Powered By Blogger

Saturday, July 19, 2014

സ്ത്രീകള്‍ക്കുള്ള “പുരുഷ(സ്ത്രീ) കേസരികളുടെ പത്ത് കല്‍പനകള്‍”

സ്ത്രീകള്‍ക്കുള്ള പുരുഷ(സ്ത്രീ)കേസരികളുടെ പത്ത് കല്‍പനകള്‍

സ്ത്രീകള്‍ നിരന്തരം ആക്രമിക്കപ്പെടുന്നു.....

പുരുഷമേധാവിത്വ സമൂഹം സ്ത്രീയെ കേവലമൊരു ഉപഭോഗവസ്തു മാത്രമാക്കുന്നു....പുരുഷന്‍റെ ലൈംഗികതൃഷ്ണ തീര്‍ക്കുവാനുള്ള ഒരു ജീവനുള്ള കളിപ്പാട്ടമായിമാത്രം സ്ത്രീശരീരം തീര്‍ക്കപ്പെടുന്നു.......

സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാകുന്നു.........അവരുടെ മുഖം വികൃതമാക്കപ്പെടുന്നു.....

ബാല്യംവിട്ടുമാറാത്ത പെണ്‍ശരീരങ്ങള്‍ പോലും ആക്രമിക്കപ്പെടുന്നു.........
ഇവിടെ സ്ത്രീയുടെ ശരീരവും, മനസ്സും, ആത്മാവും ഒരുപോലെ ആക്രമിക്കപ്പെടുന്നു......

എന്നിട്ടും.....!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ജീവിക്കുവാനുള്ള അവകാശത്തിനുവേണ്ടി നിലവിളിക്കുന്ന സ്ത്രീത്വത്തിന്‍റെ മുന്‍പില്‍ പുരുഷമേധാവിത്വ സമൂഹം(മതത്തിലും,സമൂഹത്തിലും, രാഷ്ട്രീയത്തിലും) വയ്ക്കുന്ന പത്തുകല്‍പനകള്‍......................................

ഒന്ന്: സ്ത്രീകളുടെ വസ്ത്രത്തിന്‍റെ നീളവും വീതിയും ആ പ്രദേശത്തെ പുരുഷന്മാരെ(പ്രമാണിമാരെ പ്രത്യേകിച്ച്) വിളിച്ചുകൂട്ടി തീരുമാനിക്കുക

രണ്ട്: സ്ഥലത്തെ പ്രധാനദിവ്യന്മാരുടെ അടുക്കല്‍ച്ചെന്ന് വീട്ടില്‍നിന്ന് ഇറങ്ങേണ്ടതിന്‍റേയും വരേണ്ടതിന്‍റേയും സമയം സ്ത്രീകള്‍ മുന്‍കൂട്ടി നിശ്ചയിക്കുക( അവരോട് ചോദിച്ചു ഒരു ദിവസത്തെ മൊത്തം സമയക്രമം ഉണ്ടാക്കിയാല്‍ ഏറ്റം നല്ലത്)

മൂന്ന്: പുരുഷന്മാര്‍ നിന്‍റെ ശരീരത്തെക്കുറിച്ച് എന്ത്‌ പറഞ്ഞാലും, നിന്നോട് എന്ത്‌ ചെയ്താലും പ്രതികരിക്കരുത്. അതവരുടെ ഓരോരോ തമാശകള്‍ മാത്രം......(സ്ത്രീകള്‍ മിണ്ടാതിരിക്കട്ടെ....)

നാല്: സ്ത്രീ പുരുഷന്‍റെ അടിമയാണ്. അടിമയോട് യജമാനന് (പുരുഷന്) എന്തുമാവാം. വിധേയപ്പെട്ടു കൊടുത്തേക്കുക.......സഹിക്കുക....സ്ത്രീ സര്‍വംസഹയാണല്ലോ......(സ്ത്രീ യജമാനനോടെന്നപോലെ പുരുഷനോട് പെരുമാറണം)

അഞ്ച്: സ്ത്രീപക്ഷപഠനങ്ങളെയും പ്രവര്‍ത്തനങ്ങളേയും പുച്ഛിച്ച് തള്ളുക.....അവകള്‍ പാശ്ചാത്യസംസ്കാരത്തില്‍  നിന്നുള്ളവയാണ്...ഭാരതീയ പാരമ്പര്യം എപ്പോഴും പിന്തുടരണം( നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി)

ആറ്: വേദപുസ്തകം എപ്പോഴും പുരുഷകേന്ദ്രീകൃത കാഴ്ചപ്പാടില്‍ വായിക്കുക, വ്യാഖാനിക്കുക.......സ്ത്രീപക്ഷവായന ദൈവനിഷേധമാണ്.....(ദൈവം പുരുഷനാണ്)

ഏഴ്: സ്ത്രീ ബലഹീനപാത്രമാണെന്നും, അബലയാണെന്നും, പുരുഷമേധാവിത്വത്തെ അംഗീകരിക്കുന്നവളാണെന്നും (ഏത് രൂപത്തിലുമുള്ള) രാവിലെ അഞ്ചുപ്രാവശ്യവും വൈകിട്ട് മൂന്ന് പ്രാവശ്യവും സാഷ്ടംഗപ്രണാമം നടത്തിക്കൊണ്ടു, മുകളിലേക്ക്‌ നോക്കാതെ, താഴേക്ക് മാത്രം നോക്കിക്കൊണ്ട് പറയുക.....

എട്ട്: സ്ത്രീസ്വാതന്ത്ര്യം, സ്ത്രീശക്തീരണം, സ്ത്രീവിമോചനം, സ്ത്രീസമത്വം തുടങ്ങിയവകളോട് പുറംതിരിഞ്ഞുനില്‍ക്കുകയും, അവകളെ പുറകില്‍നിന്ന് എപ്പോഴും കുത്തുകയും ചെയ്യുക.........

