Powered By Blogger

Wednesday, September 26, 2012

കാലാപെറുക്കികളുടെദൈവം





കാലാപെറുക്കികളുടെദൈവം

നെടുവീര്‍പ്പോടും ഇടനെഞ്ചുപൊട്ടുന്ന ഭാരത്തോടുംകൂടി ഞാന്‍ ദൈവസന്നിധിയില്‍ ഇരുന്നു........എന്‍റെ പിറുപിറുപ്പുകള്‍ ഒരു മഴച്ചാറ്റല്‍പ്പോലെ ദൈവസന്നിധിയില്‍ ഒരു കലപില സൃഷ്ടിച്ചു.....

ദൈവമേ അങ്ങയുടെ സ്പോണ്‍സര്‍മാരെന്ന് അവകാശപ്പെടുന്നവരുടെ വാക്കുകള്‍ നീ കേള്‍ക്കുന്നില്ലയോ?

അവരുടെ വാക്കുകളും ശരീരഭാഷയും പ്രതിഫലിപ്പിക്കുന്ന ഒരു ഭാവം കണ്ടാല്‍ തോന്നും അവരുടെ ചെലവിലാണത്രെ ദൈവം കഴിയുന്നത്? ദൈവമേ അവരുടെ അവകാശവാദങ്ങള്‍ നിനക്ക് കേള്‍ക്കണോ.......ഞാന്‍ പറയാം.....!

അവരാണത്രേ ദൈവസഭയെ ചുമലിലേറ്റി കൊണ്ടുപോകുന്നത്? ഇത്രയും നാള്‍ നടത്തിയതും ഇനി നടത്തുവാന്‍ പോകുന്നതും.........!

അവര്‍ കൊടുക്കുന്ന നികുതിപ്പണം കൊണ്ടാണത്രേ ദരിദ്രനാരായണന്മാരും കാലാപെറുക്കികളും ജീവിക്കുന്നത്.....!

അവര്‍ പറയുന്നത് എല്ലാ കാലാപെറുക്കികളും കേട്ട് അനുസരിക്കണമത്രേ........അവരെ വിജയിപ്പിക്കണമത്രേ......!

ദൈവമേ, നിന്‍റെ ജനത്തിന്‍റെ(കാലാപെറുക്കികളും, ദരിദ്രനാരായണന്മാരും) ശബ്ദത്തിനുപോലും അവര്‍ വിലപറയുന്നു.........!ദൈവമേ, നിന്‍റെ ജനത്തെ പരസ്യമായി അവര്‍ പരിഹസിക്കുന്നത് നീ കേള്‍ക്കുന്നില്ലയോ..?

അവര്‍ നിന്‍റെ ജനത്തിന്‍റെ പിടിയരി തൂകിക്കളയുന്നു......വലിച്ചെറിയുന്നു.....നിന്ദിക്കുന്നു...എന്നിട്ടവര്‍ പറയുന്നു......പിച്ചപ്പാത്രവും അതിലെ കുറെ പിച്ചയുമായി വന്നിരിക്കുന്നു.......(അവര്‍ അതിലേക്കു തുപ്പുന്നു....പ്ഫൂ).....ദൈവമേ നീ വിധവയുടെ രണ്ടുകാശിനെ സ്വീകരിച്ച ദൈവമല്ലേ.......എന്നിട്ടും

അവര്‍ നിന്‍റെ ജനത്തിന്‍റെ കണ്ണുനീരില്‍കുതിര്‍ന്ന പ്രാര്‍ത്ഥനയെ പുച്ഛത്തോടെ നോക്കുന്നു.....എന്നിട്ടവര്‍ പറയുന്നു.....നിങ്ങളുടെ പ്രാര്‍ത്ഥന ആര്‍ക്കു വേണം.......വല്ലതും നടക്കണമെങ്കില്‍ പണം വേണം........നിങ്ങളുടെ കൈയ്യില്‍ പണമുണ്ടോ.....ഇല്ലെങ്കില്‍ ഒരു മൂലക്കിരുന്നാല്‍ മതി....ഇങ്ങോട്ട് കയറി ഭരിക്കേണ്ട.......! ദൈവമേ അങ്ങ് നിസ്വരുടെ പ്രാര്‍ത്ഥനയെ, അവരുടെ ഒരു നെടുവീര്‍പ്പിനെ അംഗീകരിച്ച ദൈവമല്ലേ....എന്നിട്ടും

ദൈവമേ അങ്ങെന്നോട് കോപിക്കില്ലെങ്കില്‍...........മറ്റു ചിലകൂട്ടങ്ങള്‍ക്കൂടി എനിക്ക് പറയാനും ചോദിക്കാനുമുണ്ട്...........എനിക്ക് നീയല്ലാതെ മറ്റാരുമില്ലല്ലോ!

