സുരക്ഷിതത്വമില്ലായ്‌മ കാണുന്നുണ്ടല്ലോ......?

ഞാന്‍ മാത്രം ശരി എന്നൊരു ഭാവം നിന്നില്‍ എവിടെയോ കറങ്ങിനടക്കുന്നുണ്ട്.......?

ധരിച്ചിരിക്കുന്ന മുഖംമൂടികള്‍ വലിച്ചുകീറപ്പെടുമെന്ന ഭയവും കലശലായുണ്ടല്ലോ അല്ലേ?

വിമര്‍ശനങ്ങളെ മാത്രമല്ല വിമര്‍ശകരെയും ഭയക്കാറുണ്ട് അല്ലേ?

ഇപ്പോഴുള്ള വ്യവസ്ഥിതിയും ഘടനയും ആവോളം സുഖം തരുന്നുണ്ട് അല്ലേ? അതുകൊണ്ടുതന്നെ അവകള്‍ കാത്തുപാലിക്കപ്പെടണം എന്നൊരു നിര്‍ബന്ധം മനസ്സില്‍ താലോലിക്കുന്നുണ്ട് അല്ലേ?

സ്തുതിപാഠകരുടെ സാമീപ്യമാണ് അധികം ഇഷ്ടം...!!!!!!!!!!!!! അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ വല്ലാത്ത ഒരു ആവേശമോ ആകാംക്ഷയോ ഉണ്ട് അല്ലേ? അതുകൊണ്ടുതന്നെ അത്തരം ഉപജാപകവൃന്ദം ഉണ്ടാക്കിയ ഒരു സാമ്രാജ്യത്തിന്‍റെ ചക്രവര്‍ത്തിയായിരിക്കുന്നത് ഒരു മഹാസംഭവം തന്നെയാണ്!!!!!!!!!!!!!!!

ഈ സാമ്രാജ്യപരിസരങ്ങള്‍ സ്തുതിപാഠകാരെക്കൊണ്ട് നിറക്കാന്‍ ആവുന്നത്ര പരിശ്രമിക്കാറുണ്ട് അല്ലേ? അവരുടെ സാമീപ്യം ഒരു കുളിര്‍മ നല്‍കുന്നുണ്ട് അല്ലേ?

കാതുകള്‍ ഇഷ്ടപ്പെടുന്നത് വീരകൃത്യങ്ങളുടെ വിവരണങ്ങളല്ലേ?

വിമര്‍ശകര്‍ ശത്രുക്കളും, അലവലാതികളും, വിഘടനവാദികളുമാണ് അല്ലേ? അതുകൊണ്ടുതന്നെ അവരെ എങ്ങിനെയെല്ലാം ഒഴിവാക്കാമോ അങ്ങനെയെല്ലാം ഒഴിവാക്കാന്‍ ശ്രമിക്കും അല്ലേ?( നാടുകടത്തുക, പറപറപ്പിക്കുക, ഏഴിലും എട്ടിലും തൊടീപ്പിക്കാതിരിപ്പിക്കുക, പമ്പകടത്തുക, നിലംതൊടീപ്പിക്കാതിരിക്കുക..എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഇഷ്ടമാണ് അല്ലേ)

തന്ത്രപരമായി വിമര്‍ശകരെ എല്ലിന്‍കഷണങ്ങള്‍ കൊടുത്തു സുഖിപ്പിക്കാറുണ്ട് അല്ലേ? അവരെ സുഖിപ്പിക്കുമ്പോഴും ഉള്ളില്‍ ‘നിന്നെപ്പിന്നെ ഞാന്‍ എടുത്തോളാം’, നിന്നെ ഒതുക്കിക്കൈയ്യിലാക്കിത്തരാം, നിന്നെപ്പോലെയുള്ള എത്രപേരെകൈകാര്യം ചെയ്തിട്ടുണ്ട്’ എന്നൊരു തോന്നല്‍ നിന്നിലുണ്ടാകാറുണ്ട് അല്ലേ.....!!!!!!!!!!!

.........................................................................................................................

