Powered By Blogger

Saturday, May 23, 2015

ഒരു പഴയ/പുതിയ അനുഭവം

ഒരു പഴയ/പുതിയ അനുഭവം

ഞായറാഴ്ച കാലത്തെ ആരാധനക്ക് ശേഷം കാല്‍നടയായി മാരാമണ്‍ റിട്രീറ്റ്‌ സെന്‍ററിലേക്ക് പോകുകയായിരുന്നു ഞാന്‍...............
കുറെ നാളുകള്‍ക്കുശേഷമാണ് ളോഹ ധരിച്ച് ഇത്രയും ദൂരം നടക്കുന്നത്.....

കോഴഞ്ചേരി പാലത്തില്‍ നിന്ന് മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തല്‍ നോക്കിക്കാണുന്നത് എനിക്കിഷ്ടമുള്ള ഒരു കാര്യമാണ്.................പാലത്തില്‍ നിന്ന് മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലും പരിസരവും കാണുവാന്‍ നല്ല ചന്തം..............മനസ്സിന് ഇമ്പം നല്‍കുന്ന ആ കാഴ്ച പ്രകാശചിത്രത്തിലാക്കുവാന്‍ എന്‍റെ ചിത്രം പിടിക്കുന്ന ഉപകരണം ഞാന്‍ തയ്യാര്‍ ചെയ്യുന്നതിനിടയില്‍ എനിക്കപ്പുറത്തുനിന്നായി പ്രകാശചിത്രം പിടിക്കുന്ന ഒരു സ്ത്രീ എന്‍റെ ശ്രദ്ധയില്‍പ്പെട്ടു..................എന്നെപ്പോലെ ആ സ്ത്രീയും കാഴ്ചയെ ഓര്‍മ്മയാക്കുവാനുള്ള തത്രപ്പാടിലാണ്............

പ്രകാശചിത്രം പിടിച്ച ഞാന്‍ എന്‍റെ നടത്തം തുടര്‍ന്നു.........
നടത്തത്തിനിടയില്‍ കേട്ട ഒരു ആക്രോശം എന്നെ വല്ലാതെ വേദനിപ്പിച്ചു............

അതൊരു അപഹസിക്കലാണോ, അപമാനിക്കലാണോ, നിന്ദിക്കലാണോ, മുറിവേല്‍പ്പിക്കലാണോ എന്നെനിക്കറിയില്ല........ഇവകളുടെ എല്ലാം ആകെത്തുകയാണ് ഇതെന്ന് കരുതുന്നതിലും തെറ്റില്ല..............

മുച്ചക്രവാഹനത്തില്‍ സഞ്ചരിച്ച ചില ചെറുപ്പക്കാര്‍ ആ സ്ത്രീയുടെ നേരെയാണ് ആക്രോശിക്കുന്നത്..............

അവരുടെ വാക്കുകളെല്ലാം ഇവിടെക്കുറിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.......എങ്കിലും ഒരു വാചകം കുറിക്കട്ടെ.....(അത് പുരുഷമേധാവിത്വത്തിന്‍റെ പുളിച്ചുതികട്ടല്‍ തന്നെയാണ്......)എന്തോന്നാടീ....ഒരുമ്പെട്ടവളേ.......നിനക്കൊന്നും വീട്ടില്‍ വേറെ പണിയൊന്നുമില്ലേടീ.............!!!!!!!!!!!!!!!!!!!

ഈ ആക്രോശം ദൈവനിന്ദയായി എനിക്കുതോന്നി.......ഒരു ജനതയ്ക്കാകെ അപമാനവും........

ആക്ഷേപശരത്തെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിയ, ആ നിന്ദയുടെ മുന്‍പില്‍ പതറാതെ നിന്ന ആ സ്ത്രീയുടെ ആളത്വബോധത്തെ ഞാന്‍ ബഹുമാനിക്കുന്നു.........................അവള്‍ സമയമെടുത്ത് പ്രകാശചിത്രം തന്‍റെ സ്വന്തമാക്കി ഉറച്ചകാല്‍വെയ്പ്പോടെ നടന്നകന്നു.........

പക്ഷേ എന്നെ ചിന്തിപ്പിച്ചത്..... പുരുഷ മേധാവിത്വം വരച്ച ചില ലക്ഷ്മണ രേഖക്കപ്പുറത്തേക്ക് സ്ത്രീ കടന്നുചെന്നാല്‍/ചില നിയതഘടനകള്‍ക്കപ്പുറത്തേക്ക് ദൈവവും ഈ രാജ്യത്തിന്‍റെ ഭരണഘടനയും നല്‍കുന്ന സ്വാതന്ത്ര്യത്തോടെ കടന്നുപോയാല്‍ അവള്‍ ഒരുമ്പെട്ടവളായി...........

സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ചങ്ങലക്കിടാന്‍ ആരാണ് ചിലര്‍ക്ക് അധികാരം നല്‍കിയത്.......സ്ത്രീത്വത്തെ എങ്ങിനെയും ആര്‍ക്കും അധിക്ഷേപിക്കാമോ?
ക്രിസ്തുനല്‍കിയ സ്വാതന്ത്ര്യത്തെക്കുറിച്ച് സ്ത്രീ സംസാരിച്ചാല്‍പ്പോലും അവള്‍ ധിക്കാരിയായി..........

ദൈവസന്നിധിയില്‍പ്പോലും സ്ത്രീയുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നവരേ......നിങ്ങള്‍ക്ക് ഹാ കഷ്ടം...........

സ്ത്രീത്വത്തെ അപമാനിക്കുന്നവരേ, കളിയാക്കുന്നവരേ.....അവരുടെ ചലനങ്ങള്‍ക്കും, ചിന്തകള്‍ക്കും, ഭാഷക്കും, അക്ഷരത്തിനും കൂച്ചുവിലങ്ങിടുന്നവരേ....നിങ്ങള്‍ ക്രിസ്തുവിങ്കലേക്ക് മടങ്ങുവിന്‍..........സത്യം നിങ്ങളെ സ്വതന്ത്രരാക്കും.....

ക്രിസ്തുവിന്‍റെ സന്നിധിയില്‍ കുഞ്ഞുങ്ങളും, സ്ത്രീകളും, പുരുഷന്മാരും തുടങ്ങി ഈ സമൂഹം തള്ളിയവരും, പുച്ഛിച്ചവരമെല്ലാം ഇരിക്കുന്നു....ക്രിസ്തു അവരോടൊപ്പം അത്താഴം കഴിക്കുന്നു...........

