Powered By Blogger

Friday, January 2, 2015

എഴുതാന്‍ മറന്നുപോയ ഒന്‍പത് പാഠങ്ങള്‍....................

എഴുതാന്‍ മറന്നുപോയ ഒന്‍പത് പാഠങ്ങള്‍....................

ഒന്ന് - ജീവിതത്തെ നേട്ടങ്ങള്‍, സമ്പത്ത്, പ്രസിദ്ധി, സ്ഥാനമാനങ്ങള്‍ തുടങ്ങിയവകളെ കൈപ്പിടിയിലൊതുക്കുന്നതിനായി ബലികഴിക്കരുത്...........ജീവിതം ജീവിക്കുവാനുള്ളതാണ്............പിടിച്ചടക്കുവാനുള്ളതല്ല

രണ്ട് - അരാഷ്ട്രീയമനസ്സുകള്‍ സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി മാത്രമേ പ്രാര്‍ത്ഥിക്കൂ/ ശബ്ദമുയര്‍ത്തൂ...........അത്തരം മനസ്സുകള്‍ പാഴും ശൂന്യവുമാണ്

മൂന്ന് - സ്വന്തം ഇംഗിതം, താല്‍പര്യം, കച്ചവടം, നേട്ടം, സമ്പത്ത് ഇവകള്‍ക്കുവേണ്ടി ഒരു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍/ നശിപ്പിക്കുവാന്‍ മടിക്കാത്തവര്‍ പിശാചിനാല്‍ നിയന്ത്രിക്കപ്പെടുന്നവരാണ്.......

നാല് - സത്യം, പ്രകാശരശ്മി പോലെയാണ്, നേര്‍പാതയിലൂടെ മാത്രമേ സഞ്ചരിക്കൂ.........കുറുക്കുവഴികള്‍ ( ജീവിതത്തിലും, വിശ്വാസത്തിലും) തേടുന്നവര്‍ അസത്യത്തിന്‍റെ സന്തതികളാണ്. അവര്‍ തങ്ങളുടെ അധികാരത്തിന്‍റെ തൊപ്പികളില്‍ വയ്ക്കുവാനുള്ള പൊന്‍തൂവലുകള്‍ അധികാരത്തിന്‍റെ കോട്ടകൊത്തളങ്ങളില്‍നിന്നും പിന്‍വാതിലിലൂടെ നേടിയെടുക്കുവാനുള്ള ഓട്ടത്തിലാണ്...............അവരുടേത് തമസ്സിന്‍റെ മാര്‍ഗമാണ്.

അഞ്ച് - പിന്നില്‍നിന്നു കുത്തുന്നവര്‍/വിമര്‍ശിക്കുന്നവര്‍/പരിഹസിക്കുന്നവര്‍ ഭീരുക്കളാണ്.........അവര്‍ നിങ്ങളുടെ സുഹൃത്തുക്കളെന്ന് നടിക്കുവാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണ്.ചരിത്രത്തില്‍ അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും. ക്രിയാത്മകമായ വിമര്‍ശനങ്ങളെ മുഖവിലക്കെടുക്കുക.........ശരിയെങ്കില്‍ തിരുത്തുക......വാക്കിലും പ്രവൃത്തിയിലും.

ആറ്‌ - അറിയാതെ ഉറങ്ങിപ്പോയവര്‍( അറിയാതെ വഴിതെറ്റിയവര്‍) ഒരു ശബ്ദം കേട്ടാല്‍ ഉണരും.........ഉറക്കം നടിക്കുന്നവര്‍ ( അറിഞ്ഞുകൊണ്ട് തെറ്റായ വഴിയില്‍ നടക്കുന്നവര്‍) അമിട്ട്പൊട്ടിയാലും ഉണരില്ല..........ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല.....പക്ഷേ........നിങ്ങളുടെ വിലയേറിയ സമയം അഹങ്കാരികള്‍ക്കുവേണ്ടി (ഉറക്കം നടിക്കുന്നവര്‍) പാഴാക്കരുത്........കേള്‍വിക്ക്/കാഴ്ചക്ക് സ്വയം പൂട്ടിടുന്നവര്‍ ദൈവികതുറവിക്ക് വിലങ്ങിടുകയാണ്........

ഏഴ്‌ - ബന്ധങ്ങളെ ചൂഷണം ചെയ്യരുത്......ആത്മാര്‍ത്ഥ ബന്ധങ്ങള്‍ തണല്‍ വൃക്ഷങ്ങള്‍ പോലെയാണ്......കപടബന്ധങ്ങള്‍ ഇത്തിള്‍ക്കണ്ണികള്‍ പോലെയാണ്........

എട്ട് - വെളിച്ചത്തിന്‍റെ മക്കള്‍ വാക്കിലും, പ്രവൃത്തിയിലും മറ്റുള്ളവരെ ജീവിക്കാന്‍ പ്രേരിപ്പിക്കും..........ഇരുട്ടിന്‍റെ മക്കള്‍ മറ്റുള്ളവരെ ഇല്ലാതാക്കുവാനും......................

ഒന്‍പത് - ജീവിക്കാതെ മരിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു...............ഓര്‍ക്കുക...ജീവിതം ജീവിക്കുവാനുള്ളതാണ്..............അത് ഒരുനിമിഷത്തേക്കാണെങ്കില്‍പ്പോലും...........


പുതുവത്സരാശംസകള്‍...................................

Monday, December 15, 2014

തീര്‍ഥാടനം...........

തീര്‍ഥാടനം...........












തീര്‍ഥാടനം സ്വയത്തിന്‍റെ അപനിര്‍മാണപ്രക്രിയയാണ്.........

എന്നിലെ, എന്‍റെ നിര്‍മിതികളെ ഞാന്‍ സ്വയം അപനിര്‍മാണം ചെയ്ത് കടലിന്‍റെ ആഴങ്ങളിലേക്ക് ഒഴുക്കുന്ന ഒരു അനുഷ്ഠാനം തന്നെയാണ്
ഞാനെന്ന ചക്രവര്‍ത്തി അധികാരത്തിന്‍റെയും, അധീശത്വത്തിന്‍റെയും സിംഹാസനം വിട്ടൊഴിഞ്ഞ് ദൈവികസത്തയിലേക്ക് അലിഞ്ഞ്ചേരുന്ന ഒരു ശുശ്രൂഷയാണ്..............

