Powered By Blogger

Tuesday, October 2, 2012

വിഗ്രഹഭഞ്ജനം



ഞാന്‍ തെരുവില്‍ അലഞ്ഞുനടക്കുകയായിരുന്നു........ഒരുതരം നിസ്സംഗതയും മടുപ്പും നിറഞ്ഞ ഒരുനടപ്പ്....കൊടുംതണുപ്പത്ത് മനസ്സും ശരീരവും ഒരുപോലെ മരവിച്ചിരുന്നു......ലക്ഷ്യമൊന്നുമില്ലാത്ത ഒരു ഒറ്റയാന്‍ യാത്ര.....എന്‍റെ മനസ്സിനെ കീഴടക്കിയ ക്ഷീണം കാലുകളുടെ വേഗത്തേയും ബാധിച്ചിരുന്നുവോ എന്നൊരു സംശയം ഇല്ലാതില്ല......

വിജനമായ നടപ്പാതയില്‍ ഞാന്‍ മാത്രമാണ് എതിര്‍ദിശയില്‍ സഞ്ചരിക്കുന്നത്..........എല്ലാവരും എനിക്കെതിരായാണ്(എതിരായുള്ള ദിശയിലേക്ക്) സഞ്ചരിക്കുന്നത്.......

വിരുന്നിന് പങ്കെടുക്കാന്‍ എല്ലാവരും ക്ഷണിക്കപ്പെട്ടിട്ടുണ്ട്(ഞാനും)........പക്ഷേ എന്‍റെ മനഃസാക്ഷി എന്നെ പ്രേരിപ്പിച്ചത് എതിര്‍ദിശയില്‍ സഞ്ചരിക്കുവാനാണ്.......കപടസൗഹൃദത്തേക്കാളും പൊങ്ങച്ചസംഭാഷണത്തെക്കാളും എത്രയോ നല്ലതാണ് നിശബ്ദത നിറഞ്ഞ ഈ ഒറ്റയാന്‍ യാത്ര......

ഞാന്‍ സഞ്ചരിച്ച അതേ ദിശയില്‍ അതേവഴിയിലൂടെ ഒരു പടുവൃദ്ധന്‍ എന്നെ മറികടന്നുപോകുന്നത് ഞാന്‍ നിര്‍ന്നിമേഷനായി നോക്കിനിന്നു.......

ആ മനുഷ്യന്‍റെ കാല്‍ചുവടുകള്‍ക്ക് ഒരു വെടിയുണ്ടയെക്കാള്‍ വേഗമുണ്ടായിരുന്നു......ആ മനുഷ്യനില്‍ ഒരു പോരാളിയുടെ ലക്ഷ്യബോധം ഞാന്‍ ദര്‍ശിച്ചു.......കൃശഗാത്രനായ ആ മനുഷ്യന്‍റെ യാത്രക്ക് ഒരു വന്‍തിരമാലയുടെ  കരുത്തുണ്ടായിരുന്നു.....ഒരു പ്രവാചകന്‍റെ ഊര്‍ജം ഞാനാമാനുഷ്യനില്‍ കണ്ടു..........

ആ മനുഷ്യനില്‍ നിറഞ്ഞുനിന്ന കാര്‍ക്കശ്യവും ആത്മബലവും എന്നിലേക്ക് പടരുന്നതുപോലെ എനിക്കനുഭവപ്പെട്ടു.......

ഞാനറിയാതെ ചോദിച്ചുപോയി......എങ്ങോട്ടാ ഇത്ര തിടുക്കത്തില്‍...?

( ശരംകണക്കെ മറുപടിയും വന്നു......എന്നെ ഒന്നുനോക്കുകപോലുംചെയ്യാതെ )

വിഗ്രഹഭഞ്ജനത്തിന്.......വരുന്നോ എന്‍റെകൂടെ...?

ഞാന്‍ അത്ഭുതപ്പെട്ടുപോയി........ഞാനോ? ഈ തണുത്തുറഞ്ഞുപോയ, ബലഹീനനായ ഈ ഞാനോ?

ആ മനുഷ്യന്‍ എന്‍റെനേരെ നോക്കി......കറുത്ത മുഖത്ത് ഞാനൊരു ദൈവദൂതനെക്കണ്ടു..... തീച്ചൂളയുടെ പ്രകാശവും തപസ്യതയില്‍നിന്നുടലെടുത്ത തേജസ്സും ആ മുഖത്ത് ഞാന്‍ കണ്ടു......
മരിച്ചവരെ ഉയിര്‍പ്പിക്കാന്‍ കഴിവുള്ള വാക്കുകള്‍ ആ മനുഷ്യനില്‍നിന്ന് പുറപ്പെട്ടു.......

ലോകത്തിന് സൌഖ്യം ലഭിക്കണമെങ്കില്‍ ചില വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെടണം.....

ഫാസിസ്റ്റ്‌ അധികാരത്തിന്‍റെ ചട്ടക്കൂട്ടില്‍ വാര്‍ത്തെടുത്ത, സമ്പത്തിന്‍റെ അഹങ്കാരത്തില്‍ അലങ്കരിച്ച, സ്വാര്‍ത്ഥതയുടെയും സുഖലോലുപതയുടേയും ആലസ്യതയുടെയും കോട്ടും സൂട്ടും അണിഞ്ഞ ചില വിഗ്രഹങ്ങള്‍........അവര്‍ കുറെ അടിമകളെ സൃഷ്ടിക്കുന്നു

അത്തരം വിഗ്രഹങ്ങള്‍ ഈ സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്നു.....എന്‍റെ പ്രവാചകന്മാരെ കല്ലെറിയുന്നു, നിശബ്ദരാക്കുന്നു......... ഭീഷണിയുടെ സ്വരമാണവരുടേത്

