Powered By Blogger

Wednesday, August 3, 2016

രോഹിത്‌ വെമുലയെന്ന എന്‍റെ സഹോദരാ.....മാപ്പ്

രോഹിത്‌ വെമുലയെന്ന എന്‍റെ സഹോദരാ.....മാപ്പ്
നിന്നെ ജീവിക്കുവാന്‍ അനുവദിക്കാതിരുന്ന ഈ വ്യവസ്ഥിതിയുമായി ചേര്‍ന്ന്നിന്ന് (അപ്പക്കഷണങ്ങള്‍ക്കുവേണ്ടി കലഹിക്കുന്നതിനിടയില്‍) നിന്നെ കാണാതെപോയതിന് മാപ്പ്...മാപ്പ്...മാപ്പ്
പ്രിയ രോഹിത്..........
നിന്നെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല
ആദ്യമായി നിന്‍റെ പേര്‍ ഇന്നാണ് കേള്‍ക്കുന്നത്
അതും നീ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയിലൂടെ
കാള്‍ സാഗനെന്ന ശാസ്ത്രഎഴുത്തുകാരനെപ്പോലെയാകാന്‍ കൊതിച്ച, പ്രകൃതിയെയും നക്ഷത്രങ്ങളെയും, ആകാശത്തെയും സ്നേഹിച്ച നീ എവിടെപ്പോയ്‌ മറഞ്ഞു....?പ്രകൃതിയെ മൊഴിചൊല്ലിയ മനുഷ്യരോട് കലഹിച്ച ........
മനുഷ്യന്‍റെ ചേതോവികാരങ്ങള്‍ക്ക് രണ്ടാംകിടസ്ഥാനം കല്‍പിച്ച വ്യവസ്ഥിതികളോട് വിരുദ്ധമായ നിലപാടുകളെടുത്ത..............
ആത്മാര്‍ത്ഥത ലവലേശമില്ലാത്ത, കേവലം കെട്ടിയുണ്ടാക്കിയ സ്നേഹത്തെ വെറുത്ത..........
വിശ്വാസങ്ങള്‍ക്ക് ജാതിയുടെയും, മതത്തിന്‍റെയും, കക്ഷിരാഷ്ട്രീയത്തിന്‍റെയും നിറം കൊടുത്തവര്‍ക്കെതിരെ പ്രതിഷേധിച്ച.........
മൌലികമായതിനെ കേവലം പുറംചായങ്ങളിലൂടെ നിര്‍വചിച്ച ലോകത്തെ തിരസ്കരിച്ച.............
മനുഷ്യനിലെ മനസ്സിനെ കാണാത്ത മൂഢക്രമങ്ങളെ പരിഹസിച്ച.........
ഒരു മനുഷ്യന്‍റെ മൂല്യം അവന്‍റെ/അവളുടെ നിര്‍മിത സ്വത്വങ്ങളിലും. സാദ്ധ്യതകളിലും മാത്രം കണ്ടെത്തിയ കപടലോകത്തെ തിരിച്ചറിഞ്ഞ..........
മനുഷ്യനെ ഒരു വോട്ടായി, അക്കമായി, വസ്തുവായി മാത്രം നിര്‍വചിച്ച ഒരു വ്യവസ്ഥിതിയെ നിഷേധിച്ച............
ജാതീയതയില്‍ മുങ്ങിക്കുളിച്ച ഈ സമൂഹം നിന്നില്‍ അടിച്ചേല്‍പ്പിച്ച ഇരുണ്ട ശൈശവത്തെ ഇഷ്ടപ്പെടാത്ത.............
ഈ സമൂഹത്തിന്‍റെ ഒറ്റപ്പെടുത്തലുകളോട് സമരം പ്രഖ്യാപിച്ച...........
ദളിതനെ അംഗീകരിക്കാത്ത, അഭിനന്ദിക്കാത്ത, പരിസരങ്ങള്‍ക്കുനേരെ മുദ്രാവാക്യം ഉയര്‍ത്തിയ...........
മുറിവേല്‍ക്കാതെ സ്നേഹിപ്പാനാവില്ലെന്ന് തിരിച്ചറിഞ്ഞ..........
കഴിഞ്ഞ ഏഴ് മാസമായി അര്‍ഹമായ സ്കോളര്‍ഷിപ്പ് ലഭിക്കാത്ത,40,000 രൂപ കടമുണ്ടായിരുന്ന..........
ഒരുദളിതനായതിന്‍റെ സാമൂഹ്യ ബഹിഷ്കരണം അനുഭവിച്ച...........
വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച..........
രോഹിതെന്ന സഹോദരാ............
എനിക്ക് ശൂന്യതയിലേക്ക് ആരും കാണാതെ മുഷ്ടികള്‍ ചുരുട്ടിയെറിയുവാനേ കഴിയുന്നുള്ളൂ....
പൊട്ടിക്കരയുവാന്‍ പോലുമാകാതെ ജാതിക്കോമരങ്ങളുടെ നാട്ടില്‍ ഞാന്‍ നിസ്സഹായനായിപ്പോകുന്നു........ഭയമാണോ, മരവിപ്പാണോ, നിസംഗതയാണോ, ഉദാസീനതയാണോ എന്നെ ബാധിച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല........
ഒന്ന് ഞാനറിയുന്നു..........നീ മരിച്ചതല്ല....ചീഞ്ഞഴിഞ്ഞ....മരണത്തിന്‍റെ ഗന്ധമുള്ള ചലം കെട്ടിനില്‍ക്കുന്ന.........ഈ വ്യവസ്ഥിതി നിന്നെ കൊന്നതാണെന്ന്.........
രോഹിത് വെമുലയെന്ന സഹോദരാ മാപ്പ്.......
നിന്നെ ജീവിക്കുവാന്‍ അനുവദിക്കാതിരുന്ന ഈ വ്യവസ്ഥിതിയുമായി ചേര്‍ന്ന്നിന്ന് അപ്പക്കഷണങ്ങള്‍ക്കുവേണ്ടി കലഹിക്കുന്നതിനിടയില്‍ നിന്നെ കാണാതെപോയതിന് മാപ്പ്...മാപ്പ്...മാപ്പ്

No comments:

Post a Comment