ചരിത്രത്തില്‍ സ്ത്രീകളിലൂടെയും ഇടപെട്ട/ഇടപെടുന്ന ദൈവമേ........ഈ ലോകത്തിന് തിരിച്ചറിവ് നല്‍കുക.........ഞങ്ങള്‍ക്ക് പുത്തന്‍കാഴ്ചയും, ഭാഷയും ദര്‍ശനവും നല്‍കുക.............

ഞങ്ങളുടെ മലീമസമാക്കപ്പെട്ട, ഇടുങ്ങിയ, അധീശത്വ മനസ്സുകളെയും ഭാഷയെയും അവിടുന്ന് അവിടുത്തെ ആത്മാവിനെ അയച്ച് രൂപാന്തരപ്പെടുത്തുക........



Thursday, May 14, 2015

ഉണങ്ങിയ അസ്ഥികള്‍ ജീവിക്കുമോ?


അക്ഷരബോധമില്ലാത്ത, വായനയില്ലാത്ത, ചരിത്രബോധമില്ലാത്ത, രാഷ്ട്രബോധമില്ലാത്ത, നീതിബോധമില്ലാത്ത, മുന്‍വിധിയുള്ള, ചര്‍ച്ചകള്‍ക്ക് ഇടം നല്‍കാത്ത, വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാണിക്കുന്ന, സമ്പന്നന്‍റെ പക്ഷംമാത്രം പിടിക്കുന്ന, ഒരിക്കല്‍പ്പോലും കീഴാളബോധ്യങ്ങളില്‍നിന്നുകൊണ്ട് തീരുമാനങ്ങള്‍ കൈക്കൊള്ളാത്ത, ഉദ്യോഗവൃന്ദവും, ഭരണവര്‍ഗവും, മതനേതൃത്വവും..........................അവര്‍ക്ക് കീ ജയ് വിളിക്കുന്ന കുറെ അന്യഗ്രഹ ജീവികളും...!!!!!!!!!!!

കേവലകക്ഷിരാഷ്ട്രീയത്തിലും, ജാതി-മതബോധത്തിലും, പണക്കൊഴുപ്പിലും, കിങ്കരന്മാരുടെ ഉപദേശത്തിലും മാത്രം ഒരു ബഹുസ്വരജനതതിയുടെ( മതത്തിലും, രാഷ്ട്രീയത്തിലും)  തീരുമാനങ്ങളെടുക്കുന്നവര്‍ ഈ ചരിത്രത്തോടും, ജനതയോടും ചെയ്യുന്ന ക്രൂരതയുടെ ആഴം എത്രപേര്‍ തിരിച്ചറിയുന്നു?

അധികാരികളുടെ കാല്‍തിരുമ്മി, ഓച്ചാനിച്ചുനിന്ന്, പരദൂഷണത്തിലൂടെ പാരപണിഞ്ഞ്, പഞ്ചപുച്ഛമടക്കി എല്ലാ സത്യങ്ങളേയും തമസ്കരിച്ച് അധികാരകേന്ദ്രങ്ങളിലെ വാര്‍ത്തകള്‍ചോര്‍ത്തി (ഇന്ന്) ജീവിക്കുന്ന പരാന്നങ്ങള്‍ നാളെ രാജ്യത്തേയും, മതങ്ങളേയും ഭരിക്കുന്ന/നയിക്കുന്ന കാഴ്ച എത്രയോ ഭീകരം........ഇന്നും അതാണ് സംഭവിക്കുന്നതെന്ന് എന്‍റെ വലതുവശത്തിരിക്കുന്ന റേഡിയോ ഏതോ ഭാഷയില്‍ പറയുന്നു!!!!!!!!!!!!!!

മാധ്യമങ്ങളെ വിലക്കുവാങ്ങി/ അവര്‍ക്ക് അടിമകളായി സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കുവാന്‍ മാത്രം ശ്രമിക്കുന്ന........................വൈകാരികപ്രസംഗത്തിലൂടെ മാന്ത്രികവിഭൂതിയിലേക്ക് ജനങ്ങളെ നയിച്ച്‌, സുന്ദരമായ ഫോട്ടോ എല്ലായിടത്തും കുത്തിനിറച്ച് ഒരുങ്ങിച്ചമഞ്ഞ് നടക്കുന്നവര്‍ക്കെങ്ങിനെ ദളിതരുടെ, ദരിദ്രരുടെ, കര്‍ഷകരുടെ, പാതയോരത്ത് കിടന്നുറങ്ങുന്നവരുടെ കഥകള്‍ പറയുവാനാവും...................അവരെ സംബന്ധിച്ചിടത്തോളം മേല്‍പ്പറഞ്ഞവരാരും മനുഷ്യരല്ലല്ലോ............ശല്യങ്ങളായ തെരുവ്‌മൃഗങ്ങളാണല്ലോ( ഞാന്‍ പറയുന്നതല്ല......അവര്‍ പറഞ്ഞുകഴിഞ്ഞു....ഒരൊറ്റ ആത്മീയ കോമരങ്ങളും പ്രതികരിച്ചുകണ്ടില്ല !!!!!!!!!!!)

ഇന്നിന്‍റെ രാഷ്ട്രീയപ്രത്യയശാസ്ത്രവും, ദൈവശാസ്ത്രവും നിര്‍മ്മിക്കുന്നത് ഇന്നിന്‍റെ ഫറോകളും, ബാലിന്‍റെ പ്രവാചകന്മാരും കൈകോര്‍ത്ത്‌പിടിച്ചുകൊണ്ടാണല്ലോ................അതുകൊണ്ടുതന്നെയാണല്ലോ ഇവിടെ ആരെല്ലാം കൊല്ലപ്പെട്ടാലും, തകര്‍ക്കപ്പെട്ടാലും, ചൂഷണം ചെയ്യപ്പെട്ടാലും മതവും രാഷ്ട്രീയവും ഇവിടെ കള്ളനും പോലീസും കളിക്കുന്നത്....!!!!!!!!!!!!!!!!

അക്ഷരങ്ങളെ ഭയക്കുന്ന, ആശയങ്ങളെ വെടിവയ്ക്കുന്ന, തൂക്കിലേറ്റുന്ന, കല്‍ത്തുറുങ്കിലടയ്ക്കുന്ന, കാപാലികരും, ഭരണകൂടവും തമ്മില്‍ എന്ത് അന്തരം...............?

ദൈവമേ.............ഭൂമിയില്‍ ജീവന്‍ നിര്‍ദയം കുരിശേറ്റപ്പെടുന്നു..............എല്ലാവരും ഓടി ഒളിക്കുന്നു..............