അവര്‍ അസത്യത്തെ ആവര്‍ത്തിച്ച്പറഞ്ഞ്‌ സത്യമാക്കുന്നതിനുള്ള ശ്രമം നടത്തുന്നു.....അവര്‍ ഭൂരിപക്ഷത്തിന്‍റെ അവകാശങ്ങളും ജീവനും നിഷേധിച്ച്‌ കേമന്മാരാകുന്നു.....അവര്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടി യുദ്ധങ്ങളും ഭിന്നതകളും സൃഷ്ടിക്കുകയും...........അക്രമം അഴിച്ചുവിട്ട് കുറെ പാവം മനുഷ്യരെ ബലിയാടുകളാക്കുകയും ചെയ്യുന്നു........എന്‍റെ ജനം നെടുവീര്‍പ്പിടുന്നു....അവരുടെ കഷ്ടത ഞാന്‍ കണ്ടു, കണ്ടു.....അവരുടെ നിസ്സഹായത എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു......

നീ വിഗ്രഹ വിഗ്രഹഭഞ്ജനത്തിന് എന്‍റെ കൂടെ വരിക...
കരുത്തുള്ളവനാകുക.........ബലം ധരിക്ക.....പൊളിപ്പാനും, നിര്‍മൂലമാക്കുവാനും, പണിവാനും, നടുവാനും ഞാന്‍ നിന്നെ വിളിക്കുന്നു......ഭയപ്പെടരുത്...പ്രതിസന്ധികളില്‍ തളരരുത്......

എതിര്‍ദിശയിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ആ വൃദ്ധന്‍ പറഞ്ഞു....നോക്കൂ ആ ദിശയിലേക്കാണ് ഭൂരിപക്ഷവും സഞ്ചരിക്കുന്നത്........അത് നാശത്തിന്‍റെ പാത......

ഞങ്ങള്‍ സഞ്ചരിക്കുന്ന പാതയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ആ ദൈവമനുഷ്യന്‍ പറഞ്ഞു....

ഇത് ജീവന്‍റെ പാത........പക്ഷേ ഈ യാത്രയില്‍ ചില വിഗ്രഹങ്ങളെ (നിന്‍റെയുള്ളിലും പുറത്തുമുള്ള) നീ തകര്‍ത്തേ മതിയാവൂ......അത്തരം വിഗ്രഹങ്ങള്‍ക്കെതിരായി നില്‍ക്കുവാന്‍ ജനത്തെ ഒരുക്കുക.........കൊയ്ത്തും വേലക്കാരും വളരെയുണ്ട് പക്ഷേ  വിഗ്രഹഭഞ്ജനത്തിന് തയ്യാറുള്ളവര്‍ ചുരുക്കം.......അതുകൊണ്ടുതന്നെ ഈ മത, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിസരങ്ങള്‍ വാര്‍ത്തുണ്ടാക്കിയ ഈ വിഗ്രഹങ്ങള്‍ തിമിര്‍ത്താടുന്നു.....വിഷം ചീറ്റുന്നു......ദുഷ്ടത പുറപ്പെടുവിക്കുന്നു......നന്മയെ തിന്മകൊണ്ട് നേരിട്ട് മരണം വിതയ്ക്കുന്നു....എന്‍റെ ജനത്തെ ചിന്നിക്കുകയും ചിതറിക്കുകയും ചെയ്യുന്നു....

ഞാനറിയാതെ ആ മനുഷ്യനോടൊപ്പം യാത്ര തുടര്‍ന്നു......ഞാന്‍ കിതയ്ക്കുന്നുണ്ടായിരുന്നു.......എന്നാല്‍.....എനിക്കിപ്പോള്‍ ആ മനുഷ്യനെ കുറെക്കൂടി അടുത്ത് കാണാം........അവന്‍റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്‍റെ മുറിപ്പാടുകള്‍ എനിക്ക് കാണാം......അയാള്‍ എന്നെ വാല്‍സല്യത്തോടെ നോക്കി...ആ നോട്ടത്തില്‍ ഒരായിരം വാക്കുകള്‍ ഞാന്‍ വായിച്ചു........വിഗ്രഹഭഞ്ജനത്തിന്‍റെ  അനിവാര്യമായ പ്രതിഫലമാണിതെന്ന സത്യം കൂടി......

ഞാനറിയാതെ ചോദിച്ചു....നസ്രായനേ.....നീ എവിടെ പാര്‍ക്കുന്നു........
അവന്‍ പറഞ്ഞു.....വന്നു കാണ്മിന്‍......ഞാന്‍ പിന്നെയും യാത്ര തുടര്‍ന്നു....ഇപ്പോള്‍ ഞാന്‍ കൂടുതല്‍ കരുത്തുള്ളവനായി......ഇപ്പോള്‍ കുറെയധികം ആളുകള്‍ യാത്രയിലുണ്ട്..........ജീവന്‍റെ ഭാഷയും പോരാട്ടവീര്യവുമായി.......ഞങ്ങള്‍ക്കിപ്പോള്‍ ഒരു ഭാഷയും ഒരു ലക്ഷ്യവുമാണുള്ളത്.......ഇഴപിരിയാത്ത ഒരു ബന്ധം ഞങ്ങളില്‍ ഉടലെടുത്തു........ദൈവസ്നേഹത്തിന്‍റെയും നീതിയുടേയും സമാധാനത്തിന്‍റെയും ഇഴയടുപ്പം.........യാത്രക്കിടയില്‍ ധാരാളം വിഗ്രഹങ്ങളെ കണ്ടു... അവയുടെ തകര്‍ക്കപ്പെടലുകള്‍ക്ക് സാക്ഷിയും പങ്കാളിയുമായി.....


No comments:

Post a Comment