Powered By Blogger

Monday, September 10, 2012

ഒരു പുതിയ ഭാഷ.........





ഒരു പുതിയ ഭാഷ.........

നിരാശയുടെ പടുകുഴിയില്‍വീണ ഞാന്‍ താടിക്ക് കൈയ്യും കൊടുത്ത് എന്തോ ആലോചിക്കുന്ന ഭാവത്തില്‍ ഒന്നും ആലോചിക്കാനില്ലാതെ വെറുതെ ഇരുന്നു. നിര്‍വികാരമായ ജീവിതാവസ്ഥകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എവിടെനിന്നോ ഉയര്‍ന്നുവന്നു(മനസ്സില്‍ നിന്നോ? ബുദ്ധിയില്‍ നിന്നോ? അറിയില്ല) അത്തരം ചോദ്യങ്ങള്‍ നാം ദൈവത്തോടാണല്ലോ ചോദിക്കുക.........

ഞാനും ദൈവത്തോട് ചോദിച്ചു........

എന്തുകൊണ്ട് ഈ സമൂഹം ഇങ്ങിനെ? ചിലര്‍ എന്തിനിങ്ങനെ ആക്രോശിക്കുന്നു.....? നിന്ദയുടെയും, പരിഹാസത്തിന്‍റെയും അക്രമത്തിന്‍റെയും ശീല്‍ക്കാരങ്ങളും, കോഷ്ടികളും, വാക്കുകളും പുറപ്പെടുവിക്കുന്നു......?
 ഒരല്‍പംമുന്‍പ് പ്രാര്‍ത്ഥനയുടെ സ്വരം മുഴങ്ങിയ തെരുവില്‍ ആധിപത്യത്തിന്‍റെയും കീഴടക്കലിന്‍റെയും അട്ടഹാസങ്ങള്‍...?
 ഇത്തിരി നേരംമുന്‍പ് സമാധാനചുംബനം കൊടുത്ത വിരലുകള്‍ പീരങ്കികണക്കെ പരസ്പരം ചൂണ്ടുന്നതെന്തിന്? വിദ്വേഷത്തിന്‍റെയും അന്യാഭിപ്രായനിന്ദയുടെയും അസഹിഷ്ണുതയുടെയും തെറ്റിദ്ധാരണകളുടെയും വെടിയുണ്ടകള്‍ ഉതിര്‍ക്കുന്നതില്‍  ചിലര്‍ മത്സരിക്കുന്നതെന്തിന്?
ദൈവമേ......ഒരേ പാത്രത്തില്‍നിന്നും തിന്നുകയും കുടിക്കുകയും ചെയ്യുന്നവര്‍ എന്തിനിങ്ങനെ പരസ്പരം കടിച്ചുകീറുവാന്‍ ചിറികള്‍ കോട്ടി കോമ്പല്ലുകള്‍ പുറത്തുകാട്ടി പൈശാചികഭാവത്തോടെ ചീറിയടുക്കുന്നു?...... (ഒരെല്ലിന്‍കഷണത്തിനുവേണ്ടി കടിപിടി കൂടുന്ന തെരുവുനായ്ക്കള്‍ പോലും ലജ്ജിച്ച് തലതാഴ്ത്തുന്നു...........)

ഒരേ ഭാഷ സംസാരിച്ചിട്ടും ആര്‍ക്കും ഒന്നും മനസ്സിലാവുന്നില്ല... ഒരേ ദേശക്കാര്‍ എങ്കിലും ഒരേ ഭാഷ സംസാരിക്കുന്നവര്‍ എങ്കിലും ആര്‍ക്കും ആരേയും മനസ്സിലാവുന്നില്ല..........എല്ലാവരും സംസാരിക്കുന്നെങ്കിലും അതൊക്കെ വെറും ആക്രോശങ്ങളായി മാറുന്നു.......ദൈവമേ..... അങ്ങ് ബാബേലിലെപ്പോലെ ഭാഷ കലക്കി കളഞ്ഞതാണോ?

ചിരിച്ചുകൊണ്ട് ദൈവം എന്നോട് മറുചോദ്യം ഉന്നയിച്ചു.....................
.ഒടുക്കം എന്ത് സംഭവിച്ചു”?

ഞാന്‍ പറഞ്ഞു.......
എല്ലാവരും ജയിച്ചു.......ഒടുക്കം ഞാന്‍ തോറ്റു......

ദൈവമുഖം ഗൌരവമുള്ളതായി........വാക്കുകളില്‍ കാര്‍ക്കശ്യം.......നോട്ടത്തില്‍ തീവ്രത..............ദൈവിക വാക്കുകളില്‍ വല്ലാത്ത ഒരു മുഴക്കം.........

