Powered By Blogger

Wednesday, August 3, 2016

പ്രസംഗപീഠങ്ങള്‍

ഇന്നത്തെ ക്രിസ്തീയ പ്രസംഗങ്ങളില്‍ വിശ്വാസപരമായ/ദൈവശാസ്ത്രപരമായ/ ദൌത്യസംബന്ധമായ/ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടോ?
അധികവും സദാചാരപോലീസിന്‍റെ നിയമാവലികളുടെ ഘോഷയാത്രയാണോ എന്നൊരു സംശയം?
ഉറഞ്ഞുതുള്ളലില്‍ നിന്നുയുരുന്ന കുറെ ശബ്ദങ്ങളോ, കോഷ്ഠി-കോപ്രായങ്ങളില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന അര്‍ത്ഥമില്ലാത്ത കുറെ കോലാഹലങ്ങളോ ആയി വേദപുസ്തകവ്യാഖ്യാനങ്ങള്‍ തീരുന്നില്ലേ?
പലപ്പോഴും പ്രസംഗപീഠങ്ങള്‍ കഥാപ്രസംഗ- ഏകാംഗാഭിനയ – കോമഡി – വേദികളാകുന്നില്ലേ?

ദൈവകൃപ അവരോടൊപ്പം

അവകാശങ്ങള്‍ക്കായി മൂന്നാറില്‍ സമരം ചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്ക് ധാര്‍മികപിന്തുണനല്‍കുവാന്‍ നമുക്ക് കഴിയുമോ?...........
മുതലാളിത്തത്തിന്‍റെയും യൂണിയനുകളുടെയും ചൂഷണക്രമത്തില്‍നിന്നും പുറത്തുകടക്കാന്‍ സര്‍വശക്തന്‍ അവര്‍ക്ക് കരുത്ത് നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.............അവര്‍ ശബ്ദരഹിതരല്ല..........അവരുടെ ശബ്ദത്തെ അടിച്ചമര്‍ത്തിയിരിക്കുകയായിരുന്നു................
ആര് പറഞ്ഞു സ്ത്രീകള്‍ ബലഹീനര്‍ ആണെന്ന്......അവരാണ് ഈ സമരത്തിന്‌ നേതൃത്വം നല്‍കുന്നത്.......
ദൈവകൃപ അവരോടൊപ്പം...........ജീവനുള്ള ദൈവം അവരോടൊപ്പം.......
ദൈവിക വിമോചനത്തിന്‍റെ അലയൊലികള്‍ ഇന്നും എല്ലായിടത്തും മുഴങ്ങുന്നു........
കണ്ണുകള്‍ തുറക്കാം....കാതുകള്‍ തുറക്കാം.......കൈകോര്‍ക്കാം അവകാശങ്ങള്‍ക്കായി പോരാടുന്നവരോടൊപ്പം...........

Monday, August 3, 2015

ഫാസിസം വരുന്ന വഴി....................


 ഫാസിസം വരുന്ന വഴി....................

വ്യക്തിപൂജയില്‍ ഇതാരംഭിക്കുന്നു.......................
.
കപട ദേശീയതയുടെ ആരവാരവും അവയുടെ പ്രവാചകരുടെ തള്ളിക്കയറ്റവും................

മാറ്റം, വികസനം, സാമ്പത്തിക പുരോഗതി തുടങ്ങിയവയെക്കുറിച്ചുള്ള പൊള്ളയായ വാക്കുകള്‍.......... മിഥ്യാ വാഗ്ദാനങ്ങള്‍.......

56.5 ഇഞ്ച് നെഞ്ചളവുള്ള ഒരറ്റ ഭരണാധികാരിയും പിന്നെ കുറെ ഏറാന്‍ മൂളികളും.......................

ജനാധിപത്യപത്യത്തിന്‍റെ തൂണുകളായ നിയമനിര്‍മ്മാണം, നീതിന്യായവ്യവസ്ഥ, കാര്യനിര്‍വ്വാഹകവ്യവസ്ഥ, മാധ്യമസംവിധാനങ്ങള്‍ ഇവകളിലെ നിശബ്ദവും എന്നാല്‍ ശക്തവുമായ ഇടപെടലുകള്‍............
പ്രതിഷേധങ്ങളെ, ഭിന്നാഭിപ്രായങ്ങളെ അരിഞ്ഞുതള്ളുന്ന ഭരണനിര്‍വഹകണം......................

ചരിത്രങ്ങളുടെ വളച്ചൊടിക്കല്‍..........കപട മത-രാഷ്ട്രീയ നിറങ്ങളുടെ അടിസ്ഥാനത്തിലുള്ള ചരിത്രവ്യാഖ്യാനവും, നിര്‍മിതിയും.............

ബൌദ്ധികമേഖലയിലും, വിദ്യാഭ്യാസമേഖലയിലുമുള്ള പക്ഷപാതപരമായ, ഏകശിലാത്മകമായ, ഭീഷണിയുടെ മണമുള്ള ഇടപെടല്‍........................