ക്രിസ്തുവേ......നാഥാ...............ഉയിര്‍പ്പിന്‍റെ സംഗീതം പെരുമ്പറയായി ഇവിടെ മുഴക്കൂ............ഉണങ്ങിയ അസ്ഥികള്‍ ജീവിക്കട്ടെ......................മരണത്തിന്‍റെ കിങ്കരന്മാര്‍ ലജ്ജിതരാവട്ടെ...............

ക്രിസ്തുവേ....നീയാണെന്‍റെ പ്രതീക്ഷയും, പ്രത്യാശയും

Wednesday, April 29, 2015

മകളേ, ദൈവം നിന്നോട് കൂടെ..............

മകളേ...........നീ പാര്‍ക്കുന്ന ഈ ലോകം ദൈവം സൃഷ്ടിച്ചതാണെങ്കിലും, ഇപ്പോഴത്തെ ലോകത്തിന്‍റെ വികൃത്യമായ ഈ കോലം ദൈവസൃഷ്ടിയല്ല..............മറിച്ച് അധികാരികളുടെ, ശക്തിയുള്ളവരുടെ, ഭരിക്കുന്നവരുടെ/ഭരിച്ചവരുടെ നിര്‍മിതിയാണ്....................

ഇന്ന് നീ പാര്‍ക്കുന്ന ഈ ലോകവും അതിന്‍റെ ക്രമവും പുരുഷാധിപത്യ നിര്‍മിതിയുടെ പരിണിതഫലമാണെന്ന് നീ അറിയുക..............
പുരുഷന്‍ തന്‍റെ സ്വന്തം ഛായയില്‍ നിര്‍മിച്ച ലോകം........അതുകൊണ്ടുതന്നെ സ്ത്രീയുടെ  ഛായ ഒട്ടുമില്ലാത്ത ഒരു ലോകം..............

ഇവിടുത്തെ മതനിയമങ്ങള്‍ പുരുഷാധിപത്യവ്യവസ്ഥ നിര്‍മിച്ചതാണ്......മതത്തിലെ ശുദ്ധ-അശുദ്ധ നിയമങ്ങള്‍ ആരുടെ നിര്‍മിതിയാണെന്ന് നിനക്കറിയാമോ?.......അതും ഒരു ആണ്‍മേല്‍ക്കോയ്മ നിലനിന്നിരുന്ന/നിലനില്‍ക്കുന്ന ഒരു ക്രമത്തിന്‍റെ സൃഷ്ടിതന്നെ..............

ഇവിടുത്തെ ഭാഷയും, ചരിത്രവും അവരുടെ സൃഷ്ടിയാണ്......അതു കൊണ്ടാണല്ലോ ചരിത്രം അവന്‍റെ കഥയായത്(ഹിസ്‌ - സ്റ്റോറി: ഹിസ്റ്ററി)
അതുകൊണ്ടുതന്നെ നിന്നെ/നിന്‍റെ ആളത്വത്തെ ഈ ക്രമത്തില്‍ കണ്ടെത്തുക ശ്രമകരമായ ഒരു കാര്യമാണ്......................ഈ  ക്രമവും, അതിന്‍റെ നിയമങ്ങളും നിന്നെ ഒരു പുരുഷാധിപത്യ വ്യവഹാരത്തില്‍ തളച്ചിടുവാന്‍ എപ്പോഴും ശ്രമിക്കും......

മകളേ, ഈ ക്രമം നിന്‍റെ ദൈവികദാനമായ പല സ്വാതന്ത്ര്യങ്ങളേയും നിഷേധിക്കുവാനിടയുണ്ട്.........നീ തളരരുത്.......ദൈവം നിന്നോട് കൂടെയുണ്ട്.........

ഈ ലോകക്രമത്തിന്‍റെ കാഴ്ചയും, സങ്കല്‍പങ്ങളുമെല്ലാം ദൈവം സൃഷ്ടിച്ചതില്‍നിന്ന് എത്രയോ വികലമാക്കിയിരിക്കുന്നു.....ഈ വികലമായ ലോകവും, അതിന്‍റെ ക്രമവും, അതിന്‍റെ ഉപോല്‍പ്പന്നമായ പുരുഷാധിപത്യവ്യവഹാരത്തിന്‍റെ പ്രവാചകന്മാരും നിന്നെക്കാണുന്നതുതന്നെ വൃത്തികെട്ട കാഴ്ചയിലാണ്.......അതുകൊണ്ടാണല്ലോ, നിന്‍റെ ശരീരത്തെ നോട്ടംകൊണ്ടും, കായികബലംകൊണ്ടും പിച്ചിച്ചീന്തുവാന്‍ ഈ ക്രമം സൃഷ്ടിച്ച കുറെ കാപാലികര്‍ തക്കം പാര്‍ത്തിരിക്കുന്നത്.....നീ കരുതിയിരിക്കുക...... ഓര്‍ക്കുക നിന്‍റെ ശരീരം ദൈവസാദൃശ്യത്തില്‍ സൃഷ്ടിച്ചതും അതിനാല്‍ത്തന്നെ പരിപാവനവുമാണ്.........നീ കരുത്താര്‍ജിക്കുക........ ദൈവം നിന്നോട് കൂടെ..............
  
മകളേ, ഈ ക്രമം, നീ എവിടെനില്‍ക്കണം, എന്ത് ധരിക്കണം, എന്ത് പഠിക്കണം, എങ്ങിനെ സംസാരിക്കണം, എന്ത് ജോലി ചെയ്യണം, എപ്പോള്‍ യാത്ര ചെയ്യണം തുടങ്ങിയ നൂറുകണക്കിന് നിബന്ധനകള്‍ നിന്‍റെ മുന്‍പില്‍ വയ്ക്കും........പതറരുത്........ദൈവത്തോട്‌ നീ നിരന്തരം സംസാരിക്കുക......നിന്‍റെ ആളത്വത്തെ ബഹുമാനിക്കുന്ന, അതിനെ കരുപ്പിടിപ്പിക്കുന്ന, സ്ത്രീ-പുരുഷ വേര്‍തിരിവുകള്‍ കൂടാതെ നിന്നെ സ്വീകരിക്കുന്ന വ്യക്തികളോടും, സംഘങ്ങളോടും നിരന്തരം സംവദിക്കുക.......ദൈവം നിന്നോട് കൂടെ..............

