Powered By Blogger

Monday, October 13, 2014

ദൈവത്തെക്കാള്‍ വലിയ മനുഷ്യരോ?

ദൈവത്തെക്കാള്‍ വലിയ മനുഷ്യരോ?

പുരുഷമേധാവിത്വത്തിന്‍റെ പ്രവാചകരേ......സ്ത്രീ അശുദ്ധയാണെന്നും, ബലഹീനയാണെന്നും, പുരുഷന്‍റെ അടിമയാണെന്നും, മിണ്ടാതിരിക്കേണ്ടവളാണെന്നും, അവള്‍ക്ക് വിശുദ്ധസ്ഥലങ്ങളില്‍ പ്രവേശനമില്ലെന്നും വാദിക്കുന്നവരേ........ദൈവം, മനുഷ്യന്‍ മെനഞ്ഞെടുത്ത, നിര്‍മിച്ച വ്യവഹാരങ്ങളുടെ തടവറയിലോ?

സ്ത്രീയിലും, പുരുഷനിലും( ജാതി, വര്‍ണ, വര്‍ഗ, ലിംഗ ഭേദങ്ങളില്ലാതെ) ദൈവം, കൃപയോടെ പകര്‍ന്ന ദൈവികസാദൃശ്യത്തെ നിരാകരിക്കുന്നതാണിന്നിന്‍റെ പാപം.....ആ ദൈവസാദൃശ്യത്തില്‍ മേല്‍ക്കോയ്മകളും, ശ്രേണീബദ്ധങ്ങളും സൃഷ്ടിക്കുന്നവരേ, അത് നിങ്ങളുടെ നിര്‍മിതിയാണ്.......ദൈവത്തിന്‍റെ സൃഷ്ടിയല്ല........

കൃപലഭിച്ച കന്യകമറിയം, അബ്രഹാമിന്‍റെ പുത്രിയായ കൂനിയായ സ്ത്രീ, പ്രവാചകഗണത്തിലെ മിര്യാം, ദേബോര,എസ്ഥേര്‍..... ഭീരുക്കളായോടിപ്പോകാതെ ക്രൂശിന്‍റെ അടിവാരംവരെ അനുഗമിച്ച സ്ത്രീകള്‍, മരണത്തിന്‍റെ അന്ത്യനിമിഷങ്ങളില്‍ ക്രിസ്തുവിന് ദാഹജലംപകര്‍ന്ന സ്ത്രീകള്‍, ഉയിര്‍പ്പിന്‍റെ പ്രഥമ പ്രഘോഷകരായ സ്ത്രീകള്‍, ദൈവിക പ്രവാചകരെ ആപത്ഘട്ടങ്ങളില്‍ സംരക്ഷിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍( സൂതികര്‍മിണികളായ ശിപ്ര, പൂവ, സാരെഫാപ്തയിലെ വിധവ)......ഇവരൊക്കെ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരല്ലേ?

ക്രിസ്തുവില്‍ ആണെന്നും പെണ്ണെന്നുമില്ലെന്നും, ക്രിസ്തുവിലുള്ള പുതുമനുഷ്യത്വത്തെക്കുറിച്ചും പറഞ്ഞ പൌലോസിന്‍റെ വാക്കുകള്‍ നാം മറന്നുവോ?

പാപിനിയായ സ്ത്രീക്ക് യേശുവിന്‍റെ കാല്‍ തൈലംപൂശി ചുംബിക്കാമെങ്കില്‍, യേശു അതിന് അനുവാദം നല്‍കിയെങ്കില്‍......ഇന്ന് സഭ എന്തുചെയ്യണം? പരീശന്‍ പറയുന്നു....നീ എന്തിന് അനുവാദം നല്‍കുന്നു...അതും പാപിനിയായ ഇവള്‍ക്ക്.......ഇന്നും ഇതേ വാക്കുകള്‍ ഉയര്‍ത്തുന്ന ആധുനിക പരീശരേ....നിങ്ങള്‍ക്ക് ഹാ കഷ്ടം!!!!!!!!!! യേശുവിന്‍റെ സന്നിധിയില്‍നിന്ന് സ്ത്രീകളെ വിലക്കുവാന്‍ നിങ്ങള്‍ക്ക് അധികാരം തന്നത് ആര്‍?

സ്ത്രീയെന്നും, പുരുഷനെന്നും വ്യത്യാസമില്ലാത്ത ദൈവത്തിന്‍റെ മുന്‍പില്‍.......സ്ത്രീ പുരുഷനു കീഴെയാണെന്ന് ശഠിക്കുന്ന നിങ്ങള്‍ക്ക് ഹാ കഷ്ടം.........ആരാണിവിടെ സ്ത്രീയുടെ വിലയും/വിലയില്ലായ്മയും, വിശുദ്ധിയും/അശുദ്ധിയും, സ്ഥാനവും/സ്ഥാനമില്ലായ്മയും കല്‍പിക്കുന്നത്? സ്ത്രീയുടെ സ്ഥാനം ഇതിനപ്പുറത്താണെന്ന്‍ പറയുവാന്‍ നിങ്ങളോട് കല്‍പിച്ചതാരാണ്? പുരുഷമേധാവിത്വമെന്ന പൈശാചിക വ്യവഹാരമോ?
ദൈവത്തെക്കാള്‍ വലിയവരോ നിങ്ങള്‍?

ഞാനൊന്ന് പറയട്ടെ.....ഞാന്‍ വിശ്വസിക്കുന്ന ദൈവം, ആരാധിക്കുന്ന ദൈവം........മനുഷ്യരുണ്ടാക്കിയ പൈശാചിക ഘടനകളായ പുരുഷമേധാവിത്വം, ജാതിവ്യവസ്ഥ, സമ്പന്ന-ദരിദ്ര മുതലാളിത്ത വ്യവസ്ഥ തുടങ്ങിയ വ്യവഹാരങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ദൈവമാണ്.......ഇവകള്‍ക്കൊക്കെ അതീതമായി ഏവരേയും സ്വീകരിക്കുന്ന ദൈവമാണ്....മനുഷ്യന്‍റെ കണക്കുകൂട്ടലുകള്‍ക്ക് അതീതമായി പദവികളും,  സ്ഥാനവും, സ്നേഹവും, അംഗീകാരവും, നല്‍കുന്ന ദൈവമാണ്........

സ്ത്രീയുടെയും, പുരുഷന്‍റെയും ദൈവസന്നിധിയിലെ സ്ഥാനം നിര്‍ണയിക്കേണ്ടത് ദൈവികനിയോഗത്തോടുള്ള അവരുടെ സമര്‍പ്പണത്തിന്‍റെ അടിസ്ഥാനത്തിലാവണം.......അല്ലാതെ കേവലം ലിംഗപരമായി മനുഷ്യന്‍ കല്‍പിച്ചുണ്ടാക്കിയ സ്ഥാനങ്ങളുടെയും, വേര്‍തിരിവുകളുടേയും അടിസ്ഥാനത്തിലാവരുത്........

തിരെഞ്ഞെടുക്കപ്പെട്ട രാജകീയപുരോഹിതവര്‍ഗമേ........ഇവിടെ മതില്‍ക്കെട്ടുകളും, വേലികളും പണിയുന്നത് പാപമാണ്....അത് ദൈവവ്യവസ്ഥിയോടുള്ള നിഷേധമാണ്, ജീവന്‍റെ പൂര്‍ണത ആഗ്രഹിക്കുന്ന ദൈവത്തോടുള്ള മറുതലിപ്പാണ്......ദൈവകൃപയെയും, ദൈവസ്നേഹത്തെയും നിങ്ങള്‍ പരിമിതപ്പെടുത്തുന്നു.....അത് ദൈവികസത്തയുടെ നിഷേധമാണ്.......