നിശബ്ദമാക്കപ്പെടുന്ന തൂലികയും നൈസര്‍ഗ്ഗികമായ രചനയുടെ അഭാവവും നിലനില്‍ക്കുമ്പോള്‍ത്തന്നെ............വക്രീകരിക്കപ്പെട്ട, സ്വാധീനിക്കപ്പെട്ട, പേപിടിച്ച രചനകളും അവയെ വാഴ്ത്തുന്ന കുറെ സാഹിത്യകൊലപാതകരും...........................

സാംസ്കാരിക പരിസരങ്ങളുടെയും, ചിഹ്നങ്ങളുടെയും, പ്രതീകങ്ങളുടെയും മേലുള്ള അനാവശ്യ ഇടപെടലുകളും, വളച്ചൊടിക്കലും...........

ഭക്ഷണരീതി, വസ്ത്രധാരണം, ഭാഷ തുടങ്ങിയവകളുടെ മേലുള്ള നിയന്ത്രണം അല്ലെങ്കില്‍ പ്രത്യേക നിയമങ്ങളുടെ അടിച്ചേല്‍പ്പിക്കല്‍...............
തുറന്ന ചര്‍ച്ചാപരിസരങ്ങളുടെ ഉന്മൂലനം...........

വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയും, അതില്‍ നിന്നുളവാകുന്ന ഭരണകൂടഭീകരതയും.........................................

യാഥാര്‍ത്ഥ്യങ്ങളുടെ തമസ്കരിക്കലും..........വളര്‍ച്ചയെന്ന മിഥ്യയുടെ പെരുപ്പിച്ചുകാട്ടലും.......

ഫാസിസം ഇവിടെ പടച്ചുവിടുന്നത് ശീതോഷ്ണവാരായ ജീവനുള്ള കുറെ മൃതശരീരങ്ങളെയും............


ഇവിടെ രസകരമായ ഒരു നിരീക്ഷണമുണ്ട്........................

ഫാസിസം ഒരര്‍ത്ഥത്തില്‍ മനുഷ്യവകാശങ്ങളുടെമേല്‍ കടന്നുകയറുന്നുവെങ്കിലും......ഫാസിസം വച്ചുനീട്ടുന്ന അപ്പക്കഷണങ്ങളില്‍ അഭിരമിക്കുന്ന(അവയ്ക്ക് പിന്നാലെ പായുന്ന), തൃപ്തികണ്ടെത്തുന്ന മതവും, സഭയും ഇന്നിന്‍റെ യാഥാര്‍ത്ഥ്യമാണ്...............ഇവിടെ മതവും, സഭയും ചര്‍ച്ചയാക്കുക അയഥാര്‍ത്ഥമായ, ജീവന്‍റെ അംശം ഒട്ടുമില്ലാത്ത കുറെ വിഷയങ്ങളാവും..........

ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ നിലപാടുകളോട് എത്രയും ചേര്‍ന്ന് നില്‍ക്കാമോ, അത്രയും ചേര്‍ന്ന് നില്‍ക്കുവാന്‍ ശ്രമിക്കുന്ന മത-സാമുദായിക നേതാക്കളുടെ നിലപാടുകള്‍ ഭീതിജനകമാണെന്ന് പറയാതെ വയ്യ......................


ക്രിസ്തുവിനോട് ഒരു വാചകം............ആ കുറുക്കനോട് ഞാന്‍ എന്‍റെ പ്രവൃത്തി ഇന്നും നാളെയും മറ്റെന്നാളും ചെയ്യുമെന്ന് പോയിപ്പറകയെന്ന് പറഞ്ഞ ക്രിസ്തുവേ.......ഇന്നിന്‍റെ കുറുക്കന്മാരോട് ശബ്ദമുയര്‍ത്തുവാന്‍ ഞങ്ങള്‍ക്ക് കരുത്ത് നല്‍കുക.........

Wednesday, July 22, 2015

എന്ന് ഞാന്‍ പറഞ്ഞാല്‍..................!!!!!!!!!!!!!

എന്ന് ഞാന്‍ പറഞ്ഞാല്‍..................!!!!!!!!!!!!!
------------------------------------------------------------------------------
സ്ഥലംമാറ്റം, വിരമിക്കല്‍, ശവമടക്ക് തുടങ്ങിയ ഇടങ്ങളില്‍ ഒരു വ്യക്തിയെപ്പറ്റിപ്പറയുന്ന നല്ലവാക്കുകള്‍ അയാളുടെ നല്ലകാലത്ത് കുറച്ചെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ ആ വ്യക്തി കുറേക്കൂടി നന്നായി പ്രവര്‍ത്തിക്കുമായിരുന്നു/ജീവിക്കുമായിരുന്നു..................പക്ഷേ, നാമതില്‍ പിശുക്കരാണ്...............ഒരു പക്ഷേ അങ്ങനെ പറഞ്ഞാല്‍ അയാള്‍ കുറേക്കൂടി നന്നായി പ്രവര്‍ത്തിക്കുമായിരുന്നു/ജീവിക്കുമായിരുന്നു.......അതില്‍ നമുക്ക് അസൂയയുണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്തുപറയും?