ഒന്‍പത്: ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്ക് സമൂഹങ്ങളിലെ എല്ലാ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളേയും ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യണം. പ്രത്യേകിച്ചും സ്ത്രീ ദൈവത്തിന്‍റെ മുന്‍പില്‍ രണ്ടാംകിട പൌരയാണെന്ന ധ്വനി വരുന്നതോ, ആ ആശയം അരക്കിട്ടുറപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങളെ.......... ( അത് നിന്‍റെ ധര്‍മ്മമാണ്)........

പത്ത്: എല്ലാം വിധിയാണെന്ന് കരുതുക, സ്വയം സമാധാനിക്കുക.........(നിനക്കെതിരെയുള്ള എല്ലാ പീഡന/അക്രമ/ അപമാന/പരിഹാസ ശ്രമങ്ങളും).......

ഈ കല്‍പനകള്‍ അനുസരിക്കുന്നതോടൊപ്പം എപ്പോഴും പുരുഷന് നാലടി പുറകിലായി നില്‍ക്കുകയോ, നടക്കുകയോ ചെയ്യണം. എല്ലാ തീരുമാനസംഘങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കണം.....എല്ലാം പുരുഷന് മാത്രമേ ചെയ്യുവാന്‍ കഴിയൂ എന്ന് മനസ്സിലും, ഉറക്കെയും പറഞ്ഞുകൊണ്ടേയിരിക്കണം..........

(ഇതൊരു പരിഹാസമാണ്.....സ്ത്രീകള്‍ക്കെതിരെ പീഡനങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും, പുരുഷനെ( അവരെ ആക്രമിക്കുന്ന), പുരുഷമേധാവിത്വത്തെ അനുകൂലിക്കുന്ന, വിമര്‍ശിക്കാത്ത ആശയങ്ങളോട്, തത്വങ്ങളോടുള്ള പരിഹാസം............സ്ത്രീകളെ വീണ്ടും അപമാനിക്കുന്ന പുരുഷകേസരികളുടെ വരട്ടു വാദങ്ങളോടും, പെരുമാറ്റങ്ങളോടുമുള്ള ഒരു കൊഞ്ഞനം കുത്തല്‍ മാത്രമാണിത്)

Thursday, July 17, 2014

ഗാസയിലെ ജനങ്ങളുടെ ദൈവം.....

ഗാസയിലെ ജനങ്ങളുടെ ദൈവം.....

ഗാസയില്‍ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയുംതന്നെ.....അമ്മമാര്‍ മക്കളെച്ചൊല്ലിക്കരയുന്നു......മക്കള്‍ അമ്മമാരെക്കാണാതെ അലറിക്കരയുന്നു

ഗാസയിലെ കുഞ്ഞുങ്ങളുടെയും, സ്ത്രീകളുടെയും, മുറിവേല്‍ക്കപ്പടുന്നവരുടേയും ജീവനായുള്ള നിലവിളി എങ്ങും മുഴങ്ങുന്നുണ്ടായിരുന്നു........

ഗാസയിലെ ജനങ്ങളുടെ ദൈവമേ..........നീ അവരുടെ നിലവിളി കേള്‍ക്കുന്നില്ലേ?

ഭൂമിയുടെ ഉടയവനേ.........ജനം അഭയാര്‍ത്ഥികളായി പാലായനം ചെയ്യുന്നു.....നീ അവര്‍ക്ക് കൊടുത്ത മണ്ണില്‍ നിന്നും അവര്‍ കുടിയിറക്കപ്പെടുന്നു....അവരുടെ പ്രതീക്ഷകളും, ജീവിക്കുവാനുള്ള അവകാശവും എന്തേ അവര്‍ക്ക് നിഷേധിക്കപ്പെടുന്നു?

മനുഷ്യരുടെ രക്തത്തിന്‍റെ നിറവും മണവും ഒന്നല്ലേ?

മനുഷ്യര്‍ ശ്വസിക്കുന്ന വായുവിന് മതമുണ്ടോ, മനുഷ്യനിര്‍മ്മിതമായ വേലിക്കെട്ടുകളുണ്ടോ, വിശ്വാസത്തിന്‍റെ വേര്‍തിരിവുകളുണ്ടോ, വര്‍ണ-വര്‍ഗ വ്യത്യാസങ്ങളുണ്ടോ.....?

ഇവിടെ ഈ മുറിക്കുള്ളില്‍ ഞാന്‍ സുരക്ഷിതന്‍............ഗാസയിലെ എന്‍റെ സഹോദരങ്ങള്‍ തെരുവിലലയുന്നു, മരണത്തെ മുഖാമുഖം കാണുന്നു......ദൈവമേ ഇത് നീതി നിഷേധമല്ലേ? ജീവന്‍റെ മേലുള്ള കടന്നുകയറ്റമല്ലേ?

ദൈവം എന്നെ ദര്‍ശനത്തില്‍ ഗാസയിലേക്ക് കൊണ്ടുപോയി......എന്നിട്ടെന്നോടു പറഞ്ഞു........ആ തെരുവിലേക്ക് നോക്കുക..........കൂടെ ഒരു ചോദ്യവും.....നീ ആരെ കാണുന്നു?

സൂക്ഷിച്ചുനോക്കിയ ഞാന്‍ ആശ്ചര്യഭരിതനായി! ........ പാലായനം ചെയ്യുന്ന, മുറിവേല്‍ക്കുന്ന, കരയുന്ന, വിലപിക്കുന്ന എല്ലാവര്‍ക്കും ക്രിസ്തുവിന്‍റെ മുഖം.....ഒരിക്കല്‍ കുരിശേറ്റം സഹിച്ച ക്രിസ്തു ഇപ്പോളിവിടെ വെടിയേല്‍ക്കുന്നു....ക്രിസ്തുശരീരം തകര്‍ക്കപ്പെടുന്നു

ഞാന്‍ ദൈവത്തോടു ചോദിച്ചു.....യിസ്രായേലിനെ, ഫറവോന്‍റെ അടിമത്വത്തില്‍ നിന്ന് വിടുവിച്ച ദൈവമേ, അങ്ങ് പാലസ്തീന്‍ ജനതയെ യിസ്രായേലിലെ കിരാതരുടെ പക്കല്‍നിന്നും വിടുവിക്കുകയില്ലേ?