കൃത്യം ഒരു വരിയില്‍ ഉത്തരങ്ങള്‍(എല്ലാ ചോദ്യങ്ങള്‍ക്കും)........എല്ലാ ചോദ്യങ്ങള്‍ക്കും ഒരേ ഉത്തരം ........അതെ......അതെ...അതെ....(യെസ്)...........
ഉത്തരക്കടലാസ്സ് കൈയ്യില്‍ എടുത്തദൈവം എന്നോട് പറഞ്ഞു.............ഉത്തരങ്ങള്‍ ശരി........പക്ഷേ നീ ജീവിതത്തില്‍ തോറ്റിരിക്കുന്നു...എന്നിട്ട് എന്നോട് പറഞ്ഞു.....സകല മനുഷ്യരും നിന്നെ പുകഴ്ത്തിപ്പറയുമ്പോള്‍ നിനക്ക് അയ്യോ കഷ്ടം..............സത്യത്തിനു നേരെ മുഖം തിരിച്ച നിനക്ക് അയ്യോ കഷ്ടം........ദൈവികവാക്കുകളെ അവഗണിച്ച നിനക്ക് അയ്യോ കഷ്ടം...........
..............................................................................................................................................
സ്തുതിപാഠകര്‍ എന്‍റെ വീരകൃത്യങ്ങള്‍ വിവരിക്കുന്നു.........ഉപജാപകവൃന്ദം എന്നെ പുകഴ്ത്തുന്നു.......ഞാനോ ദൈവനിതിയുടെ മുന്‍പില്‍ പരാജിതനായിരിക്കുന്നു


Monday, August 5, 2013

തെരുവില്‍ കണ്ട ദൈവം


തെരുവില്‍ കണ്ട ദൈവം

എന്‍റെ യാത്രയില്‍ ഇന്നും ഞാന്‍ ദൈവമുഖം കണ്ടു…......

അത് പക്ഷേ ഒരു തെരുവിലലയുന്ന പെണ്‍കുട്ടിയിലായിരുന്നു......
ആ ദര്‍ശനം എന്നെ വീണ്ടും അസ്വസ്ഥതയുടെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടു.....എപ്പോഴൊക്കെയോ ആ മുഖം എന്‍റെ മനസ്സിന്‍റെ (അഴുക്കുപുരണ്ട) കണ്ണാടിയില്‍ തെളിഞ്ഞുവന്നു..........

ആ മുഖം കലുഷിതമായിരുന്നു....... രോഷവും, പ്രതിഷേധവും, ജീവനായുള്ള പോരാട്ടവും ആ മുഖത്ത് പ്രതിഫലിച്ചിരുന്നു........

ആ മുഖത്ത് തന്നെ ഇത്തരത്തിലാക്കിയ വ്യവസ്ഥിതിയോടും അതിന്‍റെ പ്രവാചകന്മാരോടും അനുചരന്മാരോടുമുള്ള നിഷേധമോ, യുദ്ധപ്രഖ്യാപനമോ ഞാന്‍ കണ്ടു..... 

സ്വയംപ്രതിരോധത്തിനെന്നപോലെ കൈയ്യില്‍ ഒരു വലിയ വടിയുമുണ്ടായിരുന്നു.....ആ വടി ആഞ്ഞു തറയില്‍ കുത്തുമ്പോള്‍ ആരുടെയോക്കെയോ മുഖത്തും ചങ്കിലും അവള്‍ കുത്തുന്നതുപോലെ എനിക്ക് തോന്നി....(തോന്നലല്ല ശരി തന്നെയാണ്)

തന്നെ പരിഹാസത്തോടെ നോക്കുന്നവരോടെല്ലാം അവള്‍ മറുപടി പറഞ്ഞത് തീക്ഷണമായ ഒരു നോട്ടത്തിലൂടെയായിരുന്നു........

അവളുടെ മുഴിഞ്ഞുകീറിയ വസ്ത്രം ശരീരത്തിനു ചുറ്റുമുള്ള ഒരു ഉരുക്കുകോട്ടപോലെ അവള്‍ വിശ്വസിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു....... (തോന്നലല്ല ശരി തന്നെയാണ്)

അവളുടെ ഉറച്ച കാല്‍വെയ്പ്പുകള്‍ക്ക് ഒരായിരം വാക്കുകളേക്കാള്‍ ഘനമുണ്ടായിരുന്നു.......

ഒരു കൂറ്റന്‍ പ്രതിഷേധറാലി നയിക്കുന്ന ഒരു നേതാവിന്‍റെ കരുത്ത്‌ ആ കാല്‍വെയ്പ്പുകളില്‍ തുടിക്കുന്നുണ്ടായിരുന്നു......

കൊടുംവെയിലും, തെരുവിലെ അലച്ചിലും, കഠിനാദ്ധ്വാനവും ക്ഷീണിപ്പിച്ച ആ മുഖം ഒരു ഊര്‍ജപ്രവാഹത്തിന്‍റെ ഉറവയായി എനിക്കു തോന്നി (തോന്നലല്ല ശരി തന്നെയാണ്)......