തീര്‍ഥാടനത്തിന്‍റെ അടയാളങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു.............
ക്രിസ്തുവിനെക്കാണണമെങ്കില്‍ ഞാന്‍ ക്രിസ്തുശിഷ്യനോ/യോ ആയി രൂപാന്തരപ്പെടണം

ഇതൊരു ശ്രേണീബദ്ധമായ ഒരുയാത്രയല്ല......മറിച്ച് ശ്രേണീബദ്ധമായ(ഉച്ചനീചത്വങ്ങള്‍ നിറഞ്ഞ) ബന്ധങ്ങളുടെ കുഴിച്ചുമൂടപ്പെടലും ദൈവികനീതിയിലധിഷ്ഠിതമായ പുത്തന്‍ ക്രമത്തിലേക്കുള്ള പ്രവേശനവുമാണ്.....

നീതിയും, സ്നേഹവും, സാഹോദര്യവും നിറഞ്ഞ ഒരു നവസമൂഹത്തിലേക്കുള്ള ഒരു യാത്രയാണിത്.............ഇവിടെ എല്ലാവരും കറുത്തവസ്ത്രധാരികളും. നഗ്നപാദരുമാണ്.....

തീര്‍ഥാടനത്തിനു മുന്‍പായി എല്ലാവരും അവരവര്‍ ഇപ്പോള്‍ അണിഞ്ഞിരിക്കുന്ന ആടയാഭരണങ്ങള്‍ അഴിച്ചുവയ്ക്കണമെന്നത്/ ഉപേക്ഷിക്കണമെന്നത് ഒരു അനിവാര്യമായ ദൈവികകര്‍മം തന്നെയാണ്........അധികാരത്തിന്‍റെ ആടയാഭരണങ്ങള്‍ നിഷേധിക്കുവാന്‍ നിനക്കാവുമോയെന്നും, അതിനാവശ്യമായ ഉള്‍ക്കരുത്ത് നിനക്കുണ്ടോയെന്നും ഒരു കൊച്ചുബാലന്‍ എന്നോട് ചോദിച്ചത് ഞാന്‍ കേട്ടു............

ഇനിയും എന്നെ ഞാനാക്കുന്നത് കമ്പോളത്തില്‍ നിന്നും ഞാന്‍ വാങ്ങി അണിഞ്ഞിരിക്കുന്ന ( കമ്പോളത്തിന്‍റെ അടയാളങ്ങളുള്ള) ഉല്‍പ്പന്നങ്ങളല്ലെന്ന തിരിച്ചറിവ് എനിക്കുതന്നെ ഒരു വിസ്മയമായി.........എന്‍റെ നിയോഗവും അതിലെ അര്‍പ്പണവുമാണ് ഇനി എന്നെ ഞാനാക്കുന്നതെന്നും.....

നിന്‍റെ പേരുപോലും നീ ഉപേക്ഷിക്കണമെന്നും ഒരു തീര്‍ഥാടകന്‍ ഉറക്കെ വിളിച്ചുപറയുന്നത് ഞാന്‍ കേട്ടു( കാരണവും അയാള്‍ പറയുന്നുണ്ടായിരുന്നു......നിന്‍റെ പേരില്‍പ്പോലും അധീശത്വത്തിന്‍റെ മണമുണ്ടെന്ന്).......

അധികാരപ്രമാത്തതയുടെ ഏണിപ്പടിയില്‍നിന്നും അതിനെ ബോധപൂര്‍വം നിഷേധിച്ച് അടിസ്ഥാന ജനവിഭാഗങ്ങളിലേക്കും, ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ തീച്ചൂളയിലേക്കുമുള്ള കീഴോട്ടുള്ള ഒരു യാത്രയാണ് തീര്‍ഥാടനമെന്ന്....ഒരു കീഴാള അനുഭവത്തിലേക്കുള്ള ഒരു കീഴാളന്‍റെ യാത്രയാണിതെന്ന് ഒരു തീര്‍ഥാടക ആരോടോ പറയുന്നത് ഞാന്‍ കേട്ടു........ 

മേലാളവര്‍ഗം മഹത്വവല്‍ക്കരിച്ചതൊക്കെ ക്ഷണികമാണെന്നും, അത് നിഷേധിക്കേണ്ടവയാണെന്നും അടയാളപ്പെടുത്തുന്ന ഒരു യാത്രയാണിത്..........ദൈവം എന്നും തന്‍റെ സ്വന്തം ജനമെന്നെണ്ണുന്ന പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലേക്കുള്ള ഒരു നടത്തയാണിതെന്നും ഞാനിന്ന് തിരിച്ചറിയുന്നു.......................

ക്രിസ്തു ഒരു കീഴാളനായതുപോലെ(ജന്മത്തിലും, ജീവതത്തിലും, മരണത്തിലും) തീര്‍ഥാടകനായ ഞാനും ഒരു കീഴാളനാകുന്നുവെന്ന് ഞാനിന്നറിയുന്നു.........

മേലാളര്‍ക്ക് ക്രിസ്തുശിഷ്യരാകാന്‍ കഴിയില്ല............. കീഴാളര്‍ക്കേ അതിന് കഴിയൂ...................

കീഴാളര്‍ക്കേ തീര്‍ഥാടകരാകുവാന്‍ കഴിയൂ.......മേലാളര്‍ക്ക് അതിനുള്ള നിയോഗമില്ല......

ക്രിസ്തുശിഷ്യര്‍ക്കേ തീര്‍ഥാടകരാകുവാന്‍ കഴിയൂ..........

തീര്‍ഥാടകര്‍ക്കേ ക്രിസ്തുശിഷ്യരാകുവാനും കഴിയൂ..........

തീര്‍ഥാടനം കീഴാളയാത്രയാണ്...........അതിലൊരു തെരഞ്ഞെടുപ്പുണ്ട്, നിയോഗമുണ്ട്, അര്‍പ്പണമുണ്ട്, നിഷേധമുണ്ട്......


തീര്‍ഥാടകര്‍ കുരിശിന്‍റെ വഴിലൂടെ ഉത്ഥാനത്തിലേക്ക് യാത്രയാവുന്നു.............. ഉത്ഥാനത്തിലൂടെ നവക്രമത്തിലേക്കും

Wednesday, November 19, 2014

സുഹൃത്തേ......പ്രണാമം

സുഹൃത്തേ......പ്രണാമം

പനി ബാധിച്ച് തളര്‍ന്ന് കിടന്നപ്പോള്‍ എന്‍റെ മനസ്സില്‍ ഓടിയെത്തിയ (പേരുപോലും മറന്നുപോയ) എന്‍റെ സുഹൃത്തിന് പ്രണാമം.....

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം......