കത്തുന്ന മുള്‍പ്പടര്‍പ്പിനെ കാണാന്‍ കഴിയുന്ന ഉള്‍ക്കാഴ്ചയുള്ള മോശമാരെ ഞാനന്വേഷിക്കുകയാണ്.....പക്ഷേ ആരേയും കാണുന്നില്ല..ദൈവം എന്നോട് പറഞ്ഞു..

നീതിബോധമുള്ള, ഇച്ഛാശക്തിയുള്ള, വിവേകമുള്ള, പരിജ്ഞാനമുള്ള, ദൈവബോധമുള്ള, മനുഷ്യദര്‍ശനമുള്ള, ജീവന്‍റെ സംരക്ഷണം സ്വപ്നംകാണുന്ന, മോശമാര്‍ എവിടെപ്പോയി ഒളിക്കുന്നു....ഞാന്‍ ചോദിച്ചു

ദര്‍ശനമുള്ള ഒരു ജനതക്കു മാത്രമേ ഇന്നിന്‍റെ മോശമാരെ സംരക്ഷിക്കുവാന്‍ കഴിയൂ............സാമ്രാജ്യത്വത്തിന്‍റെ വക്താക്കളായ ഫറവോമാരുടെ കല്പനകള്‍ക്കപ്പുറത്തേക്ക്പോയി മോശമാരെ സംരക്ഷിക്കുവാന്‍ തക്ക ആര്‍ജവത്വമുള്ള സൂതികര്‍മിണികളെ ഞാനെല്ലായിടത്തും അന്വേഷിച്ചു കണ്ടില്ലതാനും.......ദൈവം തുടര്‍ന്നു

ഗാസയിലെ ജനങ്ങളുടെ കഷ്ടത ഞാന്‍ കണ്ടു..കണ്ടു....അവരുടെ നിലവിളി ഞാന്‍ കേട്ടു...കേട്ടു.......അവരെന്‍റെ ജനം.....അവരെ ഞാന്‍ സ്വാതന്ത്ര്യത്തിലേക്ക് നയിക്കും..............നിങ്ങള്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ഈ കല്ലുകള്‍ അവരുടെ വിടുതലിനായ് ആര്‍ത്തുവിളിക്കും............ദൈവം തെരുവിലേക്ക്/പീഡിതരുടെ അടുക്കലേക്ക് ധൃതിയില്‍ നടക്കുന്നതിനിടയില്‍ ഉറക്കെ(ദിക്കുകളെ പിളര്‍ക്കുമാറ്) വിളിച്ചു പറയുന്നുണ്ടായിരുന്നു

ദര്‍ശനത്തില്‍ നിന്നുണര്‍ന്ന ഞാന്‍ തിരിച്ചറിഞ്ഞു ഗാസയിലെ ജനതയുടെ നിലവിളി കേള്‍ക്കാന്‍ കഴിയാത്ത ഞാന്‍ ബധിരനും, അവരെ കൊലചെയ്യുന്നവര്‍ക്കും പീഡിപ്പിക്കുന്നവര്‍ക്കുമെതിരെ ശബ്ദമുയര്‍ത്താത്ത ഞാന്‍ മൂകനും അവരുടെ കണ്ണുനീര്‍ കാണാത്ത ഞാന്‍ അന്ധനുമാണെന്ന്.......ഞാന്‍ ആത്മാവില്ലാത്ത വെറും ജഡമാണെന്ന്




Tuesday, July 15, 2014

ക്രിസ്തുവിനെ ഉപേക്ഷിച്ചവരോ.....ക്രിസ്തു ഉപേക്ഷിച്ചവരോ?


ക്രിസ്തുവിനെ ഉപേക്ഷിച്ചവരോ.....ക്രിസ്തു ഉപേക്ഷിച്ചവരോ?



ചെറുത്തുനില്‍പിന്‍റെ മധ്യത്തില്‍ സാമ്രാജ്യശക്തികള്‍ക്ക് താല്‍കാലിക വിജയം........അവര്‍ അധികാരത്തിന്‍റെ ദന്തഗോപുരങ്ങളിലിരുന്നു ചെറുത്തുനിന്നവരെ കൊഞ്ഞനംകുത്തി, പരിഹാസത്തോടെ പല്ലിളിച്ചു കാണിച്ചു

അവര്‍ ഘോരഘോരം പുത്തന്‍ക്രമത്തിന്‍റെ രൂപഭംഗി വിവരിച്ചു.........കേട്ടുനിന്നവരുടെ മനസ്സില്‍ ഒരു ലഡു പൊട്ടി......നാവില്‍ കപ്പലോടിക്കാന്‍ പാകത്തില്‍ ഉമിനീര്‍ കവിഞ്ഞൊഴുകി.......ചെറുത്തുനിന്നവരില്‍ മഹാഭൂരിപക്ഷവും ലഡുവിന്‌ പിന്നാലെ പാഞ്ഞു.....ചിലര്‍ ഇതിനോടകം കപ്പലോടിക്കാന്‍ കപ്പിത്താന്മാരെ തേടി നടന്നു

മിടുക്കന്മാരായ മറ്റുചിലരാകട്ടെ സാമ്രാജ്യശക്തികളുടെ മുന്‍പില്‍ ബുദ്ധിപരമായ നിശബ്ദത പാലിച്ചു (ഉച്ഛിഷ്ടങ്ങള്‍ക്കു വേണ്ടി, അവര്‍ വച്ചു നീട്ടുന്ന അധികാരക്കസേരകള്‍ക്കുവേണ്ടി) …….അവരുടെ കൊള്ളരുതായ്മകളെ, കൊലപാതകത്തെ, ഗര്‍വിനെ,  എല്ലാവരും മറക്കുവാന്‍ ശീലിച്ചുകഴിഞ്ഞു

അവര്‍ സത്യത്തെ തമസ്കരിച്ചു, ധര്‍മത്തെ ബോധപൂര്‍വം മറന്നു, നീതിയെ കുരിശേറ്റി.............സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി, അംഗീകാരത്തിന്‍റെ അപ്പക്കഷണങ്ങള്‍ക്കുവേണ്ടി......

