Powered By Blogger

Friday, August 5, 2016

ഞാനിന്ന് പ്രാര്‍ത്ഥിച്ചത്...................

ഞാനിന്ന് പ്രാര്‍ത്ഥിച്ചത്...................

ദൈവമേ അങ്ങേക്ക് സ്തുതി..........ഞാനൊരു ചില്ലിക്കാശുപോലും തരാതെ, ഞാന്‍ ചോദിക്കുകപോലും ചെയ്യാതെ ഈ ജീവിതം എനിക്ക് തന്നതിനാല്‍ സ്തുതി..........അതെന്തിന് എന്നുള്ള വലിയ അന്വേഷണത്തിലാണ് ഞാനിപ്പോള്‍...........എനിക്ക് ഉത്തരം നല്‍കുക

ഈ ലോകത്തില്‍ ഞാന്‍ ജീവിക്കുമ്പോള്‍.......എനിക്ക് അര്‍ഹമായത് മാത്രം നല്‍കുക...... അതുപോലും നിന്‍റെയിഷ്ടം............അനര്‍ഹമായത് എന്‍റെ പക്കലുള്ളത് ഉപേക്ഷിപ്പാന്‍ എനിക്ക് കരുത്തുപകരുക...

അധികാരത്തിന്‍റെ ഏണിപ്പടികളില്‍ എപ്പോഴെങ്കിലും ഞാന്‍ കയറിയാല്‍ / കയറുവാന്‍ ശ്രമിച്ചാല്‍ എന്നെ അവിടെനിന്നും വലിച്ചിറക്കുക..............

ഈ മഹാപ്രപഞ്ചത്തിന്‍റെ ഏതോ ഒരു കോണില്‍ ഒരു ചെറിയ മനുഷ്യക്കൂട്ടത്തില്‍ ഞാനാരോ ആണെന്ന് ഞാനെപ്പോഴെങ്കിലും വിചാരിച്ചാല്‍ എന്നെ പരസ്യമായി ശാസിക്കുക...................

ഈ ലോകത്തില്‍ ഞാന്‍ പാര്‍ക്കുമ്പോള്‍ ധ്യാനാത്മകമായ ഒരു അകലം, സമ്പത്തിനോടും, നീതിപൂര്‍വ്വമല്ലാത്ത എല്ലാ വ്യവസ്ഥിതികളോടും പാലിക്കുവാന്‍ എനിക്ക് കൃപ നല്‍കുക...............

എന്‍റെ യാത്രയില്‍ ഞാന്‍ കണ്ടുമുട്ടുന്ന ഓരോ മനുഷ്യനെയും എന്നെക്കാള്‍ വലിയവനെന്ന് കാണുവാനുള്ള ദൈവികബോധം എനിക്ക് നല്‍കുക...............

എന്‍റെ കാലുകള്‍ സൂക്ഷ്മതയോടെ വയ്ക്കുവാനും, എന്‍റെ ശരീരം അവിടുത്തെ മുന്‍പില്‍ കുനിക്കുവാനും, ഗര്‍വ്വിന്‍റെ മുന്‍പില്‍ നട്ടെല്ല് നിവര്‍ത്തി നില്‍പ്പാനും എനിക്ക് ശക്തിനല്‍കുക............................

ആവശ്യത്തിനുള്ളതു മാത്രം എന്‍റെ പൊക്കണത്തില്‍ കരുതുവാനുള്ള വിവേകം എനിക്ക് നല്‍കുക..........അതിലധികമുള്ളത് പുഴുവരിക്കുമെന്നും, എന്നെ മതിലുകള്‍ കെട്ടിപ്പൊക്കുവാന്‍ പ്രേരിപ്പിക്കുന്നതാണെന്നും എന്നെ നിരന്തരം അവിടുത്തെ പ്രവാചകരിലൂടെ ഓര്‍മിപ്പിക്കുക........................

എന്‍റെ ദര്‍ശനത്തിന്‍റെ കാഴ്ച ഉന്നതമായിരിപ്പാനും........... ജീവിതത്തിന്‍റെ കാഴ്ച സമ്പന്നരിലേക്കും പ്രഭുക്കന്മാരിലേക്കും ചെന്നെത്താതിരിക്കുവാനും എന്നെ പഠിപ്പിക്കുക...........