ആ മുഖം വിശുദ്ധിയുടെ പുനര്‍വായനയുടെയും വ്യാഖ്യാനത്തിന്‍റെയും ആധികാരിക പ്രബന്ധത്തിലെ സൂക്ഷ്മവും ചടുലവുമായ വരികളെന്നകണക്കെ വെളിവായ് വന്നു......

അവള്‍ ഒറ്റക്കെന്നു തോന്നിപ്പിച്ചെങ്കിലും അവള്‍ ഒറ്റക്കായിരുന്നില്ല.......കാലവും ചരിത്രവും ഓര്‍ക്കാതെപോയ(പാര്‍ശ്വവല്‍ക്കരിച്ച) ഒരായിരം ദൈവസാദൃശമുള്ള പുണ്യവതികള്‍ അവള്‍ക്ക് കരുത്ത് പകര്‍ന്ന് ആ യാത്രയില്‍ അവളോടൊപ്പമുണ്ടായിരുന്നു.....

ആ മുഖം ദൈവസാദൃശത്തിന്‍റെ പര്യായം തന്നെയായിരുന്നു...........

കരുത്തും, ഊര്‍ജവും, വിശുദ്ധിയും, ധീരതയും, തീക്ഷ്ണതയും, ജീവന്‍റെ നിഷേധത്തോടുള്ള പ്രതിഷേധവും നിറഞ്ഞ ആ മുഖം ദൈവത്തിന്‍റെ അപരിചിത ഭാവമായി ഇന്നും......!!!!!!!...................പലര്‍ക്കും......(പ്രത്യേകിച്ച് വരേണ്യവര്‍ഗത്തിനും അധികാരവര്‍ഗത്തിനും).....................!!!!!!!!!!!!!!!!!

അവളുടെ യാത്ര നിശബ്ദമാണെങ്കിലും അര്‍ത്ഥശൂന്യവും, കപടവുമായ, വാക്ധോരണികളെക്കാള്‍ എത്രയോ കാതം മുന്‍പിലായിരുന്നു അവള്‍ പറയാതെ പറഞ്ഞ വാക്കുകള്‍..............

ആ യാത്ര അസ്ഥിമജ്ജകളെ തകര്‍ക്കുന്ന വചനഗീതത്തിന്‍റെ അലയൊലികള്‍ കണക്കെ ആഞ്ഞടിക്കുന്നുണ്ടായിരുന്നു...........

ദൈവം തെരുവിലലയുമ്പോള്‍ ഒരുകൂട്ടര്‍ ദൈവത്തെ അന്വേഷിച്ചു കൊട്ടാരങ്ങളിലേക്ക് യാത്ര തിരിക്കുന്നു.....

മറ്റൊരു കൂട്ടര്‍ തെരുവിലലയുന്ന ദൈവത്തെ കല്ലെറിയുന്നു..........പരിഹസിക്കുന്നു.......തുപ്പുന്നു.......എന്നിട്ടവര്‍ ഉറക്കെപ്പറയുന്നു............അവളെ കഴുമരത്തില്‍ കയറ്റുക.............


എന്‍റെ ദൈവമേ.........നീ എന്നില്‍ സൃഷ്ടിക്കുന്ന ഈ അസ്വസ്ഥത എന്നെ വല്ലാതെ വേദനിപ്പിക്കുന്നു............നീ എന്നില്‍നിന്നും നിന്‍റെ കാഴ്ചയെ മറയ്ക്കരുതേ..........

Tuesday, May 21, 2013

കറുത്ത്മെലിഞ്ഞ മാലാഖ



കറുത്ത്മെലിഞ്ഞ മാലാഖ

ഞാന്‍ തളര്‍ന്ന്‌ ഉറങ്ങുകയായിരുന്നു..............

ഉറക്കത്തില്‍നിന്നും എന്നെ വിളിച്ചുണര്‍ത്തിയത് ഒരു മാലാഖയായിരുന്നു
കറുത്ത്, മെലിഞ്ഞ്‌, മുഷിഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞ ഒരു മാലാഖ.........
(അവള്‍ക്ക്‌ ഞാനിന്നലെ പാതയോരത്ത്‌ കണ്ട ഒരു ദരിദ്രബാലികയുടെ മുഖസാദൃശ്യമായിരുന്നു....... കടുത്ത വേനല്‍ച്ചൂടില്‍ അവള്‍ വലിച്ചുകെട്ടിയ ഒരു കീറത്തുണിയുടെ തണലില്‍ പാറപൊട്ടിക്കുകയായിരുന്നു.............)