ലിംഗ, വര്‍ണ, ജാതി, വര്‍ഗ, വ്യത്യാസങ്ങളില്ലാതെ അവിടുത്തെ സന്നിധിയില്‍ ശുശ്രൂഷചെയ്യുവാന്‍ മനുഷ്യരെ നിയോഗിക്കുന്ന ദൈവമേ..........അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു........അങ്ങയില്‍ ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു..........

ദൈവിക നിയോഗത്തില്‍, ലിംഗപരമായോ, ജാതീയമായോ, മറ്റേതെങ്കിലും തരത്തിലുള്ള വേര്‍തിരിവുകളോ സൃഷ്ടിക്കുന്ന എല്ലാത്തര വ്യവഹാരങ്ങളെയും ഞാന്‍ നിഷേധിക്കുന്നു.....


മനുഷ്യരെ സ്ത്രീ-പുരുഷഭേദം കൂടാതെ സ്നേഹിക്കുകയും, അംഗീകരിക്കുകയും, ശിഷ്യത്വത്തിലേക്ക് വിളിക്കുകയും ചെയ്യുന്ന ദൈവമേ.....പരിശുദ്ധാത്മാവെന്ന അഗ്നി ഞങ്ങളിലേക്കയച്ച്........ഞങ്ങളുണ്ടാക്കുന്ന ബാബേലുകളെ തകര്‍ക്കുക......ഞങ്ങളെ വീണ്ടെടുക്കുക

Tuesday, September 2, 2014

ക്രിസ്തുവേ, എന്നോട് പൊറുക്കുക.....

ക്രിസ്തുവേ, എന്നോട് പൊറുക്കുക.....

ഞാന്‍ നിന്നെ ശീതീകരിച്ച, അലങ്കരിച്ച, ആര്‍ഭാടത്തോടെ ഒരുക്കിയ ഇടങ്ങളിലന്വേഷിച്ചതിന്...

നീ അപ്പോള്‍ തെരുവിലുറങ്ങുന്ന പച്ചയായ മനുഷ്യരോടൊപ്പമായിരുന്നുവെന്ന്, നുറുക്കപ്പെട്ട, അനാഥമാക്കപ്പെട്ട ബാല്യങ്ങളോടൊപ്പമായിരുന്നുവെന്ന് ഒരു തെരുവുബാലന്‍ എങ്ങോ വിളിച്ചുപറഞ്ഞപ്പോഴാണ് ഞാനത് തിരച്ചറിഞ്ഞത്....

ഞങ്ങളുടെ ശ്രുതിമധുരമായ പാട്ടുകളെക്കാളും, ഇമ്പമേറിയ വായനകളെക്കാളും, തെറ്റുകളൊന്നും വരുത്താത്ത ആരാധനാക്രമത്തെക്കാളും അവിടുന്നിഷ്ടപ്പെടുന്നത് പ്രതീക്ഷിക്കുവാനും, പുകഴുവാനും, അവകാശപ്പെടുവാനും, അഹങ്കരിക്കുവാനുമൊന്നുമില്ലാത്ത ചേരിനിവാസികളുടെയും, വഴിയരികിലെ നിരാലംബരുടെയും നെടുവീര്‍പ്പുകളും, ആവലാതികളും, നിശബ്ദരോദനങ്ങളുമാണെന്നറിയുവാന്‍ വൈകിയതില്‍ എന്നോട് പൊറുക്കുക..........

ജന്മം, പാരമ്പര്യം, അനുഷ്ഠാനങ്ങള്‍ ഇവകള്‍ കൊണ്ട് ഞാന്‍ ക്രിസ്തുശിഷ്യനാകില്ലെന്ന് എന്നെ പഠിപ്പിച്ച ക്രിസ്തുവേ എന്നോട് പൊറുക്കുക............അവകളില്‍ ഞാന്‍ അഹങ്കരിച്ചു പോയതിനും, അതിന്‍റെ പേരില്‍ മറ്റുള്ളവരെ അപരരായി കണ്ട്, സ്വയനീതീകരണത്തിന്‍റെയും, ജാതീയതയുടേയും, വേര്‍തിരിവിന്‍റെയും, ഉന്നത ഭാവത്തിന്‍റെയും മതില്‍ക്കെട്ടുകള്‍ പണിതതിനും, അതില്‍ ഊറ്റം കൊണ്ടതിനും...................

ക്രിസ്തുവേ.....നീ പൊറുക്കുക...അനീതിയും, അസമാധാനവും, അക്രമവും കണ്ടിട്ടും ഞാന്‍ എന്‍റെ ആത്മീയഗോപുരങ്ങളില്‍ സ്വയംചക്രവര്‍ത്തിയായി ചമഞ്ഞ് അഭിരമിച്ചതിന്.......

നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ക്ക് നീ തൃപ്തി വരുത്തുക......

വിശക്കുന്നവര്‍ക്ക് ജീവന്‍റെ അപ്പമായും, ദാഹിക്കുന്നവര്‍ക്ക് ജീവജലമായും, ബന്ധനസ്ഥര്‍ക്ക് സ്വാതന്ത്ര്യമായും, ജീവന്‍നിഷേധിക്കപ്പെട്ടവര്‍ക്ക് ജീവനായും, അസ്പര്‍ശ്യര്‍ക്ക് സ്പര്‍ശനസൌഖ്യമായും, മരിച്ചവര്‍ക്ക് ഉയിര്‍പ്പായും, കുരുടര്‍ക്ക് കാഴ്ചയായും, കുഴഞ്ഞുവീണവര്‍ക്ക് ഊര്‍ജമായും, അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും ആശ്വാസമായും തീര്‍ന്ന ക്രിസ്തുവേ.........നീ എന്നോട് പൊറുക്കുക......... എന്‍റെ ആരാധന എന്‍റെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മാത്രം നേടിയെടുക്കാനുള്ളതും എന്‍റെ മാനസികസംതൃപ്തിക്കുവേണ്ടി മാത്രമാക്കിയതും, ആരാധനയുടെ വിമോചനഭാവം നിസ്സാരവല്‍ക്കരിച്ചുപോയതും, ആരാധനയുടെ വിശാലത നഷ്ടപ്പെടുത്തി എന്‍റെയും, മധ്യ-ഉപരിവര്‍ഗത്തിന്‍റെ ലോകമായി മാത്രം പരിമിതപ്പെടുത്തിയതും....എന്നോട് പൊറുക്കുക ക്രിസ്തുവേ......

ക്രിസ്തുവേ...എന്നോട് പൊറുക്കുക.........ഞാനൊരു കാപടസദാചാരവാദിയായി മറ്റുള്ളവരെ വിധിക്കുന്നതിലും, നിയന്ത്രിക്കുന്നതിലും ഉല്‍സാഹം കാണിക്കുകയും, എനിക്കുനേരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കണ്ടതും ഞാനിന്ന് തിരിച്ചറിയുന്നു.......