സ്ഥലം: വൈബോണ്‍ പ്രൈമറി സ്കൂള്‍ പരിസരം, ന്യൂ എല്‍ത്തം, ലണ്ടന്‍
സമയം: ഉച്ചകഴിഞ്ഞ് മൂന്ന് മണി

പശ്ചാത്തലം: ഞാനും, ഭാര്യയും, മകനും ഒരുപോലെ ചിക്കന്‍പോക്സ് ബാധിച്ചു വളരെയധികം ബുദ്ധിമുട്ടുന്ന സമയം

മകളെ സ്കൂളില്‍നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ കാറില്‍  എത്തിയതാണ് അവിടെ( യുകെ യില്‍ മാതാപിതാക്കളോ, ഉത്തരവാദപ്പെട്ടവരോ കുട്ടികളെ ആറാം ക്ലാസ്സ്‌ വരെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് പോകണം).

കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടണമെന്ന് കരുതി ഞാനല്‍പം നേരത്തെ സ്കൂളില്‍ എത്തി...........................

എനിക്ക് ചിക്കന്‍പോക്സ് ആണ്....പുറത്തിറങ്ങിയാല്‍ ഒരു ഭീകരജീവി പോലെയാണ് എന്നെക്കണ്ടാല്‍( അതിപ്പോഴും അങ്ങനെയാണെന്നാണ് എന്‍റെ ഭാര്യ ചിലപ്പോള്‍ പറയാറുള്ളത്)..................

മകളോട് പ്രത്യേകം പറഞ്ഞിരുന്നു.......ടീച്ചറോട്‌ പറഞ്ഞ് പുറത്തേക്ക് വരണമെന്ന്........

ഞാന്‍ കാറില്‍നിന്നും പുറത്തിറങ്ങാതെ ഇരിക്കുകയാണ്.......പനിയും ചിക്കന്‍പോക്സും മൂലം വല്ലാതെ വിങ്ങുന്ന ശരീരത്തിന് ഒരല്പം ആശ്വാസമാകട്ടെയെന്നു കരുതി കാറിലെ ശീതീകരണയന്ത്രം പ്രവര്‍ത്തിപ്പിക്കുന്നുണ്ടായിരുന്നു...............

മകളെത്തി....കാറില്‍ കയറി..... സ്റ്റാര്‍ട്ടാക്കാന്‍ കീയിട്ടു തിരിച്ചിട്ടും കാര്‍ സ്റ്റാര്‍ട്ടാവുന്നില്ല......ഞാന്‍ പഠിച്ച പണി പതിനെട്ടും നോക്കി....കാര്‍ പിണങ്ങിയതുപോലെ.....ഞാനാകെ പരിഭ്രമിച്ചു.....ഞാനാണെങ്കില്‍ ഫോണും എടുത്തിട്ടില്ല. അതുകൊണ്ടുതന്നെ എമര്‍ജന്‍സി സര്‍വിസിനെ വിളിക്കാനും വയ്യ....വീട്ടിലേക്കു നടക്കാനാണെങ്കില്‍ പതിനഞ്ചു മിനുട്ടെങ്കിലും ആവും.....അല്ല...എങ്ങിനെ നടക്കും...ആളുകള്‍ പേടിക്കില്ലേ......

ഞാന്‍ ഒരല്പം സങ്കോചത്തോടെ കാറില്‍നിന്നും പുറത്തിറങ്ങി.......ആരെങ്കിലും എന്നെ കണ്ടാല്‍ എന്ത് പറയും എന്ന ചിന്ത എന്നെ വല്ലാതെ ഭയപ്പെടുത്തി.....

ആളുകള്‍ കുട്ടികളെ കൂട്ടിക്കൊണ്ട് എത്രയും വേഗം വീട്ടിലെത്താനുള്ള തത്രപ്പാടിലാണ്.....ചിലരെങ്കിലും എന്നെ വെറുപ്പോടെ, അവജ്ഞയോടെ നോക്കുന്നുണ്ട്( രണ്ട് കാരണങ്ങള്‍....ഒന്നെന്‍റെ നിറം....രണ്ട്, ചിക്കന്‍പോക്സ് ബാധിച്ച് വിരൂപമായ മുഖം)

ഞാനാകെ കുഴങ്ങി...എന്ത് ചെയ്യും........പല വഴികളും മനസ്സിലൂടെ കടന്നുപോയി.....ആകെ പകച്ചുപോയ ചില നിമിഷങ്ങള്‍......പലതിനെയും ശപിച്ച മിനുട്ടുകള്‍......

അപ്പോഴാണ് ഒരു ദൈവദൂതനെപ്പോലെ ഒരാള്‍ വരുന്നത്.... അല്പം വൈകിയാണ് അയാള്‍ സ്കൂളില്‍ കുട്ടികളെ കൂട്ടുവാന്‍ വന്നത്.....അയാള്‍ വരുന്നത് ജോലിസ്ഥലത്തു നിന്നാണെന്ന് അയാളുടെ വേഷം കണ്ടാല്‍ അറിയാം.....കോട്ടും, സൂട്ടും, ടൈയും, പോളിഷ് ചെയ്തുമിനുക്കിയ ഷൂസും എല്ലാം ഉണ്ട്..........

കുട്ടികളെ കാറില്‍ക്കയറ്റി വണ്ടിസ്റ്റാര്‍ട്ടാക്കി നീങ്ങുന്നതിനിടയിലാണ് ആ സായിപ്പ് അന്ധാളിച്ചുനില്‍ക്കുന്ന എന്നെ കണ്ടത്..........എന്തോ പന്തികേട് തോന്നിയിട്ടാകാം......വാട്ട്‌ ഹാപ്പെണ്ട്....ആര്‍ യു ഓള്‍റൈറ്റ്.......അയാള്‍ എന്നോട് ചോദിച്ചു.........ഞാന്‍ വല്ലാതെ പരുങ്ങിയതല്ലാതെ ഒന്നും പറഞ്ഞില്ല..............

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ കാര്‍ പാതയോരത്തേക്ക് മാറ്റിനിര്‍ത്തി കാറില്‍നിന്നും ചാടിയിറങ്ങി......(രണ്ട് കൊച്ചുകുട്ടികള്‍ കാറിന്‍റെ പിന്‍സീറ്റില്‍ ഇരിക്കുന്നുണ്ട്....അവര്‍ അസ്വസ്ഥരാണ്.....കാരണം അവര്‍ ഇപ്പോള്‍ത്തന്നെ വീട്ടിലെത്താന്‍ വൈകി..).

എന്‍റെ അനുവാദംപോലും ചോദിക്കാതെ അയാള്‍ എന്‍റെ കാറിന്‍റെ ബോണെറ്റ് തുറന്നുനോക്കി.....കീ എന്‍റെ കൈയ്യില്‍നിന്നും വാങ്ങി സ്റാര്‍ട്ടാക്കാന്‍ അയാളും നോക്കി...പറ്റുന്നില്ല..............