പോഷകാഹാരക്കുറവ് തളര്‍ത്തിയ ആ മാലാഖയുടെ മുഖം പക്ഷേ തേജസ്സുറ്റതായിരുന്നു...........

മുറിപ്പാടുകളുള്ള, വേദനിക്കുന്ന എന്‍റെ ശരീരത്തെ ആ മാലാഖ അനുകമ്പയോടെ നോക്കിപ്പറഞ്ഞു....... അവര്‍ നിന്നെ വല്ലാതെ ഉപദ്രവിച്ചു അല്ലേ...... ...........ഞാന്‍ ഒന്ന് മൂളുകമാത്രം ചെയ്തു............എനിക്കൊന്ന്‍ ചിരിക്കുവാന്‍പോലും കഴിയാതെവണ്ണം എന്‍റെ ശരീരവും ഹൃദയവും ആഴത്തില്‍ മുറിപ്പെട്ടിരുന്നു............പക്ഷേ മാലാഖ തുടര്‍ന്നു.........

മുറിവുകള്‍ പോരാളിയുടെ അടയാളം........
മുറിവുകള്‍ അധിനിവേശത്തിന്‍റെ ശേഷിപ്പ്......
പക്ഷേ തളരരുത്......മുറിവുകള്‍ പെട്ടന്ന് സുഖപ്പെടും.....നീ കഴുകനെപ്പോലെ ചിറകടിച്ചുയരും.........ദൈവരാജ്യം നിന്നിലൂടെ പണിയപ്പെടുകയാണ്.......നീതി നിമിത്തം ഉപദ്രവിക്കപ്പെടുമ്പോള്‍ ഓര്‍ക്കുക.....നീ ഭാഗ്യവാനാണ്.....

പോരാളികളെന്നും സാത്താന്‍റെ സേനക്ക് ഒരു ഭീഷണി തന്നെ......നീയും........സന്ധിസംഭാഷണങ്ങള്‍ക്കിടയില്‍ അവര്‍ വച്ചുനീട്ടിയ ചില അപ്പക്കഷണങ്ങളെ ഭൂരിപക്ഷവും സ്വീകരിച്ചപ്പോള്‍ അവയെ നീ എത്ര ലാഘവത്തോടെയാണ് നീ തിരസ്കരിച്ചത്..........അന്ന് നിന്നില്‍ ഞാന്‍ കണ്ട ആ പോരാട്ടവീര്യം നിന്നില്ലെന്നും കത്തിജ്വലിക്കട്ടെ........അത് നിന്നില്‍ ദൈവം നിക്ഷേപിച്ച നെരിപ്പോടാണ്.......അത് പ്രാര്‍ത്ഥനയിലൂടെയും, ഇടപെടലുകളിലൂടെയും, അക്ഷരങ്ങളിലൂടെയും ജ്വലിപ്പിക്കുക.......ദൈവത്തിന്‍റെ ആത്മാവ് നിന്നില്‍ ആവസിച്ചിരിക്കുന്നു...........ദൈവം നിന്നോടുകൂടെ

ഏതൊരു മുറിപ്പാടിലും പരിഹാസത്തിന്‍റെയും അപവാദത്തിന്‍റെയും അടയാളങ്ങള്‍ അവശേഷിപ്പിക്കാറുണ്ട്.....അത് നിന്നിലും എനിക്ക് കാണാം....ഓര്‍ക്കുക നീ ഭാഗ്യവാനാണ്........അതുകൊണ്ടുതന്നെ അവകളെ പുച്ഛിച്ച് തള്ളുക.........ദൈവിക നീതിപ്രക്രിയയില്‍ അവര്‍ അതിന് കനത്ത വിലകൊടുക്കേണ്ടിവരും.......