ക്രിസ്തുവേ എന്നോട് പൊറുക്കുക..........തെരുവിലെ ജനതയുടെ പരമനിസ്സഹായതയില്‍നിന്നുമുള്ള നിലവിളികളെ പ്രാര്‍ത്ഥനകളായി, ആരാധനയായി എനിക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോയത്.......തെരുവില്‍ അങ്ങ് ദുര്‍ഗന്ധപൂരിതമായ പരിസരത്ത് അവരുടെ പോരാട്ടങ്ങളുടെ മധ്യത്തില്‍ അവിടുത്തെ ആരാധനക്കാരുമായി പന്തിഭോജനം നടത്തുന്നത് കാണുവാന്‍ കഴിയാതവണ്ണം എന്‍റെ കണ്ണുകള്‍ക്ക്‌ സാമ്രാജ്യത്വത്തിന്‍റെ തിമിരം ബാധിച്ചതറിയാതെ സ്വയനീതീകരണത്തിന്‍റെയും, കപടധാര്‍മികതയുടെയും, അത്മീയാഹന്തതയുടെയും, ലോകത്ത്‌ രാജകീയ പ്രതാപത്തോടെ വിരാജിക്കുകയും ചെയ്തത് എന്നോട് പൊറുക്കുക.............

ഒന്ന് പുഞ്ചിരിക്കുവാന്‍പോലും കഴിയാതെവണ്ണം, പാപത്തിന്‍റെ ഘടനകള്‍ അടിച്ചേല്‍പ്പിച്ച ഭാരവും പേറി പകലന്തിയോളവും അലയുകയും വിശ്രമം മറ്റൊരു ആകുലചിന്തയായി എപ്പോഴും അവശേഷിക്കുകയും ചെയ്യുന്ന ജനത്തോട് സമാധാനം, സമാധാനം എന്നുപറയുന്നതിലെ കാപട്യം എനിക്കു കാട്ടിത്തന്ന ക്രിസ്തുവേ....എന്നോട് പൊറുക്കുക

അലങ്കരിക്കപ്പെട്ട അള്‍ത്താരയില്ലാതെ, വര്‍ണാഭമായ ബലിപീഠമില്ലാതെ, ചുറ്റുമതിലില്ലാത്ത കെട്ടിടമില്ലാതെ, മാലിന്യകൂമ്പാരത്തിനരികിലായി ഒരു പുരോഹിതന്‍ അവിടെയതാ ആരാധനയണയ്ക്കുന്നു.......ദൈന്യത തളംകെട്ടിനില്‍ക്കുന്ന മുഖവുമായി കുറെ ആരാധനക്കാരും......

ദേവാലയം തെരുവില്‍........ആരാധന പുറമ്പോക്കില്‍.......നെടുവീര്‍പ്പുകള്‍ പ്രാര്‍ത്ഥന......അവരുടെ കണ്ണുനീരില്‍ സ്തോത്രവും, അനുതാപവും, കുമ്പസാരവും എല്ലാമുണ്ടായിരുന്നു.........ക്രിസ്തുവേ പൊറുക്കുക....അവരിരൊരാളായി മാറാന്‍ എനിക്കു കഴിയാത്തതില്‍.......

ക്രിസ്തുവേ പൊറുക്കുക......തെരുവില്‍ ആരാധകരോടൊപ്പം അപ്പം മുറിക്കുന്ന അങ്ങയെ കാണുവാന്‍ കണ്ണുകളില്ലാതെ പോയ ഈ അന്ധനോട്.......


ക്രിസ്തുവേ പൊറുക്കുക.......ഞാന്‍ അങ്ങയെ ശീതീകരിച്ച, അലങ്കരിച്ച, ആര്‍ഭാടത്തോടെ ഒരുക്കിയ ഇടങ്ങളിലന്വേഷിച്ചതിന്...

Wednesday, August 27, 2014

ദൈവത്തിനൊരു കത്ത്

ദൈവത്തിനൊരു കത്ത്

പ്രിയ കര്‍ത്താവേ, അങ്ങേക്ക് ക്ഷേമം എന്ന് കരുതുന്നു

എനിക്കാണെങ്കില്‍ പരമസുഖം.......ഞാന്‍ സ്വന്തംകാര്യം ഭംഗിയായി നോക്കുന്നുണ്ട്...ആരുടെയും കാര്യത്തില്‍ ഞാന്‍ ഇടപെടാറില്ല......പിന്നെ അല്ലറചില്ലറ പൊടിക്കൈകളുമായി അങ്ങിനെയൊക്കെ തട്ടീം മുട്ടീം ജീവിച്ചുപോകുന്നു

കര്‍ത്താവേ, അങ്ങേക്കറിയാമോ........... കാലം ആകെ മാറിപ്പോയി.... ഇപ്പോള്‍ എല്ലാവരും സ്മാര്‍ട്ടാണ്( സ്മാര്‍ട്ട്ഫോണ്‍, സ്മാര്‍ട്ട്സിറ്റി, സ്മാര്‍ട്ടച്ചന്‍, സ്മാര്‍ട്ട് ബിഷപ്പ്, സ്മാര്‍ട്ട് കുര്‍ബാന, സ്മാര്‍ട്ട് പ്രസംഗം.....)....എല്ലാവരും എന്ന് മാത്രം പറഞ്ഞാല്‍പ്പോരാ...എല്ലാം സ്മാര്‍ട്ടാണ്

നാടോടുമ്പോള്‍ നടുവേ ഓടണമെന്നാണല്ലോ........

അങ്ങും ഒരല്‍പം സ്മാര്‍ട്ടാകണം, മോഡേണ്‍ ആകണം........

പണ്ടത്തെപ്പോലെ കണ്ട അലവലാതികളെയൊന്നും സൌഖ്യമാക്കുവാനോ, അവരുടെ കൂടെ നടക്കുവാനോ, ഭക്ഷണം കഴിക്കുവാനോ, അങ്ങ് പോകരുത്......അവരെ അങ്ങ് സ്പര്‍ശിച്ച കാര്യം ഓര്‍ക്കുമ്പോള്‍ ഒരുതരം ഇളിപ്പ് എനിക്ക് തോന്നുന്നു....ഛെ..അത് വേണ്ടായിരുന്നു........

സൌഖ്യമാക്കാനോ, കൂടെ നടക്കുവാനോ, ഒപ്പമിരുന്ന് കഴിക്കുവാനോ, കെട്ടിപ്പിടിക്കുവാനോ ആളെ വേണമെങ്കില്‍ എന്നോട് പറഞ്ഞാല്‍മതി.....ഞാനൊരു കൊച്ച് ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുന്നുണ്ട്.....അവര്‍ സ്മാര്‍ട്ടായ, ഒന്നൊന്നര, ആളുകളെ ഒപ്പിച്ചുതരും..........അല്ല, ഫോട്ടോയൊക്കെ എടുക്കുമ്പോള്‍ കൂടെയുള്ളവരൊക്കെ നല്ല സ്മാര്‍ട്ടായിരിക്കേണ്ടേ?

പിന്നെയൊണ്ടല്ലോ.....പ്രസംഗമൊക്കെ ഒരല്‍പം മയപ്പെടുത്തണം....എല്ലാവരെയും ഒന്ന് സുഖിപ്പിച്ച്, ചിരിപ്പിച്ച്, പതപ്പിച്ച്, കെങ്കേമമാക്കണം......പണ്ടത്തെ ആവേശമോ, വിപ്ലവമോ ഒന്നും ഇപ്പോള്‍ ഇവിടെ ചെലവാകത്തില്ല.......

പിന്നെ മറ്റൊരു പ്രധാനകാര്യം....ആ ചാട്ടവാറൊണ്ടല്ലോ...അതങ്ങ്‌ കളഞ്ഞേക്കണം....ഇപ്പോള്‍ അത് ഔട്ടോഫ് ഫാഷനാണ്..... വേണമെങ്കില്‍ ഒരു എ കെ ഫോര്‍ട്ടിസെവെന്‍ ഗണ്ണോ, ആധുനിക ഗ്രനേഡോ മറ്റോ എടുത്തോ........അതാണിപ്പോള്‍ ഫാഷന്‍.....