എന്നെക്കൊണ്ട് പറ്റാത്ത കാര്യം മറ്റൊരാള്‍ ചെയ്യുന്നതില്‍ നമുക്ക് അസൂയയുണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ യോജിക്കുമോ?
ഞാന്‍ ചെയ്താലേ എല്ലാം ശരിയാവൂ എന്ന് ചിന്തിക്കുന്ന വ്യക്തിക്ക് മാനസിക പക്വത വന്നിട്ടില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ കല്ലെറിയുമോ?

ജീവിതത്തില്‍ മറ്റുള്ളവരെ പ്രീതിപ്പെടുത്തി/തെറ്റായി സ്വാധീനിച്ച് നേട്ടങ്ങള്‍ കൊയ്യുവാന്‍ ശ്രമിക്കുന്നത് ഒരുതരത്തില്‍ ആത്മഹത്യ തന്നെയല്ലേ? സ്വത്വത്തെ കൊലചെയ്യുകയല്ലേ ചെയ്യുന്നത്?

ആരേയും പിണക്കാതെ, ഒന്നിലും ഇടപെടാതെ, എല്ലാവരുടെയും പ്രശംസമാത്രം നേടി ജനകീയനാകുന്നതിനേക്കാള്‍, ചിലരെയെങ്കിലും പിണക്കി ശക്തമായ ഇടപെടലുകള്‍ നടത്തുന്നതല്ലേ ശരി? നാം ആദ്യത്തെ കൂട്ടരേ നല്ലവര്‍ എന്നും രണ്ടാമത്തെ കൂട്ടരെ വിപ്ലവകാരികള്‍ എന്നും വിളിക്കാറുണ്ട് അല്ലേ.....? രണ്ടാമത്തെ കൂട്ടരാണ് ഈ സമൂഹത്തിന്‍റെ പരിവര്‍ത്തനത്തിന്‍റെ കാരണക്കാര്‍ എന്നും ഒന്നാമത്തെ കൂട്ടര്‍ ഈ വ്യവസ്ഥിതിയുടെ മൂടുതാങ്ങികള്‍ എന്നും പറയുന്നത് തെറ്റാണോ?

വിജയത്തിന്‍റെയും പരാജയത്തിന്‍റെയും അളവുകോല്‍ എന്താണ്? പ്രസിദ്ധി, പദവികള്‍, പുരസ്കാരങ്ങള്‍ ഇവകള്‍ ആണോ? എങ്കില്‍ ക്രിസ്തു യഥാര്‍ത്ഥത്തില്‍ പരാജിതനല്ലേ(ഈ ലോകത്തിന്‍റെ യജമാനന്മാരുടെ കണ്ണില്‍)? പരാജിതനായ, ക്രൂശിതനായ ക്രിസ്തുവിനെയാണോ അതോ നാം വരച്ച, നിറം കൊടുത്ത, നാം കിരീടം ചൂടിച്ച, നാം അണിയിച്ച അധികാരചിഹ്നങ്ങള്‍ ധരിച്ച രാജാവായ, കനക സിംഹാസനത്തില്‍ ഇരിക്കുന്ന ക്രിസ്തുവിനെയാണോ നമുക്കിഷ്ടം......രണ്ടാമത്തെ ക്രിസ്തുവിനെയല്ലേ നമുക്കെല്ലാവര്‍ക്കും കൂടുതല്‍ പ്രിയം......എന്ന് ഞാന്‍ പറഞ്ഞാല്‍.....?


വലിയ മുതല്‍മുടക്കില്ലാതെ വിറ്റഴിക്കാവുന്ന ഒരു ഉല്‍പന്നമായി ആത്മീയത മാറിയില്ലേ? പ്രകടനപരത, വികാരപരത, കാര്യസാധ്യം, പാരമ്പര്യതാവാദം, ആളുകാണിക്കല്‍, എന്നിവകളായി ആത്മീയത ചുരുങ്ങിപ്പോയില്ലേ? അപരനിലേക്ക് ഞാന്‍ ചെന്നെത്തുകയല്ലേ ദൈവത്തിലേക്കുള്ള യാത്രയുടെ ആദ്യപടി.........എന്ന് ഞാന്‍ പറഞ്ഞാല്‍.....!!!!!!!!!!!!!!!!!!!!!!!

Tuesday, July 21, 2015

വീണ്ടും ചില വിചാരങ്ങള്‍

വീണ്ടും ചില വിചാരങ്ങള്‍.........................................