അവര്‍ എന്നെ തോല്‍പ്പിക്കുവാനുള്ള ശ്രമത്തിലാണ്........അവര്‍ എന്‍റെ വാക്കുകളെ മറികടക്കുവാനുള്ള ശ്രമത്തിലാണ്........എന്നെ നിശബ്ദനാക്കുവാനുള്ള ശ്രമത്തിലാണ്.......
അവര്‍ എന്‍റെ ജനമല്ല......അവരെ ഞാന്‍ അറിയുന്നുമില്ല.......
അവര്‍ എന്‍റെ നാമത്തെ ദുഷിക്കുന്നു...........അവര്‍ പിശാചിന്‍റെ മക്കള്‍
അവര്‍ ദുഷ്ടതയുടെ പക്ഷംചേര്‍ന്ന് എനിക്കെതിരായി യുദ്ധം ചെയ്യുന്നു........
അവര്‍ എന്നെയാണ് തോല്‍പ്പിക്കുന്നത്.......
അവര്‍ ദുഷ്ടന്മാരുടെ കൂടാരങ്ങളില്‍ പാര്‍ക്കുന്നു.........
ദുഷ്ടരുടെ വാക്കുകളെ ഞാന്‍ തള്ളിക്കളയും.........അവര്‍ സ്വയം നിന്ദിതരാവും.....
അവരുടെ വായ്കളില്‍നിന്നും ഉച്ചരിക്കപ്പെടുന്നത് ഭാഷയല്ല......മറിച്ച് മരണമാണ്....അക്രമമാണ്......
അവരിപ്പോള്‍ പറഞ്ഞത് അവര്‍ക്ക് തന്നെ വിനയാവും.......
അവര്‍ ചൂണ്ടിയ വിരലുകള്‍ അവരിലേക്കുതന്നെ തിരിയുന്ന കാലം വിദൂരമല്ല......
ദൈവം എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു........ഈ വാക്കുകള്‍ നിന്നോടും കൂടെയാണ്......

ഒരു നിമിഷത്തേക്ക് സ്തംഭിച്ചുപോയ ഞാന്‍ തിരിച്ചറിവിന്‍റെ ഏതോ തലത്തില്‍......അറിയാതെ പറഞ്ഞു........

"ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങളുള്ള മനുഷ്യന്‍......എന്‍റെ ഹൃദയവും മലിനം......എന്‍റെ ദൈവമേ............എന്നോട് പൊറുക്കുക..........ഞാന്‍ ദുഷ്ടരില്‍ ദുഷ്ടന്‍....എന്നെ അങ്ങയുടെ ദാസനാക്കുക........

ഞാന്‍ കണ്ണുതുറന്നപ്പോള്‍ ഞാന്‍ ഭൂമിയെ നമസ്കരിക്കുകയായിരുന്നു....എന്‍റെ ചുണ്ടുകള്‍ ദൈവത്തിന്‍റെ കാലുകളില്‍ ചുംബിക്കുകയായിരുന്നു..........ഞാന്‍ ഉയരങ്ങളിലേക്ക് കണ്ണുകളുയര്‍ത്തി.....ദൈവം എന്നെ നോക്കിചിരിക്കുകയായിരുന്നു.......ദൈവത്തിന്‍റെകരങ്ങള്‍ എന്നിലേക്ക് ഒരു തേന്മഴയായി പെയ്തിറങ്ങി........എന്നിലേക്ക് പ്രതീക്ഷയുടെ, പ്രത്യാശയുടെ നീര്‍ച്ചാലുകള്‍ ഒഴുകിയിറങ്ങി..........അതില്‍ ഞാന്‍ മുങ്ങിക്കുളിച്ചു.......

ദൈവം എന്‍റെ നാവിനെ ശുദ്ധീകരിച്ചു......എന്‍റെ വിരലുകളെ സ്പര്‍ശിച്ചു.......

ഞാന്‍ ഒരു പുതിയമനുഷ്യനായി, പുതിയ ഭാഷയുമായി, പുത്തന്‍ ഊര്‍ജവുമായി കുതിച്ചുചാടി.........

അദൃശ്യനായ ദൈവം എന്നെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു........

നിന്‍റെ വാക്കുകള്‍ ജീവന്‍ നല്കുന്നതാവട്ടെ......നിന്‍റെ വിരലുകള്‍ ജീവന്‍ പണിയുന്നതാവട്ടെ..........

No comments:

Post a Comment