ഒരല്പനേരത്തെ പരിശോധനക്കിടയില്‍ അയാള്‍ക്ക്‌ കാറിന്‍റെ രോഗകാരണം മനസ്സിലായി....( എനിക്കപ്പോഴും ഒന്നും മനസ്സിലായില്ല).....
തന്‍റെ കാറിന്‍റെ അടുത്തേക്ക്പോയ ആ സുഹൃത്ത്‌ കാറിന്‍റെ ഡിക്കി തുറന്നു...ഞാന്‍ അന്ധാളിച്ചുപോയി....ഒരു വര്‍ക്ക്‌ഷോപ്പ് തന്നെയുണ്ട് അവിടെ( സായിപ്പന്മാര്‍ അങ്ങിനെയാണ്.....അവര്‍ മിക്കവാറും പണികള്‍ സ്വയം ചെയ്യുന്നവരാണ്...എന്തു പണിയും....അതിനാവശ്യമായ എല്ലാ ഉപകരണങ്ങളും അവരുടെ പക്കലുണ്ടാവും...ക്ഷമയോടെ അവര്‍ ചെയ്യുന്നത് നാം കണ്ടു പഠിക്കണം)

അയാള്‍ തന്‍റെ കാറില്‍നിന്നും എടുത്ത ഒരു നീളമുള്ള വയര്‍(wire…not stomach) എടുത്ത് അതിന്‍റെ ഒരുവശം എന്‍റെ കാറിന്‍റെ ബാറ്ററിയിലും മറുവശം തന്‍റെ കാറിലും ഘടിപ്പിച്ചതിനുശേഷം(ആ സുഹൃത്തിന്‍റെ ക്ഷമ സമ്മതിക്കണം) , തന്‍റെ കാര്‍ സ്റ്റാര്‍ട്ടാക്കി......ഏതാണ്ട് പത്തുമിനുട്ടിനുശേഷം എന്‍റെ കാര്‍ സ്റ്റാര്‍ട്ടാക്കിനോക്കുവാന്‍ എന്നോടാവശ്യപ്പെട്ടു.....ഞാന്‍ പതിയെ സ്റ്റാര്‍ട്ടാക്കി......എന്‍റെ കാര്‍ കിതച്ച്, കിതച്ച് സ്റ്റാര്‍ട്ടായി...............പിന്നെയും അഞ്ചുമിനുട്ടോളമെടുത്തു ബാറ്ററിയിലെ ചോര്‍ന്നുപോയ ഊര്‍ജം എന്‍റെ കാര്‍ വീണ്ടെടുക്കാന്‍......................

എന്‍റെ കാര്‍ യാത്രക്ക് സജ്ജമായി.......ശീതീകരണയന്ത്രം കുറച്ചുസമയം പ്രവര്‍ത്തിപ്പിച്ചതുമൂലമാണ് ബാറ്റെറിയിലെ ഊര്‍ജം ചോര്‍ന്നതും, വണ്ടി സ്റ്റാര്‍ട്ടാവാതിരുന്നതും................

എനിക്ക് വലിയ ആശ്വാസമായി.........പ്രശ്നം പരിഹരിച്ചുവല്ലോ...........
തന്‍റെ മക്കളെ വീട്ടില്‍വിട്ടിട്ട് ജോലിസ്ഥലത്തേക്ക് പോകേണ്ട ആ സുഹൃത്ത് പെട്ടെന്നുതന്നെ എല്ലാം തന്‍റെ കാറിന്‍റെ ഡിക്കിയിലാക്കി പോകാന്‍ തയ്യാറെടുത്തു........

ഞാനൊരല്പം ജാള്യതയോടെ പറഞ്ഞു.....താങ്ക്സ് മൈ ഡിയര്‍ ഫ്രണ്ട്......വെല്‍ക്കം.....അദ്ദേഹം മറുപടിയും പറഞ്ഞു..............................

തന്‍റെ മക്കളെയും കൂട്ടി ധൃതിയില്‍ പോയ ആ മനുഷ്യന്‍റെ മുഖത്ത് ഒരു നിഗൂഡമായ പുഞ്ചിരി എനിക്കു കാണാമായിരുന്നു.......ആ സമയത്ത് എന്‍റെ ചിക്കന്‍പോക്‌സിന്‍റെ കാര്യമേ ഞാന്‍ മറന്നുപോയിരുന്നു

സുഹൃത്തേ എനിക്കൊരു ചോദ്യം ഇന്ന് താങ്കളോട് ചോദിക്കുവാനുണ്ട്.......താങ്കളുടെ തിരക്കിനിടയിലും യാതൊരുവിധ പരിചയവുമില്ലാത്ത, താങ്കളുടെ നിറമില്ലാത്ത, മൂന്നാംലോകരാജ്യത്തിലെ ഒരു ദരിദ്രനുവേണ്ടി, ചിക്കന്‍പോക്സ് ബാധിച്ച് വിരൂപനായ എനിക്കുവേണ്ടി ഇത്രയും സമയവും, അധ്വാനവും മാറ്റിവയ്ക്കുവാന്‍ താങ്കളെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്.............?

കരുണയല്ലേ അത്?

എന്നില്‍നിന്ന് വറ്റിപ്പോയ ഒരു ജീവിതഭാവം.....ഉറവവറ്റിയ ഒരു തോടുപോലെ...........

കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍...........എന്തെന്നാല്‍ അവര്‍ക്ക് കരുണ ലഭിക്കും.................

ക്രിസ്തുവേ......... നഷ്ടപ്പെട്ടുപോയ കരുണയുടെ ഭാവം എന്നില്‍ പകര്‍ന്നുതരൂ.........എന്നെ ദൈവതേജസ്സുള്ള ഒരു മനുഷ്യനാക്കൂ



Sunday, November 16, 2014

ജീവിതത്തിലെ ചില പാഠങ്ങള്‍......

ജീവിതത്തിലെ ചില പാഠങ്ങള്‍......

ഒന്ന്, ഒരു വ്യക്തിയുടെ ആശയങ്ങളോടുള്ള എതിര്‍പ്പ്, ആശയതലത്തില്‍ മാത്രം പ്രകടിപ്പിക്കുക. ആശയത്തെ ആശയം കൊണ്ട് നേരിടുക.....സംവാദത്തിലൂടെ.....വ്യക്തിയെ വെറുക്കുകയോ ശത്രുവായി കാണുകയോ ചെയ്യരുത്

രണ്ട്, മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിക്കരുത്....
മൂന്ന്, ആരുടെയും മുന്‍പില്‍ വലിയവനാണെന്ന്/ളാണെന്ന് കാണിക്കുവാന്‍ ശ്രമിക്കരുത്( ഉദാ: വീട് പണിയുന്നത്. വാഹനം വാങ്ങുന്നത്, ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍  വാങ്ങുന്നത്, ജോലി തെരഞ്ഞെടുക്കുന്നത്......).