പിശാചിന്‍റെ മോഹനവാഗ്ദാനങ്ങളോട് ഇല്ല,മതി, വേണ്ടാ എന്നിങ്ങനെ പറയുവാന്‍ എന്‍റെ അധരങ്ങള്‍ക്ക് ബലം നല്‍കുക.........................

അസത്യത്തിന്‍റെ, ഭോഷ്കിന്‍റെ, കളവിന്‍റെ ആത്മാവിനെ ചെറുത്തുനില്‍പാനുള്ള ആത്മബലം എനിക്കു നല്‍കുക......................
മുന്‍പില്‍ നില്‍പ്പാന്‍ ഞാന്‍ അയോഗ്യന്‍..........എന്നെ പിന്നില്‍ മാത്രം നിര്‍ത്തുക...............

ജീവിതത്തില്‍ ഞാനാരുമായില്ലെങ്കിലും...........ബലഹീനനായ എന്നെ അവിടുത്തെ ആലയത്തിന്‍റെ വാതില്‍ക്കാവല്‍ക്കാരനെങ്കിലുമാക്കുക................
ആമേന്‍

ഞാനുറക്കെ വേദപുസ്തകം വായിച്ചു............

ഞാനുറക്കെ  വേദപുസ്തകം വായിച്ചു...............

ഞാനിന്നും വേദപുസ്തകം വായിച്ചു.........ഞാനിന്ന് ഉറക്കെയാണ് വായിച്ചത്............കേവലമായ ഒരു വായനയെന്നതിലുപരി ഇന്നത്തെ വായന എന്നെ വല്ലാതെ അസ്വസ്ഥനാക്കി........കാരണം ഞാനാദ്യമായി എന്നോടുതന്നെ ചോദിച്ചു.........എന്തിനാണ് എന്‍റെ വായന.....? ആ ചോദ്യം എന്‍റെയുള്ളില്‍ ദഹിക്കാതെ കിടന്ന്‍ വല്ലാതെ ശല്യപ്പെടുത്തി......

ഒടുക്കം ഞാന്‍ തിരിച്ചറിഞ്ഞു..........................................

അതൊരു പ്രതിഷേധവും നിഷേധവുമാണെന്ന്..........ഇന്നിന്‍റെ ഗോല്ല്യാത്തുമാര്‍ക്കെതിരെയുള്ള എന്‍റെ പ്രതിരോധത്തിന്‍റെ കവചം.....

അതൊരു ഏറ്റുപറച്ചിലും അവകാശപ്രഖ്യാപനവുമാണെന്ന്...........എന്നെ ജീവിക്കുവാന്‍ അനുവദിക്കാത്ത ഹെരോദുമാരുടെ മുന്‍പില്‍ എന്‍റെ ജീവിക്കുവാനുള്ള അവകാശം ഉറക്കെപ്പറയുവാന്‍ എനിക്ക് ശക്തിതരുന്ന ഊര്‍ജ്ജസ്രോതസ്സാണിതെന്ന്.............

വേദപുസ്തകം എന്‍റെ ശബ് ദത്തിന്  മുഴക്കം നല്‍കിയെന്ന്........എന്‍റെ ബലഹീനശരീരത്തിന് കരുത്ത് നല്‍കിയെന്നും...................മേലാളന്‍റെ മുന്‍പില്‍ അടിയാളന് കരുത്തു പകര്‍ന്നത് വേദപുസ്തകം തന്നെ................. എന്നെ ചവിട്ടിയരക്കുന്ന സാമ്രാജ്യത്വശക്തികളോട് എതിരിടുവാന്‍ ആദ്യമായി കെല്‍പ്പ് നല്‍കിയത് വേദപുസ്തകത്തിലെ വരികളായിരുന്നു...............

ഞാനുറക്കെ വേദപുസ്തകം വായിച്ചു...............നീതിനിഷേധത്തിന്‍റെ ഇരയായി തോറ്റുപോയ എനിക്ക് അത് മൃതസഞ്ജീവിനിയായി മാറി...........പാപത്തിന്‍റെ വ്യവസ്ഥകളോട് എതിരിട്ട് തോറ്റുപോയ എനിക്ക് ഉയിര്‍പ്പിന്‍റെ പെരുമ്പറയായി അത് മാറി.........അതെന്‍റെ കവിണയും കല്ലുമായി..................