ഈ ലോകം ദൈവത്തെപ്പോലും പുരുഷസാദൃശ്യത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്........അതിനാവശ്യമായ ദൈവശാസ്ത്രവും, പ്രാമാണങ്ങളും, തത്വങ്ങളുമൊക്കെ അവര്‍ നിര്‍മിച്ചിട്ടുണ്ട്.....അതില്‍ ജീവിക്കുമ്പോഴും, അവ കേള്‍ക്കുമ്പോഴും നീ എപ്പോഴും നിന്‍റെ കണ്ണും, കാതും, മനസ്സും ദൈവത്തോട് ചേര്‍ത്തുവയ്ക്കുക............ദൈവത്തിന് നിന്നോട് മറ്റ് പലതും പറയാനുണ്ട്......നീ വായിക്കുക.......പഠിക്കുക (ദൈവിക ബോധ്യങ്ങളില്‍ നിന്നുകൊണ്ട്) വേദപുസ്തകത്തേയും, ചരിത്രത്തേയും, മറ്റ് ഗ്രന്ഥങ്ങളേയും, പ്രമാണങ്ങളേയും............. ദൈവം നിന്നോട് കൂടെ..............

നീ ഓര്‍ക്കുക, ഇക്കാണുന്ന നിര്‍മിതികളില്‍ ദൈവം  പരിമിതപ്പെടുന്നില്ല......ദൈവം, വിഭാഗീയവും, സങ്കുചിതവുമായ എല്ലാ വ്യവഹാരങ്ങള്‍ക്കുമപ്പുറത്താണ്...... ദൈവം നിന്നോട് കൂടെ..............

ദൈവാലയത്തിലെ നിന്‍റെ ഇടത്തിനുപോലും അതിരുകള്‍ നിര്‍മിച്ചിട്ടുള്ള ഈ വ്യവഹാരത്തെക്കണ്ട് നീ അധൈര്യപ്പെടരുത്........ദൈവികയിടത്തില്‍ ഇത്തരത്തിരത്തിലുള്ള ഒരു അതിരുകളുമില്ല........ഈ ക്രമം നിന്നെ അതിരുകളില്‍ തളച്ചിടാന്‍ ശ്രമിച്ചാലും നിന്‍റെ ഭാവനയും, സര്‍ഗശക്തിയും നീ ഒരിക്കലും തളച്ചിടരുത്.......അവകളെ ദൈവത്തോടും, നിന്‍റെ സമസൃഷ്ടങ്ങളോടും, പ്രപഞ്ചത്തോടും ചേര്‍ത്തുവച്ച് പറന്നുയരാന്‍ അനുവദിക്കുക........ ദൈവം നിന്നോട് കൂടെ..............

ഒരു പക്ഷേ.......ഈ ക്രമം നിന്നെ അപഹസിച്ചേക്കാം, തളര്‍ത്തിയേക്കാം, നിനക്കെതിരെ സ്ത്രീവിരുദ്ധ തമാശകളും നിന്ദാവചനങ്ങളും ചൊരിഞ്ഞേക്കാം......തളരരുത്.....ജീവിക്കുക, പോരാടുക......ദൈവം നിന്നോട് കൂടെ..............

നിന്‍റെ ശരീരത്തേയും, മനസ്സിനേയും ദൈവിക വിശുദ്ധിയില്‍ കാക്കുക.......പ്രലോഭനങ്ങളില്‍ വീഴരുത്.......ഈ പുരുഷനിര്‍മിത ലോകം അനേകം ചതിക്കുഴികള്‍ ഒരുക്കിക്കാത്തിരിക്കുന്നുണ്ട്........അതില്‍ നീ വീണാല്‍ ചതിക്കുഴികള്‍ ഉണ്ടാക്കിയവരെയല്ല ഈ പുരുഷനിര്‍മിത ലോകം ദുഷിക്കുന്നതും, ശിക്ഷിക്കുന്നതും, പിന്നെയോ അറിയാതെ അതില്‍വീണ നിന്നെയാവും........അതുകൊണ്ട് ജാഗ്രതയുള്ളവളാകുക, സൂക്ഷ്മതയോടെ ഈ ലോകത്തില്‍ നടക്കുക......ദൈവം നിന്നോട് കൂടെ..............

നിനക്കുനേരെയുള്ളയുള്ള എല്ലാ അതിക്രമങ്ങളെയും, പരിഹാസങ്ങളെയും, സംഘമായി ചെറുത്തുതോല്‍പ്പിക്കുക.....അനേകര്‍ നിന്നോടൊപ്പമുണ്ട്.......നിന്‍റെ മാതാപിതാക്കളായ ഞങ്ങളും നിന്നോടൊപ്പമുണ്ട്........ദൈവം നിന്നോട് കൂടെ..............

ബഹുമാനിക്കുവാനറിയാത്ത, കരുതുവാനറിയാത്ത.......ആക്രമിക്കുവാന്‍ മാത്രം അറിയുന്ന പുരുഷനിര്‍മിതലോകക്രമത്തില്‍, നിന്നെ അറിയുന്ന, നിന്നെ കരുതുന്ന, നിന്നെ സ്വന്തം മകളായിക്കരുതി ദൈവികസിംഹാസനത്തില്‍ തന്നോട് ചേര്‍ത്തിരുത്തുന്ന ദൈവം നിന്നോട്കൂടെ........................

പൊന്നുമകളേ, ഈ പുരുഷനിര്‍മിത വ്യവഹാരത്തില്‍ നീ നിന്‍റെ ഇടം ദൈവത്തോടുകൂടെ കണ്ടെത്തുക..........ഒരു പക്ഷേ......നിന്നെ അവര്‍ ഒരുമ്പെട്ടവളെന്നോ, ധിക്കാരിയെന്നോ പറഞ്ഞേക്കാം തളരരുത്, പതറരുത്...................ദൈവം നിന്നോടുകൂടെ....................

മകളേ.....ഷാലോം....ഷാലോം........ദൈവം നിന്നെ പുതിയവര്‍ഷം അനുഗ്രഹിക്കട്ടെ........(ഈ കുറിപ്പ് എന്‍റെ മകളുടെ ജന്മദിനമായ 2015 ഏപ്രില്‍ 29 ന് കുറിച്ചതാണ്.......ഈ കുറിപ്പെഴുതുമ്പോള്‍ പെണ്‍മക്കള്‍ സുരക്ഷിതരല്ലല്ലോ എന്ന ഭയം എന്നെയും അലട്ടുന്നുണ്ട്(അപ്പോള്‍ എന്‍റെ മകളും).......പക്ഷേ എന്‍റെ ചോദ്യം മറ്റൊന്നാണ്....ഈ പുരുഷനിര്‍മിതലോകവും അതിന്‍റെ ആധിപത്യ വ്യവഹാരങ്ങളും എന്തുകൊണ്ട് ഇന്നും ചോദ്യം ചെയ്യപ്പെടാതെ നില്‍ക്കുന്നു?) 