മൂന്ന്, മറ്റുള്ളവരുടെ നേട്ടങ്ങളില്‍ അസൂയപ്പെടരുത്........അതിനെ വിലകുറച്ചു കാണുകയുമരുത്.....( കാരണം ആ നേട്ടങ്ങള്‍ക്കു കഠികഠിനാധ്വാനത്തിന്‍റെയും ത്യാഗത്തിന്‍റെയും കഥകള്‍ പറയുവാനുണ്ട്) മറിച്ച് മനസ്സുതുറന്ന്‌ അഭിനന്ദിക്കുവാന്‍ ശീലിക്കുക. അതോടൊപ്പം നമ്മുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവ നന്നായി ഉപയോഗിക്കുവാന്‍(കഠിനാധ്വാനത്തിലൂടെ) ശീലിക്കുക

നാല്, മറ്റുള്ളവരുടെ വ്യക്തിപരമായ പരാജയത്തില്‍, രോഗത്തില്‍, തളര്‍ച്ചയില്‍, വീഴ്ചയില്‍, ഒരിക്കലും സന്തോഷിക്കുവാന്‍ ശ്രമിക്കരുത്...അവന്/ അവള്‍ക്ക്‌/അവര്‍ക്ക് അത് വരേണ്ടത് തന്നെ എന്ന് പറയുവാന്‍ ശ്രമിക്കരുത്.........മറിച്ച് അവര്‍ക്ക് കൂട്ടായ്മ കൊടുക്കുന്നതാണ് ആരോഗ്യമനസ്സിന്‍റെ ലക്ഷണം

അഞ്ച്, സത്യത്തെ തമസ്കരിക്കരുത്....സത്യത്തെ സുഹൃത്താക്കുക.......നുണയ്ക്ക് താല്‍ക്കാലിക വിജയം ഉണ്ടായാല്‍ പോലും.....കാരണം ആത്യന്തിക വിജയം സത്യത്തിനാണ്

ആറ്, മറ്റുള്ളവര്‍ക്ക്‌ മാര്‍ക്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക......(ഞാന്‍ മാത്രം ശരി എന്ന കാഴ്ചപ്പാടില്‍നിന്നാണ് അത് വരുന്നത്)

ഏഴ്, അനീതിയോട് ചെറുത്തുനില്‍ക്കുക.........അത് പൈശാചികമാണ്...ദൈവം നീതിയുടെ പക്ഷത്താണെന്ന് തിരിച്ചറിയുക

എട്ട്, വിവേചനത്തിന്‍റെ വേരുകള്‍ മനസ്സില്‍നിന്നും, ഭാഷയില്‍നിന്നും, സ്വപ്നങ്ങളില്‍നിന്നും, ജീവിതരീതികളില്‍നിന്നും, മാറ്റുക

ഒന്‍പത്, എല്ലാം ഞാന്‍ ചെയ്തെങ്കിലേ ശരിയാവൂ എന്ന ചിന്താഗതി ഉപേക്ഷിക്കുക.....മറ്റുള്ളവരെക്കൂടി വിശ്വാസത്തിലെടുക്കുക....അവര്‍ക്കും അവസരങ്ങള്‍ നല്‍കുക

പത്ത്, ജീവിതത്തില്‍ എപ്പോഴും നേര്‍പാതയിലൂടെ സഞ്ചരിക്കുക.........വളഞ്ഞ വഴിയിലൂടെ ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കരുത്......അത് നമ്മെ നിരാശയിലെത്തിക്കും.....മറ്റുള്ളവരെ കരിവാരിത്തേയ്ച്ച് മിടുക്കനാകുവാന്‍ ശ്രമിക്കരുത്....... മറ്റൊരാളുടെ അവകാശം/അവസരം/ അര്‍ഹതപ്പെട്ടത്/ നിഷേധിക്കുകയോ, തട്ടിപ്പറിക്കുകയോ ചെയ്യരുത്


ജീവിതം ഒന്നേയുള്ളൂ......അത് ദൈവത്തോടും, സഹജീവികളോടും, പ്രപഞ്ചത്തോടും നിരന്ന് ഒരു ആഘോഷമാക്കുക.........ജീവിതം ഒരു ഉത്സവമാക്കുക( നമുക്കും മറ്റുള്ളവര്‍ക്കും)

Friday, October 31, 2014

കണ്ടതും.....കേട്ടതും

കണ്ടതും.....കേട്ടതും

അധികാരത്തിന്‍റെ വടംവലി മല്‍സരത്തില്‍ കണ്ടതും കേട്ടതും......

ഒരുവന്‍റെ വിജയം ഉറപ്പാക്കേണ്ടത്/അധികാരക്കസേരകള്‍ പണിയേണ്ടത്, മറ്റുള്ളവരുടെ മേല്‍ ചെളിവാരിയെറിഞ്ഞിട്ടോ, അപഹസിച്ചിട്ടോ, തോളില്‍ ചവുട്ടിത്താഴ്ത്തിയിട്ടോ ആവണം.............പ്രത്യേകിച്ചും മേലധികാരികളുടെ മുന്‍പിലും മറ്റും വച്ച്.......(പൊതുവിലും, അല്ലാതെയും)

ഒരേ വ്യക്തിയെക്കുറിച്ചോ, സംഭവത്തെക്കുറിച്ചോ, ഒരേസമയം പരിഹാസവും, പുകഴ്ത്തലും നടത്തുക (ഉദാ: ഒരാള്‍ പാടിയ പാട്ടിനെക്കുറിച്ച് അയാളോട് ഗംഭീരം, ഇതുപോലൊരു പാട്ട് കേട്ടിട്ട് എത്രനാളായി എന്നു പറയുന്നതോടൊപ്പം.........മാറിനിന്ന് പാട്ട് എന്തിനുകൊള്ളാമെന്നും, അവനെ(ളെ)പ്പിടിച്ച് ആരാണ് സ്റ്റേജില്‍ കയറ്റിയത് എന്ന് പറയുകയും ചെയ്യുക)

അധികാരകേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങി നടക്കുക......എപ്പോഴും സ്വന്തം വീരകൃത്യങ്ങളെക്കുറിച്ച് അധികാരകേന്ദ്രങ്ങളില്‍ സമയാസമയങ്ങളില്‍  പറഞ്ഞുകൊണ്ടേ നടക്കുക.......