ഞാനുറക്കെ വേദപുസ്തകം വായിച്ചു........................എന്നെ ശബ്ദത്തെ, വാക്കുകളെ അവജ്ഞയോടെകണ്ട ജന്മികളുടെ മുന്‍പില്‍ ഞാനുറക്കെ വേദപുസ്തകം വായിച്ചു..........അത് യെരീഹോം മതിലുകളെ തകര്‍ത്തു........ഞങ്ങളുടെ ചങ്ങലകള്‍ അഴിഞ്ഞുപോയി...........ഞങ്ങള്‍ സ്വതന്ത്രരായി..............

ഞാനുറക്കെ വേദപുസ്തകം വായിച്ചു.................അതെന്‍റെ നിലവിളിയായിരുന്നു........ആ നിലവിളിയില്‍ എന്‍റെ രാഷ്ട്രീയവും,ദൈവശാസ്ത്രവും,വിശ്വാസവും,പ്രത്യാശയുമുണ്ടായിരുന്നു..........ഞാനുറക്കെ വേദപുസ്തകം വായിച്ചുകൊണ്ട് നീതിനിഷേധികളുടെ നടുവിലൂടെ കരുത്തോടെ മുന്‍പോട്ട് നടന്നു..........അത് പ്രാന്തവല്‍ക്കരിക്കപ്പെട്ട എന്‍റെ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയായിരുന്നു.......

ഞാനുറക്കെ വേദപുസ്തകം വായിച്ചു...................................
അതെന്നെ ജീവിക്കുവാന്‍ വല്ലാതെ നിര്‍ബന്ധിച്ചു............അതെന്നെ ഉറക്കെയുറക്കെ വേദപുസ്തകം വായിക്കുവാന്‍ ഹേമിച്ചു.......അതെന്നെ ഉറക്കെ വിശ്വാസപ്രഖ്യാപനങ്ങള്‍ നടത്തുവാന്‍ പ്രേരിപ്പിച്ചു..........

ഞാനുറക്കെ വേദപുസ്തകം വായിച്ചു...................................അതെന്നെ ജീവിക്കുവനനുവദിച്ചു.....ദൈവത്തോടും, പ്രകൃതിയോടും, മനുഷ്യരോടും കൂടെ......ദൈവമടിച്ചകൂടാരത്തില്‍ അന്തിയുറങ്ങാനും................................. 

സഭയെവിടെ ?

സഭയെവിടെയെന്ന് ചോദിച്ചലഞ്ഞ ഒരു യുവാവിനെ ഞാന്‍ ഓര്‍ക്കുന്നു.....

അവന്‍ എല്ലായിടത്തും അലഞ്ഞു..........എല്ലായിടത്തും....എല്ലായിടത്തും.
ഒടുക്കം എന്‍റെയടുത്തും അവന്‍ വന്നു.....എന്‍റെയുത്തരങ്ങളിലും അവന്‍ സംതൃപ്തനായില്ല.............

ഒടുക്കം.....ഞാനും അവനോടൊപ്പം ആ അന്വേഷണത്തില്‍ പങ്കുചേര്‍ന്നു.......
പലരും ചില വാക്യങ്ങള്‍ കുറിച്ചുതന്നു........മറ്റുചിലര്‍ കാണാതെ പഠിച്ച നിര്‍വ്വചനങ്ങള്‍ ചൊല്ലിത്തന്നു..............

പക്ഷേ.....അതെല്ലാം ചില അറിവുകള്‍ മാത്രമായിരുന്നു.............ദര്‍ശനത്തില്‍ക്കണ്ട സഭയെത്തേടി ഞങ്ങള്‍ വീണ്ടുമലഞ്ഞു........................

ഏറ്റവുമവസാനം ഞങ്ങള്‍ ചെന്നെത്തിയത് തകര്‍ന്നടിഞ്ഞ ഒരു കുടിലിലായിരുന്നു.......അവിടെ ഭയംകൊണ്ട്‌ വിറങ്ങലിച്ചുപോയ ചില മനുഷ്യക്കോലങ്ങളെക്കണ്ടു......അവരുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്‍റെ പാടുകള്‍ കാണാമായിരുന്നു.........