പിന്നെ അതൊന്നും ദേവാലയത്തിലൊന്നും പ്രയോഗിക്കരുത്......അത് മോശമാണ്.....കാരണം നമ്മുടെ സ്പോണ്‍സര്‍മാരെല്ലാം അവിടെയുണ്ട്........അവരെയെന്തിനാ വെറുതെ ശല്യം ചെയ്യുന്നത്...... അതിനു പകരമായി കുറച്ചുനാളായി എനിക്കിട്ട് പണിതരുന്ന കുറെയവന്മാരുണ്ട്...... എന്‍റെയയല്‍പ്പക്കത്തും, ഈ തെരുവിലും.........അവര്‍ക്കിട്ട് നാല് പെട പെടക്കണം....

ഒരു കാര്യം പറയുവാന്‍ വിട്ടുപോയി.....എന്‍റെ പള്ളിയിലെ ആ ചാക്കൊച്ചനെപ്പോലെ അങ്ങ് സ്മാര്‍ട്ടാകണം........ഫേഷ്യലൊക്കെ ചെയ്തിട്ട് വേണം നടക്കാന്‍.......പിന്നെ ക്രീമൊക്കെ ക്രമമായി പുരട്ടണം(ഒന്ന് വെളുക്കട്ടെ...)....അങ്ങയുടെ കൈയ്യിലേയും, കാലിലേയും, വികൃതമായ ആ മുറിവുകളുണ്ടല്ലോ, അതൊന്ന് പ്ലാസ്റ്റിക്‌ സര്‍ജറിനടത്തി  മിനുക്കിയെടുക്കണം.....അത് മഹാവൃത്തികേടാണ്.....ഞാന്‍ സ്പോണ്‍സര്‍മാരെയെല്ലാം കണ്ടെത്തിയിട്ടുണ്ട്

പിന്നെ ആ കുരിശുണ്ടല്ലോ.......അത് പരമബോറാണ്......ഇനി ആ വഴിക്ക്‌ പോയേക്കരുത്........ഞങ്ങള്‍ നിനക്കായി ഒരു ചന്ദനക്കസേര (സ്വര്‍ണത്തില്‍പ്പൊതിഞ്ഞ) ഒരുക്കിയിട്ടുണ്ട്......പിന്നെ വേണമെങ്കില്‍ (ഫാഷനുവേണ്ടി) ഒരു തടിക്കുരിശ് ഞങ്ങള്‍ പണിത്‌ വച്ചേക്കാം....

പണ്ടൊരിക്കല്‍ അങ്ങ് പറഞ്ഞില്ലേ....മനുഷ്യപുത്രന് തലചായ്ക്കാന്‍ ഭൂമിയില്‍ ഇടമില്ലന്ന്.....ആ പ്രശ്നം ഞങ്ങള്‍ പരിഹരിച്ചു......ഏഴേക്കറിനകത്ത് ഒരു സ്മാര്‍ട്ട് വീട് ഞങ്ങള്‍ പണിതുകഴിഞ്ഞു.....ഇനി വരുമ്പോള്‍ ആ കാലിക്കൂട്ടിലൊന്നും പോകേണ്ട കാര്യമില്ല......വെറുതെയെന്തിനാ കൊതുക് കടി കൊള്ളുന്നത്....? നമ്മുടെയാ.....ചെറിയാച്ചനാണ് കാര്യമായ സംഭാവന നല്‍കിയത്........അവന്‍റെ കാര്യം ഒന്ന് നോക്കിക്കോണേ........മാന്യന്മാര്‍ മാത്രം വരുന്ന അവന്‍റെ സ്ഥാപനത്തിന് ഒരു കുഴപ്പവും വരാതെ.......

അല്ലപിന്നെ.......ഈ റോഡരികില്‍കിടന്ന് നിലവിളിക്കുന്നവന്‍റെ കാര്യത്തില്‍ ഇടപെടുന്നതിനെക്കാള്‍ എത്രയോ നല്ലതാ ഈ ചെറിയാച്ചനെപ്പോലെയുള്ളവരുടെ കാര്യം നോക്കുന്നത്.........പത്ത്കാശെങ്കിലും കയ്യിലിരിക്കും......

ഞാന്‍ നിര്‍ത്തട്ടെ.....എനിക്കൊരു വല്ലാത്ത സംശയം.......

അങ്ങ് സത്യമായിട്ടും എന്‍റെ പക്ഷക്കാരന്‍ തന്നെയല്ലേ? അല്ലാ....... അപ്പുറത്തെ ആ ദളിതനുണ്ടല്ലോ അവന്‍ പറയുകയാ....ദൈവം നീതിമാനാണെന്നും...ആ ദൈവം സമ്പന്നരെ വെറുതെയയക്കുമെന്നും, അനീതിപ്രവര്‍ത്തിക്കുന്നവരെ ന്യായം വിധിക്കുമെന്നും.........അത് ശരിയാവാന്‍ തരമില്ല അല്ലേ,,,,!!!!!!!!!!!!!!

എനിക്കറിയാം നീ എന്‍റെ പക്ഷക്കാരന്‍ തന്നെയാണെന്ന്...എനിക്കിട്ട് പണിതരല്ലേ ദൈവമേ.....നീ എന്‍റെ ചക്കരയാണ്, തേനാണ്, പാലാണ്........

പിന്നെ അങ്ങയുടെ മറുപടി എനിക്ക് വേണ്ടാ......വെറുതെ അങ്ങെന്തിനാ ബുദ്ധിമുട്ടുന്നത്..........അങ്ങ് ഞാന്‍ പറയുന്നത് പോലെയങ്ങ് ചെയ്‌താല്‍മതി....

നിര്‍ത്തട്ടെ........

വിനയപൂര്‍വം

അങ്ങയുടെ വിനീതദാസന്‍

കൊച്ചുകുഞ്ഞുമൊതലാളി

(ഇന്നത്തെ ലോകക്രമം പറയാതെ പറയുന്ന ചിലതൊക്കെ ഒരല്‍പം പരിഹാസത്തോടെ പറയുകയാണിവിടെ)

Wednesday, August 13, 2014

സ്വാതന്ത്ര്യത്തിന്‍റെ കുരിശേറ്റം...........


സ്വാതന്ത്ര്യത്തിന്‍റെ കുരിശേറ്റം...........

ഞാന്‍ തെരുവിലൂടെ നടക്കുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ ഒരാള്‍ നാളത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ സമയക്രമവും, പതാകയുയര്‍ത്തലില്‍ പാലിക്കേണ്ട സാമാന്യനിയമങ്ങളും വിളിച്ചുപറയുന്നുണ്ടായിരുന്നു.....

പക്ഷേ ഇതൊന്നും ശ്രദ്ധിക്കാതെ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ അന്നം തേടുകയായിരുന്നു ചില ബാല്യങ്ങള്‍......