Monday, April 27, 2015

ദയവായി കണ്ണുനീരില്‍ വിഷം കലര്‍ത്തരുത്...........



ഈ കുറിപ്പ്............................നേപ്പാളിലെ ഭൂകമ്പത്തില്‍ (അകാലത്തില്‍) ജീവന്‍ നഷ്ടപ്പെട്ട, പരുക്കേറ്റു ചികിത്സയിലായിരിക്കുന്ന എന്‍റെ സഹോദരങ്ങള്‍ക്കുവേണ്ടി.............

ഏതൊരു ദുരന്തവും തീരാത്ത നഷ്ടവും, വേദനയും, മുറിവുകളും സമ്മാനിച്ചുകൊണ്ടാണ് പോവുക...........നേപ്പാളിലെ ദുരന്തത്തിന്‍റെ അടയാളപ്പെടുത്തലും മറ്റൊന്നല്ല...........

മനുഷ്യര്‍ നിസ്സഹായരായിപ്പോകുന്ന നിമിഷങ്ങള്‍.........മനുഷ്യര്‍, എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നുപോകുന്ന ദിനരാത്രങ്ങള്‍............

ഇതുവരെ പടുത്തുയര്‍ത്തിയത്/സമ്പാദിച്ചത്/നേടിയത് പലതും കൈവിട്ടുപോകുന്നത് നോക്കിനില്‍ക്കേണ്ടിവരുന്ന മനുഷ്യര്‍..................

സ്വന്തം ബന്ധുക്കളുടെ വേര്‍പാട് താങ്ങാനാവാതെ പൊട്ടിക്കരയുന്ന ആയിരങ്ങള്‍........

ഒരു ജനതയാകമാനം വിറങ്ങലിച്ചുനില്‍ക്കുന്ന, പകച്ചുനില്‍ക്കുന്ന, ദിനങ്ങള്‍.......ഇനിയെത്രകാലമെടുക്കും ഈ മുറിവുകളുണങ്ങാന്‍, നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍...........?

ദുരന്തമേഖലയില്‍ അവരെ കൈപിടിച്ചുയര്‍ത്തുന്ന സൈനികര്‍ക്കും, പോലീസിനും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും, സംഘടനകള്‍ക്കും, അവരെ സഹായിക്കുന്നവര്‍ക്കും ദൈവം കരുത്ത് നല്‍കട്ടെ..................................................

പക്ഷേ.........................

ദുരന്തങ്ങളില്‍ മതവും, രാഷ്ട്രീയവും, കലര്‍ത്തുന്ന സുഹൃത്തുക്കളെ......നിങ്ങള്‍ക്കെങ്ങിനെ ഇത്ര ക്രൂരരാകുവാന്‍ കഴിയുന്നു.........?

ദുരന്തങ്ങളെ ദൈവന്യായവിധിയായി കാണുന്ന മതമൌലികവാദികളെ ദൈവം നിങ്ങളോട് പൊറുക്കട്ടെ.............ഹിന്ദുമതമൌലികവാദികളും, ക്രിസ്ത്യന്‍ മതമൌലികവാദികളും ഒരേ ഭാഷ സംസാരിക്കുന്നു...............അവര്‍ വിഷമാണ് ചീറ്റുന്നത്......വര്‍ഗീയ വിഷം.......പാപത്തിന്‍റെ പട്ടികയില്‍ വരുന്നില്ലേ  ഇത്?

ഇതില്‍ കക്ഷിരാഷ്ട്രീയം കലര്‍ത്തുകയും, നേതാക്കന്മാര്‍ക്ക് കീ ജയ് പറയുവാന്‍ ദുരന്തത്തില്‍നിന്നും രക്ഷപെട്ടവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരേ.........എന്തിനീ കക്ഷിരാഷ്ട്രീയ മുതലെടുപ്പ്?

മനുഷ്യരുടെ ജീവന് മതത്തിന്‍റെയും, കക്ഷിരാഷ്ട്രീയത്തിന്‍റെയും നിറം കൊടുക്കുന്നവരേ....ചരിത്രം നിങ്ങളോട് പൊറുക്കില്ല....ദയവായി മനുഷ്യന്‍റെ നിസ്സഹായതക്ക് കക്ഷിരാഷ്ട്രീയ നിറം കൊടുക്കരുത്.......അവരുടെ ജീവനെവച്ച് വിലപേശരുത്.........

ജീവന് രാഷ്ട്രീയമുണ്ട്.....അത് പോരാട്ടത്തിന്‍റെയും, സ്വാതന്ത്ര്യത്തിന്‍റെയും, നീതിയുടെയും, സമാധാനത്തിന്‍റെയും, വിമോചനത്തിന്‍റെയും രാഷ്ട്രീയമാണ്..........

ജീവന് മതമുണ്ട്.......അത് സ്നേഹത്തിന്‍റെയും, ഒരുമയുടെയും, വിടുതലിന്‍റെയും മതമാണ്.......

പൈശാചികന്‍, വിദ്വേഷത്തിന്‍റെ, അപരത്വത്തിന്‍റെ വിത്ത്‌ വിതയ്ക്കുന്നു......

ദൈവം, കരുതലിന്‍റെ, നിരപ്പിന്‍റെ, സാഹോദര്യത്തിന്‍റെ വിത്ത് വിതയ്ക്കുന്നു..............

ദുരന്തങ്ങളുടെ ഇരകള്‍ നമ്മുടെ അസ്ഥിയില്‍ നിന്നും അസ്ഥിയും മാംസത്തില്‍നിന്ന് മാംസവുമായി ഇവിടെ പിറന്നവരല്ലേ?

ദയവായി മനുഷ്യന്‍റെ കണ്ണുനീരില്‍, നിലവിളിയില്‍, നിസ്സഹായതയില്‍ നിങ്ങളുണ്ടാക്കിയ മതത്തിന്‍റെയും, കക്ഷിരാഷ്ട്രീയത്തിന്‍റെയും വിഷം കലര്‍ത്തരുത്..........അത് കൊടും പാപമാണ്

നമുക്കൊരുമിക്കാം ഒരു ജനതയെ കൈപിടുച്ചുയര്‍ത്താന്‍.............ദൈവം നമ്മോട് കൂടെ

Friday, April 24, 2015

കര്‍ഷകരുടെ ദൈവം


കര്‍ഷകരുടെ ദൈവമേ.............

ഭാരതത്തിലെ കര്‍ഷകരുടെ നിലവിളിയെ അവിടുന്ന് കേള്‍ക്കേണമേ......
അവരുടെ കഷ്ടതയെ കാണേണമേ..........