അവര്‍ക്ക് അപ്പം മുറിച്ചുകൊടുക്കുന്ന, അവരുടെ മുറിവുകള്‍ വച്ചുകെട്ടുന്ന ആള്‍ അവരോടും ഞങ്ങളോടുമായി പറഞ്ഞു........നിങ്ങള്‍ക്ക് സമാധാനം......
ഞങ്ങളറിയാതെ പറഞ്ഞുപോയി........ക്രിസ്തു.......ക്രിസ്തുസഭ.................

കണ്ടുമുട്ടിയ എല്ലാവരോടും ആ കുടില്‍ ചൂണ്ടിക്കാണിച്ച് ഞങ്ങള്‍ പറഞ്ഞു.......അതാ ക്രിസ്തു അവിടെ..............അവന്‍റെ ശരീരമാകുന്ന സഭ അവിടെ.....

ആരും ഞങ്ങളെ വിശ്വസിച്ചില്ല.............ചിലര്‍ പരിഹസിച്ചു....ചിലര്‍ രൂക്ഷമായി ഞങ്ങളെ നോക്കി.....മറ്റുചിലര്‍ ആക്രോശിച്ചു...

എല്ലാവരും വാനോളംകെട്ടിപ്പൊക്കിയ അലങ്കരിച്ച "എ ക്ലാസ്സ്" കെട്ടിടങ്ങളിലേക്കുള്ള ഓട്ടത്തിലായിരുന്നു................

(ഇത് എഴുതുന്നത്‌ അക്രമം പെരുകുന്ന ഒരു സമൂഹത്തില്‍ ക്രിസ്തു എവിടെ എന്ന ചോദ്യത്തില്‍ നിന്നുമാണ്)

ഓ....പിന്നേ.....!

ഓ....പിന്നേ.....!
==============

അവന്‍റെ/അവളുടെ ഒരു ഗമ! ( ഒരു നല്ല വസ്ത്രം ധരിച്ചാല്‍.....ഒന്ന് നന്നായി ഒരുങ്ങിയാല്‍..........)

അവന്‍റെ/അവളുടെ ഒരു പൊത്തക(പുസ്തക) വായന..........! 
(ഗൌരവമായി എന്തെങ്കിലും വായിച്ചാല്‍.......)

ഓ പിന്നേ......അവന്‍റെയൊരു എഴുത്ത്.........ഇവനെന്നാ എഴുത്തച്ഛനോ? ( എന്തെകിലും ഒന്ന് നന്നായി കുത്തിക്കുറിച്ചാല്‍)

ഓ പിന്നേ.......അവന്‍/അവള്‍ എന്നെ ഞൊട്ടും........( നിലപാടുകളെ വിമര്‍ശിച്ചാല്‍.........)

ഓ പിന്നേ.....അവള്‍/അവനാരാ? ഇവിടുത്തെ പ്രധാനമന്ത്രിയോ? ( ഒരല്‍പം നേതൃത്വപാടവം കാണിച്ചാല്‍)

ഓ പിന്നേ........അവളാരാ ഐശ്വര്യാറോയിയോ......( ഒരല്‍പം അംഗീകാരം/ അഭിനന്ദനം ലഭിച്ചാല്‍.....)

ഓ പിന്നേ.....അവളുടെയൊരു/ അവന്‍റെയൊരു ഉദ്യോഗം....( ഒരു നല്ല ജോലി അയല്‍ക്കാരന്/അയല്‍ക്കാരിക്ക് ലഭിച്ചാല്‍......)

ഓ പിന്നേ .....അവളൊരു ശീലാവതി/ അവനൊരു ഹരിശ്ചന്ദ്രന്‍.! ( ഒരല്‍പം സത്യസന്ധത കാണിച്ചാല്‍.....)

ഓ പിന്നേ.......അവനൊരു നീതിമാന്‍..........( ഒരല്‍പം നീതിബോധം കാണിച്ചാല്‍....)

അങ്ങനെയങ്ങനെ സുറിയാനിക്ക്രിസ്ത്യാനികളുടെ “ഓ....പിന്നേ” തുടരുന്നു..........മറ്റുള്ളവരെ അംഗീകരിക്കാന്‍ വിമുഖത കാട്ടുന്ന നമ്മള്‍..........പുച്ഛമെന്ന ഭാവം വല്ലാതെയുള്ളവര്‍.....!!!!!!!!!!!!!!!!
===========
പ്രേരണ – മാധ്യമത്തിലെ ബെന്യാമീന്‍റെ (madhyamam weekly page 35, 2016 August 1) പത്തനംതിട്ടക്കാരെക്കുറിച്ചുള്ള ഈവാചകം........ “ “ഓ പിന്നേ”.....എന്ന പുച്ഛമാണ് സ്ഥായീഭാവം” 
==============
സജീവച്ചന്‍

ഞാന്‍ എന്നോടുതന്നെ പറഞ്ഞ ചില കാര്യങ്ങള്‍.....................

ഞാന്‍ എന്നോടുതന്നെ പറഞ്ഞ ചില കാര്യങ്ങള്‍.....................

ഒന്ന് – നമുക്കൊന്നും തനിയെ നേടാന്‍ കഴിയില്ലെന്നറിയുക. ജീവിതമൊരു സംഘയാത്രയാണ്. താന്‍ എന്തെങ്കിലും തനിയെ നേടി എന്ന്‍ ആരെങ്കിലും കരുതുന്നുവെങ്കില്‍....... ഓര്‍ക്കുക........... നമ്മള്‍ ദൈവത്തില്‍നിന്നും വളരെ അകലെയാണ്

രണ്ട് – സമൂഹമാധ്യമങ്ങളില്‍ വരുന്ന സുഹൃത്തുക്കളുടെയും, പരിചയക്കാരുടെയും ചിരിക്കുന്ന മുഖങ്ങളും, അലങ്കാരങ്ങളും, ഇടങ്ങളും കണ്ട് നെഞ്ച് പൊട്ടിക്കരുത്. തങ്ങളുടെ നഷ്ടങ്ങള്‍ ആരും കൊട്ടിഘോഷിക്കാറില്ല.

മൂന്ന് – അതിവിനയം, അതിഭാവുകത്വം അതിപ്രകടനപരത തുടങ്ങിയ എല്ലാ “അതി”യിലും എന്തോ കൃത്യമായ അജണ്ടകള്‍ ഉണ്ട്. അല്ലെങ്കില്‍ എന്തൊക്കെയോ മറച്ചു വയ്ക്കാനുള്ള ഭാവമുണ്ട്......ചതിയുടെ ഭാവങ്ങള്‍ ഉണ്ട്.....തിരിച്ചറിയുക......(നമ്മില്‍പ്പോലും)

നാല് – എവിടെയും വലിഞ്ഞുകയറി പോകരുത്. ക്ഷണിക്കപ്പെടുകയോ, ആവശ്യമുള്ളയിടത്തോ, അത്രക്കും സ്വാതന്ത്ര്യമുള്ളയിടത്തോ മാത്രം കയറിച്ചെല്ലുക. ഔപചാരികമായ എല്ലാ വാഗ്ദാനങ്ങളും വിശ്വസിക്കരുത്..... വീട്ടിലേക്ക് എപ്പോള്‍ വേണമെങ്കിലും വരിക........വിളിച്ചാല്‍ മതി, ഞാന്‍ വരാം.........ഞാന്‍ കൊണ്ടുപോകാം..........തുടങ്ങിയവക്ക് ചിരിച്ചുകൊണ്ട് നന്ദി പറയുക...

അഞ്ച് – ഇന്ന് വാക്കുകളില്‍ ആത്മാര്‍ത്ഥത കുറയുന്നു .....പക്ഷേ, സുഖിപ്പിക്കല്‍, അവതരണമികവ്, ഭാവാഭിനയം തുടങ്ങിയവകളാണ് കൂടുതല്‍.....“ആത്മീയഗോളത്തിലും”, “ഭൌതികഗോളത്തിലും” എല്ലായിടത്തും ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നു........ചെറുപ്പക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക.......എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന പലരുടെ പ്രയോഗങ്ങളിലും മുകളില്‍ ഞാന്‍ പറഞ്ഞവകള്‍ അടങ്ങിയിട്ടുണ്ട്......ജാഗ്രതൈ

ആറ്- പൊതുമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ജാഗ്രതയുള്ളവരാകണം............എല്ലാവരും എല്ലാവരെയും അവനവന്‍ പക്ഷത്താക്കുവാനുള്ള ശ്രമം അധികമായുണ്ട്................ആരുടേയും വാക്കുകള്‍ അന്ധമായി വിശ്വസിക്കരുത്........പ്രത്യേകിച്ചും മറ്റുള്ളവരുടെ കുറവുകള്‍ നമ്മെ പഠിപ്പിക്കുന്നവരെ...............പൊതുവായും, വ്യക്തിപരമായും ക്രിയാത്മക വിമര്‍ശനങ്ങള്‍ നടത്തുന്നവരെ കൂടുതല്‍ കേള്‍ക്കുവാന്‍ തയ്യാറാവുക.....പല ശബ്ദങ്ങളും നാഥാന്‍റെ ശബ്ദങ്ങളാവും

ഏഴ്- പച്ചയായ മനുഷ്യരാവുക.........ഇരട്ടമുഖം, പിശാച് വസിക്കുന്നതിന്‍റെ ലക്ഷണമാണ്.......വാക്കിലും, പ്രവര്‍ത്തിയിലും.......കാണുമ്പോള്‍ പഞ്ചാരവര്‍ത്ത‍മാനം പറയുകയും അവര്‍ പോകുമ്പോള്‍ പരിഹസിക്കുകയും ചെയ്യുന്ന പ്രവണത ക്രിസ്തീയശുശ്രൂഷകരുടെ ഇടയില്‍ വര്‍ധിക്കുന്നുണ്ട്.

എട്ട് – ജീവിതബോധ്യങ്ങളും, വിശ്വസിക്കുന്ന കാര്യങ്ങളും മാത്രം പറയുക, പ്രവര്‍ത്തിക്കുക............ആരെയും പ്രസാദിപ്പിക്കുവാന്‍ ഒന്നും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യരുത്.......താല്‍ക്കാലിക മുന്നേറ്റം നമുക്കുണ്ടായേക്കാം......പക്ഷേ........അവസാനലാപ്പില്‍ നാം തോറ്റുപോകും

ഒന്‍പത് – നമ്മിലെ വിശ്വാസം അപരനിലേക്ക് സൌരഭ്യവാസനകണക്കെ ഒഴുകുമ്പോഴാണ് അത് യഥാര്‍ത്ഥ വിശ്വാസമാകുന്നത്.....നമ്മില്‍ കെട്ടിക്കിടക്കുന്ന വിശ്വാസം ചത്തവിശ്വാസമാണ്............

പത്ത്‌ - ജീവിക്കുന്ന പത്രങ്ങളാകുക...............കമ്പോളത്തിലെ പരസ്യം കണക്കെ ജീവിതത്തെ തീര്‍ക്കരുത്........അധികകാലം പരസ്യത്തിലൂടെ നിലനില്‍ക്കാനാവില്ല.......മറ്റുള്ളവര്‍ നമ്മെ അല്‍പന്മാരായിക്കാണുന്ന കാലം ഒരിക്കല്‍ വരും......ദൈവം നമ്മെ ഉമിണ്ണുകളയുന്ന കാലവും.............
=========================================
സജീവച്ചന്‍
=============

ഒരല്‍പം തളര്‍ന്നുപോയ എന്‍റെ പ്രിയസുഹൃത്തിന്

ഒരല്‍പം തളര്‍ന്നുപോയ എന്‍റെ പ്രിയ സുഹൃത്തിന്
================================================
പ്രിയ സുഹൃത്തേ.........................
ജീവിതം തല്ലിത്തോല്‍പ്പിക്കാനുള്ളതല്ല, കരഞ്ഞുതീര്‍ക്കാനുമുള്ളതല്ല....... നല്ല സഖാവായിരിക്കുവാനും, പ്രവാചകനായിരിക്കുവാനുമാണ്................

നിന്‍റെ കരച്ചിലുകള്‍ ദൈവസന്നിധിയിലെത്തുന്ന പ്രാര്‍ത്ഥനകളാണ്.......നിന്‍റെ കണ്ണുനീര്‍ ദൈവസന്നിധിയിലെ വഴിപാടുകളായി രൂപാന്തരപ്പെടുന്നു.........

നിന്‍റെ ഇല്ലായ്മകള്‍ ദൈവികകരുതലിന്‍റെ അടയാളപ്പെടുത്തലുകളായി മാറുന്ന കാലം വരുന്നു........തളരരുത്........ജീവിക്കുക..........

നിന്‍റെ നിലപാടുകള്‍, ആദര്‍ശങ്ങള്‍, കാഴ്ചപ്പാടുകള്‍ നിന്നെ ഒന്നുമില്ലാത്തവനാക്കിയിരിക്കാം.....പക്ഷേ, പതറരുത്.........നീ ദൈവത്തിന്‍റെ മകനാണ്......നിന്നിലാണ് ദൈവരാജ്യത്തിന്‍റെ ഉദയം...........വിശ്വാസത്തില്‍ കരുത്തുള്ളവനാകുക.......

ഒരുപക്ഷേ...........നിന്‍റെ സഹയാത്രികര്‍പോലും, ഒരുമിച്ച് സ്വപ്നം പങ്കിട്ടവര്‍പോലും, ജീവിതദര്‍ശനം രൂപപ്പെടുത്തിയവര്‍പോലും...........കോലവും, ദര്‍ശനവുമൊക്കെ കേവലനേട്ടങ്ങള്‍ക്കായി പണയപ്പെടുത്തിക്കാണും...........പക്ഷേ, തളരരുത്...........ക്രിസ്തുവിനുപോലും അതനുഭവിക്കേണ്ടിവന്നിട്ടുണ്ട്........നിന്‍റെ വഴിതന്നെയാണ് നേരിന്‍റെ, സത്യത്തിന്‍റെ, നീതിയുടെ വഴി.............കുഴഞ്ഞുപോയ നിന്‍റെ കാലുകളെ സര്‍വ്വശക്തിയുമെടുത്ത് മുന്‍പോട്ട് വയ്ക്കുക..............

നീ നിന്നിലേക്ക് നോക്കുക.......നിന്‍റെ മണ്ണിലേക്ക് നോക്കുക......നിന്‍റെ ജീവിതപരിസരങ്ങളിലേക്ക് നോക്കുക............നിക്ഷേപം അവിടെത്തന്നെയുണ്ട്...........അത് കണ്ടെത്തുക.........
ഓടിത്തളര്‍ന്ന നീയെന്തിന് വിഴുപ്പുഭാണ്ഡങ്ങളും, നാളെയുടെ ഭാണ്ഡങ്ങളും ഇന്ന് ചുമക്കുന്നു? ഒരു പോരാളി ജീവിക്കുന്നത് ഇന്നാണ്.....ഇന്നലെകളിലും, നാളെകളിലുമല്ല...........

എല്ലാവരും നിന്ദിച്ചപ്പോഴും ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികള്‍ തെരഞ്ഞെടുത്തവനാണ് നീ.............പരിഹാസങ്ങള്‍ക്ക്മുന്‍പില്‍ ബധിരനാവുക...........നിനക്കുമുന്‍പില്‍ നീ ഇതുവരെയും സഞ്ചരിച്ചിട്ടില്ലാത്ത വഴികളുണ്ട്........ക്രിസ്തു സഞ്ചരിച്ച വഴികള്‍........പ്രത്യാശയുള്ളവനാകുക........
പ്രിയ സുഹൃത്തേ.........മാമ്മോന്‍റെ ക്രമത്തില്‍ നിനക്ക് പൊരുത്തപ്പെടുവാന്‍ കഴിയില്ലായിരിക്കാം......അതാണ്‌ നിന്‍റെ സ്വത്വം.......പൊരുത്തപ്പെടരുത്.........മാമ്മോന്‍റെ ക്രമത്തെനോക്കി രൂക്ഷപരിഹാസം നടത്തിത്തന്നെ മുന്നോട്ടു പോകുക.................

ദൈവം നിന്നോടുകൂടെത്തന്നെയാണ്..........ദൈവരാജ്യം നിന്നോടൊപ്പം.........
നിന്‍റെ ദാരിദ്ര്യവും, സംഘര്‍ഷങ്ങളും, നീതിയുടെ പോരാട്ടവും നിന്നോടൊപ്പം പങ്കിടുന്ന ക്രിസ്തു നിന്നോടുകൂടെ............

ഭീരുവാകാതെ ഉറപ്പുള്ളവനാകുക.......ദൈവികസമാധാനം നിന്നോടുകൂടെ........

ജീവന്‍ ജീവിച്ചുതന്നെ ജീവിതമാക്കുക...............ജീവിക്കാതെ ജീവിച്ചിട്ടെന്തുകാര്യം.......

ക്രിസ്തുവിനെ നോക്കുക........ക്രിസ്തുവിനെമാത്രം......

ഉപ്പുതൂണായിപ്പോയ ഈ ഞാന്‍

ഉപ്പുതൂണായിപ്പോയ ഈ ഞാന്‍
===============================
ദൈവമേ.............................
ചത്തപശുവിന്‍റെ തോലുരിഞ്ഞതിന്‍റെ പേരില്‍ ദളിതര്‍ക്ക് മര്‍ദ്ദനം...........
ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെ വ്യാപകമായ അക്രമങ്ങള്‍........
സ്വന്തംമണ്ണില്‍ വലിച്ചുകീറപ്പെടുന്ന ഒരു ജനത..........
ഇവര്‍ക്ക് വിമോചനമില്ലേ?
====================================================
ഇവിടെ ദളിത് -സ്വത്വം ഒരു ഉല്‍പ്പന്നം മാത്രമാകുന്നുവോ ദൈവമേ.....
രാഷ്ട്രീയക്കാര്‍ക്ക് വോട്ടെന്ന ഉല്‍പ്പന്നം......
ദൈവശാസ്ത്രജ്ഞര്‍ക്ക് ഒരു പഠനവിഷയം.......പ്രബന്ധവിഷയം..........
മറ്റുകുറേപ്പേര്‍ക്ക് സാമ്പത്തികതിരിമറി നടത്താനുള്ള ഒരു മേഖല................................
എക്യുമെനിക്കല്‍ മുതലാളിമാര്‍ക്ക് ദളിത്-സ്വത്വം ഒരു കോണ്‍ഫറന്‍സ് വിഷയം....................................
സുവിശേഷക്കച്ചവടക്കാര്‍ക്ക് ദളിത്-സ്വത്വം വെറുമൊരു തമാശ..............
====================================================
ക്രിസ്തുവേ.....................
ഞങ്ങളുടെ വായ്കളില്‍ മക്‌ചിക്കന്‍...........
ഞങ്ങളുടെ കരങ്ങളില്‍ അധികാരചിഹ്നങ്ങള്‍..........
ഞങ്ങളുടെ ശരീരങ്ങളില്‍ മാമ്മോന്‍റെ കൊഴുപ്പ്...................
ഞങ്ങളുടെ സങ്കല്‍പങ്ങളില്‍ വന്നുചേരാനിരിക്കുന്ന സ്ഥാനമാനങ്ങള്‍..............
ഞങ്ങളുടെ ഹൃദയങ്ങളില്‍ യജമാനന്മാര്‍ക്കുവേണ്ടി/ലാഭത്തിനുവേണ്ടി നുരഞ്ഞുപൊന്തുന്ന സംഗീതം...........................
====================================================
പരിശുദ്ധാത്മാവേ.......................
ഞങ്ങളുടെ ശ്വാസത്തില്‍ ജാതീയത................ഞങ്ങളുടെ ഭാഷയില്‍ അവജ്ഞ..................ഞങ്ങളുടെ മനസ്സില്‍ അന്ധകാരം..............
===================================================
യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പണ്ടൊരിക്കല്‍ പറഞ്ഞു.......മനുഷ്യജീവന്‍റെ താല്‍പര്യങ്ങളാവണം സഭയുടെ താല്‍പര്യങ്ങളെന്ന്.................
പക്ഷേ.....ഞങ്ങളിന്ന്..............മധുരത്തിന് ചുറ്റും വട്ടം കറങ്ങുന്ന ഉറുമ്പുകളെപ്പോലെ അധികാരത്തിന്‍റെ, സമ്പത്തിന്‍റെ, പ്രശസ്തിയുടെ, സ്വീകാര്യതയുടെ ചുറ്റും വട്ടം കറങ്ങുന്നു...............
ഇവിടെ ഞാന്‍ ആര്‍ക്കോവേണ്ടി അലമുറയിടുന്നു.........
അപ്പോഴും ദളിതര്‍ ജീവനായി അലമുറയിടുകയായിരുന്നു..............ഞാനാകട്ടെ ശീതീകരിച്ച മുറിയിലിരുന്ന് എനിക്ക് ലഭിക്കുവാന്‍ പോകുന്ന കസേരകണ്ട് ആനന്ദിക്കുകയായിരുന്നു.........
===============================================
ത്രിയേകദൈവമേ...................സഭയിന്ന് വഴിപോകുന്നവര്‍ ചവിട്ടുന്ന കാരമില്ലാത്ത ഉപ്പായിപ്പോയോ? ഈ ഞാന്‍ ഉപ്പുതൂണുമായിപ്പോയോ?