സ്വാതന്ത്ര്യദിനാഘോഷത്തില്‍ ലഡുവിതരണമുണ്ടാകുമോയെന്നു വളരെ പ്രതീക്ഷയോടെ അമ്മയോട്ചോദിക്കുന്ന (കുട്ടിയോട് കൂട്ടുകാരാരോ പറഞ്ഞതാകാം) ഒരു കൊച്ചുപെണ്‍കുട്ടിയുടെ നേര്‍ത്തശബ്ദം എനിക്കുകേള്‍ക്കാം....സ്വാതന്ത്ര്യദിനാഘോഷം , വാങ്ങുവാന്‍ ശേഷിയുള്ള/ശക്തിയുള്ള/കുലീന/അധികാരമുള്ള/ ചിലരുടെ ആഘോഷം എന്ന് കരുതിയിട്ടാകണം ദുര്‍ഗന്ധം അതിന്‍റെ വിതരണനീതി ഒട്ടും നഷ്ടപ്പെടുത്താത്ത തെരുവിലെ മൂലയില്‍ ഇരിക്കുന്ന അമ്മയുടെ മുഖത്ത് ഒരുതരം മരവിപ്പ് മാത്രം........

തെരുവിന്‍റെ മറ്റൊരു വശത്തേക്ക് നടന്നെത്തിയ എന്നെ എതിരേറ്റത് മുഷിഞ്ഞജുബ്ബാക്കാരന്‍റെ ഒച്ചയടച്ച ശബ്ദത്തിലുള്ള ആവേശത്തോടെയുള്ള, മുറവിളിയെന്നു പറയാവുന്ന പ്രസംഗമായിരുന്നു.

മെലിഞ്ഞുണങ്ങിയ ആ ശരീരത്തില്‍നിന്നും പുറപ്പെടുന്ന ആ വാക്കുകളില്‍ അഗ്നിജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ പ്രത്യക്ഷമായി.......ആ മുഖം ഒരു ദൈവദൂതന്‍റെ മുഖംപോലെ പ്രകാശിച്ചിരുന്നു......

ബലഹീനന്‍റെ സ്വാതന്ത്ര്യ നിഷേധവും, ദളിത്‌സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചും, ദരിദ്രന്‍റെ ഭക്ഷണവും, തെരുവുബാല്യങ്ങളുടെ വിദ്യാഭ്യാസവും, അനാഥന്‍റെ പാര്‍പ്പിടവും, വിഭവങ്ങളുടെ നീതിപൂര്‍ണമായ വിതരണവും, അടിസ്ഥാനവകാശളുടെ നിഷേധത്തെക്കുറിച്ചുമെല്ലാം തൊണ്ടപൊട്ടി രക്തം വരുമാറ് ഉച്ചത്തില്‍ അയാള്‍ പറയുന്നുണ്ടായിരുന്നു.

അയാളുടെ വാക്കുകളില്‍ ജീവന്‍റെ തുടിപ്പിണ്ടായിരുന്നു, പ്രതിഷേധത്തിന്‍റെ പെരുമ്പറയുണ്ടായിരുന്നു, സൃഷ്ടിയുടെ ഞരക്കമുണ്ടായിരുന്നു.....

അയാളിപ്പോള്‍ പറയുന്നത് എനിക്ക് നന്നായി കേള്‍ക്കാം.....ജീവിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന സര്‍പ്പസന്തതികളേ, പാമ്പുകളേ, നിങ്ങള്‍ നരകവിധി എങ്ങിനെ ഒഴിഞ്ഞുപോകും?

നീതിയുടെ പ്രവാചകരെ കൊന്നവരേ, മോടിയുള്ള വസ്ത്രം അണിയുന്ന (വെള്ളതേച്ച)ശവക്കല്ലറകളേ, ന്യായവും, നീതിയും, കരുണയും, വിശ്വസ്ഥതയും, ത്യജിച്ചു കളയുന്നവരേ നിങ്ങള്‍ ശിക്ഷാവിധിയില്‍നിന്ന് എങ്ങിനെ ഒഴിഞ്ഞുപോകും?

ആ മനുഷ്യന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്ത്‌, ഒരല്‍പം കുറ്റബോധത്തോടെ തലകുനിച്ചിരുന്ന ഞാന്‍ പിന്നീട് കേട്ടത്‌ ഒരലര്‍ച്ചയായിരുന്നു.....

ചാടിയെഴുന്നേറ്റ ഞാന്‍ കണ്ടത് തോക്കുകളും ലാത്തികളുമായി മെലിഞ്ഞുണങ്ങിയ ആ മനുഷ്യനെ മര്‍ദ്ദിക്കുന്ന കാക്കിധാരികളെയാണ്.......

കോട്ടും, സൂട്ടും, ടൈയും, വിലകൂടിയഷൂസും ധരിച്ച കുറേപ്പേര്‍ അവര്‍ക്ക് പിന്നിലായി കൊടിവച്ച ബി എം ഡബ്ലിയു കാറില്‍ വന്നിറങ്ങുന്നു.......അവര്‍ക്ക് എമ്പയറിന്‍റെ നിറവും മണവും ഉണ്ടായിരുന്നു

( വിദേശികളായ സ്വദേശികള്‍ അടിച്ചമര്‍ത്തി ഭരിക്കുന്നതിലും, ചൂഷണം ചെയ്യുന്നതിലും, സ്വാതന്ത്ര്യം നിഷേധിക്കുന്നതിലും ഒട്ടും മോശമല്ലെന്നും, ഭാരതത്തിലെ ഭൂരിപക്ഷത്തിനും സ്വാതന്ത്ര്യം ഒരു വിലകൂടിയ ഉല്‍പ്പന്നമാണെന്നും ഒരിക്കല്‍ക്കൂടി എനിക്ക്‌ മനസ്സിലായി)

അവര്‍ അധികാര ഭാവത്തോടെ ചുറ്റുംനോക്കി ഇനി ആരെങ്കിലുമുണ്ടോയെന്നു നോക്കുന്നു....ഞാനാകട്ടെ ആ മൂലക്കുള്ള കെട്ടിടത്തിന്‍റെ പുറകിലേക്ക് ആരും കാണാതെ ഒളിച്ചുനിന്നു....അവിടെയും ഒരു പെണ്‍കുട്ടിയുടെ നിലവിളി എനിക്കുകേള്‍ക്കാം....സ്വന്തംമാനം കാക്കുവാനുള്ള ഒരു സ്ത്രീയുടെ നിലവിളി.....

നക്ഷത്രങ്ങള്‍ പലതുള്ള, അശോകസ്തംഭം ചാര്‍ത്തിയ യജമാനന്‍ കുറ്റപത്രം വായിക്കുന്നത് എനിക്കിപ്പോള്‍ കേള്‍ക്കാം..........

ഇവന്‍ നിയമലംഘകന്‍, രാജ്യദ്രോഹി, ജനത്തെ വഴിതെറ്റിക്കുന്ന വിപ്ലവകാരി....അതിനാല്‍ ഇവന്‍ മരണയോഗ്യന്‍......

അപ്പോള്‍ വിദേശികളായ സ്വദേശികള്‍ ആക്രോശിക്കുന്നുണ്ടായിരുന്നു അവനെ ക്രൂശിക്ക, ക്രൂശിക്ക....ഞാനും അവരോടൊപ്പം അതേറ്റുപറഞ്ഞു അവനെ ക്രൂശിക്ക, ക്രൂശിക്ക........

അവര്‍ അവന്‍റെ കന്നതടിച്ചു, മുഷ്ടിചുരുട്ടി കുത്തി.....വേച്ചുവീണ ആ മനുഷ്യനെ അവര്‍ തെരുവിലൂടെവലിച്ചിഴച്ചു........

ബലിഷ്ഠമായ കരങ്ങള്‍ അവന്‍റെ വാപൊത്തിയിട്ടും അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു.....നീതിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും, ജീവിക്കുവാനുള്ള അവകാശത്തിന്‍റെയും നിഷേധം ദൈവ-മനുഷ്യ-ജീവ നിഷേധമാണെന്നും അവ അവസാനിപ്പിക്കണമെന്നും...............