ഇന്നിന്‍റെ ഫറോവോന്മാര്‍ തങ്ങളുടെ ഹൃദയം കഠിനമാക്കുന്നു.....അവര്‍ ആഡംബരത്തില്‍ തിമിര്‍ക്കുന്നു.....

അവര്‍ മുതലക്കണ്ണീര്‍ പൊഴിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുന്നു........അടുത്ത വിദേശയാത്രയെക്കുറിച്ച് ചിന്തിക്കുന്നു........

ഇന്നിന്‍റെ ഫറോവോന്മാര്‍ വന്‍കിടക്കാരുടെ കോടിക്കണക്കിന് രൂപയുടെ കടം ഇളച്ചുകൊടുക്കുമ്പോഴും, നികുതിക്ക് അടുത്ത പത്തുവര്‍ഷത്തേക്ക് അവധി പ്രഖ്യാപിക്കുമ്പോഴും, പാവം കര്‍ഷകര്‍ക്ക് അന്‍പതും നൂറും രൂപ നഷ്ടപരിഹാരമായി നല്‍കുന്നു.....അവരുടെ കടങ്ങള്‍ക്ക് ജപ്തി നോട്ടീസ് അയക്കുന്നു............തൊണ്ടക്ക് പിടിച്ച് ഞെക്കുന്നു........................പോരാഞ്ഞ് അവരുടെ ഭൂമിയും അപഹരിക്കുന്നു.........

ദരിദ്രന്‍റെ ചീരത്തോട്ടത്തില്‍ കണ്ണുവയ്ക്കുന്ന പുത്തന്‍ അധിനിവേശ ചക്രവര്‍ത്തിമാര്‍ ഇവിടെ വാഴുന്നു..........

പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഒരു ജനത സഹായത്തിനായി കേഴുമ്പോള്‍ (അവരുടെ കരച്ചില്‍ പ്രതിഷേധമായും, സമരമായും രൂപം കൊള്ളുമ്പോള്‍,  അവരുടെ കൈകളിലേക്ക് പിച്ച എറിഞ്ഞുകൊടുക്കുന്ന, അവരെ പരിഹസിക്കുന്ന ഒരു ഭരണവര്‍ഗം..............അവരുടെ നിലനില്‍പിനായുള്ള പോരാട്ടത്തില്‍ ഒരല്‍പം നിയമം ലംഘിച്ചാല്‍ അവര്‍ക്ക്‌നേരെ വെടിയുതിര്‍ക്കുന്ന ഭരണകൂടഭീകരത............പൊതുഖജനാവിലെ കോടികള്‍ കൊള്ളയടിക്കുന്നവര്‍ക്ക് പരിരക്ഷ, സുഖവാസം, നിയമനിര്‍മാണസഭകളില്‍ അംഗത്വം.........വി ഐ പി പരിഗണന....................

ദൈവമേ, നാഥാന്മാരുടെ ശബ്ദം നിലച്ചുവോ?

ദൈവമേ, ഇന്നിന്‍റെ നാഥാന്മാരാകുവാന്‍ നിയോഗിക്കപ്പെട്ടവര്‍ ഫറവോന്മാരെ നമസ്കരിക്കുന്നു.................അവര്‍ക്ക് സ്തുതിഗീതങ്ങള്‍ പാടുന്നു....................അധികാരത്തിന്‍റെ അപ്പക്കഷണങ്ങള്‍ക്കുവേണ്ടിയും, സ്ഥാനമാനങ്ങളാകുന്ന ശേഷിപ്പുകള്‍ക്കുമായും കടിപിടികൂടുന്നു................

അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പോഷിപ്പിച്ച ദൈവമേ...........അപ്പമുണ്ടാക്കുവാന്‍ ഒരിടങ്ങഴി മാവുപോലും പലരുടെയും കൈകളിലില്ലല്ലോ ദൈവമേ.............

ദൈവമേ...................ഈ പ്രകൃതിയുടെ അസന്തുലിതാവസ്ഥയും, കാലാവസ്ഥാവ്യതിയാനവും, വായുമലിനീകരണവും, വരള്‍ച്ചയും, ഊഷരതയും ഞങ്ങളുടെ പാപത്തിന്‍റെ സൃഷ്ടിയാണെന്ന് ഞങ്ങളെ പഠിപ്പിക്കുക.............അതുകൊണ്ടുതന്നെ
പാപത്തില്‍ നിന്ന് മുളയ്ക്കുന്ന മരണം എല്ലായിടത്തും പതിയിരിക്കുന്നു............യുദ്ധത്തിന്‍റെയും, ഘടനയുടെ ഉല്‍പ്പന്നമായ കര്‍ഷക ആത്മഹത്യയുടെയുമൊക്കെ വിത്ത് അനേകരെ തകര്‍ക്കുന്നു............

ദൈവമേ......എന്‍റെ ഉള്ളില്‍ ദുഃഖം തളംകെട്ടുന്നു.............എന്‍റെ സഹോദരങ്ങള്‍ പിടഞ്ഞുമരിക്കുന്നു..........നിസ്സഹായതയില്‍നിന്നും ഉരുത്തിരിയുന്ന ശബ്ദമില്ലാത്ത ഈ കുറിപ്പെഴുതാനേ എനിക്ക് കഴിയുന്നുള്ളൂ.................

ഇവിടെ ബലഹീനരെ താങ്ങാന്‍ ആരുമില്ലേ ദൈവമേ...........................

ഇവിടെ ആമോസിന്‍റെയും, മീഖായുടേയും കുലങ്ങള്‍ അറ്റുപോയോ ദൈവമേ....?

ദേശത്തെ, വരള്‍ച്ചയില്‍നിന്നും, പ്രകൃതിക്ഷോഭത്തില്‍നിന്നും സംരക്ഷിക്കേണമേ................

ഞങ്ങളുടെ അത്യാഗ്രഹം, ധനത്തോടുള്ള ആര്‍ത്തി, അധിപതികളാകുവാനുള്ള ത്വര, ഇവകള്‍ പ്രകൃതിയില്‍ ഉണ്ടാക്കിയ മുറിവുകളെ സൌഖ്യമാക്കുക...............

ഇന്നിന്‍റെ ഫറവോന്മാരില്‍നിന്നും, ചൂഷകരില്‍നിന്നും,  ഈ പ്രകൃതിയെയും, ജനതയെയും രക്ഷിക്കുക.........

യെരുശലേമിലെ ശിശുക്കളെപ്പോലെ അവിടുത്തെ രാജ്യത്തിന്‌ സ്തുതിയര്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് കരുത്ത്‌ പകരുക.......

