Powered By Blogger

Wednesday, August 3, 2016

2015 ലെ പാഠങ്ങള്‍ - രണ്ടാം ഭാഗം

2015 ലെ പാഠങ്ങള്‍ - രണ്ടാം ഭാഗം
കരുണയില്ലാതെ, ദയയില്ലാതെ, സത്യവെളിച്ചമില്ലാതെ, നീതിബോധമില്ലാതെ, സ്നേഹമില്ലാതെ, കൃപയില്ലാതെ, പങ്കിടീലില്ലാതെ, ഞാന്‍ എത്ര വൈദികവസ്ത്രങ്ങള്‍ അണിഞ്ഞാലും, അവയെല്ലാം കപടതയുടെ കേവലമായ മൂടുപടങ്ങള്‍ മാത്രം.......ദൈവികമൂല്യങ്ങളുടെ അടയാളപ്പെടുത്തലുകളാണ് വൈദികവസ്ത്രങ്ങളും, വൈദികചിഹ്നങ്ങളും.......അധികാരത്തിന്‍റെയോ, പ്രശംസയുടെയോ ഭാവം അവയ്ക്കില്ലയെന്ന് ഞാനറിയുന്നു...........
ബഹളംവച്ചോ, അട്ടഹസിച്ചോ, പ്രാസമൊപ്പിച്ചസുന്ദര വാക്കുകളിലൂടെയോ എനിക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാനാകില്ല.........നീതിയുടെ വഴി ദൈവത്തിങ്കലേക്ക് എന്നെ കൊണ്ടെത്തിക്കുന്നു.......നീതിക്കുവിശന്നുദാഹിക്കാതെ, കരുണയില്ലാതെ, സമാധാനത്തിന്‍റെ അന്വേഷകനാകാതെ, അനുതാപമില്ലാതെ, ഹൃദയത്തില്‍ വിശുദ്ധിയില്ലാതെ എനിക്ക് ദൈവത്തിന്‍റെ മുഖം കാണാനാവില്ലയെന്ന് ഞാനറിയുന്നു..........
വേദപുസ്തകവായനയും, പ്രാര്‍ത്ഥനയും ആചാരങ്ങളല്ലയെന്നും.....മറിച്ച്......അത് എന്‍റെ ജീവിതക്രമങ്ങളാണെന്നും ഞാനറിയുന്നു.....അര്‍പ്പണത്തിലേക്ക് നയിക്കാത്ത വേദപുസ്തകവായനയും, ദൈവശബ്ദത്തിന് ചെവികൊടുക്കാതെയും, അനുസരിക്കാതെയും ചെയ്യുന്ന പ്രാര്‍ത്ഥനകളും വെറും കെട്ടുകാഴ്ചകള്‍ മാത്രം........ജീവിതഗന്ധിയാകാത്ത ആത്മീയതയും അവയുടെ പ്രകടനങ്ങളും വെറും ഏഴുന്നെള്ളിപ്പുകള്‍ മാത്രം...........
എന്‍റെ പ്രസംഗങ്ങള്‍, അന്വേഷണങ്ങള്‍, പഠനങ്ങള്‍, എഴുത്തുകള്‍, ചര്‍ച്ചകള്‍, പ്രബന്ധങ്ങള്‍, ഇവയുടെയെല്ലാം ആദ്യഅനുവാചകന്‍ ഞാന്‍ തന്നെയാണ്‌.........ഇവകള്‍ എന്നോടാണ് ആദ്യം സംസാരിക്കുന്നത്........ഇവകളെല്ലാം എന്‍റെ ദൈവികാന്വേഷണത്തിന്‍റെ ബഹിസ്ഫുരങ്ങളാണെന്ന് ഞാനറിയുന്നു.........ഞാനും എന്‍റെ സത്തയും ഉള്‍ച്ചേരാത്ത ഒരു അന്വേഷണവും എനിക്ക് കഴിയില്ലെന്നും ഞാനറിയുന്നു..........
എന്നെ ഒരു ഞാനാക്കുന്നത്/ വൈദികനാക്കുന്നത് എന്‍റെ അവകാശവാദങ്ങളല്ല........ദൈവം കൃപയുടെ വസ്ത്രങ്ങള്‍ എന്നെ അണിയിക്കാതെ ഞാന്‍ ആരുമാവുന്നില്ല.......ദൈവമേ നീതിയുടെ പുറംകുപ്പായം എന്നെ അണിയുക്കുക.....എന്നെ അങ്ങയുടെ ശുശ്രൂഷക്കാരനാക്കുക.........

No comments:

Post a Comment