Powered By Blogger

Saturday, October 13, 2012

നിശബ്ദതയിലെ പ്രതിഷേധം........









നിശബ്ദതയിലെ പ്രതിഷേധം.........

മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയില്‍ അവന്‍ ഒന്നും ഉത്തരം പറഞ്ഞില്ല. പീലാത്തോസ് അവനോട്; ഇവര്‍ നിന്‍റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്ന് കേള്‍ക്കുന്നില്ലയോ എന്ന് ചോദിച്ചു. അവന്‍ ഒരു വാക്കിനും ഉത്തരം പറയായ്കയാല്‍ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു........(ലൂക്കോ; ൨൭; ൧൨-൧൪ -  27: 12-14)

യേശുവിനെതിരെയുള്ള രണ്ട് പ്രധാന ആരോപണങ്ങള്‍

ഒന്ന് – അവന്‍ ജനത്തെ ഇളക്കിവിടുന്നു
രണ്ട് – അവന്‍ ജനത്തെ മല്‍സരികളാക്കുന്നു


(ഈ ആരോപണങ്ങള്‍ ഇന്നും പലര്‍ക്കുനേരെയും അധികാരവര്‍ഗം ഉയര്‍ത്തുന്നു........)

എന്തുകൊണ്ട്.........?

അനീതിയും, താന്‍പ്രമാണിത്വവും, കപടതയും, ചൂഷണവും, ഉച്ചനീചത്വവും, ഹൃദയകാഠിന്യവും നിറഞ്ഞ സമൂഹത്തിന്‍റെ പൊള്ളത്തരവും കാപട്യവും, ആത്മീയാഹന്തതയും, അധികാരപ്രമത്തതയും, പാപത്തിന്‍റെ നഗ്നതയും യേശുവിന്‍റെ ദിവ്യശോഭയില്‍ ലോകം നോക്കിവായിച്ചു..........യേശുവിന്‍റെ വാക്കുകളും, ജീവിതവും, പ്രവര്‍ത്തികളും, കൂടിക്കലര്‍ന്ന സൂര്യശോഭയില്‍ അവയുടെ യജമാനന്മാര്‍ ലജ്ജിതരായി........... 

വലിയവരെന്നു കരുതപ്പെട്ടിരുന്ന പലരും ചെറിയവരായി കാണപ്പെട്ടു....ചെറിയവരെന്നു കരുതിയിരുന്ന പലരും വലിയവരായും കാണപ്പെട്ടു......

വാക്കുകളിലെ സൂക്ഷ്മതയും, കാരുണ്യവും, ധീരതയും, സ്നേഹത്തിന്‍റെ തിരത്തള്ളലും, ജീവന്‍റെ കരുത്തും ദൈവവിശ്വാസത്തിന്‍റെ പേരില്‍ കെട്ടിപ്പൊക്കിയ ദൈവനിഷേധത്തിന്‍റെയും, മനുഷ്യവിവേചനത്തിന്‍റെയും ബാബേലുകളുടെ ആണിക്കല്ല് ഇളക്കിയപ്പോള്‍ അധികാരത്തിന്‍റെ യജമാനന്‍മാര്‍ ഭ്രമിച്ചു, അതിന്‍റെ പ്രയോക്താക്കള്‍ ഗൂഢാലോചനയുടെ ഫോണ്‍വിളികള്‍ മുഴക്കി............കിങ്കരന്മാര്‍ ഓടിക്കൂടി.....

.പുറത്ത് ശക്തികുറഞ്ഞവരെന്നു കരുതപ്പെട്ടിരുന്നവരുടെയും, നിശബ്ദരാക്കപ്പെട്ടിരുന്നവരുടെയും കാഹളശബ്ദം കേള്‍ക്കാം.....അവരുടെ സ്തുതിഗീതങ്ങള്‍ തെരുവീഥികളില്‍ കടല്‍ത്തിരകണക്കെ അലയടിച്ചു.....കുറെ സ്ത്രീകളും, കുഷ്ഠരോഗികളും, നിര്‍ധനരും വിദ്യാവിഹീനരുമായ കുറെ മനുഷ്യരും, പന്ത്രണ്ട് മല്‍സ്യത്തൊഴിലാളികളും ഒരു ആശാരിയുവാവും അവരുടെ മുന്‍പിലുണ്ട്........അവര്‍ ദൈവനിഷേധത്തിന്‍റെ അടയാളങ്ങള്‍ക്ക് ചുറ്റും ഏഴ് പ്രാവശ്യം വലംവച്ചത് ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്തി........