ചിലര്‍ അവര്‍ക്ക് പുത്തന്‍കുപ്പായങ്ങള്‍ തയിക്കുന്ന തിരക്കിലായിരുന്നു...

മറ്റുചിലരാകട്ടെ അവര്‍ക്കായി സ്തുതിഗീതങ്ങള്‍ ചിട്ടപ്പെടുത്തുന്ന തിരക്കിലും...

ഒരുകൂട്ടര്‍ യജമാനന്മാരുടെ കാലുകള്‍ നക്കുകയായിരുന്നു......

ചെറുത്തുനിന്നവരില്‍ ഭൂരിപക്ഷവും മധുരത്തിനുചുറ്റും ഉറുമ്പുകളെന്നപോലെ കൂട്ടംകൂടി ഏന്തിനൊക്കെയോവേണ്ടി കലപില കൂട്ടിക്കൊണ്ടിരുന്നു........

ഞാന്‍ ക്രിസ്തുവിനെ അവിടെയെല്ലാം അന്വേഷിച്ചു.........കണ്ടില്ലതാനും
കുറച്ചുമുന്‍പ്‌വരെ ഞങ്ങളോടൊപ്പം സഞ്ചരിച്ച ക്രിസ്തു എങ്ങോട്ടോ ധൃതിയില്‍ നടന്നുപോവുന്നു......

ഞാന്‍ ചോദിച്ചു, കര്‍ത്താവേ ഞങ്ങളെ വിട്ടിട്ട് എവിടേക്ക്?

ഒരു പുഞ്ചിരിയോടെ ക്രിസ്തു എന്‍റെ കണ്ണിലേക്കുപോലും നോക്കാതെ ചോദിച്ചു, എന്നെ ഉപേക്ഷിച്ച് നിങ്ങള്‍ എങ്ങോട്ട്? ചെങ്കോലും കിരീടവും കണ്ടപ്പോള്‍ നിങ്ങള്‍ എന്നെ ബോധപൂര്‍വം ഉപേക്ഷിച്ചുവല്ലേ?"

ക്രിസ്തു തുടര്‍ന്നു, “സാരമില്ല ഒരു പുതിയ ആകാശവും ഭൂമിയും ഞാന്‍ അശക്തരിലൂടെ പണിയും, ശിശുക്കളെയുംയും മുലകുടിക്കുന്നവരെയും ഞാന്‍ അതിന്‍റെ പ്രവാചകരാക്കും...... അവര്‍ സാമ്രാജ്യ ശക്തികളെ (ദാവീദിനെപ്പോലെ) എറിഞ്ഞു വീഴ്ത്തും.....നിങ്ങള്‍ ലജ്ജിച്ചു തല താഴ്ത്തും.........

അവന്‍റെ ശബ്ദത്തിന് ഇരുവായ്ത്തലയുള്ള വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു..........

Tuesday, April 29, 2014

എന്‍റെ പ്രിയ സുഹൃത്തിന്.........



എന്‍റെ പ്രിയ സുഹൃത്തിന്.........

എന്‍റെ പ്രിയ സുഹൃത്തേ, നിന്നെക്കുറിച്ചുള്ള വാക്കുകളിലെ കപടതയും, പൊള്ളത്തരവും, കളവും നീ തിരിച്ചറിയുക.....

നിന്നെക്കുറിച്ചുള്ള പുകഴ്ത്തലുകളും, ഗീര്‍വാണങ്ങളും കേവലം നിരര്‍ത്ഥകമായ വാക്കുകള്‍ മാത്രമെന്ന് തിരിച്ചറിയുക..........അതിലൊന്നും നീ പുകഴരുത്.....

ദൈവത്തോടും, ദൈവികനിയോഗങ്ങളോടും, നിന്‍റെ മന:സ്സാക്ഷിയോടും നീതി പുലര്‍ത്തുക....അതില്‍ നിന്‍റെ സ്വാതന്ത്ര്യവും അര്‍ത്ഥവും കണ്ടെത്തുക.......................

നിന്‍റെ നിയോഗയിടങ്ങളില്‍ ഒരു തീര്‍ഥാടകനെപ്പോലെ നടക്കുക.......ഒരു സാധുവായി, ഒന്നും സ്വന്തമല്ലെന്നു ഉച്ചൈസ്തരം പ്രഘോഷിച്ചുകൊണ്ട്.............

നിയോഗങ്ങളില്‍ വലുതെന്നോ, ചെറുതെന്നോയില്ല...നിയോഗങ്ങള്‍ മാത്രമേയുള്ളൂ........

നിയോഗങ്ങളെ നീ ഗൌരവമായി കാണുമ്പോള്‍ അവ നിന്നില്‍ മുറിപ്പാടുകള്‍ സൃഷ്ടിക്കും......അതാണ് നിന്‍റെ ക്രൂശ്.......

സുഹൃത്ബന്ധങ്ങളിലെ കള്ളനാണയങ്ങളെ തിരിച്ചറിയുക പ്രയാസംതന്നെ......അഥവാ തിരിച്ചറിഞ്ഞാല്‍ ക്ഷോഭിക്കരുത്.....അവരുടെ രൂപാന്തരത്തിനായി പ്രാര്‍ഥിക്കുക, കാത്തിരിക്കുക.......അവരെ അവരുടെ വഴിക്കുവിടുക

വഴിയരികില്‍നിന്നും നിന്നെ നോക്കി പരിഹസിക്കുകയും, കല്ലെറിയുകയും ചെയ്യുന്നവരുടെ പിന്നാലെപോയി നിന്‍റെ നിയോഗങ്ങളുടെ നെരിപ്പോടിലെ കനല്‍ കെടുത്തരുത്..............അവരെ അവരുടെ വഴിക്കുവിടുക

വേറിട്ട ശബ്ദങ്ങള്‍ക്കും, പ്രതിഷേധത്തിന്‍റെ സ്വരങ്ങള്‍ക്കും നീ  ചെവികൊടുക്കുക..........അവകള്‍ക്ക് നിന്നോട് എന്തോ പറയുവാനുണ്ട്.........