ഞങ്ങളുടെ കര്‍ഷകരെ കാക്കുക..........

വാല്‍ക്കഷണം: വിദേശങ്ങളില്‍ച്ചെന്ന്, നമ്മുടെ മണ്ണും, വെള്ളവും, വായുവും, പ്രകൃതിവിഭവങ്ങളും വെറുതെ നല്‍കാനുണ്ടെന്ന ബോര്‍ഡും തൂക്കിനടക്കുന്ന ഭരണാധികാരികളേ.........കണ്ണുതുറക്കാത്ത അധികാരികളേ...............നമുക്ക് അന്നം തരുന്ന ഈ കര്‍ഷകരെ കൈപിടുച്ചുയര്‍ത്തൂ.......അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കൂ...................അല്ലെങ്കില്‍ കുറേക്കഴിയുമ്പോള്‍ വിദേശത്തുനിന്നും ഇറക്കുമതിചെയ്യുന്ന യുറേനിയവും, ന്യൂക്ലിയര്‍ മാലിന്യവും നമ്മള്‍ ഭക്ഷിക്കേണ്ടിവരും...............






Sunday, April 19, 2015

എന്‍റെ ചില തോന്നലുകള്‍..................................

എന്‍റെ ചില തോന്നലുകള്‍..................................

സുന്ദരമായ, കല്ലുവച്ച നുണകള്‍ കേള്‍ക്കുവാനാണ് എല്ലാവര്‍ക്കും ഇഷ്ടം(സത്യത്തേക്കാള്‍, നുണയ്ക്കാണ് ആകര്‍ഷണീയതയും, സൌന്ദര്യവും).......

ഭൂമിയിലെ യാഥാര്‍ത്ഥ്യങ്ങള്‍ ആര്‍ക്ക് കേള്‍ക്കണം......ദൈവിക ചുമതലകള്‍ക്ക്/ഉത്തരവാദിത്തങ്ങള്‍ക്ക് മഹാഭൂരിപക്ഷവും ചെവികൊടുക്കുന്നില്ല........എന്നാല്‍ സ്വര്‍ഗത്തിലെ സ്വര്‍ണത്തെരുവീഥികളെക്കുറിച്ചും, രത്നങ്ങളെക്കുറിച്ചും, നീലത്തടാകത്തെക്കുറിച്ചും വിവരിച്ച്‌ പറഞ്ഞാല്‍........................മറ്റുള്ളവരെ പരിഹസിച്ചും, നിന്ദിച്ചും, ചെറുതാക്കിയും പ്രസംഗിച്ചാല്‍ ഇപ്പറഞ്ഞ മഹാഭൂരിപക്ഷവും കേള്‍ക്കാന്‍ ഇടിച്ചുകയറും..........

പുകഴ്ത്തിപ്പറയല്‍ ഇന്നൊരു അവശ്യവസ്തുവും എല്ലാവരും പ്രതീക്ഷിക്കുന്നതുമാണെന്ന യാഥാര്‍ത്ഥ്യം ചരിത്രം എന്നെ പഠിപ്പിച്ചു........പൊതുജനസമക്ഷം അനര്‍ഹരെപ്പോലും പുകഴ്ത്തിപ്പറയണമെന്ന് എനിക്കറിയില്ലായിരുന്നു..............പുകഴ്ത്തിയാല്‍ നേട്ടം.....പുകഴ്ത്തിയില്ലെങ്കില്‍ അവഗണന.............ഇതും എന്‍റെയൊരു മനസ്സിലാക്കല്‍......(പക്ഷേ എനിക്കാ നേട്ടം വേണ്ട സുഹൃത്തേ..................)

നന്നായി പഠിക്കുവാന്‍ അവസരം ലഭിച്ചിട്ടും അത് ഉപയോഗിക്കാതെ നിരുത്തരവാദപരമായി നടന്ന വിദ്യാര്‍ത്ഥി നൂറില്‍ നൂറ് മാര്‍ക്കിനുവേണ്ടി(അല്ലെങ്കില്‍ ഉന്നതവിജയത്തിനുവേണ്ടി) പ്രാര്‍ത്ഥിക്കുന്നത്( പ്രതീക്ഷിക്കുന്നത്) വിശ്വാസപരമായ ഒരനീതിയാണ് എന്നെനിക്ക് തോന്നുന്നു........ദൈവത്തെ ചെറുതായി കാണുകയല്ലേ ചെയ്യുന്നത്?........

പലരും ജീവിക്കുന്നില്ല, അഭിനയിക്കുകയാണെന്ന് തോന്നുന്നു..........ഇല്ലാത്ത ആര്‍ക്കോവേണ്ടി ജീവിതം പാഴാക്കുകയാണ് ചിലരെങ്കിലും....പൊങ്ങച്ചം കാട്ടുവാന്‍ ജീവിക്കുന്നു ചിലര്‍........അയഥാര്‍ത്ഥമായ എന്തൊക്കെയോ വെട്ടിപ്പിടിക്കുവാന്‍ പലരും ആവേശം കാട്ടുന്നു.....പക്ഷേ ഇതിനിടയില്‍ ജീവിതം, വേനലില്‍ വറ്റിവരണ്ടുണങ്ങിയ/ വിണ്ടുകീറിയ പാടംകണക്കെ ആയിപ്പോകുന്നു............

കപടത ഇന്ന് കമ്പോളത്തിലെ ആവശ്യക്കാര്‍ ഏറെയുള്ള ഒരുല്‍പ്പന്നമാണ്.......നൈര്‍മല്യത്തിന്‍റെ, നീതിയുടെ, ആത്മാര്‍ത്ഥതയുടെ കപടഭാവങ്ങള്‍ അണിഞ്ഞ പലരും അങ്ങനെയല്ലെന്ന് ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിയുന്നു..........കപടതയെ തിരിച്ചറിയാന്‍ പലര്‍ക്കും( തിരിച്ചറിവുണ്ടെന്നു കരുതിയ ഉന്നതര്‍ക്ക് പോലും) കഴിയുന്നുമില്ല......

മഹാഭൂരിപക്ഷത്തിനും ഒന്നും ഒറിജിനല്‍ വേണമെന്നില്ല.....വിലകുറഞ്ഞ ഡൂപ്ലിക്കേറ്റ് മതി...അതിനാണ് ഡിമാണ്ട്..............(സ്നേഹം, കരുണ, ദയ, നീതി, ആത്മാര്‍ത്ഥത.........ഇവകളുടെ ഡൂപ്ലിക്കേറ്റ് പോലും ചെറിയവിലയില്‍ കമ്പോളത്തില്‍ കിട്ടും).......ഭൂരിപക്ഷത്തിനും ബ്രാന്‍ഡ്‌നെയിം മാത്രം മതി.....................................

