Powered By Blogger

Wednesday, September 19, 2012

കലാപകാരികള്‍



കലാപകാരികള്‍

എന്‍റെ ധ്യാനത്തിങ്കല്‍ തീ കത്തി.........ഞാന്‍ ആത്മവിവശതയിലായി.........അപ്പോള്‍ ഞാന്‍ അറിയാതെ എഴുതിത്തുടങ്ങി..........

ദൈവമേ നീ ആരുടെ കൂടെ? ജീവനെ ഒരുകപ്പ് പായസത്തിനും അധികാരസുഖത്തിനും സാമ്പത്തിക ലാഭത്തിനും വേണ്ടി വില്‍ക്കുവാനും അതിനുവേണ്ടി ആരെയും വിലക്ക് വാങ്ങുവാനും കൊല്ലുവാനും തയ്യാറായി നില്‍ക്കുന്നവരോടൊപ്പമോ..................അതോ ജീവനുവേണ്ടി മരിക്കുവാനും തയ്യാറായി നില്‍ക്കുന്നവരോടൊപ്പമോ?

അധീശത്വ, ചൂഷണ, ലാഭാധിഷ്ടിത, വരേണ്യവര്‍ഗ, പുരുഷമേധാവിത്വ, സമ്പന്ന സമൂഹം അവരുടെ കണ്ണടയിലൂടെ ലോകത്തെ കാണുമ്പോള്‍ ഈ പ്രകൃതിയും അവയിലെ വിഭവങ്ങളും കേവലം  കമ്പോളവസ്തുക്കളാകുന്നു..........ഇവിടെ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് ആരൊക്കെയോ ചേര്‍ന്നു വിലപറയുന്നു...........അവിടെ ഇരകള്‍ സൃഷ്ടിക്കപ്പെടുന്നു..........ആരൊക്കെയോചേര്‍ന്ന് അവരെ കലാപകാരികളാക്കുന്നു.........

ആരൊക്കെയോ സമ്പത്ത് കൂട്ടിവയ്ക്കുമ്പോള്‍ ദരിദ്രര്‍ സൃഷ്ടിക്കപ്പെടുന്നു......ദരിദ്രര്‍ ഒരു കഷണം അപ്പത്തിനായി ഒരല്‍പം ശബ്ദമുയര്‍ത്തിയാല്‍ അവര്‍ കലാപകാരികളാകുന്നു (നിസ്സഹായതയുടെ, വേദനയുടെ, വിശപ്പിന്‍റെ നിര്‍ബന്ധം സഹിക്കവയ്യാതെ ശബ്ദിക്കുന്നവരാണിവര്‍ ).......ഇരകളെ, സൃഷ്ടിക്കുന്ന സമൂഹം............അവരുടെ നിലനില്‍പിന്‍റെ പോരാട്ടങ്ങളെ കലാപമാക്കി ചിത്രീകരിക്കുന്ന അധികാര ദല്ലാളന്മാരും അവരുടെ യജമാനന്മാരും.......

ഭൂമി അപഹരിക്കപ്പെട്ട ആദിവാസികള്‍ ഒരുതുണ്ടു ഭൂമിക്കുവേണ്ടി പോരാടുമ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് അവരെ കലാപകാരികളാക്കുന്നു..........മെലിഞ്ഞുണങ്ങിയ അസ്ഥിക്കൂമ്പാരത്തിലേക്ക് വെടിയുതിര്‍ക്കുന്നു..........അവര്‍ കലാപകാരികളാണത്രെ.......കലാപകാരികള്‍
ദൈവം കനിഞ്ഞുനല്‍കിയ ഈ ഭൂമിയേയും അതിലെ വിഭവങ്ങളെയും ന്യൂനപക്ഷസമ്പന്നര്‍ക്കും അവരുടെ ഏറാന്‍മൂളികളായ അധികാരദല്ലാളന്മാര്‍ക്കും തീറെഴുതിക്കൊടുക്കാന്‍ ആരാണ് അധികാരപത്രം നല്‍കിയിരിക്കുന്നത്?