പൊതുചര്‍ച്ചകളില്‍ ആരെ പാര പണിയണമോ, അവരുടെ അസാന്നിദ്ധ്യത്തില്‍ അവര്‍ക്ക് പാര പണിയുക.........(പണികിട്ടുന്നവന്‍ പോലും അറിയാതെ.....അതോടൊപ്പം പണിയുന്നവനെ/ളെ അവന്‍റെ/അവളുടെ സാന്നിധ്യത്തില്‍ പ്രകീര്‍ത്തിക്കുക, കെട്ടിപ്പിടിക്കുക, അവന്‍റെ മൃദുമാനസിക മേഖലകളെ ഇക്കിളിപ്പെടുത്തുക.....അവരെ ഒപ്പം നിറുത്തുന്നതായി നടിക്കുക,.......) പണികിട്ടിയവന്‍/ള്‍ നെട്ടോട്ടമോടുമ്പോള്‍ സഹായഹസ്തം നീട്ടുക.

മേലധികാരികളുടെ ബലഹീനതകള്‍ എന്തൊക്കെയെന്ന് ഒരു ചെറിയ ഗവേഷണം നടത്തി കണ്ടുപിടിക്കുക......എന്നതിനുശേഷം ഓരോരുത്തരുടെയും അടുക്കല്‍ പ്രത്യേകം, പ്രത്യേകം അവകളെടുത്ത് പ്രയോഗിക്കുക( ഉദാ: സ്ത്രീകളുടെ തുല്യതയിഷ്ടപ്പെടാത്ത മേലധികാരികളോട് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുക.....സ്ത്രീസമത്വം ആഗ്രഹിക്കുന്നവരുടെയടുക്കല്‍ സ്ത്രീവിമോചനം പറയുക)

ഒരുവനെ/ളെ തമസ്കരിക്കുവാന്‍, ഒഴിവാക്കുവാന്‍....മറ്റൊരുവനെ/ളെ വാനോളം പുകഴ്ത്തുക.............അതും ഒന്നിച്ചു പ്രവര്‍ത്തിച്ച ഒരാളെയാണെങ്കില്‍ വളരെ നല്ലത്.................

ഉന്നതസ്ഥാനീയരുടെ അപധാനങ്ങള്‍ എപ്പോഴും അവരെക്കേള്‍ക്കെ മറ്റുള്ളവരോട് പറയുക........

(ഇവകള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ നമ്മള്‍ അധികാരത്തിനായുള്ള വടംവലി മല്‍സരത്തിലെ ഒരംഗമാണ്)


Friday, October 24, 2014

വിവരമില്ലാത്തവന്‍റെ ചില മണ്ടന്‍ ചോദ്യങ്ങള്‍

വിവരമില്ലാത്തവന്‍റെ ചില മണ്ടന്‍ ചോദ്യങ്ങള്‍

രാഷ്ട്രീയമെന്നാല്‍ ജനത്തെ സംബന്ധിക്കുന്നത് എന്നര്‍ത്ഥം........ അപ്പോള്‍പ്പിന്നെ....!!!!!!!!!!!!!!!!!!!!!!!!!!

ദൈവത്തിന് രാഷ്ട്രീയമുണ്ടോ?

ദൈവരാജ്യസംബന്ധിയായചര്‍ച്ചകളില്‍/ഇടപെടലുകളില്‍/ആരാധനയില്‍ രാഷ്ട്രീയമുണ്ടോ?

അന്നന്നത്തെ അപ്പത്തിന്നായി കേഴുന്നവന്‍റെ പ്രാര്‍ത്ഥനയില്‍ ഒരു രാഷ്ട്രീയമില്ലേ? 

ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്ന് തരേണമേയെന്ന പ്രാര്‍ത്ഥനയില്‍ വിഭവനീതിയുടെ ഒരു രാഷ്ട്രീയമില്ലേ?

ഒരല്‍പം കിടപ്പാടത്തിനായി നില്‍പ്പുസമരം നടത്തുന്നവരുടെ നിലവിളിയില്‍ ഒരു പ്രാര്‍ത്ഥനയില്ലേ?മിസ്രയീമ്യരുടെ നിലവിളികേട്ട ദൈവം, ഇവരുടെ നിലവിളിയും കേള്‍ക്കില്ലേ?

അടിമത്തത്തില്‍നിന്നും ജനത്തെ വിടുവിച്ച് പാര്‍ക്കുവാന്‍ ഭൂമി നല്‍കിയ ദൈവത്തിന്‍റെ ഇഷ്ടം രാഷ്ട്രീയഇടപെടലായിരുന്നില്ലേ?

ഹെരോദാവിന്‍റെ കൊട്ടാരത്തെ നിഷേധിച്ച്, തന്‍റെ പുത്രന് പെരുവഴി ഒരുക്കിയ പിതാവായ ദൈവത്തിന്‍റേത് ബോധപൂര്‍വമായ ഒരു ചെയ്തിയല്ലേ? നിലവിലെ ആധിപത്യ രാഷ്ട്രീയത്തിന്‍റെ പൊളിച്ചെഴുത്തല്ലേ ആ പ്രവര്‍ത്തി....?

ഞാന്‍ ജീവന്‍റെ അപ്പമാകുന്നുവെന്ന ക്രിസ്തുവിന്‍റെ വാക്കുകളില്‍............ജീവന്‍ നിഷേധിക്കുന്ന/മരണം വിതയ്ക്കുന്ന വ്യവസ്ഥിതികളുടെ ഒരു നീഷേധമില്ലേ?

നീതിയുടേയും, ന്യായത്തിന്‍റെയും, വിമോചനത്തിന്‍റെയും, തുല്യതയുടെയും,  കരുണയുടെയും, വിഭവനീതിയുടേയും, സ്നേഹത്തിന്‍റെയും, പെരുമ്പറ മുഴക്കിയ പ്രവാചകന്മാരുടെയും, ദൈവപുത്രനായ ക്രിസ്തുവിന്‍റെയും വാക്കുകളിലും, പ്രവൃത്തിയിലും ജനത്തെ സംബന്ധിച്ച വിഷയങ്ങളായിരുന്നില്ലേ നിറഞ്ഞുനിന്നിരുന്നത്?
ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവത്തിന്‍റെ രക്ഷയുടെ/വിമോചനത്തിന്‍റെ/ വെളിപ്പെട്ട ഭാവങ്ങളിലെല്ലാം മനുഷ്യന്‍റെ ജീവനും/ജീവന്‍റെ പോഷണവും പ്രധാനമായിരുന്നല്ലോ?

അപ്പോള്‍പ്പിന്നെ ഇന്ന്, സഭാക്കെങ്ങനെ ജീവന്‍റെ പ്രഘോഷകരാകാതെ/ ജീവന്‍റെ ഇടപെടലുകളും രാഷ്ട്രീയ ഇടപെടലുകളും നടത്താതെ കേവലം ആത്മാവിന്‍റെ രക്ഷയ്ക്കായി മാത്രം നിലനില്‍ക്കാനാവും?