യഥാര്‍ത്ഥത്തില്‍ ആരാണിവിടെ കര്‍ത്താവ്.........അങ്ങോ.......അതോ........മാമ്മോനോ...?

യഥാര്‍ത്ഥത്തില്‍ ആരാണിവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും.....അങ്ങോ.......അതോ......ബെയെത്സെബൂലിന്‍റെ ശിഷ്യഗണങ്ങളോ?.........

ദൈവമേ നിന്‍റെ രാജ്യം വരാത്തതെന്തേ......? ദൈവമേ നിന്‍റെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകാത്തതെന്തേ....?

ദൈവമേ ഈ ഭൂമിയും അവയിലുള്ളതൊക്കേയും അങ്ങല്ലേ സൃഷ്ടിച്ചത്.....പിന്നെ ആരാണിവരെയൊക്കെ യജമാനന്മാരിക്കിയത്...?

ദൈവത്തിന്‍റെ മുഖം എനിക്കിപ്പോള്‍ കാണാം......അതില്‍ നിഗൂഢതയുടെ ആഴക്കടല്‍ ഞാന്‍ ദര്‍ശിച്ചു.....അവന്‍റെ മുഖത്ത് ദരിദ്രനാരായണന്മാരുടെയും കാലാപെറുക്കികളുടെയും കൂടംകുളത്തെ മല്‍സ്യത്തൊഴിലാളികളുടെയും മുഖങ്ങള്‍ എനിക്ക് കാണാം..............ഒപ്പം എന്‍റെ നിരാശയെ അലിയിക്കുന്ന ഒരു പുഞ്ചിരിയും.....

ഒരു ദേവാലയവും അവിടെ ഒരു ത്രോണോസും ഞാനവിടെ കണ്ടു....മുള കീറി മെടഞ്ഞുണ്ടാക്കിയെടുത്ത ഒരു പരമ്പിലാണ് ദൈവം ഇരിക്കുന്നത്..........പൊളിഞ്ഞുവീഴാറായ ഒരു കുടില്‍.....................................................
പുല്ലുകൊണ്ടാണ് അത് മേഞ്ഞിരിക്കുന്നത്.........വൈക്കോല്‍കൊണ്ടാണ് ഭിത്തി തീര്‍ത്തിരിക്കുന്നത്........തറ ചാണകംകൊണ്ട് മെഴുകിയിരിക്കുന്നു......മുഷിഞ്ഞ വസ്ത്രങ്ങള്‍ധരിച്ച.....വിയര്‍പ്പിന്‍റെ രൂക്ഷഗന്ധമുള്ള.......കാലില്‍ ചേറ്പുരണ്ട.....ആരൊക്കെയോ ചേര്‍ന്നു വികൃതമാക്കിയ ശരീരമുള്ള കുറെ മനുഷ്യര്‍ അവിടെയുണ്ട്.......

പക്ഷേ അവരില്‍ നീതിയുടെയും സമാധാനത്തിന്‍റെയും പരിശുദ്ധാത്മാവിലുള്ള സന്തോഷത്തിന്‍റെയും ഭാവങ്ങള്‍ എനിക്ക് ദര്‍ശിക്കാം........അവരില്‍ ഞാന്‍ ദൈവരാജ്യത്തിന്‍റെ പൂര്‍ണത ദര്‍ശിച്ചു.........അവിടെ ഉല്ലാസത്തിന്‍റെയും ജീവന്‍റെയും അലയൊലികള്‍ എനിക്ക് കേള്‍ക്കാം

ദൈവം, എന്നെ ഒടിഞ്ഞുവീഴാറായ, പൊട്ടിപ്പൊളിഞ്ഞമരക്കഷണങ്ങള്‍ കൊണ്ടുണ്ടാക്കിയ  ത്രോണോസിന്‍റെ മുന്‍പിലേക്ക് കൂട്ടിക്കൊണ്ടുപോയി......ഒരു മണ്‍പാത്രത്തില്‍ കുറെ പിടിയരി ഞാന്‍ അവിടെ കണ്ടു......എനിക്കിപ്പോള്‍ നിസ്വരുടെ പ്രാര്‍ത്ഥനാശബ്ദം കേള്‍ക്കാം.......

ദൈവം എന്‍റെ മുഖത്തേക്ക് നോക്കിക്കൊണ്ടു പറഞ്ഞു...........

നീ ചെന്ന് ജനത്തോട് പറയുക.....ഞാന്‍ നിസ്വരുടെ ദൈവമാണെന്ന്....കാലാപെറുക്കികളുടെദൈവമാണെന്ന്.........

ഞാനറിയാതെ പറഞ്ഞു.....അതെ അപ്രകാരം തന്നെ.......

No comments:

Post a Comment