ഞാനുള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം രണ്ടുകൈയ്യും പാന്‍റ്സിന്‍റെ പോക്കെറ്റിലിട്ടുകൊണ്ട് (പാന്‍റ്സില്ലാത്തവര്‍ മുണ്ടും മടക്കിക്കുത്തി, കൈ പിന്നിലായി കെട്ടി) ശബ്ദമുയര്‍ത്തി വിദേശികളായ സ്വദേശികള്‍ക്ക് കീ ജയ് വിളിച്ചുകൊണ്ടിരുന്നു.........

അപ്പോള്‍ തെരുവിന്‍റെ അങ്ങേമൂലയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ കൊടിതോരണങ്ങള്‍ ( അര്‍ത്ഥമറിയാതെ) കെട്ടുന്ന തിരക്കിലായിരുന്നു ജനം.....

ഒരിടത്ത് സ്വാതന്ത്ര്യത്തിന്‍റെ കുരിശേറ്റം.....മറ്റൊരിടത്ത് സ്വാതന്ത്ര്യത്തിന്‍റെ ആഘോഷം........

എങ്ങുനിന്നോ ജീവന്‍റെ തുടിപ്പും, പ്രതിഷേധത്തിന്‍റെ പെരുമ്പറയും, സൃഷ്ടിയുടെ ഞരക്കവും നിറഞ്ഞ (മെലിഞ്ഞുണങ്ങിയ മനുഷ്യന്‍റെ) വാക്കുകള്‍ ഒരശരീരിപോലെ എന്‍റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു



Saturday, July 19, 2014

സ്ത്രീകള്‍ക്കുള്ള “പുരുഷ(സ്ത്രീ) കേസരികളുടെ പത്ത് കല്‍പനകള്‍”

സ്ത്രീകള്‍ക്കുള്ള പുരുഷ(സ്ത്രീ)കേസരികളുടെ പത്ത് കല്‍പനകള്‍

സ്ത്രീകള്‍ നിരന്തരം ആക്രമിക്കപ്പെടുന്നു.....

പുരുഷമേധാവിത്വ സമൂഹം സ്ത്രീയെ കേവലമൊരു ഉപഭോഗവസ്തു മാത്രമാക്കുന്നു....പുരുഷന്‍റെ ലൈംഗികതൃഷ്ണ തീര്‍ക്കുവാനുള്ള ഒരു ജീവനുള്ള കളിപ്പാട്ടമായിമാത്രം സ്ത്രീശരീരം തീര്‍ക്കപ്പെടുന്നു.......

സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാകുന്നു.........അവരുടെ മുഖം വികൃതമാക്കപ്പെടുന്നു.....

ബാല്യംവിട്ടുമാറാത്ത പെണ്‍ശരീരങ്ങള്‍ പോലും ആക്രമിക്കപ്പെടുന്നു.........
ഇവിടെ സ്ത്രീയുടെ ശരീരവും, മനസ്സും, ആത്മാവും ഒരുപോലെ ആക്രമിക്കപ്പെടുന്നു......

എന്നിട്ടും.....!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ജീവിക്കുവാനുള്ള അവകാശത്തിനുവേണ്ടി നിലവിളിക്കുന്ന സ്ത്രീത്വത്തിന്‍റെ മുന്‍പില്‍ പുരുഷമേധാവിത്വ സമൂഹം(മതത്തിലും,സമൂഹത്തിലും, രാഷ്ട്രീയത്തിലും) വയ്ക്കുന്ന പത്തുകല്‍പനകള്‍......................................

ഒന്ന്: സ്ത്രീകളുടെ വസ്ത്രത്തിന്‍റെ നീളവും വീതിയും ആ പ്രദേശത്തെ പുരുഷന്മാരെ(പ്രമാണിമാരെ പ്രത്യേകിച്ച്) വിളിച്ചുകൂട്ടി തീരുമാനിക്കുക

രണ്ട്: സ്ഥലത്തെ പ്രധാനദിവ്യന്മാരുടെ അടുക്കല്‍ച്ചെന്ന് വീട്ടില്‍നിന്ന് ഇറങ്ങേണ്ടതിന്‍റേയും വരേണ്ടതിന്‍റേയും സമയം സ്ത്രീകള്‍ മുന്‍കൂട്ടി നിശ്ചയിക്കുക( അവരോട് ചോദിച്ചു ഒരു ദിവസത്തെ മൊത്തം സമയക്രമം ഉണ്ടാക്കിയാല്‍ ഏറ്റം നല്ലത്)

മൂന്ന്: പുരുഷന്മാര്‍ നിന്‍റെ ശരീരത്തെക്കുറിച്ച് എന്ത്‌ പറഞ്ഞാലും, നിന്നോട് എന്ത്‌ ചെയ്താലും പ്രതികരിക്കരുത്. അതവരുടെ ഓരോരോ തമാശകള്‍ മാത്രം......(സ്ത്രീകള്‍ മിണ്ടാതിരിക്കട്ടെ....)

നാല്: സ്ത്രീ പുരുഷന്‍റെ അടിമയാണ്. അടിമയോട് യജമാനന് (പുരുഷന്) എന്തുമാവാം. വിധേയപ്പെട്ടു കൊടുത്തേക്കുക.......സഹിക്കുക....സ്ത്രീ സര്‍വംസഹയാണല്ലോ......(സ്ത്രീ യജമാനനോടെന്നപോലെ പുരുഷനോട് പെരുമാറണം)

അഞ്ച്: സ്ത്രീപക്ഷപഠനങ്ങളെയും പ്രവര്‍ത്തനങ്ങളേയും പുച്ഛിച്ച് തള്ളുക.....അവകള്‍ പാശ്ചാത്യസംസ്കാരത്തില്‍  നിന്നുള്ളവയാണ്...ഭാരതീയ പാരമ്പര്യം എപ്പോഴും പിന്തുടരണം( നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി)

ആറ്: വേദപുസ്തകം എപ്പോഴും പുരുഷകേന്ദ്രീകൃത കാഴ്ചപ്പാടില്‍ വായിക്കുക, വ്യാഖാനിക്കുക.......സ്ത്രീപക്ഷവായന ദൈവനിഷേധമാണ്.....(ദൈവം പുരുഷനാണ്)

ഏഴ്: സ്ത്രീ ബലഹീനപാത്രമാണെന്നും, അബലയാണെന്നും, പുരുഷമേധാവിത്വത്തെ അംഗീകരിക്കുന്നവളാണെന്നും (ഏത് രൂപത്തിലുമുള്ള) രാവിലെ അഞ്ചുപ്രാവശ്യവും വൈകിട്ട് മൂന്ന് പ്രാവശ്യവും സാഷ്ടംഗപ്രണാമം നടത്തിക്കൊണ്ടു, മുകളിലേക്ക്‌ നോക്കാതെ, താഴേക്ക് മാത്രം നോക്കിക്കൊണ്ട് പറയുക.....

എട്ട്: സ്ത്രീസ്വാതന്ത്ര്യം, സ്ത്രീശക്തീരണം, സ്ത്രീവിമോചനം, സ്ത്രീസമത്വം തുടങ്ങിയവകളോട് പുറംതിരിഞ്ഞുനില്‍ക്കുകയും, അവകളെ പുറകില്‍നിന്ന് എപ്പോഴും കുത്തുകയും ചെയ്യുക.........