നിരായുധരായ, ബലഹീനരായ ജനത്തിന്‍റെ കണ്ണുനീരില്‍ചാലിച്ച പ്രാര്‍ത്ഥനകള്‍ ചില അനിഷേധ്യ സിംഹാസനങ്ങളുടെ കാലുകള്‍ക്ക് ബലക്ഷയത്തിനിടയാക്കി......ചിലതിന്‍റെ കാലുകളൊടിഞ്ഞ് സുഖസുഷുപ്തിയിലാണ്ടിരുന്ന അധികാരികള്‍ നിലത്തുവീണു.......മത-രാഷ്ട്രീയ അധികാരികളുടെ ബോധമണ്ഡലത്തിലേക്ക് (പാപത്തിന്‍റെ ദാസര്‍) അങ്കലാപ്പും, ഭീതിയും ഒരു കടന്നല്‍ക്കൂട്ടത്തിന്‍റെ ഇരമ്പല്‍ കണക്കെ ആഴ്ന്നിറങ്ങി.......അതവരുടെ ഉറക്കംകെടുത്തി.....

അവര്‍ മുപ്പതുവെള്ളിക്കാശുമായി ചില ഒറ്റുകാരെ തിരയുവാന്‍ കിങ്കരന്മാരെ വിലകൂടിയകാറുകളില്‍ പറഞ്ഞയച്ചു............

ജീവന്‍റെ രണ്ടാംപിറവി ആസന്നമായി........(കുടിലുകളില്‍ ആനന്ദവും അധികാരത്തിന്‍റെ കൊത്തളങ്ങളില്‍ പല്ലുകടിയും)

വാചാലതയും, വക്രബുദ്ധിയും, അധികാരത്തിന്‍റെ ബലവും, തീരുമാനസംഘങ്ങളിലെ സ്വാധീനവും ആള്‍ബലവും, ആത്മീയതയുടെ മുഖംമൂടിയും ഫോര്‍പീസ്‌ കോട്ടിന്‍റെ ആഢ്യത്വവും കൈമുതലാക്കിയ സമ്പന്ന ന്യൂനപക്ഷം ജീവന്‍റെ ഉറവക്ക് മതില്‍ തീര്‍ക്കുവാന്‍ അരയും തലയും മുറുക്കി രംഗത്തെത്തി............അവരുടെ സ്തുതിപാഠകര്‍ അവര്‍ പറഞ്ഞുകൊടുത്ത തന്ത്രങ്ങളും മന്ത്രങ്ങളും സാമാന്യവിവേകവും ആലോചനയും കൂടാതെ ഏറ്റുപറഞ്ഞുകൊണ്ടേയിരുന്നു.......

അവര്‍ നിരായുധനായ യേശുവിനെഅതിസാഹസികമായി കീഴടക്കി അധികാരദല്ലാളന്മാരുടെ മുന്‍പില്‍ കൊണ്ടുവന്ന്, ഇവന്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ഇളക്കിവിടുന്നെന്നുമുള്ള ആരോപണം ഒരു ലജ്ജയുംകൂടാതെ ഉന്നയിച്ചു..............യേശുവോ മിണ്ടാതിരുന്നു

ആ നിശബ്ദത ഒരു കൊടുങ്കാറ്റിന്‍റെ തൊട്ടുമുന്‍പിലെ ശാന്തതപോലെമാത്രമായിരുന്നുവെന്ന് എത്രപേര്‍ അറിഞ്ഞുവോ ആവോ?

ആ നിശബ്ദത ഇന്നെന്നോട് പലതും പറയുന്നു...........

അതില്‍ പ്രതിഷേധമുണ്ടായിരുന്നു.......പ്രാര്‍ത്ഥനയുണ്ടായിരുന്നു......
വിയോജിപ്പുണ്ടായിരുന്നു........കലഹമുണ്ടായിരുന്നു.

മാനുഷികതീരുമാനങ്ങളിലെ അവിവേകത്തോടും ബുദ്ധിശൂന്യതയോടുമുള്ള പരിഹാസമുണ്ടായിരുന്നു. ദൈവിക അധികാരത്തിന്‍റെയും നീതിബോധത്തിന്‍റെയും ആത്മബലമുണ്ടായിരുന്നു.......

അനീതിക്ക് കൂട്ട് നില്‍ക്കുന്ന, അധര്‍മത്തെ പ്രോല്‍സാഹിപ്പിക്കുന്ന യജമാനന്മാരോടുള്ള ചെറുത്തുനില്‍പുണ്ടായിരുന്നു.........

ആ നിശബ്ദതക്ക് ഉയിര്‍പ്പിന്‍റെ കരുത്തുണ്ടായിരുന്നു.................

ആ നിശബ്ദതക്ക് മൂന്ന് ദിവസങ്ങള്‍ക്ക്ശേഷം സംഭവിക്കുവാന്‍ പോകുന്ന ജീവന്‍റെ ആഘോഷത്തിന്‍റെ ചൈതന്യമുണ്ടായിരുന്നു...............


പ്രാര്‍ത്ഥന: ദൈവമേ.......ആ നിശബ്ദതയുടെ കരുത്ത്‌ എനിക്കും നല്‍കുക


No comments:

Post a Comment