അംഗീകാരമോ, പ്രശസ്തിയോ, സ്വീകര്യതയോ ആവരുത് നിന്‍റെ നിയോഗങ്ങളെ മുന്‍പോട്ട് നയിക്കേണ്ടത്.............പിന്നെയോ പുതിയ ആകാശത്തെക്കുറിച്ചും, പുതിയ ഭൂമിയെക്കുറിച്ചുമുള്ള നിന്‍റെ സ്വപ്നങ്ങളാകട്ടെ........

നിന്‍റെ ബോധ്യങ്ങളും, നിലപാടുകളും ദൈവനീതിയിലധിഷ്ഠിതമാവട്ടെ.........ചിലപ്പോള്‍ ശക്തരുടെ നീതി താല്‍ക്കാലികമായി ജയിച്ചേക്കാം.......നിരാശപ്പെടരുത്.....ഒരു ഉയര്‍പ്പിനായി കാത്തിരിക്കുക.....

നീതിയുടെ വഴിയില്‍ നീ എപ്പോഴും തനിച്ചായിരിക്കും........പതറരുത്..........മഹാഭൂരിപക്ഷത്തോട് ചേര്‍ന്ന് അനീതിയെ പുല്‍കുന്നതിനെക്കാള്‍ എത്രയോ ശ്രേഷ്ഠമാണ് തനിയെ ദൈവത്തോടൊപ്പം നടക്കുന്നത്.............

നിന്‍റെ ഇന്നത്തെ മണ്ടത്തരങ്ങള്‍നാളെ സത്യങ്ങളായി പുരമുകളില്‍ ഘോഷിക്കപ്പെടും.........ഇന്നത്തെ അവകാശവാദങ്ങളെയും, വീരവാദങ്ങളെയും ചരിത്രം പുഛിച്ചു തള്ളും.............

നിന്‍റെ നിയോഗവഴികളില്‍ നിന്നോടൊപ്പം യാത്രചെയ്തവരും, നിന്നോടൊപ്പം അത്താഴം കഴിച്ചവരും നിന്നെ വിട്ടുപിരിഞ്ഞേക്കാം.........തീവ്രമായ തിക്താനുഭവങ്ങള്‍ നിന്‍റെ നിയോഗത്തിന്‍റെ അടയാളങ്ങളാണ്............

അസത്യത്തെ ന്യായീകരിക്കുന്ന, നീതിയുടെ കുരിശേറ്റത്തില്‍ തിമിര്‍ക്കുന്നവരെ നീ ഭയപ്പെടരുത്..........അത് എക്കാലത്തും അങ്ങിനെത്തന്നെയാണ്..........അതാണ് ചരിത്രം.....

കല്ലറയില്‍ കുഴിച്ചുമൂടപ്പെട്ട, മുദ്രയിടപ്പെട്ട, രാജകിങ്കരന്മാരാല്‍ കാവലാക്കപ്പെട്ട സത്യങ്ങളെക്കുറിച്ചോര്‍ത്ത് നീ ആകുലചിത്തനാവരുത്‌........അവകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.....സത്യം

നിന്‍റെ നിയോഗവഴികളില്‍ നീ കൊല്ലപ്പെട്ടാല്‍പ്പോലും നീയായിരിക്കും വിജയിക്കുക.........കാരണം, നീ ഉത്ഥാനത്തിന്‍റെ പാതയിലാണ്..........

എന്‍റെ പ്രിയ സുഹൃത്തേ..............നീ തനിച്ചല്ല ഈ നിയോഗവഴിയില്‍........നിനക്കുമുന്‍പായി ആരൊക്കെയോ അങ്ങകലെ നടക്കുന്നത് നീ കാണുന്നില്ലേ............സൂക്ഷിച്ചു നോക്കുക.....അവരില്‍ ക്രിസ്തുവുമുണ്ട്............പതറാതെ, തളരാതെ നീ നടക്കുക....

എന്‍റെ പ്രിയ സുഹൃത്തെ, നിനക്ക് പിന്നിലായി ഞാനുമുണ്ട്.........


Friday, March 7, 2014

തിരിച്ചറിവ്

തിരിച്ചറിവ്

ഞാന്‍ പലവട്ടം പറഞ്ഞത്............

അവരെന്തേ അത് പറഞ്ഞില്ലാ......അവരെന്തേ അത് ചെയ്തില്ലാ.....

അനീതി കണ്ടിട്ടും അയാളെന്തേ മിണ്ടിയില്ലാ.....അനീതി കണ്ടിട്ടും അയാളെന്തേ അത് ചെയ്തില്ലാ.....

അവര്‍ക്കത് പറഞ്ഞുകൂടായിരുന്നോ.........അവര്‍ക്കത് ചെയ്തുകൂടായിരുന്നോ.........

ഞാന്‍ പറയാതെ(അറിയാതെ) പോയത്................

ഞാനെന്തേ അത് പറഞ്ഞില്ലാ.......ഞാനെന്തേ അത് ചെയ്തില്ലാ.....

അനീതി കണ്ടിട്ടും ഞാനെന്തേ മിണ്ടിയില്ലാ.....അനീതി കണ്ടിട്ടും ഞാനെന്തേ അത് ചെയ്തില്ലാ.....

എനിക്കത് പറഞ്ഞുകൂടായിരുന്നോ.........എനിക്കത് ചെയ്തുകൂടായിരുന്നോ.........

തിരിച്ചറിവ്..........

ഞാനും, അവരും ചേരുമ്പോള്‍ നമ്മളാവുന്നു..............

ഞാനും അവരും ചേരുന്ന നമ്മള്‍ അനങ്ങാക്കിടപ്പില്‍നിന്ന് എന്നുണരും....?

പുലരാന്‍ വൈകുന്ന നീതിയ്ക്കുവേണ്ടി നമുക്കെന്ന്‍ ആത്മീയാകുലത പേറുവാന്‍ കഴിയും?