ഒന്‍പത്: ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്ക് സമൂഹങ്ങളിലെ എല്ലാ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളേയും ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യണം. പ്രത്യേകിച്ചും സ്ത്രീ ദൈവത്തിന്‍റെ മുന്‍പില്‍ രണ്ടാംകിട പൌരയാണെന്ന ധ്വനി വരുന്നതോ, ആ ആശയം അരക്കിട്ടുറപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങളെ.......... ( അത് നിന്‍റെ ധര്‍മ്മമാണ്)........

പത്ത്: എല്ലാം വിധിയാണെന്ന് കരുതുക, സ്വയം സമാധാനിക്കുക.........(നിനക്കെതിരെയുള്ള എല്ലാ പീഡന/അക്രമ/ അപമാന/പരിഹാസ ശ്രമങ്ങളും).......

ഈ കല്‍പനകള്‍ അനുസരിക്കുന്നതോടൊപ്പം എപ്പോഴും പുരുഷന് നാലടി പുറകിലായി നില്‍ക്കുകയോ, നടക്കുകയോ ചെയ്യണം. എല്ലാ തീരുമാനസംഘങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കണം.....എല്ലാം പുരുഷന് മാത്രമേ ചെയ്യുവാന്‍ കഴിയൂ എന്ന് മനസ്സിലും, ഉറക്കെയും പറഞ്ഞുകൊണ്ടേയിരിക്കണം..........

(ഇതൊരു പരിഹാസമാണ്.....സ്ത്രീകള്‍ക്കെതിരെ പീഡനങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും, പുരുഷനെ( അവരെ ആക്രമിക്കുന്ന), പുരുഷമേധാവിത്വത്തെ അനുകൂലിക്കുന്ന, വിമര്‍ശിക്കാത്ത ആശയങ്ങളോട്, തത്വങ്ങളോടുള്ള പരിഹാസം............സ്ത്രീകളെ വീണ്ടും അപമാനിക്കുന്ന പുരുഷകേസരികളുടെ വരട്ടു വാദങ്ങളോടും, പെരുമാറ്റങ്ങളോടുമുള്ള ഒരു കൊഞ്ഞനം കുത്തല്‍ മാത്രമാണിത്)

Thursday, July 17, 2014

ഗാസയിലെ ജനങ്ങളുടെ ദൈവം.....

ഗാസയിലെ ജനങ്ങളുടെ ദൈവം.....

ഗാസയില്‍ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയുംതന്നെ.....അമ്മമാര്‍ മക്കളെച്ചൊല്ലിക്കരയുന്നു......മക്കള്‍ അമ്മമാരെക്കാണാതെ അലറിക്കരയുന്നു

ഗാസയിലെ കുഞ്ഞുങ്ങളുടെയും, സ്ത്രീകളുടെയും, മുറിവേല്‍ക്കപ്പടുന്നവരുടേയും ജീവനായുള്ള നിലവിളി എങ്ങും മുഴങ്ങുന്നുണ്ടായിരുന്നു........

ഗാസയിലെ ജനങ്ങളുടെ ദൈവമേ..........നീ അവരുടെ നിലവിളി കേള്‍ക്കുന്നില്ലേ?

ഭൂമിയുടെ ഉടയവനേ.........ജനം അഭയാര്‍ത്ഥികളായി പാലായനം ചെയ്യുന്നു.....നീ അവര്‍ക്ക് കൊടുത്ത മണ്ണില്‍ നിന്നും അവര്‍ കുടിയിറക്കപ്പെടുന്നു....അവരുടെ പ്രതീക്ഷകളും, ജീവിക്കുവാനുള്ള അവകാശവും എന്തേ അവര്‍ക്ക് നിഷേധിക്കപ്പെടുന്നു?

മനുഷ്യരുടെ രക്തത്തിന്‍റെ നിറവും മണവും ഒന്നല്ലേ?

മനുഷ്യര്‍ ശ്വസിക്കുന്ന വായുവിന് മതമുണ്ടോ, മനുഷ്യനിര്‍മ്മിതമായ വേലിക്കെട്ടുകളുണ്ടോ, വിശ്വാസത്തിന്‍റെ വേര്‍തിരിവുകളുണ്ടോ, വര്‍ണ-വര്‍ഗ വ്യത്യാസങ്ങളുണ്ടോ.....?

ഇവിടെ ഈ മുറിക്കുള്ളില്‍ ഞാന്‍ സുരക്ഷിതന്‍............ഗാസയിലെ എന്‍റെ സഹോദരങ്ങള്‍ തെരുവിലലയുന്നു, മരണത്തെ മുഖാമുഖം കാണുന്നു......ദൈവമേ ഇത് നീതി നിഷേധമല്ലേ? ജീവന്‍റെ മേലുള്ള കടന്നുകയറ്റമല്ലേ?

ദൈവം എന്നെ ദര്‍ശനത്തില്‍ ഗാസയിലേക്ക് കൊണ്ടുപോയി......എന്നിട്ടെന്നോടു പറഞ്ഞു........ആ തെരുവിലേക്ക് നോക്കുക..........കൂടെ ഒരു ചോദ്യവും.....നീ ആരെ കാണുന്നു?

സൂക്ഷിച്ചുനോക്കിയ ഞാന്‍ ആശ്ചര്യഭരിതനായി! ........ പാലായനം ചെയ്യുന്ന, മുറിവേല്‍ക്കുന്ന, കരയുന്ന, വിലപിക്കുന്ന എല്ലാവര്‍ക്കും ക്രിസ്തുവിന്‍റെ മുഖം.....ഒരിക്കല്‍ കുരിശേറ്റം സഹിച്ച ക്രിസ്തു ഇപ്പോളിവിടെ വെടിയേല്‍ക്കുന്നു....ക്രിസ്തുശരീരം തകര്‍ക്കപ്പെടുന്നു

ഞാന്‍ ദൈവത്തോടു ചോദിച്ചു.....യിസ്രായേലിനെ, ഫറവോന്‍റെ അടിമത്വത്തില്‍ നിന്ന് വിടുവിച്ച ദൈവമേ, അങ്ങ് പാലസ്തീന്‍ ജനതയെ യിസ്രായേലിലെ കിരാതരുടെ പക്കല്‍നിന്നും വിടുവിക്കുകയില്ലേ?

കത്തുന്ന മുള്‍പ്പടര്‍പ്പിനെ കാണാന്‍ കഴിയുന്ന ഉള്‍ക്കാഴ്ചയുള്ള മോശമാരെ ഞാനന്വേഷിക്കുകയാണ്.....പക്ഷേ ആരേയും കാണുന്നില്ല..ദൈവം എന്നോട് പറഞ്ഞു..