ജീവന്‍റെപരിസരങ്ങളെ അപകടത്തിലാക്കുന്ന ആണവനിലയങ്ങളെ ഒരു ദേശത്തിന്‍റെയും, ജനതയുടെയും, സംസ്കാരത്തിന്‍റെയും, ജീവിതശൈലിയുടെയും, മേല്‍ അടിച്ചേല്‍പ്പിക്കുന്ന അധികാരവര്‍ഗം ഒരു ദേശത്തിന്‍റെ സമാധാനത്തെയാകമാനം തകര്‍ക്കുന്നു...ഒരു തലമുറയെത്തന്നെ നശിപ്പിക്കുന്നു........നിരായുധരായ, നിസ്സഹായരായ, അധികാരത്തിന്‍റെബലമില്ലാത്ത പാവങ്ങളുടെ ചെറുത്തുനില്‍പും കലാപമാണത്രെ.........അവര്‍ കലാപകാരികളാണത്രെ.......കലാപകാരികള്‍..
കടലിനേയും അതിലെ വിഭവങ്ങളെയും ആശ്രയിച്ചുജീവിക്കുന്ന ഒരു ജനതയെ വിഷംതീറ്റിക്കുവാന്‍ ആര്‍ക്കാണിത്ര നിര്‍ബന്ധം?

തന്‍റെ മാനത്തിനും ശരീരത്തിനും വിലപറയുന്ന, തന്‍റെ വ്യക്തിത്വത്തെയും, ശരീരത്തെയും കേവലം ഉപഭോഗവസ്തുവായി മാത്രം കാണുന്ന ഒരു സമൂഹത്തോട് ചെറുത്തുനില്‍ക്കുവാന്‍ ഒരു സ്ത്രീക്ക് അവകാശമില്ലേ? അവളപ്പോള്‍ കലാപകാരിയായും എന്നും അഹങ്കാരിയായും ചിത്രീകരിക്കപ്പെടുന്നു....... അവര്‍ കലാപകാരികളാണത്രെ.......കലാപകാരികള്‍

ഇവിടെ ആരാണ് കലാപകാരികള്‍?

ജീവനേയും വിഭവങ്ങളെയും അടിച്ചമര്‍ത്തുന്ന അധികാര, സമ്പന്ന വര്‍ഗമോ? അതിനു വേണ്ടി ഭരണകൂട ഭീകരത അഴിച്ചുവിടുന്നവരോ?.............അതോ ജീവിക്കുവാന്‍വേണ്ടി പോരാടുന്ന ബലഹീനരായ, നിര്‍ധനരായ ജനവിഭാഗങ്ങളോ?

ദൈവം എന്നോട് അരുള്‍ച്ചെയ്തു.............

ഓര്‍ക്കുക......അവരെന്നെയും ഒരു കലാപകാരിയാക്കി ക്രൂശില്‍ തറച്ചില്ലേ?
അവരെനിക്കെതിരായി ഉയര്‍ത്തിയ ആരോപണങ്ങള്‍ നീ മറന്നുവോ...? അവന്‍ ജനത്തെ ഇളക്കിവിടുന്നുവെന്ന്.......

നീ മനസ്സില്‍ കുറിച്ചിടുക..........അധികാരവര്‍ഗവും ചൂഷണവര്‍ഗവും(യഥാര്‍ത്ഥ കലാപകാരികള്‍) കൈയ്യില്‍ നിറതോക്കുമായി നില്‍ക്കുമ്പോള്‍, അവര്‍ കലാപകാരികളെന്ന് മുദ്രകുത്തുന്നവരോടൊപ്പമാണ് ഞാന്‍........അധികാരവര്‍ഗം ജീവനുവേണ്ടി പോരാടുന്നവര്‍ക്കെതിരെ ഭീകരത അഴിച്ചുവിടുമ്പോള്‍ എനിക്കെതിരായാണ് അവര്‍ അത് ചെയ്യുന്നത്.........കാരണം ഞാന്‍ അവരില്‍ ഒരാളാണല്ലോ..........

നീ മറക്കാതെ ഉരുവിടുക.....വചനം ജഡമായിത്തീര്‍ന്നു, അവന്‍ കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു............... എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാന്‍ കണ്ടു കണ്ടു.....അവരുടെ നിലവിളി ഞാന്‍ കേട്ടു കേട്ടു........

ഞാനറിയാതെ പറഞ്ഞുപോയി എന്‍റെ ദൈവമേ ഞാന്‍ നിന്നെ ആരാധിക്കുന്നു....നിനക്കു സ്തുതി......

No comments:

Post a Comment