ആത്മാവിനെ വലയം ചെയ്തിരിക്കുന്ന അഗാധമായ നിശബ്ദത നമുക്കെന്ന്‍ ഭഞ്ജിക്കുവാനാകും....?

പരമ നിസ്സഹായതയുടെയും നിസ്സംഗതയുടെയും മാളങ്ങളില്‍നിന്ന് നമുക്കെന്ന്‍ പുറത്ത് കടക്കാനാവും?

അശാന്തമായ, വക്രീകരിക്കപ്പെട്ട, അക്രമവും അനീതിയും നിറഞ്ഞ, ഉച്ചനീചത്വങ്ങള്‍കൊണ്ട് അലങ്കോലപ്പെട്ട, ഗര്‍വും ക്രൌര്യവും നിറഞ്ഞ ഈ സാമൂഹിക പരിസരത്തില്‍ നീതിയുടെ പ്രഭാതകിരണങ്ങള്‍ വിളംബരപ്പെടുത്തുവാന്‍ നമുക്കെപ്പോള്‍ കഴിയും?

എന്‍റെ( അല്ല നമ്മുടെ) പ്രാര്‍ത്ഥന...............

നീതിയുടെയും സ്നേഹത്തിന്‍റെയും കന്മദം ഈ ഭൂവില്‍വിരിയിച്ച ക്രിസ്തുവേ......ഉള്ളിലുരുള്‍പ്പൊട്ടുന്ന ആത്മവേദനയോടും കരച്ചിലോടും കൂടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു

കരിമ്പാറക്കടുപ്പമുള്ള ഞങ്ങളുടെ ഹൃദയങ്ങളില്‍ നീതിബോധത്തിന്‍റെ ഒരു മുളപ്പ് നല്‍കുക

ചത്തുമരവിച്ച ഞങ്ങളുടെ ചിന്തകളെ പ്രവാചകശബ്ദത്താല്‍ തട്ടിയുണര്‍ത്തുക

ഭീകരമായി നിരുല്‍സാഹപ്പെട്ടുപോയ ഞങ്ങളെ കത്തുന്ന മുള്‍പ്പടര്‍പ്പിന്‍റെ ദര്‍ശനത്തിലൂടെ അതിജീവനത്തിന്‍റെ പുത്തന്‍പാഠങ്ങളിലേക്ക് നയിക്കുക

ഞങ്ങളുടെ അധരങ്ങളെ സ്വര്‍ഗീയതീക്കനല്‍കൊണ്ട് സ്പര്‍ശിക്കുക...അവകളെ വിശുദ്ധിയുടെ തീനാമ്പുകളാക്കുക...

മ്ലാനവും മങ്ങിയതുമായ ഞങ്ങളുടെ ഉള്‍ക്കാഴ്ചകളെ അങ്ങയുടെ ഉത്ഥാനത്തിന്‍റെ പ്രകാശത്താല്‍ പ്രസന്നവും സൂക്ഷ്മവുമാക്കുക
സ്മൃതിപേടകങ്ങളിലിരുന്ന്‍, രാജകീയപ്രതാപത്തോടെ അവകാശവാദങ്ങള്‍ മുഴക്കുന്ന ഞങ്ങളെ ചാട്ടവാറുകള്‍ കൊണ്ടടിക്കുക....

ഞങ്ങളുടെ ദൈവമേ.......ജാതിപ്പിശാച് ബാധിച്ച, അനീതിനിറഞ്ഞ, ജീവിതക്രമങ്ങളില്‍നിന്നും ഞങ്ങളെ പുതിയ ആകാശത്തിന്‍റെയും ഭൂമിയുടെയും ദൈവരാജ്യ കലവറയുടെ ഇടവഴികളിലേക്ക് നടത്തിയാലും.......

എല്ലാവരും ചേര്‍ന്ന് പറഞ്ഞു....


അതെ....അപ്രകാരംതന്നെ

Tuesday, February 18, 2014

മൃതിയുടെ ആരവം

മൃതിയുടെ ആരവം

ഹേ മനുഷ്യാ........നീ മൃതിയുടെ അട്ടഹാസങ്ങള്‍ കേള്‍ക്കുന്നുവോ?

അപ്പോള്‍ ഞാന്‍ പറഞ്ഞു......കേള്‍ക്കാം...പക്ഷേ ദൈവമേ എന്തുകൊണ്ട്?

ഹേ മനുഷ്യാ നീ അന്ധനും ബധിരനുമായോ?
നോക്കൂ....കേള്‍ക്കൂ...........

ക്രിസ്തുശിഷ്യര്‍ കുറയുന്നു, ക്രിസ്തുവിന്‍റെ പേരിലുള്ള രസിക സംഘങ്ങള്‍ വ്യാപിക്കുന്നു.....ചിലര്‍ ക്രിസ്തുവിന്‍റെ പേരില്‍ കുത്തകവ്യാപാരികളാകുന്നു....

പ്രതിഷേധങ്ങള്‍ നിശബ്ദമാക്കപ്പെടുന്നു, അവഗണിക്കപ്പെടുന്നു.....പകരം പ്രശംസയുടെ ഗീര്‍വാണങ്ങള്‍ മുഴങ്ങുന്നു....

വിയോജിപ്പുകളെ തീവ്രവാദമായോ ദേശ/മത/വിശ്വാസ വിരുദ്ധമായോ ചിത്രീകരിക്കുന്നു........
അക്ഷരങ്ങളുടെ മൂര്‍ച്ചയും കാര്‍ക്കശ്യവും കരുത്തും നഷ്ടപ്പെടുന്നു....

വാക്കുകളിലെ പ്രവാചകപാരമ്പര്യവും വിമോചന സന്ദേശവും നഷ്ടപ്പെട്ടിരിക്കുന്നു....

ദൈവിക നിലപാടുകളും, അതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ഗത്സമനയും എന്നേ കൈമോശം വന്നുകഴിഞ്ഞു....