ന്യൂനപക്ഷത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ട് രൂപീകരിക്കുന്ന സാമ്പത്തിക/രാഷ്ട്രീയ/മത/പരിസ്ഥിതി നയങ്ങളെ സഭക്കെങ്ങനെ നിശ്ശബ്ദം വീക്ഷിക്കാനാവും?

തെരുവില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുമ്പോള്‍ കസേരകളില്‍ അലസതയോടെയിരിന്ന്‍ തമാശ(വെടി) പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന നിയമപാലകരെപ്പോലെ......സഭയും, ജീവല്‍ പ്രശ്നങ്ങളോടുള്ള ദൈവിക നിയോഗങ്ങളെളെക്കുറിച്ച് പറയേണ്ടതിനുപകരം അര്‍ത്ഥരഹിതമായ വാഗ്വാദങ്ങളിലും, ചര്‍ച്ചകളിലും ആണോ ഏര്‍പ്പെടുന്നത്? 

ദൈവം ക്രിസ്തുവിലൂടെ പറഞ്ഞതിലും പ്രവര്‍ത്തിച്ചത്തിലും ജീവല്‍പ്രശ്നങ്ങളല്ലേ നിറഞ്ഞുനിന്നത്? അപ്പോള്‍പ്പിന്നെ നീതി, കരുണ, തുല്യത, പങ്കിടീല്‍, പാരസ്പര്യത, ഒരുമ, താഴ്മ, എളിമ, വിശക്കുന്നവന്‍റെ അപ്പം, സമാധാനം, വിമോചനം, ജീവന്‍റെ സംരക്ഷണം, ജീവിക്കുവാനുള്ള അവകാശം, മനുഷ്യനെ രോഗിയാക്കുന്ന/നശിപ്പിക്കുന്ന/ആക്രമിക്കുന്ന സംവിധാനങ്ങള്‍, ഇവകളെക്കുറിച്ചുമല്ലേ നാം പറയേണ്ടത്? അതിലപ്പോള്‍ രാഷ്ട്രീയം വരില്ലേ? കാരണം ഇവകളൊക്കെ ജനത്തെയും, ജീവനേയും സംബന്ധിച്ച വിഷയങ്ങളല്ലേ?

(ഈ ചോദ്യങ്ങളെല്ലാം ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന ചില പൊട്ടുചോദ്യങ്ങള്‍ മാത്രം.....നിങ്ങളെന്നോട് പൊറുക്കുക.....ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ)

ദൈവമേ.....അങ്ങയോട്‌ ഈ വിവരമില്ലാത്തവന്‍റെ ചില മണ്ടന്‍ ചോദ്യങ്ങള്‍

ഒന്ന് - അങ്ങ് ദേവാലയത്തില്‍ മാത്രം അന്തിയുറങ്ങുന്ന ദൈവമോ? അതോ തെരുവിലും അന്തിയുറങ്ങാറുണ്ടോ?

രണ്ട് – ദൈവരാജ്യം, നീതിയും സമാധാനവും സന്തോഷവുമല്ലേ? അതില്‍ രാഷ്ട്രീയമില്ലേ?

മൂന്ന് – ദൈവാലയത്തില്‍കൂടിവന്ന് ആരാധകര്‍ ഉയര്‍പ്പിന്‍റെ കരുത്ത്‌ പ്രാപിച്ച് ജനങ്ങളിലല്ലേ ജീവിക്കേണ്ടത്? അപ്പോള്‍ സഭ തെരുവിലല്ലേ യാഥാര്‍ത്ഥ്യമാകുന്നത്?

നാല് – തെരുവിലെ സഭ ജനത്തെ സംബന്ധിച്ച കാര്യങ്ങളല്ലേ പറയേണ്ടത്? അപ്പോള്‍ അതില്‍ രാഷ്ട്രീയം വരില്ലേ?

ദൈവമേ.......എനിക്ക് ഉത്തരം തരിക.......അങ്ങയുടെ പരിജ്ഞാനത്താല്‍ നിറക്കുക....വിവരക്കേടുണ്ടെങ്കില്‍ പൊറുക്കുക!!!!!!!!!!!!!!!!!!


Monday, October 13, 2014

ദൈവത്തെക്കാള്‍ വലിയ മനുഷ്യരോ?

ദൈവത്തെക്കാള്‍ വലിയ മനുഷ്യരോ?

പുരുഷമേധാവിത്വത്തിന്‍റെ പ്രവാചകരേ......സ്ത്രീ അശുദ്ധയാണെന്നും, ബലഹീനയാണെന്നും, പുരുഷന്‍റെ അടിമയാണെന്നും, മിണ്ടാതിരിക്കേണ്ടവളാണെന്നും, അവള്‍ക്ക് വിശുദ്ധസ്ഥലങ്ങളില്‍ പ്രവേശനമില്ലെന്നും വാദിക്കുന്നവരേ........ദൈവം, മനുഷ്യന്‍ മെനഞ്ഞെടുത്ത, നിര്‍മിച്ച വ്യവഹാരങ്ങളുടെ തടവറയിലോ?

സ്ത്രീയിലും, പുരുഷനിലും( ജാതി, വര്‍ണ, വര്‍ഗ, ലിംഗ ഭേദങ്ങളില്ലാതെ) ദൈവം, കൃപയോടെ പകര്‍ന്ന ദൈവികസാദൃശ്യത്തെ നിരാകരിക്കുന്നതാണിന്നിന്‍റെ പാപം.....ആ ദൈവസാദൃശ്യത്തില്‍ മേല്‍ക്കോയ്മകളും, ശ്രേണീബദ്ധങ്ങളും സൃഷ്ടിക്കുന്നവരേ, അത് നിങ്ങളുടെ നിര്‍മിതിയാണ്.......ദൈവത്തിന്‍റെ സൃഷ്ടിയല്ല........

കൃപലഭിച്ച കന്യകമറിയം, അബ്രഹാമിന്‍റെ പുത്രിയായ കൂനിയായ സ്ത്രീ, പ്രവാചകഗണത്തിലെ മിര്യാം, ദേബോര,എസ്ഥേര്‍..... ഭീരുക്കളായോടിപ്പോകാതെ ക്രൂശിന്‍റെ അടിവാരംവരെ അനുഗമിച്ച സ്ത്രീകള്‍, മരണത്തിന്‍റെ അന്ത്യനിമിഷങ്ങളില്‍ ക്രിസ്തുവിന് ദാഹജലംപകര്‍ന്ന സ്ത്രീകള്‍, ഉയിര്‍പ്പിന്‍റെ പ്രഥമ പ്രഘോഷകരായ സ്ത്രീകള്‍, ദൈവിക പ്രവാചകരെ ആപത്ഘട്ടങ്ങളില്‍ സംരക്ഷിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍( സൂതികര്‍മിണികളായ ശിപ്ര, പൂവ, സാരെഫാപ്തയിലെ വിധവ)......ഇവരൊക്കെ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരല്ലേ?