പലപ്പോഴും ദൈവത്തിന്‍റെപോലും ഡൂപ്ലിക്കേറ്റിനാണ് പ്രിയം..............

സുഹൃത്തുക്കളെ, ഇതൊക്കെ എന്‍റെ കുറെ മണ്ടന്‍ തോന്നലുകള്‍ മാത്രം.....ക്ഷമിക്കുക

സ്നേഹപൂര്‍വ്വം


നിങ്ങളുടെ ഒരു ഡൂപ്ലിക്കേറ്റ് സുഹൃത്ത്‌

Tuesday, April 14, 2015

ഈ നിശബ്ദത എന്നെ ഭയചകിതനാക്കുന്നു...............

ഈ നിശബ്ദത എന്നെ ഭയചകിതനാക്കുന്നു...............

ഇന്ത്യ കരുത്താര്‍ജിക്കുന്നത്രെ.....!!!!!!!!!!!!!

കാരണം ഐ എന്‍ എസ് വിക്രാന്ത് നീറ്റിലിറങ്ങി........റാഫേലെ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങി.............ഭരണാധികാരികാരികള്‍ വിദേശനിക്ഷേപം കൊണ്ടുവരുന്നു......ഓഹരിവിപണിയില്‍ വന്‍കുതിപ്പ്.......സാമ്പത്തിക സൂചിക മുകളിലേക്ക്........

പക്ഷേ യാഥാര്‍ത്ഥ്യങ്ങള്‍ ?????????????

സ്ത്രീപീഡനം, ജാതിയുടെ പേരിലുള്ള വിവേചനം, പട്ടിണിമരണം, ഭരണകൂട ഭീകരത, തൊഴിലില്ലായ്മ, ആഭ്യന്തര വര്‍ണ-വര്‍ഗ-സംസ്ഥാന-ഭാഷാ വിവേചനം, മതവൈരം, അന്ധവിശ്വാസങ്ങള്‍, അറിവിന്‍റെ നിഷേധം(ജാതിയുടെ,ലിംഗത്തിന്‍റെ, സമ്പത്തിന്‍റെ പേരില്‍), കര്‍ഷകആത്മഹത്യകള്‍, ഭരാണിധികാരികളുടെയും അവരുടെ ഏറാന്‍മൂളികളുടെയും അഴിമതി......

മതവും, ആത്മീയതയും..........................

ഇവിടെ എവിടെയാണ് മതവും, ആത്മീയതയും? മനുഷ്യന്‍റെ നിറവും, ജാതിയും, മതവും, ലിംഗവും, രാജ്യവും ചോദിക്കുന്ന തിരക്കിലോ? അതോ മനുഷ്യന്‍റെ നൊമ്പരം അറിയുന്ന/മനസ്സിലാക്കുന്ന വഴിയിലോ?

ഇവിടെ ആരാണ് മത, ദൈവശാസ്ത്ര, ആത്മീയ ചിന്തകളെ രൂപപ്പെടുത്തുന്നത്? ഇരകളുടെ പക്ഷമാണോ....അതോ....ഭരണവര്‍ഗപക്ഷമാണോ?

ഇവിടെ എന്താണ് യഥാര്‍ത്ഥത്തില്‍ മതവും ആത്മീയതയും ചെയ്യുന്നത്? ഈ ലോകത്തിലെ ചരിത്രയാഥാര്‍ത്ഥ്യങ്ങളുടെ തമസ്കരിച്ചുകൊണ്ടുള്ള ദൈവരാജ്യനിര്‍മിതിയോ ? അതോ, ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ ഇന്നിന്‍റെ കത്തുന്ന മുള്‍പ്പടര്‍പ്പുകളെന്ന് തിരിച്ചറിഞ്ഞ്, ദൈവിക നിയോഗങ്ങള്‍ പേറുകയോ?

ഇവിടെ ആര്‍ക്കുവേണ്ടിയാണ് സഭയുടെ ശബ്ദം ഉയരുന്നത്? വ്യവസ്ഥിതികളുടെ സംരക്ഷണത്തിനോ? നമ്മുടെ നിലനില്‍പിനോ? അതോ, ക്രിസ്തുവിന്‍റെ ശബ്ദംപോലെ വ്യവസ്ഥിതിയുടെ ഇരകളുടെ വീണ്ടെടുപ്പിനുവേണ്ടിയോ?

പ്രാര്‍ത്ഥന.....................................

സ്വര്‍ഗത്തില്‍നിന്നും ഇറങ്ങിവന്ന് മണ്ണില്‍ വാസമാക്കിയ ദൈവമേ........
ജീര്‍ണിച്ച, മരവിച്ച, ചത്ത, ഞങ്ങളുടെ മത-ആത്മീയ വ്യവഹാരങ്ങളെയും, അവയുടെ പ്രവാചകരെയും, രാജാക്കന്മാരെയും ചാട്ടവാറെടുത്ത് പുറത്താക്കുക.......അവിടെ ഞാനുണ്ടെങ്കില്‍പ്പോലും...............

ദൈവമേ............ഈ നിശബ്ദത എന്നെ ഭയചകിതനാക്കുന്നു........ഞാന്‍ കാണുന്ന അവസരവാദനയം(നയതന്ത്രജ്ഞത എന്ന ഓമനപ്പേരില്‍) എന്നെ വീര്‍പ്പ്മുട്ടിക്കുന്നു.........ഈ ജീര്‍ണത എന്നെ കൊല്ലുന്നു...............

ക്രിസ്തുവേ......എന്നില്‍ വന്ന് പാര്‍ക്കുക.........എനിക്കുയിര്‍ തിരിച്ചുനല്‍കുക........ആമേന്‍.....................................

നിയോഗം..................

ഇവിടെ കരുത്താര്‍ജിക്കുന്നത് മരണവും......................... ബലഹീനമാക്കപ്പെടുന്നത് ജീവനുമാണെന്ന് ആരോ പറയുന്നത് എനിക്ക് കേള്‍ക്കാം........

ദൈവമേ....അത് അങ്ങയുടെ വാക്കെന്ന് തിരിച്ചറിഞ്ഞ്......ബലഹീനരുടെ പക്ഷം പിടിക്കാന്‍ അങ്ങയോടൊപ്പം എന്നെയും അനുവദിക്കുക..........

കുരിശേറ്റത്തിലൂടെ എന്നെ ഉത്ഥാനത്തിന്‍റെ അനുഭവക്കാരനാക്കുക....................