ശിഷ്യത്വത്തിന്‍റെ പാഥേയമാകേണ്ട ഗൌരവമായ ചര്‍ച്ചകള്‍ അപ്രത്യക്ഷമാവുന്നു.....

സംഘയാത്രകളും അന്വേഷണങ്ങളും പൊയ്‌പ്പോകുന്നു, ഇവിടെ സാമ്രാജ്യങ്ങള്‍ കെട്ടുപണിചെയ്യപ്പെടുന്നു.....

ദൈവരാജ്യദര്‍ശനം, താല്‍ക്കാലിക നേട്ടങ്ങള്‍ക്കും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും വഴിമാറുന്നു....

പോരാട്ടത്തിന്‍റെ കരുത്താര്‍ജിക്കേണ്ട സഭ കീഴടങ്ങലിന്‍റെ സ്വഭാവം പ്രകടിപ്പിക്കുന്നു....

ഭൂമിയുടെ ഉടയോനായ ദൈവത്തെ ഈ ഭൂമിയില്‍നിന്നും പുറത്താക്കി കുടിയാന്മാര്‍ ഭൂമിയുടെ മുതലാളിമാരാകുന്നു
ദൈവികഇടങ്ങള്‍ കച്ചവടവല്‍ക്കരിക്കപ്പെടുന്നു, പണയം വയ്ക്കപ്പെടുന്നു

ഹേ..മനുഷ്യാ.......നിന്നില്‍ എന്ന് തുറവിയുണ്ടാകും? നിന്നില്‍നിന്ന് എന്ന് ജീവന്‍റെ ശബ്ദം പുറപ്പെടും?


Wednesday, December 4, 2013

അവര്‍ പറയുന്നു അവന് “വട്ടാണെന്ന്”....................

അവര്‍ പറയുന്നു അവന് വട്ടാണെന്ന്....................

അവര്‍ അവനെ കല്ലെറിയാന്‍ പലവട്ടം ആളേക്കൂട്ടി........
ചങ്ങലക്കിടാന്‍ ഗൂഢാലോചനകള്‍ നടത്തി........

അവന്‍റെ ബന്ധുക്കളും ചാര്‍ച്ചക്കാരും അവരും പറഞ്ഞു അവനു ബുദ്ധിഭ്രമമാണെന്ന്.........

അപ്പോഴും അവന്‍ കടല്‍ക്കരയിലും, തെരുവുകളിലും, മലയോരങ്ങളിലും, ചുവന്നതെരുവുകളിലും, തെമ്മാടിപ്പുരയിടങ്ങളിലും, ആരെയൊക്കെയോ തേടിനടന്നു.......അവനെ നോക്കി അപ്പോഴും അവര്‍ പറഞ്ഞു അവന് വട്ടു തന്നെ....

അവന് വട്ടില്ലെങ്കില്‍പ്പിന്നെ ഈ സമൂഹത്തിന്‍റെ “ചുമടുതാങ്ങികളെ സുഖിപ്പിച്ചു, പുതപ്പിച്ചു, പതപ്പിച്ച് കിടത്തേണ്ടതിനുപകരം വെള്ളതേച്ചശവക്കല്ലറകളേയെന്നു വിളിക്കുമോ? ( ബുദ്ധിയുള്ള ആരെങ്കിലും ഇന്നത്തെക്കാലത്ത് അത് ചെയ്യുമോ?)

അവന് വട്ടില്ലെങ്കില്‍പ്പിന്നെ സ്പോണ്‍സര്‍ഷിപ്പിലൂടെ നാല്കാശുണ്ടാക്കി തന്‍റെ സാമ്രാജ്യം പടുത്തുയര്‍ത്തേണ്ടതിനുപകരം സ്പോണ്‍സര്‍മാരെ നോക്കി നിങ്ങള്‍ക്ക് ഹാ....കഷ്ടം എന്നുപറയുമോ?( ഇന്നത്തെക്കാലത്ത് ബുദ്ധിയുള്ള ആരെങ്കിലും സ്പോണ്‍സര്‍മാരെ പിണക്കുമോ?)

അവന് വട്ടില്ലെങ്കില്‍പ്പിന്നെ ഭക്തിസാന്ദ്രമായ ആരാധനാമധ്യത്തില്‍ കണ്ടാലും കേട്ടാലും അറയ്ക്കുന്ന രോഗികളെ സുഖപ്പെടുത്തി ദേവലയത്തിന്‍റെ ചിട്ടവട്ടങ്ങള്‍ തെറ്റിക്കുമോ? ( ഇനി മേലാല്‍ ആരെങ്കിലും അവനെ പള്ളിയില്‍ കയറ്റുമോ? അവന് എന്തോത്തിന്‍റെ ഏനക്കേടാ...? എല്ലാവരും ചോദിക്കുന്നു)

അവന് വട്ടില്ലെങ്കില്‍പ്പിന്നെ ദേവാലയത്തിന് (നല്ലനിലയില്‍) പത്ത്കാശ് കിട്ടിക്കൊണ്ടിരുന്ന വരുമാനമാര്‍ഗങ്ങളെ ചാട്ടവാറുകൊണ്ടു തട്ടിത്തെറിപ്പിക്കുമോ? ( അല്ല ഒന്ന് ചോദിക്കട്ടെ.......... ഇതിന്‍റെ പത്തിലൊന്നു കാശുണ്ടാക്കുവാനിവന് കഴിയുമോ? എന്നിട്ടവന്‍റെയൊരു ചാട്ടവാറും ഒരു പള്ളിപ്രസംഗവും.....വട്ട് തന്നെ......വല്ല സംശയവുമുണ്ടോ?)

