നസ്രായനും വഴിയാധാരമായ ഈ ഞാനും...........
വിമോചനദൈവശാസ്ത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവരെന്നെ ദൈവനിഷേധിയെന്ന് പറഞ്ഞ് കല്ലെറിഞ്ഞു......
പരിസ്ഥിതിദൈവശാസ്ത്രത്തെക്കുറിച്ച് എഴുതിയപ്പോള്‍ എല്ലാവരും എന്നെ വേദപുസ്തകവിരുദ്ധന്‍ എന്ന് വിളിച്ച് പരിഹസിച്ചു.......
ദളിത് ദൈവശാസ്ത്രം ഉറക്കെ വായിച്ച എന്നെ അവര്‍ കുലംകുത്തിയെന്നു പറഞ്ഞ് പടിക്ക് പുറത്താക്കി..........
സ്ത്രീവിവേചനത്തെ വിമര്‍ശിച്ചപ്പോള്‍ പാരമ്പര്യങ്ങളറിയാത്തവനെന്നു പറഞ്ഞ് എന്നെക്കുറിച്ച് അസത്യം പറഞ്ഞു പരത്തി.......
കൊളോണിയലിസത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എന്‍റെ അഭിപ്രായം പറഞ്ഞു എന്ന ഒറ്റക്കാരണത്താല്‍ എന്നെ ഒരു കാരണവശാലും എങ്ങും അടുപ്പിക്കരുതെന്ന് പറഞ്ഞ് എനിക്കെതിരെ ഫത്‌വ പുറത്തിറക്കി........
അങ്ങനെ ഞാന്‍ വഴിയാധാരമായി..........അങ്ങനെ എന്‍റെ ശരീരം മേലാളആധിപത്യത്താല്‍ വല്ലാതെ വളഞ്ഞുപോയി............ഒരു കീഴാളശരീരമായി എന്‍റേത്.....
വഴിയാധാരമായ ഞാന്‍ ഒരു ചായകുടിക്കുവാന്‍ അടുത്തുള്ള മാടക്കടയിലേക്ക് പോകുന്നവഴിക്ക് ഒരു വലിയ ആള്‍ക്കൂട്ടം....ഞാന്‍ എന്‍റെ കീഴാളശരീരവും തലയും മേലാളന്മാരുടെ ഇടയിലൂടെയിട്ട് എന്താണ് നടക്കുന്നതെന്ന് നോക്കി...........
ഒരുവന്‍ ഘോരഘോരം പ്രസംഗിക്കുന്നു......പരിസ്ഥിതിയെക്കുറിച്ച്, വിമോചനത്തെക്കുറിച്ച്, ദളിത്‌ശാക്തീകരണത്തെക്കുറിച്ച്, സ്ത്രീ വിമോചനത്തെക്കുറിച്ച്, കൊളോണിയലിസത്തിന്‍റെ കരാളഹസ്തങ്ങളെക്കുറിച്ച്....അങ്ങിനെ പലതും.......
എന്‍റെ കീഴാളകാഴ്ചയുടെ പ്രശ്നമാണോ എന്നറിയില്ല......പ്രസംഗകനെ എനിക്ക് നന്നായി അറിയാം.......എന്നെ കുലംകുത്തിയെന്നും. ദൈവനിഷേധിയെന്നും, പാരമ്പര്യനിഷേധിയെന്നും, വേദപുസ്തകവിരുദ്ധനെന്നും പറഞ്ഞ് എനിക്കെതിരെ ഫത്വ ഇറക്കുവാന്‍ പ്രമേയം അവതരിപ്പിച്ചവന്‍......എന്‍റെ കീഴാളതല ഞാന്‍ ഒന്ന് കുലുക്കി നോക്കി.......ഇത് അയാള്‍ തന്നെയോ.........?
അപ്പോള്‍ അണികളില്‍ ഒരാള്‍ പറയുന്നത് ഞാന്‍ കേട്ടു....” ഹോ ഭയങ്കരസംഭവം തന്നെയാണ് നമ്മുടെ നേതാവ്..........എന്തൊരു അറിവ്....എന്തൊരു....എന്തൊരു...എന്തൊരു....”.(അങ്ങനെ പല എന്തൊരുവും ഞാന്‍ കേട്ടു) ..........മറ്റൊരാള്‍ പറയുന്നത് കേട്ടു നമുക്കവനെ ജയിപ്പിക്കണം എന്തുവിലകൊടുത്തും
അപ്പോള്‍ ഞാന്‍ എന്‍റെ കീഴാളമനസ്സിനോട് പറഞ്ഞു........ചരിത്രം എപ്പോഴുമങ്ങനെയാണ്...........കാലത്തിന്മുന്‍പേ പറക്കുന്നവരെ കുരിശിലേറ്റും, കല്ലെറിയും, പട്ടണത്തിനുപുറത്ത് കൊണ്ടുപോയി തലകീഴായി തള്ളിയിടും............എന്നിട്ടവര്‍ മുന്‍പേപറന്ന മനുഷ്യരുടെ വസ്ത്രം പകുത്തെടുത്ത് അതണിയും.......എന്നിട്ടവര്‍ ലജ്ജകൂടാതെ (മൈലേജിനുവേണ്ടി) യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ മുന്‍പേപറന്ന പക്ഷികളെ വിറ്റുകാശാക്കും....പുത്തന്‍ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താന്‍............
ഇടുങ്ങിയവഴിയിലൂടെ അതിന്‍റെ ഓരംപറ്റി നടന്ന എനിക്ക്, വിശാലമായ പാതയിലെ ആള്‍ക്കൂട്ടത്തെ കാണാം....അവരുടെ നേതാവിന്‍റെ പുത്തന്‍ ആശയങ്ങള്‍ കേള്‍ക്കാം..........
പുറകില്‍ ഒരു ശബ്ദം കേട്ട ഞാന്‍ തിരിഞ്ഞു നോക്കി.....ആരാണ് എന്നോടൊപ്പം ഈ വഴിയില്‍( ഈ വഴി കീഴാളരുടെ മാത്രം വഴിയാണ്).........അടുത്തുവന്ന മുഷിഞ്ഞവസ്ത്രധാരി എന്നെ അവന്‍റെ കരങ്ങള്‍ കാണിച്ചു.............ഞാന്‍ കണ്ടു ആണിപ്പാടുള്ള കരങ്ങള്‍.......ഞാനറിയാതെ പറഞ്ഞുപോയി....എന്‍റെ കര്‍ത്താവും ദൈവവുമേ..........
അവന്‍റെ കരംചുംബിച്ച് ഞാന്‍ പറഞ്ഞു.....നസ്രായാനേ......കഴുവില്‍ ഏറ്റപ്പെട്ടവനേ......എന്നെ അനുഗ്രഹിക്കുക..........
ഒരു കീഴാളനായ എന്നെയവന്‍ കെട്ടിപ്പിടിച്ചു.........എന്നിട്ട് എന്‍റെ ചെവിയില്‍ മന്ത്രിച്ചു.........മനുഷ്യര്‍ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേര്‍ വിടക്ക് എന്ന് തള്ളുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍............
പിന്നെ ഞാനവനെ കണ്ടില്ല.........
പക്ഷേ......എന്നില്‍ ഉറവയെയെടുത്ത പുതുജീവന് വന്യമായ കരുത്തുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.............

No comments:
Post a Comment