നീതിബോധമുള്ള, ഇച്ഛാശക്തിയുള്ള, വിവേകമുള്ള, പരിജ്ഞാനമുള്ള, ദൈവബോധമുള്ള, മനുഷ്യദര്‍ശനമുള്ള, ജീവന്‍റെ സംരക്ഷണം സ്വപ്നംകാണുന്ന, മോശമാര്‍ എവിടെപ്പോയി ഒളിക്കുന്നു....ഞാന്‍ ചോദിച്ചു

ദര്‍ശനമുള്ള ഒരു ജനതക്കു മാത്രമേ ഇന്നിന്‍റെ മോശമാരെ സംരക്ഷിക്കുവാന്‍ കഴിയൂ............സാമ്രാജ്യത്വത്തിന്‍റെ വക്താക്കളായ ഫറവോമാരുടെ കല്പനകള്‍ക്കപ്പുറത്തേക്ക്പോയി മോശമാരെ സംരക്ഷിക്കുവാന്‍ തക്ക ആര്‍ജവത്വമുള്ള സൂതികര്‍മിണികളെ ഞാനെല്ലായിടത്തും അന്വേഷിച്ചു കണ്ടില്ലതാനും.......ദൈവം തുടര്‍ന്നു

ഗാസയിലെ ജനങ്ങളുടെ കഷ്ടത ഞാന്‍ കണ്ടു..കണ്ടു....അവരുടെ നിലവിളി ഞാന്‍ കേട്ടു...കേട്ടു.......അവരെന്‍റെ ജനം.....അവരെ ഞാന്‍ സ്വാതന്ത്ര്യത്തിലേക്ക് നയിക്കും..............നിങ്ങള്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ഈ കല്ലുകള്‍ അവരുടെ വിടുതലിനായ് ആര്‍ത്തുവിളിക്കും............ദൈവം തെരുവിലേക്ക്/പീഡിതരുടെ അടുക്കലേക്ക് ധൃതിയില്‍ നടക്കുന്നതിനിടയില്‍ ഉറക്കെ(ദിക്കുകളെ പിളര്‍ക്കുമാറ്) വിളിച്ചു പറയുന്നുണ്ടായിരുന്നു

ദര്‍ശനത്തില്‍ നിന്നുണര്‍ന്ന ഞാന്‍ തിരിച്ചറിഞ്ഞു ഗാസയിലെ ജനതയുടെ നിലവിളി കേള്‍ക്കാന്‍ കഴിയാത്ത ഞാന്‍ ബധിരനും, അവരെ കൊലചെയ്യുന്നവര്‍ക്കും പീഡിപ്പിക്കുന്നവര്‍ക്കുമെതിരെ ശബ്ദമുയര്‍ത്താത്ത ഞാന്‍ മൂകനും അവരുടെ കണ്ണുനീര്‍ കാണാത്ത ഞാന്‍ അന്ധനുമാണെന്ന്.......ഞാന്‍ ആത്മാവില്ലാത്ത വെറും ജഡമാണെന്ന്




Tuesday, July 15, 2014

ക്രിസ്തുവിനെ ഉപേക്ഷിച്ചവരോ.....ക്രിസ്തു ഉപേക്ഷിച്ചവരോ?


ക്രിസ്തുവിനെ ഉപേക്ഷിച്ചവരോ.....ക്രിസ്തു ഉപേക്ഷിച്ചവരോ?



ചെറുത്തുനില്‍പിന്‍റെ മധ്യത്തില്‍ സാമ്രാജ്യശക്തികള്‍ക്ക് താല്‍കാലിക വിജയം........അവര്‍ അധികാരത്തിന്‍റെ ദന്തഗോപുരങ്ങളിലിരുന്നു ചെറുത്തുനിന്നവരെ കൊഞ്ഞനംകുത്തി, പരിഹാസത്തോടെ പല്ലിളിച്ചു കാണിച്ചു

അവര്‍ ഘോരഘോരം പുത്തന്‍ക്രമത്തിന്‍റെ രൂപഭംഗി വിവരിച്ചു.........കേട്ടുനിന്നവരുടെ മനസ്സില്‍ ഒരു ലഡു പൊട്ടി......നാവില്‍ കപ്പലോടിക്കാന്‍ പാകത്തില്‍ ഉമിനീര്‍ കവിഞ്ഞൊഴുകി.......ചെറുത്തുനിന്നവരില്‍ മഹാഭൂരിപക്ഷവും ലഡുവിന്‌ പിന്നാലെ പാഞ്ഞു.....ചിലര്‍ ഇതിനോടകം കപ്പലോടിക്കാന്‍ കപ്പിത്താന്മാരെ തേടി നടന്നു

മിടുക്കന്മാരായ മറ്റുചിലരാകട്ടെ സാമ്രാജ്യശക്തികളുടെ മുന്‍പില്‍ ബുദ്ധിപരമായ നിശബ്ദത പാലിച്ചു (ഉച്ഛിഷ്ടങ്ങള്‍ക്കു വേണ്ടി, അവര്‍ വച്ചു നീട്ടുന്ന അധികാരക്കസേരകള്‍ക്കുവേണ്ടി) …….അവരുടെ കൊള്ളരുതായ്മകളെ, കൊലപാതകത്തെ, ഗര്‍വിനെ,  എല്ലാവരും മറക്കുവാന്‍ ശീലിച്ചുകഴിഞ്ഞു

അവര്‍ സത്യത്തെ തമസ്കരിച്ചു, ധര്‍മത്തെ ബോധപൂര്‍വം മറന്നു, നീതിയെ കുരിശേറ്റി.............സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി, അംഗീകാരത്തിന്‍റെ അപ്പക്കഷണങ്ങള്‍ക്കുവേണ്ടി......

ചിലര്‍ അവര്‍ക്ക് പുത്തന്‍കുപ്പായങ്ങള്‍ തയിക്കുന്ന തിരക്കിലായിരുന്നു...

മറ്റുചിലരാകട്ടെ അവര്‍ക്കായി സ്തുതിഗീതങ്ങള്‍ ചിട്ടപ്പെടുത്തുന്ന തിരക്കിലും...

ഒരുകൂട്ടര്‍ യജമാനന്മാരുടെ കാലുകള്‍ നക്കുകയായിരുന്നു......

ചെറുത്തുനിന്നവരില്‍ ഭൂരിപക്ഷവും മധുരത്തിനുചുറ്റും ഉറുമ്പുകളെന്നപോലെ കൂട്ടംകൂടി ഏന്തിനൊക്കെയോവേണ്ടി കലപില കൂട്ടിക്കൊണ്ടിരുന്നു........

ഞാന്‍ ക്രിസ്തുവിനെ അവിടെയെല്ലാം അന്വേഷിച്ചു.........കണ്ടില്ലതാനും
കുറച്ചുമുന്‍പ്‌വരെ ഞങ്ങളോടൊപ്പം സഞ്ചരിച്ച ക്രിസ്തു എങ്ങോട്ടോ ധൃതിയില്‍ നടന്നുപോവുന്നു......

ഞാന്‍ ചോദിച്ചു, കര്‍ത്താവേ ഞങ്ങളെ വിട്ടിട്ട് എവിടേക്ക്?

ഒരു പുഞ്ചിരിയോടെ ക്രിസ്തു എന്‍റെ കണ്ണിലേക്കുപോലും നോക്കാതെ ചോദിച്ചു, എന്നെ ഉപേക്ഷിച്ച് നിങ്ങള്‍ എങ്ങോട്ട്? ചെങ്കോലും കിരീടവും കണ്ടപ്പോള്‍ നിങ്ങള്‍ എന്നെ ബോധപൂര്‍വം ഉപേക്ഷിച്ചുവല്ലേ?"

ക്രിസ്തു തുടര്‍ന്നു, “സാരമില്ല ഒരു പുതിയ ആകാശവും ഭൂമിയും ഞാന്‍ അശക്തരിലൂടെ പണിയും, ശിശുക്കളെയുംയും മുലകുടിക്കുന്നവരെയും ഞാന്‍ അതിന്‍റെ പ്രവാചകരാക്കും...... അവര്‍ സാമ്രാജ്യ ശക്തികളെ (ദാവീദിനെപ്പോലെ) എറിഞ്ഞു വീഴ്ത്തും.....നിങ്ങള്‍ ലജ്ജിച്ചു തല താഴ്ത്തും.........

അവന്‍റെ ശബ്ദത്തിന് ഇരുവായ്ത്തലയുള്ള വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു..........