ആ കറുത്ത്മെലിഞ്ഞ ആ മാലാഖയുടെ വാക്കുകള്‍ എന്‍റെ ഉണങ്ങിയ അസ്ഥികള്‍ക്ക് ജീവന്‍ പകര്‍ന്നു.......ഉണങ്ങിവരണ്ട എന്‍റെ നാവിന് ജീവജലമായി, ഉറവ വറ്റിയ എന്‍റെ സ്വപ്നങ്ങള്‍ക്ക് കരുത്തിന്‍റെ പുത്തന്‍കാറ്റായി, കാഴ്ചമങ്ങിയ എന്‍റെ കണ്ണുകളില്‍ ഒരു ദീപനാളമായി, വേച്ചുപോയ എന്‍റെ കാലടികള്‍ക്ക് ചടുലതാളമായി, മരിച്ചുപോയ എന്‍റെ മനസ്സിന് ഉയിര്‍പ്പിന്‍റെ പുത്തന്‍പാട്ടുമായി അവയെത്തി...........

എനിക്കിപ്പോള്‍ ആ കറുത്ത്മെലിഞ്ഞ മാലാഖയെ തെളിമയോടെ കാണാം......കാരണം എന്‍റെ കണ്ണില്‍നിന്നും കണ്ണുനീര്‍ ആ കൊച്ചുമാലാഖ ഒപ്പിയെടുത്തിരുന്നു.........എന്‍റെ അടുക്കല്‍നിന്നും പോകാനൊരുങ്ങിയ ആ മാലാഖയോട് ഞാന്‍ പറഞ്ഞു......നില്‍ക്കൂ......ഞാനും വരുന്നു.........ഒരു മന്ദസ്മിതം മാത്രം മറുപടി.......എങ്കിലും ഞാന്‍ പിന്തുടര്‍ന്നു.......
തെരുവോരത്തെ ഒരു കൊച്ചുകുടിലിലേക്ക് മാലാഖയുടെ പിന്നാലെ അനുവാദം പോലും ചോദിക്കാതെ ഞാനും അകത്തുകയറി...........

മണ്ണെണ്ണവിളക്കിന്‍റെ അരണ്ടവെളിച്ചത്തില്‍ എനിക്കിപ്പോള്‍ ക്രിസ്തുവിനെ കാണാം........കറുത്ത്മെലിഞ്ഞ അവന്‍റെ ഉടലില്‍ (കീറിയ കുപ്പായത്തിനുള്ളിലൂടെ) ഞാന്‍ പുത്തന്‍ അധിനിവേശത്തിന്‍റെ മുറിപ്പാടുകള്‍ കണ്ടു......

ഞാനറിയാതെ ചോദിച്ചുപോയി........ക്രിസ്തുനാഥാ.....നീ ഇവിടെ............? മറുപടിയായി ഒരു പൊട്ടിച്ചിരി.....അതില്‍ ഞാന്‍ എല്ലാം വായിച്ചു..........എന്നിട്ടെന്നോട് പറഞ്ഞു...............എന്‍റെ ശരീരം ഇന്നും ഈ തെരുവുകളില്‍ പിച്ചിച്ചീന്തപ്പെടുന്നു, പീഢിപ്പിക്കപ്പെടുന്നു.......

ഞാനറിയാതെ പറഞ്ഞു......എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ.........!...

ആ കറുത്ത്മെലിഞ്ഞ ആ മാലാഖ ഇപ്പോള്‍ ക്രിസ്തുവിനോടൊപ്പമുണ്ട്.....

അവര്‍ ഒരു യാത്രക്കൊരുങ്ങുകയാണ്........ആ തെരുവോരത്ത് മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്.........ഞാനും അവരോടൊപ്പം ചേര്‍ന്നു..........അപ്പോള്‍ ആ കറുത്ത്മെലിഞ്ഞ മാലാഖ എന്നോട് പറഞ്ഞു........മുറിവേല്‍ക്കപ്പെടുവാന്‍ തയ്യാറുണ്ടെങ്കില്‍മാത്രം യാത്രയില്‍ പങ്കുചേരുക....... മുറിവുകള്‍ പോരാളിയുടെ അടയാളം........മുറിവുകള്‍ അധിനിവേശത്തിന്‍റെ ശേഷിപ്പ്......പാപത്തിന്‍റെ എല്ലാ അധിനിവേശശക്തികളും നിനക്കെതിരാവും.............

യാത്രതുടങ്ങിക്കഴിഞ്ഞ ക്രിസ്തു എന്നോട് പറഞ്ഞു........എന്നെ അനുഗമിക്കുക.....ഞാന്‍ നിന്നോട്കൂടെ.......ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക......ഭയപ്പെടരുത്......ഭ്രമിക്കയുമരുത്........

തിരക്കേറിയ തെരുവില്‍ ഞാനും കറുത്ത്മെലിഞ്ഞ മാലാഖയും ക്രിസ്തുവും യാത്രതുടര്‍ന്നു.....