ഈ വിചാരങ്ങള്‍ ദൈവശാസ്ത്രനിര്‍മിതിയെക്കുറിച്ചാണ്.....അതിലെ ആണ്‍-ജാതി-ലിംഗ മേല്‍ക്കോയ്മകളെക്കുറിച്ചുമാണ്
------------------------------------------------
ദൈവത്തെ വെളുപ്പിനോടും, സാത്താനെ കറുപ്പിനോടും താരതമ്യപ്പെടുത്തി കറുത്തവരെ കൊന്നൊടുക്കിയ ചരിത്രം നമുക്കെങ്ങിനെ മറക്കാന്‍ കഴിയും.................

ദൈവത്തിന്‍റെ വിമോചനക്രമം മനുഷ്യകേന്ദ്രീകൃതമായിമാത്രം വായിച്ചു, പഠിപ്പിച്ചു......പ്രകൃതിയെയും, ജീവജാലങ്ങളെയും മറന്നു...........ആരിതിന് മാപ്പുപറയും?

ദൈവത്തെ ആണായി ചിത്രീകരിച്ച പലരും സ്ത്രീയെ പിശാചിനോടുപമിച്ചു.........എന്നിട്ട് മതത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും വായനയും, വ്യാഖ്യാനവും, നടത്തിപ്പും പുരുഷന്‍റെ അധികാരത്തിന്‍കീഴിലാക്കി........ശ്രേണിബദ്ധമായ മതത്തിന്‍റെ ഏറ്റവും ചുവട്ടിലായി സ്ത്രീയെ കുടിയിരുത്തി............പുരുഷനുണ്ടാക്കിയ നിയമവും, ദൈവശാസ്ത്രവും, പ്രമാണങ്ങളും ആചാരനുഷ്ഠാനങ്ങളും സ്ത്രീയുടെമേല്‍ അടിച്ചേല്‍പ്പിച്ചു...........ചില മതില്‍ക്കെട്ടുകള്‍ അവര്‍ക്കായി നിര്‍മിച്ചു...................കാവലിനായി സദാചാരത്തിന്‍റെ മൊത്തക്കച്ചവടക്കാരായ കുറെപ്പേരെ നിയമിച്ചു...........

മറ്റൊരു വൈരുദ്ധ്യം, ദൈവശാസ്ത്രം നിര്‍മിച്ച/രചിച്ച പുരുഷന്മാര്‍ വരേണ്യ-സമ്പന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു.........അവര്‍ ജാതിവ്യവസ്ഥയെയും, ഉച്ചനീചത്വങ്ങളെയും സ്പര്‍ശിക്കാതെ ദൈവശാസ്ത്രങ്ങളും, പ്രമാണങ്ങളും, സിദ്ധാന്തങ്ങളും നിര്‍മിച്ചു.......ഇവിടെ ദളിതരുടെ, ദരിദ്രരുടെ വേദനകളും, ദുരിതങ്ങളും,  വേര്‍തിരിവുകളും, പട്ടിണിയും, അവര്‍ സഹിച്ച പീഡനങ്ങളും ദൈവഹിതമായി പഠിപ്പിച്ചു.....................സ്വര്‍ഗത്തില്‍ച്ചെല്ലുമ്പോള്‍ ഇതെല്ലാം മാറുമെന്നും..............എന്നിട്ടവര്‍ തങ്ങള്‍ ഉന്നതകുലജാതരായ സുറിയാനികളാണെന്ന് വീമ്പിളക്കി മറ്റു ചിലരെ മാര്‍ഗംകൂടിയവരെന്ന് വിളിച്ച് പരിഹസിച്ചു..................

ആണ്‍ക്കോയ്മയുടേയും, വരേണ്യവര്‍ഗ്ഗത്തിന്‍റെയും നിര്‍മിതികളെ മാറ്റുവാന്‍ പാടില്ലാത്തതാണെന്ന് കല്പിച്ച് പുസ്തകത്തില്‍ എഴുതിവച്ചു..........അലംഘനീയമായ നിയമങ്ങളായി,പ്രമാണങ്ങളായി ഇവകളെ പഠിപ്പിച്ചു...............അതിന് അധീശത്വത്തിന്‍റെ ഭാവവും ആജ്ഞയുടെ സ്വരവുമായിരുന്നു ഉണ്ടായിരുന്നത്.......