ക്രിസ്തുവില്‍ ആണെന്നും പെണ്ണെന്നുമില്ലെന്നും, ക്രിസ്തുവിലുള്ള പുതുമനുഷ്യത്വത്തെക്കുറിച്ചും പറഞ്ഞ പൌലോസിന്‍റെ വാക്കുകള്‍ നാം മറന്നുവോ?

പാപിനിയായ സ്ത്രീക്ക് യേശുവിന്‍റെ കാല്‍ തൈലംപൂശി ചുംബിക്കാമെങ്കില്‍, യേശു അതിന് അനുവാദം നല്‍കിയെങ്കില്‍......ഇന്ന് സഭ എന്തുചെയ്യണം? പരീശന്‍ പറയുന്നു....നീ എന്തിന് അനുവാദം നല്‍കുന്നു...അതും പാപിനിയായ ഇവള്‍ക്ക്.......ഇന്നും ഇതേ വാക്കുകള്‍ ഉയര്‍ത്തുന്ന ആധുനിക പരീശരേ....നിങ്ങള്‍ക്ക് ഹാ കഷ്ടം!!!!!!!!!! യേശുവിന്‍റെ സന്നിധിയില്‍നിന്ന് സ്ത്രീകളെ വിലക്കുവാന്‍ നിങ്ങള്‍ക്ക് അധികാരം തന്നത് ആര്‍?

സ്ത്രീയെന്നും, പുരുഷനെന്നും വ്യത്യാസമില്ലാത്ത ദൈവത്തിന്‍റെ മുന്‍പില്‍.......സ്ത്രീ പുരുഷനു കീഴെയാണെന്ന് ശഠിക്കുന്ന നിങ്ങള്‍ക്ക് ഹാ കഷ്ടം.........ആരാണിവിടെ സ്ത്രീയുടെ വിലയും/വിലയില്ലായ്മയും, വിശുദ്ധിയും/അശുദ്ധിയും, സ്ഥാനവും/സ്ഥാനമില്ലായ്മയും കല്‍പിക്കുന്നത്? സ്ത്രീയുടെ സ്ഥാനം ഇതിനപ്പുറത്താണെന്ന്‍ പറയുവാന്‍ നിങ്ങളോട് കല്‍പിച്ചതാരാണ്? പുരുഷമേധാവിത്വമെന്ന പൈശാചിക വ്യവഹാരമോ?
ദൈവത്തെക്കാള്‍ വലിയവരോ നിങ്ങള്‍?

ഞാനൊന്ന് പറയട്ടെ.....ഞാന്‍ വിശ്വസിക്കുന്ന ദൈവം, ആരാധിക്കുന്ന ദൈവം........മനുഷ്യരുണ്ടാക്കിയ പൈശാചിക ഘടനകളായ പുരുഷമേധാവിത്വം, ജാതിവ്യവസ്ഥ, സമ്പന്ന-ദരിദ്ര മുതലാളിത്ത വ്യവസ്ഥ തുടങ്ങിയ വ്യവഹാരങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ദൈവമാണ്.......ഇവകള്‍ക്കൊക്കെ അതീതമായി ഏവരേയും സ്വീകരിക്കുന്ന ദൈവമാണ്....മനുഷ്യന്‍റെ കണക്കുകൂട്ടലുകള്‍ക്ക് അതീതമായി പദവികളും,  സ്ഥാനവും, സ്നേഹവും, അംഗീകാരവും, നല്‍കുന്ന ദൈവമാണ്........

സ്ത്രീയുടെയും, പുരുഷന്‍റെയും ദൈവസന്നിധിയിലെ സ്ഥാനം നിര്‍ണയിക്കേണ്ടത് ദൈവികനിയോഗത്തോടുള്ള അവരുടെ സമര്‍പ്പണത്തിന്‍റെ അടിസ്ഥാനത്തിലാവണം.......അല്ലാതെ കേവലം ലിംഗപരമായി മനുഷ്യന്‍ കല്‍പിച്ചുണ്ടാക്കിയ സ്ഥാനങ്ങളുടെയും, വേര്‍തിരിവുകളുടേയും അടിസ്ഥാനത്തിലാവരുത്........

തിരെഞ്ഞെടുക്കപ്പെട്ട രാജകീയപുരോഹിതവര്‍ഗമേ........ഇവിടെ മതില്‍ക്കെട്ടുകളും, വേലികളും പണിയുന്നത് പാപമാണ്....അത് ദൈവവ്യവസ്ഥിയോടുള്ള നിഷേധമാണ്, ജീവന്‍റെ പൂര്‍ണത ആഗ്രഹിക്കുന്ന ദൈവത്തോടുള്ള മറുതലിപ്പാണ്......ദൈവകൃപയെയും, ദൈവസ്നേഹത്തെയും നിങ്ങള്‍ പരിമിതപ്പെടുത്തുന്നു.....അത് ദൈവികസത്തയുടെ നിഷേധമാണ്.......

ലിംഗ, വര്‍ണ, ജാതി, വര്‍ഗ, വ്യത്യാസങ്ങളില്ലാതെ അവിടുത്തെ സന്നിധിയില്‍ ശുശ്രൂഷചെയ്യുവാന്‍ മനുഷ്യരെ നിയോഗിക്കുന്ന ദൈവമേ..........അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു........അങ്ങയില്‍ ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു..........

ദൈവിക നിയോഗത്തില്‍, ലിംഗപരമായോ, ജാതീയമായോ, മറ്റേതെങ്കിലും തരത്തിലുള്ള വേര്‍തിരിവുകളോ സൃഷ്ടിക്കുന്ന എല്ലാത്തര വ്യവഹാരങ്ങളെയും ഞാന്‍ നിഷേധിക്കുന്നു.....


മനുഷ്യരെ സ്ത്രീ-പുരുഷഭേദം കൂടാതെ സ്നേഹിക്കുകയും, അംഗീകരിക്കുകയും, ശിഷ്യത്വത്തിലേക്ക് വിളിക്കുകയും ചെയ്യുന്ന ദൈവമേ.....പരിശുദ്ധാത്മാവെന്ന അഗ്നി ഞങ്ങളിലേക്കയച്ച്........ഞങ്ങളുണ്ടാക്കുന്ന ബാബേലുകളെ തകര്‍ക്കുക......ഞങ്ങളെ വീണ്ടെടുക്കുക