അല്ല നിങ്ങളൊന്നുപറ........അവന് വട്ടില്ലെങ്കില്‍പ്പിന്നെ കണ്ട ....................യുടേയും.......................യുടേയും കൂടെ അവന്‍ തിന്നുകയും കുടിക്കുകയും ചെയ്യുമോ? മാന്യന്മാര്‍ കയറാന്‍ അറയ്ക്കുന്ന വീടുകളില്‍ അവന്‍ അന്തിയുറങ്ങുമോ? ( ഇവിടെ അവര്‍ പറഞ്ഞ ചില ജാതീയ-വര്‍ണ-വര്‍ഗ പരാമര്‍ശങ്ങളുള്ളത് വെട്ടിനിരത്തിയിട്ടാണ് ഞാന്‍................ആന്‍ഡ്‌..............ചേര്‍ത്തിരിക്കുന്നത്)

ഇത് കേട്ടുകൊണ്ടിരുന്ന അവന്‍റെ ചില സുഹൃത്തുക്കള്‍ അവരുടെ ചുറ്റുംകൂടി..........(അവര്‍ മുകളില്‍ പറഞ്ഞകാര്യങ്ങളെ അനുകൂലിച്ചില്ലെങ്കിലും പ്രതികൂലിച്ചില്ല.....) അവരും അവരോടൊപ്പം കൂടി( അവരും അവരും ചേര്‍ന്നപ്പോള്‍ അവരിപ്പോള്‍ അവരുംഞങ്ങളും ആയി)

ശരിയാണ് ഞങ്ങളിലെ ചിലര്‍ പറഞ്ഞു.............വട്ടില്ലെങ്കില്‍പ്പിന്നെ രാജവാക്കുവാന്‍ എല്ലാവരും ശ്രമിച്ചപ്പോളും അവന്‍ വേണ്ടെന്ന് പറഞ്ഞിട്ടുപോയിട്ട്  കണ്ട പീടികത്തിണ്ണയിലിരുന്ന് കഥപറയുമായിരുന്നോ? ( അവനൊന്നും അറിയണ്ടായിരുന്നു................എല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളുമായിരുന്നല്ലോ......വട്ട് തന്നെ....നിങ്ങള്‍ പറഞ്ഞത് നൂറുശതമാനം ശരിതന്നെ......ഇന്നത്തെക്കാലത്ത് ആരെങ്കിലും അധികാരവും ആഡംബരവും സുഖജീവിതവും വേണ്ടെന്ന് വയ്ക്കുമോ?)

ഞങ്ങളിലെ മറ്റുചിലര്‍ തലചൊറിഞ്ഞുകൊണ്ടു തെല്ലരിശത്തോടെ പറഞ്ഞു......അവന് വട്ട് തന്നെ........അല്ലെങ്കില്‍പ്പിന്നെ എത്ര മില്യണ്‍സിന്‍റെ റിയല്‍എസ്റ്റേറ്റ്‌ ബിസിനസ്സാ അവന്‍ കളഞ്ഞു കുളിച്ചത്.......ഈക്കാണുന്ന ഭൂമിമുഴുവന്‍ കൊടുക്കാമെന്ന് ആ തങ്കപ്പെട്ട ഡോ. സാത്താന്‍ മൊതലാളി പറഞ്ഞപ്പോ.....അവന്‍റെയൊരു ഗമ.....അവനൊന്നു തലകുനിച്ചു കൊടുത്താല്‍ പോരായിരുന്നോ........? അവന് വട്ട് തന്നെ

ഈ സംഭാഷണങ്ങള്‍ തികച്ചും പ്രൊഫഷണലായി എഴുതിക്കൊണ്ടിരുന്ന ഈ മിടുക്കനായ എന്നോട് വട്ടാണെന്ന് അവരും ഞങ്ങളും പറയുന്ന കഥാപാത്രം എന്‍റെ അടുക്കല്‍ വന്നു എന്‍റെ ചെവിയില്‍ മന്ത്രിച്ചു.......മകനേ......എന്‍റെ പൊന്നുമകനേ........ഇന്ന് ഭൂമിയില്‍ മിടുക്കന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.....അവര്‍ സാമര്‍ഥ്യത്തോടെ സംസാരിക്കുന്നു.................അവര്‍ കരുതലോടെ കരുക്കള്‍ നീക്കുന്നു.....അവര്‍ ലോബികള്‍ രൂപീകരിക്കുന്നു......ഫാന്‍സ്‌ അസോസിയേഷനുകളുണ്ടാക്കുന്നു........അവര്‍ പ്രാഗല്‍ഭ്യത്തോടെ (എന്തിനെന്നറിയാതെ) പ്രഗല്‍ഭരാകുന്നു...........ഹോ.......മിടുക്കരുടെ ഒരു കണ്ണഞ്ചിപ്പിക്കുന്ന ഒരു ലോകം......ഹോ...ആരാണിത് സൃഷ്ടിച്ചത്?

വട്ടാണെന്ന് എല്ലാവരും പറഞ്ഞ ആ മനുഷ്യന്‍ എന്നോട് മന്ത്രിച്ചു മകനേ.........ഇത് മിടുമിടുക്കരുടെ ലോകം......എനിക്ക് വട്ടാണെന്ന് അവര്‍ പറയുന്നു.............അവരില്‍ ദൈവം ഇല്ലാതെയായി.........ദൈവം അവരിലുമില്ലാതെയായി............

വട്ടാണെന്ന് അവര്‍ പറഞ്ഞ മനുഷ്യന്‍ എന്നില്‍നിന്നും നടന്നകലുമ്പോള്‍ പറയുന്നത് എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു......ആ വാക്കുകള്‍ എന്നെ വല്ലാതെ ഉലച്ചു.......തകര്‍ത്തു....ഉടച്ചു............

........മനുഷ്യപുത്രന്‍നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേര്‍ വിടക്ക് എന്ന് തള്ളുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍..........കപട ഭക്തിക്കാരായവരേ നിങ്ങള്‍ക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോട് നിങ്ങള്‍ ഒത്തിരിക്കുന്നു; അവ പുറമേ അഴകായി ശോഭിക്കുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെതന്നെ പുറമേ നിങ്ങള്‍ നീതിമാന്‍മാര്‍ എന്ന് മനുഷ്യര്‍ക്ക് തോന്നുന്നു; അകമെയോ കപടഭക്തിയും അധര്‍മവും നിറഞ്ഞവരത്രേ.............