മതങ്ങളും, ആചാരങ്ങളും, പ്രമാണങ്ങളും, നിര്‍മിച്ച ആണ്‍-വരേണ്യ-സമ്പന്ന വര്‍ഗം അഹരോനും കൂട്ടരും കാളക്കുട്ടിയെ നിര്‍മിച്ചതുപോലെ, മതത്തിന്‍റെ ചട്ടക്കൂട്ടില്‍ ദൈവത്തെയും നിര്‍മിക്കുവാന്‍ ശ്രമിച്ചു.........ദൈവത്തെ മനുഷ്യനിര്‍മിതമതത്തില്‍ തളച്ചിടുവാന്‍ ആവേശം കാണിച്ചു...............ദൈവത്തെപ്പോലും സമുദായസ്വത്തോ, മതത്തിന്‍റെ കാവലാളോ ആക്കുവാന്‍ തീവ്രശ്രമം നടന്നു...............ഇപ്പോഴും തുടരുന്നു..........അദൈവത്തെ ദൈവമായിക്കരുതി മതത്തിന്‍റെ കൂട്ടിലടച്ചതിനുശേഷം അവരുടെ പക്കലാണ് ദൈവമെന്ന് അവര്‍ അവകാശവാദം ഉന്നയിച്ചു............വേദപുസ്തകത്തെ പീഡനമനുഭവിക്കുന്നവരുടെ പക്ഷത്തുനിന്നു വയിച്ചവരെ ദൈവനിഷേധികളെന്നോ, മതവിരുദ്ധരെന്നോ മുദ്രകുത്തി..........
സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോഴും, മതത്തിന്‍റെ കാവലാളുകള്‍ പീഡിപ്പിച്ച പുരുഷനെ ന്യായീകരിക്കുവാന്‍ മതത്തെയും പ്രമാണങ്ങളെയും കൂട്ടുപിടിച്ചു........സ്ത്രീയെ കല്ലെറിയുവാന്‍ കല്ലുകള്‍ പെറുക്കി.......ആരോ അപ്പുറത്തുനിന്നു പറയുന്നുണ്ടായിരുന്നു......നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ കല്ലെറിയട്ടെയെന്ന്................................

മൂന്നാം ലിംഗ/ഭിന്നലിംഗ ചര്‍ച്ചകളില്‍, മതനേതാക്കള്‍ പലപ്പോഴും ഒരുവശംമാത്രം കേട്ട് ന്യായംവിധിക്കുന്ന ന്യായാധിപരെപ്പോലെ പെരുമാറി..............അവരെ അടുത്തറിയുവാന്‍, സ്നേഹിക്കുവാന്‍, വിമോചിപ്പിക്കുവാന്‍ ജഡധാരണം ചെയ്യേണ്ട മതം മുന്‍വിധിയോടെ വിധികളും, ശിക്ഷയും നേരത്തെതന്നെ എഴുതിത്തയ്യാറാക്കിക്കൊണ്ട് അവരുടെ മുന്‍പില്‍  ദൈവാലയങ്ങളുടേയും സാമൂഹികപരിസരങ്ങളുടെയും വാതിലുകള്‍ കൊട്ടിയടച്ചു....................അവരെ നോക്കി പരിഹാസത്തിന്‍റെ കൂരമ്പുകള്‍ എറിഞ്ഞു.........അവരോടൊപ്പം സഞ്ചരിച്ചവരെ ദൈവനിഷേധികളെന്ന് മുദ്രകുത്തി...........ദൈവം തള്ളപ്പെട്ടവരുടെ നിലവിളി കേട്ടു, കേട്ടു................അവരുടെ കഷ്ടത കണ്ടു, കണ്ടു………..

അവരോടൊപ്പം സഞ്ചരിച്ച്, സംവദിച്ച്, സഞ്ചരിക്കുന്ന ദൈവത്തോടൊപ്പം യാത്രചെയ്യാതെ, ആരൊക്കെയോ (അവരുടെ കാഴ്ചപ്പാടില്‍ മാത്രം രൂപം കൊടുത്ത) (ഭിന്നലിംഗക്കാര്‍ക്ക്) ചാര്‍ത്തിക്കൊടുത്ത അപമാനത്തിന്‍റെയും നിന്ദയുടേയും അടയാളങ്ങള്‍ മതവും അവര്‍ക്ക് ചാര്‍ത്തുന്നു......അവരെ കേള്‍ക്കുകയോ, കാണുകയോപോലും ചെയ്യാതെ........( അവര്‍ പറയുന്നു...ചില്ലുമേടയിലിരുന്നെങ്ങളെ കല്ലെറിയല്ലേയെന്ന്)

തള്ളപ്പെട്ടവരുടെ മാതാവും പിതാവും, സഹോദരനും, സഹോദരിയുമായ ദൈവത്തെ ആരൊക്കെയോചേര്‍ന്ന് ബലമായി കുരിശേറ്റി, എന്തൊക്കെയോ ദൈവത്തിന്‍റെ തലക്കുമുകളില്‍ എഴുതിവച്ചതിനുശേഷം അതാണ്‌ ദൈവശാസ്ത്രമെന്ന് ഉറക്കെപ്പറഞ്ഞു........................
----------------------------------------------------------------------------------------------------------------------
പക്ഷേ...................ദൈവം മനുഷ്യനിര്‍മിതികളെ നോക്കി ഉറക്കെപ്പറഞ്ഞു..................ഇവര്‍ പ്രാര്‍ത്ഥനയുടെ, ഒരുമയുടെ, ഐക്യത്തിന്‍റെ, സാഹോദര്യത്തിന്‍റെ, ഇടങ്ങളെ കള്ളന്മാരുടെ ഗുഹയാക്കിയെന്ന്..........

അവകാശവാദങ്ങളുമായി വന്നവരോട് ദൈവം പറയുന്നു.....അധര്‍മം പ്രവര്‍ത്തിക്കുന്നവരേ എന്നെ വിട്ടുപോകുവിന്‍....................

അപ്പുറത്ത്‌ നിന്ന് ഒരു പ്രാര്‍ഥനാശബ്ദം ഞാന്‍ കേട്ടു..................നിന്‍റെ രാജ്യം വരേണമേ......നിന്‍റെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ

അപ്പോള്‍ ആകാശത്ത് ദൈവ ഉടമ്പടിയുടെ മഴവില്‍ വര്‍ണം വിരിഞ്ഞു.................അതിന്‍റെ പുറകിലായി ഒരു ജനത സ്വാത്രന്ത്ര്യത്തിന്‍റെ, വിമോചനത്തിന്‍റെ, വീണ്ടെടുപ്പിന്‍റെ(മിര്യാമിനെപ്പോലെ, മറിയത്തെപ്പോലെ) പാട്ടുകള്‍ പാടി മുന്‍പോട്ടുനടന്നു....ദൈവം അവര്‍ക്കുമുന്‍പായും..............................



Saturday, May 23, 2015

ഒരു പഴയ/പുതിയ അനുഭവം

ഒരു പഴയ/പുതിയ അനുഭവം

ഞായറാഴ്ച കാലത്തെ ആരാധനക്ക് ശേഷം കാല്‍നടയായി മാരാമണ്‍ റിട്രീറ്റ്‌ സെന്‍ററിലേക്ക് പോകുകയായിരുന്നു ഞാന്‍...............
കുറെ നാളുകള്‍ക്കുശേഷമാണ് ളോഹ ധരിച്ച് ഇത്രയും ദൂരം നടക്കുന്നത്.....

കോഴഞ്ചേരി പാലത്തില്‍ നിന്ന് മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തല്‍ നോക്കിക്കാണുന്നത് എനിക്കിഷ്ടമുള്ള ഒരു കാര്യമാണ്.................പാലത്തില്‍ നിന്ന് മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലും പരിസരവും കാണുവാന്‍ നല്ല ചന്തം..............മനസ്സിന് ഇമ്പം നല്‍കുന്ന ആ കാഴ്ച പ്രകാശചിത്രത്തിലാക്കുവാന്‍ എന്‍റെ ചിത്രം പിടിക്കുന്ന ഉപകരണം ഞാന്‍ തയ്യാര്‍ ചെയ്യുന്നതിനിടയില്‍ എനിക്കപ്പുറത്തുനിന്നായി പ്രകാശചിത്രം പിടിക്കുന്ന ഒരു സ്ത്രീ എന്‍റെ ശ്രദ്ധയില്‍പ്പെട്ടു..................എന്നെപ്പോലെ ആ സ്ത്രീയും കാഴ്ചയെ ഓര്‍മ്മയാക്കുവാനുള്ള തത്രപ്പാടിലാണ്............

പ്രകാശചിത്രം പിടിച്ച ഞാന്‍ എന്‍റെ നടത്തം തുടര്‍ന്നു.........
നടത്തത്തിനിടയില്‍ കേട്ട ഒരു ആക്രോശം എന്നെ വല്ലാതെ വേദനിപ്പിച്ചു............

അതൊരു അപഹസിക്കലാണോ, അപമാനിക്കലാണോ, നിന്ദിക്കലാണോ, മുറിവേല്‍പ്പിക്കലാണോ എന്നെനിക്കറിയില്ല........ഇവകളുടെ എല്ലാം ആകെത്തുകയാണ് ഇതെന്ന് കരുതുന്നതിലും തെറ്റില്ല..............

മുച്ചക്രവാഹനത്തില്‍ സഞ്ചരിച്ച ചില ചെറുപ്പക്കാര്‍ ആ സ്ത്രീയുടെ നേരെയാണ് ആക്രോശിക്കുന്നത്..............

അവരുടെ വാക്കുകളെല്ലാം ഇവിടെക്കുറിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.......എങ്കിലും ഒരു വാചകം കുറിക്കട്ടെ.....(അത് പുരുഷമേധാവിത്വത്തിന്‍റെ പുളിച്ചുതികട്ടല്‍ തന്നെയാണ്......)എന്തോന്നാടീ....ഒരുമ്പെട്ടവളേ.......നിനക്കൊന്നും വീട്ടില്‍ വേറെ പണിയൊന്നുമില്ലേടീ.............!!!!!!!!!!!!!!!!!!!

ഈ ആക്രോശം ദൈവനിന്ദയായി എനിക്കുതോന്നി.......ഒരു ജനതയ്ക്കാകെ അപമാനവും........

ആക്ഷേപശരത്തെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിയ, ആ നിന്ദയുടെ മുന്‍പില്‍ പതറാതെ നിന്ന ആ സ്ത്രീയുടെ ആളത്വബോധത്തെ ഞാന്‍ ബഹുമാനിക്കുന്നു.........................അവള്‍ സമയമെടുത്ത് പ്രകാശചിത്രം തന്‍റെ സ്വന്തമാക്കി ഉറച്ചകാല്‍വെയ്പ്പോടെ നടന്നകന്നു.........

പക്ഷേ എന്നെ ചിന്തിപ്പിച്ചത്..... പുരുഷ മേധാവിത്വം വരച്ച ചില ലക്ഷ്മണ രേഖക്കപ്പുറത്തേക്ക് സ്ത്രീ കടന്നുചെന്നാല്‍/ചില നിയതഘടനകള്‍ക്കപ്പുറത്തേക്ക് ദൈവവും ഈ രാജ്യത്തിന്‍റെ ഭരണഘടനയും നല്‍കുന്ന സ്വാതന്ത്ര്യത്തോടെ കടന്നുപോയാല്‍ അവള്‍ ഒരുമ്പെട്ടവളായി...........

സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ചങ്ങലക്കിടാന്‍ ആരാണ് ചിലര്‍ക്ക് അധികാരം നല്‍കിയത്.......സ്ത്രീത്വത്തെ എങ്ങിനെയും ആര്‍ക്കും അധിക്ഷേപിക്കാമോ?
ക്രിസ്തുനല്‍കിയ സ്വാതന്ത്ര്യത്തെക്കുറിച്ച് സ്ത്രീ സംസാരിച്ചാല്‍പ്പോലും അവള്‍ ധിക്കാരിയായി..........

ദൈവസന്നിധിയില്‍പ്പോലും സ്ത്രീയുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നവരേ......നിങ്ങള്‍ക്ക് ഹാ കഷ്ടം...........

സ്ത്രീത്വത്തെ അപമാനിക്കുന്നവരേ, കളിയാക്കുന്നവരേ.....അവരുടെ ചലനങ്ങള്‍ക്കും, ചിന്തകള്‍ക്കും, ഭാഷക്കും, അക്ഷരത്തിനും കൂച്ചുവിലങ്ങിടുന്നവരേ....നിങ്ങള്‍ ക്രിസ്തുവിങ്കലേക്ക് മടങ്ങുവിന്‍..........സത്യം നിങ്ങളെ സ്വതന്ത്രരാക്കും.....

ക്രിസ്തുവിന്‍റെ സന്നിധിയില്‍ കുഞ്ഞുങ്ങളും, സ്ത്രീകളും, പുരുഷന്മാരും തുടങ്ങി ഈ സമൂഹം തള്ളിയവരും, പുച്ഛിച്ചവരമെല്ലാം ഇരിക്കുന്നു....ക്രിസ്തു അവരോടൊപ്പം അത്താഴം കഴിക്കുന്നു...........

ചരിത്രത്തില്‍ സ്ത്രീകളിലൂടെയും ഇടപെട്ട/ഇടപെടുന്ന ദൈവമേ........ഈ ലോകത്തിന് തിരിച്ചറിവ് നല്‍കുക.........ഞങ്ങള്‍ക്ക് പുത്തന്‍കാഴ്ചയും, ഭാഷയും ദര്‍ശനവും നല്‍കുക.............

ഞങ്ങളുടെ മലീമസമാക്കപ്പെട്ട, ഇടുങ്ങിയ, അധീശത്വ മനസ്സുകളെയും ഭാഷയെയും അവിടുന്ന് അവിടുത്തെ ആത്മാവിനെ അയച്ച് രൂപാന്തരപ്പെടുത്തുക........



Thursday, May 14, 2015

ഉണങ്ങിയ അസ്ഥികള്‍ ജീവിക്കുമോ?


അക്ഷരബോധമില്ലാത്ത, വായനയില്ലാത്ത, ചരിത്രബോധമില്ലാത്ത, രാഷ്ട്രബോധമില്ലാത്ത, നീതിബോധമില്ലാത്ത, മുന്‍വിധിയുള്ള, ചര്‍ച്ചകള്‍ക്ക് ഇടം നല്‍കാത്ത, വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാണിക്കുന്ന, സമ്പന്നന്‍റെ പക്ഷംമാത്രം പിടിക്കുന്ന, ഒരിക്കല്‍പ്പോലും കീഴാളബോധ്യങ്ങളില്‍നിന്നുകൊണ്ട് തീരുമാനങ്ങള്‍ കൈക്കൊള്ളാത്ത, ഉദ്യോഗവൃന്ദവും, ഭരണവര്‍ഗവും, മതനേതൃത്വവും..........................അവര്‍ക്ക് കീ ജയ് വിളിക്കുന്ന കുറെ അന്യഗ്രഹ ജീവികളും...!!!!!!!!!!!

കേവലകക്ഷിരാഷ്ട്രീയത്തിലും, ജാതി-മതബോധത്തിലും, പണക്കൊഴുപ്പിലും, കിങ്കരന്മാരുടെ ഉപദേശത്തിലും മാത്രം ഒരു ബഹുസ്വരജനതതിയുടെ( മതത്തിലും, രാഷ്ട്രീയത്തിലും)  തീരുമാനങ്ങളെടുക്കുന്നവര്‍ ഈ ചരിത്രത്തോടും, ജനതയോടും ചെയ്യുന്ന ക്രൂരതയുടെ ആഴം എത്രപേര്‍ തിരിച്ചറിയുന്നു?

അധികാരികളുടെ കാല്‍തിരുമ്മി, ഓച്ചാനിച്ചുനിന്ന്, പരദൂഷണത്തിലൂടെ പാരപണിഞ്ഞ്, പഞ്ചപുച്ഛമടക്കി എല്ലാ സത്യങ്ങളേയും തമസ്കരിച്ച് അധികാരകേന്ദ്രങ്ങളിലെ വാര്‍ത്തകള്‍ചോര്‍ത്തി (ഇന്ന്) ജീവിക്കുന്ന പരാന്നങ്ങള്‍ നാളെ രാജ്യത്തേയും, മതങ്ങളേയും ഭരിക്കുന്ന/നയിക്കുന്ന കാഴ്ച എത്രയോ ഭീകരം........ഇന്നും അതാണ് സംഭവിക്കുന്നതെന്ന് എന്‍റെ വലതുവശത്തിരിക്കുന്ന റേഡിയോ ഏതോ ഭാഷയില്‍ പറയുന്നു!!!!!!!!!!!!!!

മാധ്യമങ്ങളെ വിലക്കുവാങ്ങി/ അവര്‍ക്ക് അടിമകളായി സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കുവാന്‍ മാത്രം ശ്രമിക്കുന്ന........................വൈകാരികപ്രസംഗത്തിലൂടെ മാന്ത്രികവിഭൂതിയിലേക്ക് ജനങ്ങളെ നയിച്ച്‌, സുന്ദരമായ ഫോട്ടോ എല്ലായിടത്തും കുത്തിനിറച്ച് ഒരുങ്ങിച്ചമഞ്ഞ് നടക്കുന്നവര്‍ക്കെങ്ങിനെ ദളിതരുടെ, ദരിദ്രരുടെ, കര്‍ഷകരുടെ, പാതയോരത്ത് കിടന്നുറങ്ങുന്നവരുടെ കഥകള്‍ പറയുവാനാവും...................അവരെ സംബന്ധിച്ചിടത്തോളം മേല്‍പ്പറഞ്ഞവരാരും മനുഷ്യരല്ലല്ലോ............ശല്യങ്ങളായ തെരുവ്‌മൃഗങ്ങളാണല്ലോ( ഞാന്‍ പറയുന്നതല്ല......അവര്‍ പറഞ്ഞുകഴിഞ്ഞു....ഒരൊറ്റ ആത്മീയ കോമരങ്ങളും പ്രതികരിച്ചുകണ്ടില്ല !!!!!!!!!!!)

ഇന്നിന്‍റെ രാഷ്ട്രീയപ്രത്യയശാസ്ത്രവും, ദൈവശാസ്ത്രവും നിര്‍മ്മിക്കുന്നത് ഇന്നിന്‍റെ ഫറോകളും, ബാലിന്‍റെ പ്രവാചകന്മാരും കൈകോര്‍ത്ത്‌പിടിച്ചുകൊണ്ടാണല്ലോ................അതുകൊണ്ടുതന്നെയാണല്ലോ ഇവിടെ ആരെല്ലാം കൊല്ലപ്പെട്ടാലും, തകര്‍ക്കപ്പെട്ടാലും, ചൂഷണം ചെയ്യപ്പെട്ടാലും മതവും രാഷ്ട്രീയവും ഇവിടെ കള്ളനും പോലീസും കളിക്കുന്നത്....!!!!!!!!!!!!!!!!

അക്ഷരങ്ങളെ ഭയക്കുന്ന, ആശയങ്ങളെ വെടിവയ്ക്കുന്ന, തൂക്കിലേറ്റുന്ന, കല്‍ത്തുറുങ്കിലടയ്ക്കുന്ന, കാപാലികരും, ഭരണകൂടവും തമ്മില്‍ എന്ത് അന്തരം...............?

ദൈവമേ.............ഭൂമിയില്‍ ജീവന്‍ നിര്‍ദയം കുരിശേറ്റപ്പെടുന്നു..............എല്ലാവരും ഓടി ഒളിക്കുന്നു..............

ക്രിസ്തുവേ......നാഥാ...............ഉയിര്‍പ്പിന്‍റെ സംഗീതം പെരുമ്പറയായി ഇവിടെ മുഴക്കൂ............ഉണങ്ങിയ അസ്ഥികള്‍ ജീവിക്കട്ടെ......................മരണത്തിന്‍റെ കിങ്കരന്മാര്‍ ലജ്ജിതരാവട്ടെ...............

ക്രിസ്തുവേ....നീയാണെന്‍റെ പ്രതീക്ഷയും